കോളറക്കാലത്തെ കേരളം

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                 കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്.മാര്‍ച്ച് പകുതിയോടെ തിരഞ്ഞെടുപ്പ് വിജ്നാപനം പുറപ്പെടുവിക്കുകയും മെയ് പകുതിയോടെ അല്ലെങ്കില്‍ മെയ് അവസാനം പുതിയ മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്യുന്ന തരത്തില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയാണെന്ന് തോന്നുന്നു.
                                 ഇതൊരു പുതിയ കാര്യമല്ല.ഒരിക്കല്‍ മാത്രം - അടിയന്തിരാവസ്ഥയില്‍ മാത്രം - രണ്ടുവര്‍ഷം തിരഞ്ഞെടുപ്പ് നീട്ടിവച്ചു എന്നതൊഴിച്ചാല്‍ ബാക്കി എല്ലാക്കാലത്തും ഓരോ അഞ്ചു വര്‍ഷവും കൂടുമ്പോള്‍, അല്ലെങ്കില്‍ അതിനു മുന്‍പ്  ഈ മാമാങ്കം ഇവിടെ നടന്നുപോരുന്നു.അതുപോലെ തന്നെയാണ് മുന്നണികളുടെ കാര്യവും.കേരളസംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടി ഭരണത്തില്‍ വന്നതൊഴിച്ചാല്‍ ബാക്കി എല്ലാക്കാലത്തും ഭരണം രണ്ടുമുന്നണികളും മാറി മാറി പങ്കിടുകയായിരുന്നു.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷമുന്നണിയും കോണ്‍ഗ്രസ്സ് ഐ യുടെ നേതൃത്വത്തില്‍ വലതുപക്ഷമുന്നണിയും ഇവിടെ മാറി മാറി ഭരണം പങ്കിട്ടു.ഈ രണ്ടു മുന്നണികളിലുമായി കേരളത്തിലെ എല്ലാ ഈര്‍ക്കിലി ആളില്ലാ പാര്‍ട്ടികളും അണിനിരക്കുകയും,( ബി ജെ പി മുന്നണി മറക്കുന്നില്ല, പക്ഷെ കേരള രാഷ്ട്രീയത്തില്‍ അതിന്റെ സ്ഥാനം നിസ്സാരമാണല്ലോ.) അങ്ങനെ മാറി അവ അധികാരം പങ്കിടുകയും ചെയ്തു.ഒരിക്കല്‍ ഭരണം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഇത്തരം ഈര്‍ക്കിലികളുടെ ഭരണം എന്ന പേരിലുള്ള തേര്‍വാഴ്ച്ചയായിരുന്നു.എന്തു വൃത്തികേടുകള്‍ ചെയ്യാനും ഇത്തരം പാര്‍ട്ടിക്കാര്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല, അഴിമതി, സ്വജനപക്ഷപാതം,വഴി വിട്ട് സ്വന്തക്കാര്‍ക്ക് കാര്യങ്ങള്‍ ചെയ്തു കൊടുക്കല്‍ എന്നിവയായിരുന്നു ഇവരുടെ ഇഷ്ടവിനോദങ്ങള്‍.നില്‍ക്കുന്ന മുന്നണിവിട്ട് മറ്റേ മുന്നണിയിലേക്ക് പോയാല്‍ മുഖ്യപാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെടുമെന്നറിയാമായതുകൊണ്ട് അവരാരും ഈ അതിക്രമത്തെ കാര്യമായി എതിര്‍ക്കാനും തുനിഞ്ഞില്ല.ഈയൊരു കാര്യം അറിയാം എന്നുള്ളത് ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്ക് പകല്‍ക്കൊള്ളക്കുള്ള  സാഹചര്യം തുറന്നു കൊടുക്കുകയും ചെയ്തു.

