കാറ്റു വിതച്ചു കൊടുംകാറ്റ് കൊയ്യുന്നവര്‍

**Mohanan Sreedharan | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കാറ്റു വിതച്ചു കൊറ്റുംകാറ്റ് കൊയ്യുന്നവരെക്കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്.ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് വളര്‍ത്തി വലുതാക്കി ആര്‍ക്കും തടുക്കാനാവാത്ത വന്‍ ഭീകര പ്രശ്നങ്ങളാക്കി വളര്‍ത്തിയെടുത്ത് എല്ലാം നശിപ്പിക്കുക, താനും നശിക്കുക എന്നതാണ് ഈ കാര്യത്തിന്റെ ഇപ്പോള്‍  നടപ്പിലുള്ള അര്‍ത്ഥം.
                         നമ്മുടെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍‌ചാണ്ടി നല്ലൊരു മതവിശ്വാസിയും ഈശ്വരവിശ്വാസിയും സര്‍വോപരി മനുഷ്യത്വമുള്ളവനുമാണ് എന്നുള്ള വിവരം മാളോകര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ.സാധാരണക്കാരോടുള്ള അദ്ദേഹം സന്മനോഭാവം നിമിത്തം അദ്ദേഹം സ്വന്തം നാടായ പുതുപ്പള്ളിയിലുള്ള ദിവസം അദ്ദേഹത്തിന്റെ വീട്ടിലും പരിസരത്തും  ഉത്സവപ്രതീതിയാണത്രെ. അദ്ദേഹത്തിന്റെ സഹായം സ്വീകരിക്കാനെത്തുന്നവര്‍,അദ്ദേഹതിനു നിവേദനം നല്‍കാനെത്തുന്നവര്‍, അദ്ദേഹത്തിന്റെ കുടുംബക്കാരും ബന്ധുക്കളും,നാട്ടുകാര്‍, പാര്‍ട്ടിക്കാര്‍ തുടങ്ങി ഒരു വന്‍ ജനാവലി അവിടെ എത്തിയിരിക്കും. അദ്ദേഹത്തിന്റെ ഏറ്റവും വലിയ മന:സാക്ഷി സൂക്ഷിപ്പുകാരനായ മനോരമ പത്രം ഒരിക്കല്‍ തുടരന്‍ എഴുതിയത് ഇങ്ങനെ, ശ്രീ ഉമ്മന്‍‌ചാണ്ടി ഒരിക്കല്‍ കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ കുളിമുറിയില്‍ നിന്നൊരു വിളി “കുഞ്ഞൂഞ്ഞേ............. ഇത് ഞാനാ ----------യിടത്തെ മണ്ഡലം പ്രസിഡണ്ടാ.സൌകര്യമായിട്ട് കുഞ്ഞൂഞ്ഞിനോടൊന്ന് സംസാരിക്കാന്‍ ഇതാ സൌകര്യം എന്ന് കണ്ട് കേറിയതാ”.എന്നിട്ട് മനോരമ തുടര്‍ന്നെഴുതി “രാത്രി കുഞ്ഞൂഞ്ഞ് ഉറങ്ങാന്‍ ബെഡ് റൂമില്‍ കയറിയാല്‍ ആദ്യം കട്ടിലിനടിയില്‍ നോക്കും, ആരെങ്കിലും സൌകര്യത്തിനു സംസാരിക്കാനായിട്ടവിടെയിരിക്കുന്നുണ്ടോ എന്ന്.” ഇതാണ് സത്യകൃസ്ത്യാനിയായ നമ്മുടെ മുഖ്യമന്ത്രി.ജനത്തിനിടയില്‍ ജനങ്ങളോടൊപ്പമാണ് അദ്ദേഹത്തിന്റെ ജീവിതം.അങ്ങനെ പരമസാത്വികനും നല്ലവനുമാണ് നമ്മുടെ മുഖ്യമന്ത്രി.
                   ആ മുഖ്യമന്ത്രി ബൈബിള്‍ അനുസരിച്ച് ബൈബിള്‍ വാക്യങ്ങള്‍ അനുസരിച്ചാണ് ഭരിക്കുന്നതെന്ന് നാം മനസ്സിലാക്കാന്‍ വൈകിയിരിക്കുന്നു.അല്ലെങ്കില്‍ ആദ്യം പറഞ്ഞ ബൈബിള്‍ വചനങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം പറയാം.
