ഒരിക്കലും നേരെയാകാത്ത പട്ടിയുടെ വാല്‍ അഥവാ കേരളീയന്റെ ആക്രാന്തം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
വിളക്കു കൊളുത്തി വച്ചാല്‍ ( പണ്ട്) ശലഭങ്ങള്‍ നിരനിരയായി വിളക്കിന്റെ തീനാളവുമായി കേളിയിലേര്‍പ്പെട്ട് കത്തിക്കരിഞ്ഞു പോകുന്ന കാഴ്ച നമ്മള്‍ സ്ഥിരമായി കണ്ടുവരുന്നതാണ്.കവികളും മറ്റു സാഹിത്യകാരന്മാരും പണ്ടുമുതലേ തന്നെ ഇതിന് പലമാനങ്ങള്‍ നല്‍കി പലരീതിയിലുമുള്ള സാഹിത്യസൃഷ്ടികള്‍ നടത്തിയിട്ടുള്ളതും നമുക്കറിയാം.നാം തന്നെ പ്രൌഡ്ഗ്മഭീരങ്ങളായ പല്‍ സൃഷ്ടികളും വായിച്ച് രോമാഞ്ചമണിഞ്ഞിട്ടുള്ളതായിരിക്കും.എന്നാല്‍ വര്‍ത്തമാന കാല കേരളത്തില്‍ ഈ സംഭവം അതിന്റെ എല്ലാ ഭീകരതയോടെയും നാം കണ്ടുകൊണ്ടിരിക്കുന്നു.
                                                                  ചിട്ടിക്കമ്പനികളുടെ വെട്ടിപ്പായിട്ടായിരുന്നു ഇതിന്റെ തുടക്കം പുതിയ ഒരു ചിട്ടിക്കമ്പനി ഉണ്ടാക്കുകയും അതിന്റെ പേരില്‍ നാടൊട്ടുക്കു നടന്ന് പണം പിരിച്ച് അവസാനം പണമടച്ചവരെ ഗോവിന്ദ വരപ്പിക്കുന്ന സംബ്രദായം ഇവിടന്നാണ് തുടങ്ങിയത്.ചിട്ടി പൊട്ടിക്കഴിഞ്ഞപ്പോള്‍ പിന്നെ ബ്ലേഡ് കമ്പനികളുടെ തേര്‍വാഴ്ചയായി.വളരെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തുകൊണ്ട് നാടൊട്ടുക്ക് നടന്ന് നിക്ഷേപം പിരിക്കുകയും, ആദ്യമാദ്യം അതിന് കൃത്യമായും പലിശ നല്‍കി അതു കാണിച്ച് നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്ന അവസ്ഥ വന്നു.ഈ പിരിച്ചെടുക്കുന്ന പണം വളരെ ഉയര്‍ന്ന പലിശക്കുതന്നെ ആവശ്യക്കാര്‍ക്ക് കടം കൊടുക്കുക എന്ന ഏര്‍പ്പാടുമുണ്ടായിരുന്നു.എന്നാല്‍ വളരെപ്പെട്ടെന്ന് തന്നെ ബ്ലേഡ് കമ്പനികള്‍ ഒട്ടു മുക്കാലും പൂട്ടുകയും നിക്ഷേപകര്‍ക്ക് പലിശയും മുതലും ഇല്ലാതാവുകയും ചെയ്തു.ഭാര്യയുടേയും മക്കളുടേയും ആഭരണങ്ങള്‍ പണയം വച്ചും,വാഹനങ്ങള്‍ വിറ്റും,പെന്‍ഷനും പി എഫ് ലോണുമെല്ലാമെടുത്ത് ജനങ്ങള്‍ ഈ പ്രസ്ഥാനത്തിനായി നിക്ഷേപം നടത്തിയിരുന്നു.എന്നാല്‍ അവസാനം ഇതെല്ലാം വെളളത്തിലാവുകയാണുണ്ടായത്,
