
ദൈവം, സര്‍വശക്തനായ എല്ലാം അറിയുന്നവനായ എല്ലാം നിയന്ത്രിക്കുന്നവനായ ദൈവം എന്നൊക്കെ നമ്മള് പറയുമെങ്കിലും യഥാര്‍ത്ഥ്യത്തില്‍ ഈ ദൈവം മനുഷ്യനിര്‍മിതമാണ്.
മനുഷ്യന് മനുഷ്യനായി മാറിയ ആ പരിണാമഘട്ടത്തില്‍ ദൈവത്തിന്റേതായ ഒരടയാളവും കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല, എന്നാല്‍ അന്നത്തെ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് വളരെയേറെ നമുക്കറിയാനും കഴിഞ്ഞിട്ടുണ്ട് താനും.അന്ന് ദൈവം വിധി നിര്‍ണയിക്കുവാനുള്ള അവകാശം മനുഷ്യനു വിട്ടുകൊടുത്തിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.ഒന്നുകില്‍ സ്വന്തം വയറുനിറക്കാന്‍ അല്ലെങ്കില്‍ മറ്റു ജീവികളുടെ വയറില്‍ നിറയാതിരിക്കാനുള്ള ഓട്ടമായിരുന്നു മനുഷ്യന്റേത്, അന്ന്.അവനന്ന് മറ്റൊന്നും ചിന്തിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.ഒരു ദൈവവും അവന്റെ സഹായത്തിനെത്തിയിരുന്നില്ല. സ്വന്തം വിധി നിശ്ചയിക്കുവാനുള്ള അവകാശം അവര്‍ക്കു തന്നെ വിട്ടുകൊടുത്തുകൊണ്ട് ദൈവങ്ങള്‍ മുഴുവന്‍ ഉറങ്ങാന്‍ പോവുകയാണുണ്ടായത്.പിന്നീട് മനുഷ്യന് കൂട്ടം ചേരാന്‍ തുടങ്ങുകയും സംഘം നല്കുന്ന സുരക്ഷിതത്തില്‍ ചുറ്റുപാടുകളേക്കുറിച്ചും മറ്റു പ്രതിഭാസങ്ങളേക്കുറിച്ചും അവന് ചിന്തിക്കാനും കാര്യങ്ങള്‍ കാണാനും തുടങ്ങി.എന്നാല്‍ ചുറ്റുപാടുകളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു പിടിപാടും കിട്ടാതിരുന്ന മനുഷ്യന് പതുക്കെ പതുക്കെ അവയഉടെ ചേഷ്ടകളെ അനുകരിക്കാന്‍ ശ്രമിക്കുകയും അങ്ങനെ ധൈര്യം സംഭരിക്കാന്‍ തുടങ്ങുകയും ചെയ്തു. അവന്റെ ഏറ്റവും വലിയ വെല്ലുവിളി ചുറ്റുപാടുമുള്ള ഇരകളെ വേട്ടയാടിപ്പിടിക്കുക എന്നതായിരുന്നു. അതുകൊണ്ടു തന്നെ വേട്ടയുടെ അനുകരണങ്ങളായ വേട്ട നൃത്തങ്ങള്‍ ഉണ്ടാവുകയും ചെയ്തു.ഇതു വഴി ഇരകളുടെ ശക്തി തങ്ങളിലേക്ക് ആവാഹിക്കാന്‍ കഴിയുമെന്നവര്‍ വിശ്വസിച്ചു. ഇതൊരാചാരവും അനുഷ്ഠാനവുമായി പതിയെ മാറി.ഓര്‍ക്കുക ഇവിടെ ദൈവത്തിന് യാതൊരു റോളുമില്ല.
പതിയെ പതിയെ ഇരകളെ കൊല്ലുന്നതില്‍ മാത്രമല്ല തങ്ങള്‍ക്കു മനസ്സിലാകാത്ത എല്ലാ ഭയങ്ങളേയും കീഴടക്കാന്‍ നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും വളര്‍ന്നു വന്നു.എന്റെ കുട്ടിക്കാലത്തു പോലും ( 1960 കളില്‍) നെല്‍ വയലുകളിലെ കീടബാധയെ ചെറുക്കാന്‍ മന്ത്രങ്ങള്‍ ലേഖനം ചെയ്ത ഓലചുരുളുകള് വയലുകളില്‍ കുത്തിനിറുത്തിയിരുന്നത് ഓര്‍ക്കുന്നു.ഇവിടേയും ദൈവമില്ല പിന്നയോ കീടങ്ങള്‍ വരാതെ തടയുന്ന മന്ത്രങ്ങള്‍ മാത്രം.ഇതേ രീതിയില്‍ ദൈവവിചാരമില്ലാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമായി കഴിയുന്ന നിരവധി ഗോത്രവര്‍ഗക്കാരെ ഇപ്പോഴും ആസ്ത്രേലിയായിലും മറ്റും കാണാം.
