ശ്രീ വിവേകാനന്ദന്‍

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ച ഒരു ഋഷി പണ്ടിവിടെ ജീവിച്ചിരുന്നു.കാര്യങ്ങള്‍ ഇങ്ങനെയായതുകൊണ്ട് പ്രാര്‍ത്ഥനയോടൊപ്പം കായികാദ്ധ്വാനവും ചെയ്ത് ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹം ഇന്നാട്ടിലെ ചെറുപ്പക്കാരെ മുഴുവന്‍ ആഹ്വാനം ചെയ്തു.ചെറുപ്പക്കാരിലാണ് ഭാവി ഭാരതത്തിന്റെ ഭാവി കുടികൊള്ളുന്നതെന്ന് അദ്ദേഹം നിസ്സംശയം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജനമനസ്സുകളിലേക്ക് കുടിയേറി.പ്രത്യേകിച്ചും ചെറുപ്പക്കരുടെ ഇഷ്ടദേവനായിരുന്നു അദ്ദേഹം.ഇനിയും മനസ്സിലായില്ലെ? അദ്ദേഹമാണ് ശ്രീ.വിവേകാനന്ദന്‍.ആ മഹാന്റെ ജന്മദിനം കഴിഞ്ഞ ജനുവരി മാസം 12-)0 തീയതി ആരുമറിയാതെ കടന്നു പോയി.സാധാരണ ഈച്ചയുടേയും പൂച്ചയുടേയും വരെ ജന്മദിനങ്ങള്‍ കൊണ്ടാടുന്നവരാണ് നമ്മള്‍ ഭാരതീയര്‍.ആഘോഷങ്ങളില്‍ നമ്മളുടെ അത്രയും വരുന്ന വേറെ ഒരു നാട്ടുകാരുമില്ലെന്നതാണ് സത്യം.എന്നിട്ടും വിവേകാനന്ദനെപ്പോലുള്ളവരെ നമ്മള്‍ ( സൌകര്യപൂര്‍വം) നമ്മുടെ ആഘോഷങ്ങളുടെ പട്ടികയില്‍  നിന്നും ഒഴിവാക്കുന്നു.എന്തു കാരണം കൊണ്ടാണാവോ?
ഒരു ലഘു ജീവചരിത്രം:- 1863 ജനുവരി മാസം 12-)0 തീയതി നരേന്ദ്രനാഥ് ദത്ത എന്നപേരില്‍ ബംഗാളിലെ കല്‍ക്കത്തക്കടുത്ത് സിംല പള്ളി എന്ന ഗ്രാമത്തിലെ ഒരു യാഥാസ്തിക കായസ്ത കുടുംബത്തില്‍ ജനിച്ചു.അച്ചന്‍ വിശ്വനാഥ് ദത്ത കല്‍കത്ത ഹൈകോടതിയിലെ അറ്റോര്‍ണിയായിരുന്നു, അമ്മ ഭുവനേശ്വരീദേവി വളരെ പുണ്യവതിയും ഭക്തയും ആയിരുന്നു.അവരുടെ വിശ്വാസപ്രകാരം ശ്രീ പരമശിവനാണ് നരേന്ദ്രനായി ആ അമ്മയുടെ വയറ്റില്‍ പിറന്നതത്രേ.എന്നാല്‍ കോടതിയിലെ ഉന്നതോദ്യോഗസ്ഥനായ അച്ചനാകട്ടെ വളരെ മാന്യനും ജനങ്ങളോട് ഇടപെടുന്നതില്‍ മിടുക്കനും പുരോഗമനചിന്താഗതികളോട് അടുപ്പം പുലര്‍ത്തുന്നവനുമായിരുന്നു.യഥാര്‍ഥത്തില്‍ ഈ രണ്ടുപേരും കൂടിയാണ് ശരിക്കും നരേന്ദ്രനില്‍ നിന്നും വിവേകാനന്ദനെ വാര്‍ത്തെടുത്തത്.ചെറുപ്പത്തിലേ തന്നെ ധ്യാനസ്ഥനാവുക അദ്ദേഹത്തിന്റെ പതിവായിരുന്നു.
