കുടുംബശ്രീയും ജനശ്രീയും തമ്മിലുള്ള വ്യത്യാസം.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                       ഒരു കൂട്ടം പെണ്ണുങ്ങള്‍ വന്ന് തിന്നും കുടിച്ചും വേസ്റ്റ് ഇട്ടും പട്ടണം മുഴുവന്‍ നാറ്റിച്ചു.അവരുണ്ടാക്കിയ ട്രാഫിക് ബ്ലോക് സെക്രട്ടേറിയേറ്റിനു മുന്നില്‍ മാത്രമല്ല തിരുവനന്തപുരം പട്ടണത്തെ മുഴുവന്‍ ബാധിച്ചു.
                                                                                                                                                           വീക്ഷണം പത്രം. 
                                   ദിവസങ്ങളായി അവര്‍ അവിടെയായിരുന്നു,സെക്രട്ടേറിയേറ്റിനു മുന്നില്‍ നാടപ്പാതക്കരുകില്‍.കേരളത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തുനിന്നും എത്തിയവര്‍,കേരളത്തിലെ എല്ലാ ജാതിമതക്കാരേയും പ്രതിനിധീകരിക്കുന്നവര്‍.
                     അവര്‍ക്കൊരൊറ്റ ലക്ഷ്യം മാത്രം - നിറുത്തി വൈക്കപ്പെട്ട, അവഗണിക്കപ്പെട്ട, പിന്നാമ്പുറത്തേക്ക്  വലിച്ചെറിഞ്ഞ തങ്ങളുടെ  കൂട്ടായ്മയെ വീണ്ടും അംഗീകരിക്കുക.അതു സാധിച്ചുകിട്ടാതെ സെക്രട്ടേറിയേറ്റ് നടവിട്ട് തങ്ങള്‍ പോകില്ലെന്നവര്‍ ഉറക്കെ പ്രഖ്യാപിച്ചു.എട്ട് ദിനരാത്രങ്ങള്‍ അവരവിടെ ഇരുന്നു, ഒന്നിച്ച് കിടന്നുറങ്ങി, കയ്യില്‍ കൊണ്ടുവന്നതും എത്തിച്ചുകൊടുത്തതുമായ അല്പമാത്രമായ ഭക്ഷണം എല്ലാവരും കൂടി വട്ടമിട്ടിരുന്ന് പങ്കിട്ട് കഴിച്ചു. അവര്‍ പാടി, നൃത്തം ചെയ്തു, പ്രസംഗിച്ചു, അവരെ കാണാന്‍ പലരും എത്തി, സംസ്ഥാന കേന്ദ്ര രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കവികള്‍, പ്രകൃതിസ്നേഹികള്‍ അങ്ങനെ പലരും പലരും.അവരൊക്കെ സമരക്കാരോട് സംസാരിച്ചു സമരക്കാര്‍ തിരിച്ചും.ഇത് എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു.പരസ്പരം കാര്യങ്ങള്‍ പറയാനും പഠിക്കാനും പഠിപ്പിക്കാനും.
                അടുത്ത കാലത്ത് കേരളം കണ്ട, സെക്രട്ടേറിയേറ്റിനു മുന്നിലെ കുടുംബശ്രീക്കാര്‍ നടത്തിയ സമരത്തിന്റെ ഏറ്റവും ചുരുങ്ങിയ വിവരണമാണിത്. എന്തുകൊണ്ട് കുടുംബശ്രീക്കാര്‍ ഇത്തരമൊരു സമരത്തിനു തയ്യാറായി?അസംഘിടരായ ദുര്‍ബലരായ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന വീട്ടമ്മമാരെ ഒത്തൊരുമിപ്പിക്കാനും അതുവഴി അവര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് ഒരവസാനമുണ്ടാക്കാനും ആയി ഇടതുഗവണ്മെന്റ് കൊണ്ടുവന്ന ഒരുപാധിയായിരുന്നു കുടുംബശ്രീ.തുടങ്ങിവച്ചുകൊടുത്ത സര്‍ക്കാരിനെത്തന്നെ അമ്പരപ്പിച്ചുകൊണ്ടുയരാന്‍ കുടുമ്ബശ്രീക്ക് ആയി.കേരളത്തെ കേരളമാക്കുന്ന നിരവധി നന്മകളിലൊന്നായി കുടുംബശ്രീ മാറി.
