മതനിന്ദാവാദത്തിന്റെ മന:ശാസ്ത്രം 3

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
മതനിന്ദാവാദത്തിന്റെ മനശാസ്ത്രം എന്ന ദേശാഭിമാനി ലേഖനത്തിന്റെ മൂന്നാം ഭാഗം.ഇതിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ 20, 21 തീയതികളില്‍ പ്രസിദ്ധീകരിച്ചിരുന്നു. 
                    സത്യവും സ്നേഹവും കരുണയുമൊക്കെയുള്ള സര്‍വശക്തനാണ് ദൈവമെങ്കില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു മത സിദ്ധാന്തത്തിന്റേയും ഫ്രെയിമിനുള്ളില്‍ അദ്ദേഹത്തിന് ഒതുങ്ങിക്കൂടാനാവില്ല എന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്.’ടൈം’ മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു വ്യക്തികളില്‍ ഒരാളായി 2005 ല്‍ തിരഞ്ഞെടുത്ത അയാന്‍ ഹിര്‍സി അലി തന്റെ ജീവരക്തം തൊട്ടെഴുതിയ Infidel (അവിശ്വാസി) എന്ന ആത്മകഥയില്‍ ഒരു ഭാഗത്ത് ഇങ്ങനെ ചോദിക്കുന്നു: “നീതിമാനായ അല്ലാഹുവിന് എങ്ങനെ സ്ത്രീകളെ ഇങ്ങനെ കാണാന്‍ കഴിയും?സ്ത്രീകളുടെ സാക്ഷ്യത്തിന് പുരുഷന്റേതിന്റെ പകുതി മൂല്യമേയുള്ളു എന്ന് മാ അലിം പറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് എന്ന് ഞാന്‍ ചിന്തിച്ചു.ദൈവം ദയാനിധിയാണെങ്കില്‍ മനുഷ്യരെ എന്തിനു പൊതുസ്ഥലങ്ങളില്‍ തൂക്കിലേറ്റാന്‍ നിര്‍ദ്ദേശിക്കുന്നു.ദൈവം അനുകമ്പയുള്ളവനാണെങ്കില്‍ അവിശ്വാസികളെ എന്തിനു നരകത്തിലേക്കയക്കുന്നു?അല്ലാഹു സര്‍വശക്തനാണെങ്കില്‍ എന്തുകൊണ്ട് അവിശ്വാസികളേയും വിശ്വാസികളാക്കിക്കൂട?എന്തുകൊണ്ട് അവരേയും സ്വര്‍ഗത്തിലേക്ക് എത്തിച്ചുകൂടാ?”
                 ദൈവം സര്‍വശക്തനും കരുണാമയനുമാണെന്ന് പാടിപ്പുകഴ്ത്തുകയും സങ്കുചിതതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഈ മഹനീയ സാന്നിധ്യത്തിന് കടന്നെത്താന്‍ കഴിയാത്തവിധം മതചട്ടക്കൂടുകള്‍ നിര്‍മ്മിക്കുകയും ദയാരഹിതമായ പെരുമാറ്റ സംഹിതകള്‍ ദൈവവചനങ്ങളെന്ന പേരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അയാന്‍ ഇവിടെ സ്വജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്യുന്നത്.ഒരിക്കല്‍ ഒരു പച്ചപ്പാവവും പില്‍ക്കാലത്ത് പെണ്‍‌കരുത്തിന്റെ ലോകമാതൃകയുമായി മാറിയ അയാന്‍ എന്ന സോമാലിയക്കാരിയുടെ ഈ ആത്മകഥ ലോകത്തെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായി മാറിയിരിക്കുന്നു എന്നത് മതനിന്ദാകോലാഹലമുയര്‍ത്തുന്നവര്‍ക്ക് ഒട്ടും ആശ്വാസത്തിന് വകനല്‍കുന്നില്ല.
