ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                     ഇന്ന് യു ഡി എഫ് ഗവണ്മെന്റ് ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്.എന്നാലോ അതിന്റേതായ ആഘോഷപരിപാടികളൊന്നും കാണാന്‍ കഴിഞ്ഞതുമില്ല എങ്ങും.കഴിഞ്ഞ നിയമസഭ ഇലക്ഷന്‍ റിസല്‍റ്റ് വന്ന ദിവസവും ഇതുപോലായിരുന്നു.എങ്ങും വലിയ ഒച്ചയും അനക്കവും ഒന്നും കണ്ടില്ല.ഒരിലക്ഷന്‍ കഴിഞ്ഞ് റിസല്‍റ്റ് വരുന്ന ദിവസത്തിന്റേതായ ഒന്നും എങ്ങും കാണാന്‍ കഴിഞ്ഞില്ല എന്നു തന്നെയല്ല ഒരത്യാഹിതം നടന്ന പോലത്തെ മൌനമായിരുന്നു താനും.
                            ഏതാണ്ട് അന്നത്തെ പോലത്തെ അവസ്ഥയാണ് ഇന്നും കാണുന്നത്.എന്നാല്‍ ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ അതുതന്നില്ലേ, ഇതു തന്നില്ലേ എന്നൊക്കെ ചോദിച്ച് ഒരുകൂട്ടം ബോര്‍ഡുകള്‍ മൂകസാക്ഷിയായി നാടെങ്ങും ഇരിപ്പുണ്ടായിരുന്നു.അപ്പോള്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ജനങ്ങളോട് പറയാനുള്ള ഒരു പുതിയ കാര്യം പോലും ഇല്ലാതായി എന്നര്‍ത്ഥം.ദശകങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്ന കൊച്ചി മെട്രോ,വിഴിഞ്ഞം തുറമുഖം എന്നീ സ്ഥിരം നമ്പറുകളല്ലാതെ മറ്റൊന്നും കെ.പി.സി.സി അദ്ധ്യക്ഷനു പറയാന്‍ പോലുമുണ്ടായില്ല എന്നതാണ് സത്യം.പണ്ട് നാം ധാരാളമായി കേട്ടുകൊണ്ടിരുന്ന സ്മാര്‍ട്ട് സിറ്റി ഇപ്പോഴേതാണ്ട് വിസ്മൃതിയിലായിക്കഴിയുകയും ചെയ്തു.(ഇനി ഒരിലക്ഷന്‍ വര്‍ഷങ്ങള്‍ക്കു ശേഷമല്ലെ വരൂ!).അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ യു ഡി എഫിനു ആഘോഷിക്കാന്‍ മാത്രം ഒന്നും ഇല്ലതന്നെ.
                         യു ഡി എഫ് മന്ത്രിസഭ എന്നു പറയുന്നുവെങ്കിലും യഥാര്‍ത്ഥത്തിലിത് ഉമ്മന്‍‌ചാണ്ടി മന്ത്രിസഭ മാത്രമാണ്.ഞാന്‍ ചോദിക്കട്ടെ, കേരളത്തിലിന്ന് എത്ര മന്ത്രിമാരുണ്ട്? ഒരുമ്മന്‍‌ചാണ്ടി, പിന്നെ മാണി, കുഞ്ഞാലിക്കുട്ടി,മുനീര്‍,അബ്ദുറബ്ബ്, അഞ്ചാം മന്ത്രിസ്ഥാനം കൊണ്ട് പേരുകേട്ട അലി.പിന്നെ ലീഗിലെ ഒരാള്‍ ആരാ? ആരെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗമോ,പ്രസ്താവനയോ കേട്ടിട്ടുണ്ടോ? അദ്ദേഹം പ്രസംഗത്തിനല്ല പ്രവൃത്തിക്കാണ് മുന്‍‌തൂക്കം കൊടുക്കുന്നതെങ്കില്‍ അത്ര വലിയ പ്രവര്‍ത്തിയൊന്നും ഈ കേരളമണ്ണില്‍ നടന്നതായോ നടക്കുന്നതായോ ഒട്ട് കാണാനുമില്ല.
