ഷാരൂഖ് ഖാനും ഉല്‍ഘാടനവും.

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                               പണ്ട് പുരാണം എന്ന വകുപ്പിലൊരു കഥ വായിച്ചതോര്‍ക്കുന്നു.ബ്രഹ്മാവും അദ്ദേഹത്തിന്റെ പുത്രനും കൂടി വഴിനടന്ന് എവിടയോ പോവുകയായിരുന്നു.ബ്രഹ്മാവ് മുന്‍പില്‍, പുത്രന്‍ പിന്നാലെ.രണ്ടു പേരും അവരവരുടെ ചിന്തയില്‍ മുഴുകി അങ്ങനെ നടന്നു നടന്ന് ഒരു തടാകക്കരയിലെത്തി.അവിടെയാണെങ്കിലോ, സുരസുന്ദരികളായ ദേവസ്ത്രീകള്‍ കുളിക്കുകയും,അതും പൂര്‍ണനഗ്നരായി.ആദ്യം അഛനായ ബ്രഹ്മാവ് അവരുടെ അടുത്തെത്തി,എന്നിട്ടും ആ സ്ത്രീകള്‍ അദ്ദേഹത്തിന്റെ സാമീപ്യം അറിയുകയോ നാണം മറക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല.അദ്ദേഹം നടന്നു നീങ്ങിയതിന്റെ പിന്നാലെ മകനെത്തി.മകനടുത്തെത്തിയതും ഈ സ്ത്രീകള്‍ ഒന്നിച്ച് വെള്ളത്തിലേക്ക് ചാടി നാണം മറച്ചു.മകനിതൊരു വലിയ അദ്ഭുതമായിത്തോന്നി.പിന്നീടദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍ അഛന്റേയും തന്റേയും മുന്നിലുള്ള ആസ്ത്രീകളുടെ പെരുമാറ്റമായിരുന്നു.എത്ര ആലോചിച്ചിട്ടും അദ്ദേഹത്തിനതു മനസ്സിലായില്ല.അവസാനം അന്നു രാത്രി അയാള്‍ അഛനായ ബ്രഹ്മാവിനോട് തന്നെ സംശയം ചോദിച്ചു.അതിനഛന്‍ പറഞ്ഞ മറുപടി ഇതായിരുന്നു, ഞാനവരെ അപ്പോള്‍ അവിടെത്തന്നെ ഉപേക്ഷിച്ചുപോന്നപ്പോള്‍ നീയവരെ ഇപ്പോഴും താങ്ങി നടക്കുകയാണല്ലേ എന്നാണ്.
                                           ഞാനീ കഥ ഇപ്പോഴോര്‍ക്കാന്‍ കാരണം 2011 ഡിസംബര്‍ 21 ന്റെ ദേശാഭിമാനിയില്‍ വന്ന ഒരു ചെറിയ വാര്‍ത്തയാണ്.അര്‍ദ്ധനഗ്നകളായ ചിയര്‍ഗേള്‍സിനൊപ്പം നൃത്തം ചെയ്ത ഷാരൂഖ് ഖാനെതിരെ കേസെടുക്കണം എന്നാണാ വാര്‍ത്ത.പ്രമുഖ തുണിക്കടയുടെ ഉല്‍ഘാടനത്തിനെത്തിയ ഷാരൂഖ് ഖാനും മറ്റു മൂന്നു പേരുമാണ് അര്‍ദ്ധനഗ്നകളായ ചിയര്‍ ഗേള്‍സിനൊപ്പം നൃത്തം ചെയ്തത്.അതിനവര്‍ക്കെതിരെ 1986 ലെ സ്ത്രീ പ്രദര്‍ശനനിരോധനനിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നാരോപിച്ച് സമര്‍പ്പിച്ച സ്വകാര്യ അന്യായപ്രകാരം കേസെടുക്കാനാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയുടെ ഉത്തരവ്.
                                             ഏതാണ്ട് 3 കോടി രൂപയോ മറ്റോ പ്രതിഫലം വാങ്ങിയാണ് ഷാരൂഖ് ഖാന്‍ ഈ ഉല്‍ഘാടനത്തിനെത്തിയത്.വാങ്ങിച്ച കാശിനനുസരിച്ച് ജനത്തെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാവണം അദ്ദേഹം ചിയര്‍ ഗേള്‍സിനൊപ്പം നൃത്തമാടിയത്.ഒരു സൂപ്പര്‍താരമെന്ന നിലയിലും അനവധി ജനങ്ങളുടെ സ്വപ്നനായകനെന്ന നിലയിലും അദ്ദേഹം തന്റെ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നൂ ഈ നൃത്തത്തിലൂടെ.നൃത്തവും കഴിഞ്ഞ് പൊടിയും തട്ടി അദ്ദേഹം സ്ഥലം വിടുകയും ചെയ്തു.പിന്നീടദ്ദേഹത്തിന്റെ മനസ്സില്‍ ഈ ചിയര്‍ ഗേള്‍സിന് യാതൊരു സ്ഥാനവും ഉണ്ടാകുമെന്നെനിക്കു തോന്നുന്നില്ല.ഒരു യുവനായകനടന്‍ എന്ന നിലയില്‍ നിരവധി പെണ്‍കുട്ടികളുമായി സ്ഥിരം ഇഴുകിച്ചേര്‍ന്നഭിനയിക്കുന്നയാളാണദ്ദേഹം.ഇവരെയൊക്കെ അദ്ദേഹം മനസ്സില്‍ കൊണ്ടുനടന്നാല്‍, സ്വന്തം കുടുംബത്തിന്റെ സ്ഥിതിയെന്താകും?തന്നേയുമല്ല മറ്റു പലരില്‍ നിന്നും വ്യത്യസ്ഥമായി കൃത്യവും ശക്തവുമായ ഒരു കുടുംബബന്ധം അദ്ദേഹത്തിനുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.( ഞാനദ്ദേഹത്തിന്റെ ആരാധകനോ,അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളയാളുമല്ല.)ഇതല്ലെ ആ നടനും കേസുകൊടുത്ത ആളും തമ്മിലുള്ള വ്യത്യാസം.നടന്‍ ഡാന്‍സു കഴിഞ്ഞതോടെ ആ പ്രശ്നം കഴിഞ്ഞു,എന്നാല്‍ കേസുകൊടുത്തയാളോ, ഇപ്പോഴും അത് മനസ്സില്‍ പേറിനടക്കുകയാണ്.ഇതിനല്ലേ അസൂയ,കുശുമ്പ് എന്നൊക്കെ പറയുന്നത്.