               ഇടതുപക്ഷം ആരംഭിച്ചതാണെങ്കിലും ഇതിനൊരു ഇടതുപക്ഷപാതിത്വം നാളിതുവരെ ഇവരുടെ പ്രവര്‍ത്തില്‍ ആര്‍ക്കും കണ്ടെത്താനായില്ല. ഈയടുത്ത നാളില്‍ വന്ന എം എല്‍ എ ശ്രീ.വിഷ്ണുനാഥിന്റെ പ്രസ്ഥാവന തന്നെ കുടുംബശ്രീയെ കമ്യൂണിസ്റ്റുവല്‍ക്കരിക്കാന്‍ കഴിയാത്തതിനാല്‍ അതിനെ തകര്‍ക്കാനാണ് മാര്‍ക്സിസ്റ്റുപാര്‍ട്ടി അവരെ സമരരംഗത്തേക്കിറക്കിയത് എന്നായിരുന്നു.
              കുടുംബശ്രീ ക്കാര്‍ നടപ്പിലാക്കുന്ന പരിപാടികളൂടേയും വൈപുല്യവും അവര്‍ക്കുകിട്ടുന്ന ഫണ്ടുകളുടെ വലുപ്പവും അതില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണക്കൂടുതലും കോണ്‍ഗ്രസ്സിനെ എന്നും ആകര്‍ഷിച്ചു പോന്നിട്ടുണ്ട്. എന്നാല്‍ കുടുംബശ്രീയില്‍ കയ്യിടാന്‍ അവര്‍ക്കൊട്ട് ആവുന്നുമില്ല, അവരെ അതിനനുവദിക്കുന്നില്ല എന്നതാണു ശരി. കോണ്‍ഗ്രസ്സുകാര്‍ ഇതിനു പകരം വീട്ടിയത് അവര്‍ക്കധികാരം കിട്ടിയപ്പോള്‍ കുടുംബശ്രീക്കുപകരം “ജനശ്രീ“ എന്നൊരു തട്ടിക്കൂട്ട് സംഘടന പടച്ചുണ്ടാക്കിയാണ്. കോണ്‍ഗ്രസ്സിലെ അധികാരത്തിനു വെളിയിലാവുകയോ വെളിയിലാക്കപ്പെടുകയോ ചെയ്ത വിരലിലെണ്ണാവുന്നത്ര ചുരുക്കം നേതാക്കള്‍ അവരുടെ പോക്കറ്റ് സംഘടനയായാണീ “ശ്രീ” തല്ലിക്കൂട്ടിയത്.തട്ടിക്കൂട്ടിയ ഉടന്‍ തന്നെ കുടുംബശ്രീക്ക് ലഭിക്കേണ്ടുന്ന ഒരു ഫണ്ട് മറ്റേ ശ്രീക്ക അനുവദിക്കുകയും ചെയ്തു ഗവണ്മെന്റ്.ഈ പക്ഷപാതിത്വത്തിനെതിരെയായിരുന്നു സമരം.ആ സമരം വിജയിക്കുകയും സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ആഹ്ലാദാരവം മുഴക്കി സ്വന്തം പാര്‍പ്പിടങ്ങളിലേക്ക് തിരിച്ചു പോവുകയും ചെയ്തു.