                      മാണി പിന്നെ ജോസഫ്. മാണികോണ്‍ഗ്രസ്സില്‍ നിന്ന് പിന്നെ ആരാണ് വേറെ  മന്ത്രി? അച്ഛന്‍ - മകന്‍ പ്രശ്നം കാരണം ഗണേശനെ അറിയാം.എന്നാല്‍ നമ്മുടെ മന്ത്രിസഭയില്‍  ബാലകൃഷ്ണന്‍ എന്ന ഒരു മന്ത്രിയുണ്ടെന്ന് എത്രപേര്‍ക്കറിയാം?തീര്‍ന്നില്ല - ജയലക്ഷ്മി മന്ത്രിയെ അറിയാമോ? പ്രകാശ്, ശിവകുമാര്‍ മന്ത്രിമാരേയോ? ഇലക്ട്രിസിറ്റി പ്രശ്നങ്ങളും പവര്‍കട്ടുമൊക്കെയായി നമുക്ക് ആര്യാടന്‍ മന്ത്രിയെ അറിയാം. എങ്ങനെയെന്നോ, കഴിഞ്ഞ അഞ്ചുവര്‍ഷം  കിണഞ്ഞു പരിശ്രമിച്ചിട്ടും ഈ കൊച്ചുകേരളത്തില്‍ പവര്‍കട്ട് കൊണ്ടുവരാന്‍ കഴിയാതിരുന്ന ബാലനെ തോല്‍പ്പിച്ച് കേവലം അഞ്ച് മാസം കൊണ്ടുതന്നെ ആ സാധനത്തെ കേരളത്തിന്റെ മണ്ണിലെത്തിച്ച ആര്യാടനെ നമ്മള്‍ക്കൊരിക്കലും മറക്കാന്‍ കഴിയുമോ.(പവര്‍കട്ട് കൊണ്ടുവന്നെങ്കിലും കറന്റ് ചാര്‍ജ് കൂട്ടാനദ്ദേഹം മറന്നില്ല.എന്നുവച്ചാല്‍ നാം ഇരുട്ടത്തിരിക്കുന്നതിനുവരെ നമ്മില്‍ നിന്ന് ചാര്‍ജ് അദ്ദേഹം കണക്ക് പറഞ്ഞ് വാങ്ങിക്കുന്നു.) പിന്നെയുള്ളത്  ഉമ്മന്‍‌ചാണ്ടിയുടെ നിഴലായി നടക്കുന്ന ശ്രീ തിരുവഞ്ചൂരാണ്.ഇപ്പോള്‍ എത്ര മന്ത്രിമാരായി? പന്ത്രണ്ട്, അപ്പോ ബാക്കിയുള്ളവരോ? ആ ആര്‍ക്കറിയാം. ഇതാണ് യു ഡി എഫ് മന്ത്രിസഭ എന്നുള്ളതിനാല്‍ ഞാന്‍ ഈ മന്ത്രിസഭയെ ഉമ്മന്‍‌ചാണ്ടി മന്ത്രിസഭ എന്നു വിളിക്കാനാണാഗ്രഹിക്കുന്നത്,അതാണ് ശരിയും.അപ്പോള്‍ കേരളത്തിന് ബാധ്യതയായ ഒരു മന്ത്രിസഭയാണിന്ന് കേരളം ഭരിക്കുന്നത്.
