പെറ്റ് പെറ്റ് അകലുകയാണ്, ചത്ത് ചത്ത് അടുക്കുകയും!!!

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പെറ്റ് പെറ്റ് അകലുകയാണ്, ചത്ത് ചത്ത് അടുക്കുകയും.ഇന്നന്തിയിലെ എല്ലാ ചാനല്‍ ന്ൂസുകളും കാണുമ്പോള്‍ മനസ്സിലേക്കോടി വന്ന പഴഞ്ചൊല്ലാണ് ഇത്.
എല്ലാ ചാനലുകാരും ആവേശത്തോടെ എടുത്തു പറയുന്ന ഒരു പ്രധാന വാര്‍ത്തയാണ്(12/01/11) ഓട്ടോ ടാക്സി നിരക്കു കൂട്ടിയ വിവരം.കുറച്ചു ദിവസം നീണ്ടു നിന്ന ഓട്ടോ ടാക്സി പണിമുടക്കിനേതുടര്‍ന്ന് ഗവണ്മെന്റ് അവയുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുകയായിരുന്നു.ഓട്ടോക്ക് 10 രൂപയായിരുന്ന മിനിമം നിരക്ക് 12 രൂപയാക്കി,അതുപോലെ തന്നെ കിലോമീറ്റര്‍ നിരക്കിലും മാറ്റമുണ്ട്.ഏതാണ്ട് ഇതുപോലെ തന്നെ ടാക്സി കൂലിയും കൂട്ടി. കേന്ദ്രഗവണ്മെന്റ് അടിക്കടി പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാണ് സര്‍വീസ് നിറുത്തിയതെന്ന് ഓട്ടോ ടാക്സി നേതാക്കള്‍ അവകാശപ്പെടുകയും ചെയ്തു.
             കുറച്ചു കാലം മുന്‍പ് നമ്മള്‍ വേറൊരു കാര്യം കേട്ടിരുന്നു. ടെലി കമ്യൂണിക്കേഷന്‍ രംഗത്തെ മാ‍റ്റങ്ങളും വര്‍ദ്ധിച്ച ഇന്റര്‍നെറ്റ് ഉപയോഗവും ശാസ്ത്രസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും എല്ലാം കൂടി ഈ ഭൂമി മുഴുവന്‍ ഒരു കൊച്ചു ഗ്രാമമാക്കി മാറ്റിയിരിക്കുന്നു എന്ന്.ഒരു വലിയ പരിധി വരെ അത് ശരിയാണുതാനും.ഒരുദാഹരണം കൊണ്ടതു വ്യക്തമാക്കാം.എന്റെ ഗ്രാമത്തില്‍ നിന്ന് അടുത്ത ഗ്രാമത്തിലെത്താന്‍ പണ്ട് ,വാഹനങ്ങളില്ലാത്ത കാലത്ത് , ഒരു മുഴുവന്‍ ദിവസവും നടക്കണമായിരുന്നു.അപ്പോള്‍ എന്റെ പൂര്‍വികര്‍ പറഞ്ഞുകൊണ്ടിരുന്നത് ഇവിടന്ന് ആ ഗ്രാമത്തിലേക്ക് ഒരു ദിവസത്തെ ദൂരമാണെന്നാണ്.എന്റെ ഗ്രാമമായ “ആ”യില്‍ നിന്നും അടുത്ത ഗ്രാമമായ “ബ്”യിലേക്കുള്ള ദൂരം ഒരു ദിവസം. അപ്പോള്‍ എന്റെ ഗ്രാമത്തില്‍ നിന്നും 40 കി.മി അകലെ കിടക്കുന്ന എറണാകുളമെന്ന മഹാ പട്ടണമോ? അങ്ങു ദൂരെയുള്ള ഒരു സ്വര്‍ഗം.അപ്പോള്‍ പിന്നെ അമേരിക്ക യൂറോപ്പ് റഷ്യ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച് ആരും കേട്ടിട്ട് പോലുമുണ്ടാകില്ല.എന്നു തന്നെയല്ല അങ്ങനെയൊരു രാജ്യം ലോകത്തില്ല തന്നെ !
