ഹാപ്പി ന്യൂ ഇയര്‍

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
2010 മറയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.എല്ലാവരും 2011നെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളില്‍ മുഴുകിയിരിക്കുകയാണെന്ന് ഈ പാവം കിളവനറിയാം.അതിനാല്‍ വളരെയധികമൊന്നും സമയം എടുക്കാതെ അല്പം ചില കാര്യങ്ങള്‍ പറഞ്ഞിട്ട് തിരിച്ചു പൊയ്ക്കൊള്ളാം.പാവം ഒരു കിളവന്റെ ആഗ്രഹമല്ലേ, ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു.
                      “എന്റെ മുരിങ്ങാചോട്ടില്‍ നിന്നേ എനിക്ക് ആ‍കാശം കാണാനൊക്കൂ “ എന്ന് പറഞ്ഞത് ശ്രീ ചെറുകാട് ആണ്. അതു പറയുമ്പോള്‍ അദ്ദേഹം അര്‍ത്ഥമാക്കിയത് സ്വന്തം കാലില്‍ ഉറച്ചു നിന്നേ, അല്ലെങ്കില്‍ സ്വന്തം മണ്ണില്‍ ഉറച്ചു നിന്നേ ഭാവിയേക്കുറിച്ചു ചിന്തിക്കാന്‍ കഴിയൂ എന്നു തന്നേയാണ്. അതു തന്നെയാണ് എനിക്കും തോന്നുന്നത്. 2010നെ ക്കുറിച്ചു ചിന്തിക്കാതെ എന്ത് 2011?.
                       2010 ലെ ഏറ്റവും പ്രധാന നേട്ടങ്ങളെന്തൊക്കെയാണ്? എന്റെ അഭിപ്രായത്തില്‍ അത് രണ്ടാണ്.1.അമേരിക്കന്‍ ശാസ്ത്രജ്നനായ ക്രെയിഗ് വെന്ററുടെ നേതൃത്വത്തില്‍ കൃത്രിമ ജീവന്‍ ലാബറട്ടറിയില്‍ വളര്‍ത്തിയെടുത്തതാണ്. വെന്ററും അദ്ദേഹത്തോടൊപ്പം 10 സഹശാസ്ത്രജ്നരും കൂടി പത്തു വര്‍ഷത്തെ ഗവേഷണഫലമായാണ് കൃത്രിമ ജീവകോശം വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചത്.വളരെയധികം കോലാഹലം ഈ പ്രശ്നവുമായി ബന്ധപ്പെട്ട് മനുഷ്യരുടെ ഇടയില്‍ ഉണ്ടാകേണ്ടതായിരുന്നു. എന്തെന്തു മാറ്റങ്ങള്‍ക്കിതു വഴിവൈക്കും എന്നു കണ്ടറിഞ്ഞു തന്നെ തീരണം.( ഭൂമി നമ്മള്‍ വിചാരിച്ചതു പോലെ പരന്നതല്ല ഉരുണ്ടതാണെന്ന് അസന്നിഗ്ധമായി അന്നു പ്രഖ്യാപിക്കുമ്പോള്‍ മനുഷ്യരിലുണ്ടായ കുഴപ്പങ്ങള്‍ ഒന്നു ചുമ്മാ ചിന്തിച്ചു നോക്കു; ഏതാണ്ട് അതിനു സമാനമായ കുഴപ്പങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു.) തുടര്‍ന്നു വായിക്കുക...

രണ്ടാമതായി ഞാന്‍ കാണുന്ന മഹത്തായ കണ്ടു പിടിത്തം ഭൂമിക്കു വെളിയില്‍ സൌരയൂഥത്തിനു വെളിയില്‍ സൂര്യനു സമാനമായ ഒരു നക്ഷത്രവും അതിനു ചുറ്റും വലം വൈച്ചുകൊണ്ടിരിക്കുന്ന കുറേ ഗ്രഹങ്ങളുമാണ്.ഈ നേട്ടം പ്രപഞ്ചത്തില്‍ നാം തനിച്ചല്ല എന്ന് വളരെ താമസിയാതെ തന്നെ നമ്മളറിയാന്‍ പോകുന്നു എന്നതിന്റെ സൂചനയായി എടുക്കാമെന്നു തോന്നുന്നു.നമുക്ക് പുതിയ അയല്‍ക്കാരെ കിട്ടാന്‍ പോകുന്നു എന്നര്‍ത്ഥം.നമ്മളും അവരും തമ്മില്‍ ആശയവിനിമയം നടത്തുന്ന ആ കാലത്തെക്കൂറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ എനിക്കു രോമാഞ്ചം ഉണ്ടാകുന്നു.
