മതവും ശാസ്ത്രവും

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
               മതവും ശാസ്ത്രവും ഒരമ്മ പെറ്റ മക്കളാണെന്നു പറഞ്ഞാല്‍  എല്ലാവരും എന്നോട് വഴക്കിനുവരുമെങ്കിലും സത്യം അതാണ്.പക്ഷെ ഇതു മനസ്സിലാവണമെങ്കില്‍ നമ്മള്‍ മനുഷ്യന്റെ, മതത്തിന്റെ , ശാസ്ത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചറിയണം, അവ വളര്‍ന്നു വന്ന വഴികളെക്കുറിച്ചറിയണം.
               നമുക്കറിയാം മനുഷ്യന്‍ ഇന്നു കാണുന്ന രൂപത്തിലും ഭാവത്തിലും ഒന്നും അല്ല ഉണ്ടായി വന്നത്.പണ്ട് ബിഷപ്പായിരുന്ന റവ. ഉഷറിന്റെ അഭിപ്രായത്തില്‍ 2004 BC ഒക്ടോബര്‍ മാസം 23-)0 തീയതിയാണ് പ്രപഞ്ചമുണ്ടായതെങ്കിലും ആ വാദം ഇന്ന് എല്ലാവരും തള്ളിക്കളഞ്ഞ അവസ്ഥയിലാണുള്ളത്.ശാസ്ത്രലോകം മുഴുക്കെ ഇന്ന് ഏതാണ്ട് അംഗീകരിച്ചിരിക്കുന്നത് പരിണാമ സിദ്ധാന്തമാണ് - പ്രപഞ്ചത്തിന്റെ ഉല്പത്തിയായി ബിഗ് ബാങ്ങ് തിയറിയും.ചെറിയ ചെറിയ അപസ്വരങ്ങളുണ്ടെങ്കിലും പൊതുവേ എല്ലാവരും അംഗീകരിച്ചിരിക്കുന്നത് മേല്പറഞ്ഞ സിദ്ധാന്തങ്ങളാണ്.
                    അതുപ്രകാരം ഏതോ ഒരു പൂര്‍വികനില്‍നിന്നും ഉരുത്തിരിഞ്ഞു വന്നവരാണ് മനുഷ്യനും കുരങ്ങുകളും.ആദ്യകാലത്ത് നാലുകാലുകളില്‍ത്തന്നെ നടന്നിരുന്ന ആ മനുഷ്യന്‍ പതുക്കെ പതുക്കെ രണ്ടുകാലില്‍ നടക്കാന്‍ തുടങ്ങി.പക്ഷെ , രണ്ടുകാലിലായാലും നാലുകാലിലായാലും അവന് എങ്ങും ശത്രുക്കള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളു.എങ്ങും നരഭോജികളായ മൃഗങ്ങള്‍, അല്ലെങ്കില്‍ നല്ലതേതാണ് ചീത്തയേതാണ് എന്ന് മനസ്സിലാക്കാനുള്ള കഴിവില്ലായ്മ.ഒരു പഴം ( പഴമാണെന്നുകൂടി അവനറിയില്ല, പിന്നയോ അതിന്റെ നിറവും മണവും ഒക്കെക്കണ്ട് ഇഷ്ടപ്പെട്ട്) തിന്നുമ്പോളായിരിക്കും തിന്നയാള്‍ മരിച്ചുവീഴുന്നത്.മരിക്കുക എന്ന പ്രക്രിയ പോലും അവനറിയില്ല എന്നറിയണം.മിണ്ടാതെ, അനങ്ങാതെ നിശ്ചലനായി ഒരിക്കലും ഉണരാതെ കിടക്കുക ,അങ്ങനെ ഇല്ലാതാവുക എന്നൊരവസ്ഥയിലെക്ക് അതു തിന്നവര്‍ മാറുമ്പോള്‍ അത് തിന്നാന്‍ പാടില്ലാത്തതാണെന്ന്‍ മനുഷ്യന്‍  മനസ്സിലാക്കുന്നു.