മാവേലി വീണ്ടും വരുന്നു, പ്രജകളെ കാണാന്‍

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                     ഓണമാസമായി.പൊന്നുംചിങ്ങത്തേരിലേറി അങ്ങേതോ ലോകത്തുനിന്നും മഹാബലി(മാവേലി) കേരളത്തിലെ തന്റെ പ്രജകളെ കാണാനെഴുന്നെള്ളുന്നു.പണ്ടൊരിക്കല്‍ കേരളം മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു മഹാചക്രവര്‍ത്തിയായിരുന്നു മഹാബലി(മാവേലി).പ്രജാക്ഷേമതല്‍പ്പരനും ഐശര്യവാനുമായ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാട്ടിലെങ്ങും സന്തോഷവും ഐശര്യവും വിളയാടിയിരുന്നു.ഇതില്‍ അസൂയ പൂണ്ട ദേവന്മാര്‍ ഉപജാപം നടത്തി അദ്ദേഹത്തെ നശിപ്പിക്കുന്നതിനായി വാമനനെ നിയോഗിച്ചു.എന്നാല്‍ വാമനന്റെ കുതന്ത്രത്തില്‍ പെട്ട് നാടുവിട്ടോടേണ്ടി വന്ന മന്നനാണ് മഹാബലി.ഈരേഴുലോകത്തും അഭയം നല്‍കാതെ വാമനന്‍ അവസാനം അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിക്കളഞ്ഞു.പാതാളത്തേക്ക് പോകുമ്പോള്‍ അനുകമ്പ തോന്നി വാമനന്‍ മഹാബലിയോട് അന്ത്യാഭിലാഷം ചോദിച്ചു.വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണുന്നതിനായി കേരളം സന്ദര്‍ശിക്കാനനുവാദം തരണമെന്ന് അദ്ദേഹം വാമനനോട് വരം ചോദിച്ചു.വാമനന്‍ അതു സമ്മതിക്കുകയും ചെയ്തു.അങ്ങനെ മഹാബലി തന്റെ ഇരിപ്പിടമായ പാതാളലോകത്തുനിന്നും ഭൂമിയില്‍ കേരളത്തിലെത്തി തന്റെ പ്രജകളെ തൃക്കണ്‍ പാര്‍ക്കുന്ന ദിവസമാണ് തിരുവോണം.അങ്ങനെ ഓണം കേരളീയരുടെ ദേശീയോത്സവമായി മാറി.
                   തിരുവോണത്തെക്കുറിച്ച് ഏറ്റവും ലളിതമായ ഒരു ഐതിഹ്യമാണ് ഞാന്‍ മേല്‍ വിവരിച്ചത്.ഇതുകൂടാതെ മറ്റനേകം ഐതിഹ്യങ്ങള്‍ വേറെയുമുണ്ട്.എല്ലാം ഞാന്‍ വിശദീകരിക്കുന്നില്ല.കാരണം കേരളത്തിലെ സാധാരണക്കാരില്‍ മുഴുവന്‍ ഹൃദയത്തില്‍ പതിഞ്ഞ , ഓണത്തെക്കുറിച്ചുള്ള ഐതിഹ്യമാണിത്.കാലങ്ങളായി കേരളവും കേരളീയ്യരും മലയാളികളും ഉള്ളയിടങ്ങളിലൊക്കെ ഓണാഘോഷം ഭംഗിയായി കൊണ്ടാടുന്നു.
