02/10/2011 ഞായറാഴ്ച കേരളകൌമുദി പത്രത്തിന്റെ എഡിറ്റ് പേജില്‍ ഡോ ആര്‍.ഗോപിമണി എഴുതിയ ലേഖനം കാലികമായതുകൊണ്ട് ഈ ബ്ലോഗില്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നു.
സെപ്തംബര്‍ 21 ലെ ഹിന്ദു ദിനപ്പത്രത്തില്‍ പി.സായ്‌നാഥ് കേന്ദ്രമന്ത്രിസഭയിലെ ചില മന്ത്രിമാരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുള്ളത് വായിച്ചാല്‍ അന്നാ ഹസാരെയുടെ പുറകില്‍ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് അണിനിരന്ന ലക്ഷക്കണക്കിന് വരുന്ന പ്രക്ഷോഭകരുടെ ആവേശം എവിടെനിന്നു പകര്‍ന്നുകിട്ടിയതാണെന്ന് ബോധ്യപ്പെടും.ഐ.ടി.മേഖലയിലെ യുവാക്കള്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ ഏതാണ്ട് മുഴുവന്‍ മധ്യവര്‍ഗജനതയും അന്നാ ഹസാരേയുടെ സത്യാഗ്രഹ സ്ഥലത്തേക്ക് പ്രവഹിച്ചത് ഭരണവര്‍ഗത്തിന്റെ അഴിമതി കണ്ട് മടുത്തിട്ടുള്ളതാണെന്നതിന്റെ നേര്‍തെളിവാണ്.
200 - ലെ തിരഞ്ഞെടുപ്പുസമയത്ത് സ്വയം പ്രഖ്യാപിച്ച സ്വത്തുവിവരവും പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റിലൂടെ പ്രഖ്യാപിച്ച സ്വത്തുവിവരങ്ങളും തമ്മിലുള്ള താരതമ്യപഠനത്തിലൂടെ കേന്ദ്രമന്ത്രിസഭയിലെ കോടിപതികളായ മന്ത്രിമാരില്‍ ചിലര്‍ കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയില്‍ തങ്ങളുടെ സ്വത്ത് നാലു മുതല്‍ പതിനൊന്ന് ഇരട്ടി വരെയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.!
കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും സമ്പന്നനായ മന്ത്രിയാണ് പ്രഫൂല്‍ പട്ടേല്‍.2009 - ലെ തിരഞ്ഞെടുപ്പു ഡിക്ലറേഷന്‍ പ്രകാരം അദ്ദേഹത്തിനുണ്ടായിരുന്നത് 79 കോടി രൂപയുടെ ആസ്തിയായിരുന്നു.ഇപ്പോള്‍ അത് 122 കോടിയായി.സ്വന്തം സ്വത്ത് ആരും പൊലിപ്പിച്ച് കാണിക്കുമെന്ന് കരുതാന്‍ നിര്‍വാഹമില്ല.സ്വത്തിന്റെ മതിപ്പ് മൂല്യം കുറച്ചുകാണിക്കാനേ മുതിരൂ.28 മാസത്തെ ശമ്പളത്തില്‍നിന്നും മിച്ചം പിടിച്ച് അദ്ദേഹം 43 കോടി സമാഹരിച്ചുകാണാന്‍ ഒരു സാദ്ധ്യതയും കാണുന്നില്ല.തീര്‍ച്ചയായും തന്റെ ബിസിനസ്സുകളില്‍നിന്നുംലഭിച്ച ലാഭം തന്നെയാവണം ദിവസം അഞ്ച് ലക്ഷം രൂപ അറ്റാദായം ഈ മന്ത്രിയുടെ മൂലധനത്തില്‍ നിന്നുണ്ടായത്.
കുറഞ്ഞ കാലം കൊണ്ട് സ്വത്ത് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പ്രഫൂല്‍ പട്ടേലിനെ നിഷ്പ്രഭനാക്കിയ മറ്റൊരു കേന്ദ്രമന്ത്രിയാണ് ഡി.എം.കേ യിലെ ഡോ.എസ്.ജഗത്രാക്ഷകന്‍. കഴിഞ്ഞ 28 മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ സ്വത്ത് 5.9 കോടിയില്‍ നിന്നും 70 കോടിയായിട്ടാണ് കുതിച്ചുയര്‍ന്നത്.ഏതാണ്ട് പന്ത്രണ്ട് ഇരട്ടി.
തന്റെ സ്വത്ത് ഇരട്ടിയാക്കിയ മറ്റൊരു കേന്ദ്രമന്ത്രിയാണ് മിലിന്‍ഡ് ദിയോറ.17 കോടിയില്‍ നിന്നും 33 കോടിയായിട്ടാണ് അദ്ദേഹം തന്റെ ആസ്തികളുടെ മൂല്യം രണ്ടുകൊല്ലം കൊണ്ട് ഉയര്‍ത്തിയത്.ഇദ്ദേഹം 2004 ല്‍ തിരഞ്ഞെടുപ്പിനു നിന്നപ്പോള്‍ തന്റെ മൂല്യമായി പ്രഖ്യാപിച്ചിരുന്നത് 8.8 കോടി രൂപയായിരുന്നു.
