പിണറായി സംസാരിക്കുന്നു 2

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
( കേരള ശബ്ദത്തിലെ അഭിമുഖത്തിന്റെ അടുത്ത ഭാഗം.)ആദ്യഭാഗം ഇവിടെ വായിക്കാം!
                    
ചോദ്യം:- മതന്യൂനപക്ഷങ്ങളോടുള്ള പാര്‍ട്ടിയുടെ സമീപനത്തിലുണ്ടായ പോരായ്മ ഒരു കുറവായി തിരിച്ചറിയുന്നുണ്ടോ?
                                         ഇപ്പോള്‍ ഞങ്ങള്‍ ആലോചിച്ചപ്പോള്‍ ഇതൊരു കുറവായി കാണുന്നുണ്ട്.മതന്യൂനപക്ഷവിഭാഗത്തിലുള്ള ഞങ്ങളുടെ സ്വാധീനശക്തിക്കുറവ് പരിഹരിക്കണമെന്നുതന്നെയാണ് ഞങ്ങള്‍ കരുതുന്നത്.ഇക്കാര്യത്തില്‍ യു ഡി എഫിന് വിജയിക്കുവാന്‍ കഴിഞ്ഞത് ഞങ്ങളുടെ കുറവുകൊണ്ടുകൂടിയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുകയാണ്.അതായത് ഈ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളിലേക്ക് ഞങ്ങള്‍ ശരിയായ വിധത്തില്‍ ഇറങ്ങിയിരുന്നില്ല.അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുക,അതിനുവേണ്ടി പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍  വലിയതോതില്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല.അതിലേക്ക് കടക്കണമെന്നാണ് ഇപ്പോള്‍ ഞങ്ങളുദ്ദേശിക്കുന്നത്.ഇവിടെ സി പി ഐ എമ്മിനെ ഒരു ശത്രു എന്ന നിലയില്‍ നിറുത്തി തള്ളാനുള്ള ശ്രമം ചില മതാദ്ധ്യക്ഷ്യന്മാര്‍ നടത്തുന്നുണ്ട്.യഥാര്‍ഥത്തില്‍ ഞങ്ങളും ഈ പറയുന്ന മതവിഭാഗങ്ങളും തമ്മില്‍ ഒരു ശത്രുതയുമില്ല.അടിസ്ഥാനപരമായി പല മതാദ്ധ്യക്ഷന്മാരും ഇവരുമായി നമുക്ക് നല്ലതുപോലെ യോജിക്കാവുന്നതാണെന്ന് പറയുന്നുണ്ട്.ക്രിസ്തുവായാലും മുഹമ്മദ് നബിയായാലും പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് നിലകൊണ്ടിരുന്നത്, പാവപ്പെട്ടവന്റെ ഉദ്ധാരണത്തിനുവേണ്ടിയാണ്. അതിന്റെ ഭാഗമായുള്ള കടുത്തനിലപാടുകള്‍ അവര്‍ സ്വീകരിച്ചിട്ടുണ്ട്.അന്നത്തെ അധികാരിവര്‍ഗത്തിനെതിരെയും അന്നത്തെ സാമ്രാജ്യത്വത്തിനെതിരെയുമെല്ലാം ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.യഥാര്‍ത്ഥത്തില്‍ ഇന്ന് അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടോ എന്നുള്ള കാര്യം സംശയമാണ്.ഒരു ഒട്ടകത്തിന് സൂചിക്കുഴയിലൂടെ കടക്കുവാന്‍ കഴിയുമ്പോഴെ ധനികന് സ്വര്‍ഗവാതില്‍ തുറന്നുകിട്ടൂ എന്നു പറഞ്ഞത് അതെത്ര കടുത്ത വാചകമാണ്; അത്ര കടുത്ത നിലപാടാണത്.അങ്ങനെ പാവപ്പെട്ടവരെ വളരെ പ്രത്യേകതയോടെ കണ്ടിരുന്ന ഒരു വിഭാഗം അതങ്ങോട്ട് മറച്ചു വച്ചിട്ട് മറ്റുചിലകാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.അപ്പോള്‍ ശരിയായ രീതിയില്‍ സമീപിച്ചാല്‍ ഞങ്ങള്‍ക്ക് ഇന്നുള്ള കുറവ് പരിഹരിക്കാന്‍ കഴിയും എന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.
