തനിയാവര്‍ത്തനം.

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
( കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റ് കിട്ടാതിരുന്നതിനാല്‍ എന്റെ വധം ഉണ്ടായിരുന്നില്ല.പക്ഷെ ഇപ്പൊ നെറ്റ് ശരിയായി.അതുകൊണ്ട് ഇനി തുടര്‍ച്ചയായി വധം പ്ര്തീക്ഷിക്കാം.)

സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ടിന്റെ ഒരു ആദ്യകാല ചിത്രമായിരുന്നു,തനിയാവര്‍ത്തനം.മമ്മൂട്ടി നിറഞ്ഞും അറിഞ്ഞും അഭിനയിച്ച ഒരു ഹൃദയാവര്‍ജകമായ ചിത്രമായിരുന്നൂ അത്.അന്ധവിശ്വാസങ്ങള്‍ എങ്ങനെ മമ്മുട്ടി അവതരിപ്പിക്കുന്ന, ഭാര്യയും രണ്ടു കുഞ്ഞുകുട്ടികളുമുള്ള, ഒരു പാവം ചെറുപ്പക്കാരനായ സ്കൂള്‍ അധ്യാപകനെ ഒരു ഭ്രാന്തനാക്കി മാറ്റുന്നൂ എന്ന് കണ്ണു നിറയാതെ കണ്ടിരിക്കാന്‍ നമുക്കാവുമായിരുന്നില്ല.അത്രമാത്രം നന്നായി ചിത്രീകരിച്ച,എല്ലാംകൊണ്ടും നന്നായ ഒരു ചിത്രമായിരുന്നൂ അത്.
                                             ഞാനിപ്പോഴിതോര്‍ക്കാന്‍ കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാസമ്മേളനങ്ങളുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ നുറയുന്ന വാര്‍ത്തകളാണ്.കഴിഞ്ഞ ഒന്നുരണ്ട് കോണ്‍ഗ്രസിന്റെ കാലത്ത് പത്രമാധ്യമങ്ങള്‍ക്ക് ചാകരയായിരുന്നു.നിറയെ മത്സരങ്ങള്‍,ഒരു കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനകത്തു നടക്കാന്‍ പാടില്ലാതിരുന്ന കാര്യങ്ങളാണ് അന്നൊക്കെ ആ പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരുന്നത്.സ്വതവേ ചവക്കുന്ന നായനാരുടെ വായില്‍ നെല്ലിട്ടുകൊടുത്തു എന്നു പറഞ്ഞ സ്ഥിതിയാണുണ്ടായത്.എവിടേയും എങ്ങും പ്രശ്നങ്ങള്‍ മാത്രം.സൂചികൊണ്ടെടുക്കാവുന്നത്ര നിസ്സാരപ്രശ്നങ്ങള്‍ പോലും ചുരണ്ടി ചുരണ്ടി വലുതാക്കി വൃണമെന്ന രീതിയില്‍, പാര്‍ട്ടി മൊത്തം ചീഞ്ഞുനാറുന്നൂ എന്നരീതിയില്‍ അലറിവിളിച്ചവരായിരുന്നൂ മാധ്യമങ്ങള്‍.അവസാനം അവര്‍ പറഞ്ഞു വച്ചത് മാര്‍ക്സിസ്റ്റ്പാര്‍ട്ടി പിരിച്ചുവിട്ട് കോണ്‍ഗ്രസ്സില്‍ പോയിചേരാനുള്ള ആഹ്വാനത്തോടെയാണ്.
