ഹൈദരാബാദ് പ്രതികളുടെ കൊലപാതകം – ഒരു പുനർവായന.

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

 ക്രിസ്തുവിനു മുമ്പ്  1792 മുതൽ 1750 വരെ ബാബിലോൺ രാജ്യം ഭരിച്ച ഹമുറാബി എന്ന ഭരണകർത്താവ് ഇന്നും അറിയപ്പെടുന്നത് അദ്ദേഹമുണ്ടാക്കി രാജ്യത്ത് നടപ്പിലാക്കിയ നിയമസംഹിതയുടെ പേരിലാണ്.ഒരു പക്ഷെ ലോകത്തെ ആദ്യത്തെ നിയമസംഹിത തന്നെയായിരിക്കുമത് (Hammuraabi Code).ഈ നിയമസംഹിതയിലെ പല നിയമങ്ങളും ഇന്നും നമുക്കറിയാവുന്നവയാണ്.കിരാതം എന്നു പറഞ്ഞ് നമ്മളാ  സംഹിത തള്ളിക്കളയുന്നു എങ്കിലും അതിലെ പല കാര്യങ്ങളും കിരാതത്വവും പകവീട്ടലിനേയുമൊക്കെ സൂചിപ്പിക്കുവാൻ നമ്മളിപ്പോഴും ഉപയോഗിക്കാറുണ്ട്.ഉദാഹരണമായി കണ്ണിനു കണ്ണ് പല്ലിനു പല്ല്,ചോരയ്ക്കു ചോര തുടങ്ങിയ പ്രസ്താവങ്ങളൊക്കെ ഈ ഹമുറാബി കോടിൽ നിന്നെടുത്തതാണ്.