                        നമുക്ക് ഇന്നത്തെ ഓണാഘോഷത്തെക്കുറിച്ച് ചുമ്മാ ഒന്ന് ചിന്തിച്ചുനോക്കാം.ആദ്യമായി സര്‍ക്കാര്‍ എന്ന ഇന്നത്തെ മാവേലി അവരുടെ ഡയറക്റ്റ് പ്രജകളായ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് ഓണമാസത്തെ ശമ്പളം നേരത്തെ നല്‍കുന്നു,ഓണം ഭംഗിയായി ആഘോഷിക്കാനായി.ആ പാവങ്ങള്‍ കിട്ടുന്ന കാശ് ( വരുന്ന മാസത്തെ ശമ്പളം + ബോണസ്സ് + ഫെസ്റ്റിവല്‍ അലവന്‍സ് + ഫെസ്റ്റിവല്‍ അഡ്വാന്‍സ് ) മുഴുവനും ആയി മാര്‍ക്കറ്റിലേക്കിറങ്ങുകയാണ്.കണ്ടതും കടലാടിയും ഒക്കെ വാങ്ങിച്ചു കൂട്ടിയാണ് അവര്‍ തിരിച്ചെത്തുക.അതുകൊണ്ടെന്തുണ്ടാകും? വരുന്ന മാസത്തെ ശമ്പളം ഓണം കഴിയുന്നതോടെ സ്വാഹാ. എന്നിട്ടോ? പതിനഞ്ചാം തീയതിയോടെ ശംബളമെല്ലാം തീര്‍ന്ന് ഒന്നുകില്‍ കടം വാങ്ങണം, അല്ലെങ്കില്‍ പട്ടിണി കിടക്കണം എന്ന അവസ്ഥയിലെത്തും. അവരുടെ ഈ സ്ഥിതി കണ്ടിട്ടായിരിക്കണം പഴയ ആ മഹാകവി ഇങ്ങനെ പാടിയത്:-
                                          “ഓണം ഉണ്ട വയറേ
                                        ചൂളേം പാടി കെടാകെട” എന്ന്.ഇങ്ങനെയാണ് സര്‍ക്കാര്‍ തന്റെ പ്രജകള്‍ക്കായി ഓണം ആഘോഷിക്കുന്നത്.ഇനി എഫ്.എം.റേഡിയോയുടെ ഓണാഘോഷം നോക്കാം.അവരുടെ ഇന്ന് കേട്ട അനൌണ്‍സ്‌മെന്റ് ഇങ്ങനെയാണ്. കേരളത്തിലെ റോഡില്‍ മാവേലിക്കു കയറി വരാനും ഇറങ്ങിപ്പോകാനും പറ്റിയ ഗട്ടര്‍(ചെളിക്കുഴി) കണ്ടെത്തി ഫോട്ടോയെടുത്തയച്ചാല്‍ സമ്മാനം ഉറപ്പ്.നോക്കൂ, ഒരിക്കല്‍ നമ്മുടെ രാജ്യം മാനമായും മര്യാദക്കും ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു അദ്ദേഹം.ശത്രുക്കളുടെ ഗൂഡാലോചന മൂലം അദ്ദേഹം ഇന്ന് പാതാളത്തിലായിപ്പോയി വാസം എന്ന് മാത്രം.പാതാളത്തിലേക്ക് ചിവിട്ടി താഴ്ത്തപ്പെടുമ്പോഴും അദ്ദേഹം പറഞ്ഞത് വര്‍ഷത്തിലൊരിക്കലെങ്കിലും തന്റെ പ്രജകളെ കാണാനനുവദിക്കണമെന്നാണ്.നമ്മളാകട്ടെ ആവേശപൂര്‍വം ആ മന്നനെ കാണാനായി ദിവസങ്ങളോളം പൂക്കളവുമിട്ട് വിഭവസ‌മൃദ്ധമായ സദ്യയും ഒരുക്കി വച്ച് കാത്തിരിക്കുകയാണ്.അന്നേരമാണ് സര്‍വാഭരണവിഭൂഷിതനായി ഒരു ചെളിക്കുളത്തില്‍ നിന്ന് - അതും പൊതുജനം തുപ്പിയും മുള്ളിയും പട്ടി തൂറിയും വാഹനങ്ങളോടി കലക്കിയും ആയ - ഒരു ചെളിക്കുളത്തില്‍ നിന്ന് മഹാബലി സുസ്മരവദനനായി പൊങ്ങി വരുന്നതിനെക്കുറിച്ചൊന്നാലോചിച്ചു നോക്കൂ.ഞാനാണെങ്കില്‍ ദൈവം തമ്പുരാനാണാവന്നതെങ്കില്‍ക്കൂടിയും മുന്‍‌വാതില്‍ കൊട്ടിയടക്കുകയേയുള്ളൂ. പിന്നെന്താണാ ചാനലിനാ പരസ്യം കൊടുക്കാന്‍ തോന്നിയത്? അവരുടെ മാനസികനിലവാരം പൊട്ടക്കുളത്തില്‍ക്കിടക്കുന്ന ഒരു ജീവിയുണ്ടല്ലോ, എന്തെങ്കിലും സ്പര്‍ശം വരുമ്പോഴേക്കും ചുരുളുന്ന ആയിരം കാലുള്ള ആ ജീവിയുടേതായിരിക്കാം.