                     എന്നാല്‍ പാര്‍ട്ടിയാകട്ടെ ഈ സമയത്തുമുഴുവന്‍ കഴിയാവുന്നത്ര അംഗങ്ങളേയും കൂട്ടുപിടിച്ചുകൊണ്ട് പാര്‍ട്ടിയിലുണ്ടെന്നവര്‍ക്ക് ബോധ്യപ്പെട്ട പ്രശ്നങ്ങളുടെ മുഴുവന്‍ തായ്‌വേര് കണ്ടെത്തി ചികഞ്ഞെടൂത്ത് നശിപ്പിക്കുകയായിരുന്നൂ.ആ ചികിത്സ ഫലം കണ്ടൂ എന്നുവേണം വിചാരിക്കാന്‍.കാരണം വളരെ നല്ലരീതിയില്‍തന്നെ നടക്കുന്ന പാര്‍ട്ടിസമ്മേളനങ്ങള്‍ തന്നെ ഉദാഹരണം.അല്ലറചില്ലറപ്രശ്നങ്ങളൊഴിച്ചാല്‍ വളരെ വിജയകരമായ രീതിയില്‍തന്നെയാണ് ഓരോഘട്ടസമ്മേളനങ്ങളും കഴിഞ്ഞത്.എന്നാല്‍ പത്രങ്ങള്‍ക്കത് അങ്ങനെ വളരെ ലളിതമായി കാണാന്‍ കഴിയുമോ? പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍.അതും മുല്ലപ്പെരിയാര്‍ കത്തിതീരുകയും മറ്റൊരു വിഷയം പൊലിപ്പിക്കാനായി പത്രങ്ങള്‍ക്കില്ലാതെ വരികയും ചെയ്ത സന്ദര്‍ഭം.ഈ സമയത്ത് പരമാവധി പൊലിപ്പിച്ചിറക്കേണ്ട വിഷയമായിരുന്നൂ പാര്‍ട്ടി സമ്മേളനങ്ങള്‍.ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ അവരുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ സമ്മേളനവും തിരഞ്ഞെടുപ്പും കാലാകാലങ്ങളില്‍ നടത്തേണ്ടിയിരിക്കുന്നു.എന്നാല്‍ ദശകങ്ങളായി ഇതു നടത്താത്ത എത്രയോ പാര്‍ട്ടികളുണ്ടീഭാരതഭൂമിയില്‍.എന്നാല്‍ അതൊന്നും ഒരു പത്രക്കാരനും വിഷയമല്ല.എന്നാലോ, കൃത്യമായും ഇക്കാര്യങ്ങളൊക്കെ നടത്തുന്നവരുടെ ഏര്‍പ്പാടുകളിലൊക്കെ മൈക്രോസ്കോപ്പ് വച്ച് ഒളിഞ്ഞു നോക്കുകയും കണ്ടത് സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ച് അപഹസിക്കുകയും ചെയ്യുക.
                                             എന്നുവച്ചാല്‍ ആരെങ്കിലും എന്തെങ്കിലും നല്ല കാര്യം ചെയ്താല്‍ അവനെ അപഹസിച്ച് കൊല്ലുക.പിന്നെ അവനെന്നല്ല ആരും അക്കാര്യത്തിനു മുതിരില്ലല്ലോ.സ്വന്തം പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെങ്കില്‍ പിന്നെ നാടിനും നാട്ടാര്‍ക്കുമെന്തിന് ആ കുന്തം.അങ്ങനെ നാട് ഏകാധിപത്യത്തിലേക്ക് ഊര്‍ന്നുവീഴും.ഒരിക്കലീ അനുഭവമുണ്ടായിട്ടും ഇച്ചെങ്ങായിമാര്‍ പഠിച്ചില്ലെന്നതാണ് കഷ്ടം.
                                            ഇനി ഇത്രയധികം അയ്യേ വൈക്കാന്‍ എന്താണുണ്ടായതെന്നു നോക്കാം.അതിനു മുന്‍പൊരു കാര്യം പറഞ്ഞോട്ടെ.മാര്‍ക്സിസ്റ്റുപാര്‍ട്ടി സമയാസമയങ്ങളിലെല്ലാം അതിന്റെ കമ്മിറ്റികള്‍ കൂടുകയും അവിടെ നാട്ടിലുള്ള എല്ലാവിഷയത്തിലും ചര്‍ച്ച നടത്തുകയും വേണ്ട തീരുമാനങ്ങള്‍ പ്രത്യയശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ എടുക്കുകയും ചെയ്യും.ഇനി ഏതെങ്കിലും ഒരു പ്രശ്നത്തില്‍ അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല എന്നു വിചാരിക്കുക.