വിശ്വാസം! അതല്ലെ എല്ലാം!

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
വിശ്വാസം!അതാണല്ലോ എല്ലാം.കുറച്ചു നാളായി നമ്മള്‍ മലയാളികളുടെ മനം കവര്‍ന്ന ഒരു റ്റിവി പരസ്യത്തിലെ അവസാനവാചകമാണിത്.
എന്നാല്‍ ഈ വാചകത്തിനെ ആ പരസ്യത്തിന്റെ ചുറ്റുപാടുകളില്‍ നിന്നും മോചിപ്പിച്ച്  പുതിയൊരു ചുറ്റുപാടില്‍ പ്രതിഷ്ഠിച്ച് ഒന്നു വായിക്കാനൊരുമ്പെടുകയാണ് ഈ പോസ്റ്റില്‍.
                 നമ്മള്‍ മലയാളികള്‍ കൃത്യമായി അമ്പലങ്ങളിലും പള്ളികളിലും മോസ്കുകളിലും പോകുന്നവരാണല്ലോ.(ഇതില്പെടാത്തവര്‍ ഉണ്ടെന്നറിയാം എണ്ണത്തില്‍ കുറവായതിനാല്‍ കണക്കില്‍ കൂട്ടുന്നില്ല.) അത് ശാസ്ത്ര സാഹിത്യ പരിഷത്തുകാരനാണെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണെങ്കില്‍ കൂടിയും ദേവാലയങ്ങളില്‍ പോകുന്ന കാര്യത്തില്‍ ഒരു ഉപേക്ഷയും വിചാരിക്കില്ല എന്നതു സത്യം.
            ഇനി അമ്പലത്തിലും പള്ളിയിലും ഒക്കെ ചെന്നാലോ? അവിടെ തരാതരം വഴിപാടുകളോക്കെ നടത്തി പ്രാര്‍ത്ഥനയും പൂജകളുമൊക്കെ നടത്തി സംതൃപ്തരാകാതെ നമ്മള്‍ തിരിച്ചു പോരാറില്ല. ഇപ്പോള്‍ പുതിയൊരു തരം ഇന്‍സ്റ്റന്റ് പ്രാര്‍ത്ഥനയും കാണുന്നു.അമ്പലത്തിന്റേയോ പള്ളിയുടേയോ മുന്നില്‍ ചെന്നാല്‍ എത്ര തിരക്കുണ്ടെങ്കില്‍ കൂടിയും അമ്പലമാണെങ്കില്‍ ഒന്നു തലകുനിച്ച് ആട്ടി അമ്പലപ്രതിഷ്ഠയോട് കൂടെ പോരുന്നോ എന്നു ചോദിക്കും,പള്ളിയാണെങ്കിലോ കൈ കൊണ്ട് ഒരു ഭീഷണമായ ആംഗ്യം കാണിക്കുന്നതു കാണാം.
                 ഇനി കൈയിലിരിക്കുന്ന കാശും കൊടുത്ത് എന്താണ് മലയാളി പ്രാര്‍ത്ഥിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ദൈവമേ പരീക്ഷയില്‍ എന്നെ വിജയിപ്പിക്കേണമേ, ദൈവമേ ഞാന്‍ വാങ്ങുന്ന അരിക്കു മാത്രം കിലോക്ക് 2 രൂപയായിരിക്കേണമേ, ദൈവമേ എനിക്ക് നിധി കിട്ടേണേ,ദൈവമേ എന്നെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കേണമേ എന്നൊക്കെയല്ലാതെ പട്ടിണി കിടക്കുന്ന എന്റെ അയല്‍വാസിക്ക് സുഭിക്ഷത നല്‍കേണമേ എന്ന് ആരും ഇന്നേ വരെ പ്രാര്‍ത്ഥിച്ചു കേട്ടിട്ടില്ല.( അങ്ങനെയെങ്ങാന്‍ ആരെങ്കിലും ചെയ്തിരുന്നെങ്കില്‍ ലോകം എന്നേ നന്നാവുമായിരുന്നു.)അയല്‍വാസിക്ക് നല്ലതു വരണേ എന്നാരെങ്കിലും പ്രാര്‍ത്ഥിച്ചതായി ആര്‍ക്കെങ്കിലും കേട്ടുകേള്‍വിയെങ്കിലും ഉണ്ടോ?
                    അപ്പോള്‍ എത്ര മാര്‍ക്സിസ്റ്റ് കാരനാനെങ്കിലും എത്ര ശാസ്ത്രസാഹിത്യപരിഷത്തുകാരനാണെങ്കിലും മലയാളിക്ക് ദൈവവിശ്വാസം ഇന്ന് ജീവവായുപോലെയായിരിക്കുന്നു. ഇതില്‍ മാര്‍ക്സിസ്റ്റ് കാരന് ന്യായീകരണമുണ്ട്; എന്താണെന്നോ, മാര്‍ക്സിസ്റ്റ് കാരന്‍ ദൈവവിശ്വാസം ഇല്ലാതാക്കാന്‍ നടക്കുന്നവനല്ല പിന്നയോ സാമൂഹ്യമാറ്റത്തിനുവേണ്ടി നടക്കുന്നവനാണ് എന്ന്, ആ ധര്‍മസമരത്തില്‍ ദൈവവിശ്വാസിക്കും അവിശ്വാസിക്കും ഒരേ സ്ഥാനമാണെന്നുഅവര്‍ പറയും.പക്ഷെ ഇതത്ര സധൈര്യം പറയാവുന്ന ഉത്തരമല്ല എന്തുകൊണ്ടെന്നാല്‍  പ്രത്യയശാസ്ത്രം പടച്ചട്ടയാക്കി സാമൂഹ്യവ്യവസ്ഥയോട് പടപൊരുതാന്‍ ആശയസ്ഥൈര്യവും ആശയവ്യക്തതയും ഉള്ളവനേ കഴിയൂ .ആശയസമരത്തിലേ വിട്ടുവീഴ്ചയുടെ ദുരന്തങ്ങളാണ് ഇടതുപക്ഷത്തിന്റെ ഇന്നത്തെ ദുരവസ്ഥക്കു കാരണമെന്നെനിക്കു തോന്നുന്നു.
