ഡീസല്‍ വില വര്‍ദ്ധനവിനെതിരെ

**msntekurippukal | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                  ഭാരതീയരുടെ സ്വതസിദ്ധമായ മടിയെക്കുറിച്ച് - പ്രത്യേകിച്ച് എന്തിനെങ്കിലും മുന്‍‌കൈയെടുക്കാനുള്ള മടിയെക്കുറിച്ച് നിരവധി കഥകളുണ്ട്.അതിലൊന്നിങ്ങനെ:- ഉത്തര്‍പ്രദേശില്‍ ഒരു സ്ത്രീ ഗര്‍ഭിണിയായി, മാസം തികഞ്ഞിട്ടും അവര്‍ പ്രസവിക്കുന്നില്ല.ഒന്‍പതുമാസമായി,പത്തുമാസമായി,പതിനൊന്ന് മാസമായി,പന്ത്രണ്ടു മാസവും കഴിഞ്ഞിട്ടും അവര്‍ പ്രസവിക്കുന്നില്ല.അങ്ങനെ അവരെ ഒരു ഡോക്ടറെ കാണിച്ചു, പരിശോധനക്കു ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെ “ ആ സ്ത്രീയുടേ വയറ്റില്‍ ഇരട്ടകുട്ടികളാണുള്ളത്, അതില്‍ ആര് ആദ്യം പുറത്തുവരും എന്നതാണ് തര്‍ക്കം“, ആപ് പഹലെ, ആപ് പഹലെ (താങ്കളാദ്യം,അല്ല താങ്കളാദ്യം) എന്നീ കുട്ടികള്‍ പരസ്പരം തര്‍ക്കിക്കുന്നത് ഡോക്ടര്‍ കേട്ടെന്നും അദ്ദെഹം പറഞ്ഞു.
                           എന്നാല്‍ പോലും തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമുണ്ടായാല്‍ അതിനെതിരെ പ്രതികരിക്കാനും ഈ ഉത്തരേന്ത്യാക്കാര്‍ മുന്‍പന്തിയിലാണ് എന്നവര്‍ തെളിയിച്ച് തന്നിട്ടുമുണ്ട്.ഉദാഹരണം അടിയന്തിരാവസ്ഥകാലഘട്ടം തന്നെ.അടിയന്തിരാവസ്ഥയില്‍  നടന്ന  തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേയും അവരുടെ അഖിലേന്ത്യാ നേതൃത്വത്തേയും ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രിയും പുതിയ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുമായിരുന്ന ഇന്ദിരാഗാന്ധിയേയും ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് ഭരണത്തിന് ചരിത്രത്തിലാദ്യമായി അറുതി വരുത്താനും അവര്‍ക്ക് കഴിഞ്ഞു.എന്നാല്‍ ഇങ്ങ് തെക്ക് കേരളത്തില്‍ ഭരണ കക്ഷിയായിരുന്ന കോണ്‍ഗ്രസ്സിന് 140 ല്‍ 111 സീറ്റു നല്‍കിക്കൊണ്ട് അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സ് നടത്തിയ വൃത്തികേടുകള്‍ക്ക് മുഴുവന്‍ ഫുള്‍ മാര്‍ക്കു നല്‍കി നമ്മള്‍.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ ഭൂരിപക്ഷം പേരും ഈ അടിയന്തിരാവസ്ഥക്കനുകൂലമായിരുന്നു എന്നര്‍ത്ഥം.
                             നാട്ടിലുണ്ടാകുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും പിന്നില്‍ തൊഴിലാളികളുടെ, കര്‍ഷകരുടെ,കര്‍ഷകതൊഴിലാളികളുടെ, സര്‍ക്കാര്‍ ജീവനക്കാരുടെ ഒക്കെ സംഘടിത ശക്തിയാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇന്നും ഈ കേരളത്തിലെ വളരെയധികം ആളുകളും.അവര്‍ സമരം ചെയ്ത് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതാണീ നാട്ടിലെ പ്രശ്നങ്ങള്‍ക്കു മുഴുവന്‍ കാരണമെന്നവര്‍ ദൃഡ്ഡമായി വിശ്വസിക്കുന്നു.ഇവര്‍ സമരം ചെയ്ത് ശമ്പളക്കൂടുതല്‍ നേടുന്നതാണ് വിലക്കയറ്റത്തിനും അതുവഴി സാധാരണക്കാരന്റെ ജീവിതം താറുമാറാകാനും കാരണം എന്നവര്‍ സമര്‍ത്ഥിക്കുന്നു.ഈ ധാരണയ്ക്ക് അടിവളമിടുന്നവരാണ് ഇന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ചാനലുകളും.
