ഒരു പോലീസ് ആക്ഷന്‍ കഥ.

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                              ഇതൊരു പോലീസ് ആക് ഷന്‍ സ്റ്റോറിയാണ്.ഇതെഴുതാന്‍ കാരണം എന്റെ ബ്ലോഗ് വായിക്കുന്നവരുടെ എണ്ണത്തിലും വണ്ണത്തിലും വന്ന ശോഷണം മാത്രമാണ്.അതുകൊണ്ട് തന്നെ ഇതൊരു എരിവും പുളിയും കലര്‍ന്ന ഒരു ഭീകര കുറ്റാന്വേഷണ കഥയാണ്. കഥയിലേക്ക് കടക്കുന്നതിനു മുന്‍പ് ഒരു മുന്‍‌കൂര്‍ ജാമ്യം എടുക്കേണ്ടതിന്റെ ആവശ്യം എനിക്കുണ്ടെന്നു തോന്നുന്നു, അതിതാണ് “ ഇതൊരു സാങ്കല്‍പ്പിക കഥ മാത്രമാണ്, ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ ആരുമായും ഈ കഥയ്ക്ക് യാതൊരു വിധ സാമ്യവുമില്ല.അഥവാ ഇനി അങ്ങനെ തോന്നിയാലോ, അതെന്റെ കുറ്റമല്ല വെറും യാദൃശ്ചികം മാത്രമായിരിക്കും.”


