മതനിന്ദാവാദത്തിന്റെ മന:ശാസ്ത്രം 2

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
 നമ്മള്‍ പഴയ ചില മതനിന്ദകരുടെ ചരിത്രം പരിശോധിക്കുകയായിരുന്നു.അതില്‍ കോപ്പര്‍ നിക്കസും ബ്രൂണോയും കഴിഞ്ഞ പോസ്റ്റില്‍ കഴിഞ്ഞു - ഭാഗം ഒന്നില്‍.ലിങ്ക് :-മതനിന്ദാവാദത്തിന്റെ മന:ശാസ്ത്രം - 1. അടുത്ത ഭാഗം തുടര്‍ന്നു വായിക്കുക.

3.ഗലീലിയോ ഗലീലി (1564 - 1642): ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനും ദാര്‍ശനീകനുമായിരുന്നൂ അദ്ദേഹം.ഭൂമി സ്വയം ചലിക്കുന്നതാണെന്ന് ഇദ്ദേഹം തെളിയിച്ചു.പെന്‍ഡുലത്തിന്റെ തത്വം കണ്ടുപിടിച്ചതും ഇദ്ദേഹമാണ്.ദൂരദര്‍ശിനി സ്വയം നിര്‍മ്മിച്ച് അതിന്റെ സഹായത്താല്‍ വാനനിരീക്ഷണം നടത്തി. ‘ഡയലോഗ് ഓഫ് ടോളമിക് ആന്‍ഡ് കോപ്പര്‍നിക്കന്‍ സിസ്റ്റം’ എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി.ഗലീലിയോയുടെ കണ്ടുപിടിത്തങ്ങളും അതുമായി ബന്ധപ്പെട്ടു രചിച്ച പുസ്തകവും മതസിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായിരുന്നു.ഇത് മതമേലാവികളെ അസ്വസ്ഥരാക്കി.മതക്കോടതി ഗലീലിയോയെ വിസ്തരിച്ച് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു.തടങ്കലിലെ മാനസികപ്രശ്നങ്ങള്‍ താങ്ങാനാവാതെ രോഗബാധിതനായി അദ്ദേഹം മരിച്ചു.സയന്‍സിന്റെ മറ്റൊരു രക്തസാക്ഷിയായിത്തീര്‍ന്നു അദ്ദേഹം.
4.ചാള്‍സ് ഡാര്‍വിന്‍ (1809 - 1882): ജീവപരിണാമസിദ്ധാന്തത്തിന് വ്യക്തമായൊരു അടിത്തറ സൃഷ്ടിച്ച ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.വൈദികവിദ്യാഭ്യാസത്തിനായി കേംബ്രിഡ്ജിലെ ക്രൈസ്റ്റ് കോളേജില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കിയെങ്കിലും വൈദികവൃത്തിയില്‍ പ്രവേശിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല.1831 മുതല്‍ 1836 വരെ ‘ ബീഗിള്‍’ എന്ന നാവികക്കപ്പലില്‍ ലോകം ചുറ്റി.അമേരിക്കയിലെ ഗാലപ്പാഗോസ് ദ്വീപസമൂഹങ്ങളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ നിര്‍ധാരണം ചെയ്ത് 1859 ല്‍ ‘ ഒറിജിന്‍ ഓഫ് സ്പീഷീസ് ‘ എന്ന പുസ്തകം രചിച്ചു.ഈ പുസ്തകം ആധുനീക ജീവപരിണാമത്തിന്റെ ആധികാരിക രചനയായിത്തീര്‍ന്നു.മതസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ശക്തമായ ‘മതനിന്ദാ’ ആരോപണത്തിന് ഇദ്ദേഹവും വിധേയനാകേണ്ടി വന്നു.