                           സ്വന്തം കഴുത്തില്‍ കത്തി വച്ച് പണ്ടവും പണവും കവര്‍ന്നുകൊണ്ടുപോയാലും പിറ്റേന്ന് മനോരമ മാതൃഭൂമിയാദികളും ആ ഗണത്തില്‍ പെടുന്ന ചാനലുകളും അതിനെക്കുറിച്ചെന്തു പറയുന്നു എന്നു നോക്കി അഭിപ്രായം രൂപീകരിക്കുന്നവരുടെ എണ്ണം ഇവിടെ കൂടി വരുന്നു.സ്വന്തം അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുകയും അതുവഴി ഒരു പൊതു നിഗമനത്തിലെത്തിച്ചേരുകയും അതിനെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്ന പൊതു സമൂഹം രൂപപ്പെടേണ്ടതിനു പകരം സ്വന്തം അനുഭവങ്ങളെ വലതുപക്ഷ മാധ്യമറിപ്പോര്‍ട്ടുകള്‍ക്കനുസരിച്ചുള്ള ധാരണകളാക്കി മാറ്റുന്ന ഒരു സമൂഹമാണിവിടെ രൂപം കൊണ്ടു വരുന്നത്.
                         എന്തുകൊണ്ടാണിതു സംഭവിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ, കേരളത്തിലെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും മധ്യവര്‍ഗസ്വഭാവം കാണിക്കുന്നു എന്നതാണത്.ഈ മധ്യവര്‍ഗക്കാര്‍ ഒരിക്കലും താഴേക്ക് നോക്കാറില്ല, തങ്ങളുടെ നോട്ടവും സ്വപ്നവും ഒക്കെ വളരെ ചെറിയ ശതമാനം വരുന്ന പണക്കാരിലേക്കാണ്.അവര്‍ സ്വയം വിചാരിക്കുന്നതും, അവരുടെ ചിന്താധാരകളുമൊക്കെ വര്‍ത്തിക്കുന്നതും ഒക്കെ ആ തലത്തിലേക്കാഭിമുഖ്യമായിട്ടായിരിക്കും.അവരുടെ ശ്രമം മുഴുവന്‍ ആ മുകള്‍ തട്ടിലെത്താനായിരിക്കും.മുകളിലെത്താനുള്ള ശ്രമത്തിനിടയില്‍ പിടിവിട്ട് ഏറ്റവും അടിത്തട്ടിലേക്ക് വീണ, ഇപ്പോഴും വീണുകൊണ്ടിരിക്കുന്ന നിരവധി പേരെ തനിക്കു ചുറ്റും അവന്‍ കാണുന്നുണ്ട് ദിവസവുമെങ്കിലും അതൊന്നും അവനെ അലോസരപ്പെടുത്തുന്നില്ല.മറ്റൊരുവന്‍ - ഒരു പക്ഷെ അവന്‍ തന്റെ അയല്‍‌വാസിയോ ബന്ധുവോ ഒക്കെ ആകാം - പിടിവിട്ട് വീണാല്‍ അത് അവന്റെ കാര്യം അല്ലെങ്കില്‍ അവന്റെ കയ്യിലിരിപ്പ്, തന്നെ അതൊന്നും ബാധിക്കില്ല എന്ന ശുഭാപ്തിവിശ്വാസവുമായി താന്‍ പിടിവിട്ടു വീഴുന്നതു വരെ  പാടുപെട്ട് പിടിച്ചു തൂങ്ങുന്നവരാണ് അധികം പേരും.താഴെ വീണാല്‍ പോലും അതംഗീകരിക്കാന്‍ തയ്യാറാകാതെ സ്വബോധം എന്നിട്ടും തിരിച്ചുകിട്ടാതെ പുലംബുകയും കയ്യും കാലുമിട്ടടിക്കുകയും ചെയ്യുന്നവരെ ധാരാളം നമ്മള്‍ കണ്ടുമുട്ടാറില്ലെ?
