അങ്ങനെ നിയമസഭയിലെ പ്രശ്നങ്ങള്‍ക്കൊരു അപ്രതീക്ഷിത അന്ത്യമായിരിക്കുകയാണല്ലോ.ഭീകരന്മാരായ രാജേഷും ജെയിംസ് മാത്യൂവും കൂടി ഒരു പാവം വാച്ച് ആന്റ് വാര്‍ഡ് കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കുറ്റം.സാധാരണ പെണ്‍കുട്ടിയല്ല വാച്ച് ആന്റ് വാര്‍ഡ് പെണ്‍കുട്ടി, അവള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു തുല്യമെന്നാണ് അവസാന കണ്ടെത്തല്‍.എന്തായാലും ആ രണ്ടു നരാധമന്‍മാര്‍ ക്രൂരമായി പീഡിപ്പിച്ചെന്നു പറഞ്ഞ് നെഞ്ചത്തടിച്ചു വിളിയും കരച്ചിലുമായിരുന്നു ശ്രീമാന്‍ ഉണ്ണിത്താനടക്കം സകലമാന കോണ്‍ഗ്രസ്സ് കാരും.എന്നിട്ടോ ആ പീഡനം മുഴുവന്‍ നിയമസഭക്കാര് ചലചിത്രമാക്കി വച്ചത്രേ.എന്നിട്ടത് നാട്ടുകാരുടെ മുന്‍പില്‍ കാണിക്കാന്‍ പ്രതിപക്ഷം സമ്മതിക്കുന്നില്ല, എന്താ കാരണം? പീഡനമല്ലെ എങ്ങനെ നാട്ടുകാരെ കാണിക്കും? മാര്‍ക്സിസ്റ്റ് പാര്‍ട്ടി നാറിപ്പോവില്ലേ?
പക്ഷെ അപ്പോഴേക്കും അച്ചുതാനന്ദന്‍ ഇടപെട്ടു പറഞ്ഞു, ജനത്തെ കാണിക്കേണ്ട എന്നല്ല ആദ്യം കക്ഷിനേതാക്കളെ കാണിക്കൂ എന്നിട്ട് ജനത്തെ കാണിക്കാം എന്നാണ് പറഞ്ഞതെന്നായി അച്യുതാനന്ദന്‍.കക്ഷിനേതാക്കളെ കാണിക്കുകയും നാട്ടുകാരെ കാണിച്ചോളാന്‍ അനുവദിക്കുകയും ചെയ്തു.പക്ഷെ കേരള കൌമുദി അതിങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു,:- വീഡിയോ ടേപ്പ് കണ്ടശേഷം പുറത്തുവന്ന ഭരണകക്ഷി നേതാക്കളില്‍ വനിതാ വാര്‍ഡനെ ആക്രമിച്ചു എന്ന നിലപാടില്‍ നിന്നും ഒരു മാറ്റം വന്നതായി കാണാമായിരുന്നു.അതോടെ പ്രശ്നത്തിന്റെ ഗ്യാസ് പോയി.അതോടൊപ്പം ആക്രമിക്കപ്പെട്ട വാര്‍ഡന്‍ ഒരു തീവ്ര കോണ്‍ഗ്രസ്സ് കുടുംബത്തില്‍നിന്നുമാണെന്ന വിവരം ദേശാഭിമാനി കണ്ടെത്തി.തന്നേയുമല്ല സംഘര്‍ഷം നടന്നതിനുശേഷം വാര്‍ഡനെ കണ്ടു സംസാരിച്ച പ്രതിപക്ഷ വനിതാ എം എല്‍ എ മാരോട് തന്നെ ആരും ആക്രമിച്ചില്ല എന്നവര്‍ പറഞ്ഞതായും ദേശാഭിമാനി പറയുന്നു.പിന്നീട് ഇവരെ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ കണ്ടു സംസാരിച്ചതിനുശേഷമാണ് ഇവര്‍ ആശുപത്രിയില്‍ അഭയം തേടിയത്.തന്നേയുമല്ല മാരകമായ പരിക്കുകളോടെ ആശുപത്രിയില്‍ അഡ്മിറ്റായ അവര്‍ 18 മണിക്കൂര്‍ തികയുന്നതിനുമുന്‍പ് രോഗം മാറി വീട്ടില്‍പോവുകയും ചെയ്തത്രെ.
