വിശ്വാസം! അതല്ലെ എല്ലാം! 2(കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച)

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഇനി ഈ പ്രശ്നത്തെ മറ്റൊരു രീതിയില്‍കൂടി ഒന്നു സമീപിച്ചുനോക്കാം.
                          ഏതാണ്ട് ഒരു 60,70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിക്കവാറും എല്ലാ വേനലറുതിയിലും നാട്ടിലാകെ നിരവധി മാരകമായ പകര്‍ച്ചവ്യാധികള്‍ പകര്‍ന്നു പിടിക്കുമായിരുന്നു.വിഷൂചിക,മലമ്പനി,വസൂരി തുടങ്ങി.ഇതില്‍ ഏറ്റവും മാരകമായ രോഗമായിരുന്നു വസൂരി(മസൂരി.).വസൂരി വന്നാല്‍ സംഗതി പോക്കാ! വസൂരിക്കാരന്റെ വീട്ടില്‍നിന്നും സമീപവീടുകളില്‍നിന്ന് പോലും ആളുകള്‍ വീടൊഴിഞ്ഞു പോകുമായിരുന്നു.രോഗിയെ നോക്കാന്‍ ചില പ്രത്യേകതരം നോട്ടക്കാര്‍ ഉണ്ടാവും.ഒരിക്കല്‍ രോഗം വന്ന് മാറിയവരായിരിക്കും നോട്ടക്കാര്‍.(ഒരിക്കല്‍ രോഗം വന്ന്‍ മാറിയാല്‍ പിന്നെ രോഗം ഉണ്ടാവില്ലെന്നാണ് പ്രമാണം.)ഇത്തരക്കാര്‍ ആയിരിക്കും രോഗിയെ നോട്ടക്കാര്‍.അവര്‍ മൂക്കറ്റം മദ്യപിച്ച് എത്തും,രോഗിയെ നോക്കുന്നതും നോക്കാതിരിക്കുന്നതും കണക്കായിരിക്കും.നോട്ടക്കൂടുതല്‍ കൊണ്ട് രോഗിയെ ജീവനോടെ കുഴിച്ചിട്ട സംഭവങ്ങള്‍ പോലും ഉണ്ട്.

              ഞാന്‍ പറഞ്ഞു വരുന്നത് അതല്ല.ഈ രോഗത്തിന് അന്ന് മരുന്നില്ല തന്നെയുമല്ല എന്തു കാരണം കൊണ്ട് ഈ രോഗംവരുന്നു എന്നുപോലും ആര്‍ക്കും അറിവുണ്ടായിരുന്നില്ല.രോഗം വന്നാല്‍ ആയുസ്സിന്റെ ബലത്തില്‍ രക്ഷപെട്ടാല്‍ പെട്ടു എന്നു മാത്രം.പിന്നെ ജനങ്ങളുടെ ധാരണ - വിശ്വാസം - വസൂരിമാല ( കൊടുങ്ങല്ലൂരെ ദേവി )വിത്തു വാരിയെറിയുന്നതാണത്രെ രോഗകാരണം.എന്തിനു വിത്തെറിയുന്നു , ആ അറിയില്ല.ഇങ്ങനെ രോഗം വന്ന് ശക്തമാകുമ്പോള്‍ ഹിന്ദുക്കളായ ഹിന്ദുക്കള്‍ മുഴുവന്‍ മഞ്ഞള്‍പൊടിയും കുരുമുളകുമായി ഇറങ്ങും, ദേവീ കടാക്ഷത്തിനായി.കൃസ്ത്യാനികളാകട്ടേ, സെന്റ് തോമസിന്റെ അമ്പും എഴുന്നെള്ളിച്ചു കൊണ്ടൊരു ജാഥയുണ്ട് അവരുടെ കേന്ദ്രങ്ങളില്‍. മുസ്ലീംകളോ റതീബ് എന്നൊരു പരിപാടി നടത്തും.ഇത്രയും കഴിയുമ്പോഴേക്കും രോഗം പമ്പ കടന്നിരിക്കും.യഥാര്‍ത്ഥത്തില്‍ ഈ പ്രകടനം കൊണ്ടല്ല രോഗം മാറിയതെന്നത് വ്യക്തം.കാരണം രോഗാവസ്ഥ നിയന്ത്രണത്തിലാവുമ്പോഴേ ഇത്തരം പ്രകടനവുമായി ജനം ഇറങ്ങാറുള്ളു.
                      എന്നാല്‍ കാലം മാറി, ശാസ്ത്രം വളര്‍ന്നു.വസൂരി പോലുള്ള രോഗങ്ങള്‍ക്കുള്ള കാരണം ബാക്ടീരിയയാണെന്നും അതിനെ നിയന്ത്രണവിധേയമാക്കാനുള്ള മാര്‍ഗങ്ങളും അവര്‍ കണ്ടെത്തി എന്നു തന്നെയല്ല വസൂരിയെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുന്നതില്‍ മനുഷ്യന്‍ വിജയിച്ചു.ഇന്നാരും വസൂരി വന്നാല്‍ മഞള്‍പ്പൊടിയും കുരുമുളകും അന്വേഷിച്ച് പോകാറില്ല പകരം നല്ല ഡോക്ടരെ അന്വേഷിക്കും.അങ്ങനെ ശാസ്ത്രത്തിന്റെ വളര്‍ന്നപ്പോള്‍ ഒരു ദൈവം പിന്നോക്കം പോയി.
