അൽഭുതാനുഭവങ്ങളുടെ പ്രത്യയശാസ്ത്രവും അസംബന്ധ മനുഷ്യരും-ഒരു പുനർവിചിന്തനം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


      ദേശാഭിമാനി 2019 ജൂൺ 2 ലക്കത്തിലെ എ.വി.അനിൽകുമാർ എഴുതിയ അൽഭുതാനുഭവങ്ങളുടെ പ്രത്യയശാസ്ത്രവും അസംബന്ധ മനുഷ്യരും എന്ന ലേഖനം നിരാശപ്പെടുത്തുന്നതായി.സമകാലീകമായ കുറച്ചു കാര്യങ്ങൾ അടുക്കിവച്ചു എന്നതല്ലാതെ പ്രശ്നത്തിൻറെ കാര്യകാരണങ്ങളിലേയ്ക്ക് കടക്കാൻ ലേഖകൻ ശ്രമിച്ചു കാണുന്നില്ല.എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നെന്നോ അതിനെ മറികടക്കാനുള്ള മാർഗങ്ങളേക്കുറിച്ചോ ലേഖനം ചർച്ച ചെയ്യുന്നില്ല.ഇതാണാ ലേഖനത്തിൻറെ പോരായ്മയും.ആ വഴിക്കുള്ള ഒരു ചെറുകുറിപ്പ് താഴെ കൊടുക്കുന്നു.
1.ആധുനീക കേരളത്തിന് അടിത്തറ പാകിയ ഏറ്റവും പ്രധാന സംഭവമായിരുന്നു നവോത്ഥാനം.എന്തായിരുന്നു നവോത്ഥാനം? സ്വന്തം ജാതിക്കുള്ളിലെ അനാചാരങ്ങൾക്കെതിരെ പുരുഷകേന്ദ്രീകൃതമായ സമരം മാത്രമായിരുന്നു നവോത്ഥാനം.സ്ത്രീകൾക്കതിൽ ഉണ്ടായിരുന്ന റോൾ പുരുഷൻറെ ഓരം ചേർന്നു നിൽക്കുക എന്നതു മാത്രമായിരുന്നു.അന്നതിൻറെ ആവശ്യമേ ഉണ്ടായിരുന്നുള്ളു,അതുകൊണ്ട് നവോത്ഥാനപ്രസ്ഥാനം ആകെ പാളിപ്പോയി എന്നൊരിക്കലും പറയാനാകില്ല.കാരണം അന്നതു മതിയായിരുന്നു.(സ്വന്തം മുല മുറിച്ച് സമർപ്പിച്ച നങ്ങേലിയേയോ മഹത്തായ കല്ലുമാല സമരത്തേയോ മറന്നുകൊണ്ടല്ല ഇതു പറയുന്നത്.അതിനെയൊന്നും സംഘടിതമായി വളർത്തിക്കൊണ്ട് വരാനുള്ള ശ്രമം ഉണ്ടായില്ല.കാരണം നവോത്ഥാനത്തിൻറെ അജണ്ട കീഴാള ജനതയുടെ വിമോചനമായിരുന്നില്ല,പകരം നിലവിലുള്ളതിനേക്കാൾ കുറച്ചുകൂടി മെച്ചമുള്ള ഒന്നുമാത്രം മതിയായിരുന്നു.)അതുകൊണ്ടെന്തു സംഭവിച്ചെന്നു വച്ചാൽ നവോത്ഥാനം നമ്മുടെ കുടുംബങ്ങളിലെ സ്ഥിതിയിൽ യാതൊരു മാറ്റവുമുണ്ടാക്കിയില്ല അല്ലെങ്കിൽ കുടുംബത്തിനുള്ളിലേയ്ക്കിറങ്ങി ചെന്നില്ല. സമൂഹത്തിൻറെ പകുതിയിൽ കൂടുതൽ എണ്ണം വരുന്ന സ്ത്രീസമൂഹത്തെ നവോത്ഥാനത്തിൻറെ ഗുണഭോക്താക്കളാക്കി(അതും പുരുഷൻ അനുവദിക്കുന്നത്രവരെ) എന്നല്ലാതെ സ്ത്രീകളെ പങ്കാളിത്തസ്ഥാനത്തു നിറുത്താൻ നമുക്കായില്ല.ചുരുക്കത്തിൽ നവോത്ഥാനം നമ്മുടെ കുടുംബങ്ങളിലേക്കിറങ്ങിയില്ല എന്നതാണ് സത്യം.അതോടെ നവോത്ഥാനം കേരളത്തെ അടിമുടി പുതുക്കിപ്പണിയുന്നതിൽ നിന്നകന്നുപോയി.
