മാധ്യമങ്ങള്‍ മാഫിയാകളാകുമ്പോള്‍

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(2011 സെപ്തംബര്‍ നാലിന്റെ ( പുസ്തകം 49,ലക്കം 04) ചിന്താവാരികയുടെ മുഖപ്രസംഗം ഇന്ന് നെറ്റില്‍ നടക്കുന്ന മാര്‍ക്സിസ്റ്റ്പാര്‍ട്ടിക്കെതിരായ അപവാദപ്രചരണങ്ങള്‍ക്കൊരു മറുപടിയാകുമെന്ന പ്രതീക്ഷയില്‍ റീ പോസ്റ്റ് ചെയ്യുകയാണ്.)
                      വീക്കിലക്സ് എന്ന വെബ്‌സൈറ്റില്‍ അമേരിക്കന്‍ ഗവണ്മെന്റിന്റെ പരമരഹസ്യമായ പല ഔദ്യോഗീക രേഖകളും പ്രസിദ്ധപ്പെടുത്താറുണ്ട്.വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയക്കുന്ന കേബിളുകളുടെ ഉള്ളടക്കവും അക്കൂട്ടത്തില്‍ പെടുന്നു.2008 ല്‍ കേരളം സന്ദര്‍ശിച്ച നയതന്ത്ര ഉദ്യോഗസ്ഥര്‍ എല്‍ ഡി എഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ഉള്‍പ്പെടേയുള്ള മന്ത്രിസഭാംഗങ്ങള്‍,ഭരണ പ്രതിപക്ഷ നേതാക്കള്‍, ഉദ്യോഗസ്ഥപ്രമുഖര്‍,പത്രാധിപന്മാര്‍,പ്രമുഖവ്യക്തികള്‍ എന്നിവരേയെല്ലാം അങ്ങോട്ട് ചെന്ന് കണ്ടു സംസാരിച്ചിരുന്നു.(വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെ പതിവാണിത്.) സംസാരിച്ചപ്പോള്‍ ലഭിച്ചവിവരത്തിന്റെ സാരാംശം അവര്‍ തങ്ങളുടെ ഗവണ്മെന്റിന് അയച്ചിരുന്നു.അത് വീക്കിലക്സ് പ്രസിദ്ധീകരിച്ച രേഖകളുടെ കൂട്ടത്തിലുണ്ട്.
                 ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് പത്രം അതില്‍നിന്ന് ഒരു കഥയുണ്ടാക്കി. സി പി ഐ(എം) സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, എം.എ.ബേബി എന്നിവരെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ എ.കെ.ജി. സെന്ററില്‍ വച്ച് കണ്ടെന്നും അവര്‍ അമേരിക്കന്‍ മൂലധനം സംസ്ഥാനത്തിനു ലഭിക്കുന്നതില്‍ വലിയ താല്പര്യം കാണിച്ചെന്നും അന്നത്തെ മുഖ്യമന്ത്രി വി.എസ്. അവരെ കാണാന്‍ സമ്മതിച്ചില്ല എന്നുമായിരുന്നു ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട്.അത് ചൊവ്വാഴ്ച്ച പ്രസിദ്ധീകരിച്ചതോടെ ടി വി ചാനലുകളില്‍ വലിയ ചര്‍ച്ച ആരംഭിച്ചു.സി പി ഐ(എം) ലെ സാമ്രാജ്യത്ത അനുകൂല വിഭാഗമാണ് ഈ നേതാക്കള്‍ എന്നും മറ്റുമായി പലരുടേയും വാദം.
