ഒരു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ വീരപരാക്രമങ്ങള്‍

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                               ശ്രീ റിഷിരാജ് സിങ്ങ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ചാര്‍ജെടുക്കുമ്പോള്‍ സാദാ ജനങ്ങള്‍ക്ക് വലിയൊരു പ്രതീക്ഷയുണ്ടായിരുന്നു.സംഗതി മറ്റൊന്നുമല്ല അഴിമതിക്കു പേരുകേട്ട ഒരു വകുപ്പ്.സാധാരണക്കാരന്‍ ഒരു കാര്യം സാധിക്കാനായി അവിടെ ചെന്നാല്‍ അവിടുത്തെ തൂണിനും തുരുമ്പിനും വരെ കൈക്കൂലി കൊടുക്കേണ്ടി വരും എന്ന ഒരു ചൊല്ലു തന്നെ മലയാള ഭാഷയിലുണ്ട്. ( സംഗതി അതില്‍ വലിയ സത്യമൊന്നുമില്ല ,നമ്മള്‍ നിത്യവും പത്രം വായിക്കുന്നവരല്ലേ , ആനയെ അങ്ങനെ തന്നെ വെള്ളം കൂട്ടാതെ വിഴുങ്ങുന്ന പല വകുപ്പുകളും ഈ കൊച്ചുകേരളത്തില്‍ തന്നെയുള്ളപ്പോളാണ് കുഞ്ഞുറുമ്പുകളെ  മാത്രം  വിഴുങ്ങുന്ന ഈ കൊച്ചു വകുപ്പ്.)
                                 ശ്രി സിങ്ങാണെങ്കിലോ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലിരുന്ന് പല വീരകഥകളും സൃഷ്ടിച്ച ആളും.വേഷം മാറിയും മാറാതെയും നേരിട്ടുവന്നും ഒളിച്ചും പല കൈക്കൂലി കേസുകളും നേരിട്ട് പിടിച്ച് ചരിത്രം സൃഷ്ടിച്ച ആളാണ് ശ്രീ സിങ്ങ്.അതുകൊണ്ടുതന്നെ അദ്ദേഹം ഈ വകുപ്പിലെ മേധാവിയായി വരുന്നതിനെ  ജനം പ്രതീക്ഷയോടെ കണ്ടു എന്നത് സ്വാഭാവികം. ഒരു പുലിക്കൊരിക്കലും എങ്ങും ഒരു പൂച്ചയായി അഭിനയിക്കാന്‍ കഴിയില്ലല്ലോ. ജനത്തിന്റെ ആ ചിന്ത  അസ്ഥാനത്തായില്ല താനും.
                       അദ്ദേഹം ചാര്‍ജെടുത്ത് ആദ്യം ചെയ്തകാര്യം വാഹനപരിശോധന ഊര്‍ജിതമാക്കുകയും അതില്‍ നിന്ന് ഗവണ്മെന്റിനു കിട്ടുന്ന വരുമാനം പലമടങ്ങാക്കി വര്‍ദ്ധിപ്പിക്കുകയാണ്.ഏതാണ്ടാ സമയത്തു തന്നെയാണ് മലപ്പുറം ജില്ലയിലെ ദാരുണമായ  രണ്ട് ബസ്സപകടങ്ങള്‍ ഉണ്ടാകുന്നത്.