സംഭവാമി യുഗേ യുഗേ

**Mohanan Sreedharan | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഭഗവത് ഗീതയിലെ വളരെ കാതലായ ഒരു ഭാഗമാണ് ഇന്നത്തെ പോസ്റ്റിന്റെ തലക്കെട്ട്.ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് ധര്‍മ്മം ഉപദേശിച്ചുകൊടുക്കുന്ന സമയത്ത് അദ്ദേഹം അര്‍ജുനനോട് പറയുന്നതാണ് ഇത്; എന്നൊക്കെ ഭാരതഭൂവില്‍ ധര്‍മ്മം ക്ഷയിച്ച് അധര്‍മ്മം കൊടികുത്തി വാഴുന്നുവോ,അന്നൊക്കെ അധര്‍മ്മത്തെ ഇല്ലായ്മ ചെയ്യാനായി അര്‍ജുനാ ഞാന്‍ അവതരിക്കും.അങ്ങനെ ഭഗവാന്‍ അവതരിച്ച സംഭവങ്ങളെക്കൊണ്ട് ബഹുലങ്ങളാണ് പുരാണങ്ങള്‍.ആദ്യം മത്സ്യമായി,പിന്നെ ആമയായി,പന്നിയായി ഒക്കെ അദ്ദേഹം അവതരിച്ചു., ഭാരതഭൂമിയെ അനീതി,അക്രമം,അഴിമതി,അധര്‍മ്മം എന്നിവയില്‍ നിന്നൊക്കെ രക്ഷിച്ചു.അദ്ദേഹം പറഞ്ഞത് “എന്നൊക്കെ ഭാരതഭൂമിയില്‍ അധര്‍മ്മം കൊടികുത്തി വാഴുന്നുവോ,അന്നൊക്കെ ഞാന്‍ അവതരിക്കും എന്നാണ്”.അതായത് അധര്‍മ്മം കൊടികുത്തി വാഴുക,അതിന്റെ ഫലമായി അഴിമതി,അക്രമം എന്നിവയൊക്കെ കൊടികുത്തി വാഴുക എന്നത് ഒരു കണ്ടിന്യുവസ് പ്രോസെസ്സ് ആണ്, അത് സംഭവിച്ചുകൊണ്ടേയിരിക്കും,അതവസാനിപ്പിക്കുവാന്‍ ദൈവത്തിനു പോലും കഴിയില്ല, പിന്നെ ചെയ്യാവുന്നത് അധര്‍മ്മം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ദൈവം, പതുക്കെ, സാഹചര്യത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഒരു ജീവിയായി വേഷമിട്ട് രംഗത്ത് വന്ന് ആര്‍നോള്‍ഡ് ഷ്വാര്‍ഷെനഗര്‍ സ്റ്റൈലില്‍ എല്ലാ അധര്‍മ്മത്തിനേയും അവസാനിപ്പിച്ച് തിരിച്ചു പോകും.അതോടെ സംഗതി ശുഭം.
                                 ഇത്രയും വിശദമായി ഞാന്‍ എഴുതിയത് നമ്മുടെ ഭാരതഭൂവില്‍ ഈ അടുത്തകാലത്ത് അരങ്ങേറിയ ചില അധര്‍മ്മപ്രവൃത്തികളും അതവസാനിപ്പിക്കാന്‍ ചില അവതാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും കണ്ടാണ്.നമുക്കൊന്ന് നൊക്കാം.
 
