വൈറ്റിലയിലെ ബൈക്കപകടം - മറ്റൊരു ചിന്ത.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                   വൈറ്റില കടവന്ത്ര റോഡിൽ ബൈക്ക് കുഴിയിൽ വീണതിനേതുടർന്ന് റോഡിൽ വീണ ബൈക്കുകാരൻറെ ശരീരത്ത് സ്വകാര്യ ബസ്സു കയറി ദാരുണമായി മരിച്ചു.കൊച്ചിയിൽ ഇന്നലെയാണ് സംഭവം.ആദ്യമായി ആ മരണത്തിൽ നടുക്കവും വേദനയും രേഖപ്പെടുത്തുന്നു.പണ്ട് വായിച്ച ഒരു നോവലിലെ ചെറുപ്പക്കാരൻറെ മരണത്തിൽ കർമ്മം ചെയ്യാനെത്തിയ അച്ചൻ ഇങ്ങനെയാണ് തൻറെ പ്രസംഗം അവസാനിപ്പിക്കുന്നത്;”എൻറെ പിതാവേ,ഇവൻറെ മരണത്തിൽ ഞങ്ങളുടെ പ്രതിഷേധം കഠിനമായിത്തന്നെ നിന്നിലേയ്ക്കുയരുന്നു,കാരണം മരണം പ്രായമായവരെ സംബന്ധിച്ച് വിധിയാണെങ്കിൽ ചെറുപ്പക്കാരനായ ഇവനെ സംബന്ധിച്ച് അത്യാഹിതമാണ്.ഇവിടെ ഞങ്ങളുടെ പ്രതിഷേധം ദൈവത്തിങ്കലേയ്ക്ക് മാത്രമല്ല,കോർപറേഷനോടും പി ഡബ്ലൂ ഡിയോടും സർക്കാരിനോടും എതിരെകൂടി ഉയരുന്നുണ്ട് എന്ന് മാത്രം.
                        ഇന്നത്തെ പത്രങ്ങളായ പത്രങ്ങളാകെ ഈ മരണം സത്യസന്ധമായിത്തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാവിലെ ജില്ലയിലെ ഉദയംപേരൂർ പഞ്ചായത്തു കമ്മിറ്റിയിൽ 11 മണിക്ക് ഒരു റിപ്പോർട്ടിങ്ങുണ്ടായിരുന്നു.10.50 മുതൽ പഞ്ചായത്തോഫീസിൽ പോസ്റ്റായിട്ടും 12 നാണ് കമ്മിറ്റി ആംഭിക്കുന്നത്.ഈയൊരു മണിക്കൂറുകൊണ്ട് ഓഫീസിലുണ്ടായിരുന്ന മുഴുവൻ പത്രങ്ങളും കരളേണ്ടി വന്നതിൻറെ വെളിച്ചത്തിലാണ് ഇതു പറയുന്നത്.ഇതിൽ വ്യത്യസ്ഥമായി റിപ്പോർട്ട് ചെയ്തത് മലയാള മനോരമയാണ്.ഇലക്ഷൻ കാലത്തെ റിപ്പോർട്ടിങ്ങാണവർ നടത്തിയിരിക്കുന്നത്.ആവശ്യത്തിൽ കൂടുതൽ കണ്ണീരും ഇലക്ഷൻ കഴിയുന്നതുവരെ യുഡിഎഫിനു വേണ്ട വടിയുമൊക്കെ കൊടുത്തുകൊണ്ട് തയ്യാറാക്കിയ ലക്ഷണമൊത്തൊരു റിപ്പോർട്ടാണത്.ആ മനോരമ റിപ്പോർട്ടാണ് എന്നെ മറ്റൊരു ചിന്തയിലേയ്ക്ക് നയിച്ചത്.ആ ചിന്തയാണ് നിങ്ങളുടെ മുന്നിൽ വയ്ക്കുന്നത്.