                                         എന്നാലിന്ന് ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്ക് വെളുക്കുവോളം കക്കാനുള്ള സാഹചര്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നു പറയാം..ഈ യൊരവസ്ഥ സൃഷ്ടിച്ചത് ഇന്നത്തെ ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിലപാടാണ് എന്നു പറയാം. ഭരണം കഴിയാറായപ്പോള്‍ ഇനിയും ഭരണത്തിലെത്താന്‍ കഴിയുമോ എന്ന സംശയത്താല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ക്കൂടെയുണ്ടായിരുന്ന മിക്കവാറും ആളില്ലാ പാര്‍ട്ടികള്‍ മുന്നണിവിട്ട് അടുത്ത മുന്നണിയായ ഐക്യജനാധിപത്യമുന്നണിയിലേക്ക് കാലുമാറി.കേരളാ കോണ്‍ഗ്രസ്സ് ജോസെഫ് ഗ്രൂപ്പ്, പി എം എ സലാമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഐ എന്‍ എല്‍ , വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി പിളര്‍ന്ന ഒരു ഗ്രൂപ്പ് എന്നിവയൊക്കെയാണത്.എന്നാല്‍ നഷ്ടം സംഭവിക്കുമെന്നറിയാമായിരുന്നിട്ടും ഇടതുമുന്നണിയാവട്ടെ നിശബ്ദത പാലിച്ചതേയുള്ളു.എന്നാല്‍ പോയകാലങ്ങളില്‍ ഇവര്‍ ചെയ്തു വച്ചതും, ഇവര്‍ക്കെതിരെ തങ്ങള്‍ വിളിച്ചിരുന്നതുമായ എല്ലാ മുദ്രാവാക്യങ്ങളും മറന്നുകൊണ്ട് ഐക്യ ജനാധിപത്യമുന്നണിയാവട്ടെ ഇവരെ ആഹ്ലാദപൂര്‍വം സ്വാഗതം ചെയ്യുകയും ചെയ്തു.
                           ഇന്നിപ്പോള്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് കക്ഷി ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന വലതുപക്ഷമുന്നണിയും താരതമ്യേന ദുര്‍മേദസ്സ് മുഴുവന്‍ കുടഞ്ഞുകളഞ്ഞ് ശുദ്ധമായി നില്‍ക്കുന്ന ഇടതുമുന്നണിയേയുമാണ്.കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുകയും വലതു മുന്നണി ഭരണത്തിലേക്ക് അടുക്കുകയും ചെയ്യുന്നു എന്ന പ്രതീതി മൊത്തത്തില്‍ പരക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോഴാണ് വലതുമുന്നണിയില്‍ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്.ഇവ കൂടുതല്‍ വിശദീകരിക്കേണ്ടതിന്റെ ആവശ്യമില്ലല്ലോ.കുഞ്ഞാലിക്കുട്ടി,പിള്ള,ജേക്കബ് , ഉമ്മന്‍ ചാണ്ടി പ്രശ്നങ്ങളാണ് ഞാനുദ്ദേശിച്ചത്.ഈ പ്രശ്നങ്ങള്‍ വലതു മുന്നണിയെ പിടിച്ചുകുലുക്കി.മുന്നണിയുടെ നിലനില്‍പ്പുപോലും ചോദ്യം ചെയ്തു തുടങ്ങി.
                         എന്നാല്‍ ഇടതുപക്ഷമുന്നണിയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉയര്‍ന്നു വന്നതായി കണ്ടില്ല.തന്നേയുമല്ല കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ കാര്യമായ ഒരഴിമതി പോലും ഉന്നയിക്കാന്‍ പ്രതിപക്ഷമായ വലതുമുന്നണിക്കു കഴിഞ്ഞുമില്ല.വളരെ പ്രത്യാശയോടെ വലതുപക്ഷം പൊക്കിക്കൊണ്ടുവന്ന ലോട്ടറി വിവാദം പോലും കോണ്‍ഗ്രസ്സിനെ തിരിഞ്ഞുകുത്തുകയും ചെയ്തു.
                         ഇലക്ഷന്‍ വരാന്‍ പോകുന്നു.വലതുപക്ഷമുന്നണിയാകെ അഴിമതിയില്‍ മുങ്ങിക്കുളിച്ചനിലയില്‍ ജനമധ്യത്തില്‍ തുറന്നു കാട്ടപ്പെടുന്നു,ഇടതുപക്ഷമുന്നണിയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും കാണാനുമില്ല.ഈയൊരവസ്ഥയില്‍ വലതുപക്ഷത്തേക്ക് ചാഞ്ഞുകൊണ്ടിരുന്ന ഭരണം തിരിച്ച് ഇടതുപക്ഷത്തേക്ക് തിരിയുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്യാന്‍ തുടങ്ങി.
                       ഈ സമയത്താണ് വലതുപക്ഷമുന്നണിയുടെ ഏകോപനസമിതി കൂടിയത്.അവിടെ അവരെടുത്ത തീരുമാനം നമ്മുടെ പ്രബുദ്ധകേരളത്തെയാകെ ലജ്ജിപ്പിക്കുകയും അപമാനത്താല്‍ തലകുനിപ്പിക്കുന്നതുമായിപ്പോയി.ഇടതു മന്ത്രിസഭക്കെതിരേയും പ്രത്യേകിച്ച് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരേയും അവരുടെ അഴിമതികള്‍ കണ്ടെത്തി വെളിച്ചത്തുകൊണ്ടുവരാന്‍ ഒരു സബ് കമ്മിറ്റിയെ അവര്‍ നിയോഗിച്ചിരിക്കുന്നു.ആരാണവര്‍, എന്താണവരുടെ ക്വാളിഫിക്കേഷന്‍ എന്ന് അറിയാറായിട്ടില്ല, എങ്കിലും മഷിനോട്ടത്തില്‍ വിദഗ്ധരായിരിക്കുമെന്ന് തീര്‍ച്ച.കഴിഞ്ഞ അഞ്ചു വര്‍ഷമായ ആര്‍ക്കും ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത അഴിമതിആരോപണങ്ങള്‍ കണ്ടത്തണമല്ലൊ.അല്ലെങ്കില്‍ പാഴൂര്‍ പടിപ്പുര വരെയെങ്കിലും പോകണമല്ലോ.