കേന്ദ്ര കാബിനറ്റിലെ ഏറ്റവും സീനിയര്‍ ആയ ശരത് പവാര്‍ സ്വത്ത് വാരിക്കൂട്ടുന്ന കാര്യത്തില്‍ ഇപ്പോള്‍ പഴയ ശുഷ്കാന്തി കാട്ടുന്നില്ലെന്ന് വേണം പറയാന്‍.കാരണം രണ്ടര വര്‍ഷം കൊണ്ട് അദ്ദേഹത്തിന് 4 കോടി രൂപയുടെ വര്‍ദ്ധന മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.ഇപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത് ആകെ പന്ത്രണ്ടരക്കോടി രൂപയുടെ സ്വത്ത് മാത്രമാണ്.
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനെ നിയന്ത്രിക്കുന്ന കേന്ദ്രവകുപ്പിന്റെ പേര് “ഭൌമശാസ്ത്രം” എന്നായത് വിചിത്രമാണ്.അതിന്റെ മന്ത്രിയായിരുന്ന വിലാസ് റാവു ദേശ്‌മുഖ് കഴിഞ്ഞ 28 മാസം കൊണ്ട് അധികമായി സമ്പാദിച്ചത് വെറും 1.73 കോടി രൂപ മാത്രം.
പാര്‍ലമെന്ററി കാര്യങ്ങളുടെ കേന്ദ്രമന്ത്രിയായ രാജീവ് ശുക്ല കഴിഞ്ഞ 28 മാസത്തിനിടയില്‍ തന്റെ സ്വത്തില്‍ 22 കോടിയുടെ വര്‍ദ്ധനയാണ് നേടിയത്.2009 ല്‍ ഏഴു കോടിയുണ്ടായിരുന്ന ആസ്തി ഇപ്പോള്‍ 30 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നു ചുരുക്കം.
കേന്ദ്രമന്ത്രിമാരെ നിഷ്പ്രഭരാക്കുന്ന മുന്നേറ്റം സമ്പത്തിന്റെ കാര്യത്തില്‍ കാണിച്ചിരിക്കുന്നത് അധികാരക്കസേരയില്‍ ഇതുവരെ ഇരുന്നിട്ടില്ലാത്ത ആന്ധ്രാപ്രദേശിലെ മുന്‍കോണ്‍ഗ്രസ്സ് നേതാവ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയത്രെ.2009 ഏപ്രിലില്‍ 72 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സ്വത്ത് 357 കോടിയാണ്.അതായത് കഴിഞ്ഞ 24 മാസങ്ങള്‍ക്കിടയില്‍ ഓരോ ദിവസവും അദ്ദേഹത്തിന്റെ ശരാശരി വരുമാനം 50 ലക്ഷം രൂപയായിരുന്നു.അച്ഛന്റെ ( മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖരറെഡ്ഡി) മരണത്തെതുടര്‍ന്നുണ്ടായ അധികാരത്തര്‍ക്കങ്ങളുടേയും തെലുങ്കാനാ സമരത്തിന്റേയും പാര്‍ട്ടി അച്ചടക്ക നടപടികളുടേയും ബഹളങ്ങള്‍ക്കിടയിലാണ് യുവാവായ ജഗ്‌മോഹന്‍ റെഡ്ഡിയുടെ പ്രകടനമെന്നത് ആ നേട്ടത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.
ആന്ധ്രയിലെ തന്നെ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്റെ ആകെ സ്വത്തായി പ്രഖ്യാപിച്ചിരിക്കുന്നത് വെറും 40 ലക്ഷം മാത്രം.ഒരു കാലത്ത് ഭാവി പ്രധാന മന്ത്രിയായി മാധ്യമങ്ങള്‍ തിരഞ്ഞെടുത്തിരുന്ന ചന്ദ്രബാബു നായിഡുവിന്റെ സ്വത്ത് ഇപ്പോഴത്തെ പ്രധാനമന്ത്രിയേക്കാള്‍ വളരെ കുറവ് ആണെന്ന കാര്യം അദ്ദേഹത്തിനു പ്രതീക്ഷ പകരുന്ന ഒന്നാവാം.
പക്ഷെ തൊട്ടു താഴെ തന്റെ പ്രിയപത്നിയുടെ സ്വത്ത് 40 കോടിയിലധികമാണെന്ന സത്യം കൂടി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിക്ക് ഏറ്റവും കുറവ് ആസ്തിയുള്ള രാഷ്ട്രീയ നേതാവ് എന്ന കീര്‍ത്തിമുദ്രയുടെ തിളക്കം തുലോം കുറഞ്ഞു പോയെന്ന് പറയാതെ വയ്യ.
രാജ്യത്തെ എണ്‍പത് കോടിയിലധികം വരുന്ന ജനങ്ങള്‍ ദാരിദ്ര്യരേഖക്കു താഴെ കിടക്കുമ്പോള്‍ ഭരണചക്രം തിരിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ കേവലം രണ്ടു കൊല്ലത്തെ ഇടവേളയില്‍ത്തന്നെ ആസ്തികള്‍ വര്‍ദ്ധിപ്പിച്ചതായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഈ പ്രതിഭാസത്തെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രതികരണം എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
രാജ്യത്തെ എണ്‍പത് കോടിയിലധികം വരുന്ന ജനങ്ങള്‍ ദാരിദ്ര്യരേഖക്കു താഴെ കിടക്കുമ്പോള്‍ ഭരണചക്രം തിരിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ കേവലം രണ്ടു കൊല്ലത്തെ ഇടവേളയില്‍ത്തന്നെ ആസ്തികള്‍ വര്‍ദ്ധിപ്പിച്ചതായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഈ പ്രതിഭാസത്തെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രതികരണം എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
ReplyDelete