പ്രച്ഛന്ന വേഷക്കാര്‍

**Mohanan Sreedharan | 15 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                              ന്നലെ ഞങ്ങളുടെ അടുത്തുള്ള ഒരു സ്ഥലത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് വാര്‍ഷികത്തിനു പോയിരുന്നു. സ്ഥലം മേഖലാ സെക്രട്ടറി വീട്ടില്‍ വന്ന് സൊറ പറഞ്ഞിരുന്ന് ചായ കുടിച്ച് അവസാനം പോകാന്‍ നേരം എന്നെയും വിളിച്ചുകൊണ്ടു പോകുകയായിരുന്നു.സ്ഥലത്തെ ഒരു പ്രവര്‍ത്തകന്റെ വീടായിരുന്നു വേദി, ചെല്ലുമ്പോള്‍ മൂന്നു പേരുണ്ട്. പോകെപ്പോകെ ആളുകള്‍ വന്നുകൂടാന്‍ തുടങ്ങി.ആറുമണിയോഗം ഏഴുമണിക്ക് ആരംഭിച്ചു.അപ്പോഴെങ്കിലും ആരംഭിക്കാന്‍ കാരണം യോഗത്തിനെത്തിയ രണ്ടു കാരണവന്മാര്‍ക്ക് അടിയന്തിരമായി പോകേണ്ട പരിപാടികളുള്ളതിനാല്‍ എത്രയും പെട്ടെന്ന് ഈ യോഗം തുടങ്ങി അവസാനിപ്പിച്ചേ മതിയാകൂ.
                       ഏഴുമണിക്കാരംഭിച്ച യോഗത്തില്‍ നിന്ന് ഏഴരമണിയായപ്പോള്‍ ഞാന്‍ മുങ്ങി,, കാരണം വീട്ടിലൊരാള്‍ വന്നിരുപ്പുണ്ടെന്നും പറഞ്ഞ് ഭാര്യ വിളിച്ചു.ഞാന്‍ എണീറ്റതിനോടൊപ്പം ആ കാരണവന്മാരും പോരാനായി എണീറ്റു. സ്ഥലത്തെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ആദ്യകാലം മുതലുള്ള  പ്രവര്‍ത്തകാരായ ആ വയോധികരെ വഴിയില്‍ ഒഴിവാക്കി ഞാന്‍ വീട്ടിലേക്കു പോന്നു.രാത്രി ഒന്‍പതര കഴിഞ്ഞപ്പോള്‍ യോഗം അവസാനിപ്പിച്ച് മേഖലാ സ്സെക്രട്ടറി വന്നു,വീട്ടില്‍ വച്ചിരിക്കുന്ന സ്കൂട്ടറെടുക്കാന്‍.ശബ്ദം കേട്ട് ഇറങ്ങിചെന്ന എന്നോട് സെക്രട്ടറി പറഞ്ഞതെന്താണെന്നറിയാവോ? “താന്‍ പെണ്ണുമ്പിള്ള വിളിച്ചിട്ട് പോന്നു, എന്നാല്‍ ആ രണ്ടുപേരും തിരക്കിട്ട് പോന്നതെന്തിനാണെന്നറിയാമോ? മലയിലെ പള്ളി കയറാന്‍ പോകുന്നവര്‍ക്ക് കഞ്ഞി കൊടുക്കാന്‍! ഹോ ! എനിക്കങ്ങു ചൊറിഞ്ഞു കയറി, പരിഷത്തിന്റെ വാര്‍ഷികപരിപാടി ഒഴിവാക്കിയിട്ട് ഈ മാര്‍ക്സിസ്റ്റുകാര്‍ പോയത് പള്ളീ പോകുന്നവര്‍ക്ക് കഞ്ഞി കൊടുക്കാന്‍. ഇവര്‍ ചെന്നില്ലെങ്കില്‍ പള്ളിക്കാര്‍ കഞ്ഞി കുടിക്കില്ലല്ലോ അല്ലേ !” അങ്ങനെ ആത്മരോഷം കൊണ്ട് സെക്രട്ടരി സ്കൂട്ടറില്‍ കയറി സ്ഥലം വിട്ടു.
