ദൈവത്തിന്റെ സ്വന്തം നാട്,സാത്താന്റെ സ്വന്തം മക്കള്‍.

**Mohanan Sreedharan | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ ഒരിക്കല്‍ക്കൂടി ചുരുള്‍ നിവര്‍ത്തുകയാണ്.നിങ്ങള്‍ പത്രങ്ങളില്‍ വായിച്ചതും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതുമായ കാര്യങ്ങള്‍ തന്നെയാണിത്. ഇതൊന്നും നിങ്ങളുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും മാഞ്ഞുപോകാനുള്ള നേരം ആയിട്ടുമില്ലെന്നും എനിക്കറിയാം.എങ്കിലും ഞാനിതൊന്ന് സൂചിപ്പിച്ചുപോകുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത് ഏതു ദൈവത്തിന്റേതാണെന്നെനിക്കറിയാന്‍ മേലാത്തതിനാല്‍ നിങ്ങള്‍ സഹായിക്കും എന്ന് തോന്നിയതിനാലാണ്.
                     സം:(1) സ്കൂള്‍ വിട്ടുവന്ന അധ്യാപകന്‍ ആ സ്കൂളിലെ പ്രധാനാധ്യാപിക കൂടിയായ തന്റെ ഭാര്യയോട് ഒരു കൂട്ടുകാരനെ കണ്ടിട്ടുവരാമെന്ന് പറഞ്ഞ് പുറത്തു പോകുന്നു.രാത്രി പത്തുമണിയോടടുപ്പിച്ച് ആ അധ്യാപകന്‍ ദാ ഇവിടെ ബസ്സ് കാത്തു നില്‍ക്കുകയാണ്, പത്തുമിനിട്ടിനകം വീട്ടിലെത്തും എന്ന് ഭാര്യയെ ഫോണ്‍ ചെയ്ത് അറിയിക്കുന്നു.പിന്നെ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഭാര്യക്ക് വരുന്നത് പോലീസിന്റെ ഫോണ്‍ ആണ്.ഭര്‍ത്താവ് ക്രൂരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ ആശുപത്രിയിലാണുള്ളത് എന്ന്.മലദ്വാരത്തിലൂടെ മൂര്‍ച്ചയുള്ള ഒരായുധം കുത്തിക്കയറ്റി തിരിച്ചതുപോലെ മലദ്വാരത്തിനു പരിക്ക്.ജനനേന്ദ്രിയത്തിനും ഭീകരമായ പരിക്ക്.തങ്ങള്‍ ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ അധ്യാപകരാണെന്നും സ്കൂളിലെ പ്രധാനാധ്യാപകനിയമനവുമായി ബന്ധപ്പെട്ട് പിള്ളയും ഇവരുമായി ഒരു കേസ് നിലനിന്നിരുന്നെന്നും കേസില്‍ പിള്ള തോറ്റുവെന്നതല്ലാതെ തങ്ങള്‍ക്ക് ശത്രുക്കളായി മറ്റാരുമില്ലെന്നും അധ്യാപകനും ഭാര്യയും. ഇതേ സമയം മാര്‍ക്സിസ്റ്റ്പാര്‍ട്ടിക്കാര്‍ പറഞ്ഞു, ഇത് ബാലകൃഷ്ണപിള്ള ചെയ്യിച്ചതുതന്നെയെന്ന്.അതിനവര്‍ കുറച്ചു ന്യായവും നിരത്തി.
