ഒന്നായ നിന്നെയിഹ മൂന്നായ് മുറിച്ചുടന്‍...........................

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുപക്ഷ കിരാതഭരണത്തിനുശേഷം യു ഡി എഫിന്റെ ഭരണം കേരളത്തില്‍ സ്ഥാപിക്കപ്പെട്ടു.കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തെ മുച്ചൂടും മുടിപ്പിച്ച് നശിപ്പിച്ച് വികസനം മുഴുവന്‍ മുരടിപ്പിച്ച് ഇട്ടിരിക്കുകയായിരുന്നു ഇടതുപക്ഷക്കാര്‍ - പ്രത്യേകിച്ചും മാര്‍ക്സിസ്റ്റ് കാപാലികര്‍.മാര്‍ക്സിസ്റ്റുകാര്‍ നശിപ്പിച്ച് നറാണക്കല്ലു പോലും പറിച്ചെറിഞ്ഞ കേരളത്തെ വികസനത്തിന്റെ വെള്ളിവെളിച്ചത്തില്‍ കുളിപ്പിച്ചു കിടത്തുക എന്ന കര്‍ത്തവ്യമാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു ഡി എഫില്‍ അര്‍പ്പിതമായിരിക്കുന്നത്.വികസനത്തിന്റെ ലാസ്റ്റ് ബസ് കഴിഞ്ഞതവണ ഭരണത്തിലേറിയതോടെ പൊയ്പ്പോയി.അല്ലെങ്കില്‍ അങ്ങനെ പറയാമായിരുന്നു.അതുകൊണ്ട് ഇത്തവണ പ്രത്യേകിച്ചൊന്നും പറയാനില്ല, എന്തായാലും കേരളത്തെ ഞങ്ങള്‍ രക്ഷിക്കും മൂന്നരത്തരം കട്ടായം.
                          അങ്ങനെ മൂന്നു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നു , ഉടന്‍ തുടങ്ങി കേരളത്തെ രക്ഷിക്കല്‍.അതിലാദ്യത്തെ ഇനം മുസ്ലീം ലീഗ് നേതാവ് ജ.കുഞ്ഞാലിക്കുട്ടി വഴി ആയിരുന്നു.കേരളത്തിലെ തദ്ദേശവകുപ്പിനെ മൂന്നായി വെട്ടിമുറിക്കുക എന്ന വികസനം.അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ പറയുന്നത്.കേരളത്തിലെ ഒരു കൊച്ചുവന്‍ അഖിലേന്ത്യാപാര്‍ട്ടിയായതിനാല്‍ ഞങ്ങള്‍ക്കിത്രയേ കഴിയൂ എന്ന് എളിമയോടെ ( ശ്രദ്ധിക്കുക - എനീമയോടെ അല്ല എളീമയോടെ തന്നെ) പ്രഖ്യാപിക്കുകയും ചെയ്തു.പിന്നെ അസൂയാലുക്കള്‍ പറയും, ഈ വെട്ടിമുറിക്കല്‍ തന്റെ നിതാന്തശത്രു ജ.ഡോ.മുനീറിനെ ഒതുക്കാനാണെന്ന്.അത് ശത്രുക്കള്‍ വെറുതേപറയുകയാണ് എന്ന് ഒരിക്കല്‍ക്കൂടി ഉറക്കെ പ്രഖ്യാപിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും ജ.കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.മന്ത്രിസഭയിലോ യു ഡിഫിലോ അറിയിക്കാതെ, ആലോചിക്കാതെ നടന്ന ഈ വെട്ടിമുറിക്കലിനെതിരെ ഇടതുപക്ഷം മൂന്നോട്ട് വന്നു.