                  പണ്ട് ഒരുമാതിരിപ്പെട്ട ഗ്രാമങ്ങളില്‍ നിന്നെല്ലാം ശബരിമലക്ക് വ്രതവും നോക്കി കെട്ടും മുറുക്കി പോകുമ്പോള്‍ അയ്യപ്പന്മാരുടെ വീടുകളില്‍നിന്നെല്ലാം മരണവീടുകളില്‍നിന്നെന്നപോലെ  കൂട്ടക്കരച്ചില്‍ കേള്‍ക്കാമായിരുന്നു.അര്‍ത്ഥം വളരെ ലളിതമാണ്! അറിയാത്ത ദൂരത്തേക്കാണ് അവര്‍ പോകുന്നത് ,അവിടെയെത്താന്‍ തന്നെ ഒരുമാസത്തോളം വേണം, തിരിച്ചെത്താനും അത്രതന്നെ വേണം. എത്തിയാല്‍ എത്തി എന്നു പറയാം. പിന്നെങ്ങനെ കരയാതിരിക്കും?
                 പക്ഷെ ഇന്നോ, രാവിലെ ബ്രേക് ഫാസ്റ്റും കഴിച്ച് വണ്ടിയില്‍ കയറിയാല്‍ ദര്‍ശനവും കഴിച്ച് രാത്രി ഭക്ഷണത്തിനു മുന്‍പായി ഇന്ന് തിരിച്ചെത്താന്‍ പറ്റുന്ന രീതിയില്‍ ശാസ്ത്രം വളര്‍ന്നു.എന്നു വച്ചാല്‍ രണ്ടു മാസത്തെ ദൂരം ഒരു ദിവസത്തെ ദൂരമായി കുറഞ്ഞിരിക്കുന്നു.നമ്മള്‍ കേള്‍ക്കാത്ത പ്രദേശങ്ങളായ അമേരിക്ക, ലണ്ടന്‍,യൂറോപ്പ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചെല്ലാം അറിയാനും അവിടത്തുകാരുമായി അടുത്തിടപഴുകാനും ആശയവിനിമയം നടത്താനും അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ജനങ്ങള്‍ പോയി വരാനും തുടങ്ങി.ഒന്നും വേണ്ട കമ്പ്യൂട്ടറിനു മുന്‍പില്‍ വെബ് കാമറയും തുറന്നു വച്ചിരുന്നാല്‍ ലോകത്തിന്റെ ഏതുഭാഗത്തും നമ്മളെ ട്യൂണ്‍ ചെയ്തിരിക്കുന്നയാള്‍ക്ക് നമ്മളെ തത്സമയം കാണാനും സംസാരിക്കാനും കഴിയും, നമുക്കയാളേയും.ഇപ്പോ വിശ്വാസമായില്ലെ? ലോകം മുഴുവന്‍ ഒരു ദിവസം കൊണ്ട് നടന്നെത്താവുന്ന ഗ്രാമമായി മാറിക്കഴിഞ്ഞില്ലേ?