പിന്നെന്തു സംഭവിച്ചു എന്നു പറഞ്ഞാല്‍ ഗൃഹനാഥന് അല്ലെങ്കില്‍ ഗോത്രത്തലവന് മറ്റു തിരക്കുകള്‍ കാരണം സമയമില്ലാതെ വന്നതിനാല്‍ ഈ ആചാരങ്ങള്‍ നടത്താനായി വിശ്വസ്ഥരായ മറ്റു ചിലരെ ഏല്‍പ്പിച്ചു.പിന്നെ അവരായി ആചാരാനുഷ്ഠാനങ്ങളുടെ കുത്തകക്കാര്‍.പുരോഹിതര്‍ എന്ന ഒരു വര്‍ഗം ഉയര്‍ന്നുവന്നത് ഇങ്ങനെയാണത്രെ.ക്രമേണ പുരോഹിതവര്‍ഗ്ഗം അവരുടെ അപ്രമാദിത്വം നിനിര്ത്താനായി ദൈവത്തെ സൃഷ്ടിക്കുകയായിരുന്നത്രേ.മനുഷ്യരുടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ദൈവവും അവരത് പുരോഹിതരിലൂടെ മനുഷ്യരോട് പറയുകയും ചെയ്യുന്ന സംബ്രദായം വളര്‍ന്നു വന്നു.
പക്ഷെ ഇതൊക്കെ സംഭവിക്കാന്‍ വളരെക്കാലം എടുത്തു, തന്നെയുമല്ല ഇതെല്ലാം ഒരു നേര് രേഖയിലൂടെ വളവും തിരിവും ഇല്ലാതെ സംഭവിച്ചു എന്നു വിചാരിക്കരുത്.വളരെയേറെ കാലങ്ങളെടുത്ത് ഇറങ്ങിയും കയറിയും മാറിയും മറിഞ്ഞും കലങ്ങിയും തെളിഞ്ഞും ഒക്കെയാണിത് സംഭവിച്ചത്.ഇതേ കാലയളവില്‍ മനുഷ്യന്റെ സംഘകഥ മാര്‍ക്സ് പറഞ്ഞതുപോലെ പ്രാകൃതകമ്യൂണിസത്തില്‍ നിന്നും ഫ്യൂഡലിസത്തിലൂടെ മുതലാളിത്തത്തില്‍ എത്തിയിരുന്നു.മുതലാളിത്തത്തില്ത്തന്നെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലൂടെയാണ് ഇന്ന് അത് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
ഈ കാലങ്ങളിലൂടെയെല്ലാം ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുന്ന കാര്യം ചരിത്രത്തിലെ ഈ ഘട്ടങ്ങളിലെല്ലാം ദൈവം നിന്നിട്ടുള്ളത് അധികാരിവര്‍ഗത്തിന്റെ കൂടെയാണ് നിന്നിട്ടുള്ളതെന്നു കാണാം.അവിടെ നിന്നുകൊണ്ട് നിസ്വവര്‍ഗത്തിന് അനുഗ്രഹത്തിന്റേയോ വരത്തിന്റേയോ പിച്ച എറിഞ്ഞൂ കൊടുത്തിട്ടുള്ള ചരിത്രമേ ദൈവത്തിനുള്ളൂ എന്നു കാണാന്‍ പ്രയാസമില്ല.ഒന്നു കൂടി ശ്രദ്ധിച്ചു നോക്കിയാല്‍ ദൈവം നിസ്വവര്‍ഗത്തിന് മരിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗം അല്ലെങ്കില്‍ മോക്ഷം വാഗ്ദാനം ചെയ്യുകയും സമ്പത്തും സ്വര്‍ണവുമെല്ലാം അധികാരികള്‍ക്കും വാരിവാരികൊടുത്തുകൊണ്ടിരുന്നു.