                            സാധാരണ പോലീസുകാര്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട് “ അന്തം വിട്ട പ്രതി എന്തും ചെയ്യും” എന്ന്.ആട് തേക്ക് മാഞ്ചിയം കാരും ചിട്ടി വട്ടി നടത്തിപ്പുകാരും, ഫ്ലാറ്റ് വില്ല റിസോര്‍ട്ട് മാഫിയായുമൊക്കെ കേരളത്തില്‍ വീണ്ടും വീണ്ടും പിടി മുറുക്കുന്നതിന് കാരണം മറ്റെവിടേയെങ്കിലുമല്ല നാം തിരയേണ്ടത്.
                       ഇങ്ങനത്തെയൊരു കേരളത്തിന്റെ അവസ്ഥയില്‍ നിന്നുകൊണ്ട് വേണം ഇന്നലത്തെ ഡീസല്‍ വിലവര്‍ദ്ധനയെക്കുറിച്ച് ചിന്തിക്കേണ്ടത്.ഡീസലിനു വില കൂട്ടുന്നതിനു മുന്‍പായി പെട്രോളിനു പലവട്ടം വില കൂട്ടിയിരുന്നു.പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ അവകാശം അവര്‍ പെട്രോളിയം ഉല്‍പ്പാദകരായ കമ്പനികള്‍ക്ക് വിട്ടുകൊടുത്തിട്ട് കാലം കുറേയായി. അവരാണെങ്കിലോ, നഷ്ടം നഷ്ടം എന്ന പേരു പറഞ്ഞ് ഇന്ധന വില മാസാമാസം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.ഓരോ പ്രാവശ്യം വില വര്‍ദ്ധിപ്പിക്കുമ്പോഴും പ്രതിപക്ഷം ഹര്‍ത്താലുകളും സംഘടിപ്പിക്കുന്നുണ്ട്.ഈ ഹര്‍ത്താലുകളെ ജനം (മുകളില്‍ പറഞ്ഞ) എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
                       പൊതുവേ പറഞ്ഞാല്‍ ഒരു കുപ്പിയും ഒരു കോഴിയും സമം ഒരു ഹര്‍ത്താല്‍,അല്ലെങ്കില്‍ കുറേ സിനിമാ സിഡികളും പ്ലേയറും, അതുമല്ലെങ്കില്‍ ഒരു ഉല്ലാസയാത്ര.ഉല്ലാസയാത്രക്കുള്ള കുഴപ്പം തലേന്നേ പോകണം പിറ്റേന്നേ തിരിച്ചു വരാന്‍ കഴിയൂ എന്നുള്ളതാണ്.
                        അങ്ങനെ ഇന്ധന വില വര്‍ദ്ധനവിനെതിരെയുള്ള സമരപരിപാടികളെല്ലാം ആഘോഷിക്കാനും അര്‍മാദിക്കാനുമുള്ള അവസരമാക്കി മാറ്റുകയാണ് കേരളത്തിലെ നവ മധ്യവര്‍ഗികള്‍.ഇന്ധന ഉല്‍പ്പാദകരായ കമ്പാനികള്‍ നമ്മെ എങ്ങനെയൊക്കെ കൊള്ളയടിക്കുന്നു എന്ന് എത്ര കൃത്യമായി കണക്കുകള്‍ നിരത്തി വിശദീകരിച്ചാലും ഈ നവ മധ്യവര്‍ഗക്കാര്‍ അതൊന്നും കാണാനോ കേള്‍ക്കാനോ നില്‍ക്കാതെ ഹര്‍ത്താല്‍ കൊണ്ട് പെട്രോള്‍ വില കുറയുമോ എന്ന് ചോദിക്കുന്നു, എന്നിട്ട് നമ്മെ നോക്കി ഒരു ഓഞ്ഞ ചിരിയും ചിരിക്കുന്നു.പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പയറ്റാന്‍ അവര്‍ കണ്ടെത്തിയ പുതിയ സമര പരിപാടികള്‍ (1) പെട്രോള്‍ വാഹനം വില്‍ക്കുക, (2) സ്ഥിരം യാത്ര ബസ്സിലാക്കുക എന്നിവയാണ്.അങ്ങനെ പെട്രോള്‍ വണ്ടി വിറ്റ് കുടുംബം പോറ്റാന്‍ ഡീസല്‍ വണ്ടി വാങ്ങിയ ഓട്ടോ ഡ്രൈവര്‍ വിഷമത്തോടെ ചോദിക്കുന്നതുകേട്ടു ഇനി എന്തു ചെയ്യുമെന്ന്?ആ ഡ്രൈവര്‍ വളരെ പെട്ടെന്നു തന്നെ ഉത്തരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം അന്യായമായ വില വര്‍ദ്ധനവിനെതിരെ സമരം ചെയ്യുമെന്ന് മറ്റുള്ളവരെ പോലെ.സ്വന്തം വണ്ടി വിറ്റും സ്ഥിരം യാത്ര ബസ്സിലാക്കുകയും ചെയ്ത മാന്യന്മാരുടെ സമരമുറക്കു കിട്ടിയ മറുപടിയായിരുന്നു ഡീസല്‍ വില വര്‍ദ്ധന.
