തെരുവിലേയ്ക്കിറങ്ങി വരുന്ന ദൈവങ്ങള്‍

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                    നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല ഒരോ കാലത്തും ആ കാലത്തിനനുസരിച്ചുള്ള  ദൈവങ്ങളാണ് നമ്മെ പരിപാലിച്ചിരുന്നത്.ഉദാഹരണത്തിന് മനുഷ്യന്റെ ഉദയകാലത്ത് - പ്രാകൃത കമ്യൂണിസം എന്നറിയപ്പെടുന്ന കാലത്ത് ദൈവം എന്നൊന്ന് ഉണ്ടായിരുന്നതായി തെളിവുകളില്ല. വളരെ ചെറിയ സമൂഹം ,തീറ്റ തേടുക തീറ്റയാവാതിരിക്കാന്‍ നോക്കുക എന്നതല്ലാതെ മറ്റൊരു അജണ്ട അന്നവര്‍ക്കുണ്ടായതായി തെളിവില്ല.കിട്ടിയത് സാമൂഹ്യമായി ഒന്നിച്ച് സ്വീകരിക്കുക ഒന്നിച്ച് പങ്കിടുക, ഒന്നിച്ച് നേരിടുക എന്നതായിരുന്നു അന്നത്തെ സ്ഥിതി.അതുകൊണ്ടു തന്നെ തന്റെ വേവലാതികളെക്കുറിച്ച് പരിഭവപ്പെടാനോ പരാതിപ്പെടാനോ ആയി ഒരു ദൈവം വേണമെന്ന് അവനറിയില്ലായിരുന്നു എന്നതാണ് സത്യം.അവന്റെ പേടികള്‍ അവന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ചായിരുന്നു.അതിനവന്‍ തന്റെ ഭയമൂര്‍ത്തികളുടെ ചലനം അനുകരിച്ച് ആ ജീവിയായി മാറാന്‍ ശ്രമിച്ചിരുന്നു എന്നതിനാണെങ്കില്‍ തെളിവുകള്‍ ധാരാളമാണു താനും.
                         പിന്നീട് കാലം പോകെ പോകെ സമൂഹം അടിമത്തവ്യവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ ചരിത്രത്തിലാദ്യമായി പണിയെടുക്കുന്നവനും പണിയെടുപ്പിക്കുന്നവനും നിലവില്‍ വന്നു. പണിയെടുപ്പിക്കുന്നവന്റെ ആവശ്യമായിരുന്നു പണിയെടുക്കുന്നവനെക്കൊണ്ട് പരമാവധി പണിയെടുപ്പിക്കുക എന്നത്. ആവശ്യത്തിന് ഭക്ഷണമോ വിശ്രമമോ നല്‍കാതെ പണിയെടുപ്പിച്ചാല്‍ പണിയെടുക്കുന്നവര്‍ക്ക് പരാതികളും പരിഭവവും ധാരാളമായി ഉണ്ടായിക്കൊണ്ടേയിരിക്കും.അതിനൊരു മറുമരുന്നായാണ് ദൈവം അവതരിച്ചത്.നിങ്ങള്‍ ഈ ജന്മത്ത് പണിയെടുത്ത് മരിച്ചോളൂ, മരിച്ചു കഴിഞ്ഞാല്‍ നിങ്ങളെ കാത്ത് സ്വര്‍ഗം ഉണ്ട് എന്ന് ഈ ദൈവങ്ങളും അവരുടെ ദല്ലാളന്മാരും പണിയെടുക്കുന്നവരുടെ ചെവിയിലോതി.അവന്‍ കള്ളന്‍ പണിയെടുക്കാത്തവന്‍ അവനെ ചത്തു കഴിഞ്ഞാല്‍ നരകത്തിലെ നെരിപ്പോടില്‍ വറക്കും, നിങ്ങള്‍ മിടുക്കന്‍ പണിയെടുക്കുന്നവന്‍ നിങ്ങള്‍ക്കുള്ളതല്ലോ സ്വര്‍ഗരാജ്യം എന്ന മട്ടിലായിരുന്നു പ്രചാരണം.ആദ്യമാദ്യം സ്വര്‍ഗവും നരകവും ആണുണ്ടായതെന്നു തോന്നുന്നു.പിന്നീടാണ് അത് പരിപാലിക്കുന്നതിനുള്ള ദൈവം താടി തടവി രംഗപ്രവേശം ചെയ്യുന്നത്. ( ഓര്‍ക്കുക താടി വടിക്കുന്ന വിദ്യ അറിഞ്ഞുകൂടാത്തവന്റെ ദൈവവും താടി വടിക്കില്ല കാരണം അങ്ങേര്‍ക്കത് അറിഞ്ഞു കൂടാ.നിലവിലുള്ള ഏതെങ്കിലും ദൈവം നിലവിലുള്ള ടെക്നോളജി അല്ലാതെ ഫൂചര്‍ ടെക്നോളജി ഉപയോഗിച്ചു കണ്ടിട്ടുണ്ടോ ആരാനും?).