                              ഇക്കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടിയുണ്ട്.ഈ ശരിയായ നിലപാട് നല്ലതുപോലെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവവിശ്വാസികളും മതമെലധികാരികളും എണ്ണത്തില്‍ തീരെ പരിമിതമല്ല.യഥാര്‍ത്ഥത്തില്‍ അത്തരം ആളുകളുമായി വലിയൊരു ബന്ധം ഞങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്നില്ല.ഞങ്ങളിപ്പോള്‍ ഉദ്ദേശിക്കുന്നത് ഞങ്ങളിവിടെ പാവപ്പെട്ടവര്‍ക്ക് നല്ലൊരു അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു; ക്രിസ്തുമതം അവര്‍ക്ക് സ്വര്‍ഗലോകം കൂടി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.ഈ വ്യത്യാസമല്ലാതെ മറ്റ് വലിയ വ്യത്യാസങ്ങളൊന്നും ഞങ്ങള്‍ തമ്മിലില്ല.അവരുടെ ശ്രമത്തിന്റെ ഫലമായി അവര്‍ക്ക് സ്വര്‍ഗലോകം കിട്ടുന്നെങ്കില്‍ കിട്ടട്ടെ.ഇവിടെ ജീവിക്കുമ്പോള്‍ നല്ല അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഞങ്ങളുമായി യോജിക്കാമല്ലോ.ഇതാണ് ഞങ്ങള്‍ കാണുന്നത്.അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണെന്ന് ഞങ്ങള്‍ കാണുന്നു.
                            ഇതുതന്നെയാണ് മുസ്ലീം മതന്യൂനപക്ഷത്തിന്റെയും സ്ഥിതി.മുസ്ലീം മതന്യൂനപക്ഷത്തിന്റെ കാര്യമെടുത്താല്‍ നമുക്ക് കാണാന്‍ കഴിയുക,അവര്‍ മൊത്തത്തില്‍ സാമ്രാജ്യത്വവിരുദ്ധമനോഭാവക്കാരാണ്. കടുത്ത സാമ്രാജ്യത്വവിരുദ്ധസമരങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച അനേകം മുസ്ലീം പ്രധാനികള്‍ നമ്മുടെ കേരളത്തില്‍ തന്നെയുണ്ട്.ഇന്നും സാമ്രാജ്യത്വ മനോഭാവം സൂക്ഷിക്കുന്ന മനോഭാവം സൂക്ഷിക്കുന്ന വിഭാഗമാണ് മുസ്ലീങ്ങള്‍.ഇക്കാര്യത്തില്‍ സി പി എം ആണല്ലോ ഏറ്റവും മുന്‍‌നിരയില്‍ നില്‍ക്കുന്ന പാര്‍ട്ടി.സാമ്രാജ്യത്തിനോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി സി പി ഐ എം ആണ്.അപ്പോള്‍ സ്വാഭാവീകമായും ആ വിഭാഗത്തിന് ഞങ്ങളോടാണല്ലോ കൂടുതല്‍ മമത ഉണ്ടാകേണ്ടത്.ആ മമത അവരില്‍ നിന്നും ഉണ്ടാകുന്നില്ല.ഇവിടെ പലതരത്തിലുമുള്ള പ്രശ്നങ്ങള്‍ വന്നപ്പോള്‍ ആ പ്രശ്നങ്ങളില്‍ ശരിയായ സമീപനമെടുത്ത് ജനങ്ങളെ അണിനിരത്താന്‍ ശ്രമിച്ചത് സി പി ഐ എം ആണെന്നവര്‍ തിരീച്ചറിഞ്ഞിട്ടുണ്ട്.