നാടിനു ചേര്‍ന്ന റോഡൂകള്‍

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
നമ്മുടെ റോഡുകളെക്കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല എന്നായിരിക്കുന്നു.വര്‍ഷത്തില്‍ ഏതാണ്ട് 8 മാസവും നമ്മുടെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് തവിടുപൊടിയായി കിടക്കും.ഇത് വാഹനങ്ങളുടെ ഇന്ദ്ധന ക്ഷമത കുറക്കുന്നു.കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ വളരെ പതുക്കെ നിറുത്തി നിറുത്തി എഞ്ചിന്‍ ഇരപ്പിച്ച് യാത്ര ചെയ്യുന്നത് വാഹനങ്ങളിലുപയോഗിക്കുന്ന ഇന്ധനത്തിന്റെ ഉപയോഗം കണ്ടമാനം കൂട്ടുന്നു.ഒരു കണക്കു പറയുന്നത് റോഡുകള്‍ നല്ല രീതിയില്‍ സംരക്ഷിച്ചാല്‍ ഇന്നുപയോഗിക്കുന്നതിന്റെ കാല്‍ഭാഗം ഇന്ധനം ഓരോ ദിവസവും ലാഭിക്കാന്‍ കഴിയുമെന്നതാണ്.വാഹനങ്ങള്‍ക്കുന്റാകുന്ന തേയ്മാനത്തിന്റേയും അധികമായുണ്ടാകുന്ന റിപ്പയറിങ്ങിന്റേയും കഥ വേറെ.വാഹനങ്ങളുപയോഗിക്കുന്നവരുടെ സമയനഷ്ടം കൂടി നോക്കിയാല്‍ നഷ്ടത്തിന്റെ കണക്ക് പിന്നെയും കൂടും.

      

                               നമുക്ക് നമ്മുടെ നാട്ടിലെ റോഡുകളെക്കുറിച്ചുമാത്രം ചിന്തിച്ചാല്‍ മാത്രം മതിയല്ലോ. ഏതാണ്ട് ഒന്നു രണ്ട് മഴ ആകുമ്പോഴേക്കും റോഡില്‍ അവിടിവിടെ ചെറിയ ചെറിയ കുഴികള്‍ രൂപപ്പെടാന്‍ തുടങ്ങും,ഈ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കാനും തുടങ്ങും.ഈ വെള്ളം പതുക്കെ പതുക്കെ റോഡിലെ ടാറിനെ ഇളക്കി മെറ്റല്‍ കഷണങ്ങളെ ഇളക്ക്ക്കമുള്ളതാക്കി മാറ്റുന്നു.ഓരോ വണ്ടിയും ഓടുമ്പോള്‍ ടയറിന്റെ കറക്കം കൊണ്ടുള്ള പ്രവര്‍ത്തനഫലമായി ഈ മെറ്റല്‍കഷണങ്ങള്‍ തെന്നി മാറി ഒരു വലിയ കുഴി രൂപം പ്രാപിക്കുന്നു.പിന്നെ അവിടെ നടക്കുന്ന ഏതൊരു റിപ്പയര്‍ പണിയും പ്രഹസനമായി മാറ്റുന്നു മഴ.മഴ മാറി റോഡുകള്‍ മുഴുവന്‍ ശരിയായ രീതിയില്‍ സംരക്ഷിക്കപ്പെടുമ്പോഴേക്കും അടുത്ത മഴ ആരംഭിക്കാറായിട്ടുണ്ടാകും.വേനല്‍ പോലെ മഴ പോലെ ഈ കഥ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.
                ഇതിനൊരു ശമനമില്ലേ എന്ന് ആരും മൂക്കത്തു വിരല്‍ വച്ച് ചിന്തിച്ചു പോകുന്ന അവസ്ഥ. മൂക്കത്ത് വിരല്‍ വൈക്കാതെ നമുക്കും ഒന്ന് ചിന്തിച്ചു നോക്കാം.ശരിയായ രീതിയിലുള്ള റോഡുകള്‍ നമ്മുടെ നാട്ടിലുണ്ടായത് ബ്രിട്ടീഷ് ഭരണകാലത്താണ്.അവരാണ് ചരക്കു ഗതാഗതത്തിനും അതുപോലെ തന്നെ ക്രമസമാധാനപാലനത്തിന്  പട്ടാളനീക്കത്തിനുമായി നാടിന്റെ നാഡീ ഞരമ്പുകള്‍ പോലെ തലങ്ങും വിലങ്ങും റോഡുകള്‍ ഉന്റാക്കിയത്.അവര്‍ റോഡുകളുണ്ടാക്കുമ്പോള്‍ തീര്‍ച്ചയായും അത് ബ്രിട്ടനിലെ റോഡുകളുടെ ആവര്‍ത്തനം തന്നെയായിരിക്കും.മകാഡം റോഡുകളാണ് അവിടെ നിലവിലുണ്ടായിരുന്നത്.
