ഇതാണ് കേരളം

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കുറച്ചു നാളുകള്‍ക്ക് മുന്‍പ് കേരളത്തില്‍ കൊല്ലം ജില്ലയില്‍ ഒരു സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിലൊരു സല്‍ക്കാരം നടന്നു.സല്‍ക്കാരത്തിന് ആതിഥേയത്വം നടത്തിയത് ജില്ലയിലെ മണല്‍ മാഫിയക്കാരും മറ്റ് അറിയപ്പെടുന്ന ഗുണ്ടാ നേതാക്കളടക്കം സാമൂഹ്യവിരുദ്ധരും.ഈ സല്‍ക്കാരത്തില്‍ പങ്കുകൊണ്ടതാകട്ടെ ജില്ലയിലെ പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥന്മാരും.മദ്യവും മദിരാക്ഷിയും സുലഭമായിരുന്ന ഈ സല്‍ക്കാരം വളരെ രഹസ്യമായാണ് പ്ലാന്‍ ചെയ്തതും നടത്തിയതും.പക്ഷെ ഈ കാര്യം പുറത്തായി.രഹസ്യം കിട്ടിയത് മറ്റാര്‍ക്കുമല്ല, മാതൃഭൂമി പത്രത്തിന്റെ സ്ഥലം ലേഖകന്‍ ശ്രീ.ഉണ്ണിത്താനാണ്.
                         അദ്ദേഹമീ വിവരം അതിരഹസ്യമായി സൂക്ഷിക്കുകയും സമയമായപ്പോള്‍ തന്റെ കാമറയുമായി രംഗത്തെത്തി അതി രഹസ്യമായിത്തന്നെ കഴിയാവുന്നത്ര പാര്‍ട്ടി നടക്കുന്നതിന്റെ പടങ്ങളെടുക്കുകയും ചെയ്തു.പിറ്റേന്നത്രെ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കാവുന്നത്ര പ്രസിദ്ധീകരിക്കുകയും ചെയ്തു.ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെ നിരവധി സ്വാധീനമേഖലകളില്‍ പെട്ടവര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഈ സംഭവം വലിയ ഒച്ചപ്പാടോ പ്രശ്നങ്ങളോ ഇല്ലാതെ കടന്നു പോവുകയും അങ്ങനെ ഇല്ലാതാവുകയും ചെയ്യേണ്ട കേസായിരുന്നെങ്കിലും ഈ സംഭവത്തിന് വലിയൊരു ട്വിസ്റ്റ് സംഭവിക്കുന്നു.മറ്റൊന്നുമല്ല ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ കുറച്ചുപേര്‍ ചേര്‍ന്ന് ആക്രമിച്ച് കൊല്ലാന്‍ ശ്രമിക്കുന്നു.രണ്ട്കാലിനും വെട്ടുകിട്ടി മൃതപ്രായനായ ശ്രീ ഉണ്ണിത്താന്‍ അതീവ്വ ഗൌരവാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു.ഇത് സംഭവിക്കുന്നത് 2011 ഏപ്രില്‍ മാസം 16ന് രാത്രിയിലാണ്.
                                       ഇത്രയും സംഭവങ്ങളൊക്കെ നമുക്ക് പരിചയമുള്ള കാര്യങ്ങളാണ്.നമ്മുടെ നാട്ടില്‍ നിത്യേന നടക്കുന്നതും നമ്മുറ്റെ ചുറ്റുവട്ടത്തുതന്നെ കാണാവുന്നതുമായ കാര്യങ്ങള്‍.അപ്രിയസത്യങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്ന ഏതൊരാളും അനുഭവിക്കുന്ന കാര്യങ്ങളാണിതൊക്കെ.കള്ളവാറ്റു ചൂണ്ടിക്കൊടുത്തതിന്, കള്ളമണലൂറ്റ് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതിന്, പാടശേഖരം മണ്ണിട്ടു നികത്തുന്നത് തടയുന്നവര്‍ക്ക് ഒക്കെകിട്ടുന്ന പ്രതിഫലമാണിത്.