                        നമ്മുടെ എല്ലാ കൊമേര്‍സ്യല്‍ വാഹനങ്ങളും ഓടിക്കുന്നത് ഡീസല്‍ ഓയില്‍ ഉപയോഗിച്ചാണ്.അതുകൊണ്ടുതന്നെ ഡീസല്‍ വില വര്‍ദ്ധന ഈ വാഹനങ്ങളുടെയൊക്കെ ഉപയോഗം വിലപിടിപ്പുള്ളതാക്കും.പ്രത്യേകിച്ചും കേരളം പോലൊരു ഉപഭോക്ത്രു സംസ്ഥാനത്ത് ഇതുണ്ടാക്കുന്ന കെടുതികള്‍ വളരെ കൂടുതലായിരിക്കും.അതുകൊണ്ടു തന്നെ പെട്രോള്‍ വില വര്‍ദ്ധനയേക്കാള്‍ ഡീസല്‍ വില വര്‍ദ്ധന എതിര്‍ക്കപ്പെടേണ്ടതാണ്.എന്നിട്ടും നമ്മുടെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണത്രെ :- “പെട്രോളിനും മണ്ണെണ്ണയ്ക്കും വില വര്‍ദ്ധനയില്ല” എന്ന്.എത്ര കൃത്യമായി മനോരമ അത് നിര്‍വഹിച്ചു എന്നു നോക്കിക്കേ.
                            മനോരമ മലയാളിയുടെ മുഖത്ത് കാര്‍പ്പിച്ച് തുപ്പുന്നതല്ലെ അതുകൊണ്ടുണ്ടായത്?എന്നിട്ടും ആ വാദം ഏറ്റു പിടിക്കാന്‍ മലയാളികളുണ്ടായി എന്നു ഓര്‍ക്കണം.എല്‍ ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചയുടന്‍ വന്നു സോഷ്യല്‍ സൈറ്റിലെ ആ എമണ്ടന്‍ ചോദ്യം:- ഹര്‍ത്താലാചരിച്ചാല്‍ ഡീസല്‍ വില നാളെ പൂജ്യമായി മാറുമായിരിക്കും എന്ന്.ഡീസലിനെങ്ങിനെയാണ് വിലയിടുന്നതെന്നും ആ വില എങ്ങിനെയാണ് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കൂടുന്നതെന്നും അതെങ്ങനെ കുരയ്ക്കാന്‍ പറ്റുമെന്നുമുള്ള കാര്യത്തില്‍ അദ്ദേഹം അജ്നനാണെന്നെനിക്ക് തോന്നുന്നില്ല.എന്നിട്ടും ആ മനോരമ സ്വാധീനം, അല്ലെങ്കില്‍ ആ ഒരു ദിവസം തന്റെ ജോലി മുടങ്ങിയാല്‍ തനിക്കുണ്ടായേക്കാവുന്ന വരുമാന നഷ്ടം അതൊന്നു മാത്രമായിരിക്കണം ആ ചോദ്യം അദ്ദേഹത്തെക്കൊണ്ടത് ചോദിപ്പിച്ചത്.കോടിക്കണക്കിനു ആളുകളെ വഴിയാധാരമാക്കുന്ന ആ നടപടി തന്റെ തുഛമായ ഏതാനും ആയിരങ്ങള്‍ക്കു വേണ്ടി മറക്കാന്‍ തയ്യാറാവുന്ന  വ്യക്തി(കളെ)യെ മനോജീവി എന്ന് വിശേഷിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.മനോരമയും അതു പോലുള്ളവയും  മാത്രം വായിക്കുകയും അവരുടെ അജണ്ടക്കൊപ്പം ചിന്തിക്കുകയും ഒക്കെ ചെയ്യുന്ന കുറേ ജീവികളുണ്ടിവിടെ. അവരെയാണ് പൊതുവേ മനോജീവികള്‍ എന്ന് വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നത്.
