എഴുതാന്‍ തന്നെ അറപ്പുളവാക്കുന്ന ഒരു കാര്യമാണ് ഇന്നത്തെ പോസ്റ്റ്.അതെ നിങ്ങള്‍ ഊഹിച്ചതു തന്നെ, ഐസ് ക്രീം കേസ് തന്നെ.എഴുതണ്ടാ എഴുതണ്ടാ എന്നു വിചാരിച്ചു കുറച്ചുനാള്‍ കാത്തിരുന്നു, പക്ഷെ കാര്യങ്ങള്‍ കത്തിപ്പടരുകയും സമകാലീന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന നിയാമകശക്തിയായി പതുക്കെ ഇതു മാറുകയും ചെയ്യുന്നു എന്നു കണ്ടപ്പോഴാണ് ഈയുള്ളവനും എന്തെങ്കിലും രണ്ടുവാക്ക് എഴുതിക്കളയാം എന്നു തോന്നിയത്.( ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ).
കഴിഞ്ഞ യു ഡി ഏഫ് ഗവണ്മെന്റിന്റെ കാലത്താണ് കേരളത്തെയാകെ ഞെട്ടിച്ച, കുടുംബവുമായി മാനം മര്യാദക്കു കഴിഞ്ഞു കൂടുന്ന എല്ലാ മാന്യന്മാരേയും നാണം കെടുത്തുകയും തലയില്‍ മുണ്ടിട്ടുനടക്കാന്‍ പ്രേരിപ്പിക്കുകയും കേരളീയന്‍ എന്ന് ഉറക്കെ പറയാന്‍ മടിയുണ്ടാക്കുകയും ചെയ്ത ആ ആദ്യസംഭവം തെരുവില്‍ മദ്യപനെപ്പോലെ തുണിയഴിച്ചാടിയത്. അതിന്റെ നാറ്റം വളരെക്കാലം നീണ്ടു നിന്നു.കാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാവുന്നതുകൊണ്ട് ഞാനതു വിശദമായിപ്പറഞ്ഞ് ഈ ബ്ലോഗ്ഗ് നാറ്റിക്കുന്നില്ല.
അന്നത്തെ വ്യവസായമന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനും മുസ്ലീമ്ലീഗിന്റെ നോമിനിയുമായ ശ്രീ കുഞാലിക്കുട്ടി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി അവിഹിതബന്ധം പുലര്‍ത്തി എന്നായിരുന്നു കേസ്.
ഇതിന്റെ പറഞ്ഞൊക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചത് കോഴിക്കോട് കടപ്പുറത്തെ ഒരു ഐസ്ക്രീം പാര്‍ലര്‍ ആയിരുന്നത്രെ.അതിനാലാണ് ഈ കേസിന് ഐസ്ക്രീം കേസ് എന്ന് പേരും വന്നത്.ഐസ്ക്രീം പാര്‍ലറും കോഴിക്കോട് തന്നേയുള്ള ഒരു ബ്യൂട്ടീപാര്‍ലറും കേന്ദ്രീകരിച്ചായിരുന്നു പോലും ഇതിന്റെ പ്ലാനീംങ്ങുകള്‍ നടന്നത്.കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെ നിരവധി അനവധി പേരുകള്‍ പുറത്തുവന്നെങ്കിലും ഏറ്റവും പെട്ടെന്ന് നടപടി വന്നത് സി പി എമ്മിലെ ദാസനെതിരേയായിരുന്നു. പാര്‍ട്ടിക്കമിറ്റി കൂടി ദാസനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുപോലും പുറത്താക്കി.അവസാനം ആരും പെരും ഇല്ലാത്തവനായി രണ്ടുകൊല്ലം മുന്‍പ് ദാസന്‍ മരിക്കുകയും ചെയ്തു.ദാസന്‍ കഥ അവിടെ നില്‍ക്കട്ടെ.നമുക്ക് കുഞ്ഞാലിക്കുട്ടിയിലേക്ക് തിരിച്ചു വരാം. ഐസ്ക്രീം കേസ് ആദ്യം പുറത്തുകൊണ്ടുവന്നത് മലയാളത്തിലെ ചാനലുകളാണ്.