                               ചെറുപ്പത്തിലേ തന്നെ വളരെ മിടുക്കനയ വിദ്യാര്‍ത്ഥിയായിരുന്നു നരേന്ദ്രന്‍.വളരേയധികം വിഷയങ്ങളില്‍ വളരേയധികം ഡിഗ്രികളും സ്കോളര്‍ഷിപ്പുകളും അദ്ദേഹം നേറ്റി.അതുപോലെ തന്നെ സംഗീതവും അദ്ദേഹത്തിന് ഇഷ്ടവിഷയമായിരുന്നു,വായ്പാട്ടിലും ഉപകരണസ്മ്ഗീതത്തിലും അദ്ദേഹം കഴിവുതെളിയിച്ചിരുന്നു.അതുപോലെ തന്നെ കായികവിനോദങ്ങളിലും അദ്ദേഹം താല്പര്യം കാണിച്ചിരുന്നു.അതുപോലെ തന്നെ എടുത്തു പറയാവുന്ന അദ്ദേഹത്തിന്റെ മറ്റൊരു ഗുണമായിരുന്നു, വിദ്വാന്മാരുമായി വിവിധ വിഷയങ്ങളില്‍ സംവാദങ്ങളില്‍ ഏര്‍പ്പെടുക എന്നത്.
                പിന്നീട് നരേന്ദ്രന്‍, ബ്രഹ്മസമാജത്തില്‍ നിന്നും പിരിഞ്ഞുപോന്ന വിഭാഗമായ ഫ്രീമാസണ്‍സ് ഗ്രൂപ്പിലെത്തിപ്പെടുകയും ആ എത്തിപ്പെടല്‍ വിവേകാനന്ദനായുള്ള പരിണാമത്തില്‍ അദ്ദേഹത്തിന് ഏറെ ഗുണം ചെയ്യുകയും ചെയ്തു.1881 ലാണ് നരേന്ദ്രന്‍ തന്റെ ഗുരുവായ ശ്രീരാമപരമഹംസരെ കണ്ടത്.അതിനേക്കുറിച്ച് നരേന്ദ്രന്‍ പിന്നീട് പറഞ്ഞത് “ഒരു സആധാരണ മനുഷ്യന്‍, പ്രത്യേകിച്ച് ഒന്നും കാണാന്‍ കഴിയാത്ത ഒരു സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യന്‍“ എന്നാണ്.അങ്ങ് ദൈവത്തില്‍ വിശ്വസിക്കുന്നുവോ എന്ന് നരേന്ദ്രന്‍ ചോദിച്ചു, ഉവ്വ് എന്ന് മറുപടിയും കിട്ടി.താങ്കള്‍ക്കത് തെളിയിക്കാന്‍ കഴിയുമോ നരേന്ദ്രന്‍ വീണ്ടും ചോദിച്ചു,തീര്‍ച്ചയായും എന്ന് മറുപടിയും കിട്ടി.എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ നീ ഇവിടെ നില്‍ക്കുന്നതു പോലെതന്നെ എനിക്ക് ദൈവത്തേയും കൂറേക്കൂടി തീവ്രമയി കാണാന്‍ കഴിയുന്നു എന്നായിരുന്നു മറുപടി. ആ മറുപടി എന്നെ വല്ലാതെ സ്വാധീനിച്ചു എന്നാണ് നരേന്ദ്രന്‍ പറഞ്ഞത്.എന്നിട്ടും നരേന്ദ്രന് മുഴുവനായും രാമകൃഷ്ണരെ സ്വായത്തമാക്കാന്‍ കഴിഞ്ഞില്ല, ഗുരുവിനെ ശിഷ്യന്‍ നിരന്തരം പരീക്ഷിക്കുന്ന ഒരു ഘട്ടമായിരുന്നു പിന്നീട്.അങ്ങനെ അഞ്ചു കൊല്ലത്തെ നിരന്തരമായ സംവാദം - ഗുരുവും ശിഷ്യനും തമ്മിലുള്ള നിരന്തരമായ സംവാദം - പതിയെ പതിയെ നരേന്ദ്രനെ ഊര്‍ത്തിക്കളയുകയും പകരം വിവേകാനന്ദനെ പ്രതിഷ്ഠിക്കുകയും ചെയ്തു.തന്റെ ഗുരുവിന്റെ മരണശേഷം 1887ലാണ് നരേന്ദ്രന്‍ വിവേകാനന്ദന്‍ എന്ന പേര് സ്വീകരിച്ചത്.