                                 റോഡ്നിർമ്മാണത്തിനുപയോഗിക്കുന്ന ടാറിൻറെ ബദ്ധശത്രുവാണ് വെള്ളം.എന്നുവച്ചാൽ ഇത്രയധികം മഴകിട്ടുന്ന കേരളത്തിലെ റോഡുനിർമ്മാണത്തിന് ഒട്ടും ഉപയോഗിക്കാൻ പറ്റാത്ത വസ്തുവാണ് ടാർ.പണ്ട് ബ്രിട്ടീഷുകാർ തുടങ്ങി വച്ചത് നമ്മൾ കൊണ്ടുനടക്കുന്നു എന്നല്ലാതെ കേരളത്തിനു പറ്റിയ റോഡു നിർമ്മാണം കണ്ടെത്താൻ മറ്റുപലതിലുമെന്ന പോലെ ഇവിടേയും നമുക്കായില്ല.ആദ്യമഴകളിലുണ്ടാകുന്ന ചെറിയ കുഴികൾ,മെറ്റലിളക്കങ്ങൾ കയ്യോടെ അടച്ചുപോയാൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു.എന്നാൽ നിരന്തരം പെയ്യുന്ന മഴയും ചെറിയ കുഴികളെ വലിയ കുഴികളായി മാറാൻ കാത്തിരിക്കുന്ന ഉദ്യോഗസ്ഥ - ഭരണതല-കോൺട്രാക്ടർ കൂട്ടുകെട്ടും പ്രശ്നം ഗുരുതരമാക്കുന്നു.(നിലവിൽ ഈ കൂട്ടുകെട്ടിന് വലിയൊരു ശമനമുണ്ടായിട്ടുണ്ടെന്ന കാര്യം സമ്മതിക്കുന്നു.)പക്ഷെ നീണ്ടുനിൽക്കുന്ന തീവ്രമഴ പ്രശ്നപരിഹാരം അസാദ്ധ്യമാക്കുന്നു.
                                   വർഷത്തിൽ ആറുമാസം മഴയും പിന്നെ മഞ്ഞുമൊക്കെ കൂടിക്കലർന്ന കേരളത്തിൻറെ കാലാവസ്ഥയ്ക്ക് യോജിച്ച റോഡുകളല്ല ഇവിടെയുള്ളത്.അതിനോടൊപ്പം മന്ത്രിതലം മുതൽ താഴോട്ടുള്ള കൈക്കൂലിയും അഴിമതിയും നമ്മുടെ റോഡുകളെ എന്താണ് ചെയ്യുന്നത് എന്നുള്ളതിൻറെ ഉത്തമോദാഹരണമാണല്ലോ പാലാരിവട്ടം മേൽപ്പാലം.മിനിമം അമ്പത് വർഷം ആയുസ്സു കിട്ടേണ്ട  പാലാരിവട്ടം പാലം രണ്ട് വർഷം ആവുന്നതിനു മുമ്പേ പൊളിച്ചു പണിയേണ്ടി വന്ന സാഹചര്യത്തിൽ പാവം റോഡുകളുടെ കഥ പറയണോ
                                 ആഗസ്റ്റോടെ കാലവർഷം പിൻവാങ്ങാൻ തുടങ്ങുകയും അതിൻറെ ഭാഗമായി മഴ കുറയുകയും ചെയ്യേണ്ടതാണ്.പക്ഷെ ഇത്തവണ ഒക്ടോബർ പകുതിയോടയേ മഴ പിൻവാങ്ങൂ എന്നാണ് വിദഗ്ധർ പറയുന്നത്.ഈ കുറിപ്പെഴുതുമ്പോഴും പുറത്ത് ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്.തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലായി കേരളം മുഴുവൻ പല ജില്ലകളിലായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതാണ് നമ്മുടെ അവസ്ഥ.അപ്പോൾ ശക്തമായ മഴ മാറാതെ റോഡുകൾ നേരെയാവുമെന്ന പ്രതീക്ഷയേ വേണ്ട എന്നർത്ഥം.അപ്പോൾ പിന്നെ എന്താണ് ചെയ്യുക.