5.ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ( 1879 - 1955): ജര്‍മ്മന്‍ ഭൌതികശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.1905 ല്‍ ഫോട്ടോ എലട്രിക്ക് എഫക്ട് , ബ്രൌണിയന്‍ ചലനം, ആപേക്ഷികതാ സിദ്ധാന്തം എന്നീ വിഷയങ്ങളെ ആധാരമാക്കി മൂന്നു പ്രബന്ധങ്ങള്‍ രചിച്ചു.ദ്രവ്യത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയുകയില്ല എന്ന ധാരണ അദ്ദേഹം തിരുത്തിക്കുറിച്ചു.മതസിദ്ധാന്തങ്ങള്‍ക്ക് തികച്ചും വിരുദ്ധമായിരുന്നു ഇദ്ദേഹത്തിന്റെ ശാസ്ത്രീയസിദ്ധാന്തങ്ങളും.1921 ല്‍ നോബല്‍ പ്രൈസ് ലഭിച്ചു.തങ്ങളുടെ മതസിദ്ധാന്തങ്ങളെ കാറ്റില്‍ പറത്തി ശാസ്ത്രം പുരോഗമിക്കുകയാണെന്നും മുന്‍ശാസ്ത്രജ്ഞന്മാരോടു കാട്ടിയ ക്രൂരതകള്‍ വലിയ എതിര്‍പ്പിനു കാരണമായിട്ടുണ്ട് എന്നും തിരിച്ചറിഞ്ഞതിനാലാവാം മുന്‍ശാസ്ത്രജ്ഞന്മാര്‍ നേരിട്ടത്ര ശക്തമായ ‘മതനിന്ദാ’ ആരോപണം ഐന്‍സ്റ്റൈനെതിരെ ഉണ്ടായില്ല.
                                         ഇതില്‍ നിന്നെല്ലാം വെളിപ്പെടുന്ന ചില അപ്രിയ സത്യങ്ങളെ കണ്ടില്ലെന്ന് ചിലര്‍ നടിച്ചേക്കാം.പക്ഷെ അനുക്ഷണ വികസ്വരമാകുന്ന പ്രപഞ്ചവിജ്ഞാനത്തിനും മനുഷ്യന്റെ ഭൌതികപുരോഗതിക്കും അടിത്തറ പാകിയത് മനുഷ്യന്റെ സാഹസീകതയും ശാസ്ത്രാന്വേഷണത്വരയും ആണെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല.മതസിദ്ധാന്തങ്ങളുടെ ഭാവനാലോകത്തെ ചക്രവര്‍ത്തിമാരാണോ അവരുടെ ദണ്ഡനങ്ങള്‍ക്ക് വിധേയരായി മതനിന്ദാപട്ടം ഏറ്റുവാങ്ങേണ്ടിവന്ന മഹാന്മാരായ ശാസ്ത്രജ്ഞന്മാരാണോ മനുഷ്യസമൂഹത്തിന്റെ ഇതുവരെയുള്ള പുരോഗതിക്ക് ഏറെ സംഭാവന നല്‍കിയത് എന്ന ചോദ്യത്തില്‍ നിന്നും സമര്‍ത്ഥമായി ഒഴിഞ്ഞു മാറുകയാണ് സമൂഹം.ഒരു മറുചോദ്യമുയര്‍ത്തി രക്ഷപ്പെട്ടുനില്‍ക്കുകയാണ് നാം.ചോദ്യമിതാണ്.എങ്കില്‍ എന്തുകൊണ്ട് മതങ്ങളുടേയും മതമേലാധികാരികളുടേയും പ്രസക്തി ഇപ്പോഴും ലോകത്ത് ശക്തമായി നിലനില്‍ക്കുന്നു? ഈ ചോദ്യത്തിന് ഉത്തരം പറയും മുന്‍പ് മറ്റു ചില കാര്യങ്ങള്‍ കൂടി ആമുഖമായി സൂചിപ്പിക്കേണ്ടതുണ്ട്.