                                  അതിനെ എതിര്‍ക്കാന്‍ പറ്റാതായപ്പോള്‍  പോലീസ് ആദ്യം പറഞ്ഞു അധ്യാപകന് പരസ്ത്രീ ബന്ധമുണ്ടെന്ന്‍.എന്നാല്‍  പറ്റിയ ഒരു സ്ത്രീയെ സംഘടിപ്പിക്കാന്‍ പറ്റാതായപ്പോള്‍ പറഞ്ഞു വാഹനാപകടമാണെന്ന്.എന്നിട്ടോ ഒരു വാഹനവും ആ വഴി ആ സമയത്ത് ചെന്നതായി കണ്ടുപിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.അങ്ങനെ പോലീസ് ഓരോരോ മുടന്തന്‍ ന്യായം പറയാന്‍ ശ്രമിക്കുകയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അത് തുറന്നു കാണിക്കുകയും ചെയ്യുന്നു എന്ന ഒരു കുറുക്കന്‍ കളിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
                 സം:(2) തൃശ്ശൂരു നിന്നും ചടയമംഗലത്തേക്ക് പോകുന്ന കെ എസ് ആര്‍ ടി സി യുടെ ബസ്സ്.ബസ്സ് ഓടുന്നതിനിടയില്‍ ഒരു യാത്രക്കാരന്‍ തന്റെ അടുത്തിരിക്കുന്നയാള്‍ തന്റെ പോക്കറ്റടിച്ചെന്ന് അലമുറയിടുന്നു.ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് വിടാമെന്നായി ബസ് കണ്ടക്ടര്‍.കരച്ചില്‍കാരനും മറ്റൊരാളും സ്ട്രോങ്ങായി പറയുന്നു,അതിന്റെ ആവശ്യമില്ല, തങ്ങള്‍ ഈ കളവ് തെളിയിച്ചോളാം എന്ന്.എന്നിട്ട് കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ പോക്കറ്റടിക്കപ്പെട്ടവനും മറ്റൊരാളും കൂടി മര്‍ദ്ദിക്കാന്‍ തുടങ്ങി. ബസ്സ് പെരുംബാവൂര്‍ സ്റ്റാന്റിലെത്തി.രണ്ടുപേരും കൂടി ആ കള്ളനെ വലിച്ച് ചാടിച്ച് പരസ്യമായി മര്‍ദ്ദിക്കാന്‍ തുടങ്ങി.തടയാനായി ആളോടിയെത്തുമ്പോഴേക്കും ആ പാവം തല്ലുകൊണ്ട് ചത്തിരുന്നു.തല്ലിയവരിലൊരാള്‍ പറയുന്നു താന്‍ കോണ്‍ഗ്രസ്സ് എം പി കെ.സുധാകരന്റെ ഗണ്‍‌മാനാണെന്ന്.എന്നിട്ട് അയാള്‍ തടിച്ചുകൂടിയ നാട്ടുകാരേ പേടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു.അവസാനം സുധാകരന്‍ എം.പി ഒരു പ്രസ്താവനയും.തന്റെ ഗണ്‍‌മാന്‍ അങ്ങനെയൊന്നും ചെയ്യില്ല, അയാള്‍ തല്ലിയവരെ പിടിച്ചുമാറ്റുകയാണ് ചെയ്തത് എന്ന്. വിദ്യാവിഹീനരും യാതൊരു സംസ്കാരവും തൊട്ടുതീണ്ടാത്തവരും നിറഞ്ഞ ബീഹാറും ഒറീസ്സയുമൊക്കെ ഇതിലുമെത്രയോ ഭേദം.
             സം:(3) മൂന്നാം സ്ഥാനത്തു നിറുത്താന്‍ നിരവധി സംഭവങ്ങളുണ്ട്.ഉദാഹരണത്തിന് കോഴിക്കോട് നടന്ന വെടിവൈപ്പ് ആകാം.അപ്പോള്‍ അതിലും ക്രൂരമായ സംഭവങ്ങള്‍ അപ്പുറത്തുണ്ടല്ലോ.അതേ കാഞ്ഞങ്ങാട് സംഭവം തന്നെ. കഴിഞ്ഞ ദിവസം സന്ധ്യക്ക് ഒരു ഓട്ടോറിക്ഷാക്കാരന്‍ തന്റെ വണ്ടിയുമായി ഓട്ടം പോയി തിരിച്ചു വരുമ്പോള്‍ നടുറോഡില്‍ വണ്ടി വിലങ്ങിട്ട് രണ്ടുപേര്‍ വണ്ടിയിലിരുന്ന് മദ്യപിക്കുന്നു.ഓട്ടോക്കാരന് കടന്ന് പോകണമെങ്കില്‍ ആ വണ്ടി മാറ്റിക്കൊടുക്കണം.അയാള്‍ പറഞ്ഞു “ചേട്ടാ ആ വണ്ടി ഒന്നു സൈഡാക്കാമോ” എന്ന്.സ്വന്തം തറവാട്ടുമുറ്റത്തിരുന്ന് മദ്യപിക്കുന്നവര്‍കാ ചോദ്യം ഇഷ്ടപ്പെട്ടില്ല.അവരാ ഓട്ടോ ഡ്രൈവറേ മര്‍ദ്ദിച്ചു.ആ സംഭവം ഇന്ന് വളര്‍ന്ന് വലുതായി പോലീസ് ജീപ്പ് കത്തിക്കല്‍, മോട്ടോര്‍ സൈക്കിള്‍ കത്തിക്കല്‍,വീട് കത്തിക്കല്‍ എന്നീ നിലകളിലേക്ക് എത്തിയിരിക്കുന്നു.