പതിയെ പതിയെ ഇന്നാട്ടിലും മറുനാട്ടിലുമുള്ള ബു ജി കള്‍ ഈ വെട്ടിമുറിക്കലിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങി.ഇതുകൂടിയായപ്പോള്‍ പ്രതിരോധത്തിലായ യു ഡി എഫ് നേതാക്കള്‍, പ്രത്യേകിച്ചും നമ്മുടെ മുഖ്യമന്ത്രി വളരെയേറെ ഈ പ്രശ്നത്തില്‍ താഴോട്ടിറങ്ങി.ആദ്യമാദ്യം ഇതൊരു നല്ലകാര്യമാണെന്നും നല്ലരീതിയില്‍ ഭരണം നടക്കാന്‍ ഇതാവശ്യമാണെന്നും ശക്തിയായി വാദിച്ച നമ്മുടെ മുഖ്യമന്ത്രി പിന്നീട് അവസാനം പറഞ്ഞത് വെട്ടിമുറിക്കപ്പെട്ട മൂന്നു കഷണങ്ങളേയും നിരീക്ഷിക്കാന്‍ ഒരേകോപനസമിതി ഉണ്ടാക്കും എന്നായിരുന്നു.നോക്കൂ; മാന്യമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ഒരു വകുപ്പിനെ ഒരാവശ്യവുമില്ലാതെ നിദ്ദാക്ഷിണ്യം മൂന്നായി മുറിക്കുക, എന്നിട്ടതിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ ഒരു ഏകോപനസമിതി ഉണ്ടാക്കുക.ഞങ്ങളുടെ നാട്ടില്‍ ഇതിന് പറയുന്ന പേര് “വട്ട് “എന്നാണ്.തൊട്ടടുത്ത സ്ഥലത്ത് ഇതിനുപറയുന്ന പേര് “യു ഡി എഫ്“ എന്നും.
                       ഈ പോസ്റ്റില്‍ ഞാന്‍ ചെയ്യുന്നത് ഈ രംഗത്തെ മൂന്നു വിദഗ്ധരുടെ ഇക്കാര്യത്തിലുള്ള അഭിപ്രായം ഹൃസ്വമായി രേഖപ്പെടുത്തുക എന്നതു മാത്രമാണ്.ഒരഭിപ്രായവും ഞാന്‍ പറയുന്നില്ല, അതിനുള്ള ചുമതല ഈ പോസ്റ്റ് വായിക്കുന്നവര്‍ക്ക് വിട്ടു തരുന്നു.നമുക്ക് തുടങ്ങാം.
1. തോമസ് ഐസക്: (സി പി എം സൈദ്ധാന്തികനും നേതാവും സാമ്പത്തീകകാര്യവിദഗ്ധനും.കഴിഞ്ഞ ഇടതുപക്ഷഗവണ്മെന്റിന്റെ കാലത്തെ ധനകാര്യമന്ത്രി.ആരേയും കാര്യമായി നോവിക്കാതിരിക്കുകയും എന്നാല്‍ കെരളത്തിന്റെ സാമ്പത്തീകകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെയും കേരളത്തിന്റെ സമ്പദ് ഘടനയെ സമുദ്ധരിക്കാന്‍ കഴിഞ്ഞു എന്ന് നിസംശയം പറയാം.)തദ്ദേശവകുപ്പിന്‍‌കീഴില്‍ ഒരു മന്ത്രി,ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി,ഒരു പൊതു സര്‍വീസിന്റെ ഭാഗമായ ഒരുദ്യോഗസ്ഥന്‍,ഉദ്യോഗസ്ഥര്‍,അവര്‍ അതാടിടങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക്  താഴെയായിരിക്കും,ഇതാണ് ശരിയായ അധികാരവികേന്ദ്രീകരണത്തിലുള്ള ഭരണമെന്ന ആദര്‍ശം.