ദൈവത്തിന്റെ വഴിയില്‍

**msntekurippukal | 6 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                           ദൈവത്തിന്റെ കഥയാകട്ടെ ഇത്തവണ.മനുഷ്യന്റെ ചരിത്രം പരിശോധീച്ചാല്‍ ആദ്യകാലത്ത് ദൈവം ഉണ്ടായിരുന്നതായി തെളിവില്ല എന്നതാണ് സത്യം.പിന്നീട് അടിമവ്യവസ്ഥയുടെ അന്ത്യകാലമായപ്പോഴാണ് ദൈവം ഉരു കൊണ്ടത് എന്നു വിശ്വസിക്കപ്പെടുന്നു.അദ്ധ്വാനിച്ച് തളര്‍ന്ന  മനുഷ്യന് വിളിച്ചുകരയാനുള്ള ഒരു അടയാളം മാത്രമായിരുന്നു അവര്‍ക്കന്ന് ദൈവം.എന്നാല്‍ പതുക്കെ പതുക്കെ മനുഷ്യ ചരിത്രത്തില്‍ ദൈവത്തിന്റെ സ്വാധീനം കൂടിക്കൂടി വരാന്‍ തുടങ്ങി.
                 അക്കാലത്ത് പഴയ പ്രൈമറി ക്ലാസ് ടീച്ചറെപ്പോലെയായിരുന്നു ദൈവം.കയ്യിലൊരു വടിയുമായി ക്ലാസിലാകെ ചുറ്റി നടക്കുകയും അവശ്യം വന്നാല്‍ യാതൊരു മയവുമില്ലാതെ വടി പ്രയോഗിക്കുകയും ചെയ്യുന്ന ദൈവം.എവിടെ അന്യായം നടന്നാലും അവിടെ വടിയുമായി പ്രത്യക്ഷപ്പെടുന്ന ദൈവത്തിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ പുണ്യപുരാണങ്ങളിലെല്ലാം കാണം.ഉദാഹരണം ബൈബിള്‍ തന്നെ.ദൈവവിചാരമില്ലാതായി വഴി തെറ്റി(?) അലയുന്ന മനുഷ്യനെ ശിക്ഷിക്കാന്‍ ദൈവം പ്രളയമുണ്ടാക്കും, കുറ്റം ചെയ്തവരെയെല്ലാം ആ പ്രളയജലത്തില്‍ മുക്കി കൊല്ലുകയും ചെയ്യുന്ന ദൈവം തന്റെ സ്നേഹഭാജനങ്ങള്‍ക്ക് തക്കതായ മുന്നറിയിപ്പുകൊടുക്കാനും മറക്കാറില്ല.അതായത് അന്നൊക്കെ ദൈവം നമ്മളോ‍ടൊപ്പം എപ്പോഴും ഉണ്ടായിരുന്നു.മോശയുടെ നേതൃത്വത്തില്‍ പ്രവാസം നടത്തിയ യഹൂദര്‍ക്ക് വയറുവിശക്കുകയും ദാഹിക്കുകയും ചെയ്തപ്പോള്‍ ആകാശത്തുനിന്നും മന്ന പൊഴിച്ചുകൊടുക്കാനും ആ ദൈവം മടിച്ചില്ല.
              ഹിന്ദു പുരാണങ്ങളിലും വിളീച്ചാല്‍( ഇഷ്ടക്കാര്‍) വിളിപ്പുറത്തെത്തുന്ന ദൈവത്തെക്കാണാം.ശ്രീ കൃഷ്ണന്റെ , ശ്രീ രാമന്റെ ഒക്കെ ലീലാവിലാസങ്ങളിതില്‍ പെടുമെങ്കിലും തക്ക സമയത്ത് സാ‍ക്ഷാല്‍ ദൈവം ഇടപെടുന്നതിന് ഏറ്റവും ശക്തമായ തെളിവ് രാമായണത്തിലെ അജാമിളമോക്ഷം തന്നെയാണ്.ദൈവനിഷേധിയും വിഷയലമ്പടനും ജനശത്രുവുമൊക്കെയായ രാജാവായിരുന്നു അജാമിളന്‍.അവസാനകാലത്ത് കാലന്‍ തന്നെ കൊണ്ടുപോകാന്‍ വരുന്നത് മരണക്കിടക്കയില്‍ കണ്ട അജാമിളന്‍ അവസാനമായി തന്റെ ബന്ധുമിത്രാദികളെ ഒന്നു കാണാന്‍ കണ്ണുപായിച്ചപ്പോള്‍ പുത്രന്‍ നാരായണന്‍ അക്കൂട്ടത്തിലില്ല എന്ന് കാണുന്നു.അയാളെ കാണാനായി “നാരായണാ” “നാരായണാ”എന്നുറക്കെ വിളിച്ച വിളി എത്തിയത് വൈകൂണ്ഠത്തിലെ സാക്ഷാല്‍ നാരായണന്റെ അടുത്തും.അദ്ദേഹം തന്റെ ഭക്തനെ(?) കാലന്റെ കയ്യില്‍ നിന്നും രക്ഷിച്ച് ഉടലോടെ വൈകുണ്ഠത്തിലേക്ക് കൊണ്ടുപോയി എന്നതാണു കഥ.ഗുണപാഠം ഇത്രയേ ഉള്ളൂ, എങ്ങനെ വേണമെങ്കിലും ജീവിക്കാം ചാവുന്നതിനു മുന്‍പേ ആ വിളി വിളിച്ചാല്‍ മാത്രം മതി.