                   അതു പോലെ തന്നെ പരിഷത്തിന്റെ വര്‍ത്തമാനങ്ങളില്‍ സ്ഥിരം കടന്നുവരുന്ന വാക്കുകളാണ് ശാസ്ത്രബോധവും ശാസ്ത്രാവബോധവും.രണ്ടും തമ്മില്‍ വളരെയധികം വ്യത്യാസങ്ങളും ഉണ്ട്.എന്നാല്‍ ഇന്ന് പരിഷത്തിലും ശാസ്ത്രബോധമുള്ളവര്‍ കൂടുതലും ശാസ്ത്രാവബോധമുള്ളവര്‍ കുറവുമാണെന്നും പരിഷത്തുതന്നെ കുറ്റസമ്മതമെന്ന നിലയില്‍ പറയുന്നു.(പരിഷത്ത് മേഖലാവാര്‍ഷികകുറിപ്പുകള്‍).എന്നു വച്ചാല്‍ പരീക്ഷക്കു വേണ്ടിയും അതുപോലുള്ള മറ്റാവശ്യങ്ങള്‍ക്കു വേണ്ടിയും നാം വലിയ ശാസ്ത്രജ്നാനം പറയുകയും പ്രായോഗീകജീവിതത്തില്‍ ശാസ്ത്രം ഒഴിവാക്കി(അതവര്‍ സമ്മതിക്കില്ല, പിന്നയോ ദൈവശാസ്ത്രം എന്നു പറയും) ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുകയും ചെയ്യാനുള്ള  ഒരു ത്വര വളര്‍ന്നു വരികയും ചെയ്യുന്നു എന്നതല്ലേ സത്യം.കുറച്ചുനാള്‍ മുന്‍പൊരു ലേഖനത്തില്‍ വായിച്ചതു പോലെ 1960 കളില്‍ ജ്യോത്സ്യന്മാരും മന്ത്രവാദികളും ഉണ്ടായിരുന്നെങ്കില്‍ കൂടിയും അവരുടെ പ്രവര്‍ത്തനം ഒളിവിലായിരുന്നു.കള്ളുഷാപ്പില്‍ കയറുന്നതുപോലെ ഒളിഞ്ഞായിരുന്നു അവരുടെ അടുത്ത് ജനങ്ങള്‍ പൊയ്കൊണ്ടിരുന്നത്.എന്നാല്‍ ഇന്നോ ? വന്ന് വന്ന് ടിവി യില്‍ വരെ രക്ഷ കെട്ടുന്നതിന്റേയും കണ്ണുകിട്ടാതിരിക്കാന്‍ രക്ഷകെട്ടുന്നതിന്റേയും പ്രചരണപരിപാടികളല്ലെ? പുരോഗമനകരം എന്നു നമ്മള്‍ വിചാരിച്ചിരുന്ന ചാനലുകള്‍ പോലും ഈ പരിപാടി പ്രദര്‍ശിപ്പിക്കുന്നതില്‍ മുന്നിലാണ് എന്നു കാണുന്നതാണ് ലജ്ജാകരം.
                   പണ്ട് കേരളീയര്‍ നേടിയ നേട്ടങ്ങളില്‍ നിന്നും നാം പിറകോട്ട് പോകുന്നു എന്നു പറയുന്നതിന്റെ മൂലകാരണം തന്നെ ഇതല്ലെ?.നാം തന്നെ നമ്മെ പുറകോട്ട് നടക്കാന്‍ പ്രേരിപ്പിക്കുന്നു,എന്നിട്ട് നാം പുറകോട്ടാണേ നടക്കുന്നത് എന്ന് വിലപിക്കുകയും ചെയ്യുന്നു.പ്രവര്‍ത്തിയിലേ ഈ വൈരുദ്ധ്യമല്ലെ കേരളീയരേ  പുറകോട്ട് നടത്തിക്കുന്നതില്‍ പ്രധാനകാരണം. നമ്മുടെ മുന്നിലെ മാതൃകകളെല്ലാം അയഞ്ഞു അഴിഞ്ഞ് ചീഞ്ഞ് നാറ്റം പരത്തിക്കൊണ്ടിരിക്കുന്നു.നാറിത്തുടങ്ങിയിട്ടില്ലെങ്കിലും നാറിക്കഴിഞ്ഞു എന്നു പ്രചരിപ്പിക്കാന്‍ നിരവധി മാധ്യമങ്ങളും ഇവിടുണ്ട് എന്ന് നാം മറക്കരുത്.ഒരു പക്ഷേ പുരോഗമനപക്ഷത്തു നില്‍ക്കുന്നതിനേക്കാള്‍ ജനപിന്തുണയും കൌശലവും കൈമുതലായവയാണവ. ഇത് പുരോഗമനപക്ഷത്തിന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു.                              ( ശേഷം അടുത്ത പോസ്റ്റില്‍‍)

1 comment :