മുല്ലപ്പെരിയാര്‍ വീണ്ടും!

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                       എനിക്കു തോന്നുന്നത് എല്ലാവരുമിങ്ങനെ എഴുതി എഴുതി നശിപ്പിച്ചു കളഞ്ഞ ഒരു പ്രതിഭാസമാണ് മുല്ലപ്പെരിയാര്‍ എന്നാണ്.എല്ലാവരും അതിഭീകരം അതിഭീകരം എന്നെഴുതുമ്പോള്‍ എന്നാപ്പിന്നെ വരുന്നേടത്ത് വച്ച് കാണാമെന്നൊരു നിലപാടിലേക്ക് നമ്മുടെ കേരള ജനം എത്തുന്നോന്നൊരു സംശയം.നമ്മുടെ കേരളത്തിലെ ജനങ്ങള്‍ തന്നെയല്ലെ!
                       ഈ പാവം ഞാന്‍ തന്നെ നമ്മുടെ നിയമസഭാ ഇലക്ഷന്‍ കഴിഞ്ഞയുടന്‍ തന്നെ “മലയാളിയേ നിന്നെ ഞാനെന്തു വിളിക്കും!“ എന്നൊരു പോസ്റ്റിട്ടിരുന്നു.സത്യത്തില്‍ ശ്രീ പ്രേമചന്ദ്രനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച തമിഴ്ലോബിക്കൊപ്പം നമ്മള്‍ മലയാളികളും ചേര്‍ന്നു എന്ന ലജ്ജാകരമായ കാര്യമാണ് ഞാനതില്‍ ചൂണ്ടിക്കാണിച്ചത്.പക്ഷെ നമ്മുടെ ജനം അതില്‍ കമന്റിയത് “തിരഞ്ഞെടുപ്പില്‍ തോറ്റതിന് മൊത്തം പ്രാകുകയാണോ അമ്മാവാ” എന്നാണ്.ഇതാണ് നമ്മുടെ ജനം.ഇപ്പോള്‍ ആ ജനത്തിന് ബോധ്യം വന്നു കാണുമെന്ന് കരുതട്ടെ.
               നാളിതുവരേയുള്ള മന്ത്രിസഭകളില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രശ്നം കൃത്യമായി പഠിക്കുകയും അതിനനുസരിച്ച് സുപ്രീം കോടതികളിലും മറ്റും ശക്തമായി വാദിച്ച് തമിള്‍ നാടിനെ മുട്ടുകുത്തിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു ശ്രീ പ്രേമചന്ദ്രന്‍ മന്ത്രി.അതുകൊണ്ടുതന്നെ അദ്ദേഹം തമിഴനാടുകാരുടെ കണ്ണിലെ കരടാവുകയും തമിഴ്‌നാട്ടുകാര്‍ തിരഞ്ഞെടുപ്പു സമയത്ത് കൂട്ടത്തോടെ ഇവിടെ തമ്പടിച്ച് പണം വാരിവിതറുകയും നമ്മളാ പണം പറ്റിക്കൊണ്ട്, പാപം ചെയ്തുകൊണ്ട് ശ്രീ.പ്രേമചന്ദ്രനെ തോല്‍പ്പിക്കുകയും ചെയ്തു എന്നായിരുന്നു എന്റെ പോസ്റ്റ്.ആ പോസ്റ്റില്‍ ഞാന്‍ മുല്ലപ്പെരിയാര്‍ പ്രശ്നങ്ങള്‍ എന്നാലാവും വിധം ചൂണ്ടിക്കാട്ടിയിരുന്നു.പക്ഷെ, ബൈബിളില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്  പാപത്തിന്റെ ശംബളം മരണമാണെന്ന്. പാപം ചെയ്തവരായ നമ്മള്‍ ആ മരണം ഏറ്റുവാങ്ങാന്‍ സര്‍വഥാ യോഗ്യരാണെന്നു മാത്രമേ എനിക്കിപ്പോള്‍ പറയാനുള്ളു.