മുതലാളിത്ത വ്യവസ്ഥ നടപ്പിലായപ്പോള്‍ ലാഭം മാത്രം ലക്ഷ്യമിട്ട് മുന്നോട്ട് ശരവേഗതയില്‍ കുതിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്വവ്യവസ്ഥയുടെ രഥത്തിനടിയിപ്പെട്ട് ചതഞ്ഞരയുന്ന തൊഴിലാളിയെ ആശ്വസിപ്പിക്കുവാന്‍ എന്നും ദൈവമുണ്ടായിരുന്നു. “കൂടുതല്‍ അദ്ധ്വാനിക്കുന്നവന് ഭാഗ്യവാന്മാര് എന്തെന്നാല്‍ സ്വര്‍ഗം അവര്‍ക്കുള്ളതാണ്,ഒട്ടകം സൂചിക്കുഴയില്‍ക്കൂടി കടക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് പണക്കാരന് സ്വര്‍ഗത്തില്‍ കടക്കാന്‍“ തുടങ്ങിയ പഞ്ചാരവര്‍ത്തമാനങ്ങള്‍ വഴി (എല്ലാ മതക്കാര്‍ക്കുമുണ്ട് ഇതുപോലെ സോപ്പ് വര്‍ത്തമാനം) തൊഴിലാളികളെ അടക്കി നിറുത്താന്‍ അധികാരി ദൈവങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.അധികാരി വര്‍ഗവും ദൈവവും മറ്റു എല്ലാ സാമൂഹ്യസാംസ്കാരിക മാദ്ധ്യമങ്ങളും ഒറ്റക്കെട്ടായിനിന്ന് ഇതു പ്രചരിപ്പിച്ചു.ഇഹലോകകഷ്ടപ്പാടുകള് പരലോകസുഖത്തിന്റെ താക്കോലാണ് എന്ന കള്ളപ്രമാണം ഇവരെല്ലാം കൂടി പ്രചരിപ്പിക്കുകയും പാവം തൊഴിലാളിവര്‍ഗം അത് വിശ്വസിക്കുകയും ചെയ്തു.
അതുകൊണ്ടാണ് മാര്‍ക്സ് വിശ്വപ്രസിദ്ധമായ ആ വാചകം എഴുതിയത്. മതം ,ദൈവം ആത്മാവില്ലാത്ത മനുഷ്യന്റെ ആത്മാവാണ്, അവനെ മയക്കിക്കിടത്തുന്ന കറപ്പാണ് മതം/ദൈവം. എത്ര ശരിയായ വിലയിരുത്തലാണെന്നു നോക്കൂ.
ഇതും മനസ്സില്‍ വച്ചുകൊണ്ട് നമുക്ക് ശബരിമലയിലേക്ക് പോയിനോക്കാം.ശബരിമലയില്‍ കാനനമദ്ധ്യത്തിലെ അമ്പലത്തിന് ഇത്രയും പ്രസിദ്ധി കിട്ടിയിട്ട് ഏതാണ്ട് ഒരു നൂറു വര്‍ഷമേ ആയിട്ടുള്ളൂ എന്നു വേണം വിചാരിക്കാന്‍. ഇരുളടഞ്ഞു കിടന്ന കാനനപാതയിലൂടെ കഷ്ടപ്പെട്ട് നടന്ന് എത്തി അമ്പലം തുറന്ന് ഒരു അമ്പത് അറുപതു പേരുമായി പൂജ നടത്തിയ ചരിത്രം ഞാന്‍ എവിടയോ വായിച്ചത് ഓര്‍ക്കുന്നു.പതുക്കെ പതുക്കെ അമ്പലത്തിന് പ്രസിദ്ധി കൈവരികയായിരുന്നു. ആദ്യമാദ്യം അവിടന്നു വന്നിരുന്ന അല്ഭുതവാര്ത്തകള് കുരുടന് കാണുന്നു,ഊമ അയ്യപ്പനെ പ്രകീര്‍ത്തിച്ചു പാടുന്നു,മുടന്തന്‍ അയ്യപ്പലഹരിയില് നൃത്തം ചവിട്ടുന്നു എന്നുള്ളതൊക്കെയായിരുന്നു.എന്നാല്‍ ആവ്ര്ത്തന വിരസത കൊണ്ടോ അതോ വചനപ്രഘോഷണക്കാരത് ഏറ്റെടുത്തതുകൊണ്ടോ എന്നറിയില്ല അയ്യപ്പ്ന്മാര് പുതിയ പുതിയ അല്‍ഭുതങ്ങളിലേക്ക് കടന്നു. തിരുവാഭരണ ഘോഷയാത്രയില്‍ നക്ഷത്രവും പരുന്തും ഒക്കെ വരുന്നത് അങ്ങിനെയാണ്.അതോടൊപ്പം മകരം ഒന്നാം തീയതി അയ്യപ്പക്ഷേത്രത്തില്‍ ദീപാരാധന നടക്കുമ്പോള്‍ ദൂരെ മനുഷ്യര്‍ക്കെ അപ്രാപ്യമായ പൊന്നമ്പലമേട്ടില്‍ ദേവന്മാര് അയ്യപ്പന് പൂജ നടത്തുകയും ചെയ്യുന്നു എന്നത്. അത് കാണാന്‍ ലക്ഷങ്ങള്‍ തിങ്ങിക്കൂടുകയും ചെയ്യുമ്പോള്‍ നടവരവായി കോടികള്‍ കുമിഞ്ഞു കൂടുന്നു.സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അതിന്റെയെല്ലാം സില്‍ബന്ദികള്‍ക്കും പരമമായ സുഖം.