ഏഷ്യാനെറ്റാണോ അതോ ഇന്‍ഡ്യാവിഷനോ.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആദ്യം വിവരം പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റും പിന്നെ അതേറ്റെടുത്തത് ഇന്‍ഡ്യാവിഷനുമാണ്.ശ്രീ കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം പാര്‍ട്ടിയുടെ സെക്രട്ടറിമാരിലൊരാളും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവായിരുന്ന ശ്രീ.സി എച്ച്.മുഹമ്മദ് കോയയുടെ മകനുമായ ശ്രീ.എം.കെ.മുനീര്‍ ആണ് ഇന്‍ഡ്യാവിഷന്റെ ജീവാത്മാവും പരമാത്മാവും.അദ്ദേഹമാണ് അതിന്റെ സ്ഥാപക ഡയറക്ടര്‍.അതുകൊണ്ടു തന്നെ അദ്ദേഹതിന്മേല്‍ വളരെയധികം സമ്മര്‍ദ്ദമുണ്ടായി ഇതിന്റെ സംപ്രേഷണം നിറുത്തി വൈക്കാന്‍,എന്നാലദ്ദേഹം വഴങ്ങിയില്ല.( അതിനദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ന്യായീകരണങ്ങളും കാരണങ്ങളുമുണ്ട്.) എന്തായാലും കേരളത്തിലെ ചാനലുകളായ ചാനലുകള്‍ മുഴുവനും മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവനും നന്നായി ഈ പ്രശ്നം ആഘോഷിച്ചു.അവര്‍ നിരവധി ഇന്റര്‍വ്യൂകളും( കെസിലെ ഇരകളുമായി) മറ്റു പലതും പലതും നല്‍കി രംഗം കൊഴുപ്പിച്ചു കൊണ്ടേയിരുന്നു.
പക്ഷേ ഈ സമയം മുഴുവന്‍ ശ്രീ കുഞ്ഞാലിക്കുട്ടി ഒരു ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഗള്‍ഫിലായിരുന്നു.അതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേണ്ടത്ര ശോഭിച്ചില്ല എന്നു മാത്രം.തന്നേയുമല്ല മുസ്ലീം ലീഗിന്റെ ആത്മീയാചാര്യനായ ശ്രീ പാണക്കാട്ട് തങ്ങളെ തന്റെയൊപ്പം നിറുത്തുന്ന കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി വിജയിച്ചു.അങ്ങനെ അദ്ദേഹം ഗള്‍ഫില്‍ നിന്നും തിരിച്ചുവരികയാണ്.തിരിച്ചു വരുന്ന കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാന്‍ ലീഗ് പതിവില്ലാത്തവിധം മുസ്ലീം ചെറുപ്പക്കാരെ രംഗത്തിറക്കി.അവര്‍ രംഗത്തിറങ്ങിയതോടേ കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ ഒഴുകാന്‍ തുടങ്ങി.ഒന്നാമത് ലീഗിലെ കുഞ്ഞാലിഗ്രൂപ്പുകാര്‍ അദ്ദേഹതിന്റെ ഭാര്യാസഹോദരനായ ശ്രീ റൌഫിന്റെ നേതൃത്വത്തില്‍ പണമൊഴുക്കുകയും തല്‍ഫലമായി കേരളത്തിലെ തന്നെ മുഴുവന്‍ മുസ്ലീം ചെറുപ്പക്കാരെ മുഴുവന്‍ അവിടെ എത്തിക്കാനവര്‍ക്കു കഴിഞ്ഞു.അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ ഭരണം ഈ വിവരവും വിവേകവുമില്ലാത്ത പിള്ളേര്‍ കയ്യാളി.മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ മര്‍ദ്ദിച്ചൊതുക്കിയും ക്രമസമാധാനപാലനത്തിനുള്ള പോലീസിനെ മുഴുവന്‍ നിഷ്ക്രിയമാക്കിയും അവര്‍ എയര്‍ പോര്‍ട്ടില്‍ താണ്ഡവനൃത്തമാടി.എന്തിന് എയര്‍പോര്‍ട്ട് കെട്ടിടത്തിന്റെ ഉച്ചിയില്‍ കെട്ടിയിരുന്ന ദേശീയപതാക അതിന്റെ സ്റ്റാന്റില്‍ നിന്നും അഴിച്ചെടുത്ത് കൌപീനം കെട്ടുകയും പകരം അവിടെ ലീഗ്ഗ് പതാക കെട്ടി ആഹ്ലാദിക്കുകയും ചെയ്യുന്നതിന്റെ ജീവനഓടെയുള്ള രംഗങ്ങള്‍ റ്റിവിയിലൂടെ കണ്ട് ഓരോ ഭാരതീയനും ലജ്ജിച്ച് തല താഴ്ത്തി.അങ്ങനെ ഈ വാനരപ്പടയുടെ ഇടയിലേക്കാണ് സാക്ഷാല്‍ ശ്രീമാന്‍ കുഞ്ഞാലിക്കുട്ടി ഇറങ്ങി വന്നത്.എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍ വരെ നശിപ്പിച്ച് വാനരപ്പട അദ്ദേഹത്തെ സ്വാഗതം ചെയ്തു.അഹങ്കാരോന്മത്തനായി ഇവരുടെ ഇടയില്‍ വച്ച് കുഞ്ഞാലിക്കുട്ടി എന്തൊക്കയോ പറയുകയും ചെയ്തത് അനുയായികളുടെ കൂക്കിവിളിയില്‍ മുങ്ങിപ്പോവുകയും ചെയ്തു.പത്രക്കാര്‍ കുഞ്ഞാലിക്കുട്ടിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചെങ്കിലും ലീഗുകാരുടെ മര്‍ദ്ദനത്തിനിരയാവുകയാണുണ്ടായത്.
പിറ്റേന്ന് ലീഗുകാര്‍ (പോലീസല്ല) മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പത്രക്കാര്‍ പ്രകടനം നടത്തിയെങ്കിലും മുഖ്യമന്ത്രി ശ്രി.ഉമ്മന്‍ ചാണ്ടിയുടെ പോലീസ് അവരെ തല്ലിയൊതുക്കുകയാണുണ്ടായത്.നോക്കണേ ഒരു മതേതര പാര്‍ട്ടിക്കു വന്ന ഗതികേട്! കൂട്ടത്തിലുള്ള ഒരു മന്ത്രിക്ക് പെണ്‍ വിഷയം നടത്താന്‍ അടച്ചിട്ട മുറിക്കുമുന്‍പില്‍ ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യപാര്‍ട്ടി കാവല്‍ നില്‍ക്കുക.ഓരോ ഭാരതീയന്റേയും അഭിമാനമായ നമ്മുടെ സ്വന്തം ദേശീയപതാക അഴിച്ചുമാറ്റുകയും അവിടെ ലീഗ്ഗിന്റെ കൊടി കെട്ടി അഹ്ലാദിക്കുകയും ചെയ്യുന്നത്, വെറും കുറച്ചുനാളത്തെ ഭരണം നിലനിര്‍ത്താനായി ആ മതേതര ജനാധിപത്യപാര്‍ട്ടി ( അവരാണീ ദേശീയപതാക നേടിത്തന്നതെന്നാണ് അവകാശപ്പെടുന്നത്) കണ്ടുനിന്നു എന്നുകൂടി ഓര്‍ക്കണം.
അതവിടെ നില്‍ക്ക്ട്ടെ! കുഞ്ഞാലിക്കുട്ടി നാട്ടിലെത്തി.നാടാകെ വലിയ പ്രക്ഷോഭണങ്ങള്‍ക്ക് സാക്ഷിയായി.കുഞ്ഞാലിക്കുട്ടിയെ തടയാന്‍ പ്രതിപക്ഷവും മാധ്യമപ്പടയും കൈകോര്‍ത്തപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ മതേതര ജനാധിപത്യപാര്‍ട്ടിയും.അത്യാവശ്യം നാണവും മാനവുമുള്ളവരെല്ലാം ഈ കാഴ്ച്ച കണ്ട് മൂക്കത്ത് വിരല്‍ വച്ചു നിന്നു.