             എന്തായാലും ഞാന്‍ പോസ്റ്റിട്ട കാലത്തേക്കാളും ഭീകരമാണ് ഇന്നത്തെ മുല്ലപ്പെരിയാറിന്റെ അവസ്ഥ.മുല്ലപ്പെരിയാറിനേക്കുറിച്ച് നമ്മുടെ സി-ഡിറ്റ് മലയാളത്തില്‍ തയ്യാറാക്കിയ ഒരു ചെറിയ വീഡിയോ ഉണ്ട്.മറ്റേതോ ബ്ലോഗില്‍ നിന്നും ചൂണ്ടിയതാണ്.ദയവായി അതൊന്ന് കണ്ടുനോക്കുക.
കണ്ടല്ലോ!
ഇനി എനിക്ക്, അല്ല, നമുക്ക് പറയാനുള്ളത്, അല്ല അഭ്യര്‍ത്ഥിക്കാനുള്ളത് നമ്മുടെ പ്രധാനമന്ത്രി ശ്രീ.മന്‍‌മോഹന്‍ സിങ്ങിനോടാണ്. പ്രിയ സര്‍, കണക്കുകള്‍ പറയുന്നത് മുല്ലപ്പെരിയാറിലെ പഴയ ആ മണ്‍ ഡാം പൊളിച്ച് അവിടെ പുതിയൊരു അത്യന്താധുനിക ഡാം പണിതീരുന്നതു വരെ തമിഴ് നാട്ടിലെ രണ്ടര ലക്ഷം ഏക്കറിലെ പച്ചക്കറി കൃഷിയെ വരള്‍ച്ച ബാധിക്കുമെന്നതു ശരി തന്നെയാണ്.എന്നാല്‍ അതോടൊപ്പം അങ്ങ് കാണേണ്ട കണക്കിലെടുക്കേണ്ട മറ്റൊരു കാര്യമാണ് ആ ഡാം ഭൂകമ്പമേഖലയില്‍ ഇതേപടി നിലനില്‍ക്കുകയും ഒരു ഭൂകമ്പത്തിലതു തകരുകയും ( അതിനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്) ചെയ്താല്‍ കേരളത്തിലെ മുപ്പത്തിയഞ്ചു ലക്ഷം ജനങ്ങളും അവരുടെ വസ്തുവകകളും ആ കുത്തൊഴുക്കില്‍ ആഹൂതി ചെയ്യപ്പെടുമെന്നത്.അതുകൊണ്ടു തന്നെ, ശ്രീ. മന്‍‌മോഹന്‍ സിങ്ജി, താങ്കള്‍ തമിഴ്‌നാട്ടിലെ ആ രണ്ടര ലക്ഷം ഏക്കറിലെ പച്ചക്കറി കൃഷിക്കാരെ കാണുന്ന അതേ ഗൌരവത്തോടെ തന്നെ കേരളത്തില്‍ ഇല്ലാതാവാന്‍ പോവുന്ന ആ മുപ്പത്തിയഞ്ചു ലക്ഷം ജനങ്ങളേയുംകാണണംഎന്നാണ്ഞങ്ങള്‍ക്കഭ്യര്‍ത്ഥിക്കാനുള്ളത്.
   ഇതൊരു മാനുഷീക പ്രശ്നമായെടുത്ത് താങ്കള്‍, അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന താങ്കളുടെ ഗവണ്‍‌മെന്റിനെ താങ്ങി നിറുത്തുന്ന പൊയ്ക്കാലുകളിലൊന്നായ തമിഴ് കഴക രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദം പരിഗണിക്കുന്നതിനോടൊപ്പം ഒരല്‍പ്പം താല്‍പ്പര്യം താങ്കള്‍ ഞങ്ങളുടെ കാര്യത്തിലും കാണിക്കണം.
   ജീവിക്കണോ അതോ മരിക്കണോ എന്ന ചോദ്യത്തിനു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ പകച്ചു നില്‍ക്കുന്നവരാണ് ഞങ്ങള്‍ കേരളീയര്‍ ഇന്ന്.ഈ ചോദ്യത്തിനു മുന്നില്‍ ജീവിക്കണം എന്ന ഉത്തരവുമായി അങ്ങയുടെ കനിവിനു കാക്കുമ്പോള്‍ അങ്ങ് കോടതി എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറരുത് ശ്രീ.പ്രധാനമന്ത്രി!കാരണം ജീവിക്കാനുള്ള ഉല്‍ക്കടമായ മോഹം ഉള്ളില്‍ ഉയര്‍ന്നു കത്തുമ്പോള്‍ അവിടെ എന്തു കോടതി, എന്തു പോലീസ്, എന്തു പട്ടാളം!
