അശനി സങ്കേത് ( അകലങ്ങളില്‍ ഇടിമുഴക്കം)

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പ്രശസ്ത ചലചിത്രകാരനായിരുന്ന ശ്രീ.സത്യജിത് റേയുടെ ഒരു സിനിമയുണ്ട് - “അശനി സങ്കേത്” എന്ന പേരില്‍.അശനി സങ്കേത് എന്ന ബംഗാളി വാക്കിനര്‍ത്ഥം അകലങ്ങളില്‍ ഇടിമുഴക്കം എന്നാണ്.ഇടി മുഴങ്ങുന്നത് - ലോകയുദ്ധം നടക്കുന്നത് അകലങ്ങളിലാണ്, ഇന്‍ഡ്യക്കു വെളിയില്‍.എന്നാല്‍ പട്ടിണിയും പകര്‍ച്ച വ്യാധി കൊണ്ടും ജനങ്ങള്‍ ഈയലുകളേപ്പോലെ മരിച്ചു വീഴുന്നത് ഇങ്ങ് ബംഗാളിലാണ്.ഇന്നും ഭാരതത്തില്‍ സംഭവിക്കുന്നതതുതന്നെയല്ലെ?പ്രതിസന്ധി (ഡിപ്രഷന്‍) മാരകമായിട്ടുള്ളത് മറ്റു രാജ്യങ്ങളിലാണ്, എന്നാല്‍ ജനങ്ങള്‍ നിത്യനരകത്തിലേക്ക് ദിനം പ്രതിയെന്നോണം കൂപ്പുകുത്തുന്നത് ഇവിടെ ഈ ഭാരതത്തിലും കൊച്ചുകേരളത്തിലും ആണ്.
                                      പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ ആഹ്വാനപ്രകാരം കേരളം ഒരു ഹര്‍ത്താല്‍ കൂടി ആചരിച്ചു.പെട്രോളിനു വില കൂട്ടിയതുമായി ബന്ധപ്പെട്ട് ഇടതുപക്ഷമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത്തേയോ നാലാമത്തേയോ മറ്റോ ഹര്‍ത്താലാണിത്.എന്നാല്‍ മറുവശത്തു നില്‍ക്കുന്ന യു ഡി എഫിന് ഇക്കാര്യത്തില്‍ വലിയ വേവലാതിയൊന്നും ഉള്ളതായി കാണുന്നില്ല.വില കൂട്ടുമ്പോള്‍ എന്തെങ്കിലും ചില പ്രസ്ഥാവന ഇറക്കും, ഇപ്പോളവര്‍ ഭരണത്തില്‍ വന്നതിനുശേഷം, ഓരോ പെട്രോള്‍ വില വര്‍ദ്ധനവിലും കേരളത്തിനു ലഭിക്കുമായിരുന്ന അധിക നികുതി വരുമാനം വേണ്ടെന്നു വൈക്കുന്നതില്‍ ഒതുങ്ങുന്നൂ അവരുടെ ഇക്കാര്യത്തിലുള്ള പ്രതികരണം.(100 രൂപ വിലയുള്ള ഷര്‍ട്ടിന് 200 രൂപയെന്ന് വിലയെഴുതി 150 രൂപക്ക് വില്‍ക്കുന്ന ഉത്സവകാല ഡിസ്കൌണ്ട് വില്പന പോലെ.)
                        സത്യത്തില്‍ ഒന്നാം യു പി എ മന്ത്രിസഭയുടെ കാലത്ത് തീരുമാനിച്ചതും എന്നാല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലം നടപ്പാക്കാന്‍ കഴിയാതിരുന്നതുമായ ഒന്നായിരുന്നു ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം ഓയില്‍ കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നത്.എന്നാല്‍ അടുത്ത ഗവണ്മെന്റുവന്നപ്പോള്‍ അവര്‍ ആദ്യം ചെയ്ത കാര്യങ്ങളൊന്ന് ഇന്ധനവില നിശ്ചയിക്കുവാനുള്ള അവകാശം റിഫൈനറി കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.ഇതിനവര്‍ പറഞ്ഞ ന്യായമോ ഓയില്‍ കമ്പനികള്‍ നഷ്ടത്തിലാണെന്നതും.എന്നാല്‍ അതങ്ങനെയല്ല എന്ന് നാട്ടിലെ വിവരമുള്ളവര്‍ മുഴുവനും പറഞ്ഞെങ്കിലും ഭരണക്കാര്‍ മനസ്സിലാവാതെ ഇരിക്കുന്ന കാഴ്ചയാണ് കാണുന്നത്.ഇതടക്കമുള്ള ഉദാരവല്‍ക്കരണനടപടികള്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് ഭരണക്കാര്‍.