                       ഏതായാലും പിറ്റേന്ന് മുതല്‍ സംഗതികള്‍ ഉഷാര്‍.മുഖ്യമന്ത്രി ശ്രി.വി.എസ്.അക്യുതാനന്ദനും മകനുമെതിരെ അഴിമതി ആരോപണങ്ങളുടെ പെരുമഴയായിരുന്നു.അവിടെ അഴിമതി,ഇവിടെ അഴിമതി,തൊടുന്നേടത്തെല്ലാം അഴിമതി.പല അഴിമതികളും നടന്നിരിക്കുന്നത് ഇന്നത്തെ പ്രതിപക്ഷമായ വലതുമുന്നണി ഭരണകക്ഷിയും അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവുമായിരുന്ന അവസരത്തിലായിരുന്നു എന്നതാണ് ഏറെ വിചിത്രം.അന്നെന്തുകൊണ്ട് നടപടി എടുത്തില്ലെന്നു ചോദിച്ചാല്‍ മറുപടിയില്ല.തന്നേയുമല്ല പറഞ്ഞ അഴിമതികള്‍ക്കൊന്നും യാതൊരു തെളിവും ഹാജരാക്കാന്‍ ഇവര്‍ക്കൊട്ടുകഴിഞ്ഞിട്ടുമില്ല, തെളിവു നല്‍കും എന്ന ഭീഷണിയല്ലാതെ.
                       കോളറ ബാധിച്ചവന്റെ വായില്‍നിന്നും പിന്നില്‍ നിന്നും നിയന്ത്രണമില്ലാതെ ഒഴുകുന്നതുപോലെ ഒരു നിയന്ത്രണമോ ജനങ്ങള്‍ കാണുന്നു എന്ന ബോധം പോലുമില്ലാതെയാണ് വലതു മുന്നണി കേരളത്തിലെ രാഷ്ട്രീയ സാംസ്കാരീക മണ്ഡലം മുഴുവന്‍ മലീമസപ്പെടുത്തുന്നത്.പുതുതായി കേരളത്തില്‍ കാണുന്ന ഒരു കാഴ്ച്ചയാണിത്.പണ്ടിത് പിണറായി വിജയനു നേരെയായിരുന്നു. ലാവലിന്‍ വിവാദവുമായി ബന്ധപ്പെടുത്തി എന്തും വിളിച്ചു പറയാന്‍ തല്‍പ്പരകക്ഷികള്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.പിണറായി വിജയനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും പറ്റി എന്തപവാദവും പ്രചരിപ്പിക്കാന്‍ പലര്‍ക്കും വലിയ ഉത്സാഹമായിരുന്നു.ചില പത്ര ദൃശ്യമാധ്യമങ്ങളും ഇതില്‍ പങ്കാളികളായിരുന്നു.വലതു നേതൃത്വം തുടങ്ങി വൈക്കും, മാധ്യമങ്ങളതേറ്റെടുക്കും,അല്ലെങ്കില്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കും നേതൃത്വം അതേറ്റെടുക്കും. ഇതായിരുന്നു സ്ഥിതി.എന്നിട്ട് അവസാനം എന്തായി.വലിയ വലിയ സംഖ്യകള്‍ എല്ലാവരും പ്രചരിപ്പിച്ചെങ്കിലും അന്വേഷിച്ച സി ബി ഐ അസന്നിഗ്ധമായി പ്രഖ്യാപിച്ചു, പിണറായി വിജയന്‍ അഴിമതി കാണിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്.തന്നേയുമല്ല കേസ് കോടതിയിലെത്തിയപ്പോള്‍ കോടതി സി ബി ഐ യോടു പറഞ്ഞു; ലാവലിന്‍ കരാര്‍ തുടങ്ങി വച്ച കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാവിനെക്കുറിച്ചുക്കൂടി അന്വേഷണം നടത്തണമെന്ന്. ഇതോടെ വലതുപക്ഷക്കാരുടെ വായടച്ചു, അവരെ സപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളുടേയും.കുറെ നാള്‍ കേരളത്തിന്റെ അന്തരീക്ഷം നാറ്റിച്ചതു മാത്രം മിച്ചം.
                              അതിന്റെ മറ്റൊരു രൂപമാണിപ്പോള്‍ കാണാന്‍ തുടങ്ങുന്നത്.പ്രിയ വലതുപക്ഷ നേതാക്കളെ, ഞങ്ങള്‍, കേരളീയര്‍ മാനവും മര്യാദയുമായി, പണിയെടുത്ത്  കുടുംബവും നോക്കി ജീവിക്കുന്നവരാണ്.ഞങ്ങളെ ഇത്തരം കോളറ പ്രയോഗങ്ങള്‍കൊണ്ട് - തെളിവില്ലാത്ത ഉണ്ടയില്ലാ വെടികള്‍ കൊണ്ട് ഞങ്ങളെ നാറ്റിക്കരുത്, ഞങ്ങള്‍ കുറച്ചുകൂടി നല്ലൊരു പെരുമാറ്റം അര്‍ഹിക്കുന്നു.ഇടതുപക്ഷത്തെ കണ്ടില്ലെ, കൃത്യമായ തെളിവുകളുമായി ആരോപണം ഉന്നയിക്കുകയും ആ തെളിവുകള്‍ ജനംധ്യത്തിലും കോടതിയിലും തുറന്നുകാട്ടുകയും ആരോപിതനെ ശിക്ഷിക്കാന്‍ ഏതറ്റം വരെ പോകുകയും ചെയ്യും എന്ന്.
                          ഇടതുപക്ഷം അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ അത് തെളിവുസഹിതം ജനമധ്യത്തില്‍ തുറന്നു കാണിക്കൂ.ഞങ്ങളും കൂടാം നിങ്ങളോടോപ്പം.അതില്ലെങ്കില്‍ മിണ്ടാതിരിക്കൂ, അല്ലാതെ വെറുതെ ഇല്ലാത്ത നുണകള്‍ കെട്ടിയുണ്ടാക്കി ഈ ശാന്തമായ അന്തരീക്ഷം കോളറക്കാരന്റെ വിസര്‍ജ്യം കൊണ്ട് മലീമസമാക്കാതിരിക്കൂ............. പ്ലീസ്.
                        