                                വളരെ ശ്രദ്ധയോടെ മാത്രം നടത്തിയ ഒരു ഓപറേഷന്‍ ആയിരുന്നു അത്.ഈ ഓപറേഷനില്‍ പങ്കെടുത്ത പോലീസുകാരെ  മുഴുവന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍മഡ് റിസര്‍വ് ക്യാമ്പില്‍ നിന്നും വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തതായിരുന്നു.ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പ്രത്യേകം താല്പര്യമെടുത്ത് നടത്തിയ പരിപാടിയായതിനാല്‍ വളരെ കുറച്ചുപേര്‍ മാത്രമാണീ വിവരം അറിഞ്ഞിരുന്നത്.അതുപോലും പോലീസിലെ ടോപ് ബ്രാസിലെ തന്നെ സംശയമുള്ളവരെ പോലും വിവരം അറിയിക്കാതെയാണീ പരിപാടി ആസൂത്രണം ചെയ്തത്.പൊതുവേ പുറത്തു പറഞ്ഞിരുന്നത് ഇടുക്കി ജില്ലയിലെ കുമളി ഭാഗത്തുള്ള കഞ്ചാവ് കൃഷി നശിപ്പിക്കാനാണെന്നാണ്.
                          കൃത്യം മൂന്നു ദിവസത്തെ വളരെ സങ്കീര്‍ണമായ പരിശീലനം, സങ്കീര്‍ണമായ പരിശീലനം.ഇത് സംസ്ഥാനത്തെ എല്ലാ ക്യാമ്പുകളിലും നടന്നു, ആദ്യഘട്ടമെന്ന നിലയില്‍.തളര്‍ച്ച കാണിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്ത പോലീസുകാരെ മുഴുവന്‍ പതിയെ പതിയെ ഒഴിവാക്കിക്കൊണ്ടിരുന്നു.അവസാനം കേരളത്തിലെ എല്ലാ പോലീസ് ക്യാമ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 35 പോലീസുകാര്‍, എന്തും ചെയ്യാന്‍ സന്നദ്ധതയും ശൌര്യവുമുള്ള അറപ്പും മടിയുമില്ലാത്ത 35 പേര്‍.അവരെ ഈ പരിപാടിയിലേക്ക് വേണ്ടി ഉഴിഞ്ഞു വച്ചതായി പ്രഖ്യാപനം ഉണ്ടായി.അവസാന ദിവസക്യമ്പില്‍ മേല്‍ നോട്ടം വഹിച്ചത് മുഖ്യമന്ത്രിയുടെ മാനസപുത്രനായി അറിയപ്പെടുന്ന തിരുവനന്തപുരത്തെ ആ വല്യംബ്രാനായിരുന്നു.ഇടുക്കിയിലെ കഞ്ചാവു കൃഷി നശിപ്പിക്കുന്നതിന്റെ ചുമതല അദ്ദേഹത്തിനു നല്‍കിയെന്നാണ് അന്തപുരങ്ങളില്‍ മുഴങ്ങിയത്.
                      ഏതായാലും നാലാം ദിവസം രാവിലെ മൂന്നു ബസ്സുകളിലായി ആ മുപ്പത്തിയഞ്ചു പേരും പുറപ്പെട്ടു.മൂന്നു വലിയ ബസ്സുകള്‍, ഓരോ ബസ്സിലും 12 പേര്‍ വീതം.ബസ്സു പുറപ്പെടാനായപ്പോള്‍ അതിന്റെ പുറകിലെ ലഗേജ് കാരിയറുകള്‍ തുറക്കപ്പെടുകയും വെപ്പണടങ്ങിയ ബൊക്സുകള്‍ മൂന്നുപേര്‍ കൂടി ചുമന്ന് വൈക്കുകയും ചെയ്തപ്പോള്‍ ബസ്സിലെ യാത്രക്കാരായ പോലീസുകാരുടെ മുഖത്തെ ഭാവം മാറി.പുറമേ ലാഘവം വരുത്താനായി അവര്‍ തമാശകള്‍ പറയാന്‍ ശ്രമിച്ചെങ്കിലും വളരെ പെട്ടെന്ന് ഓരോരുത്തരും തങ്ങളുടെ സ്വകാര്യലോകത്തേക്ക് മടങ്ങി.ഇപ്പോഴവര്‍ക്ക് മനസ്സിലാവാന്‍ തുടങ്ങി, ഇടുക്കിയിലെ എന്തിനും പോന്ന കഞ്ചാവ് കൃഷിക്കാരുമായി ഒരു തുറന്ന യുദ്ധത്തിനാണ് തങ്ങളുടെ പുറപ്പാട്.
                       പകല്‍ മുഴുവന്‍ കോതമംഗലം അടിമാലി കല്ലാര്‍കുട്ടി മൂന്നാര്‍ വഴി ഓടിയ ബസ്സുകളെല്ലാം എട്ടുമണിയായപ്പോള്‍ കുമളിയിലെ തണുപ്പില്‍ അവിടത്തെ പരേഡ് മൈതാനത്തെത്തി ഹാള്‍ട്ടടിച്ചു.ഒരു ചെറിയ വിസില്‍, അതുകേട്ട പോലീസുകാര്‍ അനുസരണയോടെ പുറത്തിറങ്ങി മൂന്നു ലയിനായി “ഫാളിന്‍” ആയി.അവസാനത്തെ പോലീസുകാരനും ഫയലിന്റെ പുറകില്‍ അറ്റന്‍ഷനും പിന്നെ ആരാം മുമായിക്കഴിഞ്ഞപ്പോഴേക്കും ഹെഡ് ലൈറ്റ് ഓഫാക്കിയ ഒരു ജീപ്പ് ഇവരുടെ “കോളത്തിനു മുന്നില്‍ വന്ന് ബ്രേക്കിട്ടു നിറുത്തി.അതിന്റെ പാര്‍ക്ക് ലൈറ്റിന്റെ വെളിച്ചത്തില്‍ പോലും ആ ജീപ്പിന്റെ ഐഡന്റിറ്റി കണ്ടെത്താനവര്‍ക്കായില്ല. അടഞ്ഞ ശബ്ദത്തില്‍ അറ്റന്‍ഷന്‍ വിളി കേട്ട പോലീസുകാര്‍ മുന്നോട്ട് നോക്കിയപ്പോള്‍ ആജാനബാഹുവായ ഒരു പോലീസുദ്യോഗസ്ഥന്‍ ഫുള്‍ യൂണിഫോമില്‍ നില്‍ക്കുന്നതാണ് കണ്ടത്.സലൂട്ട് ചെയ്തത് ഗൌനിക്കാതെ അയാള്‍ തന്റെ അടഞ്ഞ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി.
                      കഞ്ചാവ് കേരള സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, കഞ്ചാവ് വിതരണ ശൃംഖലയുടെ നീരാളിപ്പിടുത്തം, കഞ്ചാവ് കൃഷി ചെയ്യുന്ന ഇടുക്കിയെക്കുറിച്ച്, ശൃംഖല തകര്‍ക്കുന്നതോടൊപ്പം തന്നെ കഞ്ചാവ് കൃഷി നശിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഒക്കെ തന്റെ അടഞ്ഞ ഒച്ചയില്‍ വളരെ തിരക്കു പിടിച്ച് അയാള്‍ തന്റെ പോലീസുകാരോട് വിശദീകരിച്ചു.
                             വിശദീകരണം കഴിഞ്ഞതോടെ പോലീസുകാര്‍ വീണ്ടും ബസ്സുകളിലേക്ക് കയറ്റപ്പെട്ടു.ബസ്സിലെ മങ്ങിയ വെളിച്ചത്തില്‍ അവരുടെ കണ്ണുകള്‍ ആവേശത്താല്‍ തിളങ്ങി, പുറത്തു നല്ല തണുപ്പായിരുന്നിട്ടും ആവേശം കൊണ്ടവര്‍ വിയര്‍ത്തു, ശരീരം ചുട്ടു പൊള്ളി.ഇരുട്ടില്‍ ചെയ്യാവുന്നതിന്റെ ഏറ്റവും മൃദുവായി ബസ്സുകള്‍ സ്റ്റാര്‍ട്ടാക്കപ്പെട്ടു, മുന്നില്‍ ആ ആജാനബാഹു കയറിയ ജീപ്പും പുറകില്‍ ഇടവിട്ട് ചെറിയ അകലത്തിലായി ആ മൂന്നു ബസ്സുകളും പുറപ്പെട്ടു, കേരളത്തിന്റെ ഭാവി മാറ്റിയെഴുതുന്ന ആ ഓപറേഷനായി.നേരെ മുന്നോട്ട് മാത്രം നോക്കി സ്വന്തം ചിന്തകളെ പരുവപ്പെടുത്തി മുപ്പത്തഞ്ചു പോലീസുകാരും നിശബ്ദമായി ഇരുന്നു.