                             ഒന്നാം യു പി എ ഗവണ്മെന്റിനു ശേഷം വന്ന രണ്ടാം യു പി എ ഗവണ്മെന്റ് അഴിമതിയില്‍ മുങ്ങിക്കുളിച്ച് അധാര്‍മ്മികയുടെ വെണ്ണീറും പൂശി നില്‍ക്കുന്ന കാഴ്ച്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.പണ്ട് “എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്തമരങ്ങള്‍ മാത്രം” എന്ന് ചങ്ങമ്പുഴ പാടിയതുപോലെ എവിടേയും എന്നും അഴിമതി അഴിമതി എന്നായിരിക്കുന്നു കാര്യങ്ങള്‍.ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതി,പിന്നെ കോമണ്‍‌വെല്‍ത്ത് അഴിമതി,(തുക കണക്കാക്കി കഴിഞ്ഞിട്ടില്ല),ആദര്‍ശ് ഫ്ലാറ്റ് അഴിമതി( ഇവിടെയായപ്പോഴേക്കും നാണം വന്നിട്ടാകണം,അഴിമതി എന്ന വാക്ക് മാറ്റി കുംഭകോണമാക്കി),ഇവയൊക്കെയാണ് ഇപ്പോള്‍ ഏറ്റവും വലിയ അഴിമതികളായി അറിയപ്പെടുന്നത്.ശേഷം വന്ന ചിന്ന ചിന്ന സംഭവങ്ങളാണ് ഈജിപ്തില്‍ നിന്നും വാങ്ങിയ ആളില്ലാവിമാനക്കച്ചവടത്തിലെ അഴിമതി തുടങ്ങിയവ.അവയുടെ ഒക്കെ മുഴുവന്‍ രൂപവും വരാനിരിക്കുന്നതേയുള്ളു.ഇതിലെ മറ്റൊരു രസമെണ്ത്താണെന്നു വച്ചാല്‍ ഓരോ അഴിമതിയും പൂ വിടരുന്നതുപോലെ വിടര്‍ന്നു കഴിയുമ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റു കുറേ അഴിമതികള്‍ കൂടി വെളിച്ചത്തു വരും എന്നതാണ്.
                                                                        ഉദാഹരണത്തിന് 2ജി സ്പെക്ട്രം അഴിമതി എന്ന വിഷവൃക്ഷം പൂത്തുലഞ്ഞു കഴിഞ്ഞപ്പോഴാണ് രണ്ടാം യു പി എ മന്ത്രിസഭയില്‍ മന്ത്രിമാരെ നിശ്ചയിക്കാന്‍ കോര്‍പറേറ്റുകാര്‍ സജീവമായി ഇടപെട്ടു വിജയിപ്പിച്ച ചിത്രം പുറത്തു വന്നത്.ഇതിന് ഇടനിലക്കാരായി നിന്ന നീരാറാഡിയ എന്ന സ്ത്രീയും പ്രസിദ്ധ പത്രപ്രവര്‍ത്തകന്റേയും പേരുകള്‍ പുറത്തു വന്നത്.ഇതിനുമുന്‍പ് അധികാരികള്‍ക്കൊരു പേടിസ്വപ്നമായിരുന്നു ആ മാധ്യമപ്രവര്‍ത്തകന്‍.എന്നാല്‍ അദ്ദേഹം എഴുതി അധികാരിവര്‍ഗത്തെ വിറപ്പിച്ചതുമുഴുവന്‍ തന്റേയും കൂട്ടാളികളുടേയും സ്ഥാനം ഉറപ്പിക്കാനും മറ്റു കാര്യസാധ്യങ്ങള്‍ക്കും വേണ്ടിയായിരുന്നു എന്ന് പിന്നീടാണ് ജനം മനസ്സിലാക്കിയത്.ചുരുക്കി പറഞ്ഞാല്‍ മദ്യം, മദിരാക്ഷി,പിന്നെ പണം ഇതുമൂന്നുമാണ് ഇന്‍ഡ്യയെന്ന മഹാരാജ്യത്ത് മന്ത്രിമാരേയും ഭരണാധികാരികളേയും സൃഷ്ടിക്കുന്നത് എന്ന് തെളിഞ്ഞു.അല്ലാതെ നാമുദ്ദേശിക്കുന്നതുപോലെ ജനങ്ങളോ ജനങ്ങളുടെ വോട്ടോ അല്ല എന്ന് നാം ഭാരത പൌരന്മാര്‍ മനസ്സിലാക്കുന്നു ഇന്ന്.
         ഈ അഴിമതികളുടെ ഒരു പ്രത്യാഘാതം എന്ന നിലയില്‍ കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസിന് തമിഴ് നാട്ടില്‍ ഭരണം നഷ്ടപ്പെട്ടു, കേരളത്തിലും പശ്ചിമ ബംഗാളിലും ഭരണം കിട്ടിയെങ്കിലും അതില്‍ കോണ്‍ഗ്രസിന് എങ്ങും മേല്‍കോയ്മ ഇല്ല തന്നെ.ചുരുക്കിപറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ കുറഞ്ഞുകൊണ്ടിരിക്കുന്നു.ഇത് കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പരുങ്ങലിലാക്കി.തങ്ങളുടെ നില രക്ഷിക്കാന്‍ പല ഗിമ്മിക്കുകളും കളിക്കാന്‍ അവര്‍ തയ്യാറാവാന്‍ തുടങ്ങി.ഉദാഹരണത്തിന് കേരളത്തില്‍ മന്ത്രിമാരും മറ്റും സ്വത്ത് വിവരം പ്രഖ്യാപിക്കും എന്ന പ്രസ്താവന കാണുക.അഴിമതികുറ്റത്തിനും മറ്റുമായി വിചാരണ നേരിടുന്ന പലരും മന്ത്രിമാരായി കേരള മന്ത്രിസഭയിലുളളപ്പോള്‍ സ്വത്ത് വിവരം പ്രഖ്യാപിക്കും എന്ന പ്രസ്താവന എത്ര പരിഹാസ്യമാണെന്നോര്‍ക്കുക.അതുപോലെ തന്നെ 1969 മുതല്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ലോക്പാല്‍ ബില്ല് ഉടനെ പാസ്സാക്കുമെന്ന ഭീഷണിയും ഇത്തരമൊരു കണ്ണില്‍ പൊടിയിടലിന്റെ ഭാഗമാണ്.
                                  ലോക്പാല്‍ ബില്ലും അതിന്റെ ചര്‍ച്ചയുമായി പൊടുന്നനവേ രംഗത്തെത്തിയ നേതാവാണ് ശ്രീ.അണ്ണാ ഹസാരെ.(അദ്ദേഹത്തെക്കുറിച്ച് രണ്ടു പോസ്റ്റുകളിലായി എഴുതിയ ലേഖനം കാണുക.)രാഷ്ട്രീയക്കാര്‍ മുഴുവന്‍ അഴിമതിക്കാരും കൊള്ളരുതാത്തവരുമാണ്,അതുകൊണ്ടുതന്നെ ലോക്പാല്‍ പോലുള്ള ഒരു സംഭവത്തെ നയിക്കാന്‍ പ്രാപ്തിയുള്ളവരും യോഗ്യതയുള്ളവരും തങ്ങളാണ് എന്നൊരു നാട്യവുമായി ആണ് അണ്ണാ ഹസാരെ രംഗത്തുവരുന്നത്.ഹസാരെ,ശാന്തിഭൂഷന്‍, തുടങ്ങിയ പൌരസമൂഹപ്രസ്ഥാനക്കാര്‍ വളരെ വേഗം തന്നെ