എന്നാല്‍ യു ഡി എഫിനെ സംബന്ധിച്ചിടത്തോളം ഇതല്ല അവരുടെ പരിപാടി.ഇപ്പോള്‍ മൂന്ന് മന്ത്രിമാര്‍,പൊതുസര്‍വീസില്ല,ഗ്രാമവികസനവകുപ്പെന്നാണ് പേരെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് സമാന്തരമായ ഒരു സമ്പ്രദായം.അങ്ങനെ ഒരു സ്ഥിതിവിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത് യു ഡി എഫിനെ സംബന്ദ്ധിച്ചിടത്തോളം.കഴിഞ്ഞ 5 വര്‍ഷക്കാലമായി വളര്‍ത്തിക്കൊണ്ടുവന്നിരുന്ന വളരെ സുപ്രധാനമായ ഒരു പരിഷ്ക്ജാരം ‌- അതിനു നേരിടേണ്ടിവന്ന ത്യാഗങ്ങള്‍ ചില്ലറയല്ല, ഒരു മന്ത്രിയുടെ കീഴില്‍ ഒരു കോമണ്‍ കേഡര്‍ കൊണ്ടുവരിക, ഗ്രാമവികസനവകുപ്പുമായി പഞ്ചായത്തിനെ യോജിപ്പിക്കുക,തുടങ്ങി ചിരകാലം നീണ്ടുനിന്ന സാമൂഹ്യരാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായി വളര്‍ന്നു വന്ന ഗുണഫലമാണ് നമ്മുടെ തദ്ദേശഭരണ വകുപ്പ്.അതിനെ പ്രത്യേക ചര്‍ച്ചയോ കാരണങ്ങളോ ഇല്ലാതെ വെട്ടിമുറിക്കുക എന്നു
പറഞ്ഞാല്‍ ശുദ്ധഭ്രാന്ത്  എന്നു തന്നെ പറയണം.
                                  ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് ദിനപ്പത്രം ശ്രി. മണിശങ്കര്‍ അയ്യരുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് തികച്ചും തെറ്റായ നടപടിയാണിതെന്നാണ്.രാജീവ്ജി സ്വപ്നം കണ്ടിരുന്നത് കേരളത്തിലെപ്പോലെ കേന്ദ്രത്തിലും ഗ്രാമനഗര  വകുപ്പുകള്‍  ഒറ്റവകുപ്പാവണമെന്നായിരുന്നു.ഇന്‍ഡ്യക്കുമുഴുവന്‍ മാതൃകയാവേണ്ട രീതിയിലാണീ വകുപ്പ് കേരളം കൈകാര്യം ചെയ്തിരുന്നതെന്നു കൂടി അദ്ദേഹം പറഞ്ഞു വച്ചു.ഈ വിഭജനത്തെ അനുകൂലിച്ചുകൊണ്ട് പറയുന്ന ന്യായീകരിച്ചുകൊണ്ട് പറയുന്ന മറുപടികളിലൊന്ന് കേരളമൊഴിച്ചാല്‍ മറ്റുസംസ്ഥാനങ്ങളിലെല്ലാം സ്ഥിതി വ്യത്യസ്ഥമായിരുന്നെന്നാണ്.ഇത് വളരെ ശരിയായ ഒരു കാര്യമാണ്.കേരളത്തില്‍ മാത്രമാണ് പണവും വിഭവങ്ങളും വളരെ ഉയര്‍ന്ന തോതില്‍ താഴേക്ക് ഒഴുകിയത്, ഗ്രാമപഞ്ചായത്തുകളില്‍ ചിലവാക്കാനായി എത്തിച്ചത്.1957 ല്‍ ഗ്രാമവികസനത്തിനും പഞ്ചായത്തു ഭരണത്തിനും രണ്ടു മന്ത്രിമാരല്ലെയുണ്ടായിരുന്നതെന്ന് അവര്‍ ചോദിക്കുന്നു.