             ബ്രിട്ടനിലും മറ്റും നിലവിലുണ്ടായിരുന്ന കല്ലുകള്‍ പാകിയുള്ള റോഡുകള്‍ക്കു പകരം ജോണ്‍ ലൌഡന്‍ മക്കാഡം എന്ന സ്കോട് ലന്റ്കാരന്‍ കണ്ടെത്തിയ റോഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ റോഡുകളുടെ പ്രത്യേകത, വലിയ കല്ലുകളുടെ അടിത്തറക്കു പകരമായി സ്ഥലത്തെ മണ്ണുതന്നെ റോഡുകളേ താങ്ങിനിറൂത്തുവാനായി ഉപയോഗിച്ചു എന്നതാണ്. നിലവിലുണ്ടായിരുന്ന നടു ഉയര്‍ന്ന റോഡൂകള്‍ക്ക് പകരമായി ഏതാണ്ട് ലവലായ റോഡുകളായിരുന്നു മകാഡം റോഡുകളുടേത്. എന്നാല്‍ ഈ റോഡുകള്‍ വെള്ളക്കെട്ടു പ്രദേശങ്ങളില്‍ ആവശ്യമായ ചെരിവുകളും റോഡിന് വെള്ളക്കെട്ടില്‍നിന്നും ഉള്ള ഉയരവും വളരെ പ്രധാനപ്പെട്ടതായിരുന്നു. ( അടിവര പോസ്റ്റ് എഴുത്തുകാരന്റെത്).ഇതായിരുന്നു മെക്കാഡം റോഡുകള്‍.ഈ റോഡുകളാണ് ഭാരതത്തിലും അതിന്റെ ഭാഗമായ കേരളത്തിലും പ്രചാരത്തില്‍ വന്നത്.
               ഇനി നമ്മുടെ റോഡുകളുടെ സ്ഥിതി മാത്രമൊന്നു ചിന്തിച്ചുനോക്കുക.ചുറ്റുപാടുമുള്ള വീടുകളില്‍ നിന്നും മറ്റുമുള്ള വെള്ളം മുഴുവനും അവര്‍ ഒഴുക്കി കളയുന്നത് റോഡിലേക്കാണെന്നു കാണാം.ചുറ്റുപാടുമുള്ള കെട്ടിടങ്ങള്‍ മുഴുവന്‍ റോഡില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നു എന്നര്‍ത്ഥം.കാരണം ജനങ്ങള്‍ക്ക് അവരുടെ വീടിന് ചുറ്റുമുള്ള പറമ്പ് വൃത്തിയായി - ചളി പിളിയാവാതെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.അതിന് വേണ്ടി ഒരു തുള്ളി മഴവെള്ളം പോലും പറമ്പില്‍ കെട്ടിനില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.എന്നുവച്ചാല്‍ മഴവെള്ളം മുഴുവന്‍ അവര്‍ റോഡിലേക്കൊഴുക്കിവിടുന്നു. ഈയൊരൊറ്റക്കാരണം കൊണ്ടുതന്നെ നമ്മൂടെ റോഡുകള്‍ കുണ്ടും കുഴിയുമായി മാറുന്നു.