പിന്നെ കാര്യങ്ങള്‍ വളരെ പെട്ടെന്നായിരുന്നു.കുഞ്ഞാലിക്കുട്ടിയുടെ ആശീര്‍വാദത്തോടെ അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ ശ്രീ റൌഫ് രംഗത്തിറങ്ങി.അതോടേ ഇരകളില്‍ പലരേയും കാണാതായി,പോലീസ് അന്വേഷിച്ചെങ്കിലും പലരേയും കണ്ടു കിട്ടിയില്ല.പോലീസും കോടതിയും നിസ്സഹായരായി നിന്നു.ആദ്യം മൊഴികൊടുത്ത പലരും പിന്നീട് മൊഴി തിരുത്താന്‍ തുടങ്ങി,അവര്‍ക്കൊക്കെ വലിയ വലിയ വീടുകളും കാറുകളും ഒക്കെ സ്വന്തമാവുകയും ചെയ്തു.അങ്ങനെ അങ്ങനെ ആ അദ്ധ്യായം അവസാനിക്കുകയും ചെയ്തു.( കുഞ്ഞാലിക്കുട്ടി പാര്‍ട്ടിസ്ഥാനതു നിന്നും മാറുകയും ഇലക്ഷനില്‍ തോല്‍ക്കുകയും ചെയ്തു,പിന്നെ അദ്ദേഹം പാര്‍ട്ടിസ്ഥാനത്തു തിരിച്ചെത്തുകയും ചെയ്തു.)
ഈ കഥയുടെ രണ്ടാം അങ്കം ആരംഭിക്കുന്നതിനുമുന്‍പായി മറ്റൊരു ചെറു സംഭവം കൂടി പറയാനാഗ്രഹിക്കുകയാണ്.നേരത്തേ പറഞ്ഞ മതേതര ജനാധിപത്യപാര്‍ട്ടിയുടെ തീപ്പൊരിയായ ഒരു നേതാവ് മഞ്ചെരിക്കടുത്ത് ഒരു വീട്ടില്‍ നിന്നും ഒരു പെണ്ണിനോടൊപ്പം പിടിയിലായി.സത്യത്തില്‍ ഇതു നേതാവിനു വേണ്ടി വച്ച കെണിയായിരുന്നില്ലെന്നതാണ് രസകരം.പക്ഷെ നേതാവ് അന്തിക്കലാപരിപാടിക്കായി എത്തിയ വീട് നാട്ടുകാരുടെ സംശയത്തിലുണ്ടായിരുന്നതായിരുന്നു.അവിടെ അസമയത്ത് വണ്ടികള്‍ വന്നുപോകുന്നത് പതിവായിരുന്നത്രെ.അതുകൊണ്ടു തന്നെ നേതാവിന്റെ വണ്ടി വന്നപ്പോള്‍ ജനം വീടു വളയുകയാരുന്നു.എന്നാല്‍ എല്ലാവരേയും വിരട്ടി മാത്രം ശീലമുണ്ടായിരുന്ന നേതാവ് ഇവിടേയും ആ അടവ് തന്നെ പ്രയോഗിച്ചു.ജനം ഇളകി,നേതാവിന്റെ ശരീരം നൊന്തു.അപ്പോള്‍ നേതാവ് സ്വന്തം ഐഡെണ്ടിറ്റി പറഞ്ഞു.അതു കേട്ടപ്പോള്‍ വീടു വളഞ്ഞ യു ഡി ഏഫ് അണികള്‍ നേതാവിനെ വിട്ടയക്കാന്‍ ശ്രമിക്കുകയും എല്‍ ഡി എഫ് അണികള്‍ അത് തടയുകയും ചെയ്തു.അങ്ങനെ പോലീസെത്തി കേസായി കോടതിയിലെത്തി നേതാവിനേയും കൂടെയുള്ളയാളേയും ജാമ്യത്തില്‍ വിടുകയും ചെയ്തു.ജാമ്യത്തിലിറങ്ങിയ നേതാവ് പത്രസമ്മേളനം നടത്തി പറഞ്ഞു; “ എനിക്കെല്ലാവരുടേയും കാര്യ്ങ്ങളറിയാം, എനിക്കെതിരെ എന്തെങ്കിലും നടപടിയെടുത്താല്‍ ഞാനതെല്ലാം പുറത്തുപറയും, പിന്നെ ഈ നേതാക്കന്മാരാരും ഇവിടെ കാണില്ല.” മതേതര ജനാധിപത്യ പാര്‍ട്ടിക്കാര്‍ ഒരു നടപടിയും അദ്ദേഹത്തിനെതിരെ എടുത്തില്ല.