ഇറാക്കിന്റെ പ്രശ്നം ഉണ്ടായപ്പോള്‍, ഇറാന്റെ പ്രശ്നം നിലനില്‍ക്കുമ്പോള്‍, ഗദ്ദാഫിയെക്കൊന്നപ്പോള്‍, ഇപ്പോള്‍ സിറിയക്കുനേരെ നടക്കുന്ന ആക്രമണത്തില്‍, പാലസ്തീന്‍ ജനതക്കുനേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളിലൊക്കെ സി പി ഐ എം സ്വീകരിച്ച നിലപാടുകള്‍ തിരിച്ചറിഞ്ഞവരാണ് നമ്മുടെ കേരളത്തിലെ മുസ്ലീങ്ങള്‍.അതോടൊപ്പം തന്നെ മതന്യൂനപക്ഷം എന്ന നിലയ്ക്ക് പ്രത്യേകമായ പ്രശ്നങ്ങള്‍ നേരിടുന്ന വിഭാഗമാണവര്‍.അതിലൊന്നാണ് വര്‍ഗീയാക്രമണം.ഇന്‍ഡ്യയില്‍ നടന്നിട്ടുള്ള വര്‍ഗീയാക്രമണങ്ങളില്‍ മഹാഭൂരിഭാഗവും ആര്‍.എസ്.എസും  സംഘപരിവാറും നേതൃത്വം കൊടുത്തു നടത്തിയിട്ടുള്ളവയാണ്.ആക്രമണങ്ങള്‍ക്കിരകളായിട്ടുള്ളത് മതന്യൂനപക്ഷങ്ങളും.അതില്‍ ഏറിയ കൂറും മുസ്ലീങ്ങളാണ്.അത്തരമൊരു വിഭാഗത്തെ സംരക്ഷിക്കുവാന്‍ അവര്‍ക്ക് നേരെയുള്ള വര്‍ഗീയാക്രമണങ്ങളെ ചെറുക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ കൊടുത്തും നിലപാട് സ്വീകരിച്ചിട്ടുള്ളത് സി പി ഐ എം ആണ്.ആ ഒരു ബോധം മുസ്ലീം ബഹുജനങ്ങളില്‍ പൊതുവേയുണ്ട്.അതോടൊപ്പം ഞങ്ങളോട് പ്രത്യേകവിരോധമില്ലെന്നു കാണിക്കുന്ന അവസ്ഥയാണ്.
                                 എന്നാല്‍ ഞങ്ങളുടെ കുറവ് ഞങ്ങള്‍ തിരിച്ചറിയുന്നു.ഒരു ന്യൂനപക്ഷവിഭാഗം എന്നുള്ള നിലക്ക് രണ്ടുവിഭാഗത്തിനുമുള്ള പ്രശ്നങ്ങള്‍ ഏറ്റെടുത്തു കൈകാര്യം ചെയ്തു സജീവമായി അതിലിടപെടാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല.അത് ഇനിയങ്ങോട്ട് ചെയ്യണമെന്നാണ് ഞങ്ങള്‍ കരുതുന്നത്.അങ്ങനെ വരുമ്പോള്‍ ഈ നിലയില്‍ വലിയ മാറ്റം വരും.സ്വാഭാവീകമായും ആ മാറ്റം ഉണ്ടാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.അതിലൂടെ സി പി ഐ എം കൂടുതല്‍ കരുത്തുനേടുക എന്നത് കേരളത്തില്‍ ഇന്നുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഘടകമാണ്.

ചോദ്യം:- അതിന് മതന്യൂനപക്ഷവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യുക മാത്രമാണോ സി പി ഐ എം കാണുന്ന മാര്‍ഗം?