                               പിന്നീട് വന്ന ഓരോ സാമൂഹ്യവ്യവസ്ഥിതിയിലും അതിനനുസരിച്ചുള്ള ദൈവം രംഗപ്രവേശം ചെയ്തു എന്നല്ലാതെ പഴയതോ പുതിയതോ ആയ സാമൂഹ്യവ്യവസ്ഥിതിയെ ഒരു ദൈവവും മാറ്റാനായി ശ്രമിച്ചു കണ്ടിട്ടില്ല ആരും.കാരണം ദൈവത്തിനതില്‍ കാര്യമില്ല എന്നതു തന്നെ. ഓരോ വ്യവസ്ഥിതിയിലും പണിയെടുക്കുന്ന കഷ്ടപ്പെടുന്ന ജനത്തിനെ ഭാവിയില്‍ സ്വര്‍ഗം കിട്ടും അതു കിട്ടും ഇതു കിട്ടും എന്നൊക്കെ വ്യാമോഹീപ്പിച്ച് പണിയെടുപ്പിക്കുക എന്ന അത്യന്തം മോശമായ കൃത്യത്തിനപ്പുറം ഓതാന്‍ ഒരു ദൈവവും വളര്‍ന്നു കണ്ടിട്ടില്ല. പണിയെടുക്കുക പണിയെടുക്കുക അതിനുള്ള ആവതില്ലാതാവുമ്പോള്‍ ചത്തുകെട്ട് പൊയ്ക്കൊള്‍ക, ചത്തുകഴിഞ്ഞാല്‍ നിങ്ങള്‍ രക്ഷ പെട്ടു. കാരണം അങ്ങകലെ ലോകമായ ലോകങ്ങള്‍ക്കെല്ലാം മുകളിലെ സ്വര്‍ഗരാജ്യം നിങ്ങള്‍ക്കുള്ളതാണ്. ഈ കാതലായ കേന്ദ്ര മുദ്രാവാക്യത്തിന് സാഹചര്യവും വ്യവസ്ഥിതിയും അനുസരിച്ച് മാറ്റം വരുത്തി ജനത്തിനു മുന്നിലവതരിപ്പിക്കാന്‍ ദൈവത്തിനെ ശിങ്കിടികള്‍ മറ്അന്നില്ല.
                               അങ്ങനെ കാലം മാറി മാറി വന്ന് ഇന്നത്തെ നിലയായി.ഇന്നത്തെ നില എന്ന് ചുമ്മാ പറഞ്ഞതല്ല. എന്താണ് ഇന്നത്തെ നിലക്കുള്ള കുഴപ്പം?  ജനങ്ങളുടെ കഷ്ടപ്പാട്,ദുരിതം ഒക്കെ ഈ കലിയുഗത്തില്‍ ശതഗുണീഭവിച്ചിരിക്കുന്നു.ജനങ്ങളുടെ മുതുകത്തേക്ക് കൂടുതല്‍ കൂടുതല്‍ ഭാരം കേറ്റി വച്ചു തരികയും അതെല്ലാം ജനന്മയ്ക്കെന്ന് ഭരണാധികാരികള്‍ ആണയിടുകയും ചെയ്യുമ്പോള്‍ പാവം ജനം എന്തു ചെയ്യും? ഇഹലോകത്തില്‍ അവനു മനസ്സിലാകാത്ത പലതും സംഭവിക്കുകയും അതിന്റെ കാരണം എന്തെന്നവനറിയാതെ മിഴിച്ചു നില്‍ക്കുകയും ചെയ്യുന്ന കാലം. പതിയെ പതിയെ രാഷ്ട്രീയ പാര്‍ട്ടികളിലും പിന്നെ പതിയെ സോഷ്യല്‍ സെറ്റപ്പുകളിലുമൊക്കെ അവനു വിശ്വാസം നഷ്ടപ്പെട്ടു വരുന്ന കാലം.ജീവിക്കാനുള്ള തത്രപ്പാടില്‍ നരകയാതന അനുഭവിക്കുന്ന മനുഷ്യന്‍ , എത്ര അധ്വാനിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ നിസ്സഹായനായി നില്‍ക്കുന്ന മനുഷ്യന്‍ . അവന് ഈ കലികാലത്ത് ഒരേ ഒരു ആശ്രയം മാത്രം -  ദൈവം മാത്രം. അവന്‍ എല്ലാം മറന്ന് ദൈവത്തിനു നേരേ തിരിയാന്‍ തുടങ്ങും.രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മറ്റു സംവിധാനങ്ങള്‍ക്കോ കൊടിപിടിക്കാനും ജൈ വിളിക്കാനും അവനെ കിട്ടാതാകും. ദൈവ സന്നിധിയിലും ദൈവവുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും അവന്‍ തിക്കിത്തിരക്കുന്ന കാലം.