                          ഈ മന്ത്രിസഭ കൈവച്ചതൊക്കെ പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നു.ഒന്നും വേണ്ട, അഞ്ചാം മന്ത്രിപ്രശ്നം തന്നെ നോക്കാം.അത് കൈകാര്യം ചെയ്ത രീതി, അവസാനിപ്പിച്ച രീതി ഒക്കെ ഒന്നു നോക്കിയാലറിയാം ഓരോ പ്രശ്നവും ഇവരെങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന്.ഇവര്‍ക്ക് വോട്ടുനല്‍കി അധികാരത്തിലേറ്റാന്‍ ഏറ്റവും പാടുപെട്ട എല്ലാ ജാതിമതശക്തികളേയും ഇവര്‍ ഓരോരോ പ്രവര്‍ത്തികള്‍ കൊണ്ട് വെറുപ്പിച്ച് കഴിഞ്ഞു.യാക്കോബായ സഭക്കാര്‍ ഇന്നലെയാണ് (17/05/2012) പ്രസ്താവനയീറക്കിയത് ഒന്നിനുംകൊള്ളാത്ത ഗവണ്മെന്റാണിവിടുള്ളതെന്ന്. ഇതിനും ഏതാണ്ട് ഒരു മാസം മുന്‍പാണ് എന്‍ എസ് എസ് അഞ്ചാം മന്ത്രി പ്രശ്നത്തില്‍ ഗവണ്മെന്റ്റിനോടുള്ള നിലപാട് കര്‍ശനമാക്കിയത്.എസ്.എന്‍.ഡി.പിയാണെങ്കില്‍ ആദ്യം മുതലേ തന്നെ ഈ ഗവണ്മെന്റിനോടെതിരായിരുന്നു.എന്നും എപ്പോഴും എല്ലാക്കാലത്തും കോണ്‍ഗ്രസിനോടൊപ്പം നിന്ന കത്തോലിക്കാസഭ പോലും അവരുദ്ദേശിച്ച വേഗത്തിലും രൂപത്തിലും കാര്യങ്ങള്‍ നടക്കാത്തതില്‍ ഖിന്നരും ദുഖിതരുമാണെന്നാണ് കേള്‍ക്കുന്നത്.അപ്പോള്‍ എങ്ങനെ യു ഡി എഫ് അതിന്റെ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കും?ജാതി തിരിച്ച്, മതം നോക്കി വകുപ്പുകള്‍ പങ്കുവച്ച ചരിത്രത്തിലെ ആദ്യമന്ത്രിസഭ എന്ന പേരിലറിയപ്പെടുമ്പോള്‍ പ്രത്യേകിച്ചും.
                              ഈ ബദ്ധപ്പാടുകള്‍ക്കിടയില്‍ ഉമ്മന്‍‌ചാണ്ടി ഗവണ്മെന്റ് മറന്നുപോയ ഒരു കാര്യമുണ്ട് !.ഇന്നാട്ടിലെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍! പച്ചക്കറിയുടെ വില കുതിച്ചുയര്‍ന്ന് ഇരട്ടിയും അതിലധികവുമായെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മനോരമ പോലുള്ള സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളാണ്.ഒരിടവേളയില്‍ നിന്നുപോയ കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുകൊണ്ടുവരാനായി എന്നതാണീ ഗവണ്മെന്റിന്റെ കാര്‍ഷികരംഗത്തെ നേട്ടങ്ങള്‍.അതുപോലെ വ്യവസായ രംഗമെടുത്തുനോക്കിയാല്‍ പോലും എങ്ങും മാന്ദ്യതയും മുരടിപ്പുമാണ് കാണാന്‍ കഴിയുക.
                    ഈ പ്രശ്നങ്ങള്‍ക്കു നടുവിലേക്കാണ് പിറവം, നെയ്യാറ്റിങ്കര ഉപതിരഞ്ഞെടുപ്പുകള്‍ പൊട്ടിവീണത്.പിറവത്തേതായിരുന്നു ആദ്യം.അവിടത്തെ എം എല്‍ എയും മന്ത്രിയുമായിരുന്ന ശ്രീ.ടി.എം.ജേക്കബിന്റെ നിര്യാണമാണ് അവിടെ എലക്ഷന്‍ നടക്കാന്‍ കാരണം.പിറവം കാലങ്ങളായി ഒരു യു ഡി എഫ് മണ്ഡലമായിരുന്നു, അതോടൊപ്പം ഒരു കത്തോലിക്കന് മുഖ്യമന്ത്രിയാവാന്‍ കഴിയുന്ന അവസാനത്തെ സന്ദര്‍ഭമാണിത് എന്ന രീതിയിലുമുള്ള പ്രചരണവും,നിങ്ങള്‍ക്ക്  എല്ലാം വാരിക്കോരിത്തരുന്ന ഒരു മന്ത്രിയെ വേണോ ഒരു പ്രതിപക്ഷ എം എല്‍ എ യെ വേണോ എന്ന ചോദ്യവുമാണ് ഉണ്ടായത്.ക്രൈസ്തവഭൂരിപക്ഷപ്രദേശമായ പിറവം ഒരു മന്ത്രിയെ തിരഞ്ഞെടുത്തു എന്നത് തികച്ചും സ്വാഭാവികം.