                 കാലം വളരെയേറെ കടന്നു പോയി.ഫ്യൂഡലിസം പോയി മുതാലാളിത്തം വന്നു.ഭൂമിയില്‍ മനുഷ്യരോടൊപ്പം ചിരിക്കുകയും കരയുകയും കോപിക്കുകയും ഒക്കെ ചെയ്യുന്ന ആ ദൈവം എങ്ങോ പോയ് മറഞ്ഞു.ജനങ്ങള്‍ രോഗപീഡയാലും ക്ഷുത്പീഡയാലും വലയുകമാത്രമല്ല ഈയാമ്പാറ്റകളേപ്പോലെ ചത്തടിയുകയും , അതുംകോടിക്കണക്കിന്, ചെയ്തിട്ടും അതൊന്നും ദൈവത്തിന്റെ കണ്ണില്‍ പെടുന്നതായി തോന്നിയില്ല., അല്ലെങ്കില്‍ ആകാശത്തുനിന്നും മന്ന പൊഴിയുന്നില്ല. വിളിച്ചാല്‍ വിളികേള്‍ക്കാത്ത അന്ധനും മൂകനും ബധിരനുമായ ഒരു രൂപമായിമാറിപ്പോയി ദൈവം എന്നുവേണം പറയാന്‍. ജനങ്ങളോടൊപ്പം സുഖദുഖങ്ങള്‍ പങ്കിട്ട് കഴിഞ്ഞു കൂടിയിരുന്ന ആ ദൈവത്തിനു വന്ന മാറ്റം ക്രൂരമായിപ്പോയി.എന്നിട്ടും ദൈവഭക്തരുടെ എണ്ണം ,അമ്പലങ്ങളുടെ,പള്ളികളുടെ,മോസ്ക്കുകളുടെ എണ്ണം ഒക്കെ കൂടിക്കൂടി വരുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്.ദൈവവിശ്വാസികളുടെ എണ്ണം ദൈവം ഏതോ അനന്തതയില്‍ പോയ് മറഞ്ഞ ഇക്കാലത്തും കൂടി കൂടി വരുന്നു.തങ്ങളുടെ സംരക്ഷകരായി ദൈവത്തെ കാണുന്നവരുടെ (സോറി, ദൈവം തന്റെ സാന്നിദ്ധ്യം വെളിപ്പെടുത്തുന്നില്ലെങ്കിലും) എണ്ണം കൂടിക്കൂടി വരുന്നു.എന്താണിതിനു കാരണം ഈന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ?കാലം വളരെയേറെ പുരോഗമിച്ചെങ്കിലും എല്ലാ ആധുനീക സൌകര്യങ്ങള്‍ മനുഷ്യന്റെ കയ്യെത്തും ദൂരത്തുണ്ടായിട്ടും അവന്റെ അങ്കലാപ്പുകള്‍,വേദനകള്‍,കഷ്ടപ്പാടുകള്‍ കൂടിക്കൂടിവരുന്നു എന്നൂ തന്നെയുമല്ല അതിനൊരവസാനം അവന്റെ ദൃഷ്ടിപഥത്തിലൊട്ടില്ല താനും.പിന്നെ അവന്‍ ദൈവവിശ്വാസിയാവാതെയെന്തു ചെയ്യും?
                    പഴയകാലത്തെപ്പോലെ അത്ര ഓപ്പണായിട്ടല്ലെങ്കിലും ദൈവത്തിന്റെ അല്‍ഭുതങ്ങള്‍ ഇന്നും അപൂര്‍വങ്ങളായി നടക്കുന്നത്, ഇന്നത്തെ ലോകത്തു നടക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ അറിയാന്‍ കഴിയും.ഒരുദാഹരണം പറയാം.മിക്കവാറും സോഷ്യല്‍ സൈറ്റുകളില്‍ മാരക രോഗങ്ങളാലോ മറ്റോ വലയുന്ന സഹായം അഭ്യര്‍ത്ഥിക്കുന്ന നിരവധി പോസ്റ്റുകള്‍ കാണാം.ഇതിനൊക്കെ കൃത്യമായ മറുപടികള്‍ കിട്ടുന്നുണ്ട് എന്നതൊരു സത്യമാണ്.ലോകത്തിന്റെ ഏതൊക്കയോ കോണില്‍ നിന്നും പേരു വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്ന സുഹൃത്തുക്കള്‍ ഒരു മടിയും കൂടാതെ സഹായം നല്‍കുന്നു.അതായത് പോയ കാലത്ത് ദൈവം നേരിട്ടിറങ്ങി നടത്തിക്കൊണ്ടിരുന്ന എല്ലാ സഹായസഹകരണങ്ങളും ഇന്ന് ദൈവം തനിക്ക് വിശ്വാസമുള്ള ചിലരെ ഉപയോഗിച്ച് നടത്തുന്നു.അങ്ങനെ ഇത്തരം സഹായങ്ങള്‍ നല്‍കാനായി ദൈവം കണ്ടെത്തി കാത്തുവൈക്കുന്ന ചിലരുണ്ട്, അവനോടൊരു കാര്യം പറഞ്ഞാല്‍ യാതൊരു മറുചോദ്യവുംചോദിക്കാതെ അവനത് അനുസരിക്കും എന്ന് ദൈവത്തിനുറപ്പുള്ള ചിലര്‍,അല്ലെങ്കില്‍ ദൈവം വിശ്വസിക്കുന്ന ചിലര്‍.ഈ സുഹൃത്തുക്കളെയൊന്നും രാവീലെ മുതല്‍ ചന്ദനവും ഭസ്മവും വാരിപ്പൂശി ഹരോ ഹരോ പാടി നടക്കുന്ന ഔദ്യോഗീക ഭക്തരുടെ കൂട്ടത്തില്‍ കാണാന്‍ കിട്ടിക്കോളണമെന്നില്ല.