പിന്നെ തിങ്കളാഴ്ച്ച.ഖേദിക്കണമെന്ന് സ്പീക്കര്‍ രാജേഷിനോടും ജെയിംസ് മാത്യുവിനോടും.എന്നാല്‍ ചെയ്യാത്ത കുറ്റത്തിനു ഖേദിക്കില്ലെന്ന് രാജേഷും കൂട്ടരും.പിന്നെ സമവായ ചര്‍ച്ചകളായി.എന്തു സമവായം എന്ന് പ്രതിപക്ഷം.അപ്പോ വാര്‍ഡനെ പീഡിപ്പിച്ചതിനല്ല സ്പീക്കറുടെ മുന്നിലേക്കോടിയടുത്തതിന്നാവട്ടെ എന്ന് ഭരണപക്ഷം.അതാവാം, എന്നാല്‍ അതോടൊപ്പം മുഖ്യമന്ത്രിയും മറ്റുള്ളവരും തങ്ങളെക്കുറിച്ചപവാദപ്രചരണം നടത്തിയതിന് നടപടിയെടുക്കണം എന്നായി പ്രതിപക്ഷം.എന്നാല്‍ അവിടേയും ഖേദം പറ്റില്ല എന്ന് പ്രതിപക്ഷം.അവസാനം ഖേദം മാറ്റി വിഷമമാക്കി.അങ്ങനെ പ്രശ്നങ്ങള്‍ തീരുന്നു എന്ന പ്രതീതി വന്നപ്പോഴാണ് സ്പീക്കര്‍ പ്രസ്താവിച്ചത്, ഖേദം പ്രകടിപ്പിച്ചതിനാല്‍ മറ്റു നടപടികളില്‍നിന്ന് ഒഴിവാക്കുന്നു എന്ന്.ഉടനെ തന്നെ തങ്ങള്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല എന്ന് ആണുങ്ങളെപ്പോലെ എണീറ്റുനിന്ന് അലറുകയായിരുന്നു രണ്ടുപേരും.
കേരള കൌമുദി പറയുന്നതു കാണുക:-എം എല്‍ എ മാര്‍ സ്പീക്കറുടെ ചേംബറില്‍ ഖേദം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികെയന്‍ നിയമസഭയില്‍ റൂളിംഗ് നല്‍കിയപ്പോള്‍ “സ്പീക്കര്‍ പറയുന്നത് കളവാണ്, തങ്ങള്‍ ഖേദം പ്രകടിപ്പിച്ചില്ല” എന്ന് അലറിക്കൊണ്ട് ജെയിംസ് മാത്യുവും രാജേഷും സഭാതലത്തില്‍ പ്രതിഷേധിച്ചു.അതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.രണ്ടുപേരേയും രണ്ടുദിവസത്തേക്ക് സസ്പെന്റ് ചെയ്തുകൊണ്ടുള്ള പ്രമേയം ഉടനടി(അടിവര കൂട്ടിച്ചേര്‍ത്തത്) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കുകയും പ്രതിപക്ഷബഹളത്തിനിടയില്‍ അത് പാസ്സാക്കുകയും ആയിരുന്നു.( കേ കൌ ഒക്ടോ 18,2011).
സംഭവത്തില്‍ ശ്രീ ജെയിംസ് മാത്യു കൂടി ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ശ്രീ രാജേഷിനെ മാത്രമായി ഞാനൊന്ന് അഭിനന്ദിക്കുകയാണ്.കാരണം വേറൊന്നുമല്ല, തന്റെ പേരില്‍ വ്യക്തിപരമായ ഒരാരോപണം, അതും ഹീനമായ ഒരാരോപണം വന്നപ്പോള്‍ എവിടെയാണ്, ആരോടാണ് എന്നൊന്നും നോക്കാതെ പൊട്ടിക്കരഞ്ഞ ദേഹമാണ് അദ്ദേഹം.അത്ര സരളഹൃദയനായ നിഷ്ക്കളങ്കനായ മനുഷ്യന്‍.ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മറ്റൊരാളെ വ്യക്തിപരമായി അദ്ദേഹം കുറ്റപ്പെടുത്തിയ ചരിത്രമില്ല.അത്രയും മാന്യനായ മനുഷ്യനെയാണ് യാതൊരടിസ്ഥാനവുമില്ലാതെ ഭരണപക്ഷം കുറ്റപ്പെടുത്തിയത്. അതദ്ദേഹത്തെ തീര്‍ച്ചയായും വേദനിപ്പിച്ചിരിക്കണം.അതിന്റെ സ്പുരണമാണ് സകലദൃശ്യമാധ്യമങ്ങളിലും കണ്ട ആ പൊട്ടിക്കരച്ചില്‍.പക്ഷെ അവിടെയാണദ്ദേഹത്തിനു തെറ്റു പറ്റിയത്.അദ്ദേഹം പൊട്ടിക്കരഞ്ഞത് മലയാളികളുടെ മുന്നിലായിപ്പോയി.അവരാണെങ്കിലോ സ്വന്തം അപ്പനെ കരഞ്ഞു കണ്ടാല്‍ പോലും അതില്‍ ഗ്ലിസറിന്‍ ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞ്, അതും ആദ്യം പറഞ്ഞ് ആളാകാനുള്ള വ്യഗ്രത കാണിക്കുന്നവരാണല്ലോ.