പൊങ്കാല സംസ്കാരമല്ല വേണ്ടത്.

**Mohanan Sreedharan | 20 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(യുക്തിരേഖ 2013 ഏപ്രില്‍ ലക്കം ( വാല്യം 28 ലക്കം 4) പ്രസിദ്ധീകരിച്ച ഒരു വായനക്കാരന്റെ ഒരു കത്താണ് താഴെ കൊടുക്കുന്നത്.വായിക്കുക, സംവാദത്തിലേര്‍പ്പെടുക.)

             അമ്മാവാ എന്നെ തല്ലല്ലേ,  ഞാന്‍ നന്നാവില്ല! പറഞ്ഞു വരുന്നത് ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ചു തന്നെ.ഒരു സ്വകാര്യ ട്രസ്റ്റായ ആറ്റുകാല്‍ ക്ഷേത്രത്തിന് പണമുണ്ടാക്കാനാണ് എല്ലാ വിധ ഒത്താശകളും ചെയ്തു കൊടുക്കുന്ന സര്‍ക്കാരും അധികാരി വര്‍ഗവും ഒരു വശത്തും പൊങ്കാ‍ല ടെലികാസ്റ്റ് ചെയ്യാന്‍ മത്സരിക്കുന്ന ചാനലുകളും കൂടി ഒരു സമൂഹത്തെ അപ്പാടെ പിറകോട്ടടിച്ച് കാടത്തത്തിലേക്കും ജീര്‍ണതയിലേക്കും നയിക്കുന്ന കാഴ്ച ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും ശോഭിക്കുന്നതല്ല.സാമൂഹ്യപ്രതിബദ്ധതയില്ലാത്ത ഇത്തരം പ്രവര്‍ത്തിയെ എങ്ങിനെ സംബോധന ചെയ്യണമെന്ന ആ‍ശയക്കുഴപ്പത്തിലാണു ഞാന്‍.നാരീ പൂജയും പൊങ്കാല സംസ്കാരവും വളര്‍ന്ന് സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത സ്ഥിതിയില്‍ എത്തിയിരിക്കുന്നു.സാമൂഹ്യപ്രതിബദ്ധതയില്ലാത്ത ചിന്താശീലം നശിച്ച മടിയന്മാരായ ഒരു ജനവിഭാഗത്തെ സൃഷ്ടിക്കുന്നതില്‍ ഈ ആചാരങ്ങളെന്നു ഓമനപ്പേരില്‍ അറിയപ്പെടുന്ന അനാചാരങ്ങള്‍ വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല.
                  ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി ഒന്നോ രണ്ടോ ദിവസമുള്ള സമരത്തെ പൊളിക്കാന്‍ തലങ്ങും വിലങ്ങും  ശ്രമിച്ച സര്‍ക്കാര്‍ ഓരോ പ്രദേശത്തുമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് അവധി കൊടുക്കുന്നത് ന്യായീകരിക്കാമോ.പൊങ്കാലകള്‍ പൊതുജനങ്ങള്‍ക്ക് എത്രമാത്രം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.ഒപ്പം അന്തരീക്ഷമലിനീകരണം ഈ ചടങ്ങിന്റെ അവിഭാജ്യഘടകങ്ങളാണല്ലോ.ഈ അനാചാരങ്ങള്‍ കൊണ്ട് ആര്‍ക്ക് എന്തു പ്രയോജനമെന്നുകൂടി ഇതിന് ഒത്താശയുള്ളവര്‍ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.നവോത്ഥാനമൂല്യങ്ങളേ തകര്‍ത്തു കൊണ്ട് നമ്മുടെ ഈ പിന്നോട്ടുള്ള യാത്ര ഗുരുതരമായ അവസ്ഥയിലേക്കാ‍ണ് പോകുന്നത്.ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടവര്‍ നീണ്ട നിദ്രയിലാണെന്നു വേണം കരുതാന്‍.അല്ലെങ്കില്‍ ബോധപൂര്‍വം നിശബ്ദരായിരിക്കുന്നു.
                        വെള്ളമില്ലെങ്കിലെന്ത്? വരള്‍ച്ചയാണെങ്കിലെന്ത്?തിരുവനന്തപുരം നഗരം 60 മണിക്കൂര്‍ വെള്ളമില്ലാതെ വിഷമിച്ചത് അമ്മയുടെ അനുഗ്രഹം കൊണ്ട്.ദേവിയുടെ അനുഗ്രഹമുണ്ടല്ലോ പിന്നെയെന്തിനു ഭയം.ആറ്റുകാല്‍ ഭഗവതിയുടെ ഭക്തകള്‍ക്ക് അത് സ്ത്രീകളായാലും പെണ്‍‌കുട്ടികളായാലും ഇത്ര ഭയരഹിതരായി എപ്പോഴും ഏതു സമയത്തും പുറത്തിറങ്ങി നടക്കാമല്ലോ?അങ്ങനെ അവര്‍ സമാധാനിക്കട്ടെ. സ്ത്രീകളോടും പെണ്‍‌കുട്ടികളോടൂം കാട്ടുന്ന കുറ്റകൃത്യങ്ങള്‍ ഏറി വരുന്ന സാഹചര്യത്തില്‍ വേണ്ടത് സ്വതന്ത്രചിന്തയും യുക്തിയിലധിഷ്ഠിതമായ ദൈനംദിന പ്രവര്‍ത്തികളുമാണ് പൊങ്കാലയല്ല.  നാരീപൂജയല്ല . എല്ലാം പൊള്ളയായ പ്രഹസനങ്ങളാണെന്ന സത്യം ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. നാടും സമൂഹവും നന്നാകാനുള്ള വഴി പൊങ്കാലയല്ല.അദ്ധ്വാനശീലവും മാനവീകമൂല്യങ്ങളും പരിരക്ഷിച്ചു കൊണ്ടുള്ള ജീവിതവുമാണ്.
              
Post a Comment