                ഇനി വേറൊരു കാര്യം. എന്റെ അച്ചനും അമ്മയും വീടിനു തൊട്ടടൂത്ത ഗ്രാമത്തിലെ അദ്ധ്യാപകരായിരുന്നു,ബസ്സില്‍ കയറിയാല്‍ അന്നത്തെ മിനിമം ചാര്‍ജായ 10 പൈസക്കെത്താവുന്ന ദൂരത്തെ സ്കൂളില്‍.അവരവിടെയായിരുന്നതിനാല്‍ ഞാനും എന്റെ തൊട്ടു താഴെയുള്ള അനിയത്തിയും അതേ സ്കൂളില്‍ തന്നെയാണ് പഠിച്ചത്. രാവിലെ അച്ചനും അമ്മയും അനിയത്തിയും ഞാനും കൂടി ബസില്‍ കയറി സ്കൂളില്‍ പോകും.ടിക്കറ്റ് അച്ചനും അമ്മക്കും മാത്രം മതി.അതായത് നാലു പേര്‍ക്കും കൂടി 20 പൈസ,അല്ലെങ്കില്‍ ഒരാള്‍ക്ക് 5 പൈസ. ഇത് 60 കളുടെ ആദ്യകാലം.അന്നത്തെ 10 പൈസ ദൂരത്തിന് ഇന്ന് കൊടുക്കേണ്ടത് 400 പൈസ (4രൂപ).എന്നു വച്ചാല്‍ അന്ന് പത്തുപൈസയുടെ അത്ര അടുത്തുണ്ടായിരുന്ന ദൂരം ഇന്ന് 400 പൈസയുടെ അത്രയും ദൂരെയായിരിക്കുന്നു.നമ്മള്‍ പഴയ കാലത്തേക്കു തന്നെ തിരിച്ചു പോകുകയാണോ?വഴി കൂടുതലായതു കൊണ്ട് നമുക്കറിയാന്‍ പറ്റാത്ത അന്നത്തെ പ്രദേശങ്ങള്‍ ഇന്ന് പൈസ കൂടൂതലായതുകൊണ്ട് നമുക്കറിയാന്‍ പറ്റാത്ത സ്ഥിതി വരുമോ?
      ഇവിടെയാണ് നേരത്തെ പറഞ്ഞ പഴഞ്ചൊല്ലിന്റെ പ്രസക്തി.പെറ്റ് പെറ്റ് അകലുകയാണ് എന്ന് പറയുന്നത് വേറൊന്നുമല്ല തലമുറകള്‍ തമ്മിലുള്ള വിടവ് തന്നെയാണ്. ഓരോ തലമുറയും പറയുന്നത് തൊട്ട് നേരത്തേയുള്ള തലമുറക്ക് മനസ്സിലാകുന്നില്ല, എന്നാല്‍ ചത്താലോ ? എല്ലാ വിടവുകളും അവിടെ തീര്‍ന്നു, എല്ലാം ഒന്നായി(ഇവിടമാണാത്മവിദ്യാലയം). ഈ പഴഞ്ചൊല്ലിന് ഈ കുറിപ്പിലെ പ്രസക്ത്തി എന്താണെന്നോ ? വിലക്കയറ്റം നമ്മളെ സധാരണക്കാരെ സുഭിക്ഷജീവിതത്തില്‍ നിന്ന്, മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകളില്‍ നിന്ന് അകറ്റുന്നു. ബസ് നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ നമ്മള്‍ അത്യാവശ്യയാത്രകള്‍ തന്നെ കുറക്കാന്‍ ശ്രമിക്കുന്നു,എല്ലാ വിലവര്‍ദ്ധനകളും മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകള്‍ കുറക്കുന്നു, നേരെ മറിച്ച് ടെക്നോളജി നമ്മെ കൂടുതല്‍ കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു.