                          ഉദാഹരണം 1. ജയിലില്‍കിടന്നുള്ള പിള്ളയുടെ ഫോണ്‍ വിളി പ്രശ്നമായ കാര്യം നമുക്കൊക്കെ അറിയാമല്ലോ. കൃത്യമായി വെണ്ടിടത്തേക്കൊക്കെ , മുഖ്യമന്ത്രിയെ വരെ പലപ്രാവശ്യം വിളിച്ച്  ഭരണകാര്യങ്ങള്‍ ചര്‍ച ചെയ്യുകവരെ ചെയ്തു പിള്ള.പക്ഷെ ഒന്നും ആരും അറിയാതെ കടന്നുപോയേനെ. അപ്പോഴാണ് റിപ്പോര്‍ട്ടര്‍ ചാനലുകാരന്‍  ചതിച്ചത്.അയാള്‍ പിള്ളയെ ഫോണില്‍ വിളിക്കുകയും നാട്ടുകാര്യങ്ങള്‍ ചോദിച്ചറിയുകയും അത് റ്റിവിയില്‍ക്കൂടി നാട്ടുകാരെ അറിയിക്കുകയും ചെയ്തു.അത് വലിയ പ്രശ്നമായി.പ്രതിപക്ഷവും അവരുടെ മാധ്യമങ്ങളും അതൊരു വലിയ പ്രശ്നമായെടുത്തു.സ്വന്തം മാധ്യമങ്ങളായ മനോരമയും മാതൃഭൂമിയും വിചാരിച്ചിട്ടും അത് കവര്‍ ചെയ്യാനൊട്ട് കഴിഞ്ഞുമില്ല. എന്നു തന്നേയുമല്ല നാട്ടുകാരുടെ മുന്നില്‍ കുഞ്ഞൂഞ്ഞ് നെഞ്ചുറപ്പോടെ , തന്നെ പിള്ള വിളിച്ചിട്ടില്ല എന്ന് പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാ‍ലെ തന്നെ പിള്ള കുഞ്ഞൂഞ്ഞിനെ വിളിച്ചതിനു തെളിവുമായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. പതിവ് ഉരുളല്‍ അവിടെ കുഞ്ഞൂഞ്ഞിനെ തുണച്ചുമില്ല.അങ്ങനെ പൊടിക്കാറ്റ് ചെറിയൊരു കൊറ്റുംകാറ്റായി മാറുന്നു എന്നു കണ്ടപ്പോള്‍ കുഞ്ഞൂഞ്ഞ് അടുത്ത കളി കളിച്ചു.
                          കുഞ്ഞൂഞ്ഞിന്റെ സ്വന്തക്കാരനായ ഒരു ഡി വൈ എസ് പി ക്കോഴിക്കോട് ഒരു പ്രകോപനവുമില്ലാതെ സര്‍വീസ് റിവോള്‍വറെടുത്ത് സമരം ചെയ്യുന്ന കുട്ടികളുടെനേരെ വെടി വൈച്ചു. പിന്നീട് അതുണ്ടാക്കിയ പ്രശ്നങ്ങള്‍ നമുക്കറിയാമല്ലോ.അങ്ങനെ ചീറാന്‍ തുടങ്ങിയ കാറ്റിനെ കൊടുംകാറ്റുകൊണ്ടു തടുത്തൂ കുഞ്ഞൂഞ്ഞ്.
                    ഉദാഹരണം 2. പ്രതിപക്ഷം വാച്ച് ആന്റ് വാര്‍ഡ് പ്രശ്നത്തില്‍ നാറിയെന്ന് ഭരണപക്ഷം പറയുമ്പോള്‍ അവരതില്‍ ആയിരം വട്ടം നാറിയിരിക്കയാണ്  എന്നതാണ് പരമാര്‍ഥം.സ്ത്രീകളെ ആക്രമിച്ചേ എന്ന് വീഡിയ്യോ ദൃശ്യത്തില്‍ ആദ്യം ഉയര്‍ന്ന ശബ്ദം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേതാണ്. പിന്നാലെ അതിന് വ്യാഖ്യാനവുമായി ജോര്‍ജ്, കുഞ്ഞാലിക്കുട്ടി,വിഷ്ണുനാഥ് പ്രഭൃതികളും എത്തി.ഞങ്ങള്‍ മുന്നിരുന്ന് കാണുകയല്ലേ, അയ്യോ അവരതാ ആ സ്ത്രീയെ ആക്രമിച്ചല്ലോ എന്ന് അതു കണ്ട് താന്‍ പറഞ്ഞെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടൂത്തല്‍.വിഷ്ണുനാഥിന്റേയും ജോര്‍ജിന്റേയും വെളിപ്പെടുത്തല്‍ ഇതിനകം തന്നെ കുപ്രസിദ്ധി നേടിയതിനാല്‍ ഞാനത് ആവര്‍ത്തിച്ച് എന്റെ ബ്ലോഗ് നാറ്റിക്കുന്നില്ല. ഇതൊക്കെ കഴിഞ്ഞ് വീഡിയോ പുറത്തുവന്നപ്പൊഴോ, നഗ്നരായത് താനും തന്റെ സഹപ്രവര്‍ത്തകരാണെന്നും ശ്രീ ഉമ്മന്‍‌ചാണ്ടി മനസ്സിലാക്കി.