4 comments :

  1. നല്ല പോസ്റ്റ്‌

    ReplyDelete
  2. ഇടക്കിടക്ക് വിദേശയാത്രകള്‍ നടത്തുകയും വലിയ ക്ലബ്ബുകളിലൊക്കെ അംഗമാകുകയും ചെയ്യുന്ന മകന്‍ ഒരു വിശുദ്ധ്നാണെന്ന് കരുതുന്നുവോ?അദ്ദേഹം ജോലി നേടിയ രീതിയൊന്നും ആരും മറന്നിട്ടില്ല.
    അചുതാനന്ദന്‍ ആദര്‍‌ശവാനെന്നൊക്കെ മറവി രോഗം ഇല്ലാത്തവര്‍ മാത്രം പറയുന്നതാണ്.

    ReplyDelete
  3. ആയിക്കോട്ടെ രാജെഷെ, അച്ചുതാനന്ദന്റെ മകന്‍ അത്ര വിശുദ്ധനാണെന്ന് ആരും അവകാശപ്പെടുമെന്ന് തോന്നുന്നില്ല.പക്ഷെ യു ഡി ഏഫ് ആ ആരോപണം ഉന്നയിച്ച രീതി,സമയം ഇതൊക്കെയാണ് ഞാന്‍ പറഞ്ഞത്.പിന്നെ അവര്‍ ഒരു തെളിവും ഹാജരാക്കിയിട്ടുമില്ല. എനിക്ക് രാജേഷിനെതിരെ ഒരാരോപണം ഉന്നയിക്കാം കേസെടുത്ത് അന്വേഷിക്കുമ്പോള്‍ തെളിവ് കൈമാറാം എന്നു പറയുന്ന ശൈലിയുണ്ടല്ലോ അതാണ് ശരിയല്ലാത്തത്.

    ReplyDelete
  4. സത്യങ്ങളല്ല എഴുതിയത് എന്നും, പറഞ്ഞത് നുണകള്‍ തന്നെയാണെന്നും ഉത്തമ ബോധ്യം ഉള്ള വലതുപക്ഷ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍, നേരായ, വ്യക്തതയുള്ള താങ്കളുടെ നിഗമനങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നു.
    വാര്‍ത്തകള്‍ വെറും വാര്‍ത്തകള്‍ മാത്രമാണെന്നും അത് സത്യങ്ങള്‍ ആയിരിക്കണമെന്നില്ല എന്ന യാഥാര്‍ഥ്യം തുറന്നു കാട്ടുന്ന ഒരു ശക്തമായ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

    ReplyDelete