                  ഇനി ഒരു ചെറിയ കാര്യം കൂടി.( ഈ വൃദ്ധന്‍ വല്ലാതെ ബോറടിപ്പിക്കുന്നുണ്ടോ?). വരേണ്യചാനലുകളായ ഏഷ്യാനെറ്റ് തുടങ്ങിയവയില്‍ ചാര്‍ജ് വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം വേറൊരഭ്യാസം കൂടി കണ്ടു.ചാനല്‍ റിപ്പോര്‍ട്ടര്‍ കുഞ്ഞുങ്ങള്‍ റോഡിലൂടെ നടന്ന് പലരോടും ചോദിക്കുന്നു: ചാര്‍ജ് വര്‍ദ്ധനയെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു. ഉടനെ ഒരാള്‍ “ഹോ സാധാരണക്കാര്‍ക്കിവിടെ ജീവിക്കാന്‍ വയ്യാതായി.അരിക്ക് വിലയെത്ര, ഉള്ളി വില 1/2 കിലോക്ക് 40 , എന്നു വച്ചാല്‍ കിലോക്ക് 80 രൂപ.മനുഷ്യനെങ്ങിനെ ഇവിടെ ജീവിക്കും. എന്തിനാണ് ഇങ്ങനെയൊരു ഗവണ്മെന്റ്.നമ്മള്‍ വോട്ട് ചെയ്തു ഇവരെ ജയിപ്പിച്ച് വിട്ടല്ലോ“. ഇങ്ങനെ കുറെപേര്‍ വന്ന് പ്രഖ്യാപിക്കുകയാണ്. ഞാന്‍ ചോദിക്കട്ടെ പ്രിയ സാധാരണക്കാരാ ഇവിടെ ഓട്ടോ ഓടിക്കുന്നവനും ടാക്സി ഓടിക്കുന്നവനും പണക്കാരാണോ സുഹൃത്തേ?.ഇവര്‍ക്ക് കൂടുതല്‍ കിട്ടുന്ന കാശ് ഇവര്‍ ബാങ്കിലിടുന്നു എന്നാണോ സാധാരണക്കാരന്‍ വിചാരിച്ചിരിക്കുന്നത്. ഒരോട്ടോക്കാരന്‍ വിശദീകരിക്കുന്നതു കേട്ടില്ലെ; കിട്ടുന്ന പൈസ എണ്ണയടിക്കാനും വര്‍ക്ക് ഷോപ്പില്‍ കൊടുക്കാനും തികയില്ലത്രെ. ഒരു പരിധി വരെ വളരെ ശരിയാണ് ഇത്. ഇവിടിത്തെ സാധാരണക്കാരന്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഓട്ടൊ ടാക്സി കൂലി കൂട്ടിയതുകൊണ്ട് ഇവിടെയാരും പണക്കാരനാകുന്നില്ല,എന്നു തന്നെയുമല്ല കിട്ടുന്ന കാശിന്റെ സിംഹഭാഗവും അവന്‍ പല കടകളിലും മറ്റുമായി വീതിക്കുന്നു.അതുപോലെ തന്നെയാണ് എല്ലാവരുടേയും കാര്യം. പക്ഷെ ടി വീ സാധാരണക്കാരന്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്(അല്ലെങ്കില്‍ ടി വി ചാനലുകാര്‍ മൂടി വൈക്കുന്ന കാര്യം).ആരാണീ സാധനങ്ങള്‍ക്കൊക്കെ വിലകൂട്ടുന്നത് ?.സാധനവില കൂടൂമ്പോള്‍ തന്നെ വില്പനക്കാര്‍ (ചില്ലറ) പാപ്പരാകുന്നതെന്തു കൊണ്ട്?.എത്ര കൂലി വര്‍ദ്ധനവുണ്ടായിട്ടും നമുക്കാര്‍ക്കും വലിയ നീക്കിയിരിപ്പ് ഉണ്ടാകാത്തതെന്തു കൊണ്ട്?.അപ്പോള്‍ ടി വ്വി കാമറക്കു മുന്നില്‍ ഞെളിഞ്ഞു നിന്ന് സാധാരണക്കാര്‍ എന്നു വിളിച്ചു കൂവുമ്പോള്‍ മേല്പറഞ്ഞ കാര്യങ്ങള്‍ കൂടി ഒന്നുറക്കെ ചോദിച്ചു നോക്കുക. വീണ്ടും വീണ്ടും ചോദിക്കുക, അപ്പോള്‍ ഒരല്‍ഭുതം സംഭവിക്കുന്നതു കാണാം ! എന്താണെന്നല്ലേ ? വിലവര്‍ദ്ധനവ് പിടിച്ചു കെട്ടിയതു പോലെ നില്‍ക്കുന്നതു കാണാം.
“നാളെ നേതാക്കളായ് മാറേണ്ട നിങ്ങള്‍ക്ക്
കാലമമാന്തിച്ചു പോയില്ല,
നിങ്ങള്‍ പഠിക്കുവിന്‍, നിങ്ങള്‍ പഠിക്കുവിന്‍
ആദ്യക്ഷരം മുതല്‍ മേലോട്ട്,
ബാലപാഠങ്ങള്‍ പഠിച്ചോളിന്‍
മതിയാവില്ലെങ്കിലും
നന്നായ് പഠിച്ചോളിന്‍”
Post a Comment