                             എന്നാല്‍ നമ്മെ അല്‍ഭുതപ്പെടുത്തിയത് മറ്റൊന്നാണ്. പിറവം ഇലക്ഷന്‍ ചൂടോടെ നടക്കുമ്പോള്‍ അവിടെയെത്തിയ ശ്രി.പി.സി ജോര്‍ജ് പറഞ്ഞിരുന്നു സമീപകാലത്തുതന്നെ കേരളത്തിലൊരു ബോംബ് പൊട്ടുമെന്ന്.  അദ്ദേഹം ദിവസങ്ങള്‍ക്കകംതന്നെ  അത് പൊട്ടിച്ചുകാണിക്കുകയും ചെയ്തു.നെയ്യാറ്റിന്‍‌കരയിലെ സിറ്റിങ്ങ് എം എല്‍ എ യും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി മെംബറുമായ ശ്രീ സെല്‍‌വരാജ് പാര്‍ട്ടിയില്‍ നിന്നും എം എല്‍ എ സ്ഥാനത്തു നിന്നും രാജി വച്ചു.പി.സി ജോര്‍ജിന്റെ കാര്‍മികത്വത്തിലും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ അറിവ്വോടെയും ആശീര്‍വാദത്തോടെയും ആയിരുന്നു അത്.യഥാര്‍ത്ഥത്തിലിത് യു ഡി എഫിന്റെ ഭീതിയാണ് കാണിക്കുന്നത്, പ്രത്യേകിച്ചും പിറവത്ത് തോറ്റുപോയാല്‍ മന്ത്രിസഭ തകരാതിരിക്കാനുള്ള ഒരു ജാഗ്രത.എന്നാല്‍ മാധ്യമപ്പട ഇതു മറച്ചുവച്ച് സെല്‍‌വരാജിന്റെ ചില അസത്യപ്രസ്താവനകള്‍ ഉയര്‍ത്തിക്കാട്ടി പാര്‍ട്ടിയെ അടിക്കാനുള്ള വടിയാക്കുകയാണുണ്ടായത്.ഇതും പിറവത്ത് മാറ്റങ്ങള്‍ക്ക് വഴിവച്ചിരിക്കാം.
                               രാജിവച്ച സമയത്ത് സെല്‍‌വരാജിനോട് യു ഡി എഫിലേക്ക് പോകുമോ എന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ യു ഡി എഫില്‍ പോകുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണെന്നാണ്. പിറവം ഇലക്ഷന്‍ കഴിഞ്ഞ് അധികം കഴിയാതെ തന്നെ ആ ആത്മഹത്യ നടന്നു, സെല്‍‌വരാജ് യു ഡി എഫിലെത്തി.യു ഡി എഫിലെത്തിയ സെല്‍‌വരാജിന് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ( അത് രാജിക്കരാറിലുണ്ടായിരുന്നതാണ്.) കോണ്‍ഗ്രസ്സിലും അതുപോലെ തന്നെ നെയ്യാറ്റിന്‍‌കരയിലെ ശക്തരായ (70%) നാടാര്‍ സമുദായക്കാര്‍ക്കുമുണ്ടായി.നേരത്തെ തന്നെ ഇടഞ്ഞു നിന്നിരുന്ന എന്‍ എസ് എസ്, എസ് എന്‍ ഡി പി, പിന്നെ നാടാര്‍മാര്‍ക്കിടയിലെ എതിര്‍പ്പ്,കോണ്‍ഗ്രസ്സിലെ പടലപിണക്കം എല്ലാം കൂടി കോണ്‍ഗ്രസിനു സമ്മാനിച്ചിരുന്നത് ഹൈ ബീപിയായിരുന്നു.