അങ്ങനെ വളരെ വളരെ ത്യാഗം ചെയ്ത് ഉറ്റവരേയുമുടയവരേയും നഷ്ടപ്പെടുത്തിയാണ് മനുഷ്യന്‍ ആദ്യകാലത്ത് പല കാര്യങ്ങളും മനസ്സിലാക്കിയിട്ടുണ്ടാവുക.(ഇതിനൊന്നും ലിഖിതമായ ഒരു തെളിവുമില്ല കെട്ടോ,അന്നത്തെ സാഹചര്യങ്ങളും അന്നത്തെ അവന്റെ കൈപ്പാട് പതിഞ്ഞ പലതും പിന്നെ കുറെ വന്യമായ ഭാവനയും മാത്രമാണിതിനാധാരം.പക്ഷെ സാഹചര്യത്തെളിവുകള്‍ വച്ചുനോക്കുമ്പോള്‍ ഇതായിരിക്കണം ശരി.)ഇതോടൊപ്പം അവന്‍ വേറൊന്ന് മനസ്സിലാക്കി.ആക്രമിക്കാന്‍ വരുന്ന ക്രൂരമൃഗങ്ങളില്‍നിന്നും രക്ഷപെടാന്‍ സംഘം ചേരുന്നതാണുത്തമമായ വഴി എന്ന്.അങ്ങനെ ഒറ്റക്ക് നടന്നിരുന്ന മനുഷ്യന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് സാമുഹ്യജീവിയായി മാറുന്ന അവസ്ഥയുണ്ടായി.ഇവിടേയും മതവും ദൈവവും ശാസ്ത്രമെന്നു വിളിക്കാവുന്ന ശാസ്ത്രവുമുണ്ടാകുന്നില്ല.
 
                 അങ്ങനെയിരിക്കെ ഒരു കൊമ്പൊടിഞ്ഞു വീഴുന്നതും അതു തട്ടി നിരവധി ഭക്ഷ്യയോഗ്ഗ്യ്യമായ ഫലങ്ങള്‍ താഴെ വീഴുന്നതുമവന്‍ കണ്ടിട്ടുണ്ടാകണം.കാരണം കയ്യെത്താത്ത ഫലങ്ങള്‍ താഴെയെത്തിക്കാന്‍ കമ്പുകള്‍ ഉപയോഗിക്കാമെന്നവന്‍ മനസ്സിലാക്കിയിരിക്കണം.അതായിരിക്കണം അവന്റെ ആദ്യത്തെ ശാസ്ത്രീയമായ കണ്ടുപിടിത്തം,ആദ്യമായി കമ്പുപയോഗിച്ച് എത്താത്ത ഫലം താഴെയെത്തിച്ചവനായിരിക്കണം ആദ്യത്തെ ശാസ്ത്രഞന്‍,അങ്ങനെ അന്ന് അറിയപ്പെട്ടില്ലെങ്കില്‍ക്കൂടിയും.പിന്നീടുണ്ടായ മഹത്തായ കണ്ടുപിടിത്തമായിരിക്കണം തി.തീ യഥാര്‍ഥത്തില്‍ കണ്ടുപിടിക്കുകയല്ല അതിനെ ഒരു പരിധി വരെ മെരുക്കാന്‍ പഠിക്കുകയും അതോടൊപ്പം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അതുണ്ടാക്കാന്‍ പതിക്കുകയും ചെയ്തു.മനുഷ്യന്റെ ചരിത്രം മാറ്റിയെഴുതിയ പ്രധാന കണ്ടുപിടിത്തമാണിത്.യാദൃശ്ചികമായ്യാണെങ്കിലും മാംസവും പച്ചക്കറികളും തീയില്‍ വെന്തശേഷം കഴിച്ചാല്‍ സ്വാദും ദഹിക്കാനുള്ള സമയം കുറയുകയും ചെയ്യുമെന്നവന്‍ കണ്ടെത്തി.ഇത് അവന് ചെറിയതോതില്‍ വിശ്രമസമയം അനുവദിച്ചു.