ലോക്പാല്‍ ബില്ലിന്റെ തയ്യാറാക്കല്‍ സമിതിയില്‍ മുന്‍പന്തിയില്‍ കയറിയിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.ഇവര്‍ക്കോ ഇവരുടെ സംഘടനകള്‍ക്കോ രാഷ്ട്രീയമോ രാഷ്ട്രീയക്കാരുമായി യാതൊരു ബന്ധമോ ഇല്ല എന്നു പറയുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നവരുമാണ്.അതായത് ശുദ്ധമായ അരാഷ്ട്രീയക്കാര്‍.ഇവരില്‍ പ്രമുഖനായ ശ്രീ അണ്ണാ ഹസ്സരെയുടെ നിരാഹാരസമരം വര്‍ത്തമാനകാല ഇന്‍ഡ്യ വളരെയേറെ കൊണ്ടാടിയ ഒന്നാണ്,പക്ഷെ ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ നമുക്കറിയാം അദ്ദേഹത്തിന് പിന്തുണയുമായി ആവേശപൂര്‍വം ഓടിയെത്തിയത് ഇന്നാട്ടിലെ കോര്‍പറേറ്റുകളും കഴുത്തറപ്പന്‍മാരും കള്ളന്മാരുമാണ്.എന്നാല്‍ ഈ നാട്ടിലെ സാധാരണജനത്തിനാവേദിക്കടുത്തുപോലും പ്രവേശനം ലഭീച്ചില്ല എന്നതാണ് വാസ്തവം.ഇങ്ങനെ പരസ്യമായി രാഷ്ട്രീയക്കാരേയും മറ്റും തള്ളിപ്പറയുന്ന ഇത്തരക്കാര്‍ തന്നെ വേണം രാഷ്ട്രീയക്കാരുടേ അഴിമതിയേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പ്രധാന പങ്കു വഹിക്കുന്നു.
                                          ഹസാരേയുടെ നിരാഹാരം വളരെയേറെ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് കണ്ടാകണം മറ്റൊരവതാരം - ബാബ രാംദേവ് - അരങ്ങേറുന്നത്.ഹരിയാനക്കാരനായ പിന്നോക്ക സമുദായക്കാരനാണ് അദ്ദേഹം.ഹരിദ്വാറില്‍ ആശ്രമം സ്ഥാപിച്ച് യോഗ പഠിപ്പിക്കുകയും ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പാവം സ്വാമിയാണദ്ദേഹം.അദ്ദേഹത്തിന്റെ വാര്‍ഴികവരുമാനം , അദ്ദേഹം തന്നെ പ്രസ്താവിച്ചതനുസരിച്ച് 1500 നും 2000 കോടിക്കുമിടയിലാണ്.ഈ സംബാദ്യങ്ങളില്‍ നല്ല പങ്കും നേരാ‍യ മാര്‍ഗത്തിലൂടെയല്ല ഉണ്ടാക്കിയതെന്നും അദ്ദേഹത്തിനെതിരെ ആക്ഷേപമുയര്‍ന്നു.തന്നെയുമല്ല അദ്ദേഹത്തിന്റെ വലം കൈ ആയി എപ്പോഴും കൂടെയുണ്ടായിരുന്നത് ബാബറി മസ്ജിദ് പൊളിച്ച കേസില്‍ കുപ്രസിദ്ധി നേടിയ സ്വാമിനി റീത്താംബരയായിരുന്നു. ആര്‍ എസ് എസ് നേതാക്കളും അതു വഴി ബി ജെ പി യുമായി ബാബക്കുണ്ടായിരുന്ന അടുപ്പം ഒരിക്കലും ഒളിച്ചു വൈക്കാവുന്നതായിരുന്നില്ല.എന്നാല്‍ ഹസാരെ യുടെ നിരാഹാരം പോലെ നിരുപദ്രവകാരിയായിരുന്നില്ല ബാബയുടെ സമരം.ബാബ വരുന്ന വഴി തന്നെ എയര്‍ പോര്‍ട്ടില്‍ വച്ച് തന്നെ ശ്രീ മന്മോഹന്‍ സിങ്ങ് ഗവണ്മെന്റ്റിലെ രണ്ട് സീനിയര്‍ മന്ത്രിമാര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി.എന്നാല്‍ വഴങ്ങാതെ, തന്റെ 4 കോടി രൂപ ചിലവഴിച്ചുണ്ടാക്കിയ സത്യാഗ്രഹ പന്തലില്‍ ആയിരക്കണക്കിന് അനുയായികളുമായി സത്യാഗ്രഹമിരുന്നു.എന്നാല്‍ സര്‍ക്കാര്‍ ഉറപ്പുകളില്‍ സത്യാഗ്രഹം അവസാനിപ്പിക്കാനിരുന്നതിന്റെ തലേ രാത്രി പോലീസ് സത്യാഗ്രഹ പന്തലിലേക്ക് ഇരച്ചു കയറുകയും അനുയായികളെ മുഴുവന്‍ ലാത്തിചാര്‍ജും ടിയര്‍ ഗ്യാസുമുപയോഗിച്ചോടിച്ചതിനു ശേഷം സാഹസീകമായി ബാബയെ അറസ്റ്റ് ചെയ്ത് ഹരിദ്വാറിലെ സ്വന്തം ആശ്രമത്തിലേക്ക് നീക്കം ചെയ്തു.എന്നാല്‍ ബാബ അവിടേയും നിരാഹാരം തുടര്‍ന്നു.ഇതെഴുതുമ്പോള്‍ ബാബ സത്യാഗ്രഹം അവസാനിപ്പിച്ചു കഴിഞ്ഞു.
                             കള്ളനും അഴിമതിക്കാരനുമായ ശ്രീ ബാബയുടെ സത്യാഗ്രഹത്തില്‍ യു പി എ ഗവണ്മെന്റ് വല്ലാതെ അസ്വസ്ഥമാവുകയാണുണ്ടായത്.പലവട്ടം ബാബയുമായി ചര്‍ച്ച നടത്താന്‍ ഗവണ്മെന്റ് വക്താക്കള്‍ തയ്യാറായതായി നമുക്ക് കാണാം.ഒരു വാര്‍ത്ത കേട്ടത് സത്യാഗ്രഹം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ബാബയും ഗവണ്മെന്റും തമ്മില്‍ ധാരണയായിരുന്നെന്നും എന്നാല്‍ ബാബയുടെ പിന്നിലെ ആര്‍ എസ് എസ് ഘടകവും ബാബയുടെ തന്നെ ഈഗോയും സമരം ആരംഭിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കയാണുണ്ടായതത്രെ.എന്നാല്‍ പൊടുന്നനവെ പോലീസ് സത്യാഗ്രഹ പന്തലില്‍ കയറി അതിക്രമത്തിലൂടെ ബാബയെ അറസ്റ്റ് ചെയ്തപ്പോള്‍ അന്നുവരേയുണ്ടായിരുന്ന ചിത്രത്തിനു മാറ്റം വന്നു.ബാബക്കനുകൂലമായ കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങി.കോണ്‍ഗ്രസ് ഒഴിച്ചുള്ള എല്ലാ രാഴ്ട്രീയ പാര്‍ട്ടികളും പോലീസ് അതിക്രമത്തെ അപലപിച്ചു.ബാബയോട് അനുഭാവം രേഘപ്പെടുത്തി അണ്ണാ ഹസാരെ തന്നേയും സത്യാഗ്രഹം ഇരിക്കാന്‍ തയ്യാറായി.കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് കണ്ടപ്പോഴാണ് ഗവണ്മെന്റ് പിന്നേയും ബാബയുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കിയതും ബാബ സമരം അവസാനിപ്പിച്ചതും.