ശരിയാണ് 1957 ല്‍ ഗ്രാമവികസനവും പഞ്ചായത്തും രണ്ടു മന്ത്രിമാരുടെ കീഴിലായിരുന്നു.( ശ്രീ ചാത്തന്‍ മാസ്റ്ററും, ടി വി തോമസിന്റേയും).എന്നിട്ടുംവീ‍രപ്പാ മൊയ്‌ലി അദ്ധ്യക്ഷനായുള്ള റിഫോംസ് കമിറ്റി പറയുന്നത് 1957 ല്‍ കേരളത്തില്‍ നടപ്പാക്കിയതുപോലുള്ള ജില്ലാ കൌണ്‍സില്‍ വേണമെന്നാണ്.(അതിനു വേണ്ടിയുള്ള നിയമനിര്‍മ്മാണത്തിനുള്ള ശ്രമവും തുടാങ്ങിക്കഴീഞ്ഞു.അപ്പോഴാണ് കേരളം ഇത്തരമൊരു നടപടിയുമായി ഇറങ്ങിയത്.) അപ്പൊള്‍ അന്ന് രണ്ടു മന്ത്രിമാരുണ്ടായിരുന്നു എന്നത് അത്ര മോശമല്ലല്ലോ.1957 ല്‍ രണ്ടും രണ്ടായിരുന്നു.അതല്ലാതെ വികേന്ദ്രീകരണത്തിന് വേറൊരു മാതൃകയും ഉണ്ടായിരുന്നില്ല.പക്ഷെ കാലക്രമേണ നമ്മള്‍ മനസ്സിലാക്കി രണ്ടും രണ്ടായി നില്‍ക്കുന്നത് അബദ്ധമാണെന്ന്.അപ്പോഴാണ് അതിനെ തരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്.എന്നു വച്ചാല്‍ ഇടതുപക്ഷമുന്നണി തുടങ്ങി വച്ച അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങള്‍ക്കും ജനങ്ങളുമായി ഇടപഴുകി ജനകീയ മൂശയില്‍ വച്ച് വാര്‍ത്തെടുത്തവയായിരുന്നു.അതുകോണ്ടു തന്നെയാണ് കേരളത്തിന് അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട എല്ലാ‌ക്കാര്യത്തിന്റേയും പതാകാവാ‍ഹകരാവാന്‍ കഴിഞ്ഞത്.
2.ഡോ.ജോര്‍ജ് മാത്യു.:- (ദല്‍ഹിയിലെ സോഷ്യല്‍ സയന്‍സസ് ഡയറക്ടര്‍, പിന്നീട് ബീഹാര്‍ മുഖ്യമന്ത്രി ശ്രി.നിതീഷ് കുമാര്‍ പഞ്ചായത്തിനുവേണ്ടി ബീഹാറില്‍ ഒരു ടാസ്ക് ഫോഴ്സ് ഉണ്ടാക്കിയപ്പോള്‍ അതിന്റെ ചെയര്‍മാന്‍.)കേരളത്തിലെ ജനങ്ങള്‍ ഇക്കാര്യത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.ഭരണഘടനക്കെതിരായി ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍  തീര്‍ച്ചയായും അതിശക്തമായ പ്രതിഷേധത്തിന് നമുക്ക് അവകാശമുണ്ട്.കേരളത്തില്‍ ഇങ്ങനെയൊരവസ്ഥ വരുമെന്ന് ഞാന്‍  വിചാരിച്ചിരുന്നില്ല.കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളും രാഷ്ട്രീയ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഇതിനെതിരെ രംഗത്തെത്തുമെന്നതില്‍ തര്‍ക്കമില്ല.