               ഈ സമയങ്ങളില്‍ കൂട്ടായി ഹിംസ്രമൃഗങ്ങളെ എങ്ങനെ മെരുക്കാമെന്നവന്‍(ര്‍) ചിന്തിക്കാന്‍ ശ്രമിച്ചു.ഈ ചിന്തയുടെ ഭാഗമായി വേട്ടക്കുപോകുന്നതിനു മുന്‍പ് മൃഗങ്ങളുടെ ചേഷ്ടകള്‍ അനുകരിക്കുകയും അതുവഴി ആ മൃഗങ്ങളുടെ ശക്തിയും ധൈര്യവും സ്വയം ആര്‍ജിക്കുവാന്‍ കഴിയുമെന്നവര്‍ കരുതി.ഓരോ മൃഗത്തിനെ വേട്ടയാടാന്‍ പോകുമ്പോള്‍ ആ മൃഗത്തിന്റെ ചലനങ്ങള്‍ അനുകരിക്കുക വഴി തന്റെ പേടി ആ മൃഗങ്ങളിലേക്ക് ആവാഹിക്കുകയും ആ മൃഗത്തിന്റെധൈര്യവും ശക്തിയും സ്വയമായി ആര്‍ജിക്കാന്‍ കഴിയുകയും ചെയ്യുമെന്നവര്‍ വിശ്വസിച്ചു.
                ഇതിലൊരു വലിയ കാര്യമുണ്ട്. 1. വേട്ടയാടാന്‍ പോകുന്ന മൃഗത്തിന്റെ ചേഷ്ടകള്‍ അനുകരിച്ച് തന്റെ ഭയം മൃഗത്തിലേക്കും മൃഗത്തിന്റെ ധൈര്യവും ശക്തിയും തന്നിലേക്കും ആവാഹിക്കാന്‍ കഴിയും എന്ന വിശ്വാസം പതിയെ പതിയെ ഒരാചാരമായി മാറി.( ഇതിന്റെ ഇന്നത്തെ ഒരു രൂപമായിരിക്കണം പ്രേതത്തേയും യക്ഷിയേയും ഒക്കെ ആണിയിലാവാഹിച്ച് പാലമരത്തില്‍ അവരെ തളച്ചിടുന്നത്.)2.മൃഗങ്ങളുടെ ചേഷ്ടകളുടെ അനുകരണം ഇരപിടിക്കാന്‍ അവയുപയോഗിക്കുന്ന തന്ത്രങ്ങളെ സ്വായത്തമാക്കാനും കഴിയും.ഇതെല്ലാം അബോധമായിട്ടാണുകെട്ടോ.
