ദൈവത്തിൻറെ പേരു പറഞ്ഞാൽ ഇവിടെ അറസ്റ്റ് - മോദി.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


     ഇന്നത്തെ (19-04-19) മാതൃഭൂമിയുടെ പ്രധാന തലക്കെട്ടാണിത്.പലരും ഇത് വായിച്ചിട്ടുമുണ്ടാകും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരം പ്രസംഗത്തിലെ  ആരോപണമാണ് മാതൃഭൂമി പ്രധാന തലക്കെട്ടായി കൊടുത്തിരിക്കുന്നത്. ഇവിടെ അറസ്റ്റ് എന്ന് പറഞ്ഞിരിക്കുന്നതു  കൊണ്ട് കേരളത്തിലാണ് അറസ്റ്റ് എന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളു.എങ്കിൽ പ്രധാനമന്ത്രി പറഞ്ഞതിൻറെ അർത്ഥം ദൈവത്തിൻറെ പേരുപറയുന്നവരെ മുഴുവൻ അറസ്റ്റ് ചെയ്യുന്നു എന്നാണ്.പിന്നെപ്പറഞ്ഞത് ആചാരവും വിശ്വാസവും സംരക്ഷിക്കാൻ ഓരോ കുഞ്ഞും കാവൽക്കാരനാകണം.ഇനി അധികാരം കിട്ടിയാൽ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാൻ കോടതി മുതൽ,പാർലമെൻറുവരെ പോരാടുമെന്നദ്ദേഹം ഉറപ്പു നൽകുന്നു.തീർന്നില്ല,പ്രളയകാരണം കെടുകാര്യസ്ഥതയാണെന്നദ്ദേഹം സംശയലേശമന്യേ പ്രഖ്യാപിക്കുന്നു.ഇതിനൊക്കെപ്പുറമേയാണ് കോൺഗ്രസ്സ് - കമ്യൂണിസ്റ്റ് ഭായി ഭായി എന്ന പ്രഖ്യാപനത്തോടെ അദ്ദേഹം പ്രസംഗമവസാനിപ്പിക്കുകയും ചെയ്തു.
        നമുക്കിവിടെ ദൈവത്തിൻറെ പേരു പറഞ്ഞാൽ എന്ന വാചകം നോക്കാം.ദൈവത്തിൻറെ പേരു പറഞ്ഞതിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരാളെ ഒന്നു ചൂണ്ടിക്കാണിക്കാൻ ആരോപണമുന്നയിച്ച മോദിയ്ക്കോ അദ്ദേഹത്തിൻറെ കേരളത്തിലെ വത്സലശിഷ്യൻമാർക്കോ എന്തിന്, ഈ നുണ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കോ കഴിയുമോ ഇല്ല എന്നു തന്നെയാണുത്തരം.
          പിന്നെപ്പറയാനുള്ളത് ശബരിമലയിലെ പാഴായിപ്പോയ കലാപമാണ്.ഇതുമായി ബന്ധപ്പെട്ടുവന്ന സുപ്രീംകോടതി വിധിയെ ആദ്യം സംഘികൾ സ്വാഗതം ചെയ്തെങ്കിലും പിന്നീടാണവർ അതിനുള്ളിലുള്ള സുവർണ്ണാവസരം തിരിച്ചറിഞ്ഞത്.പിന്നീട് കേരളത്തിൽ നടന്ന കലാപത്തിൽ ദൈവനാമം നിർലോഭം കലാപമുദ്രാവാക്യമായി ഉപയോഗിക്കപ്പെട്ടു എന്നതാണ് സത്യം.