പൊന്നിന്‍‌കട്ട തുരുമ്പെടുക്കുമ്പോള്‍

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അമേരിക്ക മറ്റൊരു തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ പഴയ മുദ്രാവാക്യം പ്രസിഡണ്ട് ഒബാമയെ തിരിഞ്ഞുകൊത്തുകയാണ്.വിരലിലെണ്ണാവുന്ന യുവാക്കള്‍ ന്യൂയോര്‍ക്കിലെ വാള്‍‌സ്ട്രീറ്റില്‍ ആരംഭിച്ച പ്രക്ഷോഭം നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ ജനകീയ്യമുന്നേറ്റമായി മറ്റ് അമേരിക്കന്‍ നഗരങ്ങളിലേക്കും പടരുന്നു.നഗരങ്ങളുടെ ഹൃദയഭാഗത്ത്, അമേരിക്കന്‍ വരേണ്യവിഭാഗത്തിന്റെ ആര്‍ത്തിയുടെ പ്രതീകമായ ധനസ്ഥാപനങ്ങളുടെ കാര്യാലയങ്ങള്‍ക്ക് സമീപം താല്‍ക്കാലിക തമ്പുക ള്‍കെട്ടി അവിടെത്തന്നെ ഉണ്ടുറങ്ങുകയാണ് ജനസഹസ്രങ്ങള്‍.”മാറ്റം സംഭവിക്കുന്നതുവരെ ഞങ്ങള്‍ ഇവിടെ തുടരും” എന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്.മാറ്റം; അതായിരുന്നല്ലോ നാലു വര്‍ഷം മുന്‍പ് ഒബാമ അമേരിക്കന്‍ ജനതക്കു നല്‍കിയ വാഗ്ദാനം.
                      സെപ്തെമ്പര്‍ 17 ന് ഒരു സംഘം ആളുകള്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിനു സമീപം ടെന്റുകള്‍ കെട്ടി കുത്തിയിരുന്നു പ്രതിഷേധിക്കാന്‍ എത്തിയപ്പോള്‍ ഒബാമ സര്‍ക്കാര്‍ കരുതിയില്ല അതു രാജ്യമാകെ പടരാന്‍ പോകുന്ന തീപ്പൊരിയാണെന്ന്.സ്റ്റോക് എക്സ്ചേഞ്ചിനടുത്ത് പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചപ്പോള്‍ പ്രക്ഷോഭകര്‍ തൊട്ടടുത്തുള്ള സുക്കോട്ടി പാര്‍ക്കിലേക്ക് നീങ്ങി.സ്വകാര്യ ഉടമസ്ഥതയിലുള്ള പാര്‍ക്കായിരുന്നു പിന്നെ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം.
                      ജനങ്ങളില്‍ ഭൂരിപക്ഷത്തേയും ദുരിതത്തിലാഴ്ത്തുകയും ഒരു ശതമാനം വരുന്ന അതിസമ്പന്നരെ മാത്രം സംരക്ഷിക്കുകയും ചെയ്യുന്ന വന്‍‌കിട ധനസ്ഥാപനങ്ങള്‍ക്കും അവയുടെ അതിക്രമത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാറിനുമെതിരായ ജനരോഷത്തില്‍ അമേരിക്ക തിളച്ചുമറിയുകയാണിപ്പോള്‍.ധനസ്ഥാപനങ്ങളുടേയും അമേരിക്കന്‍ ഓഹരി വിപണിയുടേയും കേന്ദ്രമായ വാള്‍സ്ട്രീറ്റിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മടിക്കുമ്പോള്‍ “വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍” എന്ന മുദ്രാവാക്യവുമായാണ് പ്രക്ഷോഭകര്‍ സമരകേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്.ചെ ഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത പതാകകളുമായും പ്രക്ഷോഭകര്‍ എത്തി.ഭക്ഷണവും ഔഷധങ്ങളും സംഗീതവും കലയും എല്ലാം അവിടെയുണ്ട്. പ്രക്ഷോഭകര്‍ തന്നെ ഭക്ഷണശാലകളും ചെറുവായനശാലകളും താല്‍കാലീക ആശുപത്രികളും സജ്ജീകരിച്ചിട്ടുണ്ട്.അമേരിക്കയെ പിടിച്ചുലയ്ക്കുന്ന പോരാട്ടത്തിന്റെ ജിഹ്വയായി സ്വന്തമായി പത്രവും പ്രക്ഷോഭകര്‍ പുറത്തിറക്കുന്നു.സാക്ഷാല്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ വാള്‍‌സ്ട്രീറ്റ് ജേര്‍ണലിന്റെ പേര് ഓര്‍മ്മിപ്പിക്കുന്ന “ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍”.
