അതിമോഹമാണു മോനേ ദിനേശാ അതിമോഹം!

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കേരളത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന സംഭവവികാസങ്ങള്‍ നാമൊക്കെ അറിയുന്നുണ്ടല്ലോ.എന്താണതിനു കാരണം എന്നു പലരും ചിന്തിക്കുന്നുണ്ടാവും.ചില കാര്യങ്ങള്‍ക്ക്   യു ഡി എഫിനേയും ചില കാര്യങ്ങള്‍ക്ക് എല്‍ ഡി എഫിനേയും നമ്മള്‍ കുറ്റപ്പെടുത്തുന്നു.എന്നാല്‍ മൊത്തത്തില്‍ എല്‍ ഡി എഫിനെ കുറ്റപ്പെടുത്തുന്നവര്‍ ഉണ്ട്, അതു പോലെതന്നെ യു ഡി എഫിനെ കുറ്റപ്പെടുത്തുന്നവരും ഉണ്ട്.
                                  എന്നാല്‍ എനിക്ക് തോന്നുന്നത് ഇക്കാര്യത്തില്‍ കേരളത്തിലെ പൊതുജനമാണ് കുറ്റക്കാരെന്നാണ്.എന്താണ് ഇതു പറയാനുള്ള കാരണമെന്നല്ലെ, പറയാം.എല്‍ ഡി എഫ് ഗവണ്മെന്റ് അതിന്റെ അവസാന ബഡ്ജറ്റില്‍ ഓരോ കുടുംബത്തിനും കിലോയ്ക്ക് രണ്ടു രൂപാനിരക്കില്‍ 25 കിലോ അരി നല്‍കുമെന്ന് പ്രഖ്യാപിച്ചു, അതിന്റെ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.അരി പതിയെ - ചുവപ്പുനാടകളുടെ തടസ്സവും മറ്റും നീക്കി - ജനങ്ങളുടെ പക്കലേക്കെത്തിതുടങ്ങുകയും ചെയ്തു.ഇതിനെ ഉപയോഗിക്കാവുന്ന എല്ലാ ആയുധങ്ങളുമുപയോഗിച്ച് എതിര്‍ക്കുകയാണ് യു ഡി എഫ്. ഇത് കേരളത്തിലെ സാമാന്യജനങ്ങള്‍ സ്വന്തം കണ്ണുകൊണ്ട് കണ്ടതുതന്നെയാണ്.
                        എന്നല്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ ചിത്രം മാറുന്ന കാഴ്ചയാണ് ഇതേ പൊതുജനം കണ്ടത്.കിലോയ്ക്ക് രണ്ടു രൂപക്ക് അരി എന്നത് തട്ടിപ്പാണ്, പ്രത്യുല്‍പ്പാദനപരമല്ലാത്തതാണ്,ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടില്ല, എന്നൊക്കെ വിമര്‍ശിച്ചവര്‍ കിലോയ്ക്ക് 1 രൂപയ്ക്ക് അരി നല്‍കുമെന്ന് പ്രഖ്യാപിച്ചു കളഞ്ഞു, അവരുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍.അതിനുള്ള തുക എവിടുന്നെന്ന ഇടതുപക്ഷത്തിന്റെ ചോദ്യം പതിവുപോലെ മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞു.എന്നിട്ടെന്തുണ്ടായി?.കാലങ്ങളായി തട്ടിപ്പിന്റേയും തരികിടകളുടേയും മാത്രം ചരിത്രമുള്ള കോണ്‍ഗ്രസ്സ്, ജനങ്ങളെ പറ്റിച്ച അനുഭവം മാത്രമുള്ള കോണ്‍ഗ്രസ്സ്, ഭരണം പിടിക്കാന്‍ എന്തും ചെയ്യുന്ന ചരിത്രമുള്ള കോണ്‍ഗ്രസ്സ്, ആ കോണ്‍ഗ്രസ്സിനെ സര്‍വവും മറന്ന് അധികാരത്തിലേറ്റി ഇവിടുത്തെ പൊതുജനം.അതൊരു വലിയ അബദ്ധമായിപ്പോയിയെന്ന് ജനത്തിനിപ്പോഴെങ്കിലും തോന്നുന്നുണ്ടാകണം.
                  ഏതായാലും ജനം ഒരു ഗുണം അവിടെ കാണിച്ചു, പഴയതു പോലെ ഒരു വന്‍ ഭൂരിപക്ഷം ല്‍കിയില്ല.പകരം ഒരു ലക്ഷത്തില്‍താഴെ വോട്ടിന്റെ, രണ്ടേ രണ്ടു സീറ്റിന്റെ മാത്രം ഭൂരിപക്ഷം.ഇതൊരു മുന്നറിയിപ്പായിരുന്നു, രണ്ടു പേര്‍ക്കും.എന്നാല്‍ യു ഡി എഫ് ഇതില്‍നിന്നും പാഠം പഠിക്കാന്‍ തയ്യാറായില്ല.പകരം ജയിപ്പിച്ചുവിട്ട ജനങ്ങള്‍ക്കു നല്‍കിയ സമ്മാനം - ബസ് ചാര്‍ജ് വര്‍ദ്ധന, പാല്‍‌വില വര്‍ദ്ധന, കറന്റ് കാശ് വര്‍ദ്ധന, പവര്‍ കട്ട് എന്നിവയാണ്.