ആ മലയാളിയുടെ മുന്നിലാണ് രാജേഷ് വികാരപ്രകടനം നടത്തിയതെന്ന ഒരൊറ്റ കുറ്റമേ അദ്ദേഹം ചെയ്തൊള്ളൂ. ആ കരച്ചില്‍ ,വിവരവും വിദ്യാഭ്യാസവുമില്ലാത്തവരെന്ന് മലയാളികള്‍ വിളിക്കുന്ന തമിഴന്റേയോ ബീഹാറിയുടേയോ മുന്നിലായിരുന്നെങ്കില്‍ ചിത്രം എത്ര മാറിയേനേ. ആരോ ഒരാള്‍ ചോദിക്കുന്നതു കേട്ടൂ, അച്ചനും അമ്മയും പെങ്ങന്മാരും ഒക്കെയുള്ളയാളാളെന്ന് രാജേഷ് വിലപിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്കുമുണ്ടെന്നോര്‍ക്കണമായിരുന്നെന്ന്. രാജേഷ് എന്തു ചെയ്തു എന്നതിനു തെളിവായി അദ്ദേഹം പറഞ്ഞത് രാജേഷും കൂട്ടരും പോലീസുകാരെ തല്ലിയെന്ന്.അതിനു തെളിവായി ഫേസ് ബുക്കില്‍ തല്ലുകൊണ്ടോടുന്ന ഒരു പോലീസുകാരന്റെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.പക്ഷെ വെപ്രാളത്തിനിടയില്‍ ഫോട്ടോ കൊടുത്ത സുഹൃത്ത് ഒരു കാര്യം മറന്നു, താന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ അങ്ങകലെ അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സുകാരുടെ തല്ലുകൊണ്ടോടുന്ന ഒരു പോലീസുകാരന്റേതായിരുന്നെന്നു.
പക്ഷെ മലയാളിക്ക് തെറിവിളിക്കന്‍ പുലയാട്ടുവിളിക്കാന്‍ ഇതൊന്നും ഒരു പ്രശ്നമല്ലല്ലോ.അവനിങ്ങനെ നിരന്തരം തെറിവിളിച്ചുകൊണ്ടേയിരിക്കണം.ഏറ്റവും വലിയ തെറിവിളിക്കുന്നവന്‍ ഏറ്റവും മിടുക്കന്‍ എന്നാണാപ്തവാക്യം.ഏതായാലും ആ തെറിവിളി വിദ്വാന്മാരുടെ മുന്നില്‍തന്നെ രാജേഷിന്റേയും ജെയിംസ് മാത്യുവിന്റേയും പീഡനമടങ്ങിയ വീഡിയോ അനാവരണം ചെയ്യപ്പെട്ടു.അതില്‍ കൊട്ടിഘോഷിക്കപ്പെട്ട പീഡനം മാത്രമില്ല എന്നു തന്നെയല്ല മര്യാദരാമനായ ഒരു മന്ത്രി ഇടതുകാലുയര്‍ത്തി മേശമേല്‍ വച്ച് ചാടാനൊരുങ്ങുന്നതും മറ്റൊരു മന്ത്രി അത് തടയുന്നതുമുണ്ട്.( കേ.കൌ ഒക്റ്റോ.18,2011).അതിനൊരു സസ്പെന്‍ഷനോ ഖേദമോ മലയാളിയുടെ സ്വതസിദ്ധമായ കുറ്റവിചാരണയോ ഒന്നുമില്ല താനും.
ഒരു കുറ്റാരോപണമുണ്ടാവുകയും അതില്‍ ദു:ഖിതനായി ജനങ്ങളുടെ മുന്‍പില്‍ നിരപരാധിത്വം ഏറ്റുപറയുകയും ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ കുറ്റം വെറും ആരോപണം മാത്രമായിരുന്നെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാവുന്നു.എങ്കിലും വീണ്ടും ആരോപണവിധേയനാവുന്നു( ഖേദം പ്രകടിപ്പിച്ചു എന്നു പറഞ്ഞാല്‍ കുറ്റം ചെയ്തെന്ന് സമ്മതിക്കുന്നതിനു തുല്യമാണല്ലോ) എങ്കിലും പഴയ വീറും വാശിയും വീണ്ടെടുത്ത് അദ്ദേഹം അലറുന്നു, താന്‍ , തങ്ങള്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല എന്ന്.ആ അലര്‍ച്ച വലിയൊരു ഗൂഡാലോചനയുടെ കുരുക്കഴിക്കുകയും കുരുക്കുണ്ടാക്കിയവരെ വെട്ടിലാക്കുകയും ചെയ്തു എന്നുതന്നെയാണര്‍ത്ഥം.അതുകൊണ്ടു തന്നെ ഞാന്‍ പറയുന്നു, ഈ നടപടിയിലൂടെ താങ്കള്‍,താങ്കളുടെ കൂടെ നില്‍ക്കുന്നവര്‍ മുഴുവന്‍ എണ്ണം പറഞ്ഞ ആണ്‍കുട്ടികളാണെന്ന് തെളിയിച്ചിരിക്കുന്നു.