ദേവപ്രശ്നവും ശാസ്ത്രബോധവും.

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(2011 സെപ്തംബര്‍ ലക്കം ശാസ്ത്രഗതി (ഒരു ശാസ്ത്രസാഹിത്യപരിഷത് പ്രസിദ്ധീകരണം) യുടെ ആമുഖക്കുറിപ്പായി ശ്രീ ആര്‍ വീ ജീ മേനോന്‍ എഴുതിയ കുറിപ്പിന് കാലികപ്രസക്തിയുണ്ടെന്ന് തോന്നുന്നതിനാല്‍ ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുകയാണ്.)
              ദേവപ്രശ്നവും ശാസ്ത്രബോധവും.

ഇന്‍ഡ്യന്‍ ഭരണഘടനയുടെ നാല്‍‌പത്തിരണ്ടാം ഭേദഗതിപ്രകാരം നാമെല്ലാം ശാസ്ത്രബോധവും(Scientific temper), മാനവികതയും (Humanism), അന്വേഷണത്വരയും(Spirit of Inquiry), നിതാന്തമായ പരിഷ്കരണവും(Reform) പുലര്‍ത്താനും വളര്‍ത്താനും ബാദ്ധ്യതപ്പെട്ടവരാണ്.പഴമയുടെ മാറാലക്കെട്ടുകളില്‍ കുരുങ്ങിക്കിടക്കുന്ന ഒരു സമൂഹത്തെ ആധുനീകരിക്കുക എന്ന സദുദ്ദേശ്യമാണ് ആ നിര്‍ദ്ദേശത്തിനു പിന്നില്‍.“പുരാണമിത്യേവ ന സാധു സര്‍വം” എന്നു വാദിച്ചത് സാക്ഷാല്‍ കാളിദാസന്‍ ആയിരുന്നു.വിമര്‍ശിച്ചും പരീക്ഷിച്ചും മാത്രം അംഗീകരിക്കുക എന്ന രീതി പാശ്ചാത്യശാസ്ത്രം കൊണ്ടുവരുന്നതിനു മുന്‍പു തന്നെ ഭാരതീയപാരംബര്യത്തിന്റെ ഭാഗമായിരുന്നു.എന്നാല്‍ അതോടൊപ്പം തന്നെ സ്വപ്രത്യയ സ്ഥൈര്യമില്ലാതെ, സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കാതെ, ഓരോരോ നിഴലുകള്‍ക്ക് പിന്നില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന ഒളിച്ചോട്ടക്കാരും ഇവിടെ ഉണ്ടായിരുന്നു.അങ്ങനെയുള്ളവരാണ് യവനരില്‍ നിന്നും ഭാരതീയര്‍ പകര്‍ത്തിയ ജ്യോതിഷവും ഫലപ്രവചന രീതികളും നെഞ്ചിലേറ്റിയത്.അതിനുമുന്‍പ്  ഭാരതീയ സാഹിത്യത്തില്‍ ജ്യോതിഷം എന്നു പറഞ്ഞാല്‍ ജ്യോതിശ്ശാസ്ത്രം തന്നെയായിരുന്നു.വേദാംഗജ്യോതിഷം ഗ്രഹനക്ഷത്രാദികളുടെ സ്ഥാനത്തേയും ചലനത്തേയും പറ്റിയല്ലാതെ, അവയ്ക്ക് മനുഷ്യരുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതിലുള്ള സ്വാധീനത്തെപറ്റി ഒന്നും പറയുന്നില്ല എന്നത് അര്‍ത്ഥഗര്‍ഭമാണ്.
                         മനുഷ്യരുടെ ഭാവി പ്രവചിക്കുന്നു എന്നവകാശപ്പെടുന്ന ഈ കപടശാസ്ത്രത്തിന്റെ തനിത്തട്ടിപ്പ് രൂപമാണ് ‘ദേവപ്രശ്നം’ എന്ന പേരില്‍ അരങ്ങേറുന്ന അസംബന്ദ്ധം.ഭരണാധികാരികളുടേയോ പുരോഹിതരുടേയോ ഉള്ളിലിരിപ്പ് ദൈവഹിതം എന്ന മട്ടില്‍ അവതരിപ്പിക്കാനുള്ള ഗൂഡതന്ത്രമല്ലാതെ മറ്റൊന്നുമല്ല ഇത് എന്നത് ശബരിമലയിലെ (കു)പ്രസിദ്ധമായ ദേവപ്രശ്നത്തിലൂടെ വ്യക്തമായതാണല്ലോ.ക്ഷേത്രസംബന്ധമായോ ആചാരസംബന്ധമായോ എന്തെങ്കിലും പരിഷ്കാരം വേണ്ടിവരുമ്പോള്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുക്തിയുക്തമായ തീരുമാനം എടുക്കുക എന്നതാണ് ശാസ്ത്രബോധം ആവശ്യപ്പെടുന്നത്.അതിനു പകരം ദൈവഹിതം അറിയാനെന്ന പേരില്‍ ദേവപ്രശ്നം വൈക്കുന്നത് നാണയം ടോസ്സു ചെയ്ത് തീരുമാനം എടുക്കുന്നതുപോലെ തന്നെയാണ്.ഒരുവ്യത്യാസവുമില്ല എന്നു പറയാന്‍ പറ്റില്ല.ടോസ്സു ചെയ്താല്‍ ഫലം രണ്ടിലൊന്ന് ഉറപ്പാണ്.ദേവപ്രശ്നത്തില്‍ ലക്ഷണം വ്യാഖ്യാനിച്ച് ഉദ്ദേശിച്ച കടവിലെത്തിക്കാനുള്ള പഴുതുകള്‍ പലതു പിന്നേയുമുണ്ട്.
                    തിരുവിതാംകൂറിലെ ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച സുപ്രധാനങ്ങളായ പല തീരുമാനങ്ങളും മുന്‍പും രാജസ്ഥാനം എടുത്തിട്ടുണ്ട്.അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചത്,സ്ത്രീകള്‍ക്ക് മേല്വസ്ത്രം ധരിച്ച് നാലമ്പലത്തില്‍ കയറാന്‍ അനുവാദം കൊടുത്തത്, മൃഗബലി നിരോധിച്ചത്------ ഇതൊന്നും ദേവപ്രശ്നം നടത്തിയല്ല തീരുമാനിച്ചത്. കാര്യകാരണസഹിതമുള്ള യുക്തിയുക്ത തീരുമാനങ്ങളായിരുന്നു അവയെല്ലാം.
                     അന്നുണ്ടായിരുന്ന ശാസ്ത്രബോധം പോലും നഷ്ടമാവുകയാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
Post a Comment