                  ഈ ഒഴുകിയിറങ്ങുന്ന വെള്ളം ഒഴുകിപ്പോകാനായി റോഡിന്റെ സൈഡില്‍ നമ്മള്‍ ആവശ്യത്തിനു വലിപ്പത്തില്‍ കാന നിര്‍മ്മിച്ചിട്ടുണ്ട്.പക്ഷെ വേനല്‍ക്കാലത്തും - അല്ലെങ്കില്‍ എല്ലാക്കാലത്തും റോഡ് സൈഡിലുള്ള കടകള്‍ അടിച്ചു വാരുന്ന സകലതും തള്ളുന്നതു കാനയിലേക്കാണെന്നുകാണാം.കടക്കാര്‍ ഒന്നുകിലത് കാനയിലേക്ക് തള്ളും അല്ലെങ്കില്‍ മാന്യമായി അത് റോഡ് സൈഡിലേക്കുപേക്ഷിക്കും.റോഡ് സൈഡില്‍ നിന്നത് കാറ്റടിച്ച് പറന്ന് കാനയിലേക്ക് വീഴും.അങ്ങനെ കാന അടഞ്ഞ് ഉപയോഗശൂന്യമായിപ്പോകും.ഫലമോ ആദ്യത്തെ മഴക്കു തന്നെ കാന നിറഞ്ഞ് കവിഞ്ഞ് പറ്റുമെങ്കില്‍ ആ വേസ്റ്റുമടക്കം റോഡിലേക്ക് കയറും.ഇനി സ്ലാബ് ഇട്ട് അടച്ച കാനകളാണെങ്കിലോ? സംഗതി വളരെ എളുപ്പം.നമ്മള്‍ റോഡ് സൈഡിലുപേക്ഷിക്കുന്ന പ്ലാസ്റ്റിക് മുതലായവ കാനക്കടിയില്‍ പെട്ട് കാന ബ്ലോക്ക് ആകുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. തന്നേയുമല്ല റോഡിലടിഞ്ഞു കൂടുന്ന പൊടി മുഴുവന്‍ കലങ്ങി ചെളിയായി കാന ബ്ലോക്ക് ആവാനും സാധ്യതയുണ്ട്. 
                     തുറന്ന കാന വൃത്തിയാക്കുക എന്ന ഒരു പരിപാടി മഴക്കാലത്തിന്റെ ആരംഭത്തില്‍ പഞ്ചായത്തു തലത്തില്‍ നടക്കാറുണ്ട്.പക്ഷെ ആ വൃത്തിയാക്കല്‍ വലിയ ഫലം തരില്ല എന്നതാണനുഭവം.കാരണം ആ മഴക്കാലത്തു തന്നെ കാന മുഴുവന്‍ പുല്ലു വളര്‍ന്നു മൂടി കാനയേതാണ് റോഡേതാണ് എന്ന് തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ സൃഷ്ടിക്കപ്പെടാറുണ്ട്.എന്നാല്‍ സ്ലാബിട്ട് മൂടിയ കാനയില്‍ ഇതുപോലും കാണാറില്ല.
                   ഇനിയാണ് ഏറ്റവും മനോഹരമായ കാര്യം.നമ്മുടെ രോഡുകള്‍ നല്ല രീതിയില്‍ നിര്‍മ്മിക്കാനും സംരക്ഷിക്കാനുമായി ഒരു വകുപ്പുതന്നെ നാം നില നിര്‍ത്തിപ്പോരുന്നുണ്ട്.എന്നാല്‍ ഫലത്തില്‍ ഈ റോഡുകളൊന്നും സംരക്ഷിക്കപ്പേടരുത് എന്ന ഒരൊറ്റക്കാര്യത്തില്‍ മാത്രമേ അവര്‍ക്ക് നിര്‍ബന്ധബുദ്ധിയുള്ളു എന്നു കാണാം.നമ്മുടെ റോഡുകളുടെ ശോചനീയാവസ്ഥക്കുകാരണം വകുപ്പിന്റെ അനാസ്ഥ തന്നെയാണെന്ന് നമുക്ക് പറയാന്‍ കഴിയും.എന്നോ കാലഹരനപ്പെടേണ്ട മാനുവലും നിയമവും ലൊകത്തില്‍ മ്യൂസിയത്തില്‍ കയറ്റി വൈക്കേണ്ട കുറെ തുരുമ്പിച്ച മെഷീനുകള്‍, അവയേക്കാള്‍ തുരുമ്പിച്ച കുറേ ടെക്നിക്കല്‍ ജീവനക്കാരും.ഇതാണ് വകുപ്പിനേക്കുറിച്ച് ഏറ്റവും ശരിയായ വിലയിരുത്തല്‍.നമ്മള്‍ കമ്പൂട്ടര്‍ യുഗത്തില്‍ റോകറ്റ് വേഗത്തില്‍ ആകാശത്തേക്ക് കുതിക്കുമ്പോള്‍ വകുപ്പ് കാളവണ്ടിയുഗത്തില്‍ ഇഴഞ്ഞുകൊണ്ടേയിരിക്കുന്നു.നമ്മുടെ റോഡുകളുടെ അധോഗതിക്കു കാരണം അതിന്റെ വകുപ്പ് തന്നെയാണെന്നു കാണാം.