                     1970 നു ശേഷം വന്ന ഭാരത സര്‍ക്കാര്‍ ചെയ്ത ചരിത്രപ്രസക്തമായ ഒരു കാര്യമായിരുന്നു അശോകമേത്ത കമ്മിറ്റിയെ അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാന്‍ നിയൊഗിച്ചത്.ആ കമ്മിറ്റിയില്‍ എല്ലാവരും എടുത്തുപറയുന്ന ഒന്നാണ് ശ്രീ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ വിയോജനക്കുറിപ്പ്.അധികാരം എങ്ങനെ ജനങ്ങളിലേക്കെത്തിക്കാം എന്നുള്ളതിന്റെ ആദ്യ നാഴികക്കല്ലായിരുന്നു ഈ വിയോജനക്കുറിപ്പ്.ആദ്യമായി ശ്രി ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ പശ്ചിമ ബംഗാളിലായിരുന്നു ഈ തരത്തിലൊരു ആദ്യനീക്കം നടത്തിയത്.അദ്ദേഹത്തിനു വേണ്ട എല്ലാ സപ്പോര്‍ട്ടും നല്‍കിയതോ കേരളത്തിലെ ഇടതുപക്ഷ നേതാക്കളും.പിന്നീട് ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ ശ്രമിച്ചത് 1982 ല്‍ കര്‍ണാടകയിലെ ഹെഗ്‌ഡെ ഗവണ്മെന്റായിരുന്നു.അദ്ദേഹത്തിന്റെ “ചൌകംബക രാഷ്ട്രം” പ്രശസ്തമാണ്.അതായത് ഗ്രാമം,ജില്ല സംസ്ഥാനം,പിന്നെ കേന്ദ്രം എന്ന രീതിയിലുള്ള സെറ്റപ്.ഹെഗ്‌ഡെ ആദ്യം തന്നെ ഒരു കമ്മിറ്റിയുണ്ടാക്കി പശ്ചിമ ബംഗാളിലേക്ക് കാര്യങ്ങള്‍ പഠിക്കാനയച്ചു.പിന്നീട് ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒരു നിയമം ഉണ്ടാക്കി അംഗീകാരത്തിനായി രാഷ്ട്രപതിക്കയച്ചു.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രാഷ്ട്രപതി അനുവാദം നല്‍കിയില്ല.ഇതിന്റെ ചുവടുപിടിച്ച് എന്‍ ടി രാമറാവു ആന്ധ്രയില്‍ ഈ അധികാരവികേന്ദ്രീകരണം നടപ്പിലാക്കാന്‍ ശ്രമിച്ചു.
                                        ഈ കാര്യങ്ങളും അതീ നാട്ടിലുണ്ടാക്കുന്ന ചലനങ്ങളും ശ്രീ രാജീവ് ഗാന്ധിയെ ആകര്‍ഷിക്കുകയും അദ്ദേഹവും ശ്രീ മണിശങ്കര്‍ അയ്യരും കൂടി ഇത്തരത്തിലൊരു അഖിലേന്ത്യാനിയമത്തെക്കുറിച്ചാലോചിക്കുകയും ചെയ്തു.അങ്ങനെ നമ്മുടെ ഭരണഘടനയുറ്റെ 64-)0 ഭേദഗതി നടപ്പിലാക്കുകയും കളക്ടര്‍മാരെ ഉപയോഗിച്ച് നിരവധി മീറ്റിങ്ങുകള്‍ നടത്തുകയും ചെയ്തു.ഇതോടൊപ്പം തന്നെ 1980കളില്‍ അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ നാട്ടിലെങ്ങും നടക്കുകയും അതിന്റെ അലകും പിടിയുമായി മാറാന്‍ നമ്മൂടെ കേരളത്തിന്റെ അനുഭവങ്ങള്‍ക്കും നേതാക്കള്‍ക്കുമായി.അതിന്റെയൊക്കെ സ്പിരിറ്റുള്‍ക്കൊണ്ടാണ് ഭരണഘടനയുടെ 73,74 ഭേദഗതികള്‍ നടന്നത്.ഈ ഭേദഗതികൊണ്ടെന്താണ് നാം സ്ഥാപിച്ചെടുത്തതെന്നോ, ഭരണഘടനയില്‍ പഞ്ചായത്തുകളെ നിര്‍വചിച്ചിരിക്കുന്നത് Units of Self Governments എന്നായിരുന്നു.73,74 ഭേദഗതിക്കുശേഷം അത് Institutions of Local Self Governments എന്നായി.എന്നാല്‍ ഈ ഭേദഗതി നമ്മുറ്റെ മുന്നില്‍ തുറന്നു തന്ന സാധ്യതകലെ ഉപയോഗപ്പെടുത്തിയത് കഴിഞ്ഞ രണ്ടുമാസം മുന്‍പുവരെ ഒരേ ഒരു സംസ്ഥാനം മാത്രമായിരുന്നു - കേരളം.എന്നാല്‍ ഇന്ന് ആ സംസ്ഥാനവും അതില്‍നിന്നൊഴിഞ്ഞു.
