ഭക്ഷ്യസുരക്ഷയും ഇന്‍ഡ്യയും.

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                          ഒരു രാജ്യം വികസിതവും ദാരിദ്ര്യവിമുക്തവും ആകുന്നതിന് ഏറ്റവും പരമപ്രധാനമായി കണക്കാക്കേണ്ടത് ഭക്ഷ്യസുരക്ഷയാണ്.ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇന്‍ഡ്യയെപ്പോലെ ഒരു രാജ്യം ഒരിക്കലും ഒരുവിധത്തിലും ഉള്ള ഒത്തുതീര്‍പ്പിനു തയ്യാറാകരുത്.കാരണം ഇന്‍ഡ്യയില്‍ 121 കോടിയിലേറെ ജനതയും 20 കോടിയിലധികം കന്നുകാലികളുമുണ്ട്.ഇന്‍ഡ്യന്‍ ജനസംഖ്യ ലോകജനസംഖ്യയുടെ 1/6 വരും.ലോകത്ത് ഒരു രാജ്യത്തിനും ഇന്‍ഡ്യയുടെ ഭക്ഷ്യാവശ്യം പരിഹരിക്കാന്‍ പറ്റില്ല.അതുമാത്രവുമല്ല ഇന്‍ഡ്യ അന്താരാഷ്ട്ര കമ്പോളത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ആവശ്യപ്പെട്ടാല്‍ ലോകത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്റം ഉണ്ടാകും.
                                     നമ്മുടെ സര്‍ക്കാരും അതിനെ ചുറ്റിപ്പറ്റിയുള്ള ബുദ്ധിജീവികളും പറയുന്നത് വര്‍ഷങ്ങള്‍ക്കുമുന്‍പേ ഇന്‍ഡ്യ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു എന്നാണ്.ഈ വാദം എത്രത്തോളം ശരിയാണ് എന്ന് പരിശോധിക്കാം.1880 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച ഇന്‍ഡ്യന്‍ ഫാമിന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം കൊടും ദാരിദ്ര്യത്തിനു മുകളില്‍ നില്‍ക്കണമെങ്കില്‍ പ്രതിശീര്‍ഷ പ്രതിദിനലഭ്യത 500 ഗ്രാമിന് മുകളിലാകണം.പക്ഷെ സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷം കഴിഞ്ഞിട്ടും ബ്രിട്ടീഷുകാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡം പോലും നേടാന്‍ കഴിഞ്ഞില്ല.നാം ഈ വാദം ഉന്നയിക്കുമ്പോള്‍ പല ബുദ്ധിജീവികളൂം പറയുന്നത് ജനങ്ങളുടെ ഭക്ഷ്യരീതിയില്‍ മാറ്റം വന്നിരിക്കുന്നു, ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് പാലും മുട്ടയും ഇറച്ചിയും മറ്റു പച്ചക്കറികളുമാണ്. അതുകൊണ്ട് നമുക്ക് ഈ വാദം പരിശോധിക്കാം.ദേശീയതലത്തില്‍ 1950 - 51 ല്‍ പാലിന്റെ പ്രതിശീര്‍ഷ പ്രതിദിന ലഭ്യത 128 ഗ്രാം ആയിരുന്നു.2008 2009 ല്‍ ഇത് 250 ഗ്രാം മാത്രമായാണ് വര്‍ദ്ധിച്ചത്.കണക്കുപ്രകാരം നോക്കുമ്പോള്‍ ഏകദേശം നൂറുശതമാനം വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു.65 വര്‍ഷത്തെ ‘ കാര്‍ഷിക വികസനവും’ കന്നുകാലി വളര്‍ത്തലും കൊണ്ട് ഒരു ഇന്‍ഡ്യാക്കാരന്‍ പ്രതിദിനം 1/4 ലിറ്റര്‍ പാല്‍ കുടിക്കാന്‍ മാത്രം അര്‍ഹന്‍.മുട്ടയുടേയും പാലിന്റേയും പ്രതിശീര്‍ഷ പ്രതിദിന ലഭ്യത വളരെ പരിഹാസ്യമാണ്.ഏഴ് ഇന്‍ഡ്യാക്കാര്‍ക്ക്കൂടി ഒരു മുട്ട കഴിക്കാന്‍ ഭാഗ്യമില്ല.പാലിന്റെ പ്രതിശീര്‍ഷ പ്രതിദിനലഭ്യത കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിശ്ചലാവസ്ഥയിലുമാണ്.കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രതിശീര്‍ഷ പ്രതിദിന ഭക്ഷ്യലഭ്യത പരിശോധിച്ചാല്‍ ഇപ്പോള്‍ ഇന്‍ഡ്യ വളരെ കൊട്ടൊഘോഷിച്ച ഹരിതവിപ്ലവത്തിനു മുന്‍പുള്ള സ്ഥിതിയിലെത്തിച്ചെരുന്നു.