                      പക്ഷെ ഇതും ഇതുപോലെ പിന്നീട് നിലവിൽ വന്ന നിയമസംഹിതകളും പരിഷ്കൃതസമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്.ഇതിനു കാരണങ്ങൾ പലതാണ്.ശരിയായ വിദ്യാഭ്യാസം സംസ്കാരമുള്ള മനുഷ്യനെ സൃഷ്ടിക്കും എന്നതാണ് ഒരു കാര്യം.സംസ്കാരമുള്ള മനുഷ്യൻ കുറ്റകൃത്യത്തിലേർപ്പെടുകയില്ല എന്ന ചിന്താരീതിയും നിലനിൽക്കുന്നു.നിലവിലെ സാമൂഹ്യവ്യസ്ഥയുടെ ചട്ടക്കൂടിൽ ഒതുങ്ങി നിന്നുകൊണ്ട് മുഴുവനാളുകളേയും തൃപ്തിപ്പെടുത്താനുതകുന്ന നിയമങ്ങളും അത് നടപ്പാക്കാനുള്ള സംവിധാനങ്ങളും(പുസ്തകത്തിലെങ്കിലും) സൃഷ്ടിച്ചു.ഒരാൾക്ക് ഒരു പ്രശ്നമുണ്ടായാൽ അതിനു പരിഹാരം കാണേണ്ടത് അയാളല്ല,അയാൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് നിവൃത്തിയുണ്ടാക്കുക എന്നത് സമൂഹത്തിൻറെ ആകെയുള്ള ആവശ്യമായി മാറി.അതോടൊപ്പം തന്നെ കുറ്റവാളിയെന്നാരോപിക്കപ്പെടുന്നയാളെ അയാളാണ് കുറ്റവാളിയെന്നുറപ്പാക്കുകയും അയാളേത് സാഹചര്യത്തിലാ കുറ്റം ചെയ്തു എന്ന് കണ്ടെത്തുകയും വേണ്ടതുണ്ട്.ആ സാഹചര്യം പിന്നീടുണ്ടാകുന്നത് തടയുവാനുള്ള നടപടികൾ കുറ്റവാളിയുമായി ബന്ധപ്പെട്ട് കുറ്റകൃത്യത്തിൻറെ ഗൗരവം കണക്കിലെടുത്ത് ഉണ്ടാവുകയും വേണം.ഇതിനെല്ലാം ഉതകുന്നതാണ് അല്ലെങ്കിൽ ആവണം നിലവിലെ നിയമസംഹിതകളും സംവിധാനങ്ങളും.ചുരുക്കിപ്പറഞ്ഞാൽ പഴയകാലത്തെ കുടിപ്പകകൾക്ക് ഇന്ന് സ്ഥാനമില്ലെന്നർത്ഥം.
                        ഇത്രയും ആമുഖമായി പറഞ്ഞത് ഹൈദരാബാദ് കൂട്ടമാനഭംഗക്കേസില പ്രതികൾ പോലീസ് കസ്റ്റടിയിൽ കൊല്ലപ്പെട്ടപ്പോൾ ജനക്കൂട്ടം പ്രകടിപ്പിച്ച അമിതമായ ആഹ്ലാദാരവം കണ്ടിട്ടാണ്. ആ കുറ്റവാളികൾ (വെടിവച്ചു കൊന്നതുകൊണ്ട്) വെടിവച്ചു കൊല്ലപ്പെടേണ്ടവരാണെന്ന് കേരളത്തിലെ പോലും ഒരു വിഭാഗം ആർത്തട്ടഹസിക്കുന്നു.
            പ്രതികളെ അറസ്റ്റ്  ചെയ്താൽ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ക്രിമിനൽ പ്രൊസീജിയർ കോഡ്(Crpc) വ്യക്തമായി പറയുന്നുണ്ട്.തെളിവെടുപ്പിനു കൊണ്ടു പോകുമ്പോൾ പോലും അവർക്ക് ആൾക്കൂട്ട ആക്രമണങ്ങളിൽ നിന്നും പൂർണ്ണ സുക്ഷ നൽകേണ്ട ഉത്തരവാദിത്വമുള്ള പോലീസാണീ കൊല നടത്തിയതെന്നത് പ്രശ്നത്തിൻറെ ഗൗരവം വർദ്ധിപ്പിക്കുന്നു.പോലീസ് വിശദീകരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ട്.തൽക്കാലം ഇതിലേയ്ക്ക് കടക്കുകയല്ല ഈ ലേഖനത്തിൻറെ ഉദ്ദേശം.തെലുങ്കാനാ ഹൈക്കോടതി പ്രശ്നത്തിൽ ഇടപെടുകയും മനുഷ്യാവകാശകമ്മീഷൻ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.സത്യം പുറത്തുവരുമെന്ന് നമുക്കാശിക്കാം.
                              ഈ കൊലപതകത്തിൽ ആഹ്ലാദിക്കുന്നവരുടെ അഭിപ്രായത്തിൽ കൊല്ലപ്പെട്ട ആ പെൺകുട്ടിയ്ക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ പ്രകാരം നീതി ലഭിക്കൽ വൈകുമെന്നാണ്.പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികൾ കൊല്ലപ്പെട്ട വിവരമറിഞ്ഞപ്പോൾ പറഞ്ഞത് അവൾക്ക് നീതി ലഭിച്ചെന്നാണ്.ആധുനീക മനഃശാസ്ത്രം ബലാൽസംഗത്തെ കാണുന്നത് മനോരോഗമായിട്ടാണ്.മനോരോഗികളെ വെടിവച്ചോ മറ്റേതെങ്കിലും വിധത്തിൽ കൊലപ്പെടുത്തുന്നത് ബലാൽസംഗത്തേക്കാൾ കൂടിയ മനോരോഗമാണ്.