                                            അതിനുശേഷം വന്നതാണ് ആട് ,മാഞ്ചിയം, തേക്ക് ബിസിനസ്സ്.നിങ്ങള്‍ ഇറക്കുന്ന തുഛമായ പണത്തിന് തങ്ങള്‍ ആടിനെ വാങ്ങി വളര്‍ത്തുമെന്നും( പണ്ട് പഞ്ചതന്ത്രത്തിലിതുപോലൊരാള്‍ സ്വയം വഞ്ചിതനാവുന്ന ഒരു കഥയുണ്ട്.തട്ടിപ്പുകാരുടേയും തട്ടിപ്പിനിരയാവുന്നവന്റേയും പ്രതിനിധി.) അത് ഇങ്ങനെ അവസാനം രൂപാന്തരം പ്രാപിക്കുമെന്നും വാചാലമായി ഇവര്‍ വിവരിക്കുന്നതുകേട്ട് പണമിറക്കിയ ലക്ഷക്കണക്കിനാളുകള്‍ ഇവിടെ ഈ കൊച്ചുകേരളത്തിലുണ്ടായിരുന്നു.അവസാനം ആടുമില്ല പണവുമില്ല എന്ന അവസ്ഥയായെന്നു മാത്രം.ഏതാണ്ട് ഇതിനോട് സമാനമായിരുന്നു മാഞ്ചിയം ,തേക്ക് തട്ടിപ്പ്.എല്ലായിടത്തും ജനത്തിനു ധനനഷ്ടവും മാനഹാനിയും ഫലം.ഇത്തരം തട്ടിപ്പുകളുടെ പുത്തന്‍ തലമുറ തന്ത്രങ്ങളാണ് മണിചെയിന്‍ തട്ടിപ്പ്, പണം ഇരട്ടിപ്പിച്ചു നല്‍കല്‍,ഫ്ലാറ്റ് തുടങ്ങിയ കുംഭകോണങ്ങള്‍.അതുപോലെ തന്നെ പ്രസിദ്ധമായ തട്ടിപ്പുകളായിരുന്നു ശബരീനാഥ് തുടങ്ങിയ വ്യക്തികള്‍ നടത്തിയ തട്ടിപ്പുകള്‍. കോര്‍പറേറ്റ് സെക്റ്ററില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ് ശബരീനാഥ് എന്ന ചെറുപ്പക്കാരനും കൂട്ടാളികളും കൂടി തട്ടിയത് ആയിരക്കണക്കിന് കോടി രൂപയാണ്.നിക്ഷേപം നടത്തുന്നതിനു പകരം ഇയാള്‍ ചെയ്തത് ഈ പണമുപയോഗിച്ച് ആര്‍ഭാടമായി ജീവിക്കുകയാണ്.ഇതുപോലെ ഇത്തരം പ്രാദേശീകമായ നിലയിലുള്ള തട്ടിപ്പുകള്‍ വേറെയും.
                   ഇക്കഴിഞ്ഞ ദിവസം നമ്മുടെ സംസ്ഥാനത്തിന്റെ പോലീസ് മേധാവി തന്നെ പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞത് മണി ചെയിന്‍ തട്ടിപ്പുകാര്‍ ഈ സംസ്ഥാനത്തുനിന്നും ആയിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ്.
                                       ഇവിടെ കഴിഞ്ഞുപോയ തട്ടിപ്പുകള്‍ ചുമ്മാ അവലോകനം ചെയ്താല്‍ നമുക്ക്  ( ആര്‍ക്കും) മനസ്സിലാകുന്ന ചിലകാര്യങ്ങളുണ്ട്.(1) ഒരിക്കല്‍ ഒരു തട്ടിപ്പുണ്ടായി നാട്ടുകാരുടെ കിട്ടാവുന്ന പണം മുഴുവന്‍ ഊറ്റിക്കഴിയൂന്നതുവരെ ഗവണ്‍‌മെന്റ് എന്ന ഒരു സ്ഥാപനം ഇതിനെക്കുറിച്ചറിയുകതന്നെയില്ല .ഇവര്‍ പലരീതിയിലും രൂപത്തിലും ഭാവത്തിലുമൊക്കെ പരസ്യം ചെയ്യും മാധ്യമങ്ങള്‍ വഴി.ഏതെല്ലാം രീതിയില്‍ ആളുകളെ സ്വാധീനിക്കാമോ അതു മുഴുവന്‍ ചെയ്യും.പക്ഷെ ഗവണ്മെന്റ് മെഷീനറി മാത്രം ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചറിയുക തന്നെയില്ല.