                 തിരിച്ച് വീട്ടിനകത്തേക്ക് കയറുമ്പോഴും എന്റെ ചിന്തകളും അതു തന്നെയായിരുന്നു.നമ്മുടെ ജനം ഇങ്ങനെ പരസ്പരവിരുദ്ധമായ നിരവധി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു,അതും യാതൊരു മന:സാക്ഷിക്കുത്തും കൂടാതെ തന്നെ. ഇത് ഈയവസരങ്ങ്ഗ്ഗളില്‍ കണ്ടു വരുന്ന ഒരു പ്രത്യേകതയാണ്. പണ്ട് ഇതായിരുന്നില്ല ടെണ്ട്; ഒരു വീട്ടില്‍ത്തന്നെ എല്ലാപ്പാര്‍ട്ടിക്കാരും ഉണ്ടായിരിക്കുക. എന്നുവച്ചാല്‍ മൂത്ത മകന്‍ കോണ്‍ഗ്രസ് ആണെങ്കില്‍ അടുത്തയാള്‍  കമ്യൂണിസ്റ്റ്, പിന്നെ സഹോദരീ ഭര്‍ത്താവ് ബി ജെ പി. മതിയല്ലോ ആര് അധികാരത്തിലിരുന്നാലും നമുക്കും നമ്മുടെ കുടുംബത്തിനും യാതൊരു കോട്ടവും തട്ടരുത്. എന്താ ശരിയല്ലെ? എന്നാല്‍ അന്നത്തെ സാമൂഹ്യ സാംസ്കാരീക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചും കളിയാക്കിയും ഭര്‍സിച്ചുമൊക്കെ ആ അവസ്ഥ മാറ്റിയെടുത്തു.
                      എന്നാലോ നമ്മുടെ സമൂഹം നിരന്തരം മാറിക്കൊണ്ടിരിക്കുകയായിരുന്നു.ഈ മാറ്റം ഇന്നു വന്ന് നില്‍ക്കുന്നത് ഇങ്ങനെയാണ്, ശാസ്ത്രസാഹിത്യപരിഷത്തിന്റെ യോഗത്തില്‍ എന്തുകൊണ്ട് അന്ധവിശ്വാസങ്ങള്‍ ഈ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കണമെന്ന് ഘോരഘോരം പ്രസംഗിച്ചിട്ട് ആ മാന്യദേഹം നേരെ പോകുന്നത്ത് ദേവീ ക്ഷേത്രത്തില്‍ ദീപാരാധന തൊഴാനായിരിക്കും.എന്നിട്ട് അന്തസ്സായി അദ്ദേഹം അതിനെ ന്യായീകരിക്കുകയും ചെയ്യും, നമുക്ക് ഏതാണൊഴിവാക്കാന്‍ കഴിയുക? രണ്ടും നമുക്ക് വേണ്ടപ്പെട്ടതും, വേണ്ടപ്പെട്ടവരുള്ളതുമല്ലേ?  മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാരന്‍ തന്നെ അമ്പലക്കമ്മ്മിറ്റിയുടെ സെക്രട്ടറി കൂടി ആയാലോ ? എന്നാലും  വലിയ കുഴപ്പമില്ല എന്നാല്‍ അമ്പലത്തിലെ വലിയ പൂജാരി മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായാലോ? അല്ലെങ്കില്‍ വേണ്ട എസ് എന്‍ ഡി പി യോഗം മണ്ഡലം കമ്മിറ്റി സെക്രട്ടറി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മേഖലാ കമ്മിറ്റി സെക്രട്ടറി കൂടിയായാലോ? അദ്ദേഏഹം എന്തൊരു നിലപാടാണെടുക്കുക തന്റെ ജീവിതത്തില്‍, തന്റെ സംഘടനാ ജീവിതത്തില്‍, തന്റെ ജീവിതത്തിലെ നിര്‍ണ്ണായക നിലപാടുകളെടുക്കേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ ? ഇവിടെയൊക്കെ ഇദ്ദേഹം ആരുടെ നിലപാടുകളോടൊപ്പം നില്‍ക്കും?