                     റോഡറിഞ്ഞു വാഹനമോടിക്കുക എന്നത് ലോകം മുഴുവൻ അംഗീകരിച്ച കാര്യമാണ്. മഴക്കാലം മുഴുവൻ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ വേനൽക്കാലത്ത് പൂർണ്ണമായി നന്നാക്കിത്തീരുന്നതിനു മുമ്പെ അടുത്തമഴയും കുണ്ടും കുഴിയുമുണ്ടാകലും ആരംഭിക്കും. അപ്പോൾ വളരെ ശ്രദ്ധിച്ചും സ്പീഡുകുറച്ചും വണ്ടിയോടിക്കേണ്ട  ഈ റോഡുകളിൽകൂടി ചെറുവാഹനങ്ങൾ ഓടുന്നതു കണ്ടിട്ടുണ്ടോ? ഞാൻ ശരാശരി ഓരോ ദിവസവും നൂറുകിലോമീറ്ററോളം വണ്ടിയോടിക്കുന്ന ആളാണ്.ഇന്നുണ്ടായ ഒരുസംഭവം പറയാം.പെരുമ്പാവൂർ പട്ടിമറ്റം റോഡുവഴി ഉദയംപേരൂർക്ക് കാറോടിച്ച് പോവുകയാണ്.ഇടക്ക് ഏതോ ഒരു മോട്ടോർസൈക്കിളിനെ ഹോണടിച്ച്കൊണ്ട് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയാണ്.കൃത്യം സൈക്കിളിൻറെ പകുതി കയറി എത്തിയപ്പോൾ ബൈക്കുകാരൻ വലത്തോട്ട് ഇൻഡിക്കേറ്ററിടുകയും തിരിക്കുകയും ഒന്നിച്ചായിരുന്നു.എൻറെ കാറിൻറെ ഇടതു ഇൻഡിക്കേറ്ററിലേയ്ക്കവൻ വണ്ടിയുമായി ചാരി.ഇൻഡിക്കേറ്റർ മടങ്ങിക്കൊടുത്തതുകൊണ്ട് മാത്രം പരിക്കില്ലാതെ അവൻ രക്ഷപെട്ടു.
                        ഇതാണ് സാമ്പിൾ.ഏതെങ്കിലും ബൈക്കുകാരൻ വണ്ടി സ്റ്റാർട്ട് ചെയ്ത് യാത്ര തുടങ്ങിയാൽപിന്നെ ബ്രേക്ക് ചവിട്ടുന്നതു കണ്ടിട്ടുണ്ടോ ഇടത്തൊഴിഞ്ഞ് വലതുതിരിഞ്ഞ്,ഒടിഞ്ഞുമാറ്റി കുത്തിക്കേറ്റി വലതു വശത്തുകൂടിയാണെങ്കിലും ഇടതുവശത്തുകൂടിയാണെങ്കിലും അവരങ്ങിനെ പൊയ്ക്കൊണ്ടേയിരിക്കും.സീബ്രാലൈനിൽ ആരെയെങ്കിലും റോഡ് കടക്കാൻ നമ്മൾ നിറുത്തിക്കൊടുത്താലും ബൈക്കുകാരനതൊന്നും ഒരു പ്രശ്നമല്ല,നമ്മളെ ഒന്നുരൂക്ഷമായി നോക്കി റോഡു ക്രോസ്സു ചെയ്യുന്നവരെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ കടന്നുപോകും.പൊതുവേ ബൈക്കുകാരുടെ ഡ്രൈവിങ്ങിനെ റെക്ക് ലെസ്സ് എന്ന് വിശേഷിപ്പിക്കാനാണ് ഞാൻ താൽപര്യപ്പെടുക.