                         ഭക്ഷ്യോല്‍പ്പാദനത്തിനു വിനിയോഗിച്ച ഭൂമിയുടെ കാര്യത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇന്‍ഡ്യയില്‍ ഒരു ലക്ഷം കോടി ഹെക്ടറിന്റെ കുറവുണ്ടായി.1983 - 84 കാലത്ത് 13 ലക്ഷം കോടി ഹെക്ടര്‍ നാം ഭക്ഷ്യോല്‍പ്പാദനത്തിനുപയോഗിച്ചെങ്കില്‍ ഇപ്പോള്‍ 12 ലക്ഷം കോടി ഹെക്ടറിലും താഴെയാണ്.കേരളത്തിന്റെ കാര്യം പരമദയനീയമാണ്.കേരളത്തില്‍ 1970 ല്‍ ഏകദേശം 9 ലക്ഷം ഹെക്ടറില്‍ നെല്ലുല്‍പ്പാദനം ഉണ്ടായിരുന്നു.ഇപ്പോള്‍ അത് വെറും 2.21 ലക്ഷം ഹെക്ടറിലും താഴെയാണ്.2000 - 01 നുശേഷം മാത്രം കേരളത്തില്‍ ഒരു ലക്ഷം ഹെക്ടര്‍ നെല്‍‌വയല്‍ അപ്രത്യക്ഷമായി.കേരളത്തിന്റെ ഭക്ഷ്യോല്‍പ്പാദനശേഷി ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്.അടുത്തകാലത്ത് ഭക്ഷ്യോല്‍പ്പാദനരംഗത്ത് വന്‍‌കുതിച്ചുചാട്ടം നടത്തിയ ജാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ ഭക്ഷ്യോല്‍പ്പാദനശേഷിയുടെ ഇരട്ടിയോളം വരും കേരളത്തിന്റെ ശേഷി.എന്നിട്ടും നമ്മുടെ ബുദ്ധിജിവികള്‍ പറയുന്നത് കേരളത്തിന് മറ്റു നാണ്യവിളകള്‍ ഉത്പാദിപ്പിക്കുന്നതിനാണ് മുന്‍‌തൂക്കം ഉള്ളതെന്നാണ്.കേരളത്തിനാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യാം എന്നാണ്.നമ്മൂടെ അയല്‍ സംസ്ഥാനങ്ങളിലും സ്ഥിതി അപകടാവസ്ഥയിലാണ്.1970 ല്‍ തമിഴ് നാട്ടില്‍ 50 ലക്ഷം ഹെക്ടറില്‍ ഭക്ഷ്യോല്‍പ്പാദനം ഉണ്ടായിരുന്നത് ഇന്ന് 30 ലക്ഷം ഹെക്ടറിലും താഴെയാണ്.കേരളത്തിന്റെ പ്രതിശീര്‍ഷ ഭക്ഷ്യോല്‍പ്പാദനം 20 കി.ഗ്രാമില്‍ താഴെയാണ്.