                      ചുറ്റുപാടും വനങ്ങള്‍ നിറഞ്ഞ ആ കാട്ടുവഴിയിലൂടെ  നാലു വാഹനങ്ങളും മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു.എങ്ങും ചീവീടുകളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല.ഒരു ചെറുകാറ്റു പൊലുമില്ലാതെ നിശബ്ദമായ അന്തരീക്ഷം.വഴിയിലെങ്ങും ഒരു വീടൊ കടയോ ഒരു മനുഷ്യനെപ്പോലുമോ കാണുന്നില്ല.ഇരുട്ടിന്റേയും തണുപ്പിന്റേയും കമ്പളം വലിച്ചിട്ട് ഇടുക്കി ജില്ല കൂര്‍ക്കം വലീച്ചുറങ്ങി.ജില്ല മുഴുവന്‍ ഉറങ്ങുമ്പോഴും ഉറങ്ങാതിരിക്കുന്ന ചിലരുണ്ടെന്നും അവരാണീ കേരളം മുഴുവനും നാശം വിതയ്ക്കുന്നതെന്നും ഓര്‍ത്ത് ഓരോ പോലീസുകാരനും പോരാട്ടവീര്യം കൂട്ടി, അവരുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള നേരമായ്, നേരമായ്, ഓരോ പോലീസുകാരനും ആവേശം കൊണ്ടു, നേരിട്ടുള്ള ഏറ്റുമുട്ടലിന് നേരമായ് നേരമായ്. 
                      ആ തണുപ്പില്‍ ആ ഇരുട്ടില്‍ വാഹനവ്യൂഹം ഓടിക്കൊണ്ടേയിരുന്നു .വാഹനങ്ങളില്‍ മസിലു പിടിച്ചിരുന്ന പോലീസുകാരുടെ സമരവീര്യം പതിയെ പതിയെ കെട്ടഴിയാന്‍ തുടങ്ങി, പതിയെ പതിയെ ഉറക്കം അവരെ ആശ്ലേഷിച്ചു തുടങ്ങി, അവര്‍ സീറ്റില്‍ ഇരുന്നുറങ്ങാന്‍ തുടങ്ങി.
                         അടഞ്ഞ ശബ്ദത്തിലൊരു വിസില്‍ കേട്ടാണവര്‍ ഞെട്ടിയുണര്‍ന്നത്.രാത്രി വെളുക്കാറായിരിക്കുന്നു.കിളികള്‍ കളകളാരവം മുഴക്കി പകലോനെ വരവേല്‍ക്കാനൊരുങ്ങുന്നു.വാഹനങ്ങള്‍ നിറുത്തിയിട്ടിരിക്കുകയാണ്.ലൈറ്റുകളെല്ലാം അണച്ചിരിക്കുകയാണ്, എന്നാലും മുന്നില്‍ അല്പമകലെയായി ചെത്തിതേയ്ക്കാത്ത ഒരു ചെറിയ വീട് നാട്ടു വെളിച്ചത്തില്‍ മങ്ങിക്കാണാം.കൂടുതല്‍ ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല, എല്ലാവരും ചാടിയിറങ്ങി ഫാളിന്‍ ആകുന്നു.ശബ്ദം തീരെക്കുറച്ചാണ് കാര്യങ്ങള്‍.നേരത്തെ കാര്യങ്ങള്‍ ബ്രീഫ് ചെയ്ത ആ ആജാനബാഹു തന്നെ കാര്യങ്ങള്‍ വിശദീകരിച്ചു തന്നു.കഞ്ചാവ് കൃഷി എന്നൊക്കെ പറഞ്ഞത് ഈ രഹസ്യ ഓപറേഷന്റെ ഭാഗമായിരുന്നു.ഈ വീടിനകത്ത് കൊടു ഭീകരന്‍,കൊടും കുറ്റവാളി ഒളിച്ചിരിക്കുന്നു.അവനെ ജീവനോടെ പിടിക്കണം.അവന്‍ ആക്രമിച്ചാല്‍ ആയുധം ഉപയോഗിക്കാം,ജീവനോടെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊന്നിട്ടായാലും മതി.പക്ഷെ അവന്റെ വീട്ടില്‍ അവനോടൊപ്പം ഭാര്യയും മക്കളുമുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.അവര്‍ക്ക് ഒരു കാരണവശാലും ഒരു പോറല്‍ പോലുമേല്‍ക്കരുത്.എന്നാല്‍ കൊടും ഭീകരന്‍ ഇവരെ ഒരു മറയാക്കി രക്ഷപെടാന്‍ ശ്രമിച്ചാല്‍ അവരെ വെടി വച്ചുകൊല്ലുന്നതിനും വിരോധമില്ല.കാര്യങ്ങള്‍ വളരെ വേഗം ബ്രീഫ് ചെയ്യപ്പെട്ടു.ശരി, ആദ്യഫയല്‍ വീടു വളയുക, രണ്ടാം ഫയല്‍ മുന്നിലെ വാതിലും മൂന്നാം ഫയല്‍ പിന്നിലെ വാതിലും കവര്‍ ചെയ്യുക.
                    വളരെ വേഗം ആജ്ഞകള്‍ പാലിക്കപ്പെട്ടു.അപ്പോള്‍ ആ ആജാനബാഹു ചെന്ന് മുന്‍‌കതകില്‍ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു “കീഴടങ്ങൂ, ഈ വീട് പോലീസ് വളഞ്ഞിരിക്കുകയാണ്, കീഴടങ്ങൂ, കീഴടങ്ങൂ”.പെട്ടെന്ന് ഒരു മുറിക്കകത്ത് മഞ്ഞ വെളിച്ചം നിറഞ്ഞു.കട്ടില്‍ കുലുങ്ങുന്ന ശബ്ദം, ഫര്‍ണീച്ചറുകള്‍ തട്ടിമുട്ടുന്ന ശബ്ദം.കുട്ടികള്‍ “അപ്പച്ചാ എന്താ അപ്പച്ചാ “ എന്ന് പേടിയോടെ ശബ്ദിക്കുന്നു, പേടിച്ച് ഇടറിയ ശ്വരത്തോടെ “ എന്റെ കര്‍ത്താവെ ചതിച്ചോ” എന്ന് ചോദിക്കുന്നു.ഈ ശബ്ദകോലാഹലമെല്ലാം പോലീസുകാരുടെ ജാഗ്രത കൂട്ടുകയാണുണ്ടായത്.പിന്നെ ഒരു ചെറിയ നിശബ്ദത, എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍.പെട്ടെന്ന് മുന്‍‌വശത്തെ കതകിന്റെ സാക്ഷ ഊരുന്ന ഒരു ചെറിയ ശബ്ദം ആ മുപ്പത്തിയഞ്ചു പോലീസുകാരേയും ഒരു പോലെ ഞെടിച്ചു, അവരുടെയൊക്കെ അഡ്രിനാലിന്‍ ഗ്രന്ഥികള്‍ ഒരെക്സ്പ്രസ്സ് ട്രെയിനിന്റെ വേഗതയോടെ പ്രവര്‍ത്തിച്ചു.പലരുടേയും ഹൃദയഞരമ്പുകള്‍ പൊടിത്തെറിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.സാവധാനം വളരെ സാവധാനം ആ കതകിന്റെ പാളികള്‍ അകന്ന് മാറി.അതിനു പിന്നില്‍, പുറത്തെ അരണ്ട നാട്ടുവെളീച്ചത്തില്‍ ആ പൊലീസുകാര്‍ കണ്ടു, ഉണങ്ങി ശോഷിച്ച ഒരു ഉണക്ക വൃദ്ധനെ.മി............................ , ആജാനബാഹുവിന്റെ അടഞ്ഞ ശബ്ദം ഉയര്‍ന്നു, -------------------------- കൊന്ന കുറ്റത്തിനു താങ്കളെ അറസ്റ്റു ചെയ്തിരിക്കുന്നു!
                         ആ വൃദ്ധന്റെ കറുത്തുണങ്ങിയ വൃദ്ധചുണ്ടില്‍ പുഛം കലര്‍ന്ന ഒരു പാതി ചിരി വിടര്‍ന്നു.ആ കാഴ്ച്ച കാണാന്‍ പറ്റിയ മുഴുവന്‍ പൊലീസുകാരുടെ ചുണ്ടില്‍ നിന്നും ഒരു വാക്ക് നിശബ്ദമായി പുറത്തു ചാടി “പ്‌ഫൂ”ബാക്കി അവര്‍ മനസ്സില്‍ പൂരിപ്പിച്ചു, ഇതാണോ കൊടിയ ഭീകരന്‍, ഇതു ഞങ്ങളെ ------------ച്ചതിനു തുല്യമായിപ്പോയി.അക്ഷൊഭ്യനായി നിന്ന് ആ വൃദ്ധന്‍ പറയുന്നത് അടുത്ത നിമിഷം മുഴുവന്‍ പോലീസുകാരും കേട്ടു, മി.ഇന്‍സ്പെക്ടര്‍, ഞാന്‍ നിങ്ങളോടൊപ്പം വരാന്‍ തയ്യാറാണ്,പക്ഷെ അതിനു മുന്‍പ് എനിക്കൊന്ന് ടോയിലറ്റിലൊക്കെ പോണം, പിന്നെ അത്യാവശ്യം ഡ്രസ്സും മാറണം.” അതിന് നിയമം അനുവദിക്കുന്നില്ല മി.----------------------, ആജാനബാഹുവിന്റെ അടഞ്ഞ ശബ്ദം ഉയര്‍ന്നു.