                        നെയ്യാറ്റിന്‍‌കരയില്‍ കോണ്‍ഗ്രസ്സ് പതനം ആസന്നമായിരുന്നു.എന്നാല്‍ ഈ സമയത്താണ് ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം നടന്നത്.പാര്‍ട്ടിയില്‍ നിന്നും മാറി പുതിയൊരു പാര്‍ട്ടിയുണ്ടാക്കി അതുമായി സി പി എമ്മിനെ വെല്ലുവിളിക്കാന്‍ തുനിഞ്ഞ ചന്ദ്രശേഖരന്‍ ഉയര്‍ത്തിയ വെല്ലുവിളികളെ സി പി എം സമര്‍ത്ഥമായി നേരിട്ടുവരികയായിരുന്നു. ഈ സമയത്താണ് അദ്ദേഹം കൊല്ലപ്പെട്ടത്.സ്വതേ ക്ഷീണാവസ്ഥയിലായിരുന്ന ആശനശിച്ചിരുന്ന കോണ്‍ഗ്രസ്സിനിതൊരു നവോന്മേഷം പകര്‍ന്നു.സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ്സുകാരൊന്നടങ്കം സടകുടഞ്ഞെഴുനേറ്റു.തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടാല്‍ പോലും ഹര്‍ത്താല്‍ നടത്തില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സാണിതെന്ന് ഓര്‍ക്കണം.അവര്‍ക്കൊരു സംശയവുമുണ്ടായില്ല, കൊന്നത് സി പി എം കാര്‍ തന്നെ! നാടെങ്ങും പ്രത്യേകിച്ച് നെയ്യാറ്റി‌കരയില്‍ പലരൂപത്തിലും ഭാവത്തിലും കരഞ്ഞുകൊണ്ട് അവര്‍ രംഗം കൊഴുപ്പിച്ചു.ആയതിനു ചൂട്ടു പിടിച്ചു കൊണ്ട് മാധ്യമങ്ങളും രംഗത്തെത്തി.പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചവരെക്കുറിച്ചുപോലും അവര്‍ പലരീതിയില്‍ സ്വന്തം യുക്തിക്കനുസരിച്ച് കഥകള്‍ നിര്‍മ്മിച്ച് പുറത്തിറക്കി. നാളിതുവരേയൂള്ള കള്ളക്കഥകളേയും കുപ്രചരണങ്ങളേയും കടത്തിവെട്ടുന്നത്ര നാണം കെട്ട രീതിയിലായി അവരുടെ പ്രചരണം.പിന്നില്‍ രാഷ്ട്രീയമില്ല മറ്റെന്തോ ആണെന്ന് പറഞ്ഞ ഡി ജി പിയെ പോലും തിരുത്താന്‍ ആഭ്യന്തരമന്ത്രി തയ്യാറായി എന്നതു തന്നെ അവരുടെ ദുഷ്ടലാക്ക് വെളിവാക്കുന്നു.സ്വന്തം അമ്മ ചത്താല്‍ പോലും അവിടേയും മാര്‍ക്സിസ്റ്റക്രമം കണ്ടെത്താനുള്ള കോണ്‍ഗ്രസ്സുകാരുടെ ദുഷ്‌ടമനസും  അതിനു വ്യാപകപ്രചരണം നല്‍കാനുള്ള മകാരം തുടങ്ങിയ മാധ്യമങ്ങളും മറ്റു ചാനലുകളും നടത്തിയ വിഷപ്പെരുമഴ വളരെ വ്യാപകമായ വിനാശമാണ് കേരളമണ്ണില്‍ വിതക്കുന്നത്.
                         ഉമ്മന്‍‌ചാണ്ടി വികാരഭരിതനായി പ്രസംഗിക്കുന്നത് ചാനലുകാര്‍ എടുത്തുകാണിച്ചുകൊണ്ടേയിരുന്നു,:- “തോല്‍ക്കാന്‍ ആളെക്കൊല്ലണമെന്നു വന്നാല്‍ അവിടെ തോല്‍ക്കാനാണ് കോണ്‍ഗ്രസ്സ് താല്‍പ്പര്യപ്പെടുന്നതെന്ന്.“ കേരളത്തില്‍ കോണ്‍ഗ്രസ്സ്കാര്‍ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയ സി പീമ്മുകാരുടെ എണ്ണം അദ്ദേഹത്തിനറിയാമോ? അതുവേണ്ട, കോണ്‍ഗ്രസ്സ്കാര്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതും ചാവാതെ അംഗഭംഗം വന്ന് ചത്തു ജീവിക്കുന്നവരുടേയും എണ്ണം അദ്ദേഹത്തിനറിയാമോ,അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? അറിയാന്‍ സാധ്യതയില്ല,കാരണം കോണ്‍ഗ്രസ്സില്‍ അവസാനമായി ചരിത്രം വായിച്ചയാള്‍ ജവഹര്‍‌ലാല്‍ ആണല്ലോ അല്ലെ.