ഇനി ഐസ്ക്രീം കേസിന്റെ ഇപ്പോഴത്തെ കാര്യങ്ങള്‍ എല്ലാവരും കണ്ടു കൊണ്ടിരിക്കുകയാണല്ലോ,അതിനാല്‍ ഞാനതു വിശദീകരിച്ച് സമയം കളയുന്നില്ല.എനിക്കു പറയാനുള്ളതു മറ്റൊന്നാണ്.
പണ്ട് 18-)0 നൂറ്റാണ്ടിലോ 19-)0 നൂറ്റാണ്ടിലോ ആണെന്നു തോന്നുന്നു,ഭാര്യയും ഭര്‍ത്താവും തമ്മില്‍ പരസ്പരം കാണാന്‍ പാടില്ലായിരുന്നത്രേ പകല്‍ സമയങ്ങളില്‍.ഭാര്യക്ക് ഭര്‍ത്താവിനോടെന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ ഒന്നുകില്‍ മക്കളെ ആശ്രയിക്കണം,അവരില്ലെങ്കില്‍ അടുക്കള വാതിലിനു മറഞ്ഞു നിന്ന് ശീ, ശൂ,ശേ,ച്ച്ച്ച്,ട്ട്ട്ട് തുടങ്ങിയ അപശബ്ദങ്ങളുണ്ടാക്കണം പോലും.പകല്‍ ഭാര്യ ഭര്‍ത്താവിനേക്കണ്ടാല്‍, സംസാരിച്ചാല്‍ പടിയടച്ചു പിണ്ഡം വച്ചിരുന്നു പോല്‍.“മറക്കുടക്കുള്ളിലെ മഹാനരകം“, “അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് “ തുടങ്ങിയ നാടകങ്ങള്‍ സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരുന്ന , അതും സമൂഹത്തില്‍ ആധിപത്യം പൌലര്‍ത്തിയിരുന്ന സമുദായത്തിലെ , ദുരിതങ്ങള്‍ക്കൊരറുതി വരുത്താന്‍ വേണ്ടി എഴുതി അഭിനയിച്ച നാടകങ്ങളായിരുന്നു. “ന്റെ മൂത്ത മോന്‍ കോവാലനെ പെറ്റു കിടക്കുമ്പോഴാണ് ഞാന്‍ അവന്റഛനെ ആദ്യമായി കാണുന്നത്” എന്ന് അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന ഭാര്യമാരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
ഇന്നിപ്പോള്‍ 21-)0 നൂറ്റാണ്ടിലും സ്ഥിതി വ്യത്യസ്ഥമാണെന്ന് എനിക്ക് തോന്നുന്നില്ല,. ഒരാണും പെണ്ണും എവിടെയെങ്കിലും സംസാരിച്ചു നിന്നാല്‍ ഉടനെ അത് മറ്റേതായി.സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിച്ചിരുന്നിട്ട് പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വരുന്ന എത്രയോ സംഭവങ്ങള്‍ ഈ ലേഖകനറിയാം.ചുരുക്കി പ്പറഞ്ഞാല്‍ വേഷ ഭൂഷാദികളിലും സംസാരത്തിലും 21-)0 നൂറ്റാണ്ടും മാനസീകമായി 16-)0 നൂറ്റാണ്ടിലുമല്ലേ നമ്മള്‍ മലയാളികള്‍ ജീവിക്കുന്നത്.സമരരംഗത്ത് നമ്മുടെ ഒപ്പം നില്‍ക്കുകയും അവരിലൊരാളെപ്പൊലെ തന്നെ നമ്മെ കാണുകയും ചെയ്താല്‍ ഉടനെ നമുക്ക് സംശയമായി, ഇത് കേസ് മറ്റതുതന്നെ,മുട്ടിയാല്‍ കിട്ടും.ഇതല്ലെ നമ്മുടെ മനസ്സ്.