                  ഈ രണ്ടു മഹത്തായ കണ്ടുപിടിത്തങ്ങളുടെ വെളിച്ചത്തില്‍ ഇന്നത്തെ നമ്മുടെ ഭൂമിയേക്കുറിച്ചൊന്നു ചിന്തിച്ചു നോക്കു.ഈ ഭൂമി, ഇതിലെ മനുഷ്യര്‍ അവന്റെ ജീവിതം.ഇതെല്ലാമൊന്നു ചിന്തിച്ചു നോക്കൂ!.ശരി, ഭൂമിയിലെ മുഴുവന്‍ മനുഷ്യരെക്കുറിച്ചും ചിന്തിക്കാന്‍ ബുദ്ധിമുട്ടല്ലെ, അവരെ വിടുക,ഇന്‍ഡ്യയിലെ മുഴുവനാളുകളേയും കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. അതും ബുദ്ധിമുട്ടാണോ, അവരേയും വിടൂ,കേരളത്തിലെ ജനങ്ങളെക്കുറിച്ചു മാത്രം നമുക്കൊന്നു ചിന്തിച്ചു നോക്കാം.അവരുടെ ഇന്നലെകള്‍, അവിടെ ഇന്ന് അവരുടെ ഇന്ന്, പിന്നെ അവരുടെ നാളെയെക്കുറിച്ചും ചിന്തിക്കാം.
                  ശ്രീ വിവേകാനന്ദന്‍ വന്ന് ഭ്രാന്താലയമെന്ന് ആക്ഷേപിച്ച കേരളത്തെക്കുറിച്ചു നമുക്കറിയാം.താഴ്ന്ന ജാതിക്കാരനെ കണ്ടാല്‍ കുളിക്കണം, തൊട്ടാല്‍ കൂളിക്കണം,മിണ്ടിയാല്‍ കുളിക്കണം,താഴ്ന്ന ജാതിക്കാരന്‍ പഠിച്ചാല്‍ അവന്റെ തല വെട്ടണം. ഇതൊക്കെയായിരുന്നല്ലോ പഴയ കേരളം. പിന്നേയും ഒരു കേരളമുണ്ടായിരുന്നു,പണിക്കാരനെ മാടിനെപ്പോലെ വില്‍ക്കുകയും വാങുകയും ചെയ്തു പോന്നിരുന്ന ഒരു കാലം.താഴെ വീണ ഒരു തേങ്ങയെടുത്തതിന് പണിക്കാരനെ ചെളിയില്‍ ചവിട്ടിത്താഴ്ത്തിയിരുന്ന ഒരു കാലം,അവനേയും കുടുംബത്തേയും കൂരയോടെ ചുട്ടെരിച്ചിരുന്ന ഒരു കാലം.മാറു മറച്ചതിന് താഴ്ന്ന ജാതിക്കാരി പെണ്ണിന്റെ മുലയറുത്തിരുന്ന ഒരു കാലം.
             ഈ കാലത്തെക്കുറിച്ച് നല്ലതൊന്നും പറയാനില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട് ; വെണ്മണി സാഹിത്യമടക്കം സാഹിത്യവും ശില്പകലയുമൊക്കെ ഉച്ചസ്ഥായിയിലായിരുന്നു.
        ഈ കാലത്തില്‍ നടമാടിയിരുന്ന നൃശംസതകള്‍ക്കെതിരെ അവിടെനിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നു വരാന്‍ തുടങ്ങി.എസ് എന്‍ ഡി പി പോലുള്ള പ്രസ്ഥാനങ്ങള്‍, അയാങ്കാളി പോലുള്ള മഹാരഥന്മാര്‍  തുടങ്ങിയവര്‍ അതിനൊരു സംഘടിതരുപം നല്‍കി. പിന്നീട് കമ്യൂണിസ്റ്റു പ്രസ്ഥാനം അതേറ്റെടുത്തു മുന്നോട്ട് കൊണ്ടു പോയി.
പിന്നീട് അവര്‍ ( കമ്യൂണിസ്റ്റുകള്‍ ) അധികാരത്തിലെത്തി.കേരളമെന്ന സംസ്താനത്തെ മുന്നോട്ടു നീങ്ങാന്‍ സഹായകരമായ നിരവധി അനവധി പദ്ധതികള്‍ക്കവര്‍ രൂപം നല്‍കി.