                           കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മതനിന്ദാകോലാഹലങ്ങള്‍, മുന്‍പ് നിലവിലുണ്ടായിരുന്ന തൊട്ടുകൂടായ്മ പോലെയും അപകടമാം വിധം പ്രതിലോമസ്വഭാവം പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ മതനിന്ദാവാദത്തിന് എങ്ങനെയാണ് സമൂഹത്തില്‍ മേല്‍ക്കൈ നേടാനാവുന്നതെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.തികച്ചും സാധാരണക്കാരായ മതവിശ്വാസികളുടെ മനോഭാവം ഒരു മുഖ്യരാസത്വരകമായി ഇവിടെ പ്രതിപ്രവര്‍ത്തിക്കുന്നത് കാണാം.അയാന്‍ ഹിര്‍സി അലി സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇതു സംബന്ധിച്ചു വ്യക്തമാക്കുന്ന ഒരു നിരീക്ഷണം ഏറെ ശ്രദ്ധേയവും പഠനാര്‍ഹവുമാണ്. “വിശുദ്ധമായി നിങ്ങള്‍ കണക്കാക്കുന്ന ഒരു കാര്യം യഥാര്‍ഥത്തില്‍ അങ്ങനെയല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍, അത്തരമൊരു അഭിപ്രായത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ലെങ്കില്‍, നിങ്ങളുടെ വികാരങ്ങള്‍ക്ക് മുറിവേല്‍ക്കുക സ്വാഭാവികം.”ചിന്തിക്കാനുള്ള പ്രാപ്തി ലഭ്യമാവുംവിധമുള്ള ആശയവിനിമയസാദ്ധ്യതയുണ്ടാകുമ്പോള്‍ മതവികാരങ്ങള്‍ക്ക് മുറിവേല്‍ക്കാനുള്ള സാധ്യതയും കുറഞ്ഞുവരും.ഇതുമനസ്സിലാക്കി ‘ചിന്തകളുടെ പാരസ്പര്യത്തിനു’ പകരം ‘ചിന്തകളുടെ ഏകപക്ഷീയത‘ നിലനിര്‍ത്താനും വികസിപ്പിക്കാനുമാണ് എല്ലാ മതമേധാവികളും തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന ശ്രീനാരായണഗുരുവിന്റെ പ്രസ്താവനക്ക് പ്രസക്തിയുള്ള മണ്ണായിരുന്നു കേരളത്തിന്റേത്.നവോത്ഥാനകാലഘട്ടത്തിന്റെ ആ വളക്കൂറ് കേരളത്തിന്റെ സാംസ്കാരികഭൂമികക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
                   മതനിന്ദാകോലാഹലവുമായി ബന്ധപ്പെട്ട് എപ്പോഴുമുയര്‍ന്നുകേള്‍ക്കുന്ന ഭീഷണി നിറഞ്ഞ ഒരു പ്രതിരോധപ്രയോഗമാണ് മതവികാരം വൃണപ്പെടുന്നു എന്നത്.യഥാര്‍ഥത്തില്‍ ഒരു സാധാരണ മതവിശ്വാസിയുടെ വികാരങ്ങള്‍ സ്വയം വൃണപ്പെടുന്നതേയില്ല. ചില താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ‘മതനിന്ദ’ എന്ന ആരോപണമുയര്‍ത്തി അവരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നത് വിരലിലെണ്ണാവുന്ന ചില മതമേധാവികളോ തല്‍പ്പരകക്ഷികളൊ ആണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും.