                             എന്നാല്‍ ഈ കാലവും വളരെ പെട്ടെന്ന് അവസാനിക്കും.ദൈവങ്ങള്‍ക്ക് തങ്ങളനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ലെന്നവന്‍ വളരെപ്പെട്ടെന്ന് മനസ്സിലാക്കും.തങ്ങളനുഭവിക്കുന്ന ജീവിതപ്രയാസങ്ങള്‍ ദൈവാനുഗ്രഹം കൊണ്ട് മാറ്റാനാവില്ലെന്നവന്‍  മനസ്സിലാക്കും. സത്യത്തില്‍ അതങ്ങനെ തന്നെയാണ്. കാരണം മനുഷ്യനെന്നും അവന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടിരുന്നത് ഒരിക്കലും ദൈവവിചാരം കൊണ്ടോ അല്ലെങ്കില്‍ അതുപോലുള്ള മറ്റൊന്നും കൊണ്ടോ ആയിരുന്നില്ല. അയാള്‍ തന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടിരുന്നത് സമരങ്ങളിലൂടെയായിരുന്നു, സമാനരായ മനുഷ്യരുമായി സംഘം ചേര്‍ന്ന് ആശയങ്ങളും പ്രശ്നങ്ങളും ഒക്കെ പരസ്പരം ചര്‍ച്ച ചെയ്ത് അങ്ങനെയുണ്ടാക്കുന്ന സംഘശക്തിയുപയോഗിച്ച് എതിര്‍പ്പുകളെ അതിതീഷ്ണമായി നേരിട്ട് പോരടിച്ച് തന്നെയാണവന്‍ തന്റെ  പ്രശ്നങ്ങള്‍ അവസാനിപ്പിച്ചിരുന്നത് . നാളിതുവരെയുള്ള മനുഷ്യന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഈ കഥ തന്നെയാണ് . അത് പ്രാകൃതകമ്യൂണിസമായാലും അടിമത്വമായാലും ഫ്യൂഡലിസമായാലും അതു തന്നെയായിരുന്നു സ്ഥിതി, ഇനി നാളെ മുതലാളിത്വത്തെ നേരിടാന്‍ പോകുന്നതും ഈ വിധത്തില്‍ തന്നെയായിരിക്കും. നാളിതുവരെ മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവന്‍ തന്നെ സൃഷ്ടിച്ച ദൈവങ്ങള്‍ക്കായിട്ടില്ല എന്നവന്‍ വളരെ വേഗം കണ്ടെത്തും.അതോടെ മനുഷ്യന്റെ പ്രശ്നപരിഹാരം വളരെ പെട്ടെന്ന് ആയിരിക്കുകയും ചെയ്യും.