                         അതിനു ശേഷം നീണ്ടു നില്‍ക്കുന്ന യാത്രയായിരുന്നു.1888 ല്‍ ആരംഭിച്ച യാത്രയില്‍ അദ്ദേഹം ഭാരതം മുഴുവന്‍ ചുറ്റി നടന്നു,വളരെയധികം പ്ഠിക്കുകയും മറ്റും ചെയ്തു കൊണ്ടായിരുന്നു ആ യാത്ര.1892 ല്‍ അദ്ദേഹം കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍, എറണാകുളം,തിരുവനന്തപുരം വഴി കന്യാകുമാരിയിലെത്തിയിരുന്നു. ഈ യാത്രയില്‍ അദ്ദേഹം ചട്ടമ്പിസ്വാമികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.ആ യാത്രയിലായിരുന്നു അദ്ദേഹത്തിനെ “കേരളം ഭ്രാന്താലയമാണെന്ന “പ്രഖ്യാപനം നടന്നത്.പിന്നീട് വിശ്വമതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചിക്കാഗോവിലേക്കു പോയ അദ്ദേഹത്തിന്റെ ചരിത്രം പ്രശസ്ഥമാണല്ലോ.ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് ലോകമെങ്ങും ഭാരതത്തിന്റെ പ്രൌഢിയും മറ്റും വാരിവിതറിയ ആ സന്ദര്‍ശനങ്ങള്‍ക്കു ശേഷം ഭാരത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1902 ജൂലൈ മാസം 4 -)0 തീയതി രാത്രി 9 മണിയോടെ ധ്യാനത്തില്‍ സമാധിയാവുകയാണുണ്ടായത്.
                         ശ്രീ വിവേകാനന്ദനെക്കുറിച്ച്  വളരെ ചുരുക്കി പറയാവുന്ന ഒരു ജീവചരിത്രമാണ് ഞാനിവിടെ അവതരിപ്പിച്ചത്.കാരണം ഞാന്‍ വിവേകാനന്ദനേക്കുറിച്ച് പറയാനുദ്ദേശിച്ചത് വേറൊന്നാണ്.അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തിന് പകര്‍ന്നു നല്‍കിയ യുക്തിചിന്ത നിലവിലുണ്ടായിരുന്ന മറ്റു സന്യാസിമാരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുകയാണ്.എന്തും അദ്ദേഹത്തിന്റെ മനസ്സിലൂടെ, അദ്ദേഹം നേടിയ അറിവിന്റെ വെളിച്ചത്തില്‍ യുക്ത്തിവിചാരം ചെയ്തേ അദ്ദേഹം അംഗീകരിക്കുമായിരുന്നോള്ളൂ.ഒരിക്കല്‍ ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു സന്യാസി അദ്ദേഹത്തെ സന്ദര്‍ശിച്ചു.നമ്മുടെ നാട്ടില്‍ ഗോ മാതാവ് അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് വാചാലനായ സന്യാസി ഗോസംരക്ഷണത്തിനായി മുന്നിട്ടിറങ്ങാന്‍ അഭ്യര്‍ത്ഥിച്ചു. ഇതു കേട്ട മാത്രയില്‍ വിവേകാനന്ദന്‍ പൊട്ടിത്തെറിച്ചു, “ സ്വന്തം സഹോദരന്‍ വിശപ്പുകൊണ്ട് പിടഞ്ഞു വീണുമരിക്കുന്നതു കണ്ടാലും ഒരു പിടി ചോറുകൊടുക്കാത്തവര്‍ കണ്ട കാക്കക്കും കാലിക്കും വേണ്ടി കുന്നുകുന്നായി ചോറു കൂട്ടിയിട്ടോളും മല പോലെ.”