                    അപ്പോള്‍ ദൈവത്തെ വിശ്വസിച്ച് ദൈവമെ എന്റെ കഷ്ടപ്പാട് നീക്കിത്തരണെ , എന്റെ രോഗം മാറ്റിത്തരണെ, എന്നെ പരീക്ഷയില്‍ ജയിപ്പിക്കണെ, ആ ജോലി എനിക്കുതന്നെ കിട്ടണെ എന്നൊക്കെ പ്രാര്‍ത്ഥിച്ച് നടക്കുന്ന മഹാഭൂരിപക്ഷം വരുന്ന ഭക്തര്‍. അതിനേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ് ദൈവം വിശ്വസിക്കുന്ന, സദ്കര്‍മ്മങ്ങള്‍ ചെയ്യാനായി ദൈവം കാത്തുവച്ചിരിക്കുന്ന ചിലര്‍. ദൈവത്തിന് എന്തെങ്കിലും ചെയ്യാനുള്ള ഉപകരണമായി നാം മാറൂന്നത്, അല്ലെങ്കില്‍ ദൈവം വിശ്വസിക്കുന്ന ചുരുക്കം പേര്‍.ഒരു പക്ഷെ ഭൌതീക ജീവിതത്തില്‍ ഇവര്‍ നിരീശ്വരവാദികളോ ദൈവനിഷേധികളോ ആയിരിക്കും.എങ്കിലും തന്റെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് ഉപകാരം ലഭിക്കുന്ന അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വിശ്വസിക്കാവുന്ന ഒരു ജീവിതം അവര്‍ ജീവിക്കുന്നു, ഇത്തരം കയ്യുകളാണ് ദൈവം എപ്പോഴും അല്‍ഭുതങ്ങള്‍ കാട്ടാനായി തിരഞ്ഞെടുക്കുന്നത്.
                     താന്‍ ദൈവത്തിന്റെ ഉപകരണമാണെന്ന് അവര്‍ അറിയുക പോലും ഒരു പക്ഷെ ഉണ്ടാവില്ല.മിക്കവാറും ദൈവം പരോക്ഷമായ സൂചനകള്‍ നല്‍കാറുണ്ട്, ആ സൂചനകള്‍ തിരിച്ചറിഞ്ഞാല്‍ പോലും അറിഞ്ഞതായി ഈ ഉത്തമരായ മനുഷ്യര്‍ ഭാവിക്കാറില്ല.സഹായം ലഭിക്കുന്ന വ്യക്തിയോ അയാളുടെ കുടുംബമോ കാണിക്കുന്ന വികാരപരമായ നന്ദിപ്രകടനമായിരിക്കാം ആ സൂചന.എന്നിട്ടും ഈ സൂചനകള്‍ കാണാത്തമട്ടില്‍ ജീവിക്കുന്ന അയാളെ ദൈവം കൂടുതല്‍ കൂടുതല്‍ ആശ്രയിക്കുമെങ്കിലും ഇതൊന്നും അത്ര വലിയ കാര്യമല്ല എന്നനിലയില്‍ അവര്‍ ജീവീതം മുന്നോട്ട് കൊണ്ടുപോകും.കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ജീവ്വിതം തള്ളി നീക്കുന്നവരോ അല്ലെങ്കില്‍ ധാരാളം പണമുള്ളവരോ ഒക്കെ ആകാം അവര്‍.
                  സത്യത്തില്‍ ഈ ജീവിതമല്ലെ മറ്റാളുകളുടെ കയ്യില്‍ നിന്നും പിരിച്ചുണ്ടാക്കുന്ന പണത്തിന്റെ ഭൂരിഭാ‍ഗവും തന്റേതാക്കുകയും ചെറിയൊരു ഭാഗം കൊണ്ട് കൊട്ടിഘോഷിച്ച് എന്തെങ്കിലും പുണ്യപ്രവര്‍ത്തി ചെയ്യുകയും ചെയ്യുന്ന ആള്‍ദൈവങ്ങളേക്കാള്‍ ശ്രേഷ്ഠര്‍. .ഇവര്‍ എത്ര വലിയ ആള്‍ദൈവങ്ങളാണെന്ന് പറഞ്ഞു നാടന്നാലും ഭാവിച്ചാലും ദൈവത്തിന്റെ പരിഗണനാലിസ്റ്റില്‍ ഇവരൊന്നും ഒരിക്കലും വരികയേ ഇല്ലെന്നതാണു സത്യം.അതുകൊണ്ടു തന്നെ ഇത്തരക്കാരും ഇവരുടെ  അനുയായികള്‍ എന്നു പറഞ്ഞ് ചാടിത്തുള്ളി നടക്കുന്നവര്‍ പോലും ദൈവത്തിന്റെ അന്തിമപരിഗണനാലിസ്റ്റില്‍ പോലും വരില്ല എന്ന വിവരം അറിയുന്നില്ലാ എന്നു മാത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
എല്ലാവര്‍ക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ!!!