ചെറുപ്പം മുതലെ തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇട പഴുകി ജീവിക്കാന്‍ നമ്മളോ ശീലിച്ചിട്ടില്ല, നമ്മള്‍ നമ്മുടെ മക്കളേ ശീലിപ്പിക്കുന്നുമില്ല.പണ്ട് എം.മുകുന്ദന്റെ കഥയില്‍ പറയുന്ന പോലെ “ ഓന്‍ നോക്കിയാ ഗര്‍ഭാ” എന്ന ലയിനിലാണ് നമ്മള്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്നത്.എന്താണതിന്റെ ഫലമെന്നു നോക്കിയിട്ടുണ്ടോ, ഇന്‍ഡ്യയിലല്ല ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനം നടക്കുന്നത് നമ്മുടെ സംസ്ഥാനത്താണ്,ഏറ്റവും കൂടുതല്‍ ബലാല്‍സംഗങ്ങള്‍ നടക്കുന്നത് നമ്മുടെ സംസ്ഥാനത്താണ്,ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ നമ്മുടെ സംസ്ഥാനത്താണ്. നാം കണ്ണിലെണ്ണയൊഴിച്ച് കാത്തു സൂക്ഷിക്കുന്നതിന്റെ ഫലം.കൃസ്ത്യന്‍ സഭകള്‍ ഏതുരാജ്യത്തായാലും ഒരേ നിയമമാണുള്ളതു,ക്രിസ്തുവിന്,എന്നാല്‍ ഇവിടെ മാത്രം ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കഴിയുന്നതിനെ സഭകള്‍ അനുവദിക്കുന്നില്ല.
എന്തുകൊണ്ട് നമുക്ക് നമ്മുടെ കുട്ടികളെ സ്കൂളുകളിലെങ്കിലും ഇടകലര്‍ത്തിയിരുത്തിക്കൂടാ?എന്തുകൊണ്ട് ബസ്സിലെ സ്ത്രീകളുടെ സീറ്റുകള്‍ എടുത്തുകളഞ്ഞുകൂടാ, എന്നിട്ട് ആണും പെണ്ണും എന്തുകൊണ്ട് ഇടകലര്‍ന്ന് ഇരുന്നുകൂടാ ! ഇതോടൊപ്പം എന്തുകൊണ്ട് പുരുഷന്മാര്‍ക്കായി ( സ്ത്രീകള്‍ക്കും ആകാം) വികാരവിരേചനകേന്ദ്രങ്ങള്‍ തുടങ്ങിക്കൂടാ?ലൈസന്‍സുള്ള കേന്ദ്രങ്ങള്‍.ഇവിടത്തെ സ്ത്രീ പീഡന കേസുകള്‍ അടിയോടെ ഇല്ലാതാവുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിയും.പെണ്മക്കളുള്ള അഛനമ്മമാരുടെ പ്രെഷര്‍ കുത്തനെയിറങ്ങുന്നത് നമുക്ക് കാണാന്‍ കഴിയും.ആരോഗ്യകേരളം എന്നാല്‍ ഇത്തരം പ്രവൃത്തികള്‍കൂടി വരുമ്പോഴേ മുഴുവനാകൂ എന്ന് ഓര്‍ക്കുന്നത് നല്ലത്.
പിന്നെയുള്ള മറ്റൊരു പ്രശ്നമാണ് പോലീസിന്റേത്.പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയും പുരുഷനും എവിടെയെങ്കിലും സ്വൈര്യമായി എന്തെങ്കിലും ചെയ്താല്‍ ഉടനെ അവിടെ നാട്ടുകാരിടപെടും, ഞരമ്പുരോഗികള്‍,പിന്നെ പോലീസുവരും.അവര്‍ക്കറിയാം നിയമപരമായി അവര്‍ ചെയ്യുന്നതിന് നിലനില്പില്ല എന്ന്.എങ്കിലും പത്രക്കാരെയൊക്കെ വിളിച്ചുകൂട്ടി ഫോട്ടോയെക്കെ പത്രത്തിലും കൊടുത്ത് പോലീസിന്റെ ഒരഭ്യാസം ഉണ്ട്.വീട്ടിലറിഞ്ഞാലുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഒര്‍ത്ത് എങ്ങനെയെങ്കിലും കേസ് അവസാനിപ്പിക്കാനാണ് ആരും ശ്രമിക്കുക.ഉഭയസമ്മതപ്രകാരം പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ലൈംഗീകബന്ധത്തിലേര്‍പ്പെട്ടാല്‍ അത് തെറ്റാണെന്നു ഏതു നിയമത്തിലാണു പറഞ്ഞിട്ടുള്ളത്?
പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ വിഷയം മാറിപ്പോയി അല്ലേ ? സാരമില്ല. നോക്കൂ ഇത്രയും അനാരോഗ്യമുള്ള ഒരു സമൂഹമാണ് നമ്മള്‍,വയലാര്‍ പാടിയതു പോലെ “വെള്ള പൂശിയ ശവക്കല്ലരകളാണു” നമ്മള്‍. ഇവിടെ ഇതുമല്ല ഇതിനുമപ്പുറത്തുള്ളത് നടക്കും,റൌഫ് പറഞ്ഞതുപോലെ പണവും സ്വാധീനവും ഉപയോഗിച്ച് അത് അവര്‍ ഒതുക്കും,ഏറ്റവും വലിയ മതേതര പാര്‍ട്ടിയല്ല അതിനും വലിയ പാര്‍ട്ടിപോലും പഞ്ചപുഛമടക്കി ഓഛാനിച്ചു നില്‍ക്കും.കവി പാടിയതു പോലെ കാണികള്‍ നമ്മള്‍ എന്തറിയുന്നു. അപ്പോള്‍ നമ്മള്‍ ചെന്നു പെട്ട അധപതനത്തില്‍ നിന്നും നമ്മള്‍ തന്നെ വിചാരിക്കണം കരകയറാന്‍.നമ്മള്‍ തന്നെ സ്വയം നവീകരിക്കപ്പെടണം.
നമ്മള്‍ നന്നാവണമെന്നോ രക്ഷപ്പെടണമെന്നോ ഒരു പാര്‍ട്ടിക്കും മതത്തിനും താല്പര്യമില്ല,കാരണം അവര്‍ക്ക് സിന്ദാബാദ് വിളിക്കാനും ജാഥ യില്‍ നില്‍ക്കാനും ആളില്ലാതെ വരും.എന്നുവച്ച് ഇതൊന്നുംവേണ്ട എന്നല്ല, പിന്നയോ, ഓരോ കാര്യവും നമ്മള്‍ കൃത്യമായി പഠിച്ച് ചിന്തിച്ച് തീരുമാനമെടുക്കുക,അതിനനുസരിച്ച് പെരുമാറുക.അപ്പോള്‍ ഈ പാര്‍ട്ടികളും ജാതികളും മതങ്ങളും നമ്മുടെ പിന്നാലെ വന്നോളും.
സൂക്കേട് മനസ്സിലായി .... എന്നാ നമുക്ക് തൊടങ്ങാം അല്ലേ ??
ReplyDeleteസമീറേ കമന്റിന്റെ അര്‍ത്ഥം മനസ്സിലായില്ലല്ലോ? വിശദീകരിക്കുന്നതില്‍ വിരോധമുണ്ടോ?
ReplyDeleteഅമ്മ , പെങ്ങള്‍ ഇത്തരം സംവിധാനങ്ങളെല്ലാം നമ്മുടെ സമൂഹത്തില്‍ നിന്നും തൂതെരിയണം......
ReplyDeleteവികരവിരെചന കേന്ദ്രങ്ങള്‍ ..കേട്ടിട്ട് കോരിത്തരിക്കുന്നു
വിപ്ലവാഭിവാദ്യങ്ങള്‍ ..
മോഹനന്‍ സര്‍
ReplyDeleteസമീറിന് ഐസ് ക്രീം വേണം എന്നാണ് ഉദ്ദേശിച്ചത് , കമ്പനിക്കു കുഞ്ഞാപ്പയെ വിളിക്കെന്നെ
ഇന്നത്തെ കേരളത്തിന്റെ അനുഭവമെന്താണെന്ന് ബിഗ് ബി ശ്രദ്ധിച്ചിട്ടുണ്ടോ?അമ്മക്ക് സ്വന്തം പെങ്കുട്ടിയെ അവളുടെ അഛന്റൊപ്പമോ സഹോദരന്റൊപ്പമോ തനിയേ ആക്കിയിട്ടു പോകാന്‍ പേടിയാണ്. സ്ത്രീ - എത്ര പ്രായമുള്ളവളായാലും തനിയേ സൌകര്യത്തിനു കിട്ടിയാല്‍ പീഡിപ്പിക്കപ്പെടുമെന്നുറപ്പ്. എന്തിന് 3 വയസ്സുള്ള പെണ്‍കുട്ടിയെ പോലും 70 വയസ്സു കഴിഞ്ഞ വൃദ്ധന്‍ പീഡിപ്പിച്ച/ക്കുന്ന നാടാണ് നമ്മുടെ കേരളം.ആണിന് പെണ്ണിനെ കാണുമ്പോള്‍ ആക്രാന്തമാണ്.എന്തുകൊണ്ടിതു സംഭവിക്കുന്നു എന്ന് ബിഗ് ബി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇതിനൊരു മാറ്റം വരേണ്ടേ?.ഞാന്‍ ആദ്യം സൂചിപ്പിച്ച സാഹചര്യത്തില്‍ അമ്മ പെങ്ങള്‍ ഇത്തരം സംവിധാനങ്ങള്‍ സമൂഹത്തില്‍ നിന്നും തൂത്തേറിഞ്ഞുകൊണ്ടിരിക്കുകയല്ലേ? ഇതിനൊരു മാറ്റം വേണ്ടേ ബിഗ് ബി, അതോ അവരേയും പീഡിക്കപ്പെടാനായി ലഭ്യമാക്കിയാല്‍ മതിയോ?