                             ഞാന്‍ നേരത്തെ പറഞ്ഞതുപോലെ കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മൂന്നു സംഭവങ്ങളാണിവ.ഒന്ന് തെക്കന്‍ കേരളത്തിലെങ്കില്‍ (അധ്യാപകനെ മര്‍ദ്ദിച്ചത്) മറ്റൊന്ന് മധ്യകേരളത്തിലാണ്( കള്ളനെന്ന് വിളിച്ച് മര്‍ദ്ദിച്ചുകൊന്നത്) എന്നാല്‍ മറ്റൊന്ന് വടക്കന്‍ കേരളത്തിലുമാണ്.ചുരുക്കിപ്പറഞ്ഞാല്‍ മുഴുവന്‍ കേരളത്തിന്റേയും പ്രാതിനിധ്യം ഈ സംഭവങ്ങളിലായിട്ടുണ്ട്.അല്ലെങ്കില്‍ കേരളം മുഴുവന്‍ ഇത്തരം വൃത്തികെട്ട സംഭവങ്ങളാണെന്നര്‍ത്ഥം.
                    പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട് ചില ശാപം കിട്ടിയവര്‍, ശാപം കിട്ടിയ രാജവംശം(രാഷ്ട്രീയപാര്‍ട്ടി) ഭരിക്കുമ്പോള്‍ രാജ്യം മുഴുവന്‍ കലാപങ്ങളും ദാരിദ്ര്യവും ധര്‍മഭൃംശങ്ങളുംകൊണ്ട് നിറയുമെന്ന്.അത് ശരിയാണെന്നാണെനിക്കു തോന്നുന്നത്.നോക്കൂ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം(3 സീറ്റ്, ഒരു ലക്ഷത്തില്‍ താഴെ വോട്ടുകള്‍),കാണുന്നവര്‍കെല്ലാം എന്തും സാധിച്ചുകൊടുക്കാമെന്നു പറഞ്ഞൂള്ള വോട്ടുപിടിത്തം,പത്തോട്ടുകിട്ടുവാന്‍ വേണ്ടി സൂര്യചന്ദ്രന്‍‌മാരെ ഇരുകരങ്ങളിലും വച്ചു തരാമെന്നുറപ്പുനല്‍കിയെന്നാണ് ഇപ്പോള്‍ പലരും പരസ്യമായി പറയുന്നത്.എന്നാല്‍ ഭരണം കിട്ടിയപ്പോഴാണ് മനസ്സിലായത് ഏറ്റ പലതും ചെയ്യാന്‍ പറ്റാത്തതാണെന്ന്.മന്ത്രിസ്ഥാനം കൊടുക്കേണ്ടിയിരുന്ന പലരേയും കൂട്ടുകക്ഷികളുടെ ദുര്‍‌വാശിക്കു വഴങ്ങി തഴഞ്ഞത്.ഇഅവരുടെയൊക്കെ കണ്ണീര്‍ വീണ് നനഞ്ഞതാണീ മന്ത്രിസഭ.അതപ്പോള്‍ ഇങ്ങനയേ വരൂ.
                          പക്ഷെ കുഴപ്പമെന്താണെന്നുവച്ചാല്‍ നഷ്ടപ്പെടുന്നത് കേരളത്തിന്റെ സല്‍പ്പേരാണ്.പണ്ടേ പേര് ചീത്തയായിരുന്നു.ഇപ്പോളീ പ്രശ്നങ്ങളുംകൂടിയായപ്പോള്‍ ബാക്കിയുള്ളതുംകൂടി പോയി എന്ന അവസ്ഥയായി.