                     അപ്പോള്‍ ശ്രീടി.പി.ചന്ദ്രശേഖരന്റെ രക്തത്തിന്റെ ഊര്‍ജത്തില്‍ സടകുടഞ്ഞെഴുനേറ്റ് ആര്‍ത്തട്ടഹസിക്കുന്ന കോണ്‍ഗ്രസ്സിന് മാക്സിമം കിട്ടുന്ന ആയുസ്സ് നെയ്യാറ്റിന്‍‌കര ഇലക്ഷന്‍ കഴിയുന്നതുവരെ.പണ്ട് തെരുവമ്പറമ്പില്‍ നടന്ന ഇല്ലാ ബലാല്‍‌സംഗത്തിന്റെ കഥ കൊട്ടിപ്പാടി വോട്ടുപിടിച്ചവരല്ലെ കോണ്‍ഗ്രസ്സുകാര്‍.ഇലക്ഷന്‍ കഴിഞ്ഞ് ആ സ്ത്രീ ബലാത്സംഗക്കഥ നിഷേധിച്ചപ്പോഴേക്കും പാര്‍ട്ടിയുടെ ഒരു ധീരസഖാവ് രക്തസക്ഷിയായിരുന്നു.തോല്‍ക്കാനാഗ്രഹിക്കുന്ന കോണ്‍ഗ്രസ്സിന് അക്കഥ ഇപ്പോഴുമറിയാമായിരിക്കില്ല.അല്ലെങ്കില്‍ ചന്ദ്രശേഖരനെ തങ്ങള്‍ക്ക് വോട്ടുപിടിക്കാനുള്ള ഉപകരണം മാത്രമാക്കിയതിന്റെ ജാല്യതകൊണ്ടായിരിക്കുമോ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം ചുരുങ്ങിപ്പോയത്?

3 comments :

  1. അപ്പോള്‍ ശ്രീടി.പി.ചന്ദ്രശേഖരന്റെ രക്തത്തിന്റെ ഊര്‍ജത്തില്‍ സടകുടഞ്ഞെഴുനേറ്റ് ആര്‍ത്തട്ടഹസിക്കുന്ന കോണ്‍ഗ്രസ്സിന് മാക്സിമം കിട്ടുന്ന ആയുസ്സ് നെയ്യാറ്റിന്‍‌കര ഇലക്ഷന്‍ കഴിയുന്നതുവരെ.പണ്ട് തെരുവമ്പറമ്പില്‍ നടന്ന ഇല്ലാ ബലാല്‍‌സംഗത്തിന്റെ കഥ കൊട്ടിപ്പാടി വോട്ടുപിടിച്ചവരല്ലെ കോണ്‍ഗ്രസ്സുകാര്‍.ഇലക്ഷന്‍ കഴിഞ്ഞ് ആ സ്ത്രീ ബലാത്സംഗക്കഥ നിഷേധിച്ചപ്പോഴേക്കും പാര്‍ട്ടിയുടെ ഒരു ധീരസഖാവ് രക്തസക്ഷിയായിരുന്നു.തോല്‍ക്കാനാഗ്രഹിക്കുന്ന കോണ്‍ഗ്രസ്സിന് അക്കഥ ഇപ്പോഴുമറിയാമായിരിക്കില്ല.അല്ലെങ്കില്‍ ചന്ദ്രശേഖരനെ തങ്ങള്‍ക്ക് വോട്ടുപിടിക്കാനുള്ള ഉപകരണം മാത്രമാക്കിയതിന്റെ ജാല്യതകൊണ്ടായിരിക്കുമോ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം ചുരുങ്ങിപ്പോയത്?

    ReplyDelete
  2. ദൈവത്തിന്റെ ഏറ്റവും വലിയ ആരാധകൻ ആരാണെന്ന ചോദ്യത്തിന് നമ്പാടൻ മാഷ് പറഞ്ഞത് ചെകുത്താനാണെന്നാണ് .