                 നമുക്കറിയാം മാര്‍ക്സിസ്റ്റു പാര്‍ട്ടി മുറുകെ പിടിക്കുന്ന തത്വസംഹിതകളെല്ലാം ഭൌതികവാദതിലധിഷ്ഠിതമാണെന്ന്, ആ തത്വചിന്തയിലുറച്ചുനിന്നുകൊണ്ട് മാത്രമേ വര്‍ഗസമരത്തിന്റെ ചരിത്രം നമുക്കുമുന്നില്‍ തുറന്നു തരികയും മനുഷ്യന്റെ ഭാവി അതൂവഴി പ്രവചിക്കുകയും ചെയ്ത മാര്‍ക്സും ഏംഗത്സും അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്ന ആ വൈരുദ്ധ്യാധ്ഷ്ഠിത ഭൌതീകവാദത്തിന്റെ പതാകാ വാഹകര്‍ ദേവീ സന്നിധിയില്‍ തൊഴുതു മുട്ടിപ്പായി പ്രാര്‍ഥിക്കുന്നത് കാണുമ്പോള്‍ നമുക്കൊരു അസ്വസ്ഥത ഉണ്ടാകുന്നില്ലേ? കാര്യം പാര്‍ട്ടിക്കാര്‍ പറയും, നാ‍ട്ടിലെ പ്രശ്നങ്ങള്‍ മുഴുവന്‍, ദുരിതങ്ങള്‍ മുഴുവന്‍ ഭൌതീകവാദിക്കും ഈശ്വരവിശ്വാ‍ാസിയേയും ബാധിക്കുന്നത് ഒരേപോലെയാണ്, അതുകൊണ്ടുതന്നെ ഇതിനെതിരായ സമരത്തില്‍ ഈശ്വരവിശ്വാസിയും നിരീശ്വരവിശ്വാസിയും ഒരു പോലെതന്നെ പങ്കെടുക്കുന്നു,പങ്കെടുക്കണം.
പക്ഷെ എന്നിട്ടും നമുക്കറിയാം ഈ പറച്ചിലില്‍ പോലും ഒരു വിശ്വാസമില്ലായ്മ ഉണ്ടെന്ന്.കാരണം സാധാരണക്കാരനും പാര്‍ട്ടിക്കാരനും രണ്ടും രണ്ടാണ്. പൊതുവേ ഇങ്ങനെയാണ് പറയാറ്, സാധാരണക്കാരന്‍ ഒര്രു സംഭവം കണ്ട് അപ്പോള്‍ തോന്നിയ വികാരം അങ്ങനെ തന്നെ പ്രകടിപ്പിക്കുമ്പോള്‍ മാര്‍ക്സിസ്റ്റുകാരന്‍ അങ്ങനെയല്ല ഒരു സംഭവമുണ്ടായാല്‍ അതിനെ മാര്‍ക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിലയിരുത്തി അതിനനുസരിച്ച് മാത്രം വിലയിരുത്തുന്നു. ഇതാണ് ഒരു കമ്യൂണിസ്റ്റുകാരനും സാധാ‍രനക്കാരാനും തമ്മിലുള്ള വ്യത്യാസം.ഇതൊരു വലിയ വ്യത്യാസം തന്നെയാണ്.
                ഇങ്ങനെ കാര്യങ്ങള്‍ കാണുന്നവരുടെ ഒരു കൂട്ടം - കൂട്ടം എന്നത് വളരെ വിദൂരമായ ഒരു അര്‍ഥമാണ് - ആണ് പാര്‍ട്ടി.അവര്‍ ഒന്നിച്ചീരുന്ന് പ്രശ്നങ്ങളെ മാര്‍ക്സിയന്‍ ഭൌതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ അക്കൂട്ടത്തിലൊരുവന്‍ മാത്രം ദേവീ ഭഗവതിയേ അമ്മേ മഹാമായേ അടിയനീ പ്രശ്നത്തിലൊരു വെളിപാട് തരണേ എന്നു പ്രാര്‍ത്ഥിക്കുന്നതൊന്ന് ആലോച്ചിച്ചു നോക്കൂ.എന്തുമാത്രം അശ്ലീലമായിരിക്കും ആ കാഴ്ച്ച.തന്നെയുമല്ല ഇവിടെയെടുക്കുന്ന തീരുമാനങ്ങള്‍ക്ക് മാര്‍ക്സിസത്തിന്റെ വെളിച്ചത്തില്‍ എന്തുമാത്രം പ്രസക്തിയുമുണ്ടായിരിക്കും? പൊതുവേ പറയാറ് ഒരാള്‍ക്ക് പാര്‍ട്ടി മെംബര്‍ഷിപ്പ് കൊടുത്താല്‍ അയാളെ മാര്‍ക്സ്സിസ്റ്റുകാരനാക്കുന്നതിനുള്ള എല്ലാ ഒത്താശയും പാര്‍ട്ടി ക്ഷമയോടെ ചെയ്തുകൊടുക്കും എന്നാണ്. എന്നാല്‍ എത്രപേര്‍ യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസ്റ്റുകാരാവുന്നുണ്ടെന്നത് ദൈവത്തിനുമാത്രമറിയാവുന്ന കാര്യമാണ്.ഒരു യഥാര്‍ത്ഥ പ്രശ്നം ഉരുണ്ടുകൂടുമ്പോള്‍ അപ്പോള്‍ മാത്രമറിയാം ഇവന്റെയൊക്കെ തനിനിറം.
