ത്രേതായുഗ രാമനും കലിയുഗ ഉമ്മനും!

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                   കാലം കുറേ പുറകോട്ട് ഓടണം , എന്നാലേ ത്രേതായുഗത്തിലെത്തൂ.അന്ന് ത്രേതായുഗത്തില്‍ അധികാരത്തിന്റെ ചെങ്കോല്‍ കയ്യിലേന്തുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് - കപ്പിനും ചുണ്ടിനും ഇടയില്‍ എന്നു പറയുന്നതു പോലെ - രാജ്യത്തുനിന്നു തന്നെ നിഷ്ക്കാസനം ചെയ്യപ്പെട്ട ഒരാളുണ്ടായിരുന്നു.ആയ കാലത്ത് തന്റെ തന്റെ അഛനു പറ്റിയ കൈപ്പിഴയ്ക്ക് മകന്‍ നല്‍കേണ്ടി വന്ന വിലയായിരുന്നു അത്.ചെറിയമ്മയുടെ മകനായി പതിനാലുവര്‍ഷത്തേയ്ക്ക് അര്‍ഹതപ്പെട്ട രാജ്യഭാരത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക, അതുറപ്പാക്കാനായി പതിനാലുകൊല്ലവും രാജ്യം വിട്ട് കാട്ടില്‍ അലയുക.ഇതായിരുന്നു മകന്‍ അഛന്‍ വിധിച്ചത്.നിവര്‍ന്ന ശിരസ്സുമായി കാട്ടിലേക്കിറങ്ങുമ്പോള്‍ കൂടെയിറങ്ങാന്‍ ആത്മാര്‍ഥസ്നേഹിതനും അനിയനുമായ ലക്ഷ്മണനും സ്വന്തം ഭാര്യയും മാത്രം.
                     പതിനാലുവര്‍ഷത്തെ വനവാസത്തിനിടയില്‍ അദ്ദേഹം അനുഭവിക്കാത്ത ദുരിതങ്ങള്‍ ഇല്ല.അതിലേറ്റവും വലുതായിരുന്നു ശ്രീലങ്കന്‍ രാജാവ് അദ്ദേഹത്തിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചത്.എന്നാലദ്ദേഹം തന്ത്രപൂര്‍വം വനവാസികളായ വാനരന്മാരുമായി സഖ്യമുണ്ടാക്കി അവരുടെ സഹായത്തോടെ കടലില്‍ പാലം നിര്‍മ്മിച്ച് ലങ്കയിലെത്തി യുദ്ധം ചെയ്ത് ഭാര്യയെ വീണ്ടെടുത്തു.എന്നാല്‍ യുദ്ധത്തില്‍ മോചിപ്പിച്ച ഭാര്യയെ നേരെ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.പകരം അന്നത്തെ ഏതൊരു വീരപുരുഷനും ചെയ്യുന്ന പോലെ സ്വന്തം ഭാര്യയെ അഗ്നിപരീക്ഷ നടത്തിച്ച് ശുദ്ധി തെളിയിച്ചിട്ടേ അദ്ദേഹം സ്വീകരിച്ചുള്ളൂ.
                         തിരിച്ച് നാട്ടിലെത്തിയ അദ്ദേഹത്തെ തന്റെ രാജ്യക്കാര്‍ മുഴുവന്‍ തിരിയുഴിഞ്ഞ് സ്വീകരിച്ചു.(അപ്പോഴേയ്ക്കും 14 വര്‍ഷവും കഴിഞ്ഞിരുന്നു,അതായിരുന്നല്ലോ ഡെഡ് ലൈന്‍ .) അദ്ദേഹം തന്റെ രാജ്യത്തെ രാജാവായി ഭരണമേറ്റു, നിരവധി കാലം ജനഹിതം അറിഞ്ഞദ്ദേഹം ഭരണം നടത്തി.ജനഹിതം അറിഞ്ഞ് എന്നു പറയാന്‍ പ്രത്യേക കാരണം ഉണ്ട്.ഒരിക്കല്‍ അദ്ദേഹത്തിന്റെ ചാരന്മാര്‍ എത്തിച്ച വാര്‍ത്ത ഇപ്രകാരമായിരുന്നു,:- രാത്രി വീട്ടിലെത്താതിരുന്ന ഒരു വെളുത്തേടന്റെ ഭാര്യയെ വെളുത്തേടന്‍ ശിക്ഷിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു ,“  രാമന്‍ കണ്ടിടം പാര്‍ത്ത സീതയെ കൈക്കൊണ്ടപോലെ ഞാന്‍ നിന്നേ എന്റെ കൂടെ പാര്‍പ്പിക്കുമെന്ന് വിചാരിക്കണ്ട.”
