ചിതറിയ ചിന്തകള്‍

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഒരു നഗരത്തില്‍ ഒരനീതിയുണ്ടായാല്‍ അന്നന്തിയാകുന്നതിനു മുന്‍പ് അവിടെ ഒരു കലാപം നടന്നിരിക്കണം,അല്ലെങ്കില്‍ ആ നഗരം കത്തിചാമ്പലായിരിക്കണം.        ---- ബ്രെഹ്ത്.
                     ഈയൊരു മാനദണ്ഡം വച്ചളന്നാല്‍ നമ്മൂടെ ഇന്ത്യയില്‍ എന്നേ കലാപം നടക്കേണ്ടതാണ്, എത്രയോ വട്ടം നമ്മുടെ ഭാരതം കത്തിച്ചാമ്പലാവേണ്ടതാണ്.എന്നിട്ടുമതൊന്നും ഇവിടെ സംഭവിക്കുന്നില്ല.
                   ഇതിനര്‍ത്ഥം ഇവിടെ ജീവിക്കുന്നവരൊന്നും മനുഷ്യരല്ലെന്നാണോ? മനുഷ്യരാണെങ്കില്‍ മാത്രമല്ലെ ചിന്താശക്തിയും വിവേചനശക്തിയുമൊക്കെയുണ്ടാവൂ!മൃഗസമാനമായ ജീവിതം നയിക്കുന്നവര്‍ എന്ന് നാം ഉത്തരേന്ത്യക്കാരെ വിശേഷിപ്പിക്കാറുണ്ട്, എന്നാലത് അവര്‍ ജീവിക്കുന്ന ചുറ്റുപാടുകൊണ്ടും അവരുടെ ജീവിതസാഹചര്യങ്ങള്‍ കൊണ്ടും ഉണ്ടാകുന്നതാണെന്നാണ് നാം വിചാരിച്ചിരുന്നത്.ദിവസം 23 രൂപ കിട്ടുന്ന നാട്ടിന്‍ പുറത്തുകാരന്‍ വരെ പണക്കാരനാണല്ലോ ഈ നാട്ടില്‍.അപ്പോള്‍ അതില്‍ കുറവു വരുമാനവുമായി ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ എങ്ങനെ ജീവിക്കുന്നെന്ന് നമുക്ക് ഊഹിക്കാമല്ലോ, അപ്പോ സംശയമില്ല ഇവര്‍ മൃഗസമാനര്‍ തന്നെ, അതുകൊണ്ടിവര്‍ കലാപത്തിനിറങ്ങുമെന്ന് വിശ്വസിക്കാന്‍ വയ്യ.കലാപം നടക്കും എന്ന് പ്രതീക്ഷിക്കാത്തിടത്ത് തീപിടുത്തം പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ?
                   ഇനിയുമുണ്ട് വേറൊരു കൂട്ടര്‍, അറിവും വിദ്യാഭ്യാസവുമുള്ള മറ്റൊരു കൂട്ടര്‍.നാട്ടില്‍ നടക്കുന്ന സകലതിനേയും കുറിച്ച് അഭിപ്രായവും അറിവുമുള്ളവര്‍. നാട്ടില്‍ അധികം പേരും അറിവുള്ളവരല്ലാതാകുമ്പോള്‍ വിവരമില്ലാത്തവരാകുമ്പോള്‍ വിദ്യാഭ്യാസമില്ലാത്തവരാകുമ്പോള്‍ ഇതൊക്കെയുള്ളവരുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.തങ്ങളുടെ കൂട്ടത്തിലുള്ള അറിവില്ലാത്തവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് മുന്നോട്ട് കൊണ്ടുവരിക എന്ന ഉദാത്തമായ ഒരു കര്‍ത്തവ്യമാണവര്‍ക്ക് നിര്‍വഹിക്കാനുള്ളത്.എന്നാല്‍ അത് നിര്‍വഹിക്കാനുള്ള എന്തെങ്കിലും ഒരു ശ്രമം ഇവരില്‍ ബഹുഭൂരിപക്ഷത്തില്‍ നിന്നുമുണ്ടാകുന്നില്ല എന്നത് ഖേദകരമാണ്.പിന്നെങ്ങിനെ ഇവിടെ കലാപമോ തീപിടുത്തമോ ഉണ്ടാകും?( വിലക്കയറ്റം അനിവാര്യമാണെന്നും അത് പുരോഗമനപരമാണെന്നുമുള്ള ചില അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുക.)