ReplyDeleteഇതിനുള്ള മാറ്റം വളരെ സാവധാനം നടക്കുന്ന ഒരു slow process ആണ്.അതു വരെ വലിയ കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് ഞാന്‍ വികാരവിരേചനത്തെക്കുറിച്ച് ചിന്തിച്ചത്.ഉദാഹരണത്തിന് ബോംബെ പോലുള്ള മഹാനഗരങ്ങളില്‍ ഇത്തരം licensed brothels ഉണ്ട്.അതിന്റെ ഫലമെന്താണെന്നോ ഏതു പാതിരാത്രിയിലും അവിടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇറങ്ങി നടക്കാം - കേരളത്തെക്കാള്‍ സുരക്ഷിതമായി.അതുകൊണ്ട് നമ്മുടെ അമ്മ പെങ്ങള്‍ ഇവര്‍ക്ക് മാത്രമല്ല ഏതൊരു പെണ്‍കുട്ടിക്കും സുരക്ഷിതമായി ഇറങ്ങി നടക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമാണ് ശ്രീ ബിഗ് ബി
എങ്കില്‍ അത്തരം കേന്ദ്രങ്ങളിലേക്ക് നമ്മുടെ കുട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കും. തൊഴിലില്ലായ്മ ക്ക് ഒരു പരിഹാരം തന്നെ. !!!!അല്ല അത്തരം വ്യവസായങ്ങള്‍ തന്നെയാണ് നമുക്ക് നല്ലത്. മദ്യവും ലോട്ടറി യുമാനല്ലോ നമ്മടെ വ്യവസായങ്ങള്‍. !!!!!!!!
ReplyDeleteഒരു കൂട്ടത്തിനെ നരകത്തില്‍ വിട്ടു വേണോ അത്തരം............നമ്മുടെ മുന്നില്‍ എത്ര ഉദാഹരണങ്ങള്‍ 1111
അങ്ങനെ പരയരുത് ബിഗ്ബി മബ്യവും ലോട്ടറിയും മാത്രമല്ല വ്വേറേയും വ്യവസായങ്ങള്‍ നമുക്കുണ്ട്,അത് കാണാതെ പോകരുത്.നമ്മൂടെ പെണ്‍കുട്ടികളെ പരസ്യമായും രഹസ്യമായും റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍തന്നെ നമുക്കുണ്ട്,അവിടെയൊക്കെ അവരെ ചതിക്കുകയും ചെയ്യുന്നുണ്ട്.അതിലും എത്രയോ ഭേദമായിരിക്കും ഞാന്‍ വിഭാവനം ചെയ്യുന്ന കേന്ദ്രങ്ങള്‍.തൊഴിലില്ലായ്മക്ക് ഇതുമാത്രമല്ല പരിഹാരങ്ങള്‍.വേറേയും എത്രയോ മാര്‍ഗങ്ങള്‍ നമ്മുടെ ഗവണ്മെന്റ് പ്ലാന്‍ ചെയ്തു നടപ്പാക്കുന്നു.അതുകൂടി കാനാന്‍ ബിഗ്ബി ശീലിക്കുന്നത് നന്നായിരിക്കും.
ReplyDelete