*                          *                             *                    *                *                       *                           *
                         രാവിലെ വന്ന പത്രം മറിച്ചു നോക്കിയ മുഖ്യന്റെ മുഖം കറുത്തു, അദ്ദേഹം അറിയാതെ തന്നെ വായില്‍ നിന്നും ആദ്യ പ്രതികരണം പുറത്തു ചാടി “പുഫൂ”.എല്ലാ പത്രക്കാരും ചതിച്ചിരിക്കുന്നു.അവിടെ മുഴുവന്‍ കൊണ്ടാടുന്നത് കസബിന്റെ തൂക്കിലേറ്റല്‍ മാത്രം.കൊലപാതകിയും നിഷ്ഠൂരനും ആയ ------------------ നെ വളരെ പാടുപെട്ട് വീട് വളഞ്ഞ് പിടികൂടിയത് എങ്ങുമില്ല, “പ് ഫൂ”. ------------------------ ന്റെ അറസ്റ്റ് കേരളം മുഴുവന്‍ കൊണ്ടാടുമെന്നും അങ്ങിനെ തല്‍ക്കാലം തങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാമെന്നുമുള്ള തങ്ങളുടെ പദ്ധതിയാണ് തലയും കുത്തി താഴെ കിടക്കുന്നത്.

*                     *                         *                     *                     *                        *                     * 