                    കേരളം അപൂര്‍വമായ ചില സൌഭാഗ്യങ്ങള്‍ ഉള്ള ഒരു സംസ്ഥാനമാണ്.മൊത്തം ഭൂപ്രദേശത്തിന്റെ 70 ശതമാനത്തിലധികം കൃഷി ചെയ്യാന്‍ പറ്റുന്ന സംസ്ഥാനം.3000 മി.മിറ്ററിലധികം മഴ കിട്ടുന്ന സംസ്ഥാനം.ധാരാളം നദികള്‍,മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും നല്ല കാലാവസ്ഥ.നെല്ലിന്റെ ഉല്‍പ്പാദനശേഷി ദേശീയ ശരാശരിയേക്കാള്‍ അധികം. എന്നിട്ടും നമ്മള്‍ ആവശ്യമുള്ളതിന്റെ 90 ശതമാനത്തിലധികം ഭക്ഷ്യസാധനങ്ങളും പാലും മുട്ടയും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു.1997 - 98 ല്‍ കേരളത്തില്‍ 22 ലക്ഷം ഹെക്ടര്‍ Net Sown Area (NSA) ഉണ്ടായിരുന്നത് ഇപ്പോള്‍ 21 ലക്ഷത്തിലും താഴെയാണ്.മാത്രവുമല്ല 5 ലക്ഷം ഹെക്ടറിലടക്കം തരിശാക്കി ഇട്ടിരിക്കുന്നു.
                 ദക്ഷിണേന്‍ഡ്യയിലേയും മറ്റു ചില പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലുമായി കേരളത്തിന്റെ പ്രതിദിന പ്രതിശീര്‍ഷപാലുല്‍പ്പാദനം താരതമ്യം ചെയ്താല്‍ കേരളത്തില്‍ 1997 - 98 ല്‍ 204 ഗ്രാം ഉണ്ടായിരുന്നത് 2008 - 09 ല്‍ 197 ഗ്രാമായി കുറഞ്ഞു. ആന്ധ്രാപ്രദേശില്‍ ഇതേ കാലയളവില്‍ 167 ഗ്രാമില്‍ നിന്ന് 317 ഗ്രാമായും ഗുജറാത്തില്‍ 290 ഗ്രാമില്‍ നിന്ന് 403 ഗ്രാമായും തമിഴ്‌നാട്ടില്‍ 185 ഗ്രാമില്‍ നിന്ന് 234 ഗ്രാമായും ദേശീയതലത്തില്‍ 207 ഗ്രാമില്‍ നിന്ന് 258 ഗ്രാമായും വര്‍ദ്ധിച്ചു.
                           1996 ല്‍ കേരളത്തില്‍ 33.96 ലക്ഷം കന്നുകാലികളുണ്ടായിരുന്നത് 2003 ല്‍ 21.22 ലക്ഷമായും 2006 ല്‍ 17.19 ലക്ഷമായും കുറഞ്ഞു.കേരളത്തിന്റെ മനുഷ്യജനസംഖ്യ 3.33 കോടിയാണ്.അതായത് 20 മലയാളികള്‍ക്ക് ഒരു കന്നുകാലി എന്ന നിരക്കില്‍ പോലും കിട്ടുന്നില്ല.ദേശീയ തലത്തില്‍ 6 ഇന്‍ഡ്യാക്കാര്‍ക്ക് 1 കന്നുകാലി എന്ന നിരക്കില്‍ കിട്ടുന്നുണ്ട്.
