ട്രാഫിക്

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഗതാഗതയോഗ്യമായ റോഡിലൂടെയുള്ള വാഹനങ്ങളുടേയും കാല്‍നടക്കാരുടെയും എന്തിന്റെയും സഞ്ചാരം എന്നാണ് വിക്കി പീഡിയ ട്രാഫിക് ന് അര്‍ഥം പറയുന്നത്.ആ ഒരര്‍ഥം ഉപയോഗിച്ച് നമ്മുടെ റോഡുകളിലേക്കൊന്നു നോക്കൂ.ബസ്സുകള്‍,ലോറികള്‍,ടിപ്പറുകള്‍,കാറുകള്‍,ഓട്ടോറിക്ക്ഷകള്‍,മോട്ടോര്‍ ബൈക്കുകള്‍,സൈക്കിളുകള്‍,കാല്‍നടക്കാര്‍,കാളകള്‍,പശുക്കള്‍,കുട്ടികള്‍,പട്ടികള്‍,വലിയവര്‍,ചെറുപ്പക്കാര്‍,
പെണ്ണുങ്ങള്‍,വയസ്സായവര്‍ എല്ലാം ഇങ്ങനെ കൂടിക്കുഴഞ്ഞു കിടക്കുകയാണ്. കുറേ നേരം ഹൈവേയിലൂടെ വണ്ടി ഓടിച്ചതിനു ശേഷം റോഡ് സൈഡില്‍ ഒരു ചായ കുടിക്കാനൊന്നു നീറുത്തുമ്പോള്‍ നമ്മള്‍ വന്ന റോഡ് സൈഡില്‍ നിന്ന് റോഡിലേക്കൊന്നു നോക്കൂ... നമുക്ക് പേടിയാകും, ഇതിലെ തന്നെയാണ് നമ്മള്‍ വണ്ടിയുമോടിച്ചു വന്നതെന്നു പറഞ്ഞാല്‍ നമ്മള്‍ ഒരു പക്ഷെ വിശ്വസിച്ചെക്കില്ല.
പണ്ട് എന്നു വച്ചാല്‍ അറുപതുകളില്‍ ഞാന്‍ ബസ്സില്‍ ഇടക്കിടക്ക് ഹൈറേഞ്ചിലുള്ള എന്റെ ഒരു ബന്ധു വീട്ടിലേക്ക് ഇടക്കിടക്ക് പോകുമായിരുന്നു.കാടിന്റെയും മലകളുടേയും ഭംഗി ആസ്വദിച്ചുകൊണ്ട് ബസ്സുയാത്ര ചെയ്യാനുള്ള എന്റെ ആഗ്രഹപൂര്‍ത്തീകരണം കൂടിയായിരുന്നു ആ യാത്രകള്‍.കാടിന്റെ വന്യമായ ഭംഗി ആസ്വ്ദിച്ചിരിക്കുമ്പോഴും ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു.ഹെയര്‍പിന്‍ വളവുകളിലൂടെ എന്റെ ബസ്സ് ശ്രമപ്പെട്ട് കിതച്ചു ഓടിക്കൊണ്ടിരിക്കുമ്പോഴും എതിരെ ഒരു വണ്ടി വരുമ്പോള്‍ ഡ്രൈവര്‍ പതുക്കെ, വളരെ പതുക്കെ ഒന്നു ഹോണടിക്കും.അപ്പോള്‍ ഒരാവശ്യമില്ലെങ്കില്‍ കൂടിയും എതിരെ വരുന്ന വണ്ടിക്കാരനും അതേ ഫ്രീക്വന്‍സിയില്‍ ഒന്ന് ഹോണടിക്കും.ആദ്യമൊന്നും ഞാനിതു ശ്രദ്ധിച്ചിരുന്നില്ല , ഒന്നുകില്‍ എന്റെ വണ്ടിക്കാരന്‍ ,അല്ലെങ്കില്‍ എതിരെ വരുന്നവന്‍ വളരെ പതുക്കെ ഒന്നു ഹോണ്‍ അടിക്കും.മറ്റവന്‍ അടിച്ചില്ലെങ്കില്‍ ആദ്യം അടിച്ചവന്‍ ഒന്നുകൂടി ശബ്ദം കൂട്ടി അടിച്ചു നോക്കും.പതുക്കെയാണ് എനിക്കിതിന്റെ അര്‍ഥം പിടി കിട്ടിയത്.ആദ്യം ഹോണടിക്കുന്നവന്‍ ഹോണിലൂടെ ചോദിക്കുകയാണ് “എന്താണ് സ്നേഹിതാ വിശേഷം അവിടെ ?’.‘ഹേയ് പ്രത്യേകിച്ചൊന്നുമില്ല, സുഖം തന്നെയെന്നു “അടുത്തവന്‍ ഹോണിലൂടെ തന്നെ മറുപടിയും പറയുന്നു. ഓകെ, രണ്ടുപേരും കടന്നു പോകുന്നു.