               ഇതിനിടെ പീപ്പിള്‍ ചാനലില്‍ വീക്കിലീക്സില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘വിവാദരേഖ’യുടെ പൂര്‍ണരൂപം പുറത്തുവിട്ടു.മേല്‍‌പറഞ്ഞ നേതാക്കളെ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വെവ്വേറെയാണ് കണ്ടത്.അമേരിക്കന്‍ മൂലധനത്തോട് സി പി ഐ(എം)ന് അന്ധമായ വിരോധമില്ല എന്നും എന്നാല്‍ പുതിയ സാങ്കേതിക വിദ്യ ആവശ്യമായതും രാജ്യതാല്പര്യത്തിന് ഹാനികരമല്ലാത്തതുമായ മേഖലകളില്‍ മാത്രമെ വിദേശസഹായവും മൂലധനവും സ്വീകരിക്കൂ എന്നും മേല്‍‌പറഞ്ഞ നേതാക്കള്‍ വ്യക്തമാക്കിയതായി വീക്കിലീക്സ് രേഖകളിലുണ്ട്.
                 മാത്രമല്ല, അന്നത്തെ മുഖ്യമന്ത്രി വി എസിനെ 2008 ആഗസ്റ്റ് ആദ്യം വന്നപ്പോള്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിക്ക് കാണാന്‍ കഴിഞ്ഞില്ല എന്നും ആ മാസം അവസാനം വീണ്ടും വന്ന് കണ്ട് സംസാരിച്ചെന്നും അന്ന് വി എസ് പറഞ്ഞത് ഐടി ബിടി ടൂറിസം എന്നീ മേഖലകളീല്‍ മാത്രമേ മൂലധനനിക്ഷേപം സ്വീകരിക്കൂ എന്നാണെന്നും ആ വീക്കിലീക്സ് രേഖകളിലുണ്ട്.ചൊവ്വാഴ്ച്ച തന്നെ വന്നുകണ്ട മാധ്യമപ്രതിനിധികളോട് ഇക്കാര്യത്തില്‍ സി പി ഐ(എം)ന് വ്യക്തമായ നയമുണ്ടെന്നും അതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ കഥയില്ല എന്നും വി എസ് വ്യക്തമാക്കുകയും ചെയ്തു.
                 പിറ്റേന്ന് ബുധനാഴ്ച്ചയാണ് പിണറായി വിജയന്‍ മാധ്യമപ്രതിനിധികളെ കണ്ടത്.മേല്‍‌പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹവും ആവര്‍ത്തിച്ചു.വീക്കിലീക്സ് രേഖയില്‍ കൊക്കോ കോളയോടുള്ള കേരളത്തിലെ എതിര്‍പ്പിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിനേക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു.കൊക്കോ കോള അമേരിക്കന്‍ കമ്പനിയായതുകൊണ്ടല്ല, അത് ജലചൂഷണം നടത്തുകയും പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതുകൊണ്ടാണ് അതിനെതിരെ പ്ലാച്ചിമടയില്‍ സമരമുണ്ടായത് എന്ന് അദ്ദേഹം നടത്തിയ വിശദീകരണത്തെക്കുറിച്ചായി പിന്നെ വിവാദം.
                ദല്‍ഹിയില്‍ 2005 ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വിദേശമൂലധനം ഉള്‍പ്പെടേയുള്ള കാര്യങ്ങളില്‍ സി പി ഐ (എം) പങ്കാളിയായ ഗവണ്മെന്റുകള്‍ സ്വീകരിക്കേണ്ട നിലപാടിനേക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിരുന്നു.അത് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിശദീകരണമാണ് പിണറായി നല്‍കിയത്.കൊക്കോ കോളക്കെതിരേ പ്ലാച്ചിമടയിലും മറ്റും വേറെ പല സംഘടനകളും സമരം ചെയ്തിരുന്നു.അവരുടെ നിലപാട് സി പി ഐ(എം) ന്റെ മേലോ പാറ്ട്ടിയുടെ നിലപാട് അവരുടെ മേലോ ആരോപിക്കുന്നതില്‍ അര്‍ത്ഥമില്ല.പക്ഷെ, അതിനാണ് ചില ചാനലുകള്‍ ഒരുമ്പെട്ടത്.