                        ഇതു കേട്ടപാതി കേള്‍ക്കാത്ത പാതി രാമന്‍ തന്റെ പ്രിയപത്നിയായ സീതയെ വനത്തില്‍ കൊണ്ടുപോയി വധിക്കുവാന്‍ കല്‍പ്പിച്ച് തന്റെ അനിയനായ ലക്ഷ്മണനെ ഏല്‍പ്പിച്ചു.അങ്ങനെ നൂറു ശതമാനം ജനഹിതം നോക്കിമാത്രം ഭരണം നടത്തിയതുകൊണ്ടാണ് രാമന്‍ മാതൃകാ പുത്രന്‍ ആയത് , മാതൃകാ ഭര്‍ത്താവായത് , മാതൃകാ സഹോദരനും മാതൃകാ ഭരണാധികാരിയും ഒക്കെ ആയത്.നമ്മുടെ മഹാത്മജി തന്റെ ജീവിതകാലം മുഴുവന്‍ അക്ഷീണം യത്നിച്ചത് ഇത്തരം മാതൃകാ ഉത്തമപുരുഷന്മാരുള്ള ഒരു ഭാരതം കെട്ടിപ്പടുക്കാനായിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് രാമരാജ്യത്തിനു പകരം ഒരു വിഭാഗം പാക്കിസ്ഥാന്‍ എന്നപേരില്‍ വേര്‍തിരിഞ്ഞു പോയതും ബാക്കിയായത് ഭാരതം എന്ന പേരില്‍ ഇന്നും നിലനില്‍ക്കുന്നതും.
                     മിക്കവാറും ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ രാമായണം കഥ കൊണ്ടാടപ്പെടുന്നു.എന്നാല്‍ ഒരു രാജ്യത്തെ രാമായണ കഥയ്ക്കു കടകവിരുദ്ധമായിരിക്കും അടുത്ത രാജ്യത്തെ രാമായണം.എന്തിനേറെ നമ്മുടെ ഭാരതത്തില്‍ തന്നെ പലസംസ്ഥാനങ്ങളിലും പലതരത്തിലുള്ള രാമായണമാണ് പാരായണം ചെയ്തു വരുന്നത്. നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം രാമായണത്തിന്റെ പലഭാഗങ്ങളും പലരും മാതൃഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരുന്നെങ്കിലും കണ്ണശ്ശപ്പണിക്കന്മാരെഴുതിയ കണ്ണശ്ശരാമായണമായിരുന്നു ആദ്യ സമ്പൂര്‍ണ്ണ രാമായണം.എന്നാല്‍ തത്തയെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയില്‍ എഴുത്തഛന്‍ എഴുതിയ രാമായണം കിളിപ്പാട്ടാണ് മലയാളികളുടെ മനസ്സിലേയ്ക്ക് കടന്നു കയറിയത്. എല്ലാം കൊണ്ടും - പട്ടിണി കൊണ്ടും വര്‍ദ്ധിച്ച ജീവിതപ്രയാസങ്ങള്‍ കൊണ്ടും മറ്റു ദുരിതങ്ങളൊക്കെയും കൊണ്ടും - മലയാളികള്‍ ഭീതിയോടെ കാണുന്ന കര്‍ക്കിടകത്തിലെ മഴയൊഴിയാ രാവുകളില്‍ മന:ശാന്തിക്കായി  മലയാളി ഭക്ത്യാദരപൂര്‍വം പാരായണം ചെയ്യുന്നതും ആ രാമകഥ തന്നെ.പൊതുവേ കര്‍ക്കിടകമാസം രാമായണമാസം എന്നറിയപ്പെടുന്നതും ഇതുകൊണ്ടുതന്നെ!
