ഇടവപ്പാതിക്കോളു വരുന്നേയ്

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കഴിഞ്ഞ രണ്ടു ദിവസമായി തകര്‍ത്തു പെയ്ത മഴയില്‍ അല്പം നനയുകയും അങ്ങനെ പനി പിടിക്കുകയും ചെയ്തു.വെള്ളിയാഴ്ച്ച വൈകീട്ട് പനിയടിച്ചു വീണു, കിടുകിടുക്കുന്ന പനി.ശരീരത്തിലേ ഓരോ ജോയിന്റും പ്രത്യേകം പ്രത്യേകം വേദനയെടുക്കുന്നു.ശനിയാഴ്ച്ച ടീച്ചറായ ഭാര്യ കൂട്ടിരുന്നു, ഞായറാഴ്ച്ച ഭാര്യയും മകനും കൂട്ടിരുന്നു, തിങ്കളാഴ്ച്ചയായപ്പോള്‍ ഭാര്യയും മകനും ജോലിക്ക് പോയി.പനി കുറയുകയും ചെവിവേദന ശക്തമാവുകയും ചെയ്തു.അങ്ങനെ പനിച്ചു വിറച്ചിരിക്കുമ്പോള്‍ മഴയെക്കുറിച്ചുതന്നെ ആകട്ടെ പോസ്റ്റ് എന്ന് വിചാരിക്കുകയും എഴുതിത്തുടങ്ങുകയും ചെയ്തു.പനിയുടെ ക്ഷീണമെങ്കിലും അറിയാതെ പോകുമല്ലോ?
                    ഇടവപ്പാതിയും തുലാവര്‍ഷവുമാണ് നമ്മുടെ രണ്ടു മഴക്കാലങ്ങള്‍.നമ്മുടെ നാടിന് അടുത്ത വേനല്‍ക്കാലം അതിജീവിക്കാനുള്ള വെള്ളം ഈ മഴകളിലൂടെയാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.വെള്ളം മാത്രമല്ല അടുത്തമഴക്കാലം വരേയുള്ള കൃഷി, മൃഗപരിപാലനം എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ ഈ മഴക്കാലമാണ് ഉപയോഗിച്ചിരുന്നത്.ഒരു ഭാഗത്ത് പശ്ചിമഘട്ടവും മറുഭാഗത്ത് അറബിക്കടലും നമ്മുടെ കേരളത്തെ ഇന്ഡ്യയുടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തെ വ്യത്യസ്ഥമാക്കുന്നു.നമ്മുടെ എല്ലാത്തിനും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യാസമുണ്ട്, വസ്ത്രധാരണരീതി,ഭക്ഷണരീതി എന്തിന് നമ്മുടെ ഉത്സവങ്ങള്‍ വരെ മറ്റു നാടുകളില്‍നിന്നും വ്യത്യസ്ഥമാണ്.
                           കേരളം കാലവര്‍ഷത്തിന്റെ നാടാണ്.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിക്കുന്നത് കേരളം വഴിയാണ്.കേരളത്തിന്റെ തെക്കേ അറ്റത്തുനിന്നാണ് കാലവര്‍ഷം ഭാരതത്തിലേക്ക് വലതുകാല്‍ വച്ച് പ്രവേശിക്കുന്നത്.കാലവര്‍ഷം കൃത്യസമയത്തുതന്നെ എത്തുക,കൃത്യമായ അളവില്‍ പെയ്യുക,കൃത്യമായ കാലയളവു വരെ അത് നീണ്ടുനില്‍ക്കുക എന്നിവയൊക്കെ കേരളീയര്‍ക്കൊ ഭാരതീയര്‍ക്കൊ മാത്രമല്ല, തെക്കു കിഴക്കെ ഏഷ്യയിലെ എല്ലാ പ്രദേശത്തേയും ജനങ്ങളുമായും അവരുടെ സമ്പത് ഘടനയുമായും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.മണ്‍സൂണിന്റെ ദ്വിതീയതാപചംക്രമണം എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പ്രതിഭാസമുണ്ട്.ഈ പ്രതിഭാസം  അതിവിസ്തൃതമായ ഒരു പ്രദേശത്തിന്റെ  അന്തരീക്ഷ സ്ഥിതിയെ ഇത് നേരിട്ട് ബാധിക്കുന്നു.അതുകൊണ്ടുതന്നെ മണ്‍സൂണ്‍ എന്നാല്‍/ കാലവര്‍ഷം എന്നാല്‍ കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ മാത്രമല്ല ലോകത്തു മുഴുവന്‍ സ്വാധീനം ചെലുത്തുന്ന ഒരു പ്രതിഭാസമാണെന്ന് പറയാം.കേരളമടക്കം ഭാരതത്തില്‍ ഭൂരിപക്ഷം പേര്‍ക്കും മഴ ലഭിക്കുന്നത് കാലവര്‍ഷം മൂലമാണ്.( മണ്‍സൂണ്‍ എന്നതിനു മലയാളികള്‍ സാധാരണ പറയുന്ന വാക്കാണ് കാലവര്‍ഷം.)