    പിറവത്തുനിന്ന് നെയ്യാറ്റിൻ കരയിലേക്കുള്ള യാത്രയിൽ ഇതേ ചോദ്യം നമുക്ക് ഉമ്മൻ ചാണ്ടിയോട് ചോദിക്കാം ഉത്തറം എന്തായിരിക്കും ..... കുറ്റം പറഞ്ഞുള്ള രാഷ്ട്രീയ പ്രവർത്തനമാണിപ്പോൾ പൊടി പൊടിക്കുന്നത് . അതിന് ഉമ്മൻ ചാണ്ടി മാത്രമല്ല വി എസ്സും മോശമല്ല . വ്യത്യാസം എന്താ ..? ഇവിടെ കൊല്ലപ്പെട്ടത് ആരാണെന്നതിനല്ല പ്രസക്തി എപ്പോഴാണേന്നതിനാണ് . ഒറ്റക്കുത്തിന് കൊല്ലാൻ പാടില്ലായിരുന്നോ എന്നതേപ്പറ്റിയാണ് ചാനൽ ചർച്ച .....ബാക്കിയെല്ലാം നെയ്യറ്റിൻ കര കയറുമ്പോൾ കാണാം

    ReplyDelete
  3. മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും നാളെ പൊട്ടും എന്ന് ഭീതി പരത്തിയതിനെ തുടര്‍ന്നു ഇടുക്കിയിലെ വെള്ളം തുറന്നു വിട്ടു കളഞ്ഞതാണ് പവര്‍ കട്ടിന് പ്രധാന കാരണം, പിന്നെ ജനരെട്ടറുകള്‍ പലതും പ്രവര്‍ത്തന രഹിതമായതും , അതിന്റ കാരണം തിരഞ്ഞാല്‍ പിന്നെയും ലാവലിനില്‍ എത്തി നില്‍ക്കും , ഇടതു സര്‍ക്കാരിന് തന്നെ ആണ് ഉത്തരവാദിത്തം കാരണം യു ഡീ എഫ് വന്നിട്ട് ജനരെട്ടര്‍ മെയിന്റനന്‍സിനു കരാര്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല , ആര്യാടന്‍ മുഹമ്മടിനെക്കാള്‍ മഹാന്‍ ആണ് ബാലന്‍ എന്ന് താങ്കള്‍ മാത്രമേ വിശ്വസിക്കു, ആദ്യത്തെ ഒരു വര്ഷം എല്‍ ഡീ എഫും ഇങ്ങിനെ ഒക്കെ തന്നെ ആണ് പോയത് , ഒന്നാം വാര്‍ഷികം നടത്താന്‍ ഈവന്റ് മാനേജ് മെന്റിനെ ഏര്‍പ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞില്ല സമ്മതിക്കുന്നു , ജാത മുതല്‍ കൊലപാതകം വരെ ഔട്ട് സോര്‍സ് ചെയ്യുന്ന എല്‍ ഡീ എഫിന്റെ എഫിഷ്യന്‍സി യു ഡീ എഫിന് വന്നിട്ടില്ല, മന്ത്രിമാര്‍ക്ക് പ്രവര്‍ത്തന പരിചയക്കുറവ് ഉണ്ട് , കീ പൊസിഷനില്‍ ഇരിക്കുന്ന പഴയ എല്‍ ഡീ എഫ് അനുഭാവികളെ മാറ്റാന്‍ പോലും മിനിസ്ട്രി ക്ക് കഴിഞ്ഞിട്ടില്ല , അക്കാദമികള്‍ പുന സംഘടിചിട്ടില്ല ബോര്‍ഡുകള്‍ വീതം വച്ചിട്ടില്ല , നേരിയ ഭൂരിപക്ഷം എല്ലാത്തിനും തടസ്സം നില്‍ക്കുന്നു , നെയ്യാറ്റിന്‍ കരയില്‍ ശേല്‍വരാജന്‍ ജയിക്കുമ്പോള്‍ ഒരു അംഗമുള്ള ഘടകന്മാരുടെ ഭീഷണി അവസാനിക്കും , ഗണേശനെ യോ , ശിബുവിനെയോ അനൂപിനെയോ ഒക്കെ ഒതുക്കി ഭരണം കൊണ്ട് പോകാന്‍ പറ്റും, സ്പീഡ് പ്രോഗ്രാം കഴിഞ്ഞു ഭരണ നവീകരണം അജണ്ടയില്‍ ഉണ്ട്, ഉടന്‍ തന്നെ ഭരണ ക്രമങ്ങളിലെ നൂലാമാലകള്‍ മാറ്റാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നതാണ് അതോടെ ജനങ്ങള്‍ക്ക്‌ ഭരണം കൂടുതല്‍ മെച്ചമായി അനുഭവപ്പെടും , രൂപയുടെ വിലയിടിവ് , വിലക്കയറ്റം ഉണ്ടാക്കും അത് സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല , ഏതായാലും ഒന്ന് തീര്‍ച്ചയാണ് അഞ്ചു വര്ഷം എല്‍ ഡീ എഫിന് ഒരു തിരിച്ചു വരവില്ല നിങ്ങള്ക്ക് ഒരു പണിയെ അറിയുള്ളു , കൊലപാതകം , വീ എസിനെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്തോളു

    ReplyDelete