                                       അതുമാത്രമല്ല ഇക്കാര്യത്തില്‍ ഞങ്ങളുടെ സംഘടനാരംഗത്തിന്റെ പ്രാധാന്യവും ഞങ്ങള്‍ കാണുന്നുണ്ട്.അതോടൊപ്പം നമ്മൂടെ സമൂഹത്തിന്റെ മറ്റു ചില പ്രത്യേകതകളും ഈ സമ്മേളനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.നമ്മൂടെ സമൂഹം പൊതുവില്‍ ഇടതുപക്ഷ സ്വാധീനമുള്ള ഒരു സമൂഹമാണ്.അതുകൊണ്ടുതന്നെ ഇടതുപക്ഷ ആഭിമുഖ്യമാണ് കേരളത്തിലെ വലിയൊരു വിഭാഗം വലതുപക്ഷക്കാരില്‍ക്കൂടി കാണാന്‍ കഴിയുക.എന്നാല്‍ നമ്മൂടെ നാടിനെ തിരിച്ചു നടത്താനുള്ള ശ്രമമാണു കാണുന്നത്.ദശാബ്ദങ്ങള്‍ക്കുമുന്‍പുണ്ടായിരുന്ന കാലത്തേക്ക്, നവോത്ഥാ‍ന കാലത്തിനും മുന്‍പുള്ള നിലയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.ഇതിനു സംഘടിതമായ ശ്രമമുണ്ട്.മതമേധാവികള്‍,മതങ്ങള്‍,ജാതിസംഘടനകള്‍.... ഈ വിഭാഗങ്ങളുടെയൊക്കെ ശ്രമമുണ്ട്.അതിനവര്‍ തെറ്റായ പലകാര്യങ്ങളും പ്രചരിപ്പിക്കുന്നു.അന്ധവിശ്വാസങ്ങള്‍,അനാചാരങ്ങള്‍ എന്നിവയൊക്കെ ബോധപൂര്‍വം വളര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുന്നു.ഇക്കാര്യത്തെ പൊതുവെ എതിര്‍ക്കുന്ന സമീപനമാണ് പാര്‍ട്ടി എപ്പോഴും സ്വീകരിക്കാറുള്ളത്.എന്നാല്‍ അതിലും വേണ്ടത്ര നീങ്ങിയെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തൃപ്തി വരുന്നില്ല.കാരണം നമ്മുടെ സംസ്ഥാനത്ത് ഈ ആശയങ്ങള്‍ വലിയ തോതില്‍ അവതരിപ്പിക്കുന്നുണ്ട്. നാം കാണാതെതന്നെ ധാരാളം സംഘടനകള്‍ ഈ തെറ്റായ ആശയങ്ങളുടെ പ്രചാരകന്മാരായി പ്രവര്‍ത്തിക്കുന്നു.ഇതിനൊക്കെ നല്ലതുപോലെ മറുപടി കൊടുക്കണം.സമൂഹത്തില്‍ അതിനെതിരെയുള്ള കാമ്പയിന്‍ നടത്തണം.ഞങ്ങളതില്‍ ശരിയായ രീതിയില്‍ ഇടപെടണമെന്നാണുദ്ദേശിക്കുന്നത്.ചെറിയ ചെറിയ കാര്യങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയിലുണ്ട്.
                        അതിലൊന്ന് നമ്മുടെ നാട്ടിലെ വായനശാലകളാണ്.കേരളത്തില്‍ വായനശാലകള്‍ സ്ഥാപിക്കുന്നതില്‍ പഴയദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും നേതാക്കളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുമൊക്കെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.എന്നാല്‍ അടുത്ത കാലത്തായി നമ്മള്‍ പരിശോധിച്ചാല്‍ പുതിയ വായനശാലകളൊന്നും ഉണ്ടാകുന്നില്ല.വായനശാലകള്‍ ഉണ്ടാകേണ്ട ധാരാളം സ്ഥലങ്ങളില്‍ വായനശാലകള്‍ ഇല്ലാതെ കിടക്കുന്നു.ഇത് ഒരു കുറവായി ഞങ്ങള്‍ കാണുന്നു.വായനശാലകള്‍ സ്ഥാപിക്കാനുള്ള ഒരു പ്രവര്‍ത്തനം തന്നെ വേണ്ടിയിരിക്കുന്നു.അതോടൊപ്പം ഞങ്ങള്‍ കാണുന്ന മറ്റൊരു കാര്യം ; കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ നാട്ടിന്‍പുറങ്ങളിലടക്കം വായനശാലകള്‍,ഗ്രന്ഥശാലകള്‍,ക്ലബ്ബുകള്‍ കലാസംഘടനകളെന്നിങ്ങനെ വിവിധ സ്ഥാപനങ്ങളുണ്ടായിരുന്നു.
തുടരും.

1 comment :