            ഏറ്റവും ശ്രദ്ധേയമായ കാര്യം ഇന്ന് തര്‍ക്കവിഷയങ്ങളല്ലെന്ന് മാത്രമല്ല പരാമര്‍ശവിഷയങ്ങളുമല്ല എന്നതാണ്.എന്നിട്ടും അതേക്കുറിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത് - വീക്കിലിക്ക്സ് രേഖയുടെ പൂര്‍ണ്ണരൂപം വെളിപ്പെട്ടതോടെ അത് വിവാദമല്ലാതായപ്പോള്‍ പ്ലാച്ചിമട പ്രശ്നം ഉന്നയിച്ചത് - ഇലയില്‍ചവിട്ടി വഴക്കുണ്ടാക്കുക എന്ന നാടന്‍ രീതിയില്‍ ചില മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കുന്നു എന്നതാണ് കാണിക്കുന്നത്.അതും മൂന്നു വര്‍ഷം മുന്‍പു നടന്ന അനൌപചാരിക സംഭാഷണങ്ങളേക്കുറിച്ച്. അവിടെയാണ് മാധ്യമങ്ങള്‍ മാഫിയവല്‍ക്കരിക്കപ്പെടുന്നത്.സ്വന്തമായ അജണ്ടയോടെ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയാണ് ഇവര്‍.
             കൊക്കിനു വച്ചത് കുളക്കോഴിക്ക് കൊണ്ടു എന്ന പഴഞ്ചൊല്ലു പോലെ, പാര്‍ട്ടി സമ്മേളനങ്ങള്‍ ആസന്നമായ വേളയില്‍ സിപിഐ(എം) ല്‍ വിവാദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വീക്കിലീക്സ് രേഖകള്‍ ചര്‍ച്ചാവിഷയമാക്കിയപ്പോള്‍, അതിനു തുനിഞ്ഞവര്‍ ഉദ്ദേശിക്കാത്ത ചിലത് നടന്നു.ആ രേഖകളില്‍ ഡോ.മുനീര്‍ തന്റെ പാര്‍ട്ടി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്‍ഡി എഫിനെ ലീഗിന്റെ തണലില്‍ വളര്‍ത്താന്‍ കൂട്ടുനില്‍ക്കുന്നതായി അമേരിക്കന്‍ നയതന്ത്രപ്രതിനിധിയോട് പറഞ്ഞ കാര്യങ്ങള്‍ ഉണ്ട്.ഡോ.മുനീര്‍ ഇത് നിഷേധിച്ച് പ്രസ്താവനയിറക്കിയെങ്കിലും അദ്ദേഹത്തിന്റെ പരാമര്‍ശം ലീഗില്‍ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്ന് ഉറപ്പാണ്.അവ പരാമര്‍ശവിഷയമാക്കാന്‍ വീക്കിലിക്ക്സ് രേഖകളെ ആദ്യം ചികഞ്ഞുനോക്കിയ ചില ചാനലുകളും അച്ചടി മാധ്യമങ്ങളും താല്‍‌പര്യം കാണിക്കുന്നില്ല എന്നുമാത്രമല്ല, ലീഗിനേക്കുറിച്ച് വീക്കിലീക്സ് പറഞ്ഞത് അവ റിപ്പോര്‍ട്ട് ചെയ്തതേയില്ല.മാധ്യമ മാഫിയായുടെ മറ്റൊരു മുഖമാണത്.
             യു ഡി എഫില്‍ തര്‍ക്കവിതര്‍ക്കങ്ങളും ചേരിപ്പോരുകളും രൂക്ഷമായിക്കൊണ്ടിരിക്കെ അതില്‍നിന്നും ജനശ്രദ്ധ തിരിക്കാനും സിപിഐ(എം) പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുമ്പോഴേക്കും പാര്‍ട്ടിയില്‍ പോരടിയാണ് എന്ന പ്രതീതി ജനിപ്പിക്കാനും ഉദ്ദേശിച്ചായിരിക്കണം 2008ലെ വീക്കിലീക്സ് രേഖകളെ ആധാരമാക്കി ഏകപക്ഷീയമായ വാര്‍ത്തയും വിവാദവും സൃഷ്ടിക്കപ്പെട്ടത്. പക്ഷെ വെളുക്കാന്‍ തേച്ചത് പാണ്ടായോ? കാത്തിരുന്ന് കാണാം.