എന്നാല്‍ പൊതു സമൂഹത്തിന്റെ, പ്രത്യേകിച്ചും ഇത്തരം സാമൂഹ്യവിരുദ്ധകാര്യങ്ങളില്‍  ദുഖവും നടുക്കവും കാണിക്കുന്ന പൊതു സമൂഹം ഒരിക്കല്‍ പോലും മുന്നില്‍ നിന്നു പോരാടുന്നവനെ ശാരീരികമായി നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിച്ചു കണ്ടിട്ടില്ല.അന്നേരമവര്‍ വാലും ചുരുട്ടി അളയില്‍ കയറുന്നതാണ് കാണുക.പൊതുസമൂഹത്തിന്റെ ഈ കൊള്ളരുതായ്മയാണ് കേരളത്തിന്റെ പിന്നോട്ടടിക്കുകാരണം എന്നു വേണമെങ്കില്‍ പറയാവുന്നതാണ്.
                       പിന്നീട് കാണുന്ന കാഴ്ച നമ്മുടെ പോലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ വരുത്തിക്കൊണ്ടിരിക്കുന്ന ഒരു അലസതയാണ്.കേരളം പോലൊരു സംസ്ഥാനത്ത് ഉണ്ണിത്താന്‍ സംഭവം പോലൊരു സംഭവത്തെ എല്ലാവരും അപലപിക്കുമെന്നും പോലീസൊരു വെല്ലിവിളിയായിത്തന്നെ ഈ കേസ് ഏറ്റെടുക്കുമെന്നും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈ കേസിലെ പ്രതികളെല്ലാം അറസ്റ്റിലാകുമെന്നു തന്നെയാണ് വിചാരിച്ചിരുന്നത്.എന്നാ‍ല്‍ സംഭവത്തെ എല്ലാവരും അപലപിച്ചെങ്കിലും കേസന്വേഷണത്തിന്റെ കാര്യം വന്നപ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഒരുദാസീനത ആദ്യം മുതലേ പ്രകടമായിരുന്നു.പതിയെ പതിയെ അന്വേഷണം നിലക്കുകയും ചെയ്തു.എന്നാല്‍ ശ്രീ ഉണ്ണിത്താനെ സന്ദര്‍ശിക്കാനെത്തിയ ശ്രീ. വീരേന്ദ്രകുമാറിന്റെ ശ്രമഫലമായി ഈ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയെങ്കിലും അന്വേഷണം തഥൈവ.
                  എന്നാല്‍ ചില നാടകീയ സംഭവങ്ങളുമുണ്ടായി തൊട്ടടുത്ത ദിവസങ്ങളില്‍.ഹാപ്പി രാജേഷ് എന്ന ഗുണ്ടാ നേതാവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ കോടതിയില്‍ കീഴടങ്ങിയ കണ്ടൈനര്‍ സന്തോഷ് കോടതി വരാന്തയില്‍ വച്ചു വിളിച്ചു പറഞ്ഞ കൂട്ടത്തില്‍ തന്നെ കുടുക്കിയ രണ്ട് ഡി വൈ എസ് പിമാരെക്കുറിച്ചുകൂടി പറയുകയും അവരുടെ പേരുവിവരവും പറയുകയും ചെയ്തു.അതിലൊരാളെ പെട്ടെന്നു തന്നെ അറസ്റ്റ് ചെയ്യുകയും മറ്റയാളെ സംശയത്തിന്റെ നിഴലിലെന്നു പറയുകയും ചെയ്തതല്ലാതെ മറ്റൊന്നും ചെയ്തു കണ്ടില്ല.പിന്നീട് കേട്ട ഒരു കഥപ്രകാരം കൊല്ലം റ്റിബി സല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരുദ്യോഗസ്ഥന്  തന്റെ പേര്‍ പത്രത്തില്‍ വന്നതുകൊണ്ട് ചില കുടുംബപ്രശ്നങ്ങളുണ്ടാവുകയും ആ വൈരാഗ്യം തീര്‍ക്കാനായി ഉണ്ണിത്താനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുകയാണുണ്ടായതത്രെ.