                    ഇതിലുമെത്രയോ കഷ്ടമാണ് പരിഷത്തിലെ പ്രശ്നം.പാര്‍ട്ടിയിലാണെങ്കില്‍ അത്യാവശ്യം സ്ക്രൂട്ടീണിയൊക്കെ കഴിഞ്ഞിട്ടാണ് പാര്‍ട്ടി മെംബര്‍ഷിപ് കൊടുക്കുന്നത്.എന്നാല്‍ പരിഷത്തില്‍ അത്ര പോലുമീല്ല. ഏതൊരു പ്രശ്നത്തേയും ശാസ്ത്രം ഉപയോഗീച്ച് വിശകലനം ചെയ്യുന്നവരാണ് പരിഷത്തുകാര്‍ എന്നാണ് വൈപ്പ്. എന്താണ് ശാസ്ത്രം എന്നതിനും അവര്‍ക്ക് നിര്‍വചനമുണ്ട്, ആ നിര്‍വചനമുപയോഗിച്ച് അവര്‍ നാട്ടിലുള്ള പ്രശ്നങ്ങളെ മുഴുവന്‍ വിശകലനം ചെയ്ത് തീരുമാനങ്ങളെടുക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കൂകയും ചെയ്യുന്നു.ഇവിടേയും ഒരു ദൈവവിശ്വാസിയുടെ റോളെന്താണ്? നിലവിലുള്ള ശാസ്ത്രങ്ങളൊന്നും ശരിയല്ല, ഈ ശാസ്ത്രങ്ങളൊന്നും ദൈവത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്ന അഹങ്കരിക്കുന്ന വിഡ്ഡികളാണീ ദൈവവിശ്വാസികള്‍. അവര്‍ പരിഷത്തില്‍ വരുന്നത് എന്തിനായിരിക്കും? ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവനേ, സത്യാന്വേഷകനേ, ഒരു നല്ല പരിഷത്തുകാരനാകാന്‍ കഴിയൂ എന്നിരിക്കെ ദൈവമാണ് എല്ലാ ശാസ്ത്രത്തിന്റേയും അവസാനവാക്ക് എന്ന് വിശ്വസിക്കുന്ന ഒരാള്‍ക്കെങ്ങിനെ പരിഷത്തുകാരനാകാന്‍ കഴിയും?
                     എന്നിട്ടും ഇവനൊക്കെ പരിഷത്തുകാരനായി പാര്‍ട്ടിക്കാരനായി നില്‍ക്കുന്നൂണ്ടെങ്കില്‍ അതിലെന്തോ ഹിഡന്‍ അജണ്ടയില്ലേ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.ഇത്തരക്കാരെ കണ്ടെത്തി പാര്‍ട്ടിക്കാരനെ പാര്‍ട്ടിക്കാരനായും പരിഷത്തുകാരനെ പരിഷത്തുകാരനായും മാറ്റിയില്ലെങ്കില്‍ ഇത്തരം പ്രഛന്ന വേഷക്കാര്‍ ഭാവിയില്‍ ഈ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ദുരന്തമായിരിക്കും സമ്മാനിക്കുക.കാരണം പരിഷത്തിന്റെ അജണ്ടകളിലോ അല്ലെങ്കില്‍ പാര്ര്ട്ടിയുടെ പരിപാടികളിലോ ആകൃഷ്ടരായല്ല ഇവരെത്തുന്നത്.പകരം സംഘടന ഇവര്‍ക്ക് സമൂഹത്തില്‍ നല്‍കുന്ന മാന്യത, അല്ലെങ്കില്‍ അംഗീകാരം അതുനല്‍കിയേക്കാവുന്ന സാമ്പത്തീകലാഭം ഒക്കെയാണീ പ്രച്ഛന്ന വേഷക്കാരുടെ നോട്ടം.ഇതിനെതിരെ കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്.
Post a Comment