കിട്ടാവുന്ന പണം മുഴുവന്‍ ഊറ്റിക്കഴിഞ്ഞ് ഇതിന്റെ സംഘാടകര്‍ പതുക്കെ രംഗത്തുനിന്നും നിഷ്‌ക്രമണം ചെയ്യും,അപ്പോള്‍ ആരെങ്കിലുമൊരാള്‍ ഒരു പരാതിയുമയി പോലീസ് സ്റ്റേഷനില്‍ ചെല്ലും.അതോടെ പിന്നെ തകര്‍ത്ത് അന്വേഷണമായി ബഹളമായി.(2) ഈ സ്ഥാപനം മഹത്താണ് മഹത്തില്‍ മഹത്താണ് എന്നു പറഞ്ഞ് പരസ്യം കൊടുക്കാന്‍ മാധ്യമങ്ങള്‍ക്കൊരു മടിയുമില്ല.ഇവര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ,നടക്കാവുന്നതാണോ എന്നു പോലും നോക്കാതെ കോടികള്‍ വാങ്ങി പരസ്യം ചെയ്യാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്കൊരു മടിയുമില്ല.തങ്ങളുടെ പത്രം / മാധ്യമം തങ്ങള്‍ പറയുന്ന വില കൊടുത്തു വാങ്ങുന്ന വായനക്കാരോടുള്ളതിനേക്കാള്‍ താല്പര്യം അവര്‍ക്ക് ഇത്തരം തട്ടിപ്പ് പ്രസ്ഥാനക്കാരോടാണ്.(3)ഇനി ഇത്തരം ഏത് തട്ടിപ്പ് പ്രസ്ഥാനമെടുത്ത് നോക്കിയാലും അതിന്റെ തലപ്പത്ത് അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഒരു പ്രധാന്‍സ്ഥാനത്ത് ഒരു പോലീസുദ്യോഗസ്ഥനുണ്ടായിരിക്കും. മിക്കവാറും വളരെ സ്വകാര്യമായി അയാളെക്കാണിച്ചുകൊണ്ടായിരിക്കും ഒരു പ്രധാന തലത്തില്‍ പണപ്പിരിവു നടത്തിയിട്ടുണ്ടാവുക.അതുകൊണ്ടു തന്നെ ആ പോലീസുദ്യോഗസ്ഥന്‍ ഏതെങ്കിലും ഒരു സ്വാധീനമുള്ള സ്ഥാനത്തിരിക്കുന്ന ആളായിരിക്കും, ഒരിക്കലും ഒരു സാദാ പോലീസോ,ഒന്നും ആയിരിക്കില്ല.(4)മിക്കവാറും പഴയകാലത്ത് തട്ടിപ്പ് പൊളിഞ്ഞ് പുറത്തായ ഏതെങ്കിലും ഒരു ടീം ആയിരിക്കും പുതിയ പേരില്‍ പുതിയ പരസ്യവുമായി രംഗത്തു വരിക.പാവം നമ്മള്‍ അവരുടെ പരസ്യവാചകങ്ങള്‍ വിശ്വസിച്ച് അതിലേക്കേടുത്തു ചാടുന്നു.(5)യുക്തിപരമായി ഒരു കാര്യവും ചിന്തിക്കാതെയായിരിക്കും ജനം അതിലേക്കേടുത്തെറിയുക,സ്വയം.ഒരിക്കല്‍ ചതിയില്‍ പെട്ടവര്‍ പോലും അതില്‍ പറ്റിയത് ഇതില്‍ തിരുത്തണമെന്ന ചിന്തയിലായിരിക്കും പുതിയതിലേക്കിറങ്ങുക.
                          എന്തുകൊണ്ടാണ് ജനം ഇങ്ങനെ ബുദ്ധുശൂന്യരായി വീണ്ടും വീണ്ടും ഇത്തരം ചതിക്കുഴികളില്‍ വീഴുന്നതെന്ന് ആര്‍ങ്കിലും ഗൌരവമായി ആലോചിച്ചു കണ്ടിട്ടില്ല ഇതുവരെ.ഭരണക്കാരെ കുറ്റം പറയാനും പോലീസിനെ പുലഭ്യം പറയാനും ഇവിടെ ഇഷ്ടം പോലെ ആളുകളുണ്ട്.എന്നാല്‍ എന്തുകൊണ്ട് കേരളീയര്‍ക്ക് വീണ്ടും വീണ്ടും ഈ ചതി പറ്റുന്നു എന്ന് ആരും ചിന്തിച്ചിട്ടില്ല.നമുക്കൊന്ന് ആ വഴിക്ക് ചിന്തിച്ചാലോ?