                      ഇനി നമുക്ക് മറ്റൊന്ന് നോക്കാം.താഴേ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിച്ചോ?ഇതെല്ലാം മാവേലിമാരാണ്.അവരെല്ലാം നമ്മെ ഭരിച്ചിരുന്നവരുമാണെന്നാണ് അവകാശപ്പെടുന്നത്.പക്ഷെ എന്റെ ചോദ്യം അതല്ല, ഇതില്‍ ഏതാണ് ശരിയായ മഹാബലി? ഞാനീ ചോദ്യം ചോദിക്കുന്നതിനൊരു പ്രത്യേക കാരണം ഉണ്ട്.എന്റെ ഓഫീസില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഒരു ചെറിയ ജാഥ നടത്താന്‍ തീരുമാനിച്ചു, അതില്‍ മഹാബലിയായി ഒരാള്‍ നടക്കണമെന്നും തീരുമാനിച്ചു.എനിക്കും മഹാബലിക്കും തമ്മിലുള്ള ഒരേ ഒരു സാദൃശ്യം കുടവയറാണ്.മഹാബലിയെ വെല്ലുന്ന കുടവയര്‍.എന്നിട്ടും എന്റെ ഓഫീസര്‍ എന്നെ തഴഞ്ഞു.അതിനദ്ദേഹം പറഞ്ഞ കാരണം ഞാന്‍ കറുത്തതാണ്, എനിക്ക് പൊക്കം കുറവാണ് എന്നതാണ്.അപ്പോള്‍ മഹാബലിക്ക് പൊക്കവും വെളുപ്പുനിറവും ആണെന്ന് പറഞ്ഞതാരാണ്,.ദൈവങ്ങളുടെ കലണ്ടറുകള്‍ക്കും ഫോട്ടോകള്‍ക്കും എപ്പോഴും ഒരേ ര്‍ഊപവും മുഖവും ആയിരിക്കും.കേരളത്തിലെ സരസ്വതീദേവിയും പരമശിവനുമൊക്കെത്തന്നെയായിരിക്കും ഭൂമിയിലെവിടെ ചെന്നാലും.എന്നാല്‍ അതിനുമൊക്കെ അപ്പുറം നാം ആരാധിക്കുന്ന പൂജിക്കുന്ന മഹാബലിക്കു മാത്രമെന്തേ പലരൂപം? കേരളീയര്‍ക്കിത്ര മതി എന്നാണോ അതിന്റെ ഉദ്ദേശം?
(ചിത്രത്തിനു കടപ്പാട് ഗൂഗ്ഗിള്‍ പ്ലസിലെ സുഹൃത്തിനോട്)
അപ്പോള്‍ താങ്കള്‍ എന്തു പറയുന്നു സുഹൃത്തേ?.
                   ഇനി അടുത്തൊരു കാര്യം നോക്കാം.ഓണം വന്ന് വന്ന് ഇന്ന് ക ച്ചവടക്കാരുടേതാ‍യിരിക്കുന്നു.അവര്‍ക്കറിയാം ഓണം പ്രമാണിച്ച് ഒരുപാടുപണം സര്‍ക്കാര്‍ ജീവനക്കാരുടേയ്യും അതുപോ‍ാലെ തന്നെ കേരളീയറുടെമുഴുവന്‍ കൈകളില്‍ എത്തുമെന്ന്.അത് വാങ്ങിച്ചെടുക്കാനുള്ള ചെപ്പടിവിദ്യകളുമായി അവര്‍ രംഗത്തിറങ്ങും സീസണാകുമ്പോള്‍.ഒരുദാഹരണം നോക്കുക, ഇന്ന് എഫ് എം ചാനലില്‍ കേട്ട ഒരു പരസ്യം ഇതാണ്.ഭര്‍ത്താവ് (നിരാശയോടെ ഭാര്യയോട്) എടീ കഴിഞ്ഞ ഓണത്തിന് സ്ക്രാച്ച് കാര്‍ഡായ കാര്‍ഡുകളും ലക്കീ ഡ്രോകള്‍ മുഴുവനും എടുത്തിട്ടും ഒരു കീചെയിന്‍ മാത്രമേ കിട്ടിയുള്ളൂ.ഇത്തവണ എന്തു ചെയ്യണം?.ഇതു കേട്ട ഭാര്യ:- നിങ്ങളൊരു സര്‍ക്കാര്‍ ലോട്ടറിയെടുക്കൂ മനുഷേനേ, ഇരുനൂറു രൂപയല്ലെ മുടക്കുള്ളൂ.അപ്പോള്‍ അതാണ് കാര്യം.വന്ന് വന്ന് ഇന്ന് സര്‍ക്കാറും നമ്മെ പറ്റിച്ച് പണം പിടുങ്ങാന്‍ നോക്കുന്നു.ഒന്നാം സമ്മാനം അഞ്ച് കോടി രൂപയോ മറ്റോ ആണ്.അതും ഒരാള്‍ക്കു മാത്രം.അയാള്‍ക്ക് അഞ്ച് കോടി കിട്ടാന്‍ നമ്മുടെയൊക്കെ പണം നാം ഹോമിക്കണം.എന്നാല്‍ പൊലിഞ്ഞുപോട്ടേ എന്നു വിചാരിച്ചാലോ, അഞ്ച് കോ‍ടി കിട്ടുന്ന ആള്‍ നികുതികളെല്ലാം അടക്കണം.അതായത് സ്വത്ത് നികുതി, ആദായ നികുതി, വാറ്റ് ,അങ്ങനെ എന്തെല്ലാമോ നികുതികള്‍.ഇതെല്ലാം കഴിഞ്ഞ് ഒന്നാം സമ്മാനക്കാരന് കിട്ടുന്നത് വെറും പത്തുലക്ഷമോ മറ്റോ കിട്ടിയാലായി.അവിടേയും സര്‍ക്കാര്‍ നമ്മെ പറ്റിക്കുന്നു, നാം കേരളീയരാണല്ലോ, പറ്റിക്കപ്പെടേണ്ടവര്‍.