തിരൂരില്‍   ഒരു സ്വകാര്യബസ്സ് ഒരു ഓട്ടോ റിക്ഷയുടെ മേല്‍ പാഞ്ഞുകയറി 8 പേര്‍ മരിച്ചതായിരുന്നു ആദ്യകേസ്സ്. നമുക്ക് വേണമെങ്കില്‍ വാദിക്കാം, മൂന്നു യാത്രക്കാരും ഒരു ഡ്രൈവറും അടക്കം നാലുപേര്‍ യാത്ര ചെയ്യേണ്ട ഓട്ടോറിക്ഷയില്‍ എട്ടു പേര്‍ കയറിയതാണീ അപകടത്തിനു കാരണം എന്ന്. ഒരു പരിധിവരെ അത് ശരിയാണുതാനും. എന്നാല്‍ ജനപക്ഷത്തു നിന്ന് , നിയമപക്ഷത്തു നിന്ന്
ചിന്തിക്കുന്ന ആ കമ്മീഷണര്‍ പറഞ്ഞത് ബസ്സിന്റെ ഓവര്‍സ്പീഡ് കൊണ്ടാണീ അപകടമുണ്ടായതെന്നാണ്. ബസ്സുകളുടെ എഞ്ചിനോട് ചേര്‍ത്ത് സ്പീഡ് ഗവര്‍ണര്‍ എന്നൊരുപകരണം ഓവര്‍സ്പീഡ് നിയന്ത്രിക്കാനായി പിടിപ്പിക്കാറുണ്ട്.ഇത് മത്സരയോട്ടത്തിനു തടസ്സമാണെന്നുകണ്ട് ബസ്സ് ജോലിക്കാരീ ഉപകരണം അഴിച്ചിടും.അതുകൊണ്ട് മാത്രമാണീ അപകടമുണ്ടായതെന്നദ്ദേഹം പറഞ്ഞു.
                             അദ്ദേഹത്തിന്റെ പ്രസ്താവനയുടെ അലയൊലി മായുന്നതിനു മുന്നേ മലപ്പുറത്തു തന്നെ മറ്റൊരു ദാരുണമായ  ബസ്സപകടം നടന്നു.ഇത്തവണ പെരിന്തല്‍മണ്ണയിലാണ് അപകടം ഉണ്ടാവുന്നത്.ഓവര്‍സ്പീഡില്‍ വളവു തിരിഞ്ഞ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ്സ് ഒരു മരത്തിലിടിച്ച് 24 പേരാണ് മരിച്ചത്. സത്യത്തിലീ അപകടത്തെ അപകടം എന്നല്ല ക്രൂരമായ നരഹത്യ എന്നാണ് വിളിക്കേണ്ടത്.യാതൊരു പക്വതയും വരാത്ത ഇരുപത്തിരണ്ട് വയസ്സ് പ്രായമുള്ള ഡ്രൈവര്‍ , കട്ട തേഞ്ഞ് തീര്‍ന്ന് മൊട്ടയായ ടയറുകള്‍ , വാഹനത്തിന് സാധുവായ ഇന്‍ഷ്വറന്‍സ് പോലുമില്ല. ഈ അപകടത്തിന്റെ കാര്യത്തിലും - മലപ്പുറം ആര്‍ ടി ഒ വിനെ സ്ഥലം മാറ്റിയെങ്കിലും സ്വന്തം ഉദ്യോഗസ്ഥരെ അനാവശ്യമായി കുറ്റപ്പെടുത്താനദ്ദേഹം തയ്യാറായില്ല. എന്നാല്‍ പകരം അദ്ദേഹം കേരളത്തിലെ മുഴുവന്‍ ബസ്സുകളും - സ്വകാര്യ പൊതു മേഖലയടക്കം - പരിശോധിച്ച് സ്പീഡ് ഗവര്‍ണര്‍ പിടിപ്പിക്കാത്ത ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു.