4 comments :

  1. യു ഡി എഫില്‍ തര്‍ക്കവിതര്‍ക്കങ്ങളും ചേരിപ്പോരുകളും
    രൂക്ഷമായിക്കൊണ്ടിരിക്കെ അതില്‍നിന്നും ജനശ്രദ്ധ തിരിക്കാനും സിപിഐ(എം)
    പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുമ്പോഴേക്കും പാര്‍ട്ടിയില്‍ പോരടിയാണ്
    എന്ന പ്രതീതി ജനിപ്പിക്കാനും ഉദ്ദേശിച്ചായിരിക്കണം 2008ലെ വീക്കിലീക്സ്
    രേഖകളെ ആധാരമാക്കി ഏകപക്ഷീയമായ വാര്‍ത്തയും വിവാദവും സൃഷ്ടിക്കപ്പെട്ടത്.
    പക്ഷെ വെളുക്കാന്‍ തേച്ചത് പാണ്ടായോ? കാത്തിരുന്ന് കാണാം.

    ReplyDelete
  2. യു ഡീ എഫില്‍ ഇതൊന്നും പുത്തരി     അല്ല  പാര വെയ്പും കുത്തി കാല്‍ വെട്ടും ഗ്രൂപ്പ് കളിയും പണ്ടെ അവിടെ ഉണ്ടല്ലോ പാവപ്പെട്ടവനെ ഉലത്താന്‍ അവതരിച്ച പാര്‍ടി ഇത്ര അധപതിച്ചതാണല്ലോ മൂല്യ ച്യുതി ഭരണം തന്നെ മുന്നോട്ട് കൊണ്ട്ട്  പോകാന്‍ കഴിയാത്തവിധം അത് ഗ്രസിച്ചപ്പോള്‍ ആണല്ലോ യു ഡീ എഫ് അധികാരത്തില്‍ വന്നത് നേരിയ ഭൂരി പക്ഷം ആയതിനാല്‍ അവര്‍ ഒത്തൊരുമിച് പൊയ്ക്കൊള്ളും    

    ReplyDelete
  3. പ്രിയ എം എസ്

    ഞാനും എം എസും പരസ്പരം കൊച്ചു വര്‍ത്തമാനം പറയുമ്പോലെ നയതന്ത്രക്കാരുമായി ചര്‍ച്ച തെറ്റോ ശരിയോ എന്നതിനേക്കാള്‍ ചിലപ്രഷനഗല്‍ അതുന്നയിക്കുന്നുണ്ട്

    അമേരിക്ക കേരളത്തിലെ ദിനം ദിന പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുന്നു 

    അപ്പപ്പോള്‍ അത് അമേരിക്കയ്ക്ക് കൈമാറുന്നു ഇതിനെ ചാരപ്പണി എന്ന് ഞാന്‍ വിളിക്കും

    സൌഹൃദ സംഭാഴനം അല്ല.രാജ്യത്തിന്റെ ചിന്തകള്‍ ഒപ്പി എടുക്കുകയാണ്

    അതിനു കംമ്യൂനിസ്ടുകാര്‍ നിന്ന് കൊടുക്കണമോ എന്ന ചോദ്യം ഭവ്യതയോടെ ചോദിക്കാന്‍ എം എസിനും മടി