ഇനി ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാം വിറ്റഴിക്കുന്നത് മഹാബലീയുടെ പേരിലാണ്. ഒരേസാമയം അദ്ദേഹം ഹോണ്ടാ മോട്ടോര്‍ സൈക്കിളിലും ബജാജിലും സഞ്ചരിക്കും, അതോടൊപ്പം മാരുതി കാറിലും.കുതിരപ്പുറത്തുവരുന്നതെന്താ‍ണെന്ന് മഹാബലിയോടൊന്നു ചോദിച്ചു നോക്കൂ, കഴിഞ്ഞ വര്‍ഷം അദ്ദേഹം തൊട്ടുനക്കിയ ----------അച്ചാര്‍ വാങ്ങി പാതാളത്തിലേക്ക് കൊണ്ടുപോകാനാണ് അദ്ദേഹം കുതിരവണ്ടിയില്‍ വന്നതെന്ന് ഒരു പരസ്യം.എങ്കില്‍ ഒരു ടോറസ് ലോറിയില്‍ വരാമായിരുന്നെന്ന് ഒരു കേള്‍വിക്കാരന്‍.എന്തിന് മഹാബലിക്ക് ഉടുതുണി നല്‍കുന്നത് ഇവിടത്തെ ചുരിദാര്‍ ഷോപ്പുകാരനാണത്രെ! അദ്ദേഹം ഭക്ഷണം കഴിച്ച് കിടക്കുന്നത് , അല്ലെങ്കീല്‍ അദ്ദേഹം ജീവന്‍ നിലനിറുത്തിപ്പോരുന്നത്  ഈ കൊച്ചു കേരളത്തിലെ നിരവധി കടകളുള്ളതുകൊണ്ടാണത്രെ!
ഒന്നാലോച്ചിച്ചു നോക്കൂ, നമ്മളാരാധിക്കുന്ന മഹാനായ, മാന്യനായ ,കേരളീയര്‍ക്ക് ഒരു നല്ല്ല ജീവിതം നല്‍കിയ , അവസാനകാലത്തുപോലും നമ്മെക്കുറിച്ചുമാത്രം ചിന്തിച്ച ഒരു ഭരണാധികാരിക്ക് നമ്മള്‍ നല്‍കുന്ന ഏറ്റവും നല്ല ഒരു ഓര്‍മ്മയാണ് മുകളില്‍കണ്ടത്.ഇതിലൂം നല്ല ഒരു സ്വാഗതം നമുക്കദ്ദേഹത്തിനു നല്‍കാനാവില്ല,കാരണം നമ്മള്‍ കേരളീയരാണല്ലോ.നമുക്ക് വേണ്ടി ജീവിച്ച,ഭരിച്ച,നമുക്ക് വേണ്ടി മരിച്ച ആ നല്ല മനുഷ്യന്‍ ശത്രു കനിഞ്ഞു നല്‍കിയ ഔദാര്യത്തിന്മേല്‍ നമ്മെകാണാനെത്തുമ്പോള്‍ ഇങ്ങനെ തന്നെ നാമദ്ദേഹത്തെ സ്വീകരിക്കണം.
                     എല്ലാ മലയാളികള്‍ക്കും എന്റെ ഓണാശംസകള്‍!!
Post a Comment