മി.--------------------- നെ കോടതിയില്‍ ഹാജരാക്കി.പ്രതികൂട്ടില്‍ നില്‍ക്കുന്ന മി.---------------യോട് ബഹുമാനപ്പെട്ട കോടതി ചോദിച്ചു “നിങ്ങള്‍ കുറ്റം ചെയ്തോ?” “ഇല്ല”  അന്തസ്സോടെയുള്ള ഉത്തരം. കോടതി പ്രോസിക്യൂഷനോട് ചോദിച്ചു,    “ഇയാള്‍ ആരെയാണ് കൊന്നത്?”  “------------------ എന്നയാളെയാണ് സര്‍” പ്രോസിക്യൂഷന്റെ മറുപടി.തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഇയാള്‍ നടത്തിയ നിഷ്ഠൂരമായ കൊലപാതകപരംബരകളെക്കുറിച്ച് വര്‍ണിക്കാന്‍ തുടങ്ങി.കൊലപാതകം നടത്തിയ വിധം , അയാള്‍ പിടഞ്ഞ് പിടഞ്ഞ് ചോര വാര്‍ന്ന് മരിച്ച വിധം പ്രോസിക്യൂഷന്‍ വിശദീകരിച്ചപ്പോള്‍ ബഹുമാനപ്പെട്ട കോടതി  പോലും ഞെട്ടിപ്പോയി.“കൊല്ലപ്പെട്ട ബോഡി കണ്ടെത്തിയോ?” “ ഇല്ല സര്‍” പ്രോസിക്യൂഷന്‍. “എന്നാണ് കൊഅല്‍ നടന്നത്?” കോടതി. “25 വര്‍ഷം മുന്‍പാണ് സര്‍” പ്രോസിക്യൂഷന്‍, “----“ കോടതി.
                                                        ശുഭം