                        ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ ജോലി ചെയ്യാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അപൂര്‍വമായി കിട്ടുന്ന അവസരങ്ങളിലൊന്നായിരുന്നു അത്. അവര്‍ കൂട്ടമായി റോഡിലേക്കിറങ്ങി.ആദ്യദിവസം തന്നെ ആയിരത്തോളം ബസ്സുകളുടെ - സര്‍ക്കാര്‍ ബസ്സടക്കം - ഫിറ്റ്നെസ്സ് ആണ് ക്യാന്‍സല്‍ ചെയ്തത്. പണക്കൊഴുപ്പിലും രാഷ്ട്രീയ പിടിപാടിലും എന്തും നേടാമെന്ന് അഹങ്കരിച്ചിരുന്ന  ബസ്സുടമകള്‍ ഞെട്ടിപ്പോയി.അവര്‍ ഈ പരിശോധനയ്ക്കെതിരെ സമരം പ്രഖ്യാപിക്കുക എന്ന ഹിമാലയന്‍ മണ്ടത്തരമാണ് കാണിച്ചത്.ഇങ്ങനൊരവസരത്തിനായി ജനം കാത്തിരിക്കുകയായിരുന്നു.സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ മുഴുവന്‍ ബസ്സ് മുതലാളിമാര്‍ക്കെതിരെ ഭര്‍സനങ്ങളും ചീത്ത വിളികളും കമ്മീഷണര്‍ക്കുള്ള ജൈ വിളികളും കൊണ്ട് നിറഞ്ഞു. എന്തിന് വകുപ്പ് മന്ത്രിയെ പോലും ആരും ഓര്‍ത്തില്ലെങ്കിലും കമ്മീഷണറെ ദൈവതുല്യം ആരാധിക്കുന്നവരുടെ എണ്ണം ഫേസ് ബുക്കിലും മറ്റും നിറഞ്ഞു.അവസാനം നാണം കെട്ട് ,മന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കാം എന്നു പറഞ്ഞു ,എന്ന ന്യായത്തില്‍ സമരവും പിന്‍‌വലിച്ച് ബസ്സുടമാസംഘം ഓടി രക്ഷപെട്ടപ്പോള്‍ ശ്രീ റിഷിരാജ് സിങ്ങിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നു.ജനാഭിലാഷത്തിനൊത്ത് ഉയരുന്ന ഒരുദ്യോഗസ്ഥനെയാണ് നാമിവിടെ കാണുന്നത്.
                      ഒരിക്കലദ്ദേഹം എറണാകുളത്തിനു പോകുമ്പോള്‍ ഒരാക്സിഡണ്ടില്‍ പരിക്ക് പറ്റി റോഡില്‍ കിടന്ന രണ്ടു ചെറുപ്പക്കാരെ തന്റെ വണ്ടിയില്‍ ആശുപത്രിയിലാക്കി. തിരിച്ച് തലസ്ഥാനത്തെത്തിയ അദ്ദേഹം ഒരു പ്രസ്താവന കൊടുത്തു :- ഹെല്‍‌മെറ്റ് വൈക്കാതെ മോട്ടോര്‍ സൈക്കിളോടിച്ചാല്‍ ലൈസന്‍സ്  ഒരു മാസത്തേയ്ക്ക് സസ്പെന്റ് ചെയ്യും.പറഞ്ഞത് റിഷിരാജ് സിങ്ങാണ്, പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ആള്‍ . ആലപ്പുഴ പോലുള്ള പ്രദേശങ്ങളില്‍ ഹെല്‍‌മെറ്റ് എന്ന വാക്ക്  ബൈക്കൊടിക്കുന്നവര്‍ കേട്ടിട്ടു പോലുമില്ലെന്ന അവസ്ഥയായിരുന്നു നില നിന്നിരുന്നത്.എന്നാലീ പ്രസ്താവന വന്ന് പിറ്റേന്ന് മുതല്‍ ,ബൈക്ക് തള്ളിക്കൊണ്ടു പോകുന്നവര്‍ പോലും കേരളത്തിലെങ്ങും ഹെല്‍‌മെറ്റ് വൈക്കാന്‍ തുടങ്ങി.നോക്കണേ , കഴിഞ്ഞ പത്ത് കൊല്ലത്തോളമായി പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഹെല്‍മെറ്റ് നിര്‍ബന്ധിതമാക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തിടത്താണ് സിങ്ങ് ഒരു പത്രപ്രസ്താവനയിലൂടെ സാധിച്ചെടുത്തത്.അതുപോലെ തന്നെ മദ്യപിച്ച് വാഹനമോടിച്ചാലും ലൈസന്‍സ് പോകുമെന്ന അവസ്ഥയായി.