                           കാലം പിന്നേയും കുറേയേറെ മുന്നോട്ട് പോയി.ത്രേതായുഗത്തിലെ ആ നന്മകളെല്ലാം പോയ് മറഞ്ഞു.കലികാലമായി.പണ്ട് ഉത്തമപുരുഷന്മാര്‍ രാജ്യഭാരം ചെയ്യുകയും ഉത്തമപുരുഷന്മാര്‍ രാജ്യമാകെ നിറയുകയും ചെയ്തപ്പോള്‍ ഇന്ന് ഉത്തമപുരുഷന്മാരെ കൊന്നു തിന്നുന്നവര്‍ ഭരണത്തിലേറി.ഭരണാധികാരിയുടെ ഭാര്യയ്ക്ക് പരസംസര്‍ഗം ഉണ്ടായിയെന്ന് പറഞ്ഞൊരാള്‍ സ്വന്തം ഭാര്യയെ ഭര്‍സിക്കുന്ന വിവരം ചാരന്മാര്‍ മുഖേന രാജവാവറിഞ്ഞപ്പോള്‍ അദ്ദേഹം , ദേവന്മാരുടെ മുന്നില്‍  അഗ്നിശുദ്ധി വരുത്തി ശുദ്ധത തെളിയിച്ച ഭാര്യയെ ഉപേക്ഷിക്കുകയും കൊല്ലാനായി പറഞ്ഞയക്കുകയുമാണ് ചെയ്തത്.ഇന്നോ , സ്വന്തം ഓഫീസ് തന്റെ കേളീഗൃഹമാക്കിയ ഒരു സ്ത്രീയെ സംരക്ഷിക്കുന്നതിനായി ചെയ്തു കൂട്ടുന്ന അനര്‍ത്ഥങ്ങള്‍ ഈ കേരള മണ്ണിനു തന്നെ നാണക്കേടാണ്.
                         എന്തു ചെയ്തും തന്റെ കസേര സംരക്ഷിക്കപ്പെടണം എന്നല്ലാതെ മറ്റൊരു ചിന്ത ആ ഗാന്ധിശിഷ്യനായ ഭരണാധികാരിക്കില്ല.നോക്കണം , ഒരിക്കല്‍ തന്റെ ഓഫീസിലെ ഒരു സ്റ്റാഫ് കൈക്കൂലി വാങ്ങുന്നത് സി സി ടി വിയില്‍ കണ്ടെന്നു പറഞ്ഞ , തെളിവുകൊടുത്ത പത്രക്കാരെ അദ്ദേഹം അനുമോദിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ് , തന്റെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ എത്രകാലം വേണമെങ്കിലും ഉണ്ടാകും, അത് മാധ്യമക്കാര്‍ക്ക് എപ്പോ വേണമെങ്കിലും നിരീക്ഷിക്കാം എന്നാണ്. എന്നാല്‍ താനടക്കം കുടുങ്ങുന്ന സ്ഥിതി വന്നപ്പോള്‍ അദ്ദേഹം തന്റെ സ്വതസിദ്ധമായ വിക്കലും വിഴുങ്ങലും കൊണ്ട് പറഞ്ഞത് തന്റെ ഓഫീസില്‍ സി സി ടി വി ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്യുന്ന പതിവില്ല എന്നാണ്. ഈയൊരൊറ്റ സംഭവം മാത്രം മതി അത്യാവ്ശ്യം വിവരം ഉള്ളവര്‍ക്ക് സ്വന്തം മുഖ്യമന്ത്രിയെ മനസ്സിലാക്കാന്‍ .