                           ഇതിന്റെ മൂലകാരണമന്വേഷിച്ചൊന്ന് സഞ്ചരിച്ചുനോക്കാം നമുക്ക്.ലോകമുതലാളിത്ത്വം പ്രതിസന്ധികളിലൂടെയാണ് കടന്നു പോന്നിട്ടുള്ളതെന്ന് ചരിത്രം പഠിക്കുന്നവര്‍ക്കറിയാം.അല്ലെങ്കില്‍ പ്രതിസന്ധികള്‍ ലോകമുതലാളിത്വത്തിന്റെ കൂടപ്പിറപ്പാണെന്നുതന്നെ പറയാം.ലോകമറിയുന്ന ആദ്യപ്രതിസന്ധി 1873ലെ ലോങ്ങ് ഡിപ്രഷനാണ്. 1873 ല്‍ വിയന്നയിലെ ഒരു ബാങ്ക് തകര്‍ച്ചയോടെ പൊട്ടിപ്പുറപ്പെട്ട പ്രതിസന്ധി വളരെ പെട്ടെന്ന് തന്നെ യൂറോപ്പിലേക്ക് വ്യാപിക്കുകയും അമേരിക്കയിലേക്ക് കടക്കുകയും ചെയ്തു.1893കളുടെ പകുതിയോടെ ഈ പ്രതിസന്ധിക്കൊരു അവസാനമായപ്പോഴേക്കും ബ്രിട്ടണ്‍ എന്ന അന്നത്തെ മുടിചൂടാമന്നന്റെ അസ്തമനം ആരംഭിക്കുകയും പുതിയ രീതിയിലുള്ള മുതലാളിത്വ അതിജീവനശ്രമങ്ങളെന്നപേരില്‍, ബഹുരാഷ്ട്രകുത്തക കമ്പനികളുടെ ഉദയം ഉണ്ടാവുകയും ചെയ്തു എന്നതാണിതിന്റെ - ഈ ഡിപ്രഷന്റെ - ആത്യന്തീക ഫലം.ഈ ഉദയം നാളിതുവരെ ഉണ്ടാവാതിരുന്ന ഒരു പുതിയ സാമ്പത്തീകക്രമം ഉണ്ടാവുകയും ചെയ്തു. 
                       പിന്നീട് 1929 മുതല്‍ 1933 വരെ നീണ്ടുനിന്ന ഗ്രേറ്റ് ഡിപ്രഷന്റെ കാലമായിരുന്നു.ആ കാലഘട്ടത്തിലുണ്ടായിരുന്ന എല്ലാ ലോകരാജ്യങ്ങളേയും ഈ പ്രതിസന്ധി ബാധിച്ചു.അമേരിക്കന്‍ ഷെയര്‍ മാര്‍ക്കറ്റിലെ തകര്‍ച്ചയായിട്ടായിരുന്നു തുടക്കമെങ്കിലും യഥാര്‍ഥകാരണങ്ങള്‍ മറ്റു പലതുമായിരുന്നു.ഈ ഡിപ്രഷന്റെ പരിണിതഫലങ്ങള്‍ മാരകമായിരുന്നു.അമേരിക്കയിലെ ആകെയുണ്ടായിരുന്ന 21000 ബാങ്കുകളില്‍ 11000 വും ഇതില്‍പ്പെട്ട് തകര്‍ന്നുവത്രെ.ലോകത്താകെ തന്നെ തൊഴില്‍ ചെയ്യുന്നവരുടെ മൂന്നിലൊന്ന് തൊഴിലില്ലാത്തവരായി മാറി എന്നാണ് കണക്ക്.ബ്രിട്ടണ്‍ പോലുള്ള സാമ്രാജ്യത്വശക്തികള്‍ അവരുടെ സാമന്തരാജ്യങ്ങളില്‍ നിന്നും കരവും അതുപോലുള്ള മറ്റുചുങ്കങ്ങളും നടപ്പാക്കി തങ്ങളുടെ നഷ്ടം നികത്താന്‍ ശ്രമിച്ചതോടെ ഇന്‍ഡ്യ പോലുള്ള രാജ്യങ്ങളും ദുരിതക്കടലിലേക്ക് കൂപ്പുകുത്തി.ഇതിനെപ്രതിരോധിക്കാനായി അവതരിച്ചതായിരുന്നു കെയ്‌നീഷ്യന്‍ സിദ്ധാന്തങ്ങള്‍.വമ്പിച്ച സര്‍ക്കാര്‍ സഹായത്തോടെ സര്‍ക്കാര്‍ വളരെ ശക്തമായി ഇടപെടുന്ന ഒരു നിയന്ത്രിത വ്യവസ്ഥയായിരുന്നു ഇത്.ഇതിന്റെ ഫലമാണ് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉയര്‍ന്നുവന്ന രാജ്യങ്ങള്‍.ഈ രാജ്യങ്ങളിലെ വികസനത്തിനുവേണ്ടി സ്വീകരിച്ച പരിപാടികള്‍ , സര്‍വൊപരി രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപപ്പെട്ടുവന്ന സോഷ്യലിസ്റ്റ് ചേരി, ഇവയെല്ലാം കൂടി പുതിയൊരു ശക്തി പ്രദാനം ചെയ്തു ലോകത്തിന്.അതുകൊണ്ടു തന്നെ 1950 കള്‍,1960കള്‍,1970കളുടെ പകുതി വരെ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.