3.ഡോ.വെങ്കിടേഷ് ആത്രേയ:-(മുന്‍ സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് അംഗം) ഇത് ചരിത്രപരമായ ഒരു മുന്‍‌കൈ ആണ്.ഐണ്ഡ്യയില്‍ കേരളത്തിലല്ലാതെ മറ്റൊരിടത്തും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അധികാരവികേന്ദ്രീകരണത്തിനായി ഇത്ര ശക്തമായി നിലകോള്ളുന്നത് കാണാനാവില്ല.കേരളവും പശ്ചിമബംഗാളും അധികാരവികേന്ദ്രീകരണ പരീക്ഷണങ്ങളില്‍ മാത്രമല്ല ഭൂപരിഷ്കരണത്തിലും വേറിട്ടു നില്‍ക്കുന്നു എന്നതാണ് സത്യം.തമിഴ്നാട്ടില്‍ ഭൂപ്രഭുക്കള്‍ വളരെ ശക്തരാണ്.അവിടെ അധികാരവികേന്ദ്രീകരണം പ്രാദേശീകഭരണത്തില്‍ ഇവര്‍ക്കുള്ള സ്വാഥീനം വര്‍ദ്ധിപ്പിക്കുന്നതായി കാണാം.ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ദോഷമായി ഭവിക്കുമായിരിക്കണം.കേരളത്തില്‍ ഭൂപരിഷ്കരണം നടന്നു എന്നതിനാലാപ്രശ്നമില്ല.ഭൂപരിഷ്കരണം വിജയകരമായി നടപ്പിലാക്കിയത് അധികാരവികേന്ദ്രീകരണത്തിനു സഹായകമാവുന്നു.കേരളത്തിനകത്തേയും പുറത്തേയും ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും കേരളത്തിന്റെ അധികാരവികേന്ദ്രീകരണ അനുഭവങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്നവരാണ്. ഒരു മാതൃക എന്ന നിലയില്‍ രൂപം കൊണ്ടു വരുന്ന , മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്തുടരാവുന്നതാണ് കേരളത്തിന്റെ അനുഭവങ്ങള്‍.എന്നിട്ടും നേരിയ ഭൂരിപക്ഷം മാത്രമുള്ള ഇന്നത്തെ ഗവണ്മെന്റ് എന്തുകൊണ്ട് ഇത്തരമൊരു നടപടി സ്വീകരിച്ചു എന്നത് ദുരൂഹമാണ്.
                                   ഇന്നത്തെ നവ ഉദാരവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ അത്തരം നയങ്ങള്‍ രാജ്യമെംബാടും നടപ്പാക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങള്‍ നടപ്പാക്കുക, സാമ്പത്തീക സാമൂഹ്യരംഗത്തെ ജനപങ്കാളിത്തം ഇല്ലാതാക്കുക തുടങ്ങിയ ഒളി അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടുമാകാം ഈ ജനാധിപത്യ വിരുദ്ധനടപടിക്കു മുതിര്‍ന്നത്.
                       ഇതിനെതിരെയുയരുന്ന പ്രതിഷേധത്തിന് തീര്‍ച്ചയായും ഞങ്ങളുടെ പിന്തുണയുണ്ടായിരിക്കും.ഞങ്ങള്‍ക്കാവുന്നതുപോലെ അധികാരവികേന്ദ്രീകരണത്തിന്റെ ഉള്ളടക്കത്തെ സംരക്ഷിക്കുന്നതിനും ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ ഭരണ സംവിധാനത്തെ കൊണ്ടുവരുന്നതിനെതിരേയും കൂട്ടുകക്ഷികളുടെ താല്പര്യത്തിനനുസൃതമായി വികസനത്തെ ബലി കഴിക്കുന്നതിനെതിരേയുള്ള പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു.

No comments :

Post a Comment