                          വളരെ നിസ്സാരമായി തീര്‍ക്കാവുന്ന ഒരു പ്രശ്നമായിരുന്നു തുടക്കത്തില്‍ സോളാര്‍ .കൃത്യമായി മുഖ്യമന്ത്രി തനിക്കു പറ്റിയ തെറ്റ് കേരള ജനതയുടെ മുന്നില്‍ ഏറ്റുപറഞ്ഞാല്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തിനു മാപ്പുകൊടുക്കാന്‍ തയ്യാറായേനെ. എന്നാല്‍ മുഖമന്ത്രി വെറുതെ ജാഡ കാണിക്കുകയും തന്റെ ഭാഗം ന്യായീകരിക്കാനായി നുണകളും നുണകള്‍ക്ക് മുകളില്‍ നുണകളും പറയാന്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷവും മാധ്യമങ്ങളും എന്തിന് ഭരണപക്ഷത്തെ ചില പ്രതിപക്ഷങ്ങളും ഓരോന്നും വിശദമായി ചുരണ്ടാന്‍ തുടങ്ങിയപ്പോള്‍ മുഖ്യന് പിന്നെ പിടിച്ചു നില്‍ക്കാന്‍ പിടിവള്ളിയില്ലാതായിപ്പോയി.പണ്ട് കാര്‍ന്നോന്മാര് നുണ പറയുന്ന കുട്ടികളേ ഉപദേശിക്കുമായിരുന്നു ഒരു നുണ സ്ഥാപിക്കാന്‍ പിന്ന നുണകളുടെ ഒരു കൂമ്മ്പാരം തന്നെ വേണ്ടി വരുമെന്നും അവസാനം അതെല്ലാം കൂടി പൊളിഞ്ഞു വീഴുമെന്നും.അത് എത്ര അച്ചട്ടാണെന്ന് ഇപ്പോഴത്തെ നമ്മൂടെ മുഖ്യമന്ത്രിയുടെ സ്ഥിതി കണ്ടാല്‍ അറിയാന്‍ കഴിയും.
                         എന്താണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥിതി? നുണകള്‍ പറഞ്ഞു കൂട്ടി കൂട്ടി അതിനെയൊക്കെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്ന ഒരു മുഖ്യമന്ത്രിയേയാണ് ഇന്ന് നാം കാണുന്നത്.എന്തിലും വെപ്രാളം , അനാവശ്യമായ ദേഷ്യം , കലി , സൂചി കൊണ്ടെടുക്കാനുള്ളത് തൂമ്പ കൊണ്ടെടുക്കാനുള്ള ഒരു ത്വര.എലിപ്പെട്ടിയില്‍ വീണ ഒരു എലിയുടെ അതേ സ്വഭാവമാണ് ഇന്നദ്ദേഹം കാണിക്കുന്നത്.ഒരേ സമയം താന്‍ വലിയ ധൈര്യശാലിയാണെന്നു പറയും എന്നിട്ട് എല്ലാ പരിപാടികളും മാറ്റി വൈക്കും.എപ്പോള്‍ രാജി വൈക്കാനും താന്‍ തയ്യാറാണെന്ന് ഒരിക്കല്‍ പറയും, അടുത്ത നിമിഷം പറയും മാധ്യമങ്ങള്‍ പറയുമ്പോഴൊക്കെ രാജി വൈക്കാന്‍ താന്‍ തയ്യാറല്ലെന്ന്. സമരത്തെ നേരിടുമെന്ന് ഒരിക്കല്‍ പറയും , മറുനിമിഷം സ്കൂളുകള്‍ക്ക് അവധി നല്‍കും, കേന്ദ്രസേനയെ വിളിക്കും , തന്റെ ഏറ്റവും വലിയ ജനകീയ പരിപാടി ( എന്നദ്ദേഹം അവകാശപ്പെടുന്നു) മാറ്റിവൈക്കും.