                                                                                                   മുസ്ലീം ജനസാമാന്യത്തിനിടയില്‍ തനിക്കു നഷ്ടപ്പെട്ടുപോയ സ്വാധീനം വീണ്ടെടുക്കാന്‍ ഒരു മുന്‍‌കേന്ദ്രമന്ത്രി മേല്‍ക്കൊടുത്ത തന്ത്രം പ്രയോഗിച്ചതും അല്‍പ്പം വൈകിയാണെങ്കിലും അപ്രതീക്ഷിതമായി ഈ തന്ത്രം പുറത്തറിഞ്ഞതും വളരെ കാലപ്പഴക്കമുള്ള കഥയൊന്നുമല്ല.കര്‍ണാടകത്തില്‍ ഏറെ പ്രചാരമുള്ള “ഡെക്കാണ്‍ ഹെറാള്‍ഡ്” എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ സണ്‍‌ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ചെറുകഥയായിരുന്നു മതനിന്ദാകോലാഹലത്തിന് വിഷയമായത്.അതും മലയാളത്തില്‍ നിന്നും പരിഭാഷ ചെയ്യപ്പെട്ടത്.ലഹളയുടെ ഒന്നാം ഘട്ടത്തില്‍ ഡെക്കാണ്‍ ഹെറാള്‍ഡ് ദിനപ്പത്രത്തിന്റെ ഓഫീസ് എറിഞ്ഞു തകര്‍ക്കപ്പെട്ടു.കര്‍ണാടകഭരണ സിരാകേന്ദ്രമായ ബംഗളൂരുവിലെ വിധാന്‍ സൊധിന്റെ അങ്കണം ദിവസങ്ങളോളം കലാപഭൂമിയായി.പതിനാറ് നിരക്ഷരരായ് മുസ്ലീം സഹോദരന്മാര്‍   അവിടെ വെടിയേറ്റു മരിച്ചു.അവരാരും തന്നെ ഇംഗ്ലീഷ് ഭാഷയറിയുന്നവരോ “മതനിന്ദ” ആരോപിക്കപ്പെട്ട ചെറുകഥ വായിച്ചിരുന്നവരോ അല്ല എന്ന് പിന്നീടാണ് വെളിവാക്കപ്പെട്ടത്.ഗൃഹനാഥന്മാര്‍ നഷ്ടപ്പെട്ട 16 മുസ്ലീം കുടുംബങ്ങളിലെ ജീവിച്ചിരുന്ന പാവം മനുഷ്യര്‍, ഇതുകൊണ്ട് നേട്ടമുണ്ടായത് മുസ്ലീം നാമധാരിയായ ഒരു കുബുദ്ധിക്കു മാത്രമാണെന്ന് തിരിച്ചറിഞ്ഞതേയില്ല.‘മണ്ടനായ മുഹമ്മെദ്’എന്ന ചെറുകഥയെഴുതിയ അത്ര പ്രശസ്തനൊന്നുമല്ലാതിരുന്ന മലയാളി എഴുത്തുകാരന്‍ തന്റെ കഥയില്‍ പ്രവാചകസാന്നിദ്ധ്യം താന്‍ സ്വപ്നം കാണുകപോലുമുണ്ടായിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി.ഏറ്റവും ശ്രദ്ധേയമായ കാര്യം ഇത് മലയാള ദിനപ്പത്രത്തില്‍ മുന്‍പ് പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിലെ ഒരു മുസ്ലീമിന്റേയും മതവികാരം വൃണപ്പെട്ടില്ല എന്നതുതന്നെയാണ്.
                                              മതവികാരം വൃണപ്പെടുത്തുക എന്നതുപോലെതന്നെ എളുപ്പമാണ് അതില്‍ഊടെ നേട്ടം കൊയ്യുക എന്നതും.ചിലരുടെ തലതിരിഞ്ഞ ഈ തിരിച്ചറിവാണ് ‘മതനിന്ദാ’ വാദത്തിനു പിന്നിലെ പ്രേരകശക്തി.കേരളത്തില്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്ന മതനിന്ദാവാദങ്ങളില്‍ പലതും തങ്ങള്‍തന്നെ ഉയര്‍ത്തിക്കൊണ്ടുവന്നതാണെന്നകാര്യം ഇവിടത്തെ മതപൌരോഹിത്യം മറച്ചുവൈക്കുന്നതേയില്ല.അത്ര ആത്മവിശ്വാസമാണ് അവര്‍ക്ക് ഇക്കാര്യത്തില്‍ ഇപ്പോഴുമുള്ളത്. ‘വിശുദ്ധം’ എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെട്ടു പോരുന്നതൊന്നും വിശകലനവിധേയമാക്കാനേ പാടില്ല എന്ന ഔദ്ധ്യത്യമാണ് അവര്‍ക്കുള്ളത്.വിഭിന്ന ചേരികളില്‍ നില്‍ക്കുമ്പോഴും തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ ഇവര്‍ പരസ്പരം കൈകോര്‍ത്ത് ശക്തിപകര്‍ന്നു നില്‍ക്കുന്ന കാഴ്ച്ച ഇപ്പോള്‍ കേരളത്തിനു പുതുമയുള്ളതല്ല.