2.നവോത്ഥാനശേഷം ഐക്യകേരളത്തിൽ അധികാരത്തിലെത്തിയ ഇടതുപക്ഷ ഗവൺമെൻറിനെതിരെ ചതുരുപായങ്ങളും പയറ്റിയ കോൺഗ്രസ്സാണ് സ്വാഭാവീകമരണത്തിലേയ്ക്ക് നീങ്ങുകയായിരുന്ന ജാതിമതശക്തികളെ തട്ടിയുണർത്തി പൊതുസമൂഹത്തിൽ സജീവമാക്കിയത്.ഐക്യകേരളത്തിൽ ഈ ശക്തികൾക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.പുരോഗമനത്തിൻറെ ചെറിയൊരു സ്പാർക്കെങ്കിലുമുണ്ടെന്നു തോന്നുന്ന എല്ലാത്തിനേയും ഈ ആസുരശക്തികൾ എതിർത്തു തോൽപ്പിച്ചു.ഖേദത്തോടെ പറയട്ടെ ഈ ശക്തികൾക്കനുകൂലമായ നിലപാടാണ് എല്ലാക്കാര്യത്തിലും കോൺഗ്രസ്സ് തീരുമാനിച്ചത്.മതമില്ലാത്ത ജീവൻ പാഠത്തിൻറെ കാര്യം നോക്കൂ.കോൺഗ്രസ്സ് ആർക്കൊപ്പമായിരുന്നു? മറ്റു ജാതിമതശക്തികൾ ഭൂരിപക്ഷവും വിദഗ്ധമായ മൗനം കൊണ്ട് ഇവർക്കൊപ്പം ചേരുകയും ചെയ്തു.ശബരിമല പ്രശ്നമെടുക്കുക.സുപ്രീം കോടതി വിധിക്കെതിരെ നിലപാടെടുക്കുന്നതിലെ വൈരുധ്യവും പാർട്ടിയിലെ തന്നെ നിശബ്ദപുരോഗമനശക്തികളെ എതിർക്കുന്നതിനുള്ള കഴിവില്ലായ്മയും മറികടക്കുന്നതിനായി അവർ കണ്ടെത്തിയ മാർഗമാണ് കൊടിപിടിക്കാതെയുള്ള പങ്കെടുക്കൽ.കോൺഗ്രസ്സ് ഇങ്ങനെ ചെയ്യുമ്പോൾ ജാതിമതശക്തികൾ അവരുടെ ഫ്യൂഡൽ അജണ്ട മൽസരിച്ച് നടപ്പിലാക്കുകയായിരുന്നു. പലകാരണങ്ങൾ കൊണ്ടും ഈ പ്രക്രിയയെ വേണ്ടും വിധം തടയുന്നതിൽ നിന്നും ഇടതുപക്ഷവും അകന്നുപോയി.തീർച്ചയായും കൃത്യമായ പ്രസ്ഥാവനകൾ അതത് സമയത്ത് നമ്മൾ പുറപ്പെടുവിക്കാറുണ്ട്,എന്നാലത് അതേപോലെ തന്നെ അണികൾ,പ്രത്യേകിച്ച് വനിതകൾ സ്വാംശീകരിക്കുന്നില്ലെന്നു മാത്രം.(അക്ഷയ തൃതീയയുടെ ഗുണഗണങ്ങൾ സകലമാന മാധ്യമങ്ങളിലൂടേയും വാഴ്ത്തിപ്പാടുമ്പോൾ അങ്ങനെയല്ലെന്നു പറയുന്ന ഇടതുപക്ഷത്തിൻറെ സ്വരം മങ്ങിപ്പോവുകയോ വിശ്വാസമില്ലാതാവുകയോ ആയിപ്പോകുന്നു.).