                             മണ്‍സൂണ്‍ ഒരാഗോളപ്രതിഭാസമാണ്.ഭൂമധ്യരേഖയുടെ തെക്കും വടക്കും കിടക്കുന്ന ഭൂപ്രദേശങ്ങളില്‍ കാലവര്‍ഷം സജീവമാകെണ്ടതാണ്.എങ്കിലും കടലിന്റേയും കരയുടേയും സവിശേഷമായ കിടപ്പുകാരണം ഇത് ഏഷ്യയില്‍ മാത്രമാണ്, വടക്ക് : ആഫ്രിക്ക - യൂറോപ്പ് - ഏഷ്യാവന്‍‌കര, തെക്ക് അതിവിസ്തൃതമായ ഇന്‍ഡ്യന്‍ സമുദ്രവും. കടലിന്റേയും ഈ പ്രത്യേകരീതിയിലുള്ള കിടപ്പ് വളരെയധികം താപവ്യത്യാസം ഉണ്ടാക്കുന്നു.സ്വതന്ത്രമായ തെക്കുവടക്ക് പ്രവാഹത്തെ തടയാന്‍ ബൃഹത്തായ ഹിമാലയപര്‍വതനിരകള്‍ ഈ താപീയ വ്യത്യാസത്തെ കൂട്ടും.ഹിമാലയ നിരകള്‍ ഇന്‍ഡ്യന്‍ മണ്‍സൂണിനെ ചീന ജപ്പാന്‍ ഗ്രൂപ്പില്‍ നിന്നും വേര്‍തിരിക്കുന്നു.ഹിമാലയത്തിന്റെ കിടപ്പും ട്രോപ്പോസ്ഫിയറിന്റെ മധ്യത്തിലൊരു താപ ഉറവിടമായി നില്‍ക്കുന്ന ടിബറ്റന്‍ പീഠഭൂമിയും മണ്‍സൂണിന്റെ വികാസത്തിന്റെ രണ്ട് അനുകൂള ഘടകങ്ങളാണ്.
         ഏഷ്യന്‍ മണ്‍സൂണിന് രണ്ടു ഘടകങ്ങള്‍ ഉണ്ട്.ഒന്ന് ഉത്തരാര്‍ഥഗോളത്തിലെ വേനലിലേക്ക് ശീതകാലത്തിലുള്ള  ദക്ഷിണാര്‍ഥഗോളത്തില്‍ നിന്ന് വന്നടിക്കുന്നതും ശമുദ്രോപരിതലത്തില്‍ വന്നടിക്കുന്ന കാറ്റ്.ഇതിനെയാണ് നമ്മള്‍ തെക്കു പടിഞ്ഞാറന്‍ മന്‍സൂണ്‍ എന്ന് വിളിക്കുന്നത്.രണ്ടാമതായി ശീതകാല ഉത്തരാര്‍ഥഗോളത്തിലെ ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തുനിന്ന് വേനല്‍ക്കാല ദക്ഷിണാര്‍ഥഗോളത്തിലേക്കുള്ള വായുപ്രവാഹം.ഇതിനെ നാം വടക്കുപടിഞ്ഞാറന്‍ മന്‍സൂണ്‍ എന്നു പറയുന്നു.