                                                  വ്യക്തിയെ അവന്റെ സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പ്രാപ്തനാക്കുക,അവനില്‍ ആത്മവിശ്വാസം വളര്‍ത്താനുള്ള ഉപാധികള്‍ സൃഷ്ടിച്ചുകൊടുക്കുക എന്നീ കാര്യങ്ങളില്‍ ആധുനീക മനശാസ്ത്രം വിപ്ലവകരമായ നേട്ടം കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്.ഈ മനശാസ്ത്ര സിദ്ധാന്തങ്ങളോട് ഏറെ പൊരുത്തപ്പെട്ടു നില്‍ക്കുന്നവയാണ് മതേതര ജനാധിപത്യ കാഴ്ചപ്പാടുകളും അതുമായി ബന്ധപ്പെട്ട ഭരണ സംവിധാനങ്ങളും.എന്നാല്‍ അതിനു നേര്‍വിപരീതദിശയിലാണ് ‘വിശുദ്ധ’മെന്ന് വ്യവഹരിക്കപ്പെട്ടു പോകുന്ന പല ‘മതകല്പന‘കളും. ‘ആട്ടിന്‍പറ്റവും നല്ല ഇടയനും’ എന്ന വിശുദ്ധ മതബിംബത്തിന്റെ കാര്യം തന്നെ എടുക്കാം.പുരോഹിതന്‍ എന്ന ഇടയന്റെ ഇഛക്കനുസരിച്ച് ആട്ടിത്തെളിക്കാന്‍ കഴിയുന്ന ആട്ടിന്‍പറ്റത്തിന്റെ സ്ഥാനം മാത്രമാണ് ഇവിടെ ജനസാമാന്യത്തിനു നല്‍കിയിരിക്കുന്നത്.ഇത് തികച്ചും ജനാധിപത്യവിരുദ്ധമായ കാഴ്ച്ചപ്പാടാണ്. മാത്രമല്ല മതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ‘മനുഷ്യപുത്ര’ സങ്കല്‍പ്പത്തിനു തന്നെ ഈ ബിംബകല്‍പ്പന എതിരുമാണ്.
                                            യേശുകൃസ്തു ഒരു മിത്തോ ചരിത്രപുരുഷനോ എന്ന തര്‍ക്കവിഷയത്തെ നമുക്കതിന്റെ വഴിക്ക് വിടാം.ലോകത്ത് ഗണ്യമായൊരു വിഭാഗം ജനമനസ്സുകളില്‍ ഇപ്പ്പ്പോഴും ആരാധനാപാത്രമായി പുലര്‍ന്നു പോരുന്ന വിശുദ്ധരൂപനാണ് ക്രിസ്തു.എന്നാല്‍ ക്രിസ്ത്യന്‍ ജനസാമാന്യം എന്ന വലിയ ആട്ടിന്‍പറ്റത്തിന്റെ ‘നല്ല ഇടയനായി’ ക്രിസ്തുവിനെ സങ്കല്‍പ്പിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ മഹത്വം ഇടിച്ചുതാഴ്ത്തലാവും.ഗോത്രകാല സംസ്കൃതിയില്‍ രൂപപ്പെട്ടതായിരുന്നൂവെങ്കിലും സാമ്പത്തീകസമത്വവും സമഭാവനയും ക്രിസ്തുവചനങ്ങളുടെ ഉള്‍ക്കരുത്തായിരുന്നു.ജനാധിപത്യത്തിന്റെ അരുണോദയം സ്വപ്നം കാണുന്നതിന്റെ മൂല്യബോധവും അവയിലുണ്ടായിരുന്നു.ക്രിസ്തുമതം പില്‍ക്കാലത്ത് സ്ഥാപനവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ മൂല്യനിരാസമായിരിക്കാം ഈ പ്രതിലോമ ബിംബകല്‍പ്പനയുടെ അടിസ്ഥാനം എന്നു കരുതേണ്ടിയിരിക്കുന്നു.1825 ജൂണ്‍ 25 ന് കാള്‍ മാര്‍ക്സ് എഴുതിയ ‘പള്ളിവിരുദ്ധപ്രസ്ഥാനം - ഹൈഡ് പാര്‍ക്കിലെ പ്രകടനം’ എന്ന കുറിപ്പിലെ ഒരു ഭാഗത്ത് ഈ മൂല്യനിരാസം സംബന്ധിച്ച് ശ്രദ്ധേയമായ ഒരു പരാമര്‍ശമുണ്ട്.