          ഇന്ത്യയിൽ വൈകി ഫലം ലഭിക്കുന്നത് നീതി മാത്രമല്ല,ഏതാണ്ടെല്ലാം തന്നെ ഇന്ത്യയിൽ വൈകിയാണ് നടക്കുന്നത്.ട്രെയിനിൻറെ കാര്യം തന്നെ എടുക്കുക.മണിക്കൂറുകൾ വൈകിയാണത് ലക്ഷ്യസ്ഥാനത്തെത്തുക.അതിനാരും എഞ്ചിൻ ഡ്രൈവറേയോ,സ്റ്റേഷൻമാസ്റ്ററേയോ വെടിവച്ചു കൊന്നതായോ കൊല്ലാൻ മുറവിളി കൂട്ടിയതായോ കേട്ടിട്ടുണ്ടോ
                   എന്തുകൊണ്ടാണ് നീതി ലഭിക്കൽ ഇന്ത്യയിൽ വൈകുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ ഇന്ത്യൻ ജുഡീഷ്യൽ കമ്മീഷൻറെ 120-)മത്തെ റിപ്പോർട്ട് പറയുന്നത് പത്തുലക്ഷം ജനങ്ങൾക്ക് 50 ജഡ്ജിമാർ വേണമെന്നാണ്.നിലവിലെ എണ്ണം പത്തുലക്ഷത്തിനു 19 ജഡ്ജ്മാരാണെന്നാണ്.പിന്നെയെങ്ങനെ ഇവിടെ നീതി ലഭ്യമാകൽ വൈകാതെയിരിക്കും.തീർന്നില്ല,ഇന്ത്യൻ പ്രധാനമന്ത്രിയും സുപ്രിം കോടതി ചീഫ്ജസ്റ്റിസും പങ്കെടുത്ത ചടങ്ങിൽ ആവശ്യത്തിനു ജഡ്ജുമാരില്ലാത്തതിനാൽ വിധി പ്രസ്താവങ്ങൾ വൈകുന്നു എന്നും പറഞ്ഞ് ചീഫ് ജസ്റ്റിസ് കരഞ്ഞത് നാമൊക്കെ ടിവിയിലൂടെ കണ്ടതാണല്ലോ.പ്രധാനമന്ത്രി കല്ലുപോലെ അന്നിരുന്ന ഇരുപ്പ് ഇന്നും തുടരുന്നു.
                      ഇനി ഈ പ്രശ്നത്തെ മറ്റൊരുരീതിയിൽ സമീപിക്കാം.നാമിന്ന് ജീവിക്കുന്നത് 21-)0 നൂറ്റാണ്ടിലാണ്,പഴയ 19-)0 നൂറ്റാണ്ടിലല്ല.ഇന്നത്തെ ലോകത്ത് ജീവിക്കാൻ ഇന്നത്തെ വിദ്യാഭ്യാസം തന്നെ വേണം.മനുഷ്യർ തമ്മാ തമ്മിലും ഒരു കൂരയ്ക്കുള്ളിൽ കഴിയുന്നവർ തമ്മിലും ഉള്ള ബന്ധം ശരിയായ രീതിയിൽ നിലനിൽക്കാൻ ഇന്നത്തെ കാലത്തിനു പറ്റിയ വിദ്യാഭ്യാസം തന്നെ വേണം.എന്നാൽ ഇന്ത്യയുടെ സാക്ഷരത ശതമാനം 74 ശതമാനമാണ്. ഇന്ത്യൻ സിസ്റ്റപ്രകാരം എഴുതുവാനും വായിക്കുവാനും അറിയാവുന്ന വ്യക്തി സാക്ഷരനാണ്.പണ്ടെങ്ങോ  എഴുതുവാനും വായിക്കുവാനും പഠിച്ച ഒരാൾ ഇന്നതറിയണമെന്നില്ല.തന്നേയുമല്ല ജാതിയും മതവുമാണ് വിദ്യാഭ്യാസമുള്ളവരിൽ പോലും സ്വാധീനം ചെലുത്തുന്നത്.ലോകത്തുള്ള എല്ലാ മതങ്ങളും പുരുഷകേന്ദ്രീകൃതമായിരിക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീകൾക്കെങ്ങനെ സുരക്ഷ ലഭ്യമാക്കും.പോരാത്തതിന് ശരിയായ രീതിയിലുള്ള ലൈംഗീക വിദ്യാഭ്യാസം ഇന്ത്യയിൽ കേട്ടുകേൾവി പോലുമില്ല.മുതിർന്നവരിൽ നിന്നും കൂട്ടുകാരിൽ നിന്നുമാണ് ഇവിടെ ആണും പെണ്ണും ലൈംഗീകവിദ്യാഭ്യാസം നേടുന്നത്.അത് എങ്ങനത്തെ വിദ്യാഭ്യാസമായിരിക്കുമെന്ന് ഊഹിച്ചു നോക്കിയാൽ മതി.സ്ത്രീ എന്നത് പുരുഷന് ഭോഗിക്കാനും അല്ലാത്തപ്പോൾ മാടിനേപ്പോലെ പണിയെടുപ്പിക്കാനും ചിലപ്പോൾ മാടിനേപ്പോലെ തന്നെ തല്ലിച്ചതയ്ക്കാനും പറ്റിയ ഒന്നാണെന്നാണ് പുരുഷൻറെ ധാരണ.തിരിച്ചാണെങ്കിൽ അവൻറെ ലൈംഗീകവും അല്ലാത്തതുമായ കടന്നു കയറ്റങ്ങൾ സഹിച്ചുകൊണ്ട് മാടിനേപ്പോലെ പണിയെടുക്കുകയും അവൻറെ പിള്ളേരെ പ്രസവിക്കുകയും ചെയ്യാൻ ബാധ്യതപ്പെട്ടവൾ എന്നുമാണ്.അതുമാറി തന്നേപ്പോലെ തന്നെ രക്തവും മാംസവും കൊണ്ടു നിർമ്മിച്ച,ചോരയും ,ചലവും,മൂത്രവും,മലവുമുള്ള,ദേഷ്യവും സങ്കടവും വേദനയും ഒക്കെയുള്ള ഒന്നാണ് സ്ത്രീ എന്ന് പുരുഷൻ ഓർക്കാറേയില്ല.