ഈ മണ്‍സൂണ്‍ മഴ കനത്ത രീതിയില്‍ വര്‍ഷിക്കാന്‍ തുടങ്ങിയിട്ട് 8 മില്ല്യണ്‍ വര്‍ഷങ്ങളായി എന്നാണ്.കേരളത്തിന്റെ മഴയെക്കുറിച്ച് ശാസ്ത്രജ്ന്മാര്‍ പറയുന്നതിങ്ങനെയൊക്കെയാണ്.കേരളത്തിന്റേത് ഉഷ്ണമേഖലസമുദ്രകാലാവസ്ഥയാണ്.മണ്‍സൂണ്‍ പ്രദേശം കൂടിയാണിത്.വര്‍ഷം മുഴുവനും താപനിലയും ആര്‍ദ്രതയും ഉയര്‍ന്നിരിക്കുന്നു.മര്‍ദ്ദഗ്രേഡിയന്റുകള്‍ ലോലമാണ്.ഇവിടെ വര്‍ഷത്തില്‍ 10 മാസത്തോളം മഴപെയ്യുന്നു.ബാക്കിയുള്ള രണ്ടുമാസം പോലും ചിലയിടങ്ങളില്‍ അല്പമൊക്കെ മഴ പെയ്യും.മഴക്കാലത്ത് വെള്ളപ്പൊക്കങ്ങളും ഉരുള്‍ പൊട്ടലുകളും സാധാ‍രണമാണ്.നദിയുടെ പശ്ചിമഘട്ടത്തിലുള്ള തുടക്കകേന്ദ്രങ്ങളില്‍ കനത്ത മഴയും ഉണ്ടാകാറുണ്ട്.നദികള്‍ പൊതുവെ ഇടുങ്ങിയതും നീളം കുറവുള്ളതും പര്‍വതനിരകളില്‍നിന്നും കുത്തനെ ഒഴുകുന്നതുമായതിനാല്‍ വളരെപ്പെട്ടെന്ന് പ്രളയമുണ്ടാവുകയും വളരെപ്പെട്ടെന്നുതന്നെ അതവസാനിക്കുകയും ചെയ്യും.ഇത് തിരപ്രദേശങ്ങളിലെ കൃഷി, കന്നുകാലി പരിപാലനം എന്നിവക്ക് ദോഷകരമായി വരുന്നു.എന്നാല്‍ ഇതോടൊപ്പം മഴവെള്ളം വലിയൊരളവോളം ഒലിച്ചു പോകും.(ഇതില്‍ ആദ്യം പറഞ്ഞത് പഴയകാലത്തെ അനുഭവങ്ങളായിരിക്കും.നദികളിലൊക്കെ വന്ന ഡാമുകള്‍ നാട്ടിലെ പുഴയില്‍ എത്ര മഴ പെയ്താലും ഒരു മാറ്റവും ഇല്ലാതെ നിലനിറുത്തുന്നു.)
                        ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറെ അറ്റത്തു സ്ഥിതി ചെയ്യുന്ന കേരളം ഒരേ സമയം അറബിക്കടലില്‍നിന്നും ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍നിന്നും ചീറിയടിക്കുന്ന കടല്‍ക്കാറ്റിന്റെ മാര്‍ഗത്തിനു കുറുകെയാണ് സ്ഥിതി ചെയ്യുന്നത്.ഈ കാറ്റിനെ തടഞ്ഞു 
നിറുത്തുവാനായി തെക്കുവടക്ക് കിടക്കുന്ന പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്നു.പശ്ചിമഘട്ട നിരകളില്‍തട്ടി മുകളിലേക്കുയരുന്ന കാറ്റ് കനത്ത മഴ പ്രദാനം ചെയ്യുന്നു.മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആയിരിക്കും ഇത് സംഭവിക്കുക.ഇതിനെയാണ് നമ്മള്‍ - ഇടവപ്പാതി - മണ്‍സൂണ്‍ - കാലവര്‍ഷം - എന്നൊക്കെ വിളിക്കുന്നത്.ഇതാണ് നമ്മുടെ പ്രധാന മഴക്കാലം.ഇത് കൂടി വന്നാല്‍ ആഗസ്റ്റ് വരെ നിലനില്‍ക്കുന്നു.ആഗസ്റ്റ് സെപ്തംബര്‍ ആകുമ്പോഴേക്ക് ആ മഴ ഒന്നു ശമിക്കും.ഒക്ടോബര്‍ നവംബര്‍ ആകുമ്പോഴേക്കും മഴ ഒന്നുകൂടി കൂടുന്നു.ഇതിനെയാണ് നമ്മള്‍ തുലാവര്‍ഷം എന്നു പറയുന്നത്.ഇടിയും മിന്നലും തകര്‍ത്ത് പെരുമാറുന്ന കാലമാണത്.(മേഘങ്ങളിലെ കുമുലോ നിംബസ് എന്ന മേഘങ്ങളാണ് ഇടിക്കും മിന്നലിനും കാരണം.)
                           തെക്കു പടിഞ്ഞാറന്‍ കാറ്റ് പിന്‍‌വാങ്ങുന്നതിനോടൊപ്പം കൂടിയ മര്‍ദ്ദം വടക്കും ലഘുമര്‍ദ്ദം തെക്കുമായി നേരെ എതിര്‍ദശയിലേക്കു തിരിയുന്നു.അതുകൊണ്ടുതന്നെ കാറ്റ് എതിര്‍ദശയിലേക്കടിക്കും, അതായത് കരയില്‍ നിന്നും കടലിലേക്ക്.ഇതിനെയാണ് നമ്മള്‍ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ എന്നു വിളിക്കുന്നത്.ഈ വായു ഈര്‍പ്പരഹിതമായതിനാല്‍ തെളിഞ്ഞ ആകാശം നല്ല അന്തരീക്ഷസ്ഥിതിയും അനുഭവപ്പെടും.