                               “ പണ്ടത്തെ ക്രിസ്തുമത പുണ്യാളന്‍ സാധാരണ മനുഷ്യരുടെ ആത്മാവിന് പുണ്യം കിട്ടാന്‍ വേണ്ടി തന്റെ ദേഹം നിഗ്രഹിക്കുകയാണുണ്ടായതെങ്കില്‍ അഭ്യസ്ഥവിദ്യനായ ആധുനീക പുണ്യാളന്‍ തന്റെ ആത്മാവിന്റെ പുണ്യത്തിനായി സാധാരണ മനുഷ്യരുടെ ദേഹം നിഗ്രഹിക്കുകയാണ് ചെയ്തത്.” 1883 ആഗസ്തില്‍ ഫ്രെഡറിക് ഏംഗത്സ് എഴുതിയ “വെളിപാട് പുസ്തകം” എന്ന ലേഖനത്തില്‍ ഏണസ്റ്റ് രെനാലിനെ വിമര്‍ശിക്കുമ്പോഴും അദ്ദേഹം പറഞ്ഞ ഒരു നല്ല കാര്യം ഉദ്ധരിച്ച് ചേര്‍ക്കുന്നുണ്ട്.അതിങ്ങനെയാണ്: “ ആദ്യകാലത്തെ ക്രൈസ്തവയോഗങ്ങളെപ്പറ്റി ശരിയായൊരു ധാരണ വേണമെങ്കില്‍ ഇന്നത്തെ ഇടവകയുമായി അവയെ ഒരിക്കലും താരതമ്യപ്പെടുത്തരുത്.സാര്‍വദേശീയ പണിയാള സമാജത്തിന്റെ പ്രാദേശികശാഖകളുമായാണവയ്ക്ക് കൂടുതല്‍ സാമ്യം.”                           
(ശേഷം അടുത്തു തന്നെ പോസ്റ്റ് ചെയ്യും.)
                

1 comment :

  1. വ്യക്തിയെ അവന്റെ സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പ്രാപ്തനാക്കുക,അവനില്‍ ആത്മവിശ്വാസം വളര്‍ത്താനുള്ള ഉപാധികള്‍ സൃഷ്ടിച്ചുകൊടുക്കുക എന്നീ കാര്യങ്ങളില്‍ ആധുനീക മനശാസ്ത്രം വിപ്ലവകരമായ നേട്ടം കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്.ഈ മനശാസ്ത്ര സിദ്ധാന്തങ്ങളോട് ഏറെ പൊരുത്തപ്പെട്ടു നില്‍ക്കുന്നവയാണ് മതേതര ജനാധിപത്യ കാഴ്ചപ്പാടുകളും അതുമായി ബന്ധപ്പെട്ട ഭരണ സംവിധാനങ്ങളും.എന്നാല്‍ അതിനു നേര്‍വിപരീതദിശയിലാണ് ‘വിശുദ്ധ’മെന്ന് വ്യവഹരിക്കപ്പെട്ടു പോകുന്ന പല ‘മതകല്പന‘കളും.

    ReplyDelete