            ഈ സമരത്തെ വിലയിരുത്തിക്കൊണ്ട് വീക്ഷണത്തില്‍ വന്ന വാര്‍ത്തയാണ് ആദ്യം ഉദ്ധരിച്ചത്.ഈ വാര്‍ത്തയുടെ പിന്നിലെ ചേതോവികാരം ഒന്നുമാത്രമേയുള്ളൂ എന്ന് വാര്‍ത്തയുടെ രീതികണ്ടാല്‍ നമുക്ക് മനസ്സിലാകും - കുശുമ്പ് അതൊന്നുമാത്രം. അതെന്തെങ്കിലുമാകട്ടെ, വീക്ഷണം അങ്ങനെ വാര്‍ത്ത കൊടുത്തിട്ടുണ്ടെങ്കില്‍ അത് വീക്ഷണത്തിന്റെ സംസ്കാരം.ഞാനിവിടെ ഇതല്ല പറയാനുദ്ദേശിക്കുന്നത്. ഈ സമരവും കഴിഞ്ഞ് സ്വന്തം കുടിയിടങ്ങളിലേക്ക് തിരിച്ചുപോയ പതിനായിരക്കണക്കിനു സഹോദരിമാരുടെ പേരില്‍ പോലീസ് കേസ്.
                 ഗതാഗതം തടസ്സപ്പെടുത്തിയതിനു കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരെ യു ഡി എഫ് സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നു. എന്നിട്ട് പതിവു പോലെ ആഭ്യന്തരമന്ത്രി ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വക പ്രസ്താവനയുമുണ്ടാവുകയും ചെയ്തു, അത് ചെയ്തത് പോലീസാണ്, ഞങ്ങളതില്‍ ഇടപെട്ടിട്ടില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന്.
                          ഇതില്‍ നിയമം നിയമത്തിന്റെ വഴിയേ പോകും എന്ന് പറഞ്ഞതിനോടു മാത്രമേ എനിക്ക് വഴക്കുള്ളു.കാരണം നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതെങ്ങിനെയെന്ന് അദ്ദേഹം പലവട്ടം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.ഉദാഹരണത്തിനു മാര്‍ക്സിസ്റ്റുകാരന്‍ പ്രതിയായ കേസുകളില്‍ നിയമം മാര്‍ക്സിസ്റ്റുകാരന്റെ നെഞ്ചത്തുകൂടിയുരുളുന്ന സ്റ്റീം റോളറാവുമ്പോള്‍ ലീഗുകാര്‍ പ്രതികളാവുന്ന കേസുകളില്‍ നിയമം നിലമ്പൂര്‍ കാടുകളീലേക്കോടുന്ന  ജീപ്പുകളാവുകയും കോണ്‍ഗ്രസ്സുകാര്‍ പ്രതികളാവുന്ന കേസുകളില്‍ നിയമം ഒരു റോകറ്റായി ശൂന്യാകാശത്തുകൂടി മാത്രം സഞ്ചരിക്കുകയും ചെയ്യും.