                                   ഒന്നോർത്തു നോക്കൂ,രാവിലെ മുതൽ പുരുഷൻറെയൊപ്പം പണിയെടുത്ത് വീട്ടിലെത്തിയാൽ പുരുഷൻ വീണ്ടും പൊതുവിടത്തിലേയ്ക്ക് ആഹ്ലാദിക്കാൻ പോകുമ്പോൾ സ്ത്രീ അടുത്തഘട്ടം ജോലി ആരംഭിക്കുകയാണ്.ഭക്ഷണം വച്ചുണ്ടാക്കുക,കുട്ടികളേയും പ്രായമായവരേയും ശുശ്രൂഷിക്കുക എന്നിവയിൽ വ്യാപൃതയാകുന്നു.എല്ലാം കഴിഞ്ഞ് ഉറങ്ങാൻ തുടങ്ങുമ്പോഴായിരിക്കും അന്നോ മുന്നയോ കണ്ട പോൺചിത്രം ആവർത്തിക്കാൻ മദ്യലഹരിയിൽ പുരുഷനെത്തുന്നത്.ലൈംഗീകത ജീവിതത്തിലും അല്ലാത്ത ജീവിതത്തിലും ഒരടിച്ചമർത്തൽ രണ്ടുപേർക്കും ഉണ്ടാകുന്നു.മമ്മുട്ടിയും മറ്റും ഒറ്റക്ക് പത്തുപേരെ ഇടിച്ചിടുന്നത് അഭിനയമാണെന്നറിയുന്നവനറിയാം പോൺ ചിത്രത്തിലേതും അഭിനയമാണെന്ന്.പക്ഷെ എത്ര പേർക്കാ മാനസീക നിലയുണ്ടാകും.
                                        ഈ സമയത്തായിരിക്കും കാണാൻ കൊള്ളാവുന്ന ഒരു സ്ത്രീ ( കാണാൻ കൊള്ളാവുന്നതു തന്നെ വേണമെന്നില്ല) ഇരുട്ടിലൂടെ ഒറ്റയ്ക്കു പോകുന്നതു കാണുന്നത്.തീരേണ്ട ജോലി തീരാൻ വേണ്ടി വൈകിയതാവാം,ബസ്സോ ട്രെയിനോ വൈകിയതാവാം,ആശ്രയത്തിലുള്ളവർക്ക് മരുന്നു വാങ്ങാൻ പോയതാവാം,ഒന്നുമല്ലെങ്കിൽ ഭർത്താവിനെ തപ്പി ഇറങ്ങിയതാവാം.പുരുഷനേ സംബന്ധിച്ച് അസമയത്ത് ഒറ്റയ്ക്കു നടക്കുന്ന സ്ത്രീ അതു തന്നെ,വെടി.അവൻ കേറി ശല്യം ചെയ്യും,അവൾ നിരസിച്ചാൽ തൻറെ ആണത്തത്തെ ചോദ്യം ചെയ്യുന്നു എന്നാണവൻറെ ധാരണ.
               ഇങ്ങനെയാണ് ബലാൽസംഗം എന്നത് മനോരോഗമായി മാറുന്നത്.ഇതിനു ചികിൽസയില്ലേ  ഉണ്ട്.ചികിൽസ ഫലവത്താകണമെങ്കിൽ ആദ്യം വേണ്ടത് ശരിയായ വിദ്യാഭ്യാസം നൽകുക എന്നതാണ്.ചെറുപ്പം മുതലെ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടപഴുകാൻ അനുവദിക്കുക.ഒന്നിച്ച് ക്ലാസ്സിലിരിക്കട്ടെ,ഒന്നിച്ച് കളിക്കട്ടെ,ഒന്നിച്ച് ഭക്ഷണം കഴിക്കട്ടെ,ഒന്നിച്ച് പ്രവൃത്തികൾ ചെയ്യട്ടെ.ശരിയായ രീതിയിൽ ശരിയായ സമയത്ത് ശരിയായ ലൈംഗീക വിദ്യാഭ്യാസം നൽകട്ടെ.ഇത്  സ്ത്രീ എന്നത് പുരുഷൻറെ അടിമയല്ല എന്നൊരു ധാരണയുണ്ടാവാനിടയാക്കും.അതോടൊപ്പം കുടുംബങ്ങളെ സ്വന്തം കാലിൽ നിൽക്കാനുള്ള വേതനം നൽകണം.( കുറച്ചു വർഷങ്ങൾക്കു മുമ്പത്തെ കഥയാണ്,കുടുംബത്തിൻറെ ശരാശരി ദിവസവരുമാനം ഗ്രാമങ്ങളിൽ 20 രൂപയും പട്ടണത്തിൽ 35 രൂപയുമാണ്. ഈ പൈസയുമായി ഒരു കുടുംബം എങ്ങനെ പോറ്റാൻ കഴിയും.അതുതന്നെ തീർത്താൽ തീരാത്ത അസംതൃപ്തിയായി ഓരോരുത്തൻറെയും ഉള്ളിലുണ്ടാകും.നേടും എന്ന് തോന്നുന്നിടത്ത് അത് പൊട്ടിയൊഴുകും.
           അപ്പോൾ പറഞ്ഞുവന്നത്,കാലികമായ വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാൻ കുടുംബങ്ങളെ പ്രാപ്തരാക്കുകയും ചെയ്യാതെ എത്രപേരെ വെടിവച്ച് കൊന്നാലും എത്ര ആഹ്ലാദാരവം മുഴക്കിയാലും ഈ പ്രശ്നം തീരാൻ പോകുന്നില്ല.കേട്ടാൽ അസംബന്ധമെന്നു തോന്നിയാലും ഇതേയുള്ളു മരുന്ന് എന്നാണെൻറെ വിനീതമായ അഭിപ്രായം.