    അത് ഞാന്‍ ഉന്നയിക്കുന്നു

    ReplyDelete
  4. ടിപികലയ്ക്ക്, ഞാനും എം എസും പരസ്പരം പറയുന്നതുപോലല്ല ഇത് എന്ന് പറയുന്നത് ശരി.അതുപോലെ തന്നെ നമ്മളറിയേണ്ട മറ്റൊരു കാര്യമുണ്ട്, സോഷ്യലിസ്റ്റ് രാജ്യമായ ചൈനയില്‍ നിന്നും മുതലാളിത്തത്തിന്റെ തലതൊട്ടപ്പനായ അമേരിക്ക കടം വാങ്ങിയിരിക്കുന്നതെത്രയെന്നറിയാമോ?1,20,000 ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍.അതുപോലെ തന്നെ ക്യൂബയില്‍ നിന്നും ഇത്രയില്ലെങ്കിലും കടം വാങ്ങിയിട്ടുണ്ട് അമേരിക്ക.ഇന്‍ഡ്യയില്‍ നിന്നുപോലും അമേരിക്ക കടം കൊണ്ടിട്ടുണ്ട്.മയു മുതലാളിത്തരാജ്യങ്ങളില്‍ നിന്നും വേറേയും.( ഈ കടം തിരിച്ചുകൊടുക്കാന്‍ പറ്റില്ല എന്ന ധാരണയില്‍ നിന്നാണ് എസ്& പി അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയത്.അത് വേറൊരു കഥ.) ഇതുപോലെ അമേരിക്കയില്‍ നിന്നും ഇഷ്ടം പോലെ സാങ്കേതീകവിദ്യ പുറം ലോകങ്ങളിലേക്കും ഒഴുകുന്നു, സോഷ്യലിസ്റ്റ് രാജ്യങ്ങലിലേക്കടക്കം.ഇവിടെയൊന്നും വിശ്വാസ്യതയുടേയോ ഒന്നും പ്രശ്നങ്ങള്‍ ആര്‍ക്കും ഉദിക്കുന്നില്ല.കാരണം മുതലാളിത്തരാജ്യങ്ങള്‍, സോഷ്യലിസ്റ്റ് രാജ്യങ്ങള്‍, മറ്റു രാജ്യങ്ങള്‍ എന്നൊക്കെയുള്ള വെള്ളം ചേര്‍ക്കാത്ത അറകളിലാക്കിയിട്ടല്ല ലോകരാജ്യങ്ങള്‍ നിലകൊള്ളുന്നത്.പിന്നെ ഇത്തരം കാര്യങ്ങളൊക്കെ നടക്കുമ്പോള്‍ സ്വന്തം രാജ്യത്തിന്റെ പരമാധികാരം മറ്റൊരു രാജ്യത്തിനടിയറ വൈക്കാതെ നോക്കണം.നമ്മുടെ മന്‍‌മോഹന്‍‌സിംങ്ങ്ജി അതു ചെയ്തില്ല എന്നതാണ് സി പി ഐ(എം) പിന്തുണ പിന്‍‌വലിക്കാന്‍ കാരണം.മുതലാളിത്തത്തോടുള്ള എതിര്‍പ്പ് മുതലാളിമാരോടുള്ള എതിര്‍പ്പായി വ്യാഖ്യാനിക്കരുത്.അതുകൊണ്ടുതന്നെ അമേരിക്കയുമായി ചര്‍ച്ച നടത്തിയതിലോ വ്യവസായം വേണമെന്നഭ്യര്‍ത്ഥിച്ചതിലോ ഒരു തെറ്റുമില്ലെന്ന അഭിപ്രായമാണെങ്കിക്കുള്ളത്. ഇനി ബാക്കിയുള്ളതൊക്കെ കല സ്വപ്നം കണ്ടതാണ്, അത് ചെയ്യാന്‍ കമ്യൂണിസ്റ്റുകാരെ കിട്ടുമെന്ന് കല സ്വപ്നത്തില്‍ പോലും വിചാരിക്കണ്ട.ഒരൊറ്റ ഉദാഹരണം.മന്‍‌മോഹന്‍‌സിംഗ്‌ജി ചില്ലറവ്യാപര രംഗത്തും ബാങ്കിംഗ് മേഖലയിലുമൊക്കെ അമേരിക്കക്കാരെ ക്ഷണിച്ചപ്പോള്‍ പിണറായിയും കൂട്ടരും എവിടേക്കാണവരെ ക്ഷണിച്ചതെന്നു നോക്കൂ, ടൂറിസം ഐടി തുടങ്ങിയ സേവന മേഘലകളിലേക്ക് മാത്രം.ഇതാണ് കലേ രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസം.ഇതു കാണാന്‍ കലയും കൂട്ടരും തയ്യാറാകുന്നില്ല എന്നതല്ലേ സത്യം.അതു ചെയ്യാതെ പാവം കമ്യൂണിസ്റ്റുകാരന്റെ പുറത്തേക്ക് കയറല്ലെ.

    ReplyDelete