                     ഇതിനെത്രയോ ഉദാഹരണങ്ങള്‍ നമുക്ക് സമീപകാല രാഷ്ട്രിയത്തില്‍ നിന്നും കണ്ടെത്താം. ഒരൊറ്റ ഉദാഹരണം മാത്രം സൂചിപ്പിച്ചുകൊള്ളട്ടെ. ടി പി വധം കഴിഞ്ഞയുടന്‍ വലതുമൂരാച്ചി മാധ്യമങ്ങളും സകലമാന നവഇടതുപക്ഷക്കാരും ഭരണകക്ഷിക്കാരുംകൂടി മാര്‍ക്സിസ്റ്റുപാര്‍ട്ടിയെ വേട്ടയാടുന്ന കാലം.ഇതിനു സമാനമായ ഒരു കാലഘട്ടം മുന്‍പ് ഉണ്ടായിരുന്നത് 1946 - 48 കാലഘട്ടമാണ്. ആ കാലത്തെക്കുറിച്ച് ശ്രീ.തോപ്പില്‍ ഭാസി എഴുതിയത് (ഒളിവിലെ ഓര്‍മ്മകള്‍) കരിയില പോലും പൊക്കി അതിനടിയില്‍ കമ്യൂണിസ്റ്റുകാരനുണ്ടോ എന്ന് ഒറ്റുകാരനായ കോണ്‍ഗ്രസ്സുകാരനും കൊല്ലാന്‍ നടക്കുന്ന പോലീസും നോക്കുന്ന കാലം എന്നാണ്. നടന്നുപോകുമ്പോള്‍ തേനോലുന്ന രീതിയില്‍ പിറകില്‍ നിന്നും വിളിക്കും “സഖാവേ” എന്ന്.ആരും തിരിഞ്ഞു നോക്കുന്ന വിളി.വിളിക്കുന്നത് പോലീസോ ഒറ്റുകാരന്‍ കോണ്‍ഗ്രസ്സുകാരനോ ആയിരിക്കും.  ആ വിളി കേട്ട്  തിരിഞ്ഞു നോക്കിയാല്‍ അവന്‍ കമ്യൂണിസ്റ്റുകാരനാണ്.അവനെ പോലീസുകൊണ്ടുപോയി തല്ലിക്കൊന്നാല്‍ പൊലും ആരും ചോദിക്കാനില്ല എന്ന കാലം.അക്കാലത്തിനു സമാനമായിരുന്നു ടി പി വധവുമായി ബന്ധപ്പെട്ട് നടന്ന കുപ്രചരണങ്ങളും അറസ്റ്റുകളും കൊല്ലാക്കൊലകളും.അവസാനം അറസ്റ്റിലായവര്‍ മിക്കവാറും ജാമ്യത്തിലിറങ്ങി, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, എന്നിട്ടും ആര് എന്തിനു വേണ്ടി കൊന്നു എന്ന് കണ്ടുപിടിക്കാന്‍ പൊലീസിനു സാധിച്ചിട്ടില്ലെന്നുമാത്രം.
                  ഇക്കാലത്ത്  നടന്ന എം എം മണിയുടെ പ്രസംഗം ഓര്‍ക്കുക. തൊടുപുഴക്കടുത്തുള്ള ഒരു കുഗ്രാമത്തില്‍ ഒരു ചെറിയ പൊതുയോഗത്തില്‍ ശ്രീ മണി നടത്തിയ പ്രസംഗം ഒരു ലോക്കല്‍ ചാനലുകാര്‍ റിക്കര്‍ഡ് ചെയ്തത് ഒരു കേരളാ ചാനല്‍ കാശുകൊടുത്ത് വാങ്ങിക്കുകയായിരുന്നു, പാര്‍ട്ടിക്കെതിരെ അത് ലോകമെങ്ങും പ്രചരിപ്പിക്കുകയായിരുന്നു.ആ കേസ് അന്വേഷിക്കാന്‍ ഡി ഐ ജി പിറ്റേന്ന് പറന്നുവരികയായിരുന്നു തൊടുപുഴയിലേക്ക്. പിന്നെ എന്തൊക്കെ പുകിലുകളായിരുന്നു മാധ്യമങ്ങള്‍ വക - അറസ്റ്റ്, അതെപ്പോള്‍?, അറസ്റ്റ് ചെയ്താല്‍ ജാമ്യം കിട്ടുമോ ഇല്ലയോ? അകത്തായാല്‍ ചപ്പാത്തിയാണോ ഗോതംബുണ്ടയാണോ തിന്നാന്‍ കിട്ടുക എന്നൊക്കെയുള്ള ചര്‍ച്ചകളുമായി ചാനലുകളും രംഗം കൊഴുപ്പിച്ചു.