                                                        പിന്നെയൊന്നുള്ളത് പെരും മഴയില്‍ തന്നെ കുടിവെള്ളം നിറച്ച ടാങ്കര്‍ ലോറികള്‍ ചീറിപ്പായുന്നത് കാണാം.അതും വയനാട്,ഇടുക്കി പോലുള്ള വനമേഘലകളില്‍ പോലും.
ഇതൊരു വശം.മറ്റൊരു വശമുള്ളത് കേരളത്തില്‍ മഴക്കാലം വരുമ്പോള്‍
നമ്മുടെ ആരോഗ്യമന്ത്രിയുടെ മനസ്സ് അസ്വസ്ഥമാകാറുണ്ട്, ഇടതുപക്ഷമാണെങ്കിലും വലതുപക്ഷമാണെങ്കിലും.മഴ പെയ്യാന്‍ തുടങ്ങി അല്‍പ്പം കഴിയുമ്പോള്‍ ഇടതുപക്ഷമാണ് ഭരണത്തിലെങ്കില്‍ വലതുപക്ഷ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് കൂവാന്‍ തുടങ്ങും”കേരളം പനിച്ചു വിറക്കുന്നു,കേരളം പനിക്കിടക്കയില്‍”എന്നിട്ടുതുടങ്ങും കേരളം പനിച്ചു വിറക്കുമ്പോള്‍ ആരോഗ്യമന്ത്രി സാരി ഉടുക്കുന്നു,ചോറുണ്ണുന്നു എന്നീ മട്ടില്‍ ആക്ഷേപങ്ങളും ആരംഭിക്കുകയായി.യഥാര്‍ഥത്തില്‍ ഈ നാട്ടിലുള്ള ഹൃദയമുള്ള മനുഷ്യരെല്ലാം കൂടി ഒന്നിച്ചുനിന്ന് കൈകാര്യം ചെയ്യേണ്ട പ്രശ്നമാണ് നമ്മുടെ നാട്ടിലെ ആരോഗ്യപ്രശ്നം.ഒന്നു രണ്ടുപ്രാവശ്യം ഡ്രൈ ഡേ ആചരിക്കുകയും ഒരുമാതിരി പ്രശ്നങ്ങളൊക്കെ പരിഹരിക്കുകയും ചെയ്തത് നാം കണ്ടു.എന്നിട്ടാണ് ഈ മാധ്യമങ്ങള്‍  ഭരണപക്ഷത്തിനെതിരെ വാളുവീശുന്നത്.അതുപോലെ തന്നെ വലതുപക്ഷം ഭരിക്കുമ്പോളും സ്ഥിതി വ്യത്യസ്ഥമല്ല.എന്നിട്ടൊ , ഭരണകക്ഷിമാധ്യമങ്ങള്‍ കുറ്റകരമായ മൌനം പാലിക്കുകയും അല്ലെങ്കില്‍ എങ്ങുംതൊടാത്ത വാര്‍ത്തകള്‍ കൊടുക്കുകയും ചെയ്യും.എന്നാല്‍ ഇടതു പക്ഷ മാധ്യമങ്ങള്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറ്.
               എന്നാല്‍ ഈ രണ്ടു നയങ്ങളും അപകടകാരിയാണ് എന്നത് ഓരോ മഴസീസണിലും മരിച്ചു വീഴുന്ന നിരപരാധികളായ മനുഷ്യരുടെ എണ്ണം സൂചിപ്പിക്കുന്നു.ഈ കണക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രമാണെന്നോര്‍ക്കണം സ്വകാര്യ ആശുപത്രികളിലെ പനിമരണങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുത്താറുമില്ല.(കാരണം സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ നല്ലതാണല്ലോ സ്വകാര്യ ആശുപത്രികള്‍.)ഈ സ്ഥിതിയൊക്കെ മാറ്റി ഓരോ സീസണിലും സ്വകാര്യ - സര്‍ക്കാര്‍ - അലോപതി - ഹോമിയോ - ആയുര്‍വേദം എല്ലാംകൂടി സഹകരിച്ച് ഒരു ശ്രമം നടത്തിയാല്‍ ഈ ആവശ്യമില്ലാത്ത മരണങ്ങളൊഴിവാക്കാന്‍ കഴിയും.
Post a Comment