                           സ്വന്തം ജീവിതത്തെക്കുറിച്ചുപോലും സത്യസന്ധമായ ഒരു വീക്ഷണം അല്ലെങ്കില്‍ ധാരണയില്ലാത്ത അതു തീരുമാനിക്കാനുള്ള അവകാശം പോലും മനോരമ പോലുള്ള വലതുപക്ഷമാധ്യമങ്ങള്‍ക്കു വിട്ടുകൊടുത്തവരാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സ്വൈര്യജീവിതത്തിന് തടസ്സമായി നില്‍ക്കുന്നത്.എന്തിനേയും ഏതിനേയും വലതു മാധ്യമങ്ങളുടെ കണ്ണില്‍ക്കൂടി കാണുന്നവര്‍.ഒരുപാടൊരു പാട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്,ബ്ലോഗ് വലുതാകും എന്നതിനാല്‍ മുതിരുന്നില്ലെന്നു മാത്രം.
                      ഇന്ധന വിലവര്‍ദ്ധനവിനെ അനുകൂലിച്ച് പ്രസ്താവനയിറക്കുന്നവര്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ക്ക് കൊടുക്കുന്നതു പോലെ വിലവര്‍ദ്ധന കോമ്പന്‍സേറ്റ് ചെയ്യാന്‍ സബ്സിഡി നല്‍കുന്നുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ.പക്ഷെ ആ എതിര്‍പ്പിന്റെ വീറും വാശിയും കാണുമ്പോള്‍ അങ്ങനെയൊരു സ്കീം നിലവിലുള്ളതുപോലെ തോന്നുന്നു.അങ്ങനെയുണ്ടെങ്കില്‍ നല്ലത്.പക്ഷെ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ഗതി കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സമരം ചെയ്യുന്ന ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന എല്ലാ ദുരിതങ്ങളും നിങ്ങള്‍ക്കും ബാധകമാണെങ്കില്‍ പിന്നെ എന്തിനീ വൃത്തികെട്ട പരിപാടി?അതിലുമെത്രയോ ഭേദമാണ് സാധാരണ ജനത്തോടൊപ്പം നിന്ന് പോരാടുക എന്നത്.
                    ഇന്ധനവില വര്‍ദ്ധനവിനെതിരെ പോരാടുന്ന എല്ലാവരോടും ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു.
(ഫേസ് ബുക്കിനോട് കടപ്പാട്.)


5 comments :

  1. സ്വന്തം ജീവിതത്തെക്കുറിച്ചുപോലും സത്യസന്ധമായ ഒരു വീക്ഷണം അല്ലെങ്കില്‍ ധാരണയില്ലാത്ത അതു തീരുമാനിക്കാനുള്ള അവകാശം പോലും മനോരമ പോലുള്ള വലതുപക്ഷമാധ്യമങ്ങള്‍ക്കു വിട്ടുകൊടുത്തവരാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സ്വൈര്യജീവിതത്തിന് തടസ്സമായി നില്‍ക്കുന്നത്.എന്തിനേയും ഏതിനേയും വലതു മാധ്യമങ്ങളുടെ കണ്ണില്‍ക്കൂടി കാണുന്നവര്‍.ഒരുപാടൊരു പാട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്,ബ്ലോഗ് വലുതാകും എന്നതിനാല്‍ മുതിരുന്നില്ലെന്നു മാത്രം.