            എന്നാല്‍ പിന്നീട് അവന് മനസ്സിലാക്കാന്‍ കഴിയാത്ത പല കാര്യങ്ങളുമുണ്ടായപ്പോള്‍ ഇതേ തന്ത്രം തന്നെ അവിടേയും ഉപയോഗിക്കാന്‍ തുടങ്ങി. ഇടിമിന്നലിനോടും ഇടിവെട്ടിനോടും പേമാരിയോടും പാമ്പിനോടും ഒക്കെ ഇതേ തന്ത്രം തുടങ്ങി.അതോടൊപ്പം മറ്റൊന്നുകൂടി അവര്‍ ചെയ്തു തുടങ്ങി.ആര്‍ത്തലച്ചു കൊന്നു തിന്നാന്‍ വരുന്ന ക്രൂരമൃഗങ്ങളുടെ മുന്നില്‍ ഇറച്ചിക്കഷണങ്ങള്‍ ഇട്ടുകൊടുത്തു നോക്കി വെറും യാദൃശ്ചികമായി.അലറിവരുന്ന മൃഗം ആ തുണ്ടം ഇറച്ചിയും വാരി സമാധാനത്തോടെ തിരിച്ചുപോകുന്നത് കണ്ട മനുഷ്യന്‍ സത്യത്തില്‍ വലിയൊരു ചരിത്രപാഠമാണ് പഠിച്ചത്.ഇത് പലയിടത്തും അവന്‍ പ്രയോഗിക്കാന്‍ തുടങ്ങി.മൃഗങ്ങള്‍ക്കും ഇടിമിന്നലിനും പകരം അതിന്റെയെല്ലാം പ്രതിരൂപങ്ങളുണ്ടാക്കിവച്ച് അതിനെ ആദ്യമാദ്യം നേരിട്ടും പിന്നെ പ്രതീകാത്മകമായും പ്രീണിപ്പിച്ചുനിറുത്താന്‍ തുടങ്ങി.അത് ഭീരുവായ വലിയ അറിവുകളില്ലാത്ത മനുഷ്യന് വലിയൊരു ആശ്വാസമായിരുന്നു.(ആത്മാവില്ലാത്ത മനുഷ്യന്റെ ആത്മാവ് എന്നൊക്കെയുള്ള പ്രയോഗങ്ങളുടെ സാധൂകരണം കണ്ടോ).എന്നാല്‍ ഇതൊക്കെ നടക്കുമ്പോള്‍ തന്നെ ഇതിനോടൊട്ടി നിന്നുകൊണ്ടുതന്നെ ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്നു കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നിരുന്നു.ആദ്യമാദ്യം ആ ശ്രമം എത്തിച്ചേര്‍ന്നത് ഇതിനെയൊക്കെ നിയന്ത്രിക്കുന്ന ശക്തികള്‍ എവിടെയോ ഒളിച്ചിരിക്കുന്നെണ്ടായിരുന്നു.ആ ശക്തിയെ പ്രീണിപ്പിക്കുന്നതോടൊപ്പംതന്നെ ആ ശക്തി എന്താണെന്നു കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നിരുന്നു.ഇതൊക്കെ എല്ലാ പ്രകൃതിശക്തികളുടെ കാര്യത്തിലും ഇതു നടന്നിരുന്നു.
              സൂര്യചന്ദ്രന്മാരെ ആരാധിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അതെന്താണെന്നു കണ്ടെത്തുന്നതിനു വേണ്ടി അവയെ നിരന്തരം നിരീക്ഷിക്കാനും അങ്ങനെ അവയുടെ ചലനങ്ങള്‍ കണ്ടെത്താനും അതിനൊരു നിയമം ഉണ്ടാക്കിയെടുക്കാനും അതുവഴി സമയമളക്കാമെന്നും ദിക്കറിയാനുമൊക്കെ അവയെ ഉപയോഗിക്കാമെന്ന ശാസ്ത്രവും പതുക്കെ പതുക്കെ ഉയര്‍ന്നു വന്നു. എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതും ശാസ്ത്രം തന്നെയായിരുന്നു.അതുപോലെ ഭക്ഷണവസ്തുക്കള്‍ക്ക് സ്വാദ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തില്‍ (ചൈനാക്കാര്‍ ചായയുണ്ടാക്കിയ കഥ ശ്രദ്ധിക്കുക) പതുക്കെ പതുക്കെ രസതന്ത്രവും ചത്ത ജീവികളുടെ ശരീര പരിശോധനയില്‍ നിന്നും ജീവശാസ്ത്രവും ഉയര്‍ന്നു വന്നു.
                  എന്നാല്‍ ഇതോടൊപ്പം മനുഷ്യന്റെ കഥക്ക് വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടായിരുന്നു.മനുഷ്യന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയിരുന്നു.കൃഷി ചെയ്യുമ്പോള്‍ ആവശ്യത്തിന് മഴകിട്ടാനും നല്ല വിള കിട്ടാനും വേണ്ടി അതിന്റെ ദേവതകളെ പ്രീണിപ്പിക്കുന്ന ചടങ്ങുകള്‍ നടക്കുമ്പോള്‍ത്തന്നെ കൃഷി ചെയ്യാന്‍ പറ്റിയ സമയം ശാസ്ത്രീയമായി കണ്ടെത്തുകയും ആ കാലത്തുമാത്രം കൃഷിചെയ്യാനവര്‍ ശ്രദ്ധിക്കുകയും ചെയ്തുപോന്നു.ഈ നല്ല സമയം ( കൃഷി ചെയ്യാനുള്ളത്) കൊട്ടാരം കെട്ടാനും വിവാഹം നടത്താനും അതുപോലെ ഏതു നല്ല കാര്യം നടത്താനുമൊക്കെയായി തിരഞ്ഞെടുക്കപ്പെട്ടു.പിന്നീടുണ്ടായ മാറ്റം മനുഷ്യന്റെ തൊഴില്‍ വിഭജനമാണ്.കൃഷി ചെയ്യാന്‍ മുഴുവന്‍ സമയവുംവേണമെന്നതുകൊണ്ട് അതിനൊരു വിഭാഗം ആളുകളും,കൃഷി നശിപ്പിക്കാന്‍ വരുന്ന മൃഗങ്ങളേയും ഗോത്രം ആക്രമിക്കാന്‍ വരുന്നവരേയും മറ്റും നേരിടാന്‍ ഒരു വിഭാഗവും, ഇവര്‍ക്കൊക്കെ ആത്മീയമായ പിന്തുണയും മറ്റും നല്‍കാന്‍ മറ്റൊരു വിഭാഗവുമൊക്കെയായി അവര്‍ വിഭജിക്കപ്പെട്ടു.പതുക്കെ പതുക്കെ ഇവരില്‍ പുരോഹിതന്മാരായവര്‍ മുന്നിരയിലേക്കു കടന്നു വന്നു.മൊത്തം സമൂഹം ഇവരുടെ വാക്കുകള്‍ക്കനുസരിച്ചു ചലിക്കുന്ന നിലപാടിലേക്കെത്തി.അങ്ങനെ സമൂഹത്തില്‍ പുരോഹിതര്‍ ഭരണം തുടങ്ങി. ഇത് മറ്റൊരു വലിയ കാര്യത്തിന് വഴി വച്ചു. സമൂഹത്തിലെ നേതാക്കളായ പുരോഹിതര്‍ അവരുടെ അധികാരം സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ എന്തും ചെയ്യുന്ന ഒരു നിലപാടുകളിലേക്കെത്തി.അതിനായി അവര്‍ അവരുടേതായ നിയമങ്ങളുണ്ടാക്കാന്‍ തുടങ്ങി.ഞങ്ങള്‍ പറയുന്നത് നിത്യസത്യമാണ് അത് ലംഘീക്കാന്‍ കഴിയാത്തതാണ് ,അത് പ്രപഞ്ചനിയന്താവ് ഉണ്ടാക്കിയതാണ്,അതിനെ ലംഘിക്കുന്നവര്‍ ആ വലിയവനെ ലംഘിക്കുന്നതിനു തുല്യമാണ്, ആ വലിയവന്റെ അടുത്ത ആളുകളാണ് ഞങ്ങള്‍ , ഞങ്ങളെ ലംഘിക്കുന്നതും ആ വലിയവനെ ലംഘിക്കുന്നതിനു തുല്യമായിരിക്കും, എന്നെല്ലാം എന്നെല്ലാം.