എന്നിട്ടും മനസ്സിലാവാതെ സന്യാസി പറഞ്ഞു “ഗോവ് നമ്മുടെ മാതാവാണെന്ന് ശാസ്ത്രങ്ങള്‍ പറയുന്നുണ്ടല്ലോ”അതിന് വിവേകാനന്ദന്‍ ചിരിച്ചുകൊണ്ടു പറഞ്ഞ മറുപടി” അതേ മാട് നമ്മില്‍ പലരുടേയും മാതാവാണെന്ന് നാം മനസ്സിലാക്കുന്നു,അല്ലതെ ഇത്രയും കേമന്മാരായ മക്കളെ ആരു പ്രസവിക്കും” നോക്കൂ, സാധാരണ സന്യാസികളില്‍ നിന്നും വ്യത്യസ്തനായ ഒരു സന്യാസിയെക്കണ്ടോ?നമ്മുടെ ഭാരതത്തില്‍ ഋഷികള്‍ക്കോ സന്യാസിമാര്‍ക്കോ ഒരു പഞ്ഞവുമില്ല.പക്ഷെ ഋഷികളില്‍ യഥാര്‍ഥ ഋഷി ഒന്നുമാത്രം,സന്യാസിമാരില്‍ യഥാര്‍ഥ സന്യാസി ഒന്നുമാത്രം - ശ്രീ വിവേകാനന്ദന്‍.ഹിന്ദുത്വത്തിന്റ ആത്മാവ് കണ്ടെത്തിയ ചുരുക്കം ചില ഋഷിമാരില്‍ ഒരാളായിരുന്നു ശ്രീ വിവേകാനന്ദന്‍.അദ്ദേഹം ധൈര്യപൂര്‍വം പ്രഖ്യാപിച്ചു:“ എന്റെ ഉപദേശങ്ങള്‍ ഞങ്ങളുടെ പുരാതന ഗ്രന്ഥങ്ങളിലുള്ള എന്റെ സ്വന്തം വ്യാഖ്യാനം ആണ്,അവയിന്മേല്‍ എന്റെ ഗുരുദേവന്‍ പൊഴിച്ച വെളിച്ചത്തില്‍ അലൌകീകാധികാരമൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല.നോക്കൂ എന്തൊരു മതേതരത്വമായ കാഴ്ച്ചപ്പാട്.പുണ്യപുരാണ ഗ്രന്ഥങ്ങള്‍ സ്വന്തം നിലയില്‍ വ്യാഖ്യാനിച്ച് കൂളമാക്കിയ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.ഇതാണ് ഞാന്‍ നേരത്തേ പറഞ്ഞ ക്രാന്തദര്‍ശിത്വം.ഇനിയുമുണ്ട് വിവേകാനന്ദനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്ന നിരവധി കാര്യങ്ങള്‍.ഇനിയുമൊന്നു നോക്കൂ, ഒരു സാധാരണ സന്യാസിയില്‍ നിന്നും പുരത്തുവരാത്ത വാക്കുകളല്ലേ ഇവ എന്നു നോക്കൂ : “ ഹാ രാജ്യത്തുള്ള ദരിദ്രരുടേയും ദു:ഖിതരുടേയും കാര്യം ആരും ചിന്തിക്കുന്നില്ല.അവരാണ് നാടിന്റെ നട്ടെല്ല്.അവര്‍ പണിയെടുത്തിട്ടാണ് ആഹാരപദാര്‍ത്ഥങ്ങള്‍ വിളയുന്നത്,ഈ തൂപ്പുകാരും വേലക്കാരും ഒരു ദിവസം പണിമുടക്കിയാല്‍ പട്ടണം മുഴുവന്‍ മുറവിളിയാകും.നാം രാപകല്‍ അവരോട് അലറുന്നു - തൊടരുത്, തൊടരുത്.നാട്ടില്‍ വല്ല ദയയോ ധര്‍മ്മമോ ഇനി ബാക്കിയുണ്ടോ?തനി തീണ്ടാപ്പരിഷകള്‍!അത്തരം ആചാരങ്ങളുടെ മുഖത്ത് ചൂലെടുത്തടിക്കണം - ഉലക്ക കൊണ്ട് തലക്ക് തല്ലണം.”
               ഇപ്പൊ മനസ്സിലായില്ലേ എന്തുകൊണ്ടാണ് നമ്മള്‍ ശ്രീ വിവേകാനന്ദനെ മറന്നു കളഞ്ഞതെന്ന്?അദ്ദേഹത്തെ ഓര്‍ത്താല്‍ അദ്ദേഹത്തിന്റെ വാക്കുകളെ ഓര്‍ക്കേണ്ടതായി വരും.അങ്ങനെ വന്നാലോ, ഈ നാട്ടിലെ അന്ധവിശ്വാസങ്ങള്‍ക്ക്, അനാചാരങ്ങള്‍ക്ക്,ഒക്കെ ഒക്കെ അറുതിയാകും.അപ്പോള്‍ അതുകൊണ്ടുപജീവനം കഴിക്കുന്നവര്‍ പട്ടിണിയാകും.ഒരുനാട് മുഴുവന്‍ നന്നാവുന്നതിലും നല്ലത് നമ്മള്‍ കുറച്ചു പേര്‍ മാത്രം നന്നാവുന്നതാണല്ലോ.

No comments :

Post a Comment