                         നടന്ന ആക്സിഡണ്ടിനേക്കുറിച്ച് ആലോചിക്കാം.എന്തു സാഹചര്യത്തിലാണ് അപകടമുണ്ടായതെന്ന് ഒരു പത്രവും പറയുന്നില്ല.കുഴിയിൽ വീണു,വണ്ടി വലത്തോട്ടും ഡ്രൈവർ ഇടത്തോട്ടും വീണുപിന്നാലെ വന്ന പ്രൈവറ്റ്ബസ്സ് ബ്രേക്ക് ചെയ്തിട്ടും നിന്നില്ല.ബ്രേക്കിൽ ആഞ്ഞു ചവിട്ടി ബ്രേക്ക് പെഡൽ ഒടിഞ്ഞുപോയതായി മനോരമ ചിത്രം സഹിതം റിപ്പോർട്ട് ചെയ്യുന്നു.(ബ്രേക്ക് ചെയ്തിട്ടും പെഡൽ ഒടിഞ്ഞുപോയിട്ടും ബസ്സ് നിന്നില്ല എന്നത് ബ്രേക്ക് കുറവായതുകൊണ്ടോ ഇല്ലാത്തതുകൊണ്ടോ അല്ല ബ്രേക്കിങ്ങ് ഡിസ്റ്റൻസ് എന്നൊരു സംഭവം കൊണ്ടാണ്.അത് വിശദീകരിക്കാൻ ഇതിൽകൂടുതൽ എഴുതണം.)പരേതൻ ഇടുക്കിക്കാരനാണെങ്കിലും എറണാകുളത്തെ കമ്പനിയിലെ മാനേജരായിരുന്നു.എന്നുവച്ചാൽ ആ റോഡ് സ്ഥിരമുപയോഗിക്കുന്ന വ്യക്തിയായിരിക്കണം.അപ്പോൾ ആ വഴിയിലെ കുഴികളെക്കുറിച്ച് ഒരു ധാരണയുള്ള ആളായിരിക്കണം.അതുകൊണ്ടുതന്നെ അദ്ദേഹം വണ്ടി ഓടിച്ച രീതി പ്രാധാന്യമർഹിക്കുന്നു.അപകടമുണ്ടാക്കിയ ബസ്ഡ്രൈവർക്കുംസമീപത്തെ സിസിടിവി ദൃശ്യങ്ങൾക്കും ഇവിടെ കൂടുതൽ പറയാൻ കഴിയും.
                         എങ്കിലും ഒന്നുറപ്പിച്ചു പറയാം.നമ്മുടെ വണ്ടി ഓടിക്കുന്ന രീതിയിൽ മാറ്റം വരുത്തിയാൽത്തന്നെ ഇവിടുത്തെ റോഡപകടങ്ങളും ദാരുണ മരണങ്ങളും വലിയൊരു തോതിൽതന്നെ കുറയ്ക്കാനായി കഴിയും.
(ബൈക്കപകടത്തിൽമരിച്ചയാളോടുള്ള എല്ലാ ബഹുമാനത്തോടേയും അദ്ദേഹത്തെ ഒരിയ്ക്കലും കുറ്റപ്പെടുത്തിക്കൊണ്ടുമല്ല ഇതെഴുതുന്നത്.നിലവിലെ ഡ്രൈവിങ്ങ് രീതികൾ ഈയൊരു മരണം കൊണ്ടെങ്കിലും മാറട്ടെഎന്ന ചിന്തയിലാണ് ഈ കുറിപ്പ്.)



1 comment :

  1. എങ്കിലും ഒന്നുറപ്പിച്ചു പറയാം.നമ്മുടെ വണ്ടി ഓടിക്കുന്ന രീതിയിൽ മാറ്റം വരുത്തിയാൽത്തന്നെ ഇവിടുത്തെ റോഡപകടങ്ങളും ദാരുണ മരണങ്ങളും വലിയൊരു തോതിൽതന്നെ കുറയ്ക്കാനായി കഴിയും.

    ReplyDelete