                       ഇതോടൊപ്പം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ചര്‍ച്ച രാംദേവും അണ്ണാ ഹസാരേയും തമ്മിലുള്ള താരതമ്യം ആയിരുന്നു.നോക്കൂ, ഒരാള്‍ മാന്യമായി ലളിതമായ രീതിയില്‍ സമരം നടത്തിയപ്പോള്‍ ബാബ പഞ്ചനക്ഷത്ര ലൈനിലുള്ള സമരമാ‍ണ് നടത്തിയത്.ഹസ്സരെയുടെ സമര പന്തലിലേക്ക് ജനങ്ങളുടെ( ഏതുതരമായാലും) ഒഴുക്കായിരുന്നെങ്കില്‍ ബാബ പണമെറിഞ്ഞ് ആളുകളെ സംഘടിപ്പിക്കുകയായിരുന്നു.അണ്ണാ ലോക്പാല്‍ സമിതിയിലെ അംഗവും പൊതുജനസമ്മതനുമാകുമ്പോള്‍ ബാബ മോശവും ദുര്‍ഊഹമായ രീതിയില്‍ പണമുണ്ടാക്കിയവനുമാണ്.അതുകൊണ്ട് ആ രാണ് നല്ലവന്‍ - അണ്ണാ ഹസാരെ.ഇത്തരം ചര്‍ച്ചകളില്‍ മുങ്ങിപ്പോകുന്നത് അഴിമതിയും അതിനെതിരേയുള്ള നടപടികളുമാണ്.രണ്ടുപേരും ഒരൊറ്റക്കാര്യം മാത്രം പറഞ്ഞാണ് - അഴിമതി - സമരം നടത്തിയതെന്ന് വിസ്മരിക്കപെടുന്നു.
                       സമൂഹത്തിലെ ജീര്‍ണതയാണ് അഴിമതിക്കു കാരണമെന്ന് ഹസാരെ പറയുമ്പോള്‍ ഇവിടെ മറയ്ക്കപ്പെടുന്നത്, മറക്കുന്നത് വ്യവസ്ഥിതിയാണ്.വ്യവസ്ഥിതി ഏതുമാകട്ടെ, ലോക്പാല്‍ പോലുള്ള പ്രസ്ഥാനങ്ങളെ ഉപയോഗിച്ച് അഴിമതി തുടച്ചു നീക്കാമെന്ന് അദ്ദേഹം കരുതുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അദ്ദേഹം ബഹുകാതം അകലെയാണ്.അതുപോലെ തന്നെ ബാബ രാംദേവിന്റെ കാര്യം നോക്കുക.ആദ്യം മുതലെ തന്നെ ആറ് എസ് എസും ബിജെപിയും അദ്ദേഹത്തിന്റെ പിന്നില്‍ സജീവമായിരുന്നു.അദ്ദേഹം തന്നെ ഒരാള്‍ദൈവമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുമാണ്.അതുകൊണ്ടുതന്നെ അദ്ദേഹം ഭംഗ്യന്തരേണ ചൂണ്ടിക്കാണിക്കുന്നത് കോണ്‍ഗ്രസ് മാത്രമാണ് അഴിമതിയുടെ സ്രോതസ്സ് എന്നാണ്.എന്നാല്‍ എന്താണ് സത്യം എന്നു നമുക്കറിയാം.കോര്‍പറെറ്റുകള്‍ക്കും അമേരിക്കക്കും നമ്മുടെ ഭാരതത്തെ നിര്‍ലജ്ജം അടിയറ വച്ചത് ബി ജെ പി ഭരണമാണെന്ന് നമുക്കറിയാം.കോണ്‍ഗ്രസിന്റെ അഴിമതികള്‍ക്കെതിരെയുള്ള സമരങ്ങലില്‍ നിന്നും പെട്ടെന്ന് പെട്ടെന്നുള്ള പിന്നോട്ടടികള്‍ക്ക് കാരണം പല അഴിമതികളിലും ഉള്ള ബി ജെ പിയുടെ പങ്ക് കോണ്‍ഗ്രസ്സ് കാണിച്ചു കൊടുക്കുന്നതുകൊണ്ടാണെന്നും നമുക്കറിയാം.എന്നുവച്ചാല്‍ ബാബ രാംദേവും അഴിമതിയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തുന്നതില്‍ നിന്നും പിന്നോക്കം പോയി എന്നര്‍ത്ഥം.
                    അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ രണ്ടു സത്യാഗ്രഹങ്ങളും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിനു സംഭാവന ചെയ്ത ഫലങ്ങളെന്താണ്?.നിരവധി അനവധി അഴിമതികളില്‍ അടിമുടി മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഭാരത ഭരണകൂടത്തിനെതിരേയുള്ള ജനരോഷം ഒന്നുമയപ്പെടുത്താന്‍ ഈ സമരാഭാസങ്ങള്‍ക്കു കഴിഞ്ഞു.അഴിമതിയോ ? ദാ ഞങ്ങള്‍ ലോക്പാല്‍ ബില്ല് കൊണ്ടുവരുന്നില്ലെ?ബില്‍ രൂപീകരണത്തില്‍ അല്പ്ം പോലും വെള്ളം ചേര്‍ക്കാന്‍ ,നോക്കൂ ഹസാരെ,ശാന്തിഭൂഷന്‍ തുടങ്ങിയ മഹാരഥന്മാര്‍ ഇല്ലേ?അവര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തുനില്‍ക്കുമ്പോള്‍ എവിടെ എന്തഴിമതി സുഹ്രുത്തുക്കളെ?എന്നു വച്ചാല്‍ ഭരണകക്ഷിയോടുള്ള ജനരോഷം ശമിപ്പിക്കാനുള്ള ഒരുപാധിയായിരുന്നു ഈ അണ്ണന്മാരുടെ സത്യാഗ്രഹം.
                      അതുകൊണ്ടു തന്നെയാണ് ഭഗവത് ഗീതയിലെ സന്ദര്‍ഭം ഞാന്‍ ഉദ്ധരിച്ചത്.അഴിമതി,അക്രമം,അധാര്‍മ്മികത എന്നിവ നാട്ടില്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.അത് അസഹ്യമായിക്കഴിയുമ്പോള്‍ ഒരവതാരം വരും.അതോടെ കാര്യങ്ങള്‍ക്കോട്ടൊരാശ്വാസം വരും.വീണ്ടും കാര്യങ്ങള്‍ പതുക്കെ പതുക്കെ മാറി മറിഞ്ഞ് വഷളാകും,വീണ്ടും അവതാരം അവതരിക്കും.ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.നമുക്കാവശ്യം ഇത്തരം പൊറോട്ടുനാടകങ്ങളല്ല തന്നെ.
ബാബ സത്യാഗ്രഹം അവസാനിപ്പിക്കുന്നു