ഇതോടെ ചരിത്രത്തിലാദ്യമായി ശാസ്ത്രവും മതവും രണ്ടാകുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക.പുരോഹിതരെ സംബന്ധിച്ചിടത്തോളം എല്ലാത്തിനും മറുപടിയുണ്ട് എല്ലാം ആ വലിയവന്റെ തീരുമാനങ്ങള്‍,എല്ലാം ആ വലിയവന്റെ സൃഷ്ടി.അതിനെ ലംഘിക്കാന്‍ മനുഷ്യജന്മമെടുത്തവര്‍ക്കാര്‍ക്കും കഴിയില്ല.ഇതിന് സ്പഷ്ടവും കൃത്യവുമായ ഒരു മറുപടി നല്‍കാന്‍ മറുവശത്തു നില്‍ക്കുന്നവരുടെ പക്കലില്ല.അവരുടെ പക്കലില്ല എന്നല്ല, മറ്റവരെപ്പോലെ റെഡിമൈഡ് ഉത്തരം അവര്‍ക്കില്ലാതായിപ്പോയി, പോയി എന്നല്ല അവര്‍ക്ക് ശാസ്ത്രത്തിന് ഒന്നിനും ഒരിക്കലും ഒരു റെഡിമെയിഡ് ഉത്തരം ഒരിക്കലും നല്‍കാന്‍ കഴിയില്ല.
               അന്നും ഇന്നും ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഒരു അവസാനവാക്ക് ഇല്ല. ഇന്ന് ഇതാണ് ശരി.ഒരുദാഹരണം കൊണ്ടിത് കൃത്യമായി മനസ്സിലാക്കിത്തരാം.പണ്ട് സൂര്യചന്ദ്രനക്ഷത്രാദികളെ നിരീക്ഷിച്ചു പഠിക്കുന്ന സമയത്ത് അന്നത്തെ മനുഷ്യന്‍ കണ്ടെത്തിയത് നക്ഷത്രങ്ങളും സൂര്യനും എല്ലാം ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നു എന്നായിരുന്നു.( രാത്രി സമയത്ത് വറും കണ്ണുകൊണ്ട് നക്ഷത്ര നിരീക്ഷണം നടത്തുന്ന നമുക്കുമിതു ബോദ്ധ്യപ്പെടും,സൂര്യന്‍ മാത്രമല്ല രാത്രി നക്ഷ്ത്രങ്ങള്‍ പോലും 24 മണിക്കൂറു കൊണ്ട് ഭൂമിയെ ഒരു വട്ടം ചുറ്റുന്നതായി.)സ്വാഭാവികമായി മനുഷ്യന്‍ ആ നിഗമനത്തിലെത്തി - ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം.സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഭൂമിയെ ആണ് ചുറ്റി സഞ്ചരിക്കുന്നത്. ആ സയന്‍സില്‍ അന്നത്തെ ജനം തൃപ്തരായിരുന്നു, കാരണം അവരുടെ ആവശ്യങ്ങള്‍ പരിമിതമായിരുന്നു.സെക്കന്റിന്റെ ആയിരത്തിലൊരംശം സമയംകൊണ്ട് അവര്‍ക്കൊന്നും നേടാനുണ്ടായിരുന്നില്ല,സ്വന്തം ഗ്രാമം വിട്ട് ഗോളാന്തരയാത്ര ചെയ്യേണ്ടയാവശ്യം ഇവര്‍ക്കുണ്ടായിരുന്നുമില്ല..എങ്കിലും അപൂര്‍വം ചിലര്‍ നേരെ തിരിച്ചു പറഞ്ഞെങ്കിലും ആ പറച്ചിലിന് ശക്തിവരാത്തിരുന്നതിനു കാരണം ഉരുണ്ട, പ്രപഞ്ചത്തിന്റെ ഒരു കോണിലെ ഒരു കൊച്ചു ബിന്ദു മാത്രമായ ഭൂമികൊണ്ട് അവര്‍ക്കൊരാവശ്യവും ഉണ്ടായിരുന്നില്ല എന്നതായിരുന്നു.
            (എഴുതി എഴുതി വളരെ കൂടുതലായി എന്നു തോന്നുന്നു,അതുകൊണ്ട് ബാക്കി അടുത്ത പോസ്റ്റില്‍.)

Post a Comment