                എന്നാല്‍ മണിയുടെ പ്രസംഗം പുറത്തുവന്ന ദിവസം കോണ്‍ഗ്രസ്സ് നേതാവ് ശ്രീ എം എം ഹസ്സന്റെ വക ഒരു മോണോലോഗ് പുറത്തുവന്നു :- “കോണ്‍ഗ്രസ്സുകാരും പണ്ട് ആളുകളെ കൊന്നിട്ടുണ്ട്” എന്ന്.പക്ഷെ ആ പ്രസ്താവന ഒരു ചാനലുകാരനും കണ്ടില്ല,കേട്ടില്ല, ഒരു പോലീസുകാരനും കണ്ടമട്ടുവച്ചില്ല. നോക്കണേ, സ്റ്റേറ്റിന്റെ മുഴുവന്‍ കാര്യം നൊക്കുന്ന ഡി ജി പിയുടെ മൂക്കിനു താഴെ നിന്നാണ് ഹസ്സന്‍ ആ പ്രസ്താവന നടത്തിയത്. എന്നിട്ടും അവരാരും അത് കേട്ടില്ല.അതായത് നിയമത്തിന്റെ വഴിക്കു പോകേണ്ടുന്ന നിയമം റോക്കറ്റിലേറി ശൂന്യാകാശത്തേക്ക് പോയതുകണ്ടോ?
                  കുറച്ചുകൂടിക്കഴിഞ്ഞാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ആ കൊലപാതകം നടന്നത്.കഴിഞ്ഞ ദിവസം നടന്ന ആ ഇരട്ടക്കൊലപാതകത്തിനു പ്രേരണ സ്ഥലം എം എല്‍ എ ശ്രീ പി കെ ബഷീറിന്റെ പ്രസംഗമാണെന്ന് ശക്തമായ മൊഴിയുണ്ടായിട്ടും നിയമത്തിന്റെ വഴി നിലമ്പൂര്‍ കാടുകളിലേക്കായിരുന്നു.ആ ഭാഗത്ത് ഒളിവില്‍ കഴിഞ്ഞ സാധാരണ ലീഗുകാരൊക്കെ അറസ്റ്റിലായിട്ടും എം എല്‍ എ മാത്രം ആര്‍ക്കും തൊടാന്‍ പറ്റാതെ, തൊടാന്‍ കിട്ടാതെ ഇന്നും ജീവിക്കുന്നു.
                               ഇങ്ങനെ മൂന്നു തട്ടിലായി നിയമം നടപ്പിലാവല്‍ നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്താണ് നാമിന്ന് ജീവിക്കുന്നത്.നമ്മളെ തൊട്ടുപൊള്ളിക്കുന്ന ഒരു നൂറായിരം പ്രശ്നങ്ങള്‍ക്ക് സമാധാനമില്ലാതെ പോകുന്നത്, കൂടുതല്‍ കൂടുതല്‍ ജീവിത ഭാരം ഒരു ചോദ്യം പോലുമില്ലാതെ നമ്മുടെ തലയിലേക്ക് അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത് ഈ നിയമത്തിന്റെ സ്റ്റീം റോളറുരുളും എന്ന പേടികൊണ്ടാണെങ്കില്‍ അത് വെറുതെയാണെന്ന് തെളിയിച്ചുകൊടുക്കേണ്ട കാലമാണിനിയുള്ളത്. പ്രത്യേകിച്ചും നമ്മൂറ്റെ സ്ത്രീകള്‍ - നാം ദുര്‍ബലരെന്ന് വിശേഷിപ്പിക്കുന്നവര്‍ നമുക്ക് മാതൃക കാണിക്കുമ്പോഴെങ്കിലും.
(കേന്ദ്രത്തെക്കുരിച്ച് വളരെയേറെ എഴുതണമെന്നുണ്ട്,പക്ഷെ നമ്മുടെ മലയാളഭാഷയില്‍ കേന്ദ്രത്തെക്കുറിച്ചെഴുതാന്‍ പറ്റിയ വാക്കുകള്‍ ഇല്ലാത്തതിനാല്‍ അതിനു തുനിയുന്നില്ല എന്നു മാത്രം.)
Post a Comment