എന്നാല്‍ പരുന്തോ നക്ഷത്രമോ ഇല്ലാത്ത തിരുവാഭരണ യാത്രയും ഉണ്ടായിട്ടുണ്ട്.അതുപോലെ തന്നെ അന്വേഷണകുതുകികളായ പലരും ത്യാഗം സഹിച്ചും പൊന്നമ്പലമേട്ടിലെത്തി അവിടെ നടക്കുന്നത് കണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.അവിടെ നമ്മെ പോലുള്ള സാധാരണ മനുഷ്യരെ ഉപയോഗിച്ച് നടത്തുന്ന ( ഗവണ്മെന്റ് സ്പോണ്‍സേര്‍ഡ്) നാടകമാണീ മകര വിളക്ക് എന്ന് എല്ലാവര്ക്കും ഇന്നറിയാം.എങ്കിലും അയ്യപ്പ സീസണിലെ ടെമ്പോ പതിയെ പതിയെ വളര്‍ത്തിയെടുത്ത് ദുര്ബലമാനസരെ ഭ്രാന്തിന്റെ അവസ്ഥയിലെത്തിക്കുകയും ഇങ്ങനത്തെ ഒരന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യുന്നതില്‍ എല്ലാവരും ഒരേ പോലെ കുറ്റക്കാരാണ്. പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസമില്ലാത്ത പാവങ്ങളെയാണ് കൂടുതല്‍ ബലിയാടാക്കുന്നത് (കേരളത്തിലെ വിദ്യാസമ്പന്നര്‍ പോലും മോശമല്ല.)ജീവിത ദു:ഖം താങ്ങാന്‍ കഴിയാതെ ഉഴലുന്ന നിരക്ഷരകുക്ഷികളായ ജനങ്ങളെ അവരുടെ നിത്യദുരിതത്തിന്റെ കാരണം പറഞ്ഞു മനസ്സിലാക്കി സമരസജ്ജരാക്കേണ്ട ഒരിടതുപക്ഷസര്ക്കാറിന്റെ കാലത്തുതന്നെ ഇതു സംഭവിവിച്ചു എന്നുള്ളത് പുരോഗമനവിശ്വാസികളുടെയെല്ലാം ശിരസ്സു കുനിപ്പിക്കുന്നു.
ഹൊ !! ...എത്ര വസ്തു നിഷ്ഠമായ കണ്ടെത്തലുകള്‍ ... വിലയിരുത്തലും .. പരിഹാരവും .... ഗംഭീരം
ReplyDeleteകുറഞ്ഞത് ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയെങ്കിലും ചെയ്യേണ്ടതാണ്. കൈരളി ടി വി യും എന്‍ ഡി ടി വി യും ഈ കാര്യങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് രണ്ടു സം പ്രേഷണങ്ങള്‍ നടത്തിയിരുന്നു. ആരും എതിര്‍ത്തുകണ്ടില്ല.വിശ്വാസങ്ങളെല്ലാം വാണിഭവും ലാഭവും മാത്രമായി നടത്തുന്നവര്‍ക്ക് പക്ഷെ ലാഭം കൈ വിടാന്‍ മടി കാണും. കച്ചവടം അതല്ലേ എല്ലാം!
ReplyDelete