                                  വസ്തുനിഷ്ഠപ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ ആത്മനിഷ്ഠ അവബോധമാണ് ‘ദൈവം’ എന്ന അവന്റെ പരികല്‍പ്പനയുടെ അടിസ്ഥാനം.ആദിമമനുഷ്യന്റെ അറിവില്ലായ്മയില്‍ പിറവി കൊണ്ട ദൈവത്തിനും ആധുനികമനുഷ്യന്റെ ആഗോള അവബോധത്തില്‍ ആത്മപരിണാമം സംഭവിച്ച ദൈവത്തിനും തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ട്.’ദൈവം’ എന്ന വാക്കൊഴികെ അതിന്റെ പരികല്പനകളൊക്കെയും കാലാകാലമായി മാറിക്കൊണ്ടിരിക്കുകയാണ്. ‘ദൈവമാണ് സത്യം’ എന്ന് ആദ്യകാലത്ത് പറഞ്ഞിരുന്ന മഹാത്മാഗാന്ധി നിരീശ്വരവാദിയായിരുന്ന രാമചന്ദ്രഗോറെയുമായി നടത്തിയ നിരന്തരസംവാദത്തിനൊടുവില്‍ ‘സത്യമാണ് ദൈവം’ എന്ന് തിരുത്തിപ്പറയാന്‍ തയ്യാറായി.ദൈവത്തെക്കുറിച്ചദ്ദേഹത്തിനുണ്ടായിരുന്ന ആത്മനിഷ്ഠ അവബോധത്തിലുണ്ടായ മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.എന്തായാലും പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ് ഉടയവന്‍ എന്നീ സ്ഥാനങ്ങളില്‍നിന്നും ദൈവത്തെ നീക്കം ചെയ്യണം എന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞരുടെ എണ്ണം വര്‍ദ്ധിച്ചു വരിക തന്നെയാണ്.കോപ്പര്‍ നിക്കസ് മതവിശ്വാസത്തെ തള്ളിപ്പറയുകയോ ചാള്‍സ് ഡാര്‍വിന്‍ പ്രപഞ്ചസൃഷ്ടാവിനെ നിഷേധിക്കുകയോ ചെയ്തിട്ടില്ല എങ്കിലും ഇവരെ മതനിന്ദാവാദമുയര്‍ത്തി മതപൌരോഹിത്യം നിരാകരിക്കുകയാണുണ്ടായത്.ഇവരുടെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ മതസിദ്ധാന്തങ്ങള്‍ക്ക് എതിരായിരുന്നതും ദൈവാസ്തിത്വം ആ നിരീക്ഷണങ്ങളില്‍ പ്രതിഫലിക്കാതിരുന്നതാണ് കാരണം.1996 ല്‍ ഫ്രീ തോട്ട് പീഡിയ നടത്തിയ സര്‍വേയില്‍ 60.7% ശാസ്ത്രജ്ഞന്മാരും ദൈവവിശ്വാസികളോ മതവിശ്വാസികളോ അല്ല എന്നു കണ്ടെത്തുകയുണ്ടായി.മഹാന്മാരായ ശാസ്ത്രജ്ഞരില്‍ 93 ശതമാനം പേരും ഈ വിഭാഗത്തില്‍ വരുന്നൂ എന്നാണ് ഫ്രീ തോട്ട് പീഡിയായുടെ മറ്റൊരു കണ്ടെത്തല്‍.വിശ്വപ്രസിദ്ധശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങ് ഈ അടുത്തകാലത്തെഴുതിയ “The Great Designer “ എന്ന കൃതിയില്‍ ‘പ്രപഞ്ചസൃഷ്ടി സംബന്ധിച്ച ശാസ്ത്രസിദ്ധാന്തങ്ങളില്‍ ദൈവത്തിന് ഒരു പങ്കുമില്ല’ എന്ന് അസന്നിഗ്ദമായി പറയുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും ഗണ്യമായൊരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും സത്യവും സ്നേഹവും കരുണയും വഴിഞ്ഞൊഴുകുന്ന ഒരു നീതിമാനായി ദൈവം ജീവിക്കുക തന്നെയാണ്.
(ശേഷം അടുത്തു തന്നെ പോസ്റ്റ് ചെയ്യും.) 
Post a Comment