                  ഇനിയുള്ള ഒരു സാദ്ധ്യത മുജ്ജന്മപാപങ്ങളാണ്. മുന്‍‌ജന്മങ്ങളില്‍ നാം ചെയ്തു കൂട്ടിയ പാപങ്ങള്‍ ജന്മജന്മാന്തരങ്ങളിലൂടെ നമ്മെ പിന്‍‌തുടരും എന്നാണ് വിവര(?)മുള്ളവര്‍ പറയുന്നത്.എന്നാല്‍ മുജ്ജന്മസുകൃതങ്ങള്‍ നമ്മെ അങ്ങനെ പിന്തുടരുന്നതായി ആരും പറയുന്നില്ല. താനും.അപ്പോള്‍ നമ്മള്‍ കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്തുവച്ച പാപഫലങ്ങളാണോ ഈ ഭരണക്കാരുടെ ചെയ്തികളായി നമ്മെ കൊല്ലാക്കൊല ചെയ്യിക്കുന്നത്?ഇതിനു പക്ഷെ കലാപം ഒരു പ്രതിവിധിയല്ല കാരണം കൊന്നാ പാപം തിന്നു തന്നെ തീരണമെന്നാണല്ലോ അറിവുള്ളവര്‍ നമ്മെ ഉപദേശിക്കുന്നത്. കഴിഞ്ഞ ജന്മങ്ങളില്‍ നാം വലിയ പാപികളായിരുന്നു, ആ പാപഫലങ്ങള്‍ നാമീ ജന്മത്തിലൂടെ അനുഭവിച്ചു തീര്‍ക്കുന്നു.അതനുഭവിച്ചു തീരാതെ ഇവിടെയെങ്ങനെ കലാപം നടക്കാന്‍, എങ്ങനെയിവിടം ചുട്ടു ചാമ്പലാകാന്‍. അതു സംഭവിക്കുന്നതു പൊയിട്ട് അങ്ങനെ ചിന്തിക്കുന്നതു തന്നെ തെറ്റാണല്ലോ അപ്പോള്‍.
                       പക്ഷെ അപ്പോള്‍ വേറൊരു സംശയം! ഇന്നാട്ടിലെ ബഹുഭൂരിപക്ഷം ആളുകളും മുന്‍ ജന്മത്തില്‍ പാപികളായിരുന്നു എന്ന് ആരാണ് പറയുന്നത്? അതിന് എന്താണ് തെളിവുകളായി അവര്‍ ഹാജരാക്കുന്നത്?ഒരു തെളിവും അതിനവര്‍ക്കില്ല. പിന്നയോ ഈ ജന്മത്തില്‍ ദു:ഖമുണ്ടോ, ദുരിതമുണ്ടോ, പട്ടിണിയും പരിവട്ടവുമുണ്ടോ എങ്കില്‍ സംശയമില്ല നിങ്ങള്‍ മുജ്ജന്മത്തില്‍ പാപികള്‍ തന്നെ. നല്ല തെളിവും ന്യായവും തന്നെയല്ലെ.ഫലത്തില്‍ നിന്നും അതിന്റെ കാരണം കണ്ടു പിടിക്കാനുള്ള ശ്രമം എപ്പോഴും വിജയിക്കണമെന്നില്ല.ഉദാഹരണം ടി പി വധം തന്നെ! കൊല്ലപ്പെട്ടതാരാ അത് ടി പി ചന്ദ്രശേഖരന്‍ തന്നെ.അതയോ എന്നാല്‍ സംശയമില്ല അത് ചെയ്തത് മറ്റാരുമല്ല മാര്‍ക്സിസ്റ്റുകാര്‍ തന്നെ എന്ന ഒരു സിമ്പിള്‍ ലോജിക്ക് നമ്മൂടെ ഭരണക്കാരും നമ്മൂടെ മാധ്യമസമൂഹവും നമുക്ക് ഓതിത്തന്നു, സരള ഹൃദയരായി നാമത് ഹൃദയത്തിലുള്‍ക്കൊണ്ടു.