                            ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്ഥമായി ഭൂപരിഷ്കരണം മിക്കവാറും പൂര്‍ത്തിയായ ഒരു സംസ്ഥാനമാണ് കേരളം.ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത ഒരു ബഹുമതിയാണത്.ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ഭൂമിയുടെ ഉടമസ്ഥത ഒരു പിടി സെമീന്ദാര്‍മാരുടേയോ,ഭൂപ്രഭുക്കളുടേയോ കയ്യിലായിരിക്കുകയും കൃഷി ചെയ്യാനുള്ള ഭൂമി കര്‍ഷകര്‍ ഇവരുടെ കയ്യില്‍നിന്നും പാട്ടത്തിനു വാങ്ങി കൃഷി ചെയ്യുകയും ചെയ്യുന്ന ഒരവസ്ഥയാണുള്ളത്.എന്നാല്‍ 1958 ല്‍ ഇവിടെ നിലവില്‍ വന്ന ഇടതുപക്ഷ ഗവണ്മെന്റ് ( ഇടതുപക്ഷം 58 ല്‍ അധികാരത്തില്‍ വരാന്‍ കാരണം തന്നെ അതിനും മുന്‍പ് ഇവിടെ നടന്ന സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളാണെന്നത് കൃതജ്നതാപൂര്‍വം സ്മരിക്കുന്നു.)തയ്യാറാക്കിയതും 1968 ലെ ഗവണ്മെന്റ് നടപ്പിലാക്കിയതുമായ കര്ഷകബില്ല് ഇവിടത്തെ പാട്ടപ്പണി അവസാനിപ്പിക്കുകയും അവരെ മുഴുവന്‍ തങ്ങള്‍ കൃഷി ചെയ്തുകൊണ്ടിരുന്ന ഭൂമിയുടെ ഉടമകളാക്കി മാറ്റുകയും ചെയ്തു.
                   ഈ പ്രക്രിയ നിസ്വരായ മനുഷ്യരെ സംബന്ധിച്ചീടത്തോളം വളരെ വലുതായ ഒരു മാറ്റം ആണുണ്ടാക്കിയത്.ഫ്യൂഡലിസത്തില്‍നിന്നും മുതലാളിത്വത്തിലേക്കുള്ള പാതയില്‍ ഇതൊരു വന്‍ കുതിച്ചു ചാട്ടവുമായിരുന്നു.പക്ഷെ ഇതിന്റെ ഏറ്റവും വലിയ പരിമിതി ഈ മാറ്റം അഖിലഭാരതതലത്തിലേക്കും വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞില്ല എന്നു തന്നെയാണ്.പാട്ടകൃഷി ചെയ്യുന്ന സ്വന്തമായി ഭൂമിയില്ലാത്ത എല്ലാവര്‍ക്കും സ്വന്തമായി ഭൂമി നല്‍കുക( പ്രായോഗീകമായിതന്നെ നടക്കുന്ന കാര്യമാണിത്,ആവശ്യമുള്ളതിലും അധികം ഭൂമിയാണ് ഭൂപ്രഭുക്കള്‍ കൈവശം വച്ചിരിക്കുന്നത്,)എന്നിട്ടാ ഭൂനിയില്‍ കൃഷി ചെയ്യാനുള്ള സാമ്പത്തീകസഹായവും നല്‍കുക.നമ്മുടെ മാത്രുഭൂമിയായ ഭാരതത്തില്‍ ഇതുണ്ടാക്കുന്ന മാറ്റം പ്രവചനാതീതം തന്നെയായിരിക്കും.ഇത്രയും പണം - കൃഷിയിറക്കുന്നതിനുള്ള സഹായം മാത്രമല്ല, അതില്‍ നിന്നും കിട്ടുന്ന ലാഭംകൂടി - മാര്‍ക്കറ്റിലേക്ക് ഇറങ്ങിയാല്‍ നമ്മുടെ ഭൌതീകരംഗത്തുണ്ടാകുന്ന മാറ്റം അല്‍ഭുതകരമായിരിക്കും.
                 അപ്പോള്‍ അങ്ങിനെ സ്വന്തമായി കൃഷി ചെയ്യാന്‍ ഭൂമി കിട്ടിയ കര്‍ഷകന്‍; അവനിന്നലെ വരെ കര്‍ഷകനായിരുന്നത് ഇന്നുമുതല്‍ ഭൂസ്വാമി കൂടിയായി.അവന്റെ അഭിമാനം വിജ്രുംഭിച്ചു, ഇതിനിട വരുത്തിയ ഇടതുപക്ഷത്തെ അനുഗമിക്കുന്നതിനും ആശീര്‍വദിക്കുന്നതിനും പിന്തുണക്കുന്നതിനും പകരം സ്വന്തമായി ഭൂമി കിട്ടിയ ഇവര്‍ സ്വാഭാവീകമായും നോക്കിയത് പഴയ ഭൂ‍പ്രഭുവിനെത്തന്നെയാണ് എന്നുള്ളത് തികച്ചും സ്വാഭാവീകം മാത്രം.പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രീകവും സൌജന്യവുമാക്കിയ ഗവണ്മെന്റ് നടപടി, ഈ കര്‍ഷകരുടെ മക്കള്‍ക്ക്  വിദ്യാഭ്യാസം ചെയ്യാനുമായി.ഇതും സാമൂഹികരംഗത്തുണ്ടാക്കിയ മാറ്റം പ്രവചനാതീതമായിരുന്നു.