                     ഇത് വസൂരിയുടെ കാര്യത്തില്‍ മാത്രമല്ല,മനുഷ്യന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം പ്രതിഭാസങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.ആദ്യകാലങ്ങളില്‍ ഈ പ്രകൃതിയെക്കുറിച്ചും പ്രകൃതിപ്രതിഭാസങ്ങളേക്കുറിച്ചുമുള്ള മനുഷ്യന്റെ അജ്ഞതയാണ് യഥാര്‍ത്ധത്തില്‍ ദൈവങ്ങളെ സൃഷ്ടിച്ചതെന്ന് വളരെ എളുപ്പത്തില്‍ത്തന്നെ നമുക്ക് കാണാന്‍ കഴിയും.പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ക്കു മുന്നില്‍ പകച്ചുനിന്ന മനുഷ്യന്‍ ഭയം നീക്കുന്നതിനായി അവയെ പ്രീണിപ്പിക്കുന്നതായി നടിക്കാന്‍ തുടങ്ങി.ഇന്നും പൂജാ വഴിപാടുകള്‍ വഴി ദൈവങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു,പ്രസാദിച്ചു എന്ന് പൂജാരി പറയുന്നതല്ലാതെ വേറെ തെളിവൊന്നുമില്ലല്ലോ?. പാമ്പും പഴുതാരയും മഴയും പുഴയും ആനയും കുരങ്ങനുമടക്കമുള്ള മൃഗങ്ങളും അടക്കം ദൈവങ്ങളായി രൂപാന്തരം പ്രാപിച്ചതിന്റെ പിന്നിലെ രഹസ്യം ഇതായിരുന്നു. വേനല്‍ കനത്താല്‍ മഴക്കു വേണ്ടി വരുണന്‍ എന്ന മഴദൈവത്തിനു വേണ്ടി പ്രത്യേക പൂജ നടത്തുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു.എന്നാല്‍ ജലസേചനപദ്ധതികളും ജലവിതരണശൃംഖലകളും മറ്റും ഒരു വലിയ പരിധി വരെ ആവശ്യത്തിന് ജലം കൃഷിക്ക് നല്‍കാന്‍ തുടങ്ങിയപ്പോള്‍ തിരശ്ശീലക്കു പിന്നില്‍ മറഞ്ഞത് വരുണന്‍ എന്ന് ദൈവമായിരുന്നു.അതുപോലെ തന്നെ കണ്ണ് രോഗം വന്നാല്‍ സര്‍പ്പകോപത്തിനു പൂജചെയ്യാന്‍ ഇന്ന് ആളെകിട്ടാതായിരിക്കുന്നു.
              ഇതോടെ കുറ്റിയറ്റ് പോകേണ്ട ഒരു വിഭാഗം ഉണ്ടായിരുന്നു - പൂജാരിമാര്‍.ദൈവത്തിന്റേയും മനുഷ്യന്റേയും മധ്യവര്‍ത്തിയായി നില്‍കുന്ന ഒരു വിഭാഗമാണ് ഇവര്‍.ശാസ്ത്രത്തിന്റെ വളര്‍ച്ച ദൈവങ്ങള്‍ക്കൊപ്പം തങ്ങളുടേയും വംശനാശത്തിനു വഴി വൈക്കുമെന്ന് മനസ്സിലാക്കിയ ഇവര്‍ പുതിയ പോംവഴികള്‍ കണ്ടെത്തി.ആധുനീകശാസ്ത്രത്തെ ദൈവശാസ്ത്രമായ് മാറ്റിയെഴുതുക.ആദ്യകാലത്തെ ദൈവവചനങ്ങളെന്നവകാശപ്പെട്ട കാര്യങ്ങള്‍ക്കൊക്കെ പുതിയ ഭാഷ്യം രചിക്കുക.കണ്ടോ ഇത് ഞങ്ങളുടെ ദൈവം അന്നേ പറഞ്ഞതല്ലേ എന്ന് പ്രചരിപ്പിക്കുക.ശാസ്ത്രം പറയുന്നതുവരേ ഇത്തരക്കാര്‍ നിശബ്ദരായിരിക്കും,കാരണം അവര്‍ക്കുമിതറിവില്ല,എന്നാല്‍ ശാസ്ത്രം കണ്ടെത്തിയാലോ ഉടനേ അവരും രംഗത്തിറങ്ങും.
                ജനങ്ങളുടേതായി ജനങ്ങളോടോപ്പം വളര്‍ന്നു വന്ന ശാസ്ത്രം പിന്നീട് നിക്ഷിപ്തതാല്പര്യക്കാരുടെ കയ്യിലെത്തിച്ചേര്‍ന്നത് ഇവര്‍ക്ക് സൌകര്യമാവുകയും ചെയ്തു.നമുക്കറിയാം ശാസ്ത്രത്തെ ജീവിതത്തിന്റെ അടിത്തറയാക്കാതെ,ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തിയെടുക്കാതെ നമുക്ക് പുരോഗതിയിലേക്ക്, വളര്‍ച്ചയിലേക്ക് നീങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും.കാരണം ശാസ്ത്രത്തിന്റെ വഴി കാഠിന്യം നിറഞ്ഞതും കല്ലും മുള്ളും നിറഞ്ഞതുമായിരിക്കും എന്നാല്‍ ദൈവവിശ്വാസത്തിന്റേയോ വളരെ എളുപ്പവും സൌകര്യം നിറഞ്ഞതുമയിരിക്കും.നമ്മള്‍ മക്കളെ ഉപദേശിക്കാറില്ലേ കഷ്ടപ്പെടാതെ ഒന്നും നേടാനാവില്ല എന്ന്, അത് നമുക്കു കൂടി ബാധകമാണെന്നോര്‍ക്കുക.
                അതുകൊണ്ട് വിശ്വ്വസം മാത്രമല്ല വേറെ പലതും കൂടി പ്രധാനപ്പെട്ടതാണ്.
Post a Comment