                         അതോടെ ഇതു രണ്ടും കുറഞ്ഞു. തന്റെ സര്‍വീസ് കാലത്ത് ശ്രീ റിഷിരാജ് സിങ്ങ് ചെയ്ത ഏറ്റവും നല്ല രണ്ടു കാര്യങ്ങള്‍ ഇതായിരിക്കും.ഇതു പറയാനുള്ള കാരണം വേറൊന്നുമല്ല , കേരളത്തിലെ വാഹന അപകടങ്ങളുടെ എണ്ണം 30% കുറഞ്ഞു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. തന്നെയുമല്ല കേരളത്തിലീ ഓണക്കാലത്ത് 7 കോടി രൂപയുടെ മദ്യക്കച്ചവടം കുറഞ്ഞുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.ഒരു പക്ഷെ സിങ്ങിന്റെ പ്രയത്നം മാത്രമായിരിക്കില്ല ഇതിനു പിന്നില്‍ , എന്നാല്‍ മറ്റൊരോണത്തിനും ഇതുപോലെ മദ്യക്കച്ചവടം കുറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല എന്നോര്‍ക്കണം.തീര്‍ന്നില്ല ഈ റോഡപകടങ്ങള്‍ ഇങ്ങനെ കുറയാനെന്താണ് കാരണം? ( ഇന്ന് ധനമന്ത്രിയുടെ പ്രസ്താവന കണ്ടു സംസ്ഥാനം അതീവഗുരുതരമായ സ്ഥിതിയിലൂടെ കടന്നു പോകുന്നു എന്ന്.അപ്പോള്‍ കേരള ധനസ്ഥിതിയെ താങ്ങി നിറുത്തിയിരുന്നത് കുടിയന്മാരായ ഡ്രൈവര്‍‌മാരായിരിക്കണം.)
                      സംഭവം ഇങ്ങനെ നല്ല രീതിയില്‍ പുരോഗമിച്ചുകൊണ്ടിരുന്നപ്പോള്‍ സിങ്ങിനെതിരെയുള്ള ശക്തികളും അടങ്ങിയിരുന്നില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ വരെ ദുര്‍ബലപ്പെടുത്തീ സിങ്ങിന്റെ പ്രവൃത്തികള്‍ എന്നത് കേസൊന്ന് , റോഡപകടങ്ങള്‍ കുറയുന്നു എന്നത് മറ്റൊരു കാരണം. ഇതിലുമൊക്കെ പരമമായ മറ്റൊരു കാരണമുണ്ട് , ഇരുപത്തിനാലു മണിക്കൂറും വാഹനപരിശോധകര്‍ റോഡിലുണ്ടാകും.അതുകൊണ്ടു തന്നെ റോഡുവഴിയുള്ള പല കടത്തലുകള്‍ക്കും മാന്ദ്യം സംഭവിച്ചു.നിയമം അനുസരിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് കമ്മീഷണറും അദ്ദേഹത്തിന്റെ നടപടികളും യാതൊരു അലോസരവുമുണ്ടാക്കിയില്ല , കുറ്റക്കാര്‍ക്കോ അദ്ദേഹമൊരു ഭീഷണി തന്നെയായിരുന്നു , നമ്മുടെ ഡിങ്കനേപ്പോലെ! സത്യത്തില്‍ ഹെല്‍മെറ്റില്ലെങ്കില്‍ ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ കഴിയില്ല എന്നാല്‍ ഹെല്‍മെറ്റ് വൈക്കാതെ വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന മറ്റു കുറ്റങ്ങളും കൂടി ചേര്‍ന്നാല്‍ ലൈസന്‍സ് വേണമെങ്കില്‍ എന്നേന്നേയ്ക്കുമായി സസപെന്റ് ചെയ്യാം.ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹവും ഉദ്ദേശിച്ചത് ഇതു തന്നെയാണ്.