               പിന്നേയും നമുക്കറിയാം നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍.തൊഴിലില്ലായ്മ വളരെ രൂക്ഷമായിരുന്നു നമ്മുടെ നാട്ടില്‍.ഇതിനും ബലിയാകേണ്ടിവന്നതും ഈ ഭൂമി കിട്ടിയവരുടെ മക്കള്‍ തന്നെ.ഭൂമി വിട്ടുകൊടുത്ത് ദാരിദ്ര്യത്തിലായ വിഭാഗം ഉണ്ടായിരുന്നെങ്കിലും അവരുടെ എണ്ണം താരതമ്യേന വളരെക്കുറവായിരുന്നു നമ്മുടെ നാട്ടില്‍.പിന്നെയുള്ളത് കര്‍ഷകതൊഴിലാളികളായിരുന്നു.എന്നാല്‍ അവരുടെ മക്കള്‍ സ്കൂളില്‍ പോകാനും പഠിക്കാനും തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു.അതിനാല്‍ അവരുടെ കുട്ടികളുടെ തൊഴിലില്ലായ്മ എന്നാല്‍ അത് കൃഷിപ്പണിയില്ലായ്മ എന്നതായിരുന്നു മുഖ്യമായും.(ആ തൊഴിലില്ലായ്മയാണ് ചുമട്ടുതൊഴിലാളികളെ സൃഷ്ടിച്ചതും ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതും.) അതുകൊണ്ടുതന്നെ പുത്തന്‍ ഭൂവുടമകളായിരുന്നു തൊഴിലില്ലായ്മക്കടിമപ്പെട്ടതിന്റെ ഭൂരിഭാഗവും.എന്നാലും അവരുടെ സ്വപ്നം പഴയ ഭൂപ്രഭുക്കളുടെ അലസജീവിതം ആയിരുന്നു. തൊഴിലില്ലായ്മയുടെ പടുതിയില്‍ പിടയുമ്പോഴും അവരുടെ സ്വപ്നം ഏതെങ്കിലും ഒരു ജന്മിയോ തമ്പുരാനോ ആയിത്തീരുക എന്നുള്ളതായിരുന്നു.അതുകൊണ്ടു തന്നെ താഴോട്ട് നോക്കാന്‍ അന്നും അവര്‍ തയ്യാറായിരുന്നില്ല.(എം.ടി യുടെ സാഹിത്യത്തിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും ഇത് കൃത്യമായി മനസ്സിലാകും.പിന്നെ ഇവരെക്കുറിച്ച് മാര്‍ക്സും പറഞ്ഞിട്ടുണ്ട്).
                        ഇത്തരക്കാര്‍ക്കായി വീണുകിട്ടിയ അവസരമായിരുന്നു ഗള്‍ഫ്.ഓര്‍ക്കുക, ഗല്‍ഫില്‍ പോയവര്‍ അധികവും ഇത്തരം ഇടത്തരക്കാരായിരുന്നു.അവരീക്കിട്ടിയ പണം മുഴുവന്‍ പെട്ടെന്ന് പെരുപ്പിക്കാനും ജന്മി കളിക്കാനുമൊക്കെ ആയി ഉപയോഗിക്കും.അതു തന്നെയല്ലെ ഇന്നിവിടെ നടന്നു കൊണ്ടിരിക്കുന്നത്?ജന്മിയാവാനുള്ള അദമ്യമായ ആഗ്രഹത്തിനു മുന്നില്‍,കൈയ്യിലുള്ള പണത്തെ പെരുപ്പിക്കാനുള്ള ആഗ്രഹത്തിനു മുന്നില്‍ എന്ത് യുക്തി ചിന്ത?
                          എന്നാല്‍ എല്ലാവരും ഇത്തരക്കാരാണെന്ന് ഒരിക്കലും ഞാന്‍ പറയില്ല, പറയാന്‍ പാടില്ല താനും.എന്നാല്‍ കുറച്ചു പേര്‍ ഇങ്ങനെ യുക്തിബോധം വെടിഞ്ഞ് പെരുമാറുന്നു എന്നുമാത്രം.
                 

1 comment :