6 comments :

  1. സത്യത്തില്‍ ഈ ജീവിതമല്ലെ മറ്റാളുകളുടെ കയ്യില്‍ നിന്നും പിരിച്ചുണ്ടാക്കുന്ന പണത്തിന്റെ ഭൂരിഭാ‍ഗവും തന്റേതാക്കുകയും ചെറിയൊരു ഭാഗം കൊണ്ട് കൊട്ടിഘോഷിച്ച് എന്തെങ്കിലും പുണ്യപ്രവര്‍ത്തി ചെയ്യുകയും ചെയ്യുന്ന ആള്‍ദൈവങ്ങളേക്കാള്‍ ശ്രേഷ്ഠര്‍. .ഇവര്‍ എത്ര വലിയ ആള്‍ദൈവങ്ങളാണെന്ന് പറഞ്ഞു നാടന്നാലും ഭാവിച്ചാലും ദൈവത്തിന്റെ പരിഗണനാലിസ്റ്റില്‍ ഇവരൊന്നും ഒരിക്കലും വരികയേ ഇല്ലെന്നതാണു സത്യം.അതുകൊണ്ടു തന്നെ ഇത്തരക്കാരും ഇവരുടെ അനുയായികള്‍ എന്നു പറഞ്ഞ് ചാടിത്തുള്ളി നടക്കുന്നവര്‍ പോലും ദൈവത്തിന്റെ അന്തിമപരിഗണനാലിസ്റ്റില്‍ പോലും വരില്ല എന്ന വിവരം അറിയുന്നില്ലാ