                         അതിനിടയിലാണ് പഴയ വഴക്കുകള്‍ തീര്‍ക്കാന്‍ അധികാരം ഒരു മറയാക്കി കോണ്‍ഗ്രസ്സും ഘടകകക്ഷികളും ശ്രമിച്ചത്.വാളകം കേസ് തന്നെ ഏറ്റവും പ്രധാന ഉദാഹരണം.ആ കേസ് പെണ്ണുകേസ് വഴി വാഹനാപകടത്തിലെത്തി അവസാനം പിള്ളയിലേക്കുതന്നെ തിരിയാന്‍ തുടങ്ങിയിരിക്കുന്നു.സ്വാശ്രയപ്രശ്നം എന്നെന്നേക്കുമായി അവസാനിപ്പിച്ചു എന്ന് മുഖ്യമന്ത്രിക്ക് അഭിവാദ്യം നേര്‍ന്നുകൊണ്ടുള്ള ഒരു പോസ്റ്ററില്‍ കണ്ടു.അതെങ്ങനെയാണെന്ന് നമുക്കും പൊതുജനത്തിനുമറിയാമല്ലോ.
                                       അങ്ങനെ ജനങ്ങളെ ഒരരുക്കാക്കി പിന്നെയവര്‍ പ്രതിപക്ഷത്തിനു നേരെ തിരിഞ്ഞു.പ്രതിപക്ഷം എണ്ണത്തില്‍ കൂടുതലാണല്ലോ.ഭരണപക്ഷത്തിന്റെ രണ്ടുപേരാണെങ്കില്‍ ആശുപത്രിയിലും.ഇപ്പോള്‍ ഒരിലക്ഷന്‍ വന്നാല്‍ പരാജയം തന്നെ വഴി.അങ്ങനെ ഭരണപക്ഷത്തെ ശകുനികളെല്ലാം ഒന്നു ചേര്‍ന്ന് തലപുകഞ്ഞു.(ശകുനികളൊക്കെ ഇപ്പൊ ഭരണപക്ഷത്താണല്ലോ).അങ്ങനെയാണ് നിയമസഭയിലെ കഴിഞ്ഞ ദിവസത്തെ നാടകം അരങ്ങേറിയത്.ഒരു നാടകം നടത്തി (മോക് ഡ്രില്‍) പ്രതിപക്ഷത്തെ ഒന്നുരണ്ടുപേരെയെങ്കിലും സസ്പെന്റ് ചെയ്ത് നിറുത്തി ഭൂരിപക്ഷം ഒപ്പിക്കാനായിരുന്നു പ്ലാന്‍.എന്നാല്‍ ഭരണകക്ഷിക്കെതിരെ വോട്ടുചെയ്ത ജനങ്ങളുടെ നേരും നെറിയും കൊണ്ട് ആ പ്ലാന്‍ ചീറ്റിപ്പോയി.
                     കഴിഞ്ഞുപോയ ഭരണവും ഇതും തമ്മില്‍ താരതമ്യം അര്‍ഹിക്കുന്നില്ല എങ്കിലും പഴയ ഗവണ്മെന്റിന്റെ പരിപാടിയിതായിരുന്നു: (1) സര്‍ക്കാരിന്റെ റവന്യൂ വരുമാനം പ്രതിവര്‍ഷം ശരാശരി  20%  വര്‍ദ്ധിപ്പിക്കുക,(2) റവന്യൂ ചിലവ് വര്‍ദ്ധിപ്പിച്ച് വിദ്യാഭ്യാസം ആരോഗ്യം സാമൂഹികക്ഷേമം മുതലായവ മെച്ചപ്പെടുത്തുക,(3) അനുവദനീയമായ തോതില്‍ പൊതുക്കടം വാങ്ങി മൂലധനചിലവ് വര്‍ദ്ധിപ്പിക്കുക,അതു വഴി കൃഷിയും വ്യവസായങ്ങളും പശ്ചാത്തല സൌകര്യങ്ങളും വികസിപ്പിക്കുക.അതിനെ തള്ളിക്കളഞ്ഞ് - സ്വര്‍ണത്തിനെ തള്ളിക്കളഞ്ഞ് മുക്കുപണ്ഡം ഉപയോഗിക്കുന്നതുപോലെയായിപ്പോയി ഇത്.അതും കിലോയ്ക്ക് ഒരു രൂപക്കുള്ള അരി മോഹിച്ച്.അതെങ്കിലും ജനത്തിനു മുടങ്ങാതെ കിട്ടട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.അല്ലെങ്കില്‍ നേരത്തെ പറഞ്ഞതു പോലെ, അതിമോഹമാണു മോനേ ദിനേശാ അതിമോഹം എന്ന് പറയേണ്ടി വരും.