                     അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ പ്രക്ഷോഭത്തെ തീര്‍ത്തും അവഗണിച്ചപ്പോഴാണ് അവര്‍ സ്വന്തം പത്രം തുടങ്ങിയത്.സുതാര്യതയുടേയും വസ്തു‌നിഷ്ഠമായ വാര്‍ത്താ പ്രചാരണത്തിന്റേയും നാട്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന അമേരികന്‍ മാധ്യമങ്ങള്‍ ലോകത്തിന്റെ വിദൂരകോണുകളില്‍ പോലും വാര്‍ത്തകള്‍ സൃഷ്ടിച്ച് വിളമ്പുന്നവരാണ്.അധിനിവേശങ്ങള്‍ക്കും അട്ടിമറികള്‍ക്കും കലാപണ്‍ഗള്‍ക്കും എല്ലാം തറയൊരുക്കാന്‍ അമേരിക്കക്കു കുത്തകനിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ ‘സേവനം’ ലഭ്യമാണ്. എന്നാല്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം തുടങ്ങിയ ശേഷം ആദ്യ ഒമ്പതുദിവസം നാഷണല്‍ പബ്ലിക് റേഡിയോ ഇതിനെകുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്നതില്‍നിന്ന് അറിയാം ജനങ്ങളുടെ ശബ്ദമുയരുന്നതിനെ അവ എത്രമാത്രം ഭയക്കുന്നുവെന്ന്.
               എന്നാല്‍ ഈ തമസ്കരണം അതിജീവിച്ച് പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും പടര്‍ന്നതോടെയാണ് പ്രമുഖമാധ്യമങ്ങള്‍ അവ വാര്‍ത്തയാക്കാന്‍ തയ്യാറായത്.അപ്പോഴും സമരം നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങളിലാണ് അവയ്ക്കു താല്പര്യം.എന്നിട്ടും തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡിസിയിലേക്കും ലോസ് ആഞ്ചലസ്, സിയ്യറ്റില്‍, മയാമി, ഷിക്കാഗോ,ബോസ്റ്റണ്‍ തുടങ്ങി നിരവധി നഗരത്തിലേക്കും പ്രക്ഷോഭം പടര്‍ന്നു.ജീവിതം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ തൊഴില്‍ രഹിതരായ യുവാക്കളാണ്.വിദ്യാഭ്യാസ വായ്പകളുടെ കനത്ത ഭാരം താങ്ങാനാകാത്ത വിദ്യാര്‍ത്ഥികളും ഭവനവായ്പകളിലേക്ക് വന്‍‌തുക അടച്ചിട്ടും കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനാകാത്ത തൊഴിലാളികളും വിവേചനം നേരിടുന്ന ആഫ്രിക്കന്‍ വംശജരുമെല്ലാം സജീവമായി രംഗത്തിറങ്ങിയതോടെ പ്രക്ഷോഭം ജനമുന്നേറ്റമാകുകയാണ്.
                     കോര്‍പറേറ്റുകളുടെ ആര്‍ത്തിയേയും സാമൂഹ്യാസമത്വങ്ങളേയും അമേരിക്കയിലെ സാധാരണക്കാരന് ജീവിതം അസാധ്യമാക്കുന്ന മറ്റ് അനീതികളേയും മാത്രമല്ല പ്രക്ഷോഭകര്‍ എതിര്‍ക്കുന്നത്.കാലാവസ്ഥാവ്യതിയാനത്തിലുള്ള ഉല്‍ക്കണ്ഠയും ശക്തമായ യുദ്ധവിരുദ്ധ വികാരവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.അഫ്‌ഗാനിസ്ഥാനില്‍ അമേരിക്ക കടന്നാക്രമണം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച്ച ഷിക്കാ‍ഗോയിലും മറ്റും നടന്ന പ്രകടനം ഇതിന് ഉദാഹരണമാണ്.വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഷിക്കാഗോ പിടിച്ചെടുക്കല്‍ സമരം നടത്തുന്നവരാണവിടെ യുദ്ധവിരുദ്ധപ്രകടനം നടത്തിയത്.ഷിക്കാഗോയിലെ പ്രക്ഷോഭം  ശനിയാഴ്ച്ച 16 ദിവസം പിന്നിട്ടു.
                     വാഷിംഗ്‌ടണ്‍ ഡിസിയില്‍ വ്യാഴാഴ്ച യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിനു മുന്നില്‍ പ്രകടനം നടത്തിയവര്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നത് “തൊഴിലുകള്‍’ എന്നാണ്.ബാങ്ക് ഓഫ് അമേരിക്ക, ചെസ് വെത്സ് ഫര്‍ഗോ തുടങ്ങിയ വാള്‍സ്ട്രീറ്റ് ബാങ്കുകള്‍ക്കു മുന്നിലും ദിവസെന പ്രകടനം നടത്തുകയാണ്.അറബ് വസന്തം അനുസ്മരിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ സന്ദേശം ഒബാമക്കു വ്യക്തമായിട്ടുണ്ടെന്നാണ് സൂചന.സമരം 20 ദിവസത്തോളമായപ്പോള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒബാമ ഇതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചത്.അമേരിക്കന്‍ ജനതയുറ്റെ നിരാശയുടെ പ്രതിഫലനമാണ് ഈ പ്രക്ഷോഭമെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.ജനങ്ങളുടെ രോഷം ശമിപ്പിക്കാന്‍ ഒബാമ എന്തു ചെയ്യുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
 (എ.ശ്യാം ഇന്നത്തെ(09/10/2011) ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ കുറിപ്പ്.തലക്കെട്ടിനു മാറ്റം വരുത്തിയിട്ടുണ്ട്.)