    ReplyDelete
  2. ഹഹ
    തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞപോലെ

    ഞാന്‍ വേറൊരു ബ്ലോഗ് പോസ്റ്റില്‍ ദൈവം ഉണ്ടോ ഇല്യോ എന്നൊക്കെയുള്ള ചോദ്യം വായിച്ച് ഇതുവഴി വന്നതാണ്.

    ഇനി ഈ ലിങ്ക് അവിടെ ഒന്ന് വിതറീട്ട് വരട്ടെ.

    താങ്ക്സേ...!!

    ReplyDelete
    Replies
    1. http://nidheeshvarma.blogspot.in/2013/01/blog-post.html?showComment=1358005655963#c3710097511642196212 ഇതല്ലേ ആ ലിങ്ക് അജിത്തെട്ടാ അവിടെ കിട്ടി. അപ്പം അവിടുത്തെ ഇവിടെ എന്താ

      Delete
    2. നിധീഷെ, ഞാനൊക്കെ സാധാരണക്കാരനാണ്.എനിക്ക് ദൈവമുണ്ടോ, ഉണ്ടെങ്കില്‍ കറുത്തതാണോ വെളുത്തതാണോ,മനുഷ്യനാണോ മൃഗമാണോ എന്നൊക്കെ ചിന്തിച്ച് തല പുണ്ണാക്കാനൊന്നും സമയമില്ല.തന്നെയുമല്ല ശാസ്ത്രം വളര്‍ന്നു വരുന്തോറും ദൈവം പിന്നോട്ട് പിന്നോട്ട് മാറിക്കൊണ്ടിരിക്കുന്നത് ഞാന്‍ കാണുന്നു നിധീഷെ.അപ്പോ ചെയ്യാനുള്ളത് നമുക്ക് ശരിയെന്നു തോന്നുന്ന രീതിയില്‍ ജീവിക്കുക എന്നതാണ്.ആ ശരി ദൈവത്തിന്റെ കണ്ണില്‍ ശരിയല്ലെങ്കില്‍ പോലും കുഴപ്പമില്ല നമ്മുടെ മനസാക്ഷി അത് ശരിവൈക്കുന്നുണ്ടെങ്കില്‍ ധൈര്യമായി മുന്നോട്ട് പോവുക.

      Delete
  3. ദൈവവിശ്വാസികളില്‍ ചിലര്‍ ചെയ്യുന്ന കള്ളത്തരങ്ങള്‍ കണ്ട് പേടിച്ചിട്ടുണ്ട്. അവര്‍ വിതറുന്ന വിദ്വേഷവും വിരോധവും വേര്‍തിരിവും കണ്ട് കരഞ്ഞിട്ടുണ്ട്.... ഒട്ടും ദൈവവിശ്വാസമില്ലാത്ത ചിലരുടെ നന്മ കണ്ട് അല്‍ഭുതപ്പെടിട്ടുണ്ട്...

    ReplyDelete