3.അതിശക്തമായ ആത്മീയതയുടെ ഒരു ഭൂതകാലവും പേറിക്കൊണ്ടാണ് ഓരോ മലയാളിയും(ഓരോ ഇന്ത്യാക്കാരനും)പിറന്നു വീഴുന്നതുതന്നെ.പണ്ട് മനുഷ്യൻ നേടുന്ന എല്ലാ ഭൗതീകമായ നേട്ടങ്ങളുടെ പിന്നിലും ഏതെങ്കിലും ഒരു അതീന്ദ്രിയ ശക്തിയുടെ ശക്തികളുടെ കൈ വളരെ എളുപ്പത്തിൽ കണ്ടെത്താൻ നമ്മൾ മിടുക്കരായിരുന്നു.വളരെ ചെറിയ വ്യത്യാസങ്ങളോടെ അതിന്നും തുടരുന്നു.പുരോഗമനപക്ഷത്തു നിൽക്കുന്ന ഒരാൾക്കു കിട്ടുന്നതിനേക്കാൾ പിന്തുണ മറുപക്ഷത്തുള്ളവനു ലഭിക്കുന്നു.
4.മുതലാളിത്ത രീതികളുടെ ഫലമായി ജനസാമാന്യത്തിൻറെ ജീവിതം കൂടുതൽ കൂടുതൽ ദുരിതത്തിലാവുകയാണ്.അവൻറെ ദുരിതത്തിനു കാരണം അത്ര സിമ്പിളായി പറഞ്ഞു കൊടുക്കുന്നവരുടെ എണ്ണം കുറയുകയും ദുരിതകാരണം സങ്കീർണ്ണമാവുകയും ചെയ്യുന്നു.മഴ നനഞ്ഞതു കൊണ്ടാണ് പനി വന്നതെന്ന് മഴക്കാലത്ത് പറയുന്നതുപോലെ സിമ്പിളല്ല എല്ലാ പനിയും.മഴയില്ലാത്തപ്പോൾ പനി വരാൻ കാരണങ്ങൾ പലതാണ്.വളരെ സിമ്പിളായി ഈ കാരണങ്ങൾ സാധാരണ ജനത്തിനു ബോധ്യപ്പെടണമെന്നില്ല.അവനനുഭവിക്കുന്ന ദുരിതത്തിനും കഷ്ടപ്പാടിനും കാരണം എപ്പോഴും അത്ര ലളിതമായിരിക്കണമെന്നില്ല.ഇടതുപക്ഷം ജനങ്ങളനുഭവിക്കുന്ന പ്രശ്നങ്ങളെ വളരെ ബുദ്ധിമുട്ടി വസ്തുനിഷ്ഠമായി വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് കാര്യങ്ങൾ എത്ര എളുപ്പമാണെന്നോ? മുജ്ജന്മപാപം അല്ലെങ്കിൽ ഈ ജന്മപാപം,അതുമല്ലെങ്കിൽ ദൈവനിന്ദ.പരിഹാരക്രിയകൾ നടത്തിയിട്ടും മാറുന്നില്ലെങ്കിൽ ഈശ്വരനിശ്ചയം,വിധി.കാര്യങ്ങൾ എന്തളുപ്പം.ഇതിനു പരമാവധി പ്രചാരണം കൊടുക്കലാണ് നമ്മുടെ വലതുപക്ഷമാധ്യമങ്ങളുടെ ജോലി.