അപ്പോ ആ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാനായി മാറ്റി വൈക്കും.ഇനി ഒരു കാര്യത്തില്‍ ആര്‍ക്കെങ്കിലും പാര്‍ട്ടി തീരുമാനത്തിനെതിരെ എതിരഭിപ്രായം ഉണ്ടെന്നു വൈക്കുക.അപ്പോള്‍ ഭൂരിപക്ഷതീരുമാനം അംഗീകരിക്കാന്‍ അയാള്‍ നിബന്ധിതനാകും.എന്നുവച്ച് പ്രശ്നം അവിടെ തീര്‍ന്നു എന്ന് വിചാരിക്കരുത്.ഭൂരിപക്ഷതീരുമാനം നടപ്പിലാക്കുമ്പോഴും തുടര്‍മീറ്റിങ്ങുകളില്‍ ഇത് വീണ്ടും വീണ്ടും വിലയിരുത്തുകയും എപ്പോഴെങ്കിലും ഭൂരിപക്ഷതീരുമാനം തെറ്റായിരുന്നൂവെന്ന് കണ്ടാല്‍ അത് ജനങ്ങളോട് തുറന്നുപറയാനും തിരുത്താനും പാര്‍ട്ടി മടിക്കാറില്ല.ചുരുക്കി പറഞ്ഞാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയല്ലെന്ന് അര്‍ത്ഥം.
                       എന്നാല്‍ ഇത്രയൊക്കെ ജനാധിപത്യം ഉന്റായിരുന്നിട്ടും പാര്‍ട്ടിയില്‍ അനൈക്യത്തിന്റേയും വിഭാഗീയതയുടേയും ചലനങ്ങള്‍ മോശമല്ലാത്ത രീതിയില്‍തന്നെയുണ്ടായി.അതിനെ ഇല്ലാതാക്കാതെ പാര്‍ട്ടിക്കുമുന്നോട്ടുപോകാന്‍ കഴിയാതായി.അങ്ങനെ പാര്‍ട്ടി ഒന്നടങ്കം ശ്രമിച്ച് ആ വിഭാഗീയതയെ കാടുകയറ്റി. അതിനുവേണ്ടി നടന്ന ഭഗീരഥപ്രയത്നം നമ്മുടെ നാട്ടാരെപ്പോലെ ഇന്നാട്ടിലെ പത്രക്കാര്‍ക്കും അറിയാവുന്നതാണ്.
                     എന്നിട്ടും ഔദ്യോഗികപക്ഷം വെട്ടിയപ്പോള്‍ വി എസ് പക്ഷം അതിനെ തടുക്കുകയും മറുവെട്ട് വെട്ടുകയും ചെയ്തപ്പോള്‍ എന്ന രീതിയിലുള്ള ആ റിപ്പോര്‍ട്ടിംഗ് നേരത്തെ പറഞ്ഞതുപോലെ മാന്യനും നല്ലവനുമായ, മമ്മുട്ടി അവതരിപ്പിക്കുന്ന ആ മാഷിനെ ഭ്രാന്തനാക്കി എന്നതുപോലെ ആയിപ്പോയി എന്ന് പറയാതെ നിര്‍വാഹമില്ല.

2 comments :

  1. ഭൂരിപക്ഷതീരുമാനം നടപ്പിലാക്കുമ്പോഴും തുടര്‍മീറ്റിങ്ങുകളില്‍ ഇത് വീണ്ടും വീണ്ടും വിലയിരുത്തുകയും എപ്പോഴെങ്കിലും ഭൂരിപക്ഷതീരുമാനം തെറ്റായിരുന്നൂവെന്ന് കണ്ടാല്‍ അത് ജനങ്ങളോട് തുറന്നുപറയാനും തിരുത്താനും പാര്‍ട്ടി മടിക്കാറില്ല.ചുരുക്കി പറഞ്ഞാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയല്ലെന്ന് അര്‍ത്ഥം.

    ReplyDelete
  2. ഒന്നു പോ ചേട്ടാ, പാര്‍ട്ടി ഇന്ന് അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുകയാണെന്ന് ആരും സമ്മതിക്കും.അത്രയധികം നേതാക്കളും അണികളും അധ:പതിച്ചുപോയിരിക്കുന്നു.

    ReplyDelete