     ഈയൊരു പ്രശ്നത്തിനുത്തരം പുതിയൊരു ഡാം മാത്രമാണെന്ന് ഞങ്ങള്‍ കേരളീയര്‍ പലവട്ടം തമിഴ്‌നാട്ടുകാരോട് പറഞ്ഞു കഴിഞ്ഞു.നിഷ്പക്ഷരായ വിദഗ്ധരും ഇതിനേ അനുകൂലിക്കുന്നു.പുതിയ ഡാം വന്നാല്‍ ഇന്നത്തേപ്പോലെ എന്നെന്നും കൃത്യമായി ഇന്നത്തെ വിലയ്ക്കു തന്നെ വെള്ളം തന്നുകൊള്ളാമെന്ന് ഞങ്ങള്‍ പലവട്ടം തമിഴ്‌നാട്ടുകാര്‍ക്ക് ഉറപ്പുകൊടുത്തുകഴിഞ്ഞു.എന്നിട്ടും അവര്‍ ഞങ്ങളെ വിശ്വസിക്കുവാന്‍ കൂട്ടാക്കുന്നില്ല.അതുകൊണ്ട് ഞങ്ങളങ്ങയോട് അഭ്യര്‍ത്ഥിക്കുന്നത് അങ്ങും അങ്ങയുടെ മന്ത്രിസഭയും ദയവായി ഇക്കാര്യത്തിന് ഞങ്ങള്‍ക്കും തമിഴ്‌നാട്ടിനുമിടയില്‍ മദ്ധ്യസ്ഥരായിരിക്കുക എന്നതു മാത്രമാണ്.ഞങ്ങള്‍ക്കു നഷ്ടപ്പെടാന്‍ പോകുന്ന ഞങ്ങളുടെ കേരളത്തേയും അതിലെ ഇല്ലാതാകാന്‍ പോകുന്ന മുപ്പത്തിയഞ്ചോളം വരുന്ന ഞങ്ങളുടെ സഹോദരങ്ങളെ ഓര്‍ത്തെങ്കിലും ഈയൊരുപകാരമെങ്കിലും അങ്ങ് ഞങ്ങള്‍ക്ക് ചെയ്തുതരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിറുത്തുന്നു.
വാല്‍‌ക്കഷണം:- കഴിഞ്ഞ ബുധനാഴ്ച്ച (23/11/2011) രാത്രി മലയാളം ചാനലുകളില്‍ ഒരു സ്ക്രോള്‍ ന്യൂസ് കാണിച്ചിരുന്നു, തുടര്‍ച്ചയായി.വാര്‍ത്ത ഇതായിരുന്നു, പിറ്റേന്ന്(വ്യാഴാഴ്ച്ച 24/11/2011) ഈരാറ്റുപേട്ട വിദ്യാഭ്യാസ സബ് ജില്ലയില്‍‌പെട്ട സ്കൂളുകളില്‍ ഉച്ച വരെ അവധിയായിരിക്കും.കാരണമൊട്ട് പറഞ്ഞിരുന്നുമില്ല.എന്നാല്‍ ഇതുമായി ബന്ധപ്പെടുത്തി കേട്ട കാര്യം ഒരു ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നത്രെ,വ്യാഴാഴ്ച പകല്‍ 11 മണിക്ക് ആ പ്രദേശങ്ങളില്‍ ഇമ്മിണി വലിയ ഒരു ഭൂകമ്പമുണ്ടാകുമെന്നും അതില്‍‌പെട്ട് ഡാം തകരാന്‍ സാധ്യതയുണ്ടെന്നും.ഈ പ്രവചനം കേട്ട് പേടിച്ചാണത്രെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.അപ്പോള്‍ എന്റെ സംശയം നമ്മുടെ സീസ്മോളജിക്കല്‍ വകുപ്പ് പിരിച്ചുവിട്ട് ആ പണി ജ്യോത്സ്യന്മാരെ ഏല്‍പ്പിച്ചോ?


1 comment :

  1. മുല്ലപ്പെരിയാറിന്റെ പ്രശ്നങ്ങള്‍ കൃത്യമായി അവതരിപ്പിച്ചു.നന്നായി.

    ReplyDelete