                                ഇതും നേരത്തെ പറഞ്ഞ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തണങ്ങളും കൂടി നമ്മെ എവിടെ എത്തിച്ചു എന്നറിയാമോ? ഒരു രാജ്യത്തെ ആരോഗ്യ സാമൂഹ്യ സാമ്പത്തീക വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളാണ് ആ രാജ്യത്തെ പിന്നോക്ക മുന്നോക്കമെന്ന മുഖ്യഘടകം.ചുരുക്കി പറഞ്ഞാല്‍ ആരോഗ്യരംഗത്തും,വിദ്യാഭ്യാസരംഗത്തും,അങ്ങനെ ഓരോ രംഗത്തും ഇന്‍ഡ്യ ഏറ്റവും പിന്നണിയില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തിന്റെ സ്ഥാനം അമേരിക്ക, റഷ്യ,മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവയോടൊപ്പമാണ്. ഇതിനെ ലോകമെമ്പാടുമുള്ള വിദഗ്ധര്‍ വിളിച്ചതു ക്കേരല മിരക്ലെ എന്നു തന്നെയാണ്.
വളരെ പിന്നണിയില്‍ നില്‍ക്കുന്ന ഒരു രാജ്യത്തെ ഒരു കൊച്ചു സംസ്ഥാനം നേടിയെടുത്ത നേട്ടങ്ങള്‍ വിശദീകരിക്കാന്‍ അവര്‍ക്കല്ല ആര്‍ക്കുമായില്ല. അതുകൊണ്ടാണവരതിനെ കേരള മിറക്ല് എന്നു വിളിച്ചത്.
               എന്നാല്‍ ഇന്നു നോക്കുമ്പോഴോ? നമ്മള്‍ നേടിയ എല്ലാ നേട്ടങ്ങളില്‍ നിന്നും നമ്മള്‍ പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്.ഇംഗ്ലീഷ് മീഡിയം, സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പാവപ്പെട്ടവര്‍ പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ കഥ കഴിച്ചതോടെ വിദ്യാഭ്യാസ രംഗത്ത് നമ്മള്‍ നേടിയ നേട്ടങ്ങള്‍ അസ്തമിക്കാന്‍ തുടങ്ങി.അതുപോലെ തന്നെ സ്വകാര്യമേഖലയില്‍ കൂണു പോലെ വളര്‍ന്നുവന്ന ആശുപത്രികള്‍,സര്‍ക്കാര്‍ ആശുപത്രികള്‍ മോശമാണെന്ന ധാരണ സൃഷ്ടിക്കുകയും,അതോടെ അവിടേക്കു പോകുന്നവരുടെ എണ്ണം കുറയുകയും ചെയ്തതോടെ അവയും അടച്ചു പൂട്ടാന്‍ തുടങ്ങി.ആവശ്യമില്ലാത്ത പരിശോധനകളും മറ്റും മറ്റുമൊക്കെയായി സ്വകാര്യ ആശുപത്രികളിലെ ചികിത്സ സാധാരണക്കാരന് അപ്രാപ്യമാക്കുകയും ചെയ്തതോടെ നമ്മുടെ ആരോഗ്യരംഗത്തെ നേട്ടങ്ങളും ഇല്ലാതായി.
                   ഇതോടൊപ്പം കേന്ദ്രഗവണ്മെന്റിന്റെ പരിപാടികള്‍ സാധാരണ ജനത്തിന്റെ ജീവിതം ദുസ്സ് : ഹമാക്കുകയും അവന്റെ ജീവിതം കൂടുതല്‍ കൂടുതല്‍ ഞെരുങ്ങാന്‍ തുടങ്ങുകയും ചെയ്തു.
                    നമ്മള്‍ 2011ലേക്ക് പോകുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുന്ന കാര്യങ്ങള്‍ ഇതൊക്കെയായിരിക്കും.ചുരുക്കി പറഞ്ഞാല്‍ നമ്മെ ദുരിതത്തിന്റെ നരകത്തീയിലേക്ക് കൂടുതല്‍ കൂടുതല്‍ വലിച്ചെറിയാനുള്ള കാര്യങ്ങളായിരിക്കും 2011ലും ആവര്‍ത്തിക്കുക എന്നു സാരം.ഏറ്റവും ദു : ഖകരമായ കാര്യം ഇതിനെതിരേയുള്ള പോരാട്ടം വേണ്ടത്ര ഗൌരവത്തോടെ ഉയരുന്നില്ല എന്നതാണ്.ഇതു തന്നെ യാണ് 201ഒലേയും 2011ലേയും വലിയ ദു:ഖവും.
വിശ്വസ്ഥതയോടെ

                     എം എസ് .
Post a Comment