ഞാന്‍ ചെറുതായിരുന്നപ്പോള്‍ എന്റെ അച്ഛന്‍ എന്നെ തല്ലി പഠിപ്പിച്ചിരുന്ന ഒരു സംസ്കൃത ശ്ലോകമുണ്ട്, സംഭവം വളരെ ലളിതവും നിസ്സാരവും ആണ്.പക്ഷെ ഞാനൊരു ചെറിയ കുട്ടിയായിരുന്നതിനാല്‍ പഠിച്ചെടുക്കാന്‍ ഇത്തിരി ബിദ്ധിമുട്ടി എന്നു മാത്രം.
കാക കൃഷ്ണ പിക കൃഷ്ണക്വ ഭേദ പിക കോകയാ:
വസന്തകാലേ സംപ്രാപ്തേ
കാക കാക: പിക പിക:
ഇത്രയേയുള്ളു സംഭവം.പക്ഷെ അന്നെനിക്കതൊരു സംഭവം തന്നെയായിരുന്നു എന്നു മാത്രം.അര്‍ത്ഥം എല്ലാവര്‍ക്കും പിടികിട്ടിയല്ലോ?.അല്ലാത്തവര്‍ക്കായി, ഇത്രയേയുള്ളൂ അര്‍ത്ഥം; കാക്ക കറുത്തതാണ്,കുയിലും കറുത്തതാണ്, പിന്നെയെന്താണ് കാക്കയും കുയിലും തമ്മിലുള്ള വ്യത്യാസം? വസന്തകാലം വന്നണയുമ്പോള്‍ കാക്ക കാക്കയായും കുയില്‍ കുയിലായും മാറും.
ഞാനിത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും ഭരണത്തെക്കുറിച്ച് ആലോചിച്ചപ്പോഴാണ്.ഈ രണ്ടു ഗവണ്മെന്റും തമ്മിലുള്ള വ്യത്യാസമെന്താണ്?എല്‍ ഡി എഫ് ഗവണ്മെന്റ് 5 വര്‍ഷം ഭരിച്ച് ഭരണം ഒഴിഞ്ഞു, യു ഡി എഫ് ഗവണ്മെന്റ് ഭരണം തുടങ്ങിയിട്ടെയുള്ളു. രണ്ടു പേരും വികസനത്തെക്കുറിച്ചും ആകാശമിഠായി തരാമെന്നുമൊക്കെയുള്ള ഒരുപാടു കാര്യങ്ങള്‍ പറയുന്നു.എന്നാല്‍ സത്യത്തില്‍ എന്താണീ ഗവണ്മെന്റുകള്‍ തമ്മിലുള്ള വ്യത്യാസം?ജനങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യം വന്നപ്പോള്‍ രണ്ടു ഗവണ്മെന്റും അതിന്റെ തനി(വര്‍ഗ)സ്വഭാവം കാണിച്ചതു കണ്ടോ?അപ്പോള്‍ - വസന്തകാലം - ഭൂരിപക്ഷം ജനങ്ങളുമായി ഇടപെടുന്ന, ജനങ്ങളെ ബാധിക്കുന്ന കാര്യം വന്നപ്പോള്‍ എല്‍ ഡി എഫ് ഗവണ്മെന്റ് സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങളെ കൈകാര്യം ചെയ്തപ്പോള്‍ യു ഡി എഫോ?
എല്‍ ഡി എഫ് ഗവണ്മെന്റും ബസ് ചാര്‍ജ് കൂട്ടി, കറന്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു,പാല്‍ വില കൂട്ടി, എന്നാല്‍ ഇതു ചെയ്യുമ്പോള്‍ത്തന്നെ സാധാരണക്കാരനെ ഏറ്റവും കുറച്ചു ബാധിക്കുന്ന രീതിയിലിതു നടപ്പാക്കാന്‍ അവര്‍ ശ്രദ്ധിച്ചു.എന്നാല്‍ യു ഡി എഫോ? കഴിഞ്ഞകാലങ്ങളിലൊന്നും സംഭവിക്കാത്ത രീതിയില്‍ ഒരു മിച്ച( 3000 കോടി രൂപ ബാക്കിയുള്ള) ഖജനാവുമായിട്ടാണ് എല്‍ ഡി എഫ് യു ഡി എഫിന് അരങ്ങൊഴിഞ്ഞുകൊടുത്തത്.എന്നാല്‍ ആ മിച്ചത്തെ മിച്ചമല്ലാതാക്കാന്‍ പുതിയ ധനമന്ത്രി ശ്രീ കെ.എം.മാണി കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല.എന്നിട്ടും ഒരു രണ്ടു ദിവസം ബസുകാരെക്കൊണ്ട് സമരം ചെയ്യിച്ച് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു.വര്‍ദ്ധിപ്പിച്ചു യു ഡി എഫ് എന്നുമാത്രമല്ല, ബസ്സുകാര്‍ 10 രൂപ കൂട്ടിച്ചോദിച്ചപ്പോള്‍ 15 രൂപ കൂട്ടിക്കൊടുത്ത് റിക്കാര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു.ബസ്സുകാരാവശ്യപ്പെട്ടതിനേക്കാള്‍ കൂട്ടിക്കുടുക്കാന്‍ തയ്യാറായി ഈ സര്‍ക്കാര്‍.അവസാനം നാട്ടുകാര്‍ സമരം ചെയ്തെങ്കിലും 6 രൂപയുടെ സ്ഥാനത്ത് 8 രൂപ വാങ്ങിയിരുന്നത് 7 രൂപയാക്കിക്കുറക്കുകയല്ലാതെ ന്യായമായ നിരക്കിലേക്കിപ്പോഴും വന്നില്ല സര്‍ക്കാര്‍.കാക്ക കാക്കയാകുന്നതും കുയില്‍ കുയിലാകുന്നതും കണ്ടുവോ?