5 comments :

 1. അതായത് അധര്‍മ്മം കൊടികുത്തി വാഴുക,അതിന്റെ ഫലമായി അഴിമതി,അക്രമം എന്നിവയൊക്കെ കൊടികുത്തി വാഴുക എന്നത് ഒരു കണ്ടിന്യുവസ് പ്രോസെസ്സ് ആണ്, അത് സംഭവിച്ചുകൊണ്ടേയിരിക്കും,അതവസാനിപ്പിക്കുവാന്‍ ദൈവത്തിനു പോലും കഴിയില്ല, പിന്നെ ചെയ്യാവുന്നത് അധര്‍മ്മം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ദൈവം, പതുക്കെ, സാഹചര്യത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഒരു ജീവിയായി വേഷമിട്ട് രംഗത്ത് വന്ന് ആര്‍നോള്‍ഡ് ഷ്വാര്‍ഷെനഗര്‍ സ്റ്റൈലില്‍ എല്ലാ അധര്‍മ്മത്തിനേയും അവസാനിപ്പിച്ച് തിരിച്ചു പോകും.അതോടെ സംഗതി ശുഭം.

  ReplyDelete
 2. ബീ ജേ പിക്കും കോണ്‍ഗ്രസിനും ബദലായി ഏതു അവതാരം ആണു ഭവാന്‍ ഉദ്ദേശിക്കുന്നത്‌?