                       ഒരുപക്ഷെ ആ ഉള്‍ക്കൊള്ളലിനു നാം കൊടുക്കേണ്ടി വന്ന വിലയാണ് നമ്മുടെ ഇന്നത്തെ ദുരിതം.ടി പി വധത്തിനുശേഷം നമ്മുടെ ഭരണക്കാര്‍ മുഖ്യമാധ്യമങ്ങളുടെ സഹായത്തോടെ  സി പി എമ്മിനെതിരെ പ്രചണ്ഡമായ പ്രചരണമാണഴിച്ചുവിട്ടത് എന്നോര്‍ക്കുന്നുണ്ടല്ലോ. ഇതിനവര്‍ക്കൊരൊറ്റ കാരണമേയുണ്ടായിരുന്നൊള്ളൂ, ആസന്നമായ നെയ്യാറ്റിങ്കര ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത്. ആ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു ജയിക്കാനായാല്‍ അവര്‍ക്ക് കുറച്ചുകൂടി ഭരണം എളുപ്പമാകും.അല്ലെങ്കില്‍ തന്നെ മുടിനാരിഴയില്‍ തൂങ്ങിയെന്ന് പറയുന്നതുപോലെ ലോലമായ ഭൂരിപക്ഷത്തിലുള്ള ഭരണമായിരിക്കും ഉണ്ടാവുക.അതിനൊരു മാറ്റം വേണമെന്നുള്ള ആഗ്രഹം അവര്‍ക്കുണ്ടാവുക സ്വാഭാവികം.അതിനവര്‍ കണ്ടെത്തിയ എളുപ്പമാര്‍ഗമായിരുന്നു വീണു(?) കിട്ടിയ ടി പി വധം.അതവര്‍ മുതലെടുത്തു എന്നു മാത്രം.എന്നാല്‍ അതിനനുസരിച്ച് ജനവും നീങ്ങിയപ്പോള്‍ കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അനുഭവമായിപ്പോയി ജനത്തിനുണ്ടായത്.
             ഒരു പക്ഷെ നെയ്യാറ്റിന്‍‌കരയിലെ വിജയം മറിച്ചായിരുന്നെങ്കില്‍ കേന്ദ്രവും കേരളവും ഒരല്‍പ്പം മാന്യത കാണിക്കുമായിരുന്നു എന്നുവേണം വിചാരിക്കാന്‍.കാരണം ഭരണനടപടികലുടെ ജനസമ്മിതി  അളക്കുന്ന ഏകകങ്ങളാണല്ലോ തിരഞ്ഞെടുപ്പുകള്‍ - പ്രത്യേകിച്ചും ഉപതിരഞ്ഞെടുപ്പുകള്‍.ഈ തിരഞേടുപ്പുകളില്‍ കിട്ടുന്ന തലോടലിനും തല്ലിനുമനുസരിച്ചായിരിക്കും പുതിയ പുതിയ ഭരണനടപടികള്‍.ഒരോളത്തിനു കിണറ്റില്‍ ചാടിയാല്‍ പത്തോളമുണ്ടെങ്കിലും കയറിപ്പോരാന്‍ കഴിയില്ലെന്നാണല്ലോ പഴഞ്ചൊല്ല്.ജയിപ്പിക്കാനല്ലാതെ, അങ്ങോട് കയറ്റിവിടാനല്ലാതെ തിരിച്ചു വിളിക്കാന്‍ നമുക്ക് വകുപ്പില്ലല്ലോ. ഇത് കൃത്യമായറിയാവുന്നതും ഈ ഭരണക്കാര്‍ക്ക് തന്നെയാണ്, അഞ്ചുകൊല്ലം കുശാല്‍.

1 comment :

  1. ഒരോളത്തിനു കിണറ്റില്‍ ചാടിയാല്‍ പത്തോളമുണ്ടെങ്കിലും കയറിപ്പോരാന്‍ കഴിയില്ലെന്നാണല്ലോ പഴഞ്ചൊല്ല്.ജയിപ്പിക്കാനല്ലാതെ, അങ്ങോട് കയറ്റിവിടാനല്ലാതെ തിരിച്ചു വിളിക്കാന്‍ നമുക്ക് വകുപ്പില്ലല്ലോ. ഇത് കൃത്യമായറിയാവുന്നതും ഈ ഭരണക്കാര്‍ക്ക് തന്നെയാണ്, അഞ്ചുകൊല്ലം കുശാല്‍.

    ReplyDelete