ഒരിക്കല്‍ എന്റെ ബസ്സുകാരന്‍ ഹോണടിച്ചപ്പോള്‍ എതിരെ വന്ന ലോറിക്കാരന്‍ ഹോണടിച്ചില്ല , എന്റെ ഡ്രൈവര്‍ ഒന്നു കൂടി അല്പം ശക്തി കൂട്ടി ഹോണടിച്ചു ,” എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ ?” പെട്ടെന്ന് മറുപടിയും വന്നു “സോറി,ഒരു പ്രശ്നവുമില്ല,സുഖം തന്നെ’ എന്ന്.
ഇത് ൧൯൬൦ കളിലാണെന്നോര്‍ക്കണം.അന്നത്തെ കേരളം ഇന്നത്തെ (൨൦൧൦) ലെ കേരളമായിരുന്നില്ല. മനുഷ്യനെ മനുഷ്യന്‍ തിരിച്ചറിയുന്ന ഒരു ഭൌതികസാഹചര്യം ഇവിടെ നില നിന്നിരുന്നു. അപരന്റെ ശബ്ദം സംഗീതം പോലെയല്ലെങ്കിലും വേറിട്ടൊരു മനുഷ്യശബ്ദമായി അവര്‍ തിരിച്ചറിഞ്ഞിരുന്നു. പോരാ കുടുംബ ബന്‍ധങ്ങള്‍ക്ക് കുറേകൂടി കൂടൂതല്‍ ഇഴയടുപ്പവും സ്നേഹത്തിന്റെ ചൂടും നനവും ഉണ്ടായിരുന്നു. ആ ചൂടും നനവും ഒരു പരിധി വരെ സമൂഹ്യജീവിതത്തിലും അവര്‍ നില നിറുത്തിയിരുന്നു.
അവിടേക്കാണ് ഗ്ലോബലൈസേഷന്‍ എന്ന ഓമനപേരില്‍ ഒരു കൊടുംകാറ്റ് ആഞ്ഞടിച്ചത്. ശക്തമായ ആ കൊടുംകാറ്റില്‍ എല്ലാം - മനുഷ്യന്റെ എല്ലാം - മനുഷ്യത്വപരമായ എല്ലാം - കടപുഴകി എറിയപ്പെട്ടു.തിരക്കായി ജീവിതത്തില്‍.അപ്പോള്‍ വഴിയില്‍ കാണുന്ന പരിചയക്കാരോട് സ്നേഹം കാണിക്കാനുള്ള സമയം പോലും ഇല്ലാതായി - ഹായ് , കഴിഞ്ഞു ഇത്രയേയുള്ളു. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ അതുമില്ല.ഓട്ടം മാത്രമായി, മുന്നിലെത്താനുള്ള ഓട്ടം മാത്രം.
ഇവിടെ എതിരെ കാണുന്നവനോട് പതിയെ ഒന്നു ഹോണമര്‍ത്തി സുഖമാണോ എന്നു ചോദിക്കാനുള്ള സമയമല്ല പകരം കര്‍ണകഠൊരമായ കൊലവിളി ഹോണിലൂടെ നടത്തി നമ്മള്‍ മുന്നറിയിപ്പു നല്‍കും - മുന്നിലെങ്ങാന്‍ വന്നു പെട്ടാല്‍ കൊന്നു കളയും ഞാന്‍. ഇതായി ഇപ്പോഴത്തെ ട്രെന്റ്. ശരിയല്ലേ ?
Post a Comment