  ഇടത്‌ പക്ഷം ആണെങ്കില്‍ അതു മരിച്ചു കഴിഞ്ഞല്ലോ പണ്ട്‌ മുസ്ളീം ലീഗിനെ ചത്ത കുതിര എന്നു നെഹ്രു വിശേഷിപ്പിച്ചു ഇപ്പോള്‍ ആ വിശേഷണം അര്‍ഹിക്കുന്നത്‌ ഇടതു പക്ഷത്തിനാണു, മാന്‍ മോഹന്‍ സിങ്ങിണ്റ്റെ പക്ഷത്താണു ഭഗവാന്‍

  അല്ലെങ്കില്‍ രാം ദേവ്‌ ബാബ ചാടി വന്നു പോലീസിനെ കണ്ടപ്പോള്‍ ചൂരിദാര്‍ ഇട്ട്‌ ഓടി ഇപ്പോള്‍ അണ്ണാ ഹസാരെയെ കൂടി നിഷ്പ്രഭമാക്കി കോണ്‍ ഗ്രസിനു പുതു ജീവന്‍ നല്‍കി, മിക്കവാറും പ്റൈം മിനിസ്റ്റരിനെ കൂടി ലോക്‌ പാലില്‍ ഉള്‍പ്പെടുത്തി ലോക്‌ പാല്‍ ബില്ല് അവതരിപ്പിച്ചു എല്ലാവരുടെയും വായ അടക്കും

  അഴിമതി മാറണമെങ്കില്‍ ഓരോരുത്തരും വിചാരിക്കണം ഇവിടെ ജസ്റ്റീസ്‌ മുതല്‍ ട്റെയിനിലെ ചെക്കറ്‍ വരെ അഴിമതിക്കാരാണു ഇതിനു കോണ്‍ ഗ്രസ്‌ എന്തു പിഴച്ചു?

  നീതി ന്യായ വ്യവസ്ഥ നവീകരിക്കാതെ ഇപ്പോള്‍ ഉള്ള സിസ്റ്റത്തില്‍ അഴിമതി കുറയ്ക്കാന്‍ പ്റയാസം ആണു.

  ReplyDelete
 3. ഡിയര്‍ സുഷില്‍,
  ഇവിടെ അഴിമതി മാറണമെങ്കില്‍ ഓരോരുത്തരും വിചാരിക്കണമെന്നു പറഞ്ഞ താങ്കള്‍ ഏതു ലോകത്താണ് സുഹൃത്തേ ജീവിക്കുന്നത്.ഞാനും താങ്കളും വിചാരിച്ചാല്‍ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ അഴിമതി തുടച്ചുനീക്കാന്‍ കഴിയുമോ?കോമണ്‍‌വെല്‍ത്ത് അഴിമതി തുടച്ചു നീക്കാന്‍ കഴിയുമോ?സ്വകാര്യ എണ്ണ ഉല്പാദകരായ റിലയന്‍സിനും മറ്റും വഴിവിട്ട് ഔദാര്യം ചെയ്തു കൊടുത്തത് തുടച്ചു നീക്കാന്‍ കഴിയുമോ?ഈ അഴിമതികളെല്ലാം നീണ്ടു ചെല്ലുന്നത് നമ്മുടെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ്,ഇതൊക്കെ നടക്കുന്നത് കോണ്‍ഗ്രസ്സ് ഇവിടെ ഭരിക്കുമ്പോഴാണ്.ഇതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതിരിക്കുന്നതും കോണ്‍ഗ്രസ്സ് തന്നെയാണ്.അതുകൊണ്ട് കോണ്‍ഗ്രസ്സ് എന്തു പിഴച്ചു എന്നു ചോദിക്കരുത്,കോണ്‍ഗ്രസ്സ് തന്നെയാണ് പിഴച്ചത്.
  പക്ഷെ ഇതു കോണ്‍ഗ്രസ്സിന്റെ കുഴപ്പമല്ല, കോണ്‍ഗ്രസ്സ് പ്രതിനിധാനം ചെയ്യുന്ന വര്‍ഗം - കുത്തക മുതലാളിമാരുടേയും വമ്പന്‍ കുലാക്കുകളുടേയും വര്‍ഗം - ഇന്‍ഡ്യന്‍ മുതലാളിത്വം - അതിന്റെ കുഴപ്പമാണ്.മുതലാളിത്വത്തില്‍ പണത്തിനു മാത്രമാണ് വില,പണത്തിനു മാത്രം.എങ്ങനേയും ആരേക്കൊന്നും പണമുണ്ടാക്കണം, എത്രത്തോളം പണമുണ്ടാക്കാന്‍ കഴിയുമോ അത്രത്തോളം അവന്‍ മാന്യനാണ്.അതുകൊണ്ട് തന്നെ പണമുണ്ടാക്കാനുള്ള അമിതമായ ത്വരയില്‍ കോണ്‍ഗ്രസ്സിനെ ചട്ടുകമാക്കുന്നു,കോണ്‍ഗ്രസ്സ് അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നു.ഇതാണ്, ഇതു മാത്രമാണ് കോണ്‍ഗ്രസിനു പറ്റിയ പിഴ.
  പിന്നെ ഇടതുപക്ഷം മരിച്ചു എന്ന് താങ്കള്‍ പറയുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല.ഒരു പക്ഷെ താങ്കളുടെ പാഴ്‌മനസ്സിലായിരിക്കും ഇടതുപക്ഷത്തിന്റെ മരണം നടന്നിരിക്കുക.ചാവുകടല്‍ എന്ന പേരുവന്നത് എങ്ങനെയെന്ന് താങ്കള്‍ക്കറിയാമ്മോ?