3 comments :

  1. മി.--------------------- നെ കോടതിയില്‍ ഹാജരാക്കി.പ്രതികൂട്ടില്‍ നില്‍ക്കുന്ന മി.---------------യോട് ബഹുമാനപ്പെട്ട കോടതി ചോദിച്ചു “നിങ്ങള്‍ കുറ്റം ചെയ്തോ?” “ഇല്ല” അന്തസ്സോടെയുള്ള ഉത്തരം. കോടതി പ്രോസിക്യൂഷനോട് ചോദിച്ചു, “ഇയാള്‍ ആരെയാണ് കൊന്നത്?” “------------------ എന്നയാളെയാണ് സര്‍” പ്രോസിക്യൂഷന്റെ മറുപടി.തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഇയാള്‍ നടത്തിയ നിഷ്ഠൂരമായ കൊലപാതകപരംബരകളെക്കുറിച്ച് വര്‍ണിക്കാന്‍ തുടങ്ങി.കൊലപാതകം നടത്തിയ വിധം , അയാള്‍ പിടഞ്ഞ് പിടഞ്ഞ് ചോര വാര്‍ന്ന് മരിച്ച വിധം പ്രോസിക്യൂഷന്‍ വിശദീകരിച്ചപ്പോള്‍ ബഹുമാനപ്പെട്ട കോടതി പോലും ഞെട്ടിപ്പോയി.“കൊല്ലപ്പെട്ട ബോഡി കണ്ടെത്തിയോ?” “ ഇല്ല സര്‍” പ്രോസിക്യൂഷന്‍. “എന്നാണ് കൊഅല്‍ നടന്നത്?” കോടതി. “25 വര്‍ഷം മുന്‍പാണ് സര്‍” പ്രോസിക്യൂഷന്‍, “----“ കോടതി.

    ReplyDelete
  2. ഒരാളെ കെട്ടിപ്പിടിച്ചുകൊന്നു
    രണ്ടാമത്തവനെ ഉമ്മവച്ചുകൊന്നു
    മൂന്നാമത്തവനെ സ്നേഹിച്ച് തലോടിക്കൊന്നു

    ഇതിനൊക്കെയാന്നേ ഈ പാവത്തിനെ അറസ്റ്റ് ചെയ്യുന്നെ.

    ReplyDelete
  3. കുറ്റവാളികള്‍ കാലക്രമേണ വൃദ്ധര്‍ ആവുന്നത് പോലീസുകാരുടെ കുഴപ്പമല്ല.

    ReplyDelete