               ഏതാണ്ടിതേ സമയത്താണ് സഭയില്‍ ട്രാവന്‍‌കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിലെ മലിനീകരണനിവാരണപ്രശ്നത്തിലെ ഉമ്മ്ന്‍‌ചാണ്ടിയുടെ അഴിമതിയും ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം ചാടിവീണത്.ഇതിന്റെ മുന്നില്‍ പകച്ചു നില്‍ക്കാനേ ശ്രീ ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞൊള്ളൂ.എന്തു ചെയ്യാന്‍! പക്ഷെ ഉമ്മന്‍ ചാണ്ടി ചെയ്തു.പത്തനാപുരത്തൊരു പ്രതിഷേധയോഗം ചെയ്തു. അവിടെ തന്റെ വിശ്വസ്ഥരായ രണ്ടു പേരെപ്രസംഗിക്കാനേര്‍പ്പാടും ചെയ്തു.അതിലൊരു മന്ത്രി ആവേശം മൂത്ത് ഒരു പ്രസംഗം നടത്തി. സംസ്കാരകേരളം, സാക്ഷരതാകേരളം അത് കേട്ട് സ്തബ്ധരായി നിന്നുപോയി.കാരണം മറ്റൊന്നുമല്ല , കേരള സംസ്ഥാന രൂ‍പീകരണത്തിനു മുന്നോ പിന്നോ, രാഷ്ട്രീയ പ്രതിയോഗികള്‍ തമ്മിലോ ഇത്തരമൊരു പ്രയോഗം ആരും ഇതിനുമുന്‍പ് കേട്ടിരുന്നില്ല.അതിനു സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ശ്രീമാന്‍ ജോര്‍ജും.(ചുക്കില്ലാത്ത കഷായമില്ലല്ലോ, അതു പോലെ ജോര്‍ജ് ഇല്ലാ‍ത്ത നാറ്റകേസുകളുമില്ലല്ലോ).ഇതോടെ എന്തുണ്ടായി എന്നു വച്ചാല്‍  മലിനീകരണ നിയന്ത്രണം എവിടയോ പോയി, പകരം മന്ത്രിമാരുടെ തറപ്രസംഗം ആ സ്ഥാനത്തുയര്‍ന്നു വന്നു.
എങ്ങനെയുണ്ട് ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധി എന്നു നോക്കണേ!
                      പക്ഷെ ശ്രീ മുഖ്യമന്ത്രീ, താങ്കള്‍ വിതച്ച കാറ്റിന്റെ ബലത്തില്‍ താങ്കള്‍ ഇപ്പോള്‍ രക്ഷപ്പെട്ടു എന്നു കരുതുന്നുണ്ടായിരിക്കും.പക്ഷേ താങ്കള്‍ ഉണര്‍ത്തിവിട്ട കാറ്റുകളും അതിന്റെ ശക്തിയില്‍ ഒഴിഞ്ഞു പോയി എന്നു താങ്കള്‍ കരുതുന്ന കാറ്റുകളും എല്ലാം ചേര്‍ന്ന് ഒരു വലിയ കൊടുംകാറ്റായി രൂ‍പം കൊണ്ടുതുടങ്ങി എന്ന് താങ്കളോര്‍ക്കുക, അത് താങ്കളേയും ശിങ്കിടികളേയും പറപറപ്പിച്ച് പുതിയൊരു കേരളത്തെ രൂപപ്പെടുത്തുന്ന കാലം വിദൂരത്തിലല്ല എന്നു മാത്രം താങ്കളോര്‍ക്കുക.