  ReplyDelete
 4. ഒരു പക്ഷെ താങ്കളുടെ പാഴ്‌മനസ്സിലായിരിക്കും ഇടതുപക്ഷത്തിന്റെ മരണം നടന്നിരിക്കുക

  പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റ്‌ അധ്വാനിക്കുന്ന ജനവിഭാഗത്തില്‍ പെട്ട ആറ്‍ക്കെങ്കിലും ഒരു കുടുംബത്തിലെ കുട്ടിക്ക്‌ മെറിറ്റെ അടിസ്ഥാനത്തില്‍ സൌജന്യമായി അല്ലെങ്കില്‍ മിതമായ ഒരു ഫീ വാങ്ങി നല്‍കിയിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനെ

  പക്ഷെ സഖാക്കള്‍ കൊടുത്തതോ ബൂറ്‍ഷ്വകളായ അടൂറ്‍ പ്റകശിണ്റ്റെ മോള്‍ക്ക്‌, പീ കേ അബ്ദു റബ്ബിണ്റ്റെ മോനു

  ഡിഫിയുടെ ട്റഷററ്‍ അമ്പതു ലക്ഷം ഡൊണേഷന്‍ നല്‍കാനുള്ള ആസ്തി ആയിരിക്കുന്നു അഞ്ചു കൊല്ലം ഭരണം കൊണ്ട്‌, പൂ ഹോയ്‌ എന്തൊരു ഇടത്‌ പക്ഷം

  ഒന്നു പോ മാഷേ

  ഇവിടെ രണ്ട്‌ പക്ഷമേ ഉള്ളു പണം ഉള്ളവന്‍ പണം ഇല്ലാത്തവന്‍ അധികാരം ഉള്ളവന്‍ ഇല്ലാത്തവന്‍

  റഷ്യ ആയാലും ചൈന ആയാലും ക്യൂബ ആയാലും കമ്യൂണിസം എന്നു പറയുന്നത്‌ പാവപ്പെട്ടവണ്റ്റെ കണ്ണില്‍ മണ്ണിടാനുള്ള ഒരു ആശയം

  എല്ലായിടത്തും ജയരാജന്‍മാരാണു ഭരിച്ചിരുന്നത്‌ അവറ്‍ക്കു സഖാവ്‌ ആയാലും ബൂറ്‍ഷ്വ ആയാലും കാശൂ തരാന്‍ ഉണ്ടായിരിക്കണം അത്റയേ ഉള്ളു.

  വലിയ ആദറ്‍ശ ധീരന്‍ ഇപ്പോള്‍ മോണ്റ്റെ പേരില്‍ ഒരു വിജിലന്‍സ്‌ അന്വേഷണം പ്റഖ്യാപിച്ചതേ ഉള്ളു അപ്പോള്‍ തന്നെ എന്നെ വേട്ടയാടുന്നേ എന്നു നിലവിളി തുടങ്ങി

  ഇനി അന്വേഷണ റിപ്പോറ്‍ട്ട്‌ വരുമ്പോള്‍ ഒരു പൊയ്‌ മുഖം കൂടി ജനത്തിണ്റ്റെ മുന്നില്‍ പൊഴിഞ്ഞു വീഴുന്നത്‌ കാണാം