                   എന്നാല്‍ 1970കളുടെ പകുതിയോടെ എണ്ണപ്രതിസന്ധി (ഓയില്‍ ഡിപ്രഷന്‍) ആരംഭിച്ചു.ലോകമാകെ ഇതോടെ പ്രതിസന്ധിയിലായി.കെയ്‌നീഷ്യന്‍ സിദ്ധാന്തങ്ങള്‍ പരാജയപ്പെട്ടതായി തെളിഞ്ഞു.അതോടെ അന്നുവരെ വളരെ ശക്തമായി സാന്നിദ്ധ്യമറിയിച്ചിരുന്ന ഗവണ്മെന്റ് പതിയെ പതിയെ പിന്‍‌വാങ്ങുന്ന കാഴ്ചയാണ് കാണുന്നത്.ഗവണ്മെന്റ് വേണ്ട, ശക്തമായ സംഘടനകള്‍ വേണ്ട എന്ന രീതിയിലേക്ക് - ലിബറല്‍ വ്യവസ്ഥ,ആഗോളവല്‍ക്കരണം,ഉദാരവല്‍ക്കരണം,സ്വകാര്യവല്‍ക്കരണം എന്നൊക്കെയുള്ള ഓമനപേരിലേക്ക് ലോകം പതുക്കെ പതുക്കെ മാറുന്നതു നാം കാണുന്നു.എന്നിട്ടും ഡിപ്രഷന്‍ - മാന്ദ്യം എന്ന ഓമനപേരില്‍ ലോകത്തെ മുഴുവന്‍ കുഴപ്പത്തിലാക്കിയിരിക്കുന്നതും നാം കാണുന്നു.
                       ഈ ഉദാരവല്‍ക്കരണത്തിന്റെ പാതയാണ് ഇന്ന് ഇന്‍ഡ്യയും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്.1991 ല്‍ ഇന്‍ഡ്യ ഐ എം എഫ് ഉമായി ബന്ധപ്പെട്ട് കടമെടുക്കാന്‍ ശ്രമിച്ചിരുന്നു.അന്ന് ശ്രീ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്നു ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രി ശ്രീ മന്‍‌മോഹന്‍ സിംഹ്.അന്ന് കടം നല്‍കുന്നതിനായി ഐ എം എഫ് മുന്നോട്ട് വച്ച സാമ്പത്തീകപരിഷ്കരണനടപടികളുടെ രൂപത്തിലായിരുന്നു ഉദാരവല്‍ക്കരണം ഇവിടെ ആരംഭിക്കുന്നത്.അന്ന് അറച്ചറച്ച് തുടങ്ങിവച്ച പരിഷ്കാരങ്ങള്‍ ഇന്ന് സംഹാര രൂപം പൂണ്ട് നമ്മെ വിഴുങ്ങാനായി വായും പിളര്‍ന്ന് നില്‍ക്കുന്നതാണ് കാണുന്നത്.ഉദാര  നവലിബറല്‍ പരിഷ്കാരങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇന്‍ഡ്യ കുറേയേറെ സുരക്ഷിതമായ ഒരവസ്ഥയിലായിരുന്നു.സാമ്പത്തീകമേഖലയെ മൊത്തം ചലിപ്പിക്കുന്ന ബാങ്കിങ്ങ്,ഇന്‍ഷ്വറന്‍സ് മേഖലകള്‍ പൊതുമേഖലയിലായിരുന്നത് , അടിസ്ഥാനപരമായ വ്യവസായങ്ങള്‍ മുഴുവനും പൊതുമേഖലയിലോ പൊതുമേഖലക്ക് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുമായിരുന്നതോ ഒക്കെ നമ്മെ ഈ അവസാനം വന്ന പ്രതിസന്ധികളില്‍ നിന്നുമൊരു പരിധി വരെ നമ്മെ സംരക്ഷിച്ചു.