                                   ഇനി നോക്കുക, സ്ത്രീയുടെ ശരീരം അവഹേളിക്കപ്പെടാത്ത ഏതെങ്കിലും ഒരു പരസ്യം ഇന്ന് പുറത്തിറങ്ങുന്നുണ്ടോ?പുരുഷന്റെ വസ്ത്രത്തിന്റെ പരസ്യമായാല്‍പ്പോലും അവിടേയും കാണും അര്‍ദ്ധനഗ്നയോ മുക്കാല്‍ നഗ്നയോ ആയ ഒരു പെണ്‍കുട്ടി.സ്വന്തം കൂട്ടികളുമായി ഇന്ന് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയായിട്ടുണ്ട്, നമ്മൂടെ നാട്ടില്‍.എവിടെത്തിരിഞ്ഞു നോക്കിയാലും അര്‍ദ്ധനഗ്നകളും മുക്കാനഗ്നകളുമായ സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രം.ഇതിനെതിരെ ഒരു കേസ് ഫയല്‍ ചെയ്യാന്‍ ഈ സ്വകാര്യ അന്യായക്കാരന് മനസ്സോ സമയമോ ഇല്ല.ഇതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഷാരൂഖാ‍നെതിരെയുള്ള കേസ് അസൂയ കൊണ്ടാണെന്നാണ്.
                                          ഇനി നോക്കൂ,നമ്മൂടെ നാട്ടിലെ സദാചാരബോധത്തിന്റെ ഇന്നത്തെ അവസ്ഥ.കോഴിക്കോട് ജില്ലയില്‍ മുക്കം എന്ന ഗ്രാമത്തില്‍ ഒളിസേവക്കെത്തിയെന്നുപറഞ്ഞ് ഒരു യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു.എന്നാല്‍ ഒരു സ്ത്രീ ക്രൂരമായി പീഡിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ഈ സദാചരപോലീനെ മഷിയിട്ടുനോക്കിയാല്‍ കാണാന്‍ കിട്ടാത്ത അവസ്ഥയാണ്.അതായത് ഒരു പുരുഷനെ സംശയാസ്പദമായ അവസ്ഥയില്‍ കിട്ടിയാല്‍ അടിച്ചുകൊല്ലാന്‍ മടിക്കാത്ത നാട്ടുകാര്‍ - എല്ലാവരുമല്ല സദാചാരസംരക്ഷകര്‍ മാത്രം - ഒരു സ്ത്രീ പീഡിക്കപ്പെടുമ്പോള്‍ കാഴ്ചക്കാരായി കണ്ടുനില്‍ക്കുകയോ അല്ലെങ്കില്‍ പ്രതിയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന നിലപാടാണ് കാണിക്കുന്നത്.നിരവധി ഉദാഹരണങ്ങള്‍ നമുക്കെടുത്ത് കാണിക്കാനുണ്ടാകും.
                                  എന്താണിതിനു കാരണം?മറ്റുപലതിലുമെന്നപോലെ മധ്യവര്‍ഗക്കാരാകാന്‍ കഴിയാത്ത മധ്യവര്‍ഗക്കാരായ കേരളീയരാണിതിനു കാരണം.പുരുഷന്റെ അധീശത്വം സര്‍വരംഗങ്ങളിലും, ഉല്‍പ്പാദന,സേവന,കാര്‍ഷീകരംഗങ്ങളിലെല്ലാം - അല്ലെങ്കില്‍ ഇടപെടുന്ന കാര്യങ്ങളിലെല്ലാം പുലര്‍ത്തണമെന്ന ഒരു അന്ധവിശ്വാസം കേരളീയ്യനെ കീഴ്പ്പെടുത്തിയിരിക്കുന്നു.അതിന്റെ പ്രതിഫലനമാണീ കാണുന്നതെല്ലാം.എവിടെയൊക്കെ പുരുഷന്‍ അധീശത്വം കാണിക്കുന്നുവോ അവിടെയൊക്കെ പുരുഷന്‍ ഒന്നുമല്ലെന്നും പുരുഷനും സ്ത്രീയും കൂടിച്ചേരുമ്പോള്‍ മാത്രമാണ് പുരുഷന്‍ പുരുഷനാകുന്നതെന്ന് ശക്തമായി അവനെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നത് മാത്രമാണതിനു പോം‌വഴി.

Post a Comment