    ReplyDelete
  2. ബന്ടിനെക്കള്‍ നല്ലതല്ലേ എന്ത് കൊണ്ട് എണ്ണ കമ്പനികള്‍ നഷ്ടതിലാകുന്നു എന്ന് കണ്ടെത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് , അതൊന്നും ഇവിടെ നടക്കുന്നില്ല , വില കൂടി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹര്‍ത്താല്‍ ആണ് , ഭാരത ബന്ദു ഇന്നാണ് പക്ഷെ പിറ്റേന്ന് തന്നെ കേരള ബന്ദു കഴിഞ്ഞു , എല്ലാവര്ക്കും എന്ത് സന്തോഷം!! ബാങ്കുകള്‍ പോലും അടച്ചിട്ടു കേരളം എന്നാ ഒരു സ്റെട്ടില്‍ അല്ലാതെ ഈ ഇന്ത്യ മഹാരാജ്യത്ത് എവിടെയും ബന്ദില്ല ഇവിടെ നൂറു ദിവസം ഒരു വര്ഷം ഹര്‍ത്താല്‍ കാണും കാരണം ഇവിടെ ഉള്ളവന്‍ സുഖിക്കുന്നത് പാവങ്ങള്‍ ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെട്ട കാശ് കൊണ്ടാണ് , അന്നന്ന് പച്ചക്കറി കടയോ ചായക്കടയോ നടത്തി ജീവിക്കുന്നവന് മാത്രമേ ബുദ്ധിമുട്ട് ഉള്ളു, അവന്റെ കാര്യം ആര്‍ക്കു കേള്‍ക്കണം, ഒരു ഹര്‍ത്താല്‍ ഉണ്ടായാല്‍ അതും പറഞ്ഞു ചാനലും പത്രങ്ങളും പിറ്റേന്ന് വരെ അഴിച്ചു കൂട്ടും, പത്തര ആകുമ്പോള്‍ ഒരു അമ്പത് പേര്‍ വരുന്ന ഒരു സംഘം ഒരു ജാഥ, പോകുന്ന വഴി ഒക്കെ കല്ലെറിഞ്ഞും ആള്‍ക്കാരെ വിരടിയും സെക്രറെരിയെറ്റ് വരെ , കുറെ വായി നോക്കി പോലീസ് അവനു അകമ്പടി സേവിച്ചു മന്ദം മന്ദം പുറകെ , ഇതെത്ര നടന്നു , എന്ത് പ്രയോജനം , മാന്‍ മോഹന്‍ സിങ്ങിനു ഒരു കീഴ് ശ്വാസം വിട്ടപോലെ പോലും തോന്നില്ല ഇവിടത്തെ പ്രതിഷേധം

    ReplyDelete
    Replies
    1. “ബന്ടിനെക്കള്‍ നല്ലതല്ലേ എന്ത് കൊണ്ട് എണ്ണ കമ്പനികള്‍ നഷ്ടതിലാകുന്നു എന്ന് കണ്ടെത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്“ സുശീലന്‍ ചേട്ടന്റെ കമന്റ് ആണ്.ഇനി ബോധവല്‍ക്കരിക്കാന്‍ പോയാല്‍ സുശീലന്‍ ചേട്ടന്‍ അതിനു കുറ്റം കണ്ടുപിടിക്കും,വിമര്‍ശിക്കും.എണ്ണക്കമ്പനികള്‍ ന്‍ഷ്ടത്തിലാണോ അല്ലയോ എന്നൊക്കെ ജനത്തിനറിയാം,കാലാകാലങ്ങളായി അവരൊക്കെ ബോധവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.പക്ഷെ അവരെ പഠിപ്പിക്കുന്ന, മിനിട്ടിനു മിനിട്ടിനു എണ്ണവില കൂട്ടി ജനത്തിനെ വറുതിയിലാക്കുന്ന ഭരണവര്‍ഗത്തിനെതിരെ സുശീലന്‍ ചേട്ടനൊന്നും പറയാനില്ലെ?അതോ വില കൂട്ടി പ്രകോപനം സൃഷ്ടിക്കുന്നവരേക്കാള്‍ മോശമാണോ അതിനെ എതിര്‍ക്കുന്നവര്‍.അങ്ങനെയാണെങ്കില്‍ പ്രകോപനം ഉണ്ടാക്കുന്നവര്‍ സുശീലന്‍ ചേട്ടന് വില കുറച്ച് നിത്യോപയോഗ സാധനങ്ങള്‍ തരുന്നുണ്ടോ?ഇല്ലെങ്കില്‍ ഈ നാണം കെട്ട ഏര്‍പ്പാടിനു നില്‍ക്കരുത്.

      Delete
  3. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍

    ReplyDelete