                        എന്നാല്‍ രണ്ടാം യു പി എ ഗവണ്മെന്റ് വളരെ തിടുക്കത്തില്‍ത്തന്നെ പൊതുമേഖലകളില്‍നിന്നും പിന്‍‌വാങ്ങാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്.ഉദാഹരണങ്ങള്‍ വേണ്ടല്ലോ.ഇതിന്റെ പരിണിതഫലമാണ് അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധന. ഇനി അടുത്തതായി ചില്ലറവില്പന രംഗത്തേക്കും വിദേശകുത്തകകളെ ആനയിക്കാനാണവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഇന്ധനവിലയുടെ കാര്യം മാത്രം നോക്കിയാല്‍ മതി ചില്ലറവില്പനമേഖല ഗവണ്മെന്റ് കൈവിട്ടാലുള്ള അവസ്ഥയെക്കുറിച്ചറിയാന്‍.ഇങ്ങനെ ഓരോ മേഖലയില്‍ നിന്നും ‌ - ആരോഗ്യം,വിദ്യാഭ്യാസമടക്കം - സര്‍ക്കാര്‍ കൈവിട്ടാലുള്ള സാധാരണക്കാരന്റെ അവസ്ഥ ആലോചിക്കാതിരിക്കുന്നതായിരിക്കും നല്ലത്.(കേരളത്തിലിന്നീ രണ്ടു രംഗങ്ങളും  മിക്കവാറും സ്വകാര്യമേഖലയുടെ കയ്യിലാണ്.അതുകൊണ്ടുതന്നെ ഈ രണ്ടു രംഗത്തും സാധാരണക്കാരനനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ആരേയും പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.)
                       മുതലാളിത്വം എന്നും പ്രതിസന്ധികളില്‍നിന്നും കരകയറുന്നത് അത് കൂടുതല്‍ കൂടുതല്‍ ആക്രമണകാരികളായിട്ടാണ്.അവരുടെ തന്നെ ഒരു വിഭാഗവും പിന്നെ സാധാരണക്കാരായ ജനങ്ങളുമാണതിനിരയാകുന്നത്.നോക്കൂ, നമ്മൂടെ ഭാരതത്തില്‍‌പോലും സാമാന്യജനം കൂടുതല്‍ കൂടുതല്‍ പാപ്പരാവുന്നത് കാണുന്നില്ലേ?.
                        ഇതിനെതിരേ പോരാട്ട നിര ഉയര്‍ന്നുവരേണ്ടതും നമ്മുടെ കേരളത്തില്‍നിന്നു തന്നെയാണ്.കാരണം ഒരു ഉപഭോക്തൃസംസ്ഥാനം,സാക്ഷരതാശതമാനം കൂടിയ സംസ്ഥാനം എന്നൊക്കെയുള്ള നിലയില്‍ അതിനുള്ള അവകാശവും നമുക്കുതന്നെയാണ്.പതിയെ പതിയേ ഒരു സമരനിര - ജാതിമതശക്തികള്‍ക്കതീതമായി, ഭിന്നരാഷ്ട്രീയങ്ങള്‍ക്കതീതമായി ഉയര്‍ന്നുവരുന്നുണ്ട് എന്നത് ആശാജനകമാണ്.

1 comment :

  1. ഇങ്ങനെ ഓരോ മേഖലയില്‍ നിന്നും ‌ - ആരോഗ്യം,വിദ്യാഭ്യാസമടക്കം - സര്‍ക്കാര്‍ കൈവിട്ടാലുള്ള സാധാരണക്കാരന്റെ അവസ്ഥ ആലോചിക്കാതിരിക്കുന്നതായിരിക്കും നല്ലത്.(കേരളത്തിലിന്നീ രണ്ടു രംഗങ്ങളും മിക്കവാറും സ്വകാര്യമേഖലയുടെ കയ്യിലാണ്.അതുകൊണ്ടുതന്നെ ഈ രണ്ടു രംഗത്തും സാധാരണക്കാരനനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ആരേയും പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.)
    മുതലാളിത്വം എന്നും പ്രതിസന്ധികളില്‍നിന്നും കരകയറുന്നത് അത് കൂടുതല്‍ കൂടുതല്‍ ആക്രമണകാരികളായിട്ടാണ്.അവരുടെ തന്നെ ഒരു വിഭാഗവും പിന്നെ സാധാരണക്കാരായ ജനങ്ങളുമാണതിനിരയാകുന്നത്.നോക്കൂ, നമ്മൂടെ ഭാരതത്തില്‍‌പോലും സാമാന്യജനം കൂടുതല്‍ കൂടുതല്‍ പാപ്പരാവുന്നത് കാണുന്നില്ലേ?.

    ReplyDelete