അതിനു മുന്‍പാണ് മറ്റൊരഭ്യാസമവര്‍ കാണിച്ചത്.മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍ തന്നെ പ്രശ്നം.മാനേജ്മെന്റ് സ്വന്തം നിലയില്‍ അഡ്‌മിഷന്‍ തുടങ്ങി, ഗവണ്മെന്റ് ഉറക്കത്തില്‍, അഡ്‌മിഷന്‍ നടത്തിത്തീര്‍ന്നു, ഗവണ്മെന്റ് ഉറക്കത്തില്‍.പണ്ടൊക്കെ നമ്മളോര്‍ക്കുന്നുണ്ട് അഡ്മിഷന്റെ സമയമായാല്‍, ശ്രീ എം.എ.ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലം, പിന്നെ മാരത്തോണ്‍ ചര്‍ച്ചകളാണ് മാനേജ്മെന്റുകളുമായി.അവസാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ചുകൂട്ടി വച്ച് കാര്യങ്ങള്‍ തീരുമാനിക്കപ്പെടും.അതിനിടയില്‍ കോടതിയും നാട്ടുകാരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മാധ്യമങ്ങളും മന്ത്രിയേയും എല്‍ ഡി എഫിനേയും പറയാവുന്ന തെറി വേറേയും.അങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനം വിധിയെഴുതിയത്.ആ ജനത്തിനു തന്നെ വേണ്ടുവോളം കൊടുത്തു കാക്ക എന്ന യു ഡി എഫ്.
അടുത്തത് ജഡ്ജിമാരെ തെറി വിളിച്ച കേസാണ്.ഇടതുപക്ഷത്തിനെതിരായി സ്വാശ്രയപ്രശ്നത്തില്‍ വിധിയെഴുതി ഒരു ജഡ്ജി.എന്നിട്ട് നേരെയദ്ദേഹം പോയത് സ്വാശ്രയക്കാരൊരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ്.ഇതൊരു മഹാ പോക്ക്ക്കണംകേടായി തോന്നി നമ്മുടെ എസ് എഫ് ഐ കുട്ടികള്‍ക്ക്. അവര്‍ എന്തോ സമരമോ ഒക്കെ ചെയ്തു അതോടൊപ്പം ജഡ്ജിക്കെതിരെ ചില പ്രഖ്യാപനങ്ങളും വന്നു മാധ്യമങ്ങളില്‍.ഹോ! എന്തൊരു നാണക്കേടായിപ്പോയി നമ്മുടെ കോണ്‍ഗ്രസ്സ് കാര്‍ക്ക്.സാസ്കാരീകകേരളം മുഴുവന്‍ അപമാനിക്കപ്പെട്ടു എന്നാണ് അന്നത്തെ ഏറ്റവും മിതമായ പ്രസ്താവന.എന്നിട്ടോ, പുതിയ,കോടതിയെ ബഹുമാനിക്കുന്ന യു ഡി എഫ് മന്ത്രിസഭ വന്നു.മന്ത്രിസഭയുടെ മുന്‍പനായ മുഖ്യമന്ത്രിയുടെ പേരിലുണ്ടായിരുന്ന കേസ് പുരന്വേഷിക്കേണ്ട കാര്യമില്ലെന്ന് വിജിലസ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തെങ്കിലും ആ കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ജഡ്ജി ഉത്തരവിട്ടു.എന്നാല്‍ കോടതിയെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന യു ഡി എഫിന്റെ ചീഫ് വിപ്പ് ജഡ്ജിയെ പുകഴ്ത്തി നാലു ഡയലോഗ്ഗ് കാച്ചി, ദൃശ്യമാധ്യമങ്ങളിലൂടെ.നിങ്ങളും കണ്ടിട്ടുണ്ടാകും ടിവിയില്‍. അതുകേട്ടയുടനെ ആ പാവം ജഡ്ജി ഈ കേസ് കേള്‍ക്കുന്നതില്‍നിന്നും പിന്മാറി. നോക്കൂ വീണ്ടും ആ കാക്ക.