                          നാളുകള്‍ക്ക് മുന്നേ തന്നെ ഒരു മതവിഭാഗക്കാര്‍ വഴിനീളെ ബ്രാഞ്ച് ആരാധനാലയങ്ങള്‍ സ്ഥാപിച്ച് ആളുകളെ കൂട്ടി റോഡ് തടസ്സപ്പെടുത്തി പ്രാര്‍ത്ഥിക്കുന്നത് നമുക്ക് കാണാമായിരുന്നു.സ്വന്തമായി കോടികള്‍ മുടക്കി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ സ്വന്തമായുള്ളപ്പോള്‍ പിന്നെന്തിനാണവര്‍ റോഡ് പുറമ്പോക്ക് കയ്യേറി ഇത്തരം ബ്രാഞ്ചുകള്‍ സ്ഥാപിക്കുന്നതിന്റെ ആവശ്യം എന്തായിരിക്കും എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.തീര്‍ന്നില്ല അങ്ങ് തിരുവനന്തപുരത്തെങ്ങോ നടന്നിരുന്ന ഒരു പ്രത്യേക വഴിപാട് ഇന്ന് കേരളമെങ്ങും വ്യാപകമായി നടത്തുന്നത് നാം കാണുന്നില്ലേ? മറ്റൊന്നും കാണിക്കാനും ബോധ്യപ്പെടുത്താനും ഇല്ലാതെ വരുമ്പോള്‍ ഭക്തര്‍ കൊഴിയുന്നത് സ്വാഭാവികം.അവിടങ്ങളില്‍ ഇത്തരം പേക്കൂത്തുകള്‍ ആവര്‍ത്തിച്ച് ഭക്തരെ ആകര്‍ഷിച്ചു നിറുത്താമെന്ന ആ ഒരൊറ്റ വിചാരം മാത്രമല്ലേ ഇതിനു പിന്നില്‍ ? തിര്‍ന്നില്ല , പണ്ടൊക്കെ ദേവാലയങ്ങളിലും വീടുകളിലുമൊക്കെ സ്വകാര്യമായി നടന്നിരുന്ന ഒന്നാണ് നവരാത്രി ആഘോഷം.ഇത്തവണ അത് റോഡ് സൈഡില്‍ പവലിയന്‍ കെട്ടി പെട്ടി പാട്ടും വച്ച് അടുത്തു താമസിക്കുന്നവരുടെ സ്വൈര്യവും കെടുത്തി  ആഘോഷിക്കുന്നതിന്റെ രഹസ്യമെന്താണ് ?
                  എന്റെ അഭിപ്രായത്തില്‍ ഇതിനൊക്കെ ഒരൊറ്റ കാരണമേയുള്ളൂ, ദൈവമാര്‍ഗത്തിലേയ്ക്ക് - ഭക്തിമാര്‍ഗത്തിലേയ്ക്ക് പണ്ടേ പോലെ ഭക്തര്‍ ഓടിയെത്തുന്നില്ല.കാരണം ഒരു പരിധിവരെ ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു ദൈവങ്ങള്‍ക്കു പോലും തങ്ങളെ രക്ഷിക്കാനാവില്ലെന്ന്. അല്ലെങ്കില്‍ ദൈവം പോലും കൈവെടിഞ്ഞ ദുരിതബാധിതര്‍ സ്വയം ഉള്‍‌വലിയാന്‍ തുടങ്ങിയിരിക്കുന്നു.ദൈവത്തെ കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറാവാതായിരിക്കുന്നു.പിന്നെ എന്താ രക്ഷ ഈ ദൈവങ്ങള്‍ക്ക്.അവര്‍ തങ്ങളുടെ കോടികളുടെ മോടിയും സുരക്ഷിതത്വവും നല്‍കുന്ന കൊട്ടാരസദൃശ്യമായ ദേവാലയങ്ങളില്‍ ദൈവങ്ങളെ അന്വേഷിച്ചു ചെല്ലുന്നവരുടെ എണ്ണത്തില്‍ കുറവു വന്നു കാണണം.അതായിരിക്കണം അവരീ റോഡുകളിലേയ്ക്ക് വെയിലും മഴയും കൊണ്ട് പൊടിയടിച്ച് നാട്ടുകാരുടെ തുപ്പലും മൂത്രവും മലവും പിന്നെ അവന്‍ തന്നെ വലിച്ചെറിയുന്ന മാലിന്യകൂമ്പാരങ്ങളുടെയും ഒക്കെ  നടുവിലേക്ക് ഈ ദൈവങ്ങള്‍ ഇറങ്ങി വന്നിരിക്കുന്നത് .ശാന്തം പാവം.
Post a Comment