                       തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ഒരു ചെറിയ സംശയം ജനിച്ചാല്‍ മതി ഉടന്‍ അയാള്‍ക്കെതിരെ ഏതെങ്കിലും ഒരു കുറ്റം ചുമത്തും, അറസ്റ്റ് ചെയ്യും ലോക്കപ്പിലാക്കും. ഈ കാണുന്നതൊക്കെ എന്തിന്റെ ലക്ഷണമാണെന്നു ചോദിച്ചാല്‍ ആ അതിന്റെ മാത്രം ലക്ഷണമാണ്, പേടിയുടെ , ആരെയും വിശ്വാസമില്ലാത്തതിന്റെ ഒക്കെ ലക്ഷണം.ഇതിന്റെയൊക്കെ കൂട്ടക്കലാശം ഈ കര്‍ക്കിടകമാസത്തിലാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ആ മഹാനായ ഭരണാധികാരിയെ ഓര്‍മ്മ വരുന്നത്.ആദ്യത്തെ സന്നിഗ്ധഘട്ടത്തില്‍ തന്നെ ഭരണവും വലിച്ചെറിഞ്ഞ് കാട്ടിലേയ്ക്ക് പോയ രാമന്‍  പിന്നീട് ഭരണത്തിലേറിയപ്പോള്‍ ജനഹിതം  മാനിക്കുന്നതിനു വേണ്ടി മാത്രം പ്രിയപ്പെട്ട തന്റെ മാനസേശ്വരിയെ കൊലയ്ക്കു കൊടുക്കുന്ന കാഴ്ച്ചയാണ് കാണുക.എന്നാല്‍  ഇന്ന് സ്വന്തം കസേര നിലനിര്‍ത്താന്‍  വേണ്ടി മാത്രം ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന ഈ ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസം സത്യത്തില്‍ യുഗങ്ങളുടെ തന്നെയാണ്.
(ഈ പോസ്റ്റ് എഴുതിയ ആള്‍ക്ക് പരിധിയില്‍ കവിഞ്ഞ് രാമനോട് മമതയോ നിന്ദയോ ഇല്ല എന്ന് ഓര്‍ക്കുക, അതുപോലെ തന്നെ ഒരല്‍പ്പം മനുഷ്യന്റെ സ്വഭാവം കാണിച്ചാല്‍ ഇപ്പോഴും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇവിടേയും ഇല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു.)

3 comments :

  1. ആദ്യത്തെ സന്നിഗ്ധഘട്ടത്തില്‍ തന്നെ ഭരണവും വലിച്ചെറിഞ്ഞ് കാട്ടിലേയ്ക്ക് പോയ രാമന്‍ പിന്നീട് ഭരണത്തിലേറിയപ്പോള്‍ ജനഹിതം മാനിക്കുന്നതിനു വേണ്ടി മാത്രം പ്രിയപ്പെട്ട തന്റെ മാനസേശ്വരിയെ കൊലയ്ക്കു കൊടുക്കുന്ന കാഴ്ച്ചയാണ് കാണുക.എന്നാല്‍ ഇന്ന് സ്വന്തം കസേര നിലനിര്‍ത്താന്‍ വേണ്ടി മാത്രം ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന ഈ ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസം സത്യത്തില്‍ യുഗങ്ങളുടെ തന്നെയാണ്.

    ReplyDelete
  2. വളരെ നിസ്സാരമായി തീര്‍ക്കാവുന്ന ഒരു പ്രശ്നമായിരുന്നു തുടക്കത്തില്‍ സോളാര്‍ .കൃത്യമായി മുഖ്യമന്ത്രി തനിക്കു പറ്റിയ തെറ്റ് കേരള ജനതയുടെ മുന്നില്‍ ഏറ്റുപറഞ്ഞാല്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തിനു മാപ്പുകൊടുക്കാന്‍ തയ്യാറായേനെ.

    വളരെ ശരി. എന്നാല്‍ മനസ്സിലാക്കേണ്ടവര്‍ക്ക് മാത്രം ഇത് മനസ്സിലാവുകയില്ല

    ReplyDelete
  3. "ആദ്യത്തെ സന്നിഗ്ധഘട്ടത്തില്‍ തന്നെ ഭരണവും വലിച്ചെറിഞ്ഞ് കാട്ടിലേയ്ക്ക് പോയ രാമന്‍ പിന്നീട് ഭരണത്തിലേറിയപ്പോള്‍ ജനഹിതം മാനിക്കുന്നതിനു വേണ്ടി മാത്രം പ്രിയപ്പെട്ട തന്റെ മാനസേശ്വരിയെ കൊലയ്ക്കു കൊടുക്കുന്ന കാഴ്ച്ചയാണ് കാണുക".

    Mr. Mohanan Sreedharan,shame, How you concluded the above? If you just want to make propaganda for LDF you may do that for that you do not have to take the help of Ramayanam. You are just a low class LDF supporter trying to find politics in everything and it is your custom to make non-sense statements.

    ReplyDelete