                      കൃഷി പ്രത്യേകിച്ചും നെല്‍കൃഷി കന്നുകാലി വളര്‍ത്തല്‍ മറ്റ് ഭക്ഷ്യോല്‍പ്പാദനപ്രക്രിയ ഇതുമായി ബന്ധപ്പെട്ട് ഗ്രാമപ്രദേശത്തെ മറ്റ് സാംബത്തീകപ്രവര്‍തനങ്ങള്‍ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനായിരിക്കണം സര്‍ക്കാരുകള്‍ പ്രാധാന്യം നല്‍കേണ്ടത്.പക്ഷെ കേരളത്തില്‍ ഈ സാമ്പത്തീകപ്രവര്‍ത്തനങ്ങളെല്ലാം നെഗറ്റീവ് വളര്‍ച്ചാനിരക്കാണ് കാണിക്കുന്നത്.തന്നെയുമല്ല തകര്‍ന്ന് തരിപ്പണമാവുകയുമാണ്.സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ യാതൊരു ആശങ്കയുമില്ല.മറിച്ച് കേരളത്തില്‍ തകൃതിയായി നടക്കുന്നത് മണലൂറ്റല്‍,പാറപൊട്ടിക്കല്‍,കുന്ന് ഇടിച്ചുനിരപ്പാക്കല്‍, ഭൂമിക്കച്ചവടം,വലിയ മണിമാളികകള്‍ പണിയല്‍,വയല്‍ നികത്തല്‍ തുടങ്ങിയ കൃഷി വിരുദ്ധപ്രവര്‍ത്തനങ്ങളാണ്.ഈ പ്രവൃത്തികള്‍ക്ക് കണ്ണടച്ച് കൊടുത്ത് മാസാമാസം ഇത്തരം മാഫിയാകളുടെ കയ്യില്‍ നിന്ന് വന്‍‌തുക കൈപ്പറ്റി തന്റെ കീശയും പാര്‍ട്ടികളുടെ മേശയും നിറയ്ക്കലാണ് നടക്കുന്നത്.പാറപൊട്ടിച്ചും മണലൂറ്റിയും കുന്ന് ഇടിച്ചുനിരത്തിയും കൊണ്ടുപോകുന്ന ലോഡിന്റെ കണക്ക് വരെ അതാത് പ്രദേശത്തെ രാഷ്ട്രീയക്കാര്‍ക്കറിയാം.ഈ ലോഡിന്റെ കണക്ക് പറഞ്ഞാണ് പണം തട്ടുന്നത്.
                   ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിയന്ത്രണം വരുത്താതെ കേരളത്തിലും ഇന്‍ഡ്യയിലും ഒരുകാലത്തും ഭക്ഷ്യസുരക്ഷയുണ്ടാകാന്‍ പോകുന്നില്ല.കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വെറും 10 ശതമാനം മാത്രമാണ് കൃഷിയും അനുബന്ധമേഖലയും സംഭാവന ചെയ്യുന്നത്.ഇത് കേരളത്തിന്റെ ഭക്ഷ്യസുരക്ഷക്കും കേരളത്തിന്റെ നിലനില്‍പ്പിനു തന്നെയും ഭീഷണിയാണ്.
(2012 ഏപ്രില്‍ ലക്കത്തിലെ ശാസ്ത്രഗതിയില്‍ ഡോ.പ്രിയേഷ് സി എ എഴുതിയ ലേഖനം)

3 comments :

  1. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിയന്ത്രണം വരുത്താതെ കേരളത്തിലും ഇന്‍ഡ്യയിലും ഒരുകാലത്തും ഭക്ഷ്യസുരക്ഷയുണ്ടാകാന്‍ പോകുന്നില്ല.കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വെറും 10 ശതമാനം മാത്രമാണ് കൃഷിയും അനുബന്ധമേഖലയും സംഭാവന ചെയ്യുന്നത്.ഇത് കേരളത്തിന്റെ ഭക്ഷ്യസുരക്ഷക്കും കേരളത്തിന്റെ നിലനില്‍പ്പിനു തന്നെയും ഭീഷണിയാണ്.

    ReplyDelete
  2. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിയന്ത്രണം വരുത്താതെ കേരളത്തിലും ഇന്‍ഡ്യയിലും ഒരുകാലത്തും ഭക്ഷ്യസുരക്ഷയുണ്ടാകാന്‍ പോകുന്നില്ല.കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വെറും 10 ശതമാനം മാത്രമാണ് കൃഷിയും അനുബന്ധമേഖലയും സംഭാവന ചെയ്യുന്നത്.ഇത് കേരളത്തിന്റെ ഭക്ഷ്യസുരക്ഷക്കും കേരളത്തിന്റെ നിലനില്‍പ്പിനു തന്നെയും ഭീഷണിയാണ്.

    ReplyDelete
  3. കമ്യൂണിസ്റ്റുകളൂടെ ഒരു സ്ഥിരം ശൈലിയാണ് ജനങ്ങളെ വെറുതെ എന്തെങ്കിലുമ്പറഞ്ഞ് പേടിപ്പ്ടുത്തുക എന്നത്.അത് താങ്കളും ഇവിടെ ചെയ്യുന്നു എന്നു മാത്രം.

    ReplyDelete