                      എന്നാല്‍ കേരളത്തില്‍ നിയമവാഴ്ച്ച നടപ്പാക്കാനിറങ്ങിയ ഒരു വാച്ച് എന്ന സംഘടന ഉടനെ കോടതിയില്‍ പോയി.ഒറ്റകാര്യമേ അവര്‍ ചോദിച്ചൊള്ളൂ, ഈ നിയമത്തിനു സാധുതയുണ്ടോ?  എത്ര കൃത്യമായ ചോദ്യം! ഹെല്‍മെറ്റില്ലാതെ അപകടത്തില്‍ പെട്ട് ആയിരങ്ങള്‍ മരിച്ചാലെന്ത്? ഇവിടെ - പഴയ മോഹന്‍ലാല്‍ സിനിമയില്‍ പറയുന്നതു പോലെ - ഇവിടെ റോങ്ങ് ആയൊന്നും സംഭവിക്കാന്‍ പാടില്ല. ഇതാണെന്നു തോന്നുന്നു ആ സംഘടനയുടെ ഉദ്ദേശം. നമുക്കറിയാം കേരളീയര്‍ മുഴുവന്‍ നിയമം കൃത്യമായി അനുസരിക്കുന്നവനാണെന്ന്. ബൈക്കോടിക്കുമ്പോള്‍ കൃത്യമായി ഹെല്‍മെറ്റ് വൈക്കും, കാറോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കും. എല്ലാ നിയമവും അനുസരിക്കും അവര്‍ . അപ്പോള്‍ പിന്നെ ഇത്തരമൊരു സംസ്ഥാനത്ത് പിന്നെ ചെയ്യാനുള്ള കാര്യം ആരെങ്കിലും പുസ്തകത്തിലില്ലാത്ത ഒരു നിയമം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പിന്നെ കോടതിയില്‍ പോകാതെന്തു ചെയ്യും ?
                           ഇതിനോടൊപ്പം വന്ന നമ്മുടെ മുഖ്യമന്ത്രിയുടെ ഒരു സ്റ്റേറ്റ്മെന്റ് കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പറഞ്ഞത്  കമ്മീഷണറുടെ നടപടികളൊക്കെ ശരിയാണെങ്കിലും പൊതുജനങ്ങള്‍ക്ക് അതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാതെ ശ്രദ്ധിക്കണം. നോക്കൂ പണ്ട് - സ്ഥലപേര് മറന്നു പോയി - ഹെല്‍മെറ്റ് വൈക്കാതെ ഓടിച്ചുവന്ന ബൈക്കിനു കൈ കാണിച്ചിട്ടും നിറുത്താതെ പോയതിന് രാത്രി പോലീസ് ആ ഒരു നാടു മുഴുവന്‍ കുട്ടിച്ചോറാക്കിയപ്പോള്‍ മുഖ്യമന്ത്രിക്ക് പൊതുജനം ബുദ്ധിമുട്ടുന്നതായി തോന്നിയില്ല. എന്നാല്‍ ഇവിടെ ജനങ്ങളുടെ ജീവിതം സംരക്ഷിക്കാന്‍ ഒരുദ്യോഗസ്ഥന്‍ അല്‍പ്പം നിയമത്തിനു വെളിയില്‍ നിന്ന് പ്രസ്ഥാവിച്ചപ്പോള്‍ ലോകത്തിനു മുഴുവന്‍ പ്രശ്നമായിരിക്കുന്നു.
                               അതുകൊണ്ട് പ്രിയ കമ്മീഷണര്‍ സാറെ, ഒരല്‍പ്പം തെറ്റിയാലും ഒരല്‍പ്പം വരയ്ക്കു വെളിയിലായാലും ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കിട്ടുമെങ്കില്‍ അങ്ങ് തുടരുന്ന നടപടികള്‍ തുടരുക തന്നെ ചെയ്യുക.അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ സഹിച്ചോളാം. കാരണം ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ , ഞങ്ങളുടെ സ്വത്തിനു സംരക്ഷണം നല്‍കുന്ന അങ്ങയേപ്പോലുള്ള ഉദ്യോഗസ്ഥര്‍ വല്ലപ്പൊഴുമേ അവതരിക്കൂ!
Post a Comment