                  ഇനി വേറൊരു ചോദ്യം ചോദിക്കട്ടെ.നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന റോഡുകള്‍ നമ്മുടെ നാട്ടിലേക്ക് പറ്റിയ റോഡൂകള്‍ തന്നെയാണോ?.നമ്മുടെ നാട്ടിലുപയോഗിക്കുന്ന മെകാഡം റോഡുകള്‍ വന്നത് ബ്രിട്ടണില്‍ നിന്നാണെന്ന് ഓര്‍ക്കണം.ബ്രിട്ടനിലെ കാലാവസ്ഥയെന്താണ് ഭൂമദ്ധ്യ രേഖയില്‍ കിടക്കുന്ന  നമ്മുടെ കൊച്ചുകേരളത്തിന്റെ കാലാവസ്ഥയെന്താണ്.അതി ഭീകരമായ ടാറുപോലും തിളപ്പിക്കുന്ന വേനല്‍,അതുപോലെ തന്നെ അതിശക്തമായ വര്‍ഷപാതം. ശരിക്കും ഈ ഭീകരതയെ അതിജീവിക്കാന്‍ പറ്റിയ റോഡൂകളാണോ മെക്കാഡം റോഡുകള്‍? സംശയമാണ്.
                   ഇത്രയൊക്കെ കാലം കഴിഞ്ഞിട്ടും ഇത്രയൊക്കെ കോടികള്‍ റോഡു പണിക്കായി ഹോമിച്ചിട്ടും അധികാരികള്‍ എന്തു കൊണ്ടാണ് കെരളത്തിനു പറ്റിയ റോഡുകള്‍ എന്ന ചിന്തയില്‍ നിന്നും മാറി നില്‍ക്കുന്നത്?. തെങ്ങു കയറാന്‍ സര്‍ക്കാര്‍ ചിലവില്‍ യന്ത്രം കണ്ടെത്താന്‍ ശ്രമിക്കുന്ന നാടാണിത്.ഇതിലും എത്രയോ അത്യാവശ്യമായ സംഗതിയാണ് നാടിനു ചേര്‍ന്ന റോഡുകള്‍. എത്രയോ സിവില്‍ എഞ്ചിനീയര്‍ മാരാണ് ഓരോ വര്‍ഷവും നമ്മുടെ കൊച്ചു കേരളത്തില്‍ പഠിച്ചു പാസായി വരുന്നത്.അവരെല്ലാം പഠനത്തിന്റെ ഭാഗമായി പ്രോജക്ട് വര്‍ക്കും ചെയ്യുന്നുണ്ട്.എന്നിട്ടു പോലും നമ്മുടെ നാടിനു ചേര്‍ന്ന റോഡ് എന്ന വളരെ സജീവമായ പ്രശ്നം ഏറ്റെടുക്കാന്‍ അവര്‍ പോലും ധൈര്യം കാണിക്കുന്നില്ലല്ലോ?ഒരു പത്തു വര്‍ഷം, വേണ്ട ഒരഞ്ചു വര്‍ഷം പൊട്ടിപ്പൊളിയാതെ നില്‍ക്കുന്ന റോഡുകള്‍ കണ്ടെത്താന്‍ നമുക്കാവതില്ലേ?
              ഒരു ചെറിയ ചോദ്യം കൂടി.മഴയില്‍ പൊളിഞ്ഞ റോഡൂകളിലെ കുഴികളുടെ ആഴമളക്കാന്‍ മത്സരമേര്‍പ്പെടുത്തിയ ചില മാധ്യമശിങ്കങ്ങളുമുണ്ടിവിടെ. ആ മത്സരം സൃഷ്ടിപരമായ രീതിയില്‍ തിരിച്ചുവിടണമെന്ന് രാഷ്ട്രീയതിമിരം കൊണ്ടായിരിക്കും അവര്‍ക്കുപോലും തോന്നിയില്ല.
തല്‍ക്കാലം നിറുത്തട്ടെ

വിശ്വസ്ഥതയോടെ
എം എസ് എം.

No comments :

Post a Comment