4 comments :

 1. അപ്പോൾ പറഞ്ഞുവന്നത്,കാലികമായ വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാൻ കുടുംബങ്ങളെ പ്രാപ്തരാക്കുകയും ചെയ്യാതെ എത്രപേരെ വെടിവച്ച് കൊന്നാലും എത്ര ആഹ്ലാദാരവം മുഴക്കിയാലും ഈ പ്രശ്നം തീരാൻ പോകുന്നില്ല.

  ReplyDelete
 2. കാലികമായ ലേഖനം.

  ഇഷ്ടം...

  ഷെയർ ചെയ്തിട്ടുണ്ട് ട്ടോ.

  ReplyDelete
 3. ഇതിെനെ ഭരണകൂടഭീകരത എന്ന് വിളിക്കാമോ. അവർ മാത്രമാണ് പ്രതികൾ എന്ന് എങ്ങെനെ ഉറപ്പിക്കും.
  വളരെയധികം ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തേക്കാൾ സമൂഹത്തിൽ നിലനിൽക്കുന്ന ചില കീഴ്വഴക്കങ്ങെളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. കുടുംബങ്ങളിൽ പരസ്പരമുള്ള സേനഹവും വിശ്വാസവും ഇന്ന് നഷ്ടമായിരിക്കുന്നു. ഇത് തന്നെയാവും കാരണങ്ങൾ

  ReplyDelete
 4. മികച്ച ചിന്തകളാണ്. ഇത്ര വസ്തുനിഷ്ഠമായി കാര്യങ്ങളെ കാണാൻ അഭ്യസ്ഥ വിദ്യർക്കു പോലും പറ്റുന്നില്ല എന്നത് നിരാശാജനകമായ സത്യവും.

  ( വാക്യങ്ങളിൽ ഫുൾസ്റ്റോപ്പ് കഴിഞ്ഞ് ഒരു സ്പേസ് കൊടുക്കൂ)

  ReplyDelete