ആദ്യം ഈ മുദ്രാവാക്യത്തിനു പിന്നിലണിനിരന്ന ഒരുകൂട്ടം നിഷ്കളങ്കരായ ഭക്തജനങ്ങൾ ഇതിനു പിന്നിലെ അപകടം തിരിച്ചറിഞ്ഞതോടെ കലാപത്തിന് വളരെ ചെറിയ കൂട്ടം സംഘി അക്രമികളും അവർ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂടെകൂട്ടിയവരും മാത്രമായി. ഓർക്കുക,സംഘികൾ സന്നിധാനത്തുംപത്തനംതിട്ട ജില്ലയിലുമായി ആസൂത്രണം ചെയ്ത പല പരിപാടികളും ആളില്ലാതെ വന്നതുകൊണ്ട് ഉപേക്ഷിക്കേണ്ടി വന്നത്.അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവർക്കുവേണ്ടി പണം പിരിക്കാനിറങ്ങി (ശതംസമർപ്പയാമി)യെങ്കിലും ദൈവനാമം ഉച്ചരിച്ചതിന് അറസ്ററുണ്ടായെന്ന ആരോപണം സംഘികളിവിടെ ഉന്നയിച്ചിരുന്നില്ല.ഇപ്പോഴിതാ നമ്മുടെ പ്രധാനമന്ത്രി ആ കൃത്യം നിർവഹിച്ചിരിക്കുന്നു.കേരളത്തിലെ സംഘികൾ പോലും പറയാൻ മടിച്ചിരുന്ന നുണ ഒരു മനഃസാക്ഷികുത്തുമില്ലാതെ പ്രധാനമന്ത്രി അടിച്ചുവിട്ടിരിക്കുന്നു.നമ്മുടെ പ്രധാനമന്ത്രി നുണയനാണ് എന്ന് പറയാൻ ഒട്ടും മടിക്കേണ്ടതില്ല.ആ നുണ ഉപ്പുപോലും കൂട്ടാതെ ജനമധ്യത്തിലേയ്ക്ക് തള്ളിവിട്ട മാധ്യമങ്ങളെ എന്താണ് വിളിക്കേണ്ടത്?     
         ഇനി മറ്റൊരു കാര്യം കൂടിയുണ്ട്.ഇലക്ഷൻ പ്രഖ്യാപിച്ചുകൊണ്ട് നടന്ന പത്രസമ്മേളനത്തിൽ കമ്മീഷൻ മറ്റൊരു കാര്യം കൂടിപ്പറഞ്ഞു,ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുത്.ഇത് രാജ്യത്തെ പുരോഗമനവാദികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.ആ സന്തോഷത്തിനു കാരണം ശബരിമല പറഞ്ഞാൽ തിരിച്ചടി കിട്ടുമെന്ന് ഭയന്നിട്ടോ അല്ലെങ്കിൽ പറയാൻ മറുപടിയില്ലാഞ്ഞിട്ടോ അല്ല.പിന്നയോ,മറുപടിഇലക്ഷൻ കമ്മീഷൻ തന്നെ പറഞ്ഞു,തിരഞ്ഞെടുപ്പിൽ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണ് ചർച്ചചെയ്യേണ്ടത്.വളരെ ശരിയായ കാര്യമാണ് കമ്മീഷൻ പറഞ്ഞത്.ദൈവം,ചെകുത്താൻ,മതം,ജാതി തുടങ്ങിയവയെല്ലാം ഫ്യൂഡൽ കാലത്ത് ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെ വരുതിയിൽ നിറുത്താൻ നാടുവാഴികളും ശിങ്കിടികളും ഉപയോഗിച്ചിരുന്ന തന്ത്രങ്ങളാണ്.കാലം മാറിയതോടെ അവയെല്ലാം യവനികയ്ക്കു പിറകിലൊളിച്ചു.പകരം സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം,ജനാധിപത്യം എന്നിവയായി മൂലമന്ത്രങ്ങൾ.വിദ്യാഭ്യാസവും തൊഴിലും ജീവിതസാഹചര്യങ്ങളെ മാറ്റിമറിച്ചപ്പോൾ,ദൈവം മുതലായവ വ്യക്തിപരതയിലേക്കൊതുങ്ങി,അങ്ങനെ തന്നെയാണ് വേണ്ടിയിരുന്നതും.
      എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ ഒന്നാണ് ഇന്ത്യയിൽ സംഭവിച്ചത്.ഇവിടെ ആധുനീക കാലത്തേയ്ക്കുള്ള പകർന്നാട്ടം യഥാവിധി നടന്നില്ല എന്നുമാത്രമല്ല,ആധുനീകലോകത്തും ഫ്യൂഡലിസം സ്വാധീനം ചെലുത്തുന്ന അവസ്ഥയാണുണ്ടായത്.മിക്കവാറും രാഷ്ട്രീയ പാർട്ടികൾ ഇതിനനുകൂലമായ നയം സ്വീകരിക്കുകയും ചെയ്തു.കാര്യങ്ങൾ എളുപ്പമാണല്ലോ.എന്തിനും എല്ലാത്തിനും കാരണം ദൈവേച്ഛ,എല്ലാത്തിനും പരിഹരവും ദൈവേച്ഛ.അപ്പോൾ കാര്യങ്ങൾ എളുപ്പമായല്ലോ.ഭരണകക്ഷിയുടെ വാഗ്ദാനലംഘനങ്ങൾ മുഴുവൻ ദൈവത്തെയുപയോഗിച്ച് മുക്കാനുള്ള അവസരമാണല്ലോ നഷ്ടപ്പെട്ടത്.അപ്പോൾ ദൈവനാമം പറയുന്നവരെ അറസ്റ്റ് ചെയ്യുന്നു എന്ന നുണ പ്രധാനമന്ത്രിയാണെങ്കിലും സ്വാഭാവീകം,വേറൊന്നുമില്ലല്ലോ പറയാൻ.
       ഇനിയുള്ളത് പ്രളയമാണ്.പ്രളയത്തേക്കുറിച്ച് ഒരുപാട് തീസീസ്സുകൾ ഇതുവരെ വന്നുകഴിഞ്ഞു.അതിലേറ്റവും വലുതാണ് കേരളസർക്കാറിൻറെ കെടുകാര്യസ്ഥതയാണ് പ്രളയത്തിനു കാരണമെന്നത്.ആ പ്രളയമുണ്ടാക്കിയ കേരളസർക്കാരിനെ ബാലറ്റിലൂടെ ശിക്ഷിക്കണമെന്നാണ് അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടത്.അപ്പോൾ ബഹുമാനപ്പെട്ട മോദിജി,അങ്ങയോടൊരു ചോദ്യം.അങ്ങയുടെ ഭരണത്തിൻ കീഴിലെ ഒരു വകുപ്പാണ് ഇന്ത്യൻ മീറ്റിരിയോളജിക്കൽ ഡിപ്പാർട്ടുമെൻറ്.അവരാണ് സംസ്ഥാനങ്ങൾക്കാവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നതും സഹായങ്ങൾ നൽകേണ്ടതും.അവർ കേരളത്തിലെ പ്രളയത്തെക്കുറിച്ച് എന്ത് മുന്നറിയിപ്പാണ്നൽകിയത് ആവശ്യമായ മുന്നറിയിപ്പ് നൽകാത്തത് അവരുടെ കെടുകാര്യസ്ഥതയല്ലേ  അതിനങ്ങ് അവരെ എങ്ങനെയാണ് ശിക്ഷിക്കാൻ പോകുന്നത്
          അപ്പോ അതാണ്,തൊടുന്നിടത്തുമുഴുവൻ,പറയുന്നിടത്തു മുഴുവൻ വൈരുദ്ധ്യങ്ങളും യുക്തിഹീനതയും.എന്താ അതിനു കാരണം ഉത്തരം ഇതാണ്,നിപാടുകളിലെ സത്യസന്ധതയില്ലാ്മ,കാപട്യം,സർവോപരി ഇന്ത്യയിലെ പ്രശ്നങ്ങളേക്കുറിച്ചുള്ള അറിവില്ലായ്മ.നരേന്ദ്രമോദിക്കിത് ആവാം പക്ഷെ ഇന്ത്യയുടെ പ്രധാനമന്ത്രിക്കിത് ആയിക്കൂട.   

1 comment :

  1. അപ്പോ അതാണ്,തൊടുന്നിടത്തുമുഴുവൻ,പറയുന്നിടത്തു മുഴുവൻ വൈരുദ്ധ്യങ്ങളും യുക്തിഹീനതയും.എന്താ അതിനു കാരണം ഉത്തരം ഇതാണ്,നിപാടുകളിലെ സത്യസന്ധതയില്ലാ്മ,കാപട്യം,സർവോപരി ഇന്ത്യയിലെ പ്രശ്നങ്ങളേക്കുറിച്ചുള്ള അറിവില്ലായ്മ.നരേന്ദ്രമോദിക്കിത് ആവാം പക്ഷെ ഇന്ത്യയുടെ പ്രധാനമന്ത്രിക്കിത് ആയിക്കൂട.

    ReplyDelete