                എന്താണിതിനൊരു പോംവഴി എൻറെ അഭിപ്രായത്തിൽ പോംവഴി ഒന്നേയുള്ളു.പാതി വഴിക്ക് നിന്നുപോയ നവോത്ഥാനം പുനരാരംഭിക്കുക.നമ്മുടെ കുടുംബങ്ങളിലേക്കതിനെ ഇറക്കിക്കൊണ്ടു ചെല്ലുക.അതിനെന്താ വഴി  സ്ത്രീകളെ കൂട്ടമായി പുരോഗമനപക്ഷ പരിപാടികളിൽ പങ്കെടുപ്പിക്കുക.അതിനാർക്കാ തടസ്സം? അവർ വരാത്തതല്ലേ എന്ന് പുരുഷപക്ഷം.എന്തുകൊണ്ടാണ് സത്രീകൾ വരാത്തതെന്ന് ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ?  സ്ത്രീപക്ഷ പഠനങ്ങൾ നടത്തിയിട്ടുള്ള എല്ലാവരും ഒരേപോലെ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്,പുറത്ത് ജോലിക്കു പോകുന്ന സ്ത്രീകൾ തിരിച്ച് വീട്ടിൽ വന്നാൽ വീട്ടിലെ ജോലികൾ കൂടി ചെയ്യേണ്ടി വരുന്നു.ഒരു പഠനം പറയുന്നത് ജോലിയുള്ള സ്ത്രീകൾ കൂലിയുള്ള ജോലിക്കുശേഷം നാലര മണിക്കൂർ കൂലിയില്ലാ വേല ചെയ്യേണ്ടി വരുന്നു എന്നാണ്.ഈ വേല സ്ത്രീയ്ക്കു മാത്രമായി റിസർവ് ചെയ്ത് വച്ചതാരാണ്? ഒരു കുടുംബത്തിൽ ഭർത്താവിനും തുല്യ പങ്കാളിത്തമാണുള്ളത്.അപ്പോൾപിന്നെ ഗൃഹജോലിയിൽ നിന്ന് പുരുഷനെങ്ങനെ ഒഴിഞ്ഞു മാറാനാകും അതും സ്ത്രീയ്ക്ക് പുരുഷനോടൊപ്പം തുല്യത നൽകുന്ന ഭരണഘടന നിലനിൽക്കുന്ന നാട്ടിൽ
            അപ്പോൾ ഇതാണു ശരിയായ വഴി.സ്ത്രീയെ അടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവരണമെങ്കിൽ അവളുടെ ഗൃഹജോലികളുടെ ഒരുഭാഗം വഹിക്കാൻ പുരുഷൻ തയ്യാറാവണം.അങ്ങനെ സ്ത്രീയെ അവളുടെ ഇരട്ടജോലിയിൽ നിന്ന് മോചിപ്പിക്കുകയും അവളെ സ്വതന്ത്രയാക്കുകയും അവളെ അടുക്കളയിൽ നിന്ന് മോചനം കൊടുക്കുകയും വേണം.അങ്ങനെ മോചിതയാകുന്ന സ്ത്രീയെ പുരോഗമനപക്ഷത്ത് ഉറപ്പിച്ചു നിറുത്തുകയും ചെയ്യാം.അങ്ങനെ പാതിവഴിയിൽ നിന്നുപോയ നവോത്ഥാനത്തിനു തുടക്കം കുറിച്ചുകൊണ്ടെ സമൂഹത്തെ അസംബന്ധ മനുഷ്യരെ മോചിപ്പിക്കാനാകൂ.

1 comment :

  1. അവളുടെ ഗൃഹജോലികളുടെ ഒരുഭാഗം വഹിക്കാൻ പുരുഷൻ തയ്യാറാവണം.അങ്ങനെ സ്ത്രീയെ അവളുടെ ഇരട്ടജോലിയിൽ നിന്ന് മോചിപ്പിക്കുകയും അവളെ സ്വതന്ത്രയാക്കുകയും അവളെ അടുക്കളയിൽ നിന്ന് മോചനം കൊടുക്കുകയും വേണം.അങ്ങനെ മോചിതയാകുന്ന സ്ത്രീയെ പുരോഗമനപക്ഷത്ത് ഉറപ്പിച്ചു നിറുത്തുകയും ചെയ്യാം.

    ReplyDelete