  ReplyDelete
 5. പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റുകള്‍ മെറിറ്റടിസ്ഥാനത്തില്‍ കൊടുത്തുകൊണ്ടിരിക്കുന്നത് താങ്കളുടെ കണ്ണില്പെട്ടില്ലേ സഹോദരാ.85% സീറ്റുകളും മെറിറ്റിലും 15% സീറ്റുകള്‍ എന്‍ ആര്‍ ഐ ക്വാട്ടയിലുമാണ് അവിടെ കൊടൂത്തൂക്കോണ്ടിരുന്നതെന്ന് താങ്കള്‍ക്കറിയില്ലെ?ആ എന്‍ ആര്‍ ഐ ക്വാട്ടയിലെ സീറ്റുകള്‍ നടപ്പുവിലക്ക് മറ്റെല്ലാവരും ചെയ്യുന്നതു പോലെ വിറ്റിട്ടുണ്ടാകും, അതിലെന്താണിത്ര തെറ്റ് എന്ന് മനസ്സിലാവുന്നില്ല.ആ ക്വാട്ടയില്‍ മറ്റുള്ളവരെപ്പോലെ അടൂര്‍ പ്രകാശും വി വി രമേശനും സീറ്റ് വാങ്ങിച്ചു.എന്‍ ആര്‍ ഐ ക്വാട്ടയെന്നാല്‍ അച്ഛനോ അമ്മയോ എന്‍ ആര്‍ ഐ ആവണമെന്നില്ല.ഏതെങ്കിലും സ്വാശ്രയ എഞ്ചിനിയറിങ്ങ് മെഡിക്കല്‍ കോളേജില്‍ അന്വേഷിച്ചാല്‍ താങ്കള്‍ക്കതറിയാം.ഇനി എന്‍ ആര്‍ ഐ ക്വാട്ടയില്‍ പിരിക്കുന്ന തുക എം വി ജയരാജന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഫണ്ടിലേക്കോ അല്ല പോകുന്നത്.ഡി വൈ എഫ് ഐ ക്കാരനോ മാര്‍ക്സിസ്റ്റ് കാരനോ ആയിപ്പോയി എന്നതുകൊണ്ട് തന്റെ മക്കളെ പഠിപ്പിക്കാന്‍ പാടില്ല എന്നു പറയാന്‍ പാടില്ലല്ലോ.നാട്ടിലെ സകല പുതുപ്പണക്കാരുടേയും കള്ളപ്പണക്കാരുടേയും മക്കള്‍ എന്‍ ആര്‍ ഐ ക്വാട്ടയില്‍ പഠിക്കുമ്പോള്‍ എന്‍ ആര്‍ ഐ ആയ അമ്മാവന്‍ തരാമെന്നു പറഞ്ഞ പണമുപയോഗിച്ച് മകളെ പഠിപ്പിക്കുന്നതില്‍ പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്? പക്ഷെ രമേശന്‍ ഡിഫിക്കാരനായിപ്പോയി.അയാള്‍ കാണിക്കേണ്ടിയിരുന്ന മാന്യത അയാള്‍ കാണിച്ചില്ല.അതുകൊണ്ട് സുഷിലിനേപ്പോലുള്ള സകലര്‍ക്കും പാര്‍ട്ടിയുടെ മേല്‍ കുതിര കേറാമെന്ന നില വന്നു.പക്ഷെ അത് സുഷില്‍ വിചാരിക്കുന്നതു പോലെ ഒറ്റയടിക്കൊരു തീരുമാനം പാര്‍ട്ടി എടുക്കില്ല, പകരം കമ്മിറ്റി കൂടി യഥാവിധി ചര്‍ച്ച ചെയ്തൊരു തീരുമാനമായിരിക്കും പാര്‍ട്ടി എടുക്കുക.
  ഇനി മറ്റൊരു കാര്യം നോക്കുക.1986ല്‍ അധികാരത്തിലെത്തിയ പരിയാരം കമ്മിറ്റി അതിനുശേഷം 85% മെറിറ്റും 15% എന്‍ ആര്‍ ഐ ക്വാട്ടയിലുമാണ് സീറ്റ് വിതരണം. ഇനി സുഷീലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റ്‌ അധ്വാനിക്കുന്ന ജനവിഭാഗത്തില്‍ പെട്ട ആറ്‍ക്കെങ്കിലും ഒരു കുടുംബത്തിലെ കുട്ടിക്ക്‌ മെറിറ്റെ അടിസ്ഥാനത്തില്‍ സൌജന്യമായി അല്ലെങ്കില്‍ മിതമായ ഒരു ഫീ വാങ്ങി നല്‍കിയിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനെ“.അപ്പോള്‍ മിതമായ സീറ്റിലാണ് 85% കുട്ടികളും അവിടെ പഠിക്കുന്നത്.എന്നാല്‍ പാവങ്ങളായ കൃസ്ത്യാനികളുടെ പടം കാണിച്ചു പിരിച്ച വിദേശഫണ്ടും അവരില്‍ നിന്നും പിരിച്ചുണ്ടാക്കിയ പണവും ഉപയോഗിച്ച് ഉണ്ടാക്കിയ കുറച്ച് മെഡിക്കല്‍ കോളേജുകളിവിടെയുണ്ട്.അതില്‍ ഒരു സീറ്റെങ്കിലും മിതമായ ഫീസ് വാങ്ങി പാവപ്പെട്ട ഒരു കുട്ടിയെയെങ്കിലും പഠിപ്പിക്കണേയെന്ന് സുഷീല്‍ ഒരിക്കല്‍ പോലും പറയാത്തതെന്താ?പരിയാരം നാട്ടുകാരുടെ കാശാണെങ്കില്‍ ഇന്റര്‍ ചര്‍ച്ച് കോളേജുകള്‍ കൃസ്ത്യാനികളുടെ പണം കൊണ്ടുണ്ടാക്കിയതല്ലെ?(നിയമപ്രകാരം ഉടമസ്താവകാശം പുരോഹിതന്മാര്‍ക്കാണെങ്കിലും പള്ളി സ്വത്തുക്കള്‍ പാവപ്പെട്ട കൃസ്ത്യാനികളില്‍നിന്നും പിരിച്ചുണ്ടാക്കിയതാണ്.പിന്നെ വെളളപ്പൊക്ക്ക്കത്തിലെ അഭയാര്‍ഥികളുടെ പടമെടുത്ത് വിഡേശങ്ങളില്‍ കാണിച്ച് കാശുണ്ടാക്കിയ അച്ചന്മാരുടെ കഥ എത്രവേണമെങ്കിലും നമുക്കറിയാം.)അപ്പോ എന്താണ് സുഷീലെ ആ കോളേജുകളിലെ ഒരു സീറ്റ് എങ്കിലും മെറിറ്റില്‍ കൊടുക്കണമെന്ന് സുഷീല്‍ പറയാത്തത്?ഇനി മേമ്പൊടിക്ക് സുഷീല്‍ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.അത് കാര്യമാക്കുന്നില്ല, കാരണം സുഷീല്‍ ചുമ്മാ പറഞ്ഞുപോകുമ്പോള്‍ ഞങ്ങളുടെ കയ്യില്‍ തെളിവുകളോടെ കുറേ കാര്യങ്ങള്‍ ഇരിപ്പുണ്ട്.അത് ജനസമക്ഷ്മം കാണിച്ച് ഉണര്‍ന്നിരിക്കുന്ന ആളുകളെ സംഘടിപ്പിച്ച് സമരം നയിക്കുകയാണ് ഞങ്ങള്‍.അല്ലാതെ ഏതെങ്കിലും മൂലയിരുന്ന് ഓളിയിടുകയല്ല ചെയ്യുന്നത്.

  ReplyDelete