എല്‍ ഡി ഏഫ് ഭരിച്ചിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷവും കറന്റ് കട്ട് പവര്‍ കട്ട് എന്നൊക്കെയുള്ള വാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള പുസ്തകത്തില്‍ മാത്രമാണുണ്ടായിരുന്നത്.എല്‍ ഡി എഫ് പോയപ്പോള്‍ കേരളത്തിലെ എല്ലാ ഡാമുകളിലും 90% ലേറെ വെള്ളമാണ് കറന്റുല്‍പ്പാദിപ്പിക്കാനുണ്ടായിരുന്നത്.എന്നിട്ടും വെളിയില്‍ നിന്നുംകിട്ടുന്ന കറന്റിന്റെ അളവ് കുറഞ്ഞെന്നും പറഞ്ഞ് കേരളമാകെ പവര്‍ കട്ട് ഏര്‍പ്പെടുത്തുമ്പോള്‍ ആ കാക്ക വീണ്ടും ചിറകടിച്ച് പറക്കുന്നത് നാം കാണുന്നില്ലേ?
എല്‍ ഡി എഫ് അധികാരത്തില്‍ വന്ന ആദ്യനാളുകളീല്‍ അഴിഞ്ഞാട്ടം തുടര്‍ന്നിരുന്ന ഗുണ്ടാ സംഘങ്ങളെ അടിച്ചമര്‍ത്തുന്നതിലും അവരെ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലൈലടക്കുന്നതിലും ആ ഗവണ്മെന്റ് വിജയിച്ചിരുന്നു.ഗവണ്മെന്റ് അതിന്റെ മധ്യായുസ്സ് ആയപ്പോഴേക്കും ഗുണ്ടാവിളയാട്ടങ്ങള്‍ അവസാനിച്ചിരുന്നു.എന്നാല്‍ യു ഡി എഫ് അധികാരത്തിലെത്തി ആദ്യനാളുകളില്‍ത്തന്നെ അവര്‍ രംഗത്തിറങ്ങി വിലസാന്‍ തുടങ്ങിയ കാഴ്ച്ചയാണ് നാം കാണുന്നത്.ഇതിന്റെ തുടര്‍ച്ചയാണ് ജയിലില്‍ കിടക്കുന്ന മുന്‍മന്ത്രിമാര്‍ അവിടെ വിശാലമായി സൌകര്യങ്ങളുപയോഗിക്കുകയും ഫോണുപയോഗിച്ച് ഉദ്യോഗസ്ഥന്മാരെ വിളിച്ച് വിരട്ടുകയും മുഖ്യമന്ത്രിയടക്കമുള്ളവരുമായി കാര്യങ്ങള്‍ കൂടിയാലോചിക്കുകയും ചെയ്തു എന്നുള്ളത്.നീതിന്യായവ്യവസ്ഥയോട് കൂറുള്ള ഒരു ഗവണ്മെന്റിനും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കഴിയുകയില്ല എന്നതാണ് വാസ്തവം.കാക്കകള്‍ കൂട്ടത്തോടെ പറക്കുന്നത് കണ്ടോ?ഇതിന്റെ ഭാഗമായിരുന്നു പിള്ളയുടെ സ്കൂളിലെ അദ്ധ്യാപകനുണ്ടായ അനുഭവം.കൂടുതല്‍ കടക്കുന്നില്ല.അന്നേദിവസം ജയിലില്‍ കിടക്കുന്ന( ആശുപത്രിയില്‍ കഴിയുന്ന) പിള്ളയുടെ ഫോണില്‍നിന്നും 49 കോളുകളാണത്രെ പുറത്തേക്ക് പോയിരിക്കുന്നത് എന്ന ഒരൊറ്റ കാര്യം മാത്രം മതി പിള്ളക്ക് ഈ കാര്യത്തിലെ പങ്ക് തെളിയാന്‍.
പിന്നെയുള്ളത് കുഞ്ഞാലിക്കുട്ടിയാണ്.ഐസ്ക്രീം പ്രശ്നം മറ്റൊരു വന്‍കാക്കയായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്.അതോടൊപ്പം പാറി നടക്കുന്ന ചെറുകാക്കകളാണ് കോഴിക്കോട് യൂണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ പ്രശ്നം,തുടങ്ങിയവ.
ഇങ്ങനെ ഓരോ വിഷയങ്ങളെടുത്തു നോക്കിയാല്‍ കാക്കകളുടെ എണ്ണം നിരവധിയാണ്.എല്ലാം കൂടി എഴുതി സമയം കളയുന്നില്ല എന്നു മാത്രം.ഒരുകാര്യം മാത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ ചെറുകുറിപ്പവസാനിപ്പിക്കുകയാണ്.
ഇതൊക്കെ മുന്‍കൂട്ടിക്കണ്ടിട്ടായിരിക്കണം വിവരമുള്ളവര്‍ ഇതെഴുതി വച്ചതും വിവരമുള്ള അച്ഛന്മാര്‍ അത് മക്കളെ പഠിപ്പിച്ച് വിവരമുള്ളവരാക്കിയതും,
കാക കൃഷ്ണ പിക കൃഷ്ണക്വ ഭേദ പിക കോകയ:
വസന്തകാലേ സംപ്രാപ്തേ
കാക കാക: പിക പിക: