പോള്‍ വധം,ലാവലിന്‍,പിന്നെ പത്രക്കാരും

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് ചങ്ങനാശ്ശേരി ഭാഗത്ത് അര്‍ദ്ധരാത്രി ഇരുട്ടിന്റെ മറവില്‍ ഒരു കൊലപാതകം നടന്നു. എന്‍ഡേവര്‍ കാറില്‍ യാത്ര ചെയ്തു കൊണ്ടിരുന്ന, കേരളത്തിലെ ഒരു സമ്പന്ന കുടുംബാംഗവും കേരളത്തിലെ ഒരു യുവവ്യവസായിയും ആയ പോള്‍ മുത്തൂറ്റ് എന്ന ചെറുപ്പക്കാരന്‍ അതി ദാരുണമായി കുത്തേറ്റ് കൊല്ലപ്പെട്ടു.പോരാത്തതിന് ഈ കുടുമ്പത്തിന് കേരളത്തില്‍ ഒരല്പം രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. കാര്യത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഉടനെ തന്നെ പോലീസ് ഇടപെടുകയും( ഇടപെടുവിക്കുകയും) അവര്‍ ആത്മാര്‍ത്ഥമായി കേസ് അന്വേഷിക്കുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കൊലയാളികളെ വെളിച്ചത്തു കൊണ്ടു വരികയും കൊലയുടെ രഹസ്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. കാര്യത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഐ ജി തന്നെ പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും,കൊലക്കുപയോഗിച്ച എസ് (S) ആകൃതിയുള്ള കത്തി പത്രക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.കാര്യങ്ങള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു. 
                                 പക്ഷെ നമ്മുടെ ചില മാധ്യമ വിശാരദന്മാര്‍ക്ക് ഇത് സഹിച്ചില്ല.ഇടതുപക്ഷത്തിന്റെ കാലത്ത്, പ്രത്യേകിച്ചും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇവിടെ ഭരിക്കുമ്പോള്‍ പ്രമാദമായ ഒരു കൊലക്കേസ്  --------

                                ഇത്രവേഗം തെളിയുകയോ? അതും ഒരു വിവാദവും കൂടാതെ. ചിലര്‍ക്കതു സഹിച്ചില്ല.ഒരു മാധ്യമവീരന്‍ കൊല്ലത്തെ കൊല്ലനെ തപ്പി പോയി, ചിലര്‍ കൊലയാളികളുടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബന്ധം കണ്ടത്താനുള്ള പ്രവര്‍ത്തനത്തില്‍ മുഴുകി.പിന്നെയവര്‍ പൊങ്ങിയത് വളരെ വലിയ രണ്ടു ബോംബുകളുമായിരുന്നു.
ബോംബ് നംബര്‍ 1. പോലീസുകാര്‍ കൊല്ലനെക്കൊണ്ട് വ്യാജമായി ഉണ്ടാക്കിച്ചതാണ് S കത്തി.അല്ലാതെ ഒരു S കത്തിയും കൊലക്കുപയോഗിച്ചിട്ടില്ല. രണ്ടാമത്തെ കൂട്ടര്‍ പൊങ്ങിയത് അതിലും മാരകമായ ഒരു ആറ്റം ബോംബുമായാണ്;, യഥാര്‍ഥ കൊലപാതകികള്‍ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരു മന്ത്രിയുടെ പുത്രനുമായി ബന്ധമുണ്ട്, അയാള്‍ കൊലപാതകികളെ ഗള്‍ഫിലേക്ക് കടത്തി. ഏഷ്യാനെറ്റ് ചാനല്‍ ഒരു പടികൂടി മുന്നോട്ട് കടന്നു.അവര്‍ ഗള്‍ഫില്‍ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടല്‍ കണ്ടെത്തി അതിനു മുന്നില്‍ നിന്നു കൊണ്ട് ലൈവ് സമ്പ്രേഷണം ചെയ്തു. ഇതിനിടയില്‍ വേറൊരബദ്ധം സംഭവിച്ചു, മാര്‍ക്സിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ശ്രീ പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി പറഞ്ഞു S കത്തി ആര്‍ എസ് എസുകാരാണ് സാധാരണ ഉപയോഗിക്കാറ് എന്ന്. പോരേ പൂരം.മാര്‍ക്സിസ്റ്റ് വിരുദ്ധ പത്രക്കാരെല്ലാം ഒന്നിച്ചുകൂടി.
                        പിന്നെ പൊടി പൂരമായിരുന്നു. പോലീസിന്റെ സാമദാനഭേദ്യശ്രമങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത എമണ്ടന്‍ രഹസ്യങ്ങള്‍ പോലും പത്രക്കാര്‍ പുഷ്പം പുഷ്പം പോലെ ചികഞ്ഞു പുറത്തു കൊണ്ടു വന്നു. എന്‍ഡെവര്‍ കാറിനകത്ത് ഒരു സിനിമാ നടിയുണ്ടായിരുന്നു, അവര്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം തരം വില വാങ്ങിയ ഷോപ്പിന്റെ പേര് അഡ്രസ്സ്, കൊലക്കുശേഷം അവള്‍ കാറില്‍ നിന്നും ഇറങ്ങിയ വശം,ആരുടെ കൈ പിടിച്ചിറങ്ങി, താഴെ ഇറങ്ങിയപ്പോള്‍ ആരാണവരെ താങ്ങി നിറുത്തിയത് തുടങ്ങി പോലീസിനു കിട്ടാതിരുന്ന നൂറായിരം രഹസ്യങ്ങള്‍ ഈ മാന്യന്മാരും ഉത്സാഹികളുമായ പത്രക്കാര്‍ പുറത്തുകൊണ്ടുവന്നു.
                      പോലീസ് ആകെ നാറിപ്പോയി.അവരെ ഒന്നിനുംകൊള്ളാത്തവരെന്ന് ജനം മുദ്രകുത്തി.ആരേയും സൌകര്യത്തിനു കിട്ടാത്തതുകൊണ്ട് കൊന്നില്ല ജനമെന്നുമാത്രം. പക്ഷെ മറ്റൊന്നുണ്ടായി.ലൊക്കല്‍ പോലീസ് കുറ്റക്കരനാക്കിയ ഒരു മര്യാദരാമന്റെ അമ്മ കേസിനു പോയി, കാരണം പച്ചക്കറി അരിയാന്‍ പോലും പിച്ചാത്തി കൈ കൊണ്ടു തൊടാത്ത എന്റെ മകനെ ലോക്കല്‍ പോലീസ് കൊലപാതകിയാക്കി.അവര്‍ കള്ളന്മാര്‍.അതുകൊണ്ട് ഈ കേസ് സി ബിഐയെ ഏല്‍പ്പിക്കണം.
                          കേട്ട പാതി കേള്‍ക്കാത്ത പാതി കോടതി കേസ് സി ബി ഐക്കു വിട്ടു.അവര്‍ പുലികള്‍,ശിങ്കങ്ങള്‍,വീരമാനപൈതങ്ങള്‍.ബോഫേഴ്സ് കേസ് അന്വേഷ്ച്ചന്വേഷിച്ച് പിന്‍ വലിക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്തവര്‍, അഭയക്കേസ് അന്വേഷിച്ച്ന്വേഷിച്ച് കോടതില്‍ ഇത് ഞങ്ങളല്ല ആരന്വേഷിച്ചാലും തെളിയില്ല എന്ന് സത്യവാങ്ങ് മൂലം നലകിയ വീരശിങ്കങ്ങള്‍.അവരന്വേഷിച്ചന്വേഷിച്ച് അവസാനം റിപ്പോര്‍ട്ട് വച്ചു.എന്താണ് റിപ്പോര്‍ട്ട് ? ലോക്കല്‍ പോലീസ് അന്വേഷിച്ച് കണ്ടെത്തിയതു മുഴുവന്‍ ശരിവച്ചുകൊണ്ട്.
                               ഇതോടെ പത്രക്കാരായ പത്രക്കരൊക്കെ നല്ല മര്യാദരാമന്മാരായി.അവര്‍ക്കൊരു കൊല്ലനേയും വേണ്ട Sകത്തിയും വേണ്ട. മന്ത്രി പുത്രനോ ആരാത് ഞങ്ങളറിയുകയേ ഇല്ല എന്നായി അവര്‍.
                           ഇത്രയും വായിച്ചിട്ട്, പ്രിയ സുഹൃത്തേ നിങ്ങള്‍ക്ക് ഒന്നും തോന്നുന്നില്ലേ?
                              എങ്കില്‍ ഇതാ ഒരു ചെറിയകാര്യം കൂടി!. പിണറായി വിജയന്റെ ലാവലിന്‍ കേസ് സാമാന്യം നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സമയം.കഥ ഇടവേളയോടടുക്കുന്ന സമയം.പിണറായിയേയും മറ്റും പ്രോസികൂട്ട് ചെയ്യുന്ന കാര്യം തീരുമാനമെടുക്കാന്‍ മന്ത്രിസഭ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടുന്ന സമയം.കേരളം ആകാംക്ഷയോടെ അഡ്വക്കേറ്റ് ജനറലിന്റെ മറുപടിക്കായി കാതോര്‍ത്തിരിക്കുന്ന സമയം.ഒരു ദിവസം മനോരമയും മാതൃഭൂമിയും ഒരു സംഭ്രമജനകമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു. സി പി എം ഓഫീസില്‍ നിന്നും അഡ്വക്കേറ്റ് ജനറലിന്റേ ഓഫീസിലേക്ക് വിളിച്ച ടെലഫോണ്‍കോളുകള്‍ സി ബി ഐ ടാപ് ചെയ്തിട്ടുണ്ട്,അവരത് ഗവര്‍ണക്ക് കൈമാറിയിട്ടുണ്ട്.!!രണ്ടോ മൂന്നോ ദിവസം ആ വാര്‍ത്ത പൊലിപ്പിച്ചു നിര്‍ത്തി.അപ്പോഴേക്കും സി ബി ഐ യുടെ വിശദികരണം വന്നു(അഡ്വക്കേറ്റ് ജനറലിന്റെ ചോദ്യത്തിനു മറുപടിയായി) ഞങ്ങളാരുടേയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല, ചോര്‍ത്താന്‍ ഉദ്ദേശിച്ചിട്ടുമില്ല.പിന്നെന്തിനായിരുന്നു ഈ പത്രക്കാരുടെ ഈ പരിപാടി?
                        പ്രിയ സുഹൃത്തേ, ഇനിയും താങ്കള്‍ക്കൊന്നും തോന്നുന്നില്ലേ? എന്നാല്‍ താങ്കളൊരു അസ്സല്‍ മലയാളി തന്നേ !

Post a Comment