                       ഒരു കുറ്റകൃത്യത്തില്‍ പങ്കെടുക്കുക, ആ സംഭവം പുറത്താകുമ്പോള്‍ അതു പുറത്താക്കിയ വ്യക്തിയോട് വൈരാഗ്യം തോന്നുക,ആ വൈരാഗ്യം തീര്‍ക്കാന്‍ അയാളെ കൊല്ലാന്‍ ക്വൊട്ടേഷന്‍ സംഘങ്ങളെ ഏല്‍പ്പിക്കുക, അതും നിയമപാലകര്‍ തന്നെ. നമ്മുടെ നാട് എവിടെച്ചെന്നെത്തി എന്നൊന്ന് ആലോചിച്ചു നോക്കുക.നിയമം പരിപാലിക്കുകയും നിയമപരമായ സംരക്ഷ സാധാരണ ജനങ്ങള്‍ക്ക് അനുഭവേദ്യമാക്കുക എന്ന് ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടവരാണ് പോലീസുകാര്‍.അവര്‍ തന്നെ സാധാരണ ജനങ്ങളെ പീഠിപ്പിക്കുന്ന ക്രിമനലുകളായി മാറുന്ന അവസ്ഥ എത്ര ഭീകരമായിരിക്കും.ഗുണ്ടകളില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും സംരക്ഷണം തേടി ജനം പിന്നെ എവിടെ പോകും?
                                  നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇനിയും കൂടുതല്‍ പറയേണ്ട കാര്യമില്ലല്ലോ?.അച്ഛന്‍ മകളെ പീഠിപ്പിക്കുന്നു, പിന്നെ മകളെ നാടു നീളെ കൊണ്ടുനടന്ന് 100 രൂപക്കും 50 രൂപക്കും വില്‍ക്കുന്നു.പത്തുവയസ്സുകാരന്‍ 5 വയസ്സുകാരിയെ പീഠിപ്പിച്ച് കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിക്കുന്നു,പത്തുവയസ്സുകാരന്റെ പീഠനശ്രമത്തിനിടെ ആറു വയസ്സുകാരി കുളത്തില്‍ വീണുമരിക്കുന്നു,എഴുപത്താറു വയസ്സുകാരന്‍ അറുപ്പതുകാരിയെ പീഠിപ്പിക്കുന്നു.തൊടുന്നിടത്തും പിടിക്കുന്നിടത്തുമൊക്കെ അഴിമതി, അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന അഴിമതി നിരോധന വകുപ്പ്.ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ തലത്തിലും അഴിമതി.ആരാധനാലയങ്ങളില്‍ അഴിമതി, മാധ്യമരംഗത്തും അഴിമതി.
                     ഇങ്ങനെ നമ്മുടെ നാട് നശിച്ചു പോയല്ലോ എന്ന് വിചാരിച്ച് ദുഖിക്കുന്നതിനേക്കാള്‍ നല്ലത് പ്രശ്നപരിഹാരത്തിനായി ഒരു ചെറുവിരലെങ്കിലും അനക്കുന്നതല്ലെ?നമുക്കൊന്ന് ഒത്തു പിടിച്ചുനോക്കാം.എനിക്കു തോന്നുന്നത് ഇന്നത്തെ നിഷ്ക്രിയമായ പൊതുസമൂഹത്തെ ചലിപ്പിച്ചാല്‍ത്തന്നെ നമ്മുടെ സമൂഹത്തില്‍ മാറ്റങ്ങള്‍ വരും അതിനുള്ള കര്‍മ്മപരിപാടികള്‍ കണ്ടെത്തി അതില്‍ മാത്ര ശ്രദ്ധ കേന്ദ്രികരിക്കുന്നതാവും നല്ലത്.ഇതല്ലാതെ മറ്റു പോംവഴികള്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ പറയാന്‍ മടിക്കരുത്.കൂട്ടായ ചര്‍ച്ചകളിലൂടെ നമുക്കത് മൂര്‍ത്തമായ പരിപാടിയാക്കി മാറ്റി നടപ്പിലാക്കാം, നല്ലൊരു കേരളത്തിനായ്, നല്ലൊരു നാളേക്കായ്.

2 comments :

  1. മറ്റൊരു കൊളംബിയ രൂപം കൊള്ളുന്നു !

    ReplyDelete
  2. ഒരു ഷോക്ക് ട്രീറ്റ്മെന്റിന് സമയമായി. അന്യന്റെ വേദനയില്‍ ആര്‍ക്കും താത്പര്യമില്ല. സ്വന്തം തടിക്ക് തട്ടുമെന്ന